Showing posts with label v k deepa. Show all posts
Showing posts with label v k deepa. Show all posts

27 Apr 2013

കൽപവൃക്ഷത്തണലിലെ സ്വപ്നക്കൂട്‌


വി. കെ. ദീപ
അഞ്ജനം, അരുകിഴായ്‌, മഞ്ചേരി, മലപ്പുറം-676121
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
അദ്ധ്യാപക വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയ കഥ)

മാധവൻ മാഷ്‌ വൈകീട്ട്‌ വീട്ടിലെത്തുമ്പോൾ ഭാര്യ സുമിത്രയുടെ മുഖത്ത്‌ കാർമേഘങ്ങൾ ഉരുണ്ടുകൂടിക്കിടക്കുന്നു.  മരുമകളുടെ മുഖമാകട്ടെ ഒരു പെരുമഴ പെയ്ത്ത്‌ കഴിഞ്ഞ കോലത്തിലും.
സാധാരണ വീടുകളിൽ നടക്കാറുള്ളതുപോലെ അമ്മായിയമ്മ മരുമകൾ കലഹം പതിവില്ലാത്ത കാര്യമായതിനാൽ മാധവൻ മാഷ്‌ കാര്യമറിയാതെ പരിഭ്രമിച്ചു. പേരക്കുട്ടി ജിത്തു ഓടിവന്ന്‌ മാഷിനെ വട്ടംചുറ്റിപ്പിടിച്ചു. ഒരു കട്ടൻ കാപ്പി മാധവൻ മാഷ്ക്ക്‌ നൽകി സുമിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
"ഉണ്ണി സൗദീന്ന്‌ വിളിച്ചിരുന്നു. നാളെ എത്തൂംത്രേ."
"അതാപ്പൊ നന്നായേ, അതിന്‌ കരയാ വേണ്ടത്‌? സന്തോഷിക്കല്ലേ വേണ്ടത്‌ ?"
മാധവൻ മാഷ്‌ അരിശത്തോടെ ചോദിച്ചു.
"മറുനാട്ടിൽ കെടന്ന്‌ ചോരനീരാക്കി സമ്പാദിച്ചതത്രേം അവര്‌ അവിടെത്തന്നെ അവനെ കേസിൽ കുടുക്കി കളയിപ്പിച്ചൂല്ലോ! ഒന്നൊ‍ാളിയാത്തോനായി എന്റെ കുട്ടി മടങ്ങിവരാണ്‌"  - സുമിത്ര തേങ്ങി.
"ജീവനോടെ നാട്ടിലേക്ക്‌ എത്തണേന്‌ ദൈവത്തോട്‌ നന്ദി പറയ്‌. ചുമര്‌ ഉണ്ടെങ്കിലേ ചിത്രം എഴുതാനോക്കൂ ഓർത്താ നന്ന്‌". - മാഷ്‌ വീണ്ടും അരിശം പിടിച്ചു.
മാഷ്ടെ ദേഷ്യം കണ്ടപ്പോ ഒന്നും പറയാതെ സുമിത്ര അകത്തേക്ക്‌ നടന്നു. മാഷ്‌ നെടുവീർപ്പോടെ ചാരുകസാലയിലേക്ക്‌ ചാഞ്ഞു. മറുനാട്ടിലേക്ക്‌ മകനെ പറഞ്ഞയയ്ക്കാൻ മാഷ്ക്ക്‌ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല.
"നാട്ടിക്കെടന്നാൽ രക്ഷപ്പെടില്ല്യ" എന്ന്‌ ഉണ്ണിയും സുമിത്രയും ഒരുപോലെ വാശിപിടിച്ചപ്പോ മാഷ്‌ സമ്മതം മൂളിന്നേ ഉണ്ടായിരുന്നുള്ളൂ.
സൗദിയിൽ ഒരു കടയിലാണ്‌ ഉണ്ണി ജോലി ചെയ്തിരുന്നത്‌. തദ്ദേശവാസിയുമായിട്ടുണ്ടായ എന്തോ കശപിശയിലാണ്‌ അറബി ഉണ്ണിയെ കേസിൽ കുടുക്കി ജയിലിലാക്കിയത്‌.
ആദ്യത്തെ ലീവിന്‌ ഉണ്ണി വന്നപ്പോ, സുമിത്ര ഉണ്ണീടെ കല്ല്യാണം നടത്തി. മൂന്നുമാസത്തെ ലീവ്‌ കഴിഞ്ഞ്‌ ഉണ്ണി പോവുമ്പോ പേരക്കുട്ടി മരുമോളുടെ ഉദരത്തിൽ രൂപമെടുത്തുകഴിഞ്ഞിരുന്നു. ആ പോക്ക്‌ പോയതാ ഉണ്ണി, പിന്നെയൊരു വരവ്‌ ഉണ്ടായില്ല്യാ.
കടലുകൾക്കിപ്പുറത്തിരുന്ന്‌ മാധവൻ മാഷ്ക്ക്‌ ചെയ്യാവുന്നതിന്‌ ഒരു പരിധിയുണ്ടായിരുന്നു. എങ്കിലും മാധവൻ മാഷുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ എട്ട്‌ വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഉണ്ണി തിരിച്ചെത്തുന്നത്‌.
അദ്ധ്യാപക വൃത്തിയിൽ നിന്നും പെൻഷൻ പറ്റിയപ്പോൾ കിട്ടിയ തുക കൊണ്ട്‌ മാഷ്‌ ഒരു തെങ്ങിൻതോപ്പ്‌ വാങ്ങിയിരുന്നു. ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും മാഷേയും കുടുംബത്തേയും പോറ്റിയത്‌ ആ തെങ്ങുംതോപ്പായിരുന്നു. തെങ്ങിന്‌ ഇടവിളയായി കാച്ചിലും ചേമ്പും ചേനയും നട്ടു.  ആ തെങ്ങിൻ തോപ്പിന്‌ പകരം വീട്‌ ഒന്നു നന്നാക്കി ഒരു വണ്ടി വാങ്ങിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന്‌ പറഞ്ഞിരുന്ന സുമിത്ര മാഷുടെ ദീർഘവീക്ഷണത്തെ ഉള്ളാലെ പലപ്പോഴും സ്തുതിച്ചു.
സുമിത്രയുടെ കലങ്ങിയ മുഖത്ത്‌ നോക്കി മാഷ്‌ ആശ്വസിപ്പിച്ചു "നീയൊട്ടും വിഷമിക്കേണ്ട, നാട്ടില്‌ വന്നാൽ പണീല്ല്യാത്തോനായ്‌ നമ്മുടെ ഉണ്ണി വിഷമിക്കില്ല്യ, ഞാൻ ചെലതൊക്കെ മനസ്സിൽ കണ്ടിട്ടുണ്ട്‌".
 സുമിത്ര ആകാംഷയോടെ ചോദിച്ചു 'എന്താണ്‌ എന്നോടും കൂടെ പറയൂന്നേ?"
മാഷ്‌ പതിയെ ചിരിച്ചു"നമ്മുടെ രണ്ടേക്കർ തെങ്ങിൻ പുരയിടത്തിൽ നിന്നും ഇപ്പോൾ കിട്ടുന്ന വരുമാനം ഇരട്ടിപ്പിക്കാൻ ഞാൻ ചെലതൊക്കെ വിചാരിച്ചിട്ട്ണ്ട്‌, ചെറിയൊരു ലോൺ സംഘടിപ്പിച്ച്‌ ചെറുകിട വ്യവസായ യൂണിറ്റ്‌ തുടങ്ങാം. തെങ്ങ്‌ ചതിക്കില്ല്യാന്ന്‌ പഴമക്കാര്‌ പറയുന്നത്‌ വെറുതേയാവില്ല. കോക്കനട്ട്‌ മിൽക്ക്‌ പൗഡർ, ഇളനീർ സ്ക്വാഷ്‌, തേങ്ങലഡ്ഡു, പേഠ, മിഠായി, അച്ചാർ എന്നിങ്ങനെ രുചികരമായ ഭക്ഷ്യവിഭവങ്ങളും വെർജിൻ കോക്കനട്ട്‌ ഓയിൽ പോലുള്ള ശുദ്ധമായ ഔഷധങ്ങളുമൊക്കെ നിർമ്മിക്കുന്ന ഒരു ചെറുകിട വ്യവസായ യൂണിറ്റ്‌. വീട്‌ വീടാന്തിരം നടന്ന്‌ വിപണി കണ്ടെത്താൻ ശ്രമിക്കുകയും വേണം. ഉണ്ണി മാത്രമല്ല ചില കുടുംബങ്ങളും രക്ഷപ്പെടും. ഒത്തൊരുമിച്ച്‌ പിടിച്ചാൽ ണല്ലോരു കുടിൽ വ്യവസായമായി നമുക്ക്‌ മുന്നോട്ട്‌ പോകാം. എനിക്ക്‌ ശുഭപ്രതീക്ഷയുണ്ട്​‍്‌." സുമിത്ര സന്തോഷത്തോടെയും പ്രതീക്ഷയോടെയും മുഖം ചായ്ച്ചു.
വീട്ടതിരിൽ കായ്ച്ചുനിൽക്കുന്ന ചെന്തെങ്ങിലെ ഓലകളുടെ നിഴലുകൾ നിലാവെളിച്ചത്തിൽ സാന്ത്വന രേഖകൾപോലെ സുമിത്രയുടേയും മാധവൻ മാഷുടേയും ദേഹത്ത്‌ വീണു.
ആ ചെന്തെങ്ങ്‌ സുമിത്രയെ സംബന്ധിച്ചിടത്തോളം വെറുമൊരു തെങ്ങുമാത്രമായിരുന്നില്ല. മികച്ച കേരകർഷകനായിരുന്ന അവരുടെ അച്ഛന്റെ ഓർമ്മ കൂടിയായിരുന്നു. അച്ഛന്റെ ദേഹവിയോഗത്തിന്‌ ശേഷവും അച്ഛൻ ഒരോർമ്മയായി നില നിൽക്കുന്നപോലെ. മൺമറഞ്ഞ്‌ പോയ ചില ജന്മങ്ങൾ, ചില ഓർമ്മപ്പെടുത്തലുകൾ, സസ്യജാലങ്ങളുടെ രൂപത്തിൽ നന്മകൾ ആയി നിലനിൽക്കുന്നത്‌ ജീവിച്ചിരിക്കുന്നവർക്ക്‌ എത്രമാത്രം ആശ്വാസദായകമാകുന്നുവേന്ന്‌ സുമിത്രയും മാധവൻമാഷും തിരിച്ചറിയുകയായിരുന്നു.
കൽപ്പവൃക്ഷത്തണലുകളിൽ സുരക്ഷിതമാകുന്ന തങ്ങളുടെ നല്ല നാളെയെക്കുറിച്ച്‌ ഇരുവരും അഭിമാനിച്ചു. നോക്കിയും കണ്ടും വേണ്ടവിധം പരിപാലിച്ചെന്നാൽ ജീവിതം കേരവൃക്ഷത്തണലിൽ സുരക്ഷിതമെന്ന തിരിച്ചറിവിൽ മാധവൻ സുമിത്രയെ ഒന്നുകൂടി ചേർത്ത്‌ പിടിച്ചു.
എല്ലാം കേട്ടുനിന്ന മരുമകളുടെ മുഖത്തും നാളികേരപാൽപോലെ പരിശുദ്ധമായ ഒരു വെളുത്ത ചിരി തെളിഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...