Showing posts with label dr m s jayaprakash. Show all posts
Showing posts with label dr m s jayaprakash. Show all posts

22 Dec 2012

ചരിത്രരേഖകൾ


ഡോ.എം.എസ്‌.ജയപ്രകാശ്‌ 
ഈഴവർ ഹിന്ദുക്കളല്ല, സ്വതന്ത്രസമുദായം

ഈഴവർ ഹിന്ദുക്കളാണെന്നും ക്രൈസ്തവരും, മുസ്ലീങ്ങളും ഹിന്ദുക്കളുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും വനിതാസംഘം പ്രസിഡന്റ്‌ ഡോ.ഷേർളി പി.ആനന്ദും പറഞ്ഞുനടക്കുകയാണല്ലോ. ഭരണഘടനാപരമായി ഈഴവർ ഹിന്ദുക്കളാണെന്നാണ്‌ ഷേർളി പറയുന്നത്‌. ഭരണഘടനയിലെവിടെയാണ്‌ അങ്ങിനെ പറയുന്നതെന്ന്‌ ഷേർളി വെളിപ്പെടുത്തണം. ഹിന്ദുമതം മതമാണെങ്കിൽ അത്‌ ആര്‌ എപ്പോൾ, എവിടെ, എന്തിന്‌ സ്ഥാപിച്ചു എന്ന്‌ ഷേർളി പറയട്ടെ. വെള്ളാപ്പള്ളിക്കും മകനും അതു പറയാൻ കഴിയുമെന്നു തോന്നുന്നില്ല. നാമായി ഒരു മതത്തിലും പെടുന്നില്ലെന്ന്‌ പറഞ്ഞ ശ്രീനാരായണഗുരുവിനെ ഹിന്ദുമതക്കാരനാക്കാൻ വനിതാസംഘനേതാവിന്‌ ആരാണ്‌ അധികാരം തന്നത്‌? ശ്രീനാരായണസന്ദേശങ്ങൾ അനുസരിച്ച്‌ ജീവിച്ചാൽ ഈഴവർ തെണ്ടിപ്പോകുമെന്ന്‌ പറഞ്ഞ യോഗം നേതാവാണ്‌ വെള്ളാപ്പള്ളി നടേശൻ ആ യോഗത്തിന്റെ വനിതാ നേതാവ്‌ ഇങ്ങനെ പറയുന്നതിൽ അതിശയിക്കാനുമില്ല. എസ്‌.എൻ.ഡി.പി യോഗ നേതാവായിരുന്ന ഇ.മാധവൻ (മുൻമന്ത്രി ബിനോയ്‌ വിശ്വത്തിന്റെ മുത്തച്ഛൻ) എഴുതിയ 'സ്വതന്ത്രസമുദായം' എന്ന കൃതി വായിച്ചു പഠിച്ചാൽ നല്ല വനിതാസംഘം പ്രവർത്തകയാകാൻ കഴിയും. 1930കളിൽ മൂന്നു സർക്കാരുകൾ നിരോധിച്ച കൃതിയാണിത്‌. ഇപ്പോൾ സാഹിത്യഅക്കാദമി പുനഃപ്രകാശനം ചെയ്തിട്ടുണ്ട്‌.


    "ഈഴവരും മറ്റും ഹിന്ദുമതം അവരുടെ മതമെന്നു പറയുന്നത്‌ അടിമപഴക്കം കൊണ്ട്‌ ചങ്ങല സ്വന്തമെന്നുപറയുന്നതുപോലെയാണ്‌
". എന്ന്‌ സഹോദരൻ അയ്യപ്പൻ പറഞ്ഞത്‌ എസ്‌.എൻ.ഡി.പി നേതാക്കൾ പഠിക്കുന്നത്‌ നന്നായിരിക്കും. ശിവഗിരി ഹിന്ദുമഠമല്ല; ശ്രീനാരായണഗുരു ഹിന്ദുസന്യാസിയല്ല എന്ന്‌ ശിവഗിരികേസിൽ ഹൈക്കോടതി വിധി പറഞ്ഞത്‌ എന്തുകൊണ്ടാണെന്ന്‌ യോഗം നേതാക്കൾ മനസ്സിലാക്കുന്നത്‌ നന്നായിരിക്കും. ഈഴവർ ഹിന്ദുക്കളാണെങ്കിൽ അനേകം നൂറ്റാണ്ടുകൾ അവരെ ക്ഷേത്രത്തിൽകയറ്റാതിരുന്നത്‌ എന്തുകൊണ്ട്‌? ഇപ്പോൾ ദേവസ്വം ബിൽ നടപ്പാക്കാതിരിക്കുന്നത്‌ ഹിന്ദുക്കളാണല്ലോ,  അതെന്തുകൊണ്ട്‌?
    പാഠപുസ്തകങ്ങളിൽ നാരായണഗുരുവിനെ അവഹേളിക്കുന്നത്‌ ഹിന്ദുക്കൾ തന്നെയാണല്ലോ. ഈഴവർ പന്നിപെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളാണെന്നും അവർക്ക്‌ സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും കൊടുക്കുന്നത്‌ പുനഃപരിശോധിക്കണമെന്നും പറഞ്ഞത്‌ ഹിന്ദുവായ മന്നത്തുപത്മനാഭൻ തന്നെയായിരുന്നല്ലോ. (മന്നത്തിന്റെ ശാസ്തമംഗലം പ്രസംഗം) ക്രൈസ്തവരുമായി ചേർന്ന്‌ ആർ.ശങ്കർ മന്ത്രിസഭയെ തകർത്തത്‌ എൻ.എസ്‌.എസ്‌ ആയിരുന്നില്ലേ? മിഷണറിമാർക്ക്‌ ഭൂമികരമൊഴിവാക്കി കൊടുത്ത ഹിന്ദു ഭരണാധികാരികൾ അവരുടെ പ്രജകളെ അയിത്തം കൽപിച്ച്‌ മാറ്റിയിരുന്നില്ലേ? ദാമോദരനും കേശവനും ചാത്തനും ക്രിസ്ത്യാനിയോ മുസ്ലീമോ ആയാൽ അയിത്തമില്ലാത്ത സ്വതന്ത്ര മനുഷ്യരാകാൻ കഴിഞ്ഞിരുന്നു. 
അവർക്ക്‌ വിദ്യാഭ്യാസവും ഉന്നതിയുമുണ്ടായി. ഷേർലി കരുതുന്നതുപോലെ മതത്തിന്‌ ആളെക്കൂട്ടാനായിരുന്നെങ്കിൽ അപ്പണി ഹിന്ദുമതക്കാർ ചെയ്യാതിരുന്നത്‌ എന്തുകൊണ്ട്‌? ജനസംഖ്യയിൽ 25ശതമാനത്തിലധികം വരുന്ന ഈഴവർക്ക്‌ മറ്റു മതസംഘടനകൾ എം.എൽ.എമാരെ ഉണ്ടാക്കി തരണമെന്നു പറയാൻ ലജ്ജയില്ലേ? രണ്ടു ക്യാബിനറ്റ്‌ അംഗം മാത്രമുണ്ടായതിന്‌ ഉത്തരവാദി ഈഴവർ തന്നെയല്ലേ? അത്‌ ക്രിസ്ത്യാനിയും മുസ്ലീമും ഉരുളഉരുട്ടി തരുമെന്ന്‌ കരുതുന്നത്‌ വിഡ്ഢിത്തമാണ്‌. ഈഴവർ രാഷ്ട്രീയ ശക്തിയാകരുതെന്ന്‌ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പറയുന്നുണ്ടോ? കഴിഞ്ഞ 17 വർഷക്കാലമായി ഈഴവനൊന്നും കിട്ടുന്നില്ലെങ്കിൽ അതിന്‌ ഉത്തരവാദി ഈഴവനേതാക്കൾ തന്നെയല്ലേ? നേതാക്കൾക്ക്‌ കോളേജും മറ്റ്‌ സ്ഥാപനങ്ങളും കിട്ടുന്നുമുണ്ട്‌. സംഘടിച്ച്‌ ശക്തരാവാതെ ക്രിസ്ത്യാനിയേയും മുസ്ലീങ്ങളേയും കുറ്റം പറഞ്ഞ്‌ നടക്കുന്നത്‌ നാണക്കേടാണ്‌ 'ഗുരോ ഇവരോട്‌ പൊറുക്കേണമേ'.

23 Nov 2012

ചരിത്രരേഖ


ഡോ.എം.എസ്‌.ജയപ്രകാശ്‌ 

ഗുരുനിന്ദയുമായി സി.ബി.എസ്‌.ഇ പാഠപുസ്തകം
    യുഗപുരുഷനും മാനവികതയുടെ മഹാസന്ദേശവാഹകനുമായ ശ്രീനാരായണഗുരുവിനെ ആസൂത്രിതമായി അവഹേളിക്കുവാൻ പാഠപുസ്തകങ്ങളെ കരുവാക്കുന്ന നികൃഷ്ട ലോബി സംസ്ഥാനതലം കടന്ന്‌ കേന്ദ്രപാഠപുസ്തകങ്ങളിലും 'ബുദ്ധിവൈഭവം' പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ പത്താംക്ലാസ്‌ പാഠപുസ്തകത്തിൽ ഗുരുനിന്ദയുടെ വിത്ത്‌ വിതച്ചവർക്ക്‌ അത്‌ കൊയ്യാൻ കഴിയാതെ വന്നതിൽ ഇളിഭ്യരാണ്‌. സർക്കാർ വെബ്സൈറ്റിൽ തിരുത്തൽ കാണിച്ചിട്ടുണ്ടെങ്കിലും പാഠപുസ്തകത്തിൽ അതുമാറ്റാതെ ഗുരുനിന്ദയുടെ സംസ്ഥാനകാണ്ഡം നിലനിറുത്താനും, ഈ ദുഷ്ശക്തികൾ ശ്രമിക്കുന്നുണ്ട്‌. അപ്പോഴാണ്‌ ഇന്ത്യയിലെമ്പാടും സി.ബി.എസ്‌.ഇയുടെ എട്ടാം ക്ലാസ്‌ ചരിത്രപാഠപുസ്തകത്തിൽ ഗുരുവിനെ വികളമായി ചിത്രീകരിക്കുന്ന പാഠഭാഗം ഉണ്ടെന്ന കാര്യം പുറത്തുവന്നിരിക്കുന്നത്‌. തീർന്നില്ല കേന്ദ്ര സാഹിത്യഅക്കാദമി അവാർഡു പുസ്തകത്തിലും ഗുരുനിന്ദയുടെ കേന്ദ്രപർവ്വം കാണാം. സംസ്ഥാനകാണ്ഡം രചിച്ചതും കേന്ദ്രപർവ്വം രചിച്ചവരും ഒരേ തൂവൽപക്ഷികളും ജാതിരാക്ഷസിയുടെ കളിത്തോഴന്മാരുമാണ്‌. ഇതിനു പിന്നിൽ മലയാളി മാഫിയ സജീവമായുണ്ട്‌.
    സി.ബി.എസ്‌.ഇ പാഠപുസ്തകത്തിൽ  (പുറം. 116 our pasts- iii) ഗുരുനിന്ദ ഇങ്ങനെ: '' In what is present day Kerala, a guru from among low caste Ezhava, Shri Narayana Guru, proclaimed the ideals of unity for his people. He advocated equality of all within a single sect or caste. He inspired all of them to have faith in one guru alone that is he himself '' സ്വന്ത സമുദായത്തിനുള്ളിലെ സമത്വത്തിനും ഐക്യത്തിനും വേണ്ടിയാണ്‌ നാരായണഗുരു പ്രവർത്തിച്ചതു. ഒരു ഗുരുവിൽ മാത്രം വിശ്വസിക്കണമെന്നും ആ ഗുരുതാനാണെന്നും അദ്ദേഹം പറഞ്ഞുവത്രെ! ഭ്രാന്താലയത്തിനെതിരെ ജാതി ഭേദവും മതദ്വേഷവുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്തിനായി ആഹ്വാനം ചെയ്ത ഗുരുവിനെയാണ്‌ ഇപ്രകാരം വികലമാക്കി അവതരിപ്പിച്ചിരിക്കുന്നത്‌. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന അനുപമമായ സന്ദേശത്തെ തമസ്കരിച്ചിരിക്കുന്നു. മാത്രമല്ല ഒരു ജാതിയും ഒരു ഗുരുവും മാത്രമേ ഉള്ളുവേന്നും അത്‌ താനും ഈഴവസമുദായവുമാണെന്നും ഗുരു പ്രഖ്യാപിച്ചതായി കുട്ടികൾ പഠിക്കട്ടെയെന്ന ദുഷ്ടലാക്കാണ്‌ ഇതിനുപിന്നിലുള്ളത്‌. 
ഗുരുസന്ദേശങ്ങളുടെ സാർവ്വലൗകികതയേയും മാനവികതയേയും ബോധപൂർവ്വം  തമസ്കരിച്ച്‌ സങ്കുചിതജാതിചിന്തയുടെ വക്താവായിട്ടാണ്‌ ഈ ദുഷ്ടശക്തികൾ ഗുരുവിനെ ചിത്രീകരിച്ചിരിക്കുന്നത്‌. നൂറ്റാണ്ടുകളുടെ ജാതീയമായ അടിമത്തം പേറിയ മർദ്ദിതജനതയെ വിദ്യയിലൂടെ സ്വതന്ത്രരാക്കുകയും സംഘടനയിലൂടെ ശക്തരാക്കുകയും ചെയ്തുകൊണ്ട്‌ യഥാർത്ഥ ജനാധിപത്യവിപ്ലവം തുടങ്ങേണ്ടിടത്ത്‌ തുടങ്ങിവച്ച വിപ്ലവകാരിയെയാണ്‌ ഇപ്രകാരം അവഹേളിക്കുന്നത്‌.
    കേരളത്തിലെ പാഠപുസ്തകമാഫിയകളെ സ്വാധീനിച്ചതു ഗുരുനിന്ദയുടെ ആദ്യപാഠങ്ങൾ തന്നെയാവണം. എൻ.എസ്‌.എസ്സിന്റെ മുഖപത്രമായിരുന്ന 'മലയാളി' ഗുരുവിനെ ഈ വിധം അവഹേളിച്ചിരുന്നു. (15-04-1961) 'ഒരു ജാതി ഒരു പത്രം ഒരു തെങ്ങ്‌ മനുഷ്യന്‌' എന്ന ഹീനവും നിന്ദ്യവുമായ വാക്കുകളിലൂടെയാണ്‌ മഹത്തായ ഗുരുസന്ദേശത്തെയും അദ്ദേഹത്തിന്റെ സമുദായത്തെയും കേരളകൗമുദി പത്രത്തെയും ആക്ഷേപിച്ചതു. ഇതിൽ നിന്നും ഊർജ്ജം നേടിയ ഇന്നത്തെ ജാതിക്കോമാളികളാണ്‌ ദേശീയതലത്തിൽ ഗുരുനിന്ദയുടെ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌. കഴിഞ്ഞ നാലു വർഷക്കാലമായി ഈ പുസ്തകം പഠിപ്പിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ വിദ്യാർത്ഥികളിലാണ്‌ ലോകാചാര്യനായ ഗുരുവിനെ സ്വയം ഗുരുവായ ഒരു ഗുരു മാത്രമായി ചിത്രീകരിച്ചിരിക്കുന്നത്‌. കേരളത്തിലെ പത്താംക്ലാസ്സ്‌ പുസ്തകത്തിൽ പറഞ്ഞത്‌ ചട്ടമ്പിസ്വാമികളുടെ ആശയങ്ങളും നിലപാടുകളുമാണ്‌ ഗുരു പ്രാവർത്തികമാക്കിയതെന്നാണ്.
 ആ നിലപാടായിരിക്കും ഇപ്പോൾ തൽപരകക്ഷികൾ സി.ബി.എസ്‌.ഇ പാഠപുസ്തകത്തിൽ ചേർത്തിരിക്കുന്നത്‌! അക്കാര്യം കൂടി പാഠഭാഗത്ത്‌ ചേർക്കാനുള്ള 'ആശയവും നിലപാടും' ഉണ്ടാകാതെപോയത്‌ ശ്രദ്ധേയമാണ്‌. സി.ബി.എസ്‌.ഇ സിലബസ്‌ അനുസരിച്ച്‌ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ ശ്രീനാരായണഗുരുവിന്റെ പേരിൽ തന്നെയുള്ള നാടാണിത്‌. അവിടെയുള്ള അധ്യാപകർക്കോ മാനേജർമാർക്കോ ഇക്കാര്യം തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത്‌ മറ്റൊരു ഗുരുനിന്ദയാണ്‌. ഈ പാഠഭാഗം ഭംഗിയായി പഠിപ്പിച്ച ഗുരുഭക്തരായ അധ്യാപികമാരും അധ്യാപകരും ഉണ്ടാകും. സ്വയം ഗുരുവായി പ്രഖ്യാപിച്ച ' low caste' ഗുരു ആരെന്ന ചോദ്യം കുട്ടികളോട്ചോദിച്ചുകാണുമോ? ഗുരോ ഇവരോടു പൊറുക്കേണമേ! ആര്യരക്തവും റഷ്യൻ ഉൽപത്തിയും തേടി അലയുന്ന ഗുരുശിഷ്യന്മാരുണ്ടോ 'ഒരു ഗുരുവിനെ' അറിയുന്നു.

    രാഷ്ട്രപതിയായിരുന്ന ഡോ.രാധാകൃഷ്ണൻ, ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ തുടങ്ങിയവർ ലോകഗുരുവായി കണ്ട നാരായണഗുരുവിനെയാണ്‌ സി.ബി.എസ്‌.ഇ ദേശീയ തലത്തിൽ അവഹേളിച്ചിരിക്കുന്നത്‌. "ശ്രീനാരായണൻ കേരളത്തിലെ വിപ്ലവകാരിയും യോഗിയുമാണ്‌. വിപ്ലവത്തിന്‌ എല്ലായ്പ്പോഴും മനുഷ്യരുടെ തല കൊയ്യലും ലഹളയും വേണമെന്നില്ല. നാഗരികജീവിതത്തിന്റെ അടിസ്ഥാനം മാറ്റാനുള്ള ഏതാഗ്രഹവും വിപ്ലവകരം എന്ന ഡോ.രാധാകൃഷ്ണന്റെ അഭിപ്രായം സി.ബി.എസ്‌.ഇ പാഠ്യപദ്ധതിക്കാർക്ക്‌ അന്യമാകുന്നതിൽ അതിശയിക്കാനില്ല.
    രാമചന്ദ്രഗുഹയുടെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന കൃതിയുടെ 292-​‍ാം പുറത്ത്‌ ചെത്തുകാരുടെയും ചാരായനിർമ്മാതാക്കളുടെയും നേതാവായ നാരായണഗുരുവിന്റെ പേരിലുള്ളതാണ്‌ എസ്‌.എൻ.ഡി.പി എന്ന്‌ പറഞ്ഞിരിക്കുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശവാഹകരായിരിക്കുന്ന വയലാർരവിയും മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്രസർക്കാരിനെ നയിക്കുമ്പോഴാണ്‌ ശ്രീനാരായണഗുരു ഈവിധം അവഹേളിതനാകുന്നത്‌ എന്നകാര്യം നിർഭാഗ്യകരമാണ്‌. ഗുരോ ഇവരോട്‌ പൊറുക്കരുതേ!

17 Jun 2012

ചരിത്രരേഖ


ഡോ.എം.എസ്‌.ജയപ്രകാശ്‌


ആണും പെണ്ണും കാറിലിരുന്നാൽ
അനാശാസ്യമാകുമോ?




അനാശാസ്യത്തിന്‌ പിടിയിലായ രാഷ്ട്രീയനേതാവും സ്ത്രീയും റിമാന്റിലായതായി
ഇക്കഴിഞ്ഞ ഫെബ്രുവരി-പതിനാറാം തീയതിയിലെ പത്രങ്ങളിൽ വാർത്തവന്നിരുന്നല്ലോ.
കാറിൽ ഒളിഞ്ഞുനോക്കി 'സദാചാരം' നടപ്പിലാക്കാനുള്ള പുറപ്പാടിനെ
തെമ്മാടിത്തം എന്നല്ലാതെ, മറ്റെന്താണ്‌ വിളിക്കേണ്ടത്‌? ഇങ്ങനെ 'സദാചാരം'
നടപ്പാക്കാൻ എന്തുനിയമമാണ്‌ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്‌? കാറിന്റെ
ഗ്ലാസ്‌ ഷട്ടറുകൾ അടച്ച്‌ അതിനകത്തിരിക്കുന്നവർ എന്ത്‌
പ്രവൃത്തിചെയ്താലും അത്‌ തുറന്നുനോക്കി "അയ്യേ അനാശാസ്യം" എന്നു
വിളിച്ചുകൂവാൻ ആർക്കാണധികാരമുള്ളത്‌? കാറിനുള്ളിൽ നടന്നതായി പറയപ്പെടുന്ന
കാര്യം പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ളതായിരു
ന്നെങ്കിൽ അത്‌ അനാശാസ്യമാകുമായിരുന്നു. കാറിനുള്ളിൽ അനാശാസ്യം നടന്നതായി നാട്ടുകാർ
പറയുക, പുരുഷനേയും സ്ത്രീയേയും തടഞ്ഞുവയ്ക്കുക, പോലീസിനെ വിവരമറിയിക്കുക,
പോലീസ്‌ 'പ്രതികളെ' സ്റ്റേഷനിലേക്കു കൊണ്ടുപോകുക, കേസെടുക്കാതിരുന്ന
പോലീസിന്റെ പക്വമായ സമീപനത്തിനെതിരെ നാട്ടുകാർ പ്രതികരിക്കുക, അതിന്റെ
പേരിൽ കേസെടുക്കുക, ഇതൊക്കെ ഒരു പരിഷ്കൃതസമൂഹത്തിനും ഭൂഷണമായ കാര്യമല്ല.
ഭാര്യാഭർത്താക്കന്മാരായാലും കമിതാക്കളായാലും കാറിനുള്ളിലെ സ്വകാര്യതയിൽ
സംഭവിക്കുന്നത്‌ ഒളിഞ്ഞുനോക്കി കണ്ടുപിടിച്ചേ! കണ്ടുപിടിച്ചേ! എന്നു
പറയുന്ന കൊഞ്ഞാണന്മാരും നികൃഷ്ടജീവികളും പൗരധർമ്മമല്ല പുലർത്തിയത്‌,
നേരെമറിച്ച്‌ തികഞ്ഞ അനാശാസ്യ പ്രവൃത്തിയാണ്‌ ചെയ്തത്‌. ഭരണകൂടം ഇത്തരം
നെറികെട്ട കപടസദാചാരത്തിന്‌ കൂട്ടുനിൽക്കുന്നതിനെതിരെ സാംസ്കാരിക കേരളം
പ്രതികരിക്കുകതന്നെ വേണം. ഇക്കാര്യത്തിൽ മൗനം വിദ്വാനു വിദുഷിക്കും
ഭൂഷണമല്ല.
       കുറച്ചുകാലം മുമ്പ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുതന്നെ ഇത്തരമൊരു
സദാചാരപൊയ്മുഖത്തിനെ നേരിടേണ്ടിവന്നകാര്യം ഓർക്കുക. അദ്ദേഹം
സഞ്ചരിച്ചിരുന്ന ട്രെയിനിൽ ഒരു സ്ത്രീ ഒപ്പം ഉണ്ടായിരുന്നുപോലും! ഇതൊരു
'നീറുന്ന പ്രശ്നമാക്കി' മാറ്റിയവരുടെ രണ്ടു ചെള്ളക്കും പ്രഹരിക്കുന്ന
തരത്തിൽ ഉമ്മൻചാണ്ടി തന്നെ പത്രക്കാരെ വിളിച്ച്‌ പറഞ്ഞത്‌ തന്റെ കൂടെ ഒരു
സ്ത്രീ ഉണ്ടായിരുന്നതു ശരിതന്നെ, അത്‌ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു,
എന്നായിരുന്നു. ഇത്തരം നാറുന്ന സദാചാരവൃണവുമായി നടക്കുന്ന മലയാളികളുടെ
മനസ്സിലെ ചണ്ടിഡിപ്പോകളാണ്‌ ആദ്യം വൃത്തിയാക്കേണ്ടത്‌.
       രാജ്മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസ്സ്‌ നേതാവിനൊപ്പം ഒരു സ്ത്രീ
ഉണ്ടായിരുന്നതും മലയാളി ആഘോഷിച്ചിരുന്നല്ലോ. ഉണ്ണിത്താന്റെ ഭാര്യതന്നെ
സദാചാരപോലീസുചമയുന്ന മലയാളികൾക്ക്‌ ഉചിതമായ മറുപടിയും നൽകിയിരുന്നു.
ഇതിനുപിന്നിലെ സത്യാവസ്ഥ എന്തായാലും ഇത്തരം സദാചാര പോലീസുചമയൽ ഭൂഷണമല്ല.
ഇത്തരം സദാചാര പൊയ്മുഖം വയ്ക്കുന്ന മലയാളിയുടെ നിത്യജീവിതത്തിലെ
ലൈംഗീകവൈകൃതങ്ങൾ ദിനേന അങ്ങാടിയിൽപാട്ടാകുന്ന അരമനരഹസ്യങ്ങളാണല്ലോ.
അച്ഛനാൽ വർഷങ്ങളായി പീഡിപ്പിക്കപ്പെടുന്ന പെൺമക്കൾ, കുരുന്നുകുട്ടികളെ
പീഡിപ്പിക്കുന്ന അദ്ധ്യാപകന്മാർ, ലൈംഗീക ചൂഷണത്തിനു വിധേയരാകുന്ന
യുവതിയുവാക്കൾ, ഗവേഷണ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പീഡനങ്ങൾ, ബസിലും,
ട്രെയിനിലും മറ്റും സ്ത്രീജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ തുടങ്ങിയ
കാര്യങ്ങൾ ഒരുഭാഗത്ത്‌ അരങ്ങുതകർക്കുമ്പോഴാണ്‌ അടച്ചിട്ട കാറിലെന്തു
നടക്കുന്നു എന്ന്‌ നോക്കി ചില മാന്യന്മാർ സദാചാര മുഖം മൂടി
എടുത്തണിയുന്നത്‌. സ്വകാര്യതയിലെ സ്ത്രീപുരുഷബന്ധത്തിന്‌ കടിഞ്ഞാണുമായി
ഇറങ്ങുന്നതിന്റെ തിക്തഫലമാണ്‌ മുകളിൽ പറഞ്ഞ ലൈംഗീക അരാജകത്വം എന്നുകൂടി
പറയാതിരിക്കാൻ കഴിയുന്നില്ല.
       ചുരുക്കത്തിൽ സ്വന്തം അമ്മയോടും സഹോദരിയോടും ഭാര്യയോടുമൊപ്പം
സഞ്ചരിച്ചാലും ഈ അനുഭവം വരുമെന്ന സാഹചര്യമാണ്‌ മലയാളിയുടെ
സദാചാരവിഭ്രാന്തിയിൽ തെളിയുന്നത്‌. കാറിന്റെ ഷട്ടർ തുറന്ന്‌ അനാശാസ്യം
കാണാൻ പോകുന്ന നേരംകൊണ്ട്‌ ണല്ലോരു സിനിമകണ്ട്‌ കിടന്നുറങ്ങാൻ ഇവരെ
ഉപദേശിക്കാം. ഇവർക്ക്‌ ശുഭരാത്രികൾ നേരാം. പാതിരായ്ക്ക്‌
സൂര്യനുദിക്കാതിരിക്കുന്നത്‌ ഇത്തരക്കാരുടെ ഭാഗ്യമായിട്ടും കരുതാം.
"തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ",തൂവൽകിടക്കകൾ വിരിച്ചോട്ടെ" എന്നൊരു
സിനിമാഗാനം പണ്ട്‌ കേട്ടതായി ഓർക്കുന്നു. ഇന്നു ഈപാട്ട്‌ അയൽവീട്ടിൽ
കേട്ടാൽ അയ്യോ അപ്പുറത്ത്‌ അനാശാസ്യം നടക്കുന്നേ എന്നുപറഞ്ഞ്‌ പോലീസിനെ
വിളിക്കുന്ന സദാചാര പ്രിയന്മാരാണ്‌ നാട്ടിലുള്ളതെന്ന തോന്നുന്നു.
എന്തായാലും നിയമസഭയിൽ നീലച്ചിത്രം കണ്ട്‌ 'ശ്രദ്ധക്ഷണിക്കൽ പ്രമേയം
അവതരിപ്പിക്കുന്ന' ജനപ്രതിനിധികളുടെ പ്രവൃത്തി അനാശാസ്യംതന്നെ!

21 Apr 2012

ചരിത്രരേഖ


ഡോ.എം.എസ്‌.ജയപ്രകാശ്‌

കൂട്ടിൽക്കിടത്തി വിസർജ്ജിപ്പിച്ചവരുടെ കുമ്പസാരം

'തിരുത്താനാവാത്ത നേതാവ്‌' എന്ന്‌ വി.എസിനെ  വിശേഷിപ്പിച്ച സി.പി.എം
റിപ്പോർട്ട്‌ നിലനിൽക്കേ തന്നെ 'വേണ്ടത്‌ തെറ്റുതിരുത്തിയ വിഏശിനെ'
എന്ന്‌ പിണറായി തന്നെ പറഞ്ഞിരിക്കയാണല്ലോ. കഴിഞ്ഞ കുറേക്കാലമായി
സി.പി.എമ്മിൽ നിന്നു കേൾക്കുന്ന മുത്തശ്ശിക്കഥയാണ്‌ 'തെറ്റും തിരുത്തലും'
ഓരോ സമ്മേളനം കഴിയുംന്തോറും  തെറ്റുകൾ കൂടുകയും തിരുത്തലുകൾ കുറയുകയും
ചെയ്യുന്നു. ഒരുതരം വൈരുദ്ധ്യാത്മക തെറ്റുതിരുത്തലിന്റെ പാർട്ടിയായി
മാറിയിരിക്കുന്നു സി.പി.എം. മുഖ്യമന്ത്രിയായി പാർട്ടി തന്നെ അവരോധിച്ച
നേതാവിനെതിരെയുള്ള കുറ്റപത്രമായി സി.പി.എം. സമ്മേളന റിപ്പോർട്ട്‌
മാറുകയാണുണ്ടായത്‌. പ്രത്യയശാസ്ത്ര പുനരവലോകനം എവിടെത്തുടങ്ങിയെന്നോ
എവിടെ അവസാനിച്ചെന്നോ ഇപ്പോഴത്തെ പ്രത്യേകതരം ശാസ്ത്രം എന്താണെന്നോ
വ്യക്തമായി അണികളേയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താനാവാത്തവിധം
ഇതികർത്ത്യവ്യതാമൂഢരായി പരുങ്ങുന്ന നേതൃത്വത്തെയാണ്‌ നാം സി.പി.എമ്മിൽ
കാണുന്നത്‌. ഇത്‌ ജനം തിരിച്ചറിയുമെന്ന ഉത്തമബോധമുണ്ടായിരുന്ന
നേതൃത്വമാണ്‌ ഈ അവസ്ഥയിൽ നിന്നും ജനശ്രദ്ധതിരിക്കാനായി യേശുവിന്റെ
വിപ്ലവകഥകളും  'തിരുവത്താഴ വൈകൃത പ്രദർശനവും കാഴ്ചവച്ചതു. പൊതുജനശ്രദ്ധ
അതിലേക്കു പൂർണ്ണമായും തിരിഞ്ഞുകഴിഞ്ഞതോടെ വാലും തുമ്പുമില്ലാത്ത
പ്രത്യയശാസ്ത്രരേഖ തിടുക്കത്തിൽ അവതരിപ്പിച്ച്‌ തടിതപ്പുകയാണുണ്ടായത്‌.
ശ്രദ്ധക്ഷണിക്കാൻ മടിയുള്ള കാര്യങ്ങളിൽ ശ്രദ്ധതിരിക്കൽ അടവുനയം പയറ്റി
വിജയിക്കുക എന്നത്‌ സി.പി.എമ്മിന്റെ കുലധർമ്മമാണല്ലോ.


         വി.എസ്സിനെതിരെ  കുറ്റപത്രം അവതരിപ്പിച്ച പിണറായി വിജയൻ
ചൂണ്ടിക്കാണിച്ചകുറ്റങ്ങൾ ഇവയെല്ലാമാണ്‌. 1. മുഖ്യമന്ത്രി എന്ന നിലയിൽ
പരാജയപ്പെട്ടു. 2. കൂട്ടുത്തരവാദിത്തമില്ലാതെ പ്രവർത്തിച്ചു. 3.
മന്ത്രിമാരെ പരസ്യമായി തള്ളിപ്പറഞ്ഞു. 4. പാർട്ടി ശത്രുക്കളുമായി
ഗോ‍ൂഢാലോചന നടത്തി. 5. വി.എസ്‌. ഒറ്റുകാരനാണ്‌. 30 വർഷത്തോളം സി.പി.എം
ഭരിച്ച പശ്മബംഗാളിൽ മുഖ്യമന്ത്രി എന്നനിലയിൽ
പരാജയപ്പെട്ടുകൊണ്ടിരുന്നവരുടെ കൂട്ടപ്പരാജയമാണല്ലോ മമതാ ബാനർജിയെ
ചുവപ്പുക്കോട്ടയിലെ മുടിചൂടാമന്നയാക്കി അവരോധിച്ചതു. അവിടെ ഒരു
കുറ്റപത്രവും അവതരിപ്പിക്കാൻ ഇക്കൂട്ടർക്കു കഴിയുമായിരുന്നില്ല. ജനം
പാർട്ടിയ്ക്കെതിരെ തിരിയാൻ ഇടയാക്കിയ അച്യുതാനന്ദന്റെ ജനസമ്മതിയാണ്‌
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ വിജയത്തിന്‌ തുണയായത്‌.
'വി.എസ്‌.ഫാക്ടർ' എന്ന രാഷ്ട്രീയ ഘടകമാണ്‌ ഇന്ന്‌ തിരുവനന്തപുരത്ത്‌
പാർട്ടിമാമാങ്കം ആഘോഷിക്കാൻ നേതാക്കളെ പ്രാപ്തരാക്കിയത്‌. അല്ലെങ്കിൽ
ബംഗാളിലെ ഗതികേട്‌ ഇവിടെയും പ്രകടമാകുമായിരുന്നു. ജനം ഒറ്റുകാരന്റെ
കൂടെയാണെന്ന്‌ തെളിഞ്ഞു. തൊഴിൽ രഹിരായ ബംഗാളിയുവാക്കൾ കേരളത്തിലുള്ളത്‌
ബംഗാളിസാന്നിദ്ധ്യം ഉറപ്പിക്കാനും സാഹചര്യമൊരുക്കിയിട്ടുണ്ട്‌!
+
       ജനസമ്മതികൊണ്ട്‌ മുഖ്യമന്ത്രിയാക്കാൻ പാർട്ടി നേതൃത്വം
നിർബന്ധിതരായതുമുതൽ അച്യുതാനന്ദനെ ക്രൂശിക്കാൻ തൽപരകക്ഷികൾ തയ്യാറായി.
മുഖ്യമന്ത്രിയെ മുഖ്യപ്രതിയോഗിയാക്കി മുദ്രയടിച്ചു.
പ്രധാനവകുപ്പുകളെല്ലാം മുഖ്യമന്ത്രിയിൽ നിന്നും എടുത്തുമാറ്റി.
ആഭ്യന്തരവും വിജിലൻസുമില്ലാത്ത മുഖ്യമന്ത്രിയെ സൃഷ്ടിച്ചവരാണ്‌ ഇപ്പോൾ
വി.എസിനെ  'പരാജയപ്പെട്ടവൻ' എന്ന്‌ വിളിച്ച്‌ ആക്ഷേപിക്കുന്നത്‌.
പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റുകയും പുതിയ ആളെ തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം നൽകാതിരിക്കുകയും ചെയ്തു. പാർട്ടിതന്നെ മുഖ്യമന്ത്രിയുടെ
ശത്രുവായ സ്ഥിതിക്ക്‌ പാർട്ടി ശത്രുക്കളുമായി ഗൂഢാലോചന  നടത്തിയെന്നു
പറയുന്നത്‌ വിരോധാഭാസമാണ്‌. മുഖ്യമന്ത്രിയായിരിക്കെ വി.ഏശിന്റെ 250
കത്തുകൾ പി.ബിക്ക്‌ കിട്ടിയതായി വാർത്തയുണ്ട്‌. മുഖ്യമന്ത്രിക്കെതിരെ
കൊലവാളുയർത്തിയവരെപ്പറ്റിയായിരുന്നിരിക്കണം ആ കത്തുകൾ. അവരെ തിരുത്താൻ
തയ്യാറാവാത്തവർ ഇപ്പോൾ വി.എസിനെ  നോക്കി കൊഞ്ഞനംകുത്തുന്ന കാഴ്ചയാണ്‌ നാം
കാണുന്നത്‌. മാത്രമല്ല പാർട്ടിതന്നെ സാംസ്കാരിക നായകരെ ഇറക്കി
മുഖ്യമന്ത്രിയായിരുന്ന വി.എസിനെ പള്ളുവിളിപ്പിക്കുകയും ചെയ്തു.
ലോകചരിത്രത്തിൽ തന്നെ വിരളമായ, നെറികെട്ട ദുഷ്ടപ്രവൃത്തിയായിരുന്നു അത്‌.
സുകുമാർ അഴീക്കോടിനെക്കൊണ്ട്‌  വി.എസിനെ 'കൂട്ടിൽ കിടന്നു
വിസർജ്ജിക്കുന്ന ജന്തു'വാക്കി!. എം.മുകുന്ദനെ ഉപയോഗിച്ച്‌ കാലഹരണപ്പെട്ട
പുണ്യവാളനുമാക്കി. ശംഖുമുഖം കടപ്പുറത്തെ 'ബക്കറ്റിലെ വെള്ളത്തിൽ'
മുഖ്യമന്ത്രിയെ മുക്കിയതും നാം കണ്ടതാണ്‌. ഇതൊക്കെക്കണ്ട്‌
ആർത്തുചിരിച്ചവരെ ജനം തിരിച്ചറിയുന്നുണ്ട്‌. കേരളത്തിൽ സാംസ്കാരിക
ക്വട്ടേഷൻ സംഘമുണ്ടെന്നും വെളിപ്പെട്ടു. എം.പി.വീരേന്ദ്രകുമാറിന്റെ
ജനതാദൾ എന്ന ക്തികേന്ദ്രവും പി.ജെ.ജോസഫിന്റെ പാർട്ടിയും ഇടതുപക്ഷം
വിട്ടത്‌ പാർട്ടിയുടെ ശക്തിചോർത്തിയതായി കാരാട്ട്‌
സമ്മതിക്കുന്നുണ്ടല്ലോ? ഈ ശക്തിചോർന്നിട്ടും നിർണ്ണായക ശക്തിയായി
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം നിയമസഭയിലെത്തിയതിനു പിന്നിൽ വി.എസ്‌.
ഘടകം തന്നെയാണ്‌ പ്രവർത്തിച്ചതു. കൂട്ടിനു പുറത്ത്‌ വിസർജ്ജിക്കുന്നവരും
കാലഹരണപ്പെടാത്ത പുണ്യവാളന്മാരും ഒന്നോർക്കുന്നതുകൊള്ളാം,
പാർട്ടിക്കകത്തും പുറത്തുമുള്ള അധർമ്മികളെയും അഴിമതിക്കാരെയും സദാചാര
വിരുദ്ധരെയും പരാജയപ്പെടുത്താൻ വി.എസ്‌.എടുത്ത നിലപാടുകൾക്കൊപ്പമാണ്‌,
കേരളത്തിന്റെ പൊതുസമൂഹം. "അവനെ ക്രൂശിക്കൂ" എന്ന്‌ ആക്രോശിക്കുന്നവർ
ശുംഭന്മാർക്കൊപ്പം തിളങ്ങുകയേയുള്ളൂ. പാപത്തിന്റെ ശമ്പളം വാങ്ങുന്ന
സഖാക്കളെ യേശു രക്ഷിക്കട്ടെ.

18 Feb 2012

ആ കാര്യക്ഷമതാവാദികള്‍ എവിടെ? മുല്ലപ്പെരിയാര്‍ വിളിക്കുന്നു!


ഡോ. എം.എസ്‌. ജയപ്രകാശ്‌
പട്ടികജാതി-പിന്നോക്ക വിഭാഗങ്ങളുടെ സംവരണക്കാര്യം വരുമ്പോഴെല്ലാം സംവരണവിരുദ്ധര്‍ ഉയര്‍ത്തുന്ന ഒരു വാദമാണല്ലോ കാര്യക്ഷമതാവാദം. ഇംഗ്ളീഷില്‍ ഇതിനെ 'എഫിഷ്യന്‍സി' എന്നാണു പറയുക. പിന്നോക്ക-പട്ടികജാതി വിഭാഗങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വന്നാല്‍ സര്‍ക്കാരിണ്റ്റെ കാര്യക്ഷമത കുറയുമെന്നാണ്‌ ഇക്കൂട്ടര്‍ മൊഴിയുന്നത്‌.

സവര്‍ണ്ണസമുദായങ്ങള്‍ക്കുമാത്രമുള്ളതാണ്‌ ഭരണയന്ത്രമെന്നും മറ്റുള്ളവര്‍ പങ്കാളികളായാല്‍ കാര്യക്ഷമത തകരുമെന്നാണ്‌ ഇതിണ്റ്റെ അര്‍ത്ഥം. മനുവിണ്റ്റെ ശിഷ്യഗണങ്ങള്‍ ഇങ്ങനെ പറയുക സ്വാഭാവികം മാത്രം. രാജ്യം ഇപ്പോള്‍ ഭരണപരവും രാഷ്ട്രീയവുമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്‌. മുല്ലപ്പെരിയാര്‍ ഡാമും വെള്ളവുമാണ്‌ വിഷയം. ഭരണത്തലപ്പത്തും ശാസ്ത്രസാങ്കേതികരംഗത്തും 'കാര്യക്ഷമത'യുള്ളവരെയാണല്ലൊ കുടിയിരുത്തിയിരിക്കുന്നത്‌. പ്രശ്നം കൂടുതല്‍ ഗുരുതരമാകുന്നതല്ലാതെ, പരിഹാരം കാണാന്‍, എന്തേ കാര്യക്ഷമതയുള്ളവരായി സ്വയംഭാവിക്കുന്നവര്‍ക്ക്‌ കഴിയുന്നില്ല. പിന്നോക്കക്കാരും മറ്റും ഇവര്‍ക്ക്‌ മന്ദബുദ്ധികളാണല്ലോ!

ബാക്കിവരുന്ന 'മുന്നോക്ക സമുദായ കോര്‍പറേഷന്‍ ഡയറക്ടര്‍മാര്‍ക്കെന്തേ ഈ പ്രശ്നം പരിഹരിക്കാനുള്ള കാര്യക്ഷമതയില്ല? രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളെ തെരുവുകലാപത്തില്‍ കൊണ്ടെത്തിക്കുന്ന കാര്യക്ഷമതയാണിപ്പോള്‍ കാണുന്നത്‌. കഴിഞ്ഞകുറേകാലമായി സംഘം ചേര്‍ന്ന്‌ ഡാം സന്ദര്‍ശിക്കുകയാണ്‌ ബന്ധപ്പെട്ടവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌. 
ഭരണ-പ്രതിപക്ഷങ്ങള്‍ മത്സരിച്ച്‌ ഉല്ലാസയാത്ര നടത്തി ഖജനാവിലെ പണം അണപൊട്ടുംപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. അണപൊട്ടുമെന്നും ജനംചാകുമെന്നും പറയാന്‍ ഏതു പൊട്ടനും കഴിയുമല്ലോ. അതിന്‌ ഖജനാവിലെ പണം മുടക്കി ഡാമിനുചുറ്റും കൂടിയിരുന്ന്‌ പ്രാര്‍ത്ഥിച്ചിട്ടോ ഉണ്ണാവൃതമനുഷ്ഠിച്ചിട്ടോ കാര്യമില്ല. മറുവശത്തും ഈ പരിപാടിതന്നെയാണ്‌ നടക്കുന്നത്‌. വൈക്കോ ജ്വരം പടര്‍ന്നുപിടിക്കുന്നില്ലെന്നുമാത്രം. പ്രശ്നപരിഹാരത്തിന്‌ വിദേശ ടെന്‍ഡര്‍ വിളിക്കാനുള്ള കാര്യക്ഷമതയുള്ളവരുമുണ്ടാകണം. വേമ്പനാട്ടുകായലും പെരിയാറും ശുദ്ധമാക്കാന്‍ ഇസ്രായേല്‍ കമ്പനിയെ വിളിച്ചിട്ട്‌ അവര്‍ക്കായി കാത്തിരിക്കുന്നവരാണ്‌ നമ്മുടെ കാര്യക്ഷമതാവാദികള്‍. മുസ്ളീംവിരുദ്ധ സര്‍വ്വേകള്‍ നടത്തി ഇക്കൂട്ടര്‍ ഇവിടെ നേരത്തെതന്നെ പിടിമുറുക്കിയിട്ടുണ്ട്‌. സ്വന്തം ജനതയെ അടിച്ചമര്‍ത്തുകയും വിദേശിയെവരുത്തി കാര്യം കാണുകയും ചെയ്യുന്ന കാര്യക്ഷമതയാണ്‌ പരമ്പരാഗത ഭരണവര്‍ഗ്ഗങ്ങള്‍പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്

അറബിവംശജരുടെ നാടുപിടിച്ചെടുത്ത്‌ അവരുടെ നദികളെ തടവിലാക്കി കാര്യക്ഷമതകാണിക്കുന്നവരാണ്‌ ഇസ്രായേലികള്‍. സ്വന്തമായി രാജ്യമില്ലാതിരുന്നവര്‍. ൧൯൪൫-ല്‍ ഒരു രാജ്യം തന്നെ സൃഷ്ടിച്ചുകളഞ്ഞു. പരശുരാമന്‌ ഈ വിദ്യ അറിയാമായിരുന്നെങ്കില്‍ മഴുപ്രയോഗം വേണ്ടിവരുമായിരുന്നില്ല. നിലം കൃഷിക്കാര്‍ക്ക്‌ ബുദ്ധി കൃഷിയ്ക്കുള്ള അവസരം കൊടുക്കാതിരുന്നവര്‍ ഇപ്പോള്‍ നിലം തൊടാതെ മുല്ലപ്പെരിയാറില്‍ തീര്‍ത്ഥാടനം നടത്തുന്നത്‌ രസകരമായ കാര്യമാണ്‌. അടുത്ത ബെല്ലോടെ നാടകം തുടങ്ങുമെന്ന്‌ കരുതിയ പ്രേക്ഷകരെ നിരാശപ്പെടുത്തി. "അടുത്ത രംഗത്തോടെ ഈ നാടകം ഇവിടെ പൂര്‍ത്തിയാവുകയാണ്‌" എന്ന അറിയിപ്പാണുണ്ടായിരിക്കുന്നത്‌. കര്‍ട്ടനു പിന്നില്‍ നിന്നും തമിഴ്പേശും നായികയുടെ അറിയിപ്പുവന്നതോടെയാണ്‌ നാടകം നിന്നുപോയത്‌. തമിഴ്നാട്ടില്‍ നിന്ന്‌ കോഴപ്പണവും തമിഴ്നാട്ടിലെ ഭൂസ്വത്തും കൈവശപ്പെടുത്തിയവരുടെ ലിസ്റ്റ്‌ പുറത്തുവരാതിരിക്കാന്‍ 'നാടകാന്തം കവിത്വം' (കപിത്വം) മാത്രമായിരുന്നു രക്ഷ എന്ന ധാരണയാണ്‌ ഉണ്ടാക്കിവച്ചിരിക്കുന്നത്‌. എ.ജിക്കെതിരെ കാടിളക്കിയവര്‍ 'അടഞ്ഞ അധ്യായം' സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഡോണ്‍ ശാന്തമായി ഒഴുകും പോലെ ഡാം ശാന്തമായി നില്‍ക്കുന്നു. മലയാളികള്‍ക്ക്‌ തമിഴരുടെ ഓം ശാന്തി!


അസ്ത്രവിദ്യയില്‍ ഏകലവ്യണ്റ്റെ കാര്യക്ഷമത ഇല്ലാതിരുന്നവര്‍ അയാളുടെ വിരല്‍മുറിച്ച്‌ കാര്യക്ഷമത കാട്ടിയിട്ടുണ്ടല്ലോ. ഇങ്ങനെയുമുണ്ടോ ദ്രോഹാചാര്യന്‍മാര്‍! ഇന്ന്‌ ഏകലവ്യന്‍മാരുടെ ഇരിപ്പിടങ്ങളില്‍ ചാണകവെള്ളമൊഴിച്ച്‌ ഇവര്‍ ആശ്വാസം കൊള്ളുകയാണ്‌. ജ്ഞാനാംശം ജളനും വിദഗ്ദ്ധനും ഒരേമട്ടാകുമോ? ഹീനാഹീനതപോയി ദരിദ്രധനികന്‍മാര്‍ ഒരേപോലാകുമോ?

ഹീനാഹീനതപോയി ദരിദ്രധനികന്‍മാര്‍ ഒരേപോലാകുമോ? എന്നാണ്‌ കൊടുങ്ങല്ലൂർ  കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചോദിക്കുന്നത്‌. ജളനും(ബുദ്ധിശൂന്യന്‍) വിദഗ്ദ്ധനും ജ്ഞാനം ഒരേപോലെ നല്‍കാന്‍ പാടില്ല. ഉച്ചനീചത്വം മാറ്റാനൊന്നും പറ്റില്ല, ദരിദ്രനും ധനികരും ഒന്നുപോലാകത്തുമില്ല! പിന്നോക്കക്കാരും ദലിതരും ജളന്‍മാരാണെന്നു പറയുന്ന വിദഗ്ദ്ധര്‍ എന്തേ ആ വൈദഗ്ദ്ധ്യം മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ ഉപയോഗിക്കാത്തത്‌? സവര്‍ണ്ണക്കുട്ടികളേയും അവര്‍ണ്ണരേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ പോത്തിനേയും കുതിരയേയും ഒരേനുകത്തില്‍ കെട്ടാനാകുമോ എന്നു ചോദിച്ച സ്വദേശാഭിമാനവും നാം കണ്ടതാണല്ലൊ. ആ 'കുതിരകളെ' മുല്ലപ്പെരിയാറില്‍ കാണാത്തതെന്ത്‌?കേന്ദ്രവും കേരളവും തെങ്ങുകൃഷി ഗവേഷണം തകൃതിയായി നടത്തുന്നുണ്ടല്ലോ. കാറ്റുവീഴ്ചയും മറ്റുരോഗങ്ങളും തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാനും 'കാര്യക്ഷമതയുള്ളവരെ' കണ്ടില്ല. കുറ്റം പറയരുതല്ലൊ രോഗം വന്ന തെങ്ങ്‌ മുറിച്ചുമാറ്റാന്‍ പറഞ്ഞ 'കാര്യക്ഷമതയും വൈദഗ്ദ്ധ്യവും അവര്‍ക്കുണ്ടായിരുന്നു, തെങ്ങൊന്നിന്‌ 10  രൂപ! ശംഭോ മഹാദേവാ!!!



--

14 Jan 2012

ചരിത്രരേഖകൾ

 ഡോ.എം.എസ്‌.ജയപ്രകാശ്‌


ആ ജാതിപ്പേരുകൾ അഭിമാനത്തിന്റെ ചിഹ്നങ്ങളായിരുന്നു


മുൻമന്ത്രി എ.കെ.ബാലന്റെ ജാതി പട്ടികജാതി ലിസ്റ്റിൽ ഇല്ലാത്തത്താണെന്ന
പി.സി.ജോർജ്ജിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന്‌ തെളിഞ്ഞിരിക്കുന്നു.
ബാലന്റെ പരവൻ സമുദായത്തെ തെറ്റായി പട്ടികജാതിലിസ്റ്റിൽപ്പെടുത്തിയെന്നു
കാണിക്കാൻ ജോർജ്ജ്‌ ചില രേഖകൾ ഹാജരാക്കിയതും ജലരേഖയായി മാറി. ചീഫ്‌
വിപ്പ്‌ ഇത്രയ്ക്കും ചീപ്പാകരുതായിരുന്നു. ജാതിവ്യവസ്ഥയുടെ ഭാഗമായി
ഉച്ചനീചത്വം സ്ഥാപിക്കപ്പെടും മുമ്പ്‌ സ്വതന്ത്രസമുദായങ്ങളായിരുന്ന
ജാതികളാണ്‌ പിൽക്കാലത്ത്‌ അയിത്തം കൽപ്പിക്കപ്പെട്ട്‌ അടിമത്തം
അനുഭവിച്ചതു. മാത്രമല്ല പേരിനൊപ്പം മുന്നിലോ പിന്നിലോ ജാതിനാമം
ചേർക്കുന്നതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. 
സംഘകാല കേരളത്തിന്റെ(എ.ഡി.500വരെ) സാമൂഹിക ചരിത്രം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. സംഘം കൃതികളായ അകനാനൂറ്‌, പുറനാനൂറ്‌, മണിമേഖല, പതിറ്റുപത്ത്‌ തുടങ്ങിയ
കൃതികളിൽ ഇന്നു കാണുന്ന ജാതികളെപ്പറ്റി പറയുന്നുണ്ട്‌. താമസിച്ചിരുന്ന
തിണ്ണയുടെയും (പ്രദേശം) തൊഴിലിന്റെയും പേരിലാണ്‌ അന്ന്‌ ജാതിനാമം
നിലനിന്നിരുന്നത്‌. സ്വന്തം പേരിനൊപ്പം തൊഴിൽനാമം ചേർത്തുപറയുന്നതിൽ
അഭിമാനം കൊണ്ടിരുന്നവരാണ്‌ സംഘകാല കവികൾ. പിൽക്കാലത്ത്‌ ജാതിവ്യവസ്ഥ
വന്നതോടെ ഈ തൊഴിലുകൾക്ക്‌ മാന്യത ഇല്ലാതാകുകയും അവ അയിത്തം
കൽപിക്കപ്പെട്ടവരുടെ സൂചകമായി  മാറുകയും ചെയ്തു.

       കേരളചരിത്രകാവ്യത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പറയുന്നതിങ്ങനെ:
"ജാതിശ്രേഷ്ടൻ വ്യത്തിനോക്കി സ്വയം കീഴ്‌ -
ജാതിക്കാരായ്‌ ബൗദ്ധരെ ചേർത്തുവേറെ
പാതിവൃത്യക്കാർ മട്ടുതീണ്ടിക്കുളിക്കും
ചേരിക്കാക്കി നീചവൃത്തിവ്രജത്തെ"
ജനതകളുടെ പേരുകളും തൊഴിൽനാമവും ജാതിനാമത്തിൽ ഉൾപ്പെട്ടിരുന്നു. പഴയ
തൊഴിലുകൾക്കും ജനതകൾക്കും ജാതിവ്യവസ്ഥയിൽ മാന്യതനഷ്ടമായതോടെ രൂപംകൊണ്ട
പുതിയ തൊഴിൽ നാമങ്ങളാണ്‌ ഇന്നത്തെ നായർ, പിള്ള, മേനോൻ, കുറുപ്പ്‌,
വാര്യർ, തുടങ്ങിയവ. ഈ തൊഴിലുകളിൽ ചേരാൻ പഴയ തൊഴിൽ വിഭാഗക്കാർക്ക്‌
വിലക്കുണ്ടാകുകയും ചെയ്തു. ഇപ്രകാരമാണ്‌ അയിത്തമില്ലാതിരുന്ന ഈഴവ, പുലയ,
അരയ, കുറവ, പരവൻ, പറയ, നാടാർ, വേലൻ, കണിയാൻ, പാണൻ, കൊല്ലൻ, വേട്ടുവൻ
തുടങ്ങിയ സംഘകാല ജനതകളും തൊഴിലുകളും നികൃഷ്ടമായി കണക്കാക്കപ്പെട്ടത്‌.

       എ.ഡി. ആദ്യശതകങ്ങളിലെ സംഘം കൃതികളിൽ പുലയരെപ്പറ്റി പരാമർശമുണ്ട്‌.
പുറംനാന്നൂറിൽ 287-​‍ാം ശ്ലോകത്തിൽ "തുടിയെറിയും പുലയ എറികോൽ കൊള്ളു
മിഴിചിന" എന്നു പറയുന്നുണ്ട്‌. "പെരുവയൽ പൂമിയും പുലയരും
കണ്ണൈകാലായുടൈയാർ" എന്ന പരാമർശവും ലഭ്യമാണ്‌.  പുലത്തിന്റെ അഥവാ
നിലത്തിന്റെ ഉടമകളായിരുന്നു പുലയർ. മണിമേഖല എന്ന കൃതിയിൽ പുലയരുടെ
താഴ്ത്തപ്പെട്ട സ്ഥിതിയാണ്‌ കാണുന്നത്‌. "നൊമ്പരമേൽപിക്കാൻതക്ക
വടികൊണ്ട്‌ തല്ലിയിട്ട്‌ ഹേ, പുലയ, നിന്നെ വിട്ടയക്കാമെന്നു പറഞ്ഞു.
അപ്പോൾ യാഗത്തിനുള്ള പശുവിനെ കട്ടതുകൊണ്ടു നികൃഷ്ടൻ എന്ന അർത്ഥത്തിൽ
പുലയൻ എന്നു സംബോധന ചെയ്തു" എന്നാണ്‌ മണിമേഖലയിലെ പരാമർശം. (മണിമേഖലയുടെ
മലയാള വിവർത്തനം, സാഹിത്യഅക്കാദമി, തൃശൂർ).

       വെറിപാടിയ കാമക്കണ്ണിയാർ എന്ന കവയിത്രി കുറത്തിയായിരുന്നു. വേൽപിടിച്ച്‌
വെറിതുള്ളുന്ന കുറവൻ വേൽക്കുറവൻ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നു.
കണിയൻപുംകന്റൻ എന്ന പേരും ശ്രദ്ധേയമാണ്‌. "വിളൈവെല്ലാം കണ്ണി
ഉരൈപ്പാൻകണി" എന്ന ചൊല്ലും കാണാം. വിളവിന്റെ മേന്മ മണ്ണിൽ, ഫലം പറയാൻ കണി
അഥവാ കണിയാൻ. തൃശൂരിലെ പൂങ്കുന്നമാണ്‌ പുംകുന്റമെന്നായിരിക്കുന്നത്‌.
വക്കടുക്കൈ നൻകണിയാർ എന്ന കണിയാനും പ്രസിദ്ധനായിരുന്നു. കൊടകരയും
കണിയാന്മാരുടെ കേന്ദ്രമാണ്‌. സംഘകാല കവികളിൽ വളരെപേർ പാണന്മാരായിരുന്നു.
ഇവർ ഭാഷാപണ്ഡിതരും അന്നത്തെ ബുദ്ധിജീവികളുമായിരുന്നു. സംഘകാല മഹാകവി
കപിലർ പാണസമുദായക്കാരനായിരുന്നു. 
അന്നത്തെ കേരള സമൂഹവും രാഷ്ട്രീയവുംഇദ്ദേഹത്തിന്റെ കൃതികളിലുണ്ട്‌. കവിയായിരുന്ന ഉറൈയൂർ ഇളംപൊൻ വാണികനാർസ്വർണ്ണവ്യാപാരിയായിരുന്നു. മധുരൈ കുലവാണികൻ, ചിത്തലൈ ചാത്തനാർതുടങ്ങിയവർ പ്രശസ്തരായ വണിക്കുകളായിരുന്നു. കൂത്ത്‌ തൊഴിലാക്കിയിരുന്ന കവിയാണ്‌ മതുരൈ തമിഴ്‌ കൂത്തൻ കട്ടുവൻ മണ്ണനാർ. ചാക്യാർകൂത്തിനുമുമ്പ്‌
കൂത്ത്‌ ജനകീയ കലാരൂപമായിരുന്നു. കൂത്തുകാരനായ മറ്റൊരു കവിയാണ്‌ ഉറൈയൂർ
പൂതൻ കൂത്തനാർ. കവി കരുവൂർ കലിങ്കത്താർ ഒരു നെയ്ത്തുകാരനായിരുന്നു. കവി
കരുവൂർ കണ്ണൻ പാണനാർ, പേരുപോലെ പാണനായിരുന്നു. ഇടയൻ നെടുങ്കീരൻ മറ്റൊരു
കവിയായിരുന്നു. കവി എയിനന്തൈ മകനാർ ഇളങ്കീരൻ വേട്ടുവനായിരുന്നു.

ഈഴത്തുപൂതൻ തേവനാർ ഈഴവ കവിയായിരുന്നു. (അകനാനൂറിലെ പരാമർശം) 'സംഘം'
എന്നത്‌ ഇന്നത്തെ തമിഴ്‌നാടിനും കേരളത്തിനും പൊതുവെയുള്ള ഒരു സാഹിത്യ
അക്കാദമിയായിരുന്നു. അന്ന്‌ കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന
തമിഴകമാണുണ്ടായിരുന്നത്‌. പണ്ഡിത ഭാഷ തമിഴ്‌ തന്നെയായിരുന്നു.

ആര്യവൽക്കരണത്തോടെയാണ്‌ സംസ്കൃതം മേധാവിത്ത-സാഹിത്യഭാഷയായിത്തീർന്നത്‌.
അതോടെ മലയാളകവിയ്ക്ക്‌ അരക്കവിസ്ഥാനം നൽകുന്ന സ്ഥിതി സംജാതമായി.
പതിനെട്ടരക്കവികളുടെ ഗതികേട്‌ അങ്ങിനെയാണുണ്ടായത്‌. മറ്റൊരു രീതിയിൽ
പറഞ്ഞാൽ മലയാളം അന്നുതൊട്ടു സെക്കന്റ്‌ ലാംഗ്വേജ്‌ ആയിത്തീർന്നു. ഇന്ന്‌
സെക്കന്റിനും താഴെ തേഡ്‌ ലാംഗ്വേജിന്റെ സ്ഥാനംപോലുമുണ്ടോ എന്ന്‌
പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രസിദ്ധ നെയ്തൽ (പ്രദേശം,തിണ)കവിയാണ്‌
അമ്മുവനാർ. കോഴിക്കോടിനടുത്തു ജീവിച്ചിരുന്നു. 
"അമ്മു എന്റപെയർ കേരളപ്പകുതിയിൽ ഇന്നാളിനു മഴക്കാറ്റിൽ ഉള്ളതാതലിൻ അമ്മുവൻ എൻപതെ പെയരാകഇരുക്കലാം" കുറും കോഴിയൂർ കീഴരാർ, ആമൂർ ക്തമൻ ചാതേവനാർ എന്നീകവിതകൾ
കോഴിയൂർ എന്ന സ്ഥലത്തുള്ളവരാണ്‌ (കോഴിക്കോടിന്റെ പഴയ പേരാണിത്‌) തകഴി
ശിവശങ്കരപ്പിള്ള എന്നുപറയുന്നതിൽ തകഴിസ്ഥലനാമവും പിള്ള ജാതിനാമമായിമാറിയ
തൊഴിൽനാമവുമാണല്ലോ. ചങ്ങമ്പുഴ കൃഷ്ണപിള്ളയിൽ സ്ഥലവും ജാതിയുമുണ്ട്‌.
പി.സി.ജോർജ്ജിനും ജാതിയുണ്ട്‌, മതവിശ്വാസംകൊണ്ട്‌ അത്‌
മറയ്ക്കപ്പെട്ടിരിക്കുകയാണ്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, ജാതിയെ
മറയ്ക്കുന്ന കമ്പളമാണ്‌.

15 Nov 2011

രാമന്റെ യാത്ര മുതല്‍ ലാല്‍കൃഷ്ണയാത്ര വരെ


ഡോ.എം.എസ്‌. ജയപ്രകാശ്‌
ബി.ജെ.പി നേതാവ്‌ എല്‍.കെ.അധ്വാനി നടത്തുന്ന ജനചേതനയാത്ര പരശുരാമകേരളത്തിലും വരുമത്രെ. മാവേലിനാടിനെ പരശുരാമ കേരളമാക്കാന്‍ വളരെയധികം യാത്രവേണ്ടിവന്നിട്ടുണ്ടെന്നാണ്‌ പരശുരാമകഥക്കുള്ളിലെ ചരിത്രം പറയുന്നത്‌. വാമനന്‍ വരുമ്പോഴുണ്ടായിരുന്ന മാവേലിനാടിനെ പിന്നീട്‌ വന്ന പരശുരാമന്‍ കടലില്‍ നിന്നുപൊക്കിയെടുത്തു എന്ന കള്ളക്കഥ ആര്യവല്‍ക്കരണത്തിലൂടെ മാവേലിനാടിനെ(ചേരരാജ്യം) ചാതുര്‍വര്‍ണ്യ-ഹിന്ദുത്വ കേരളമാക്കിയതിണ്റ്റെ ചരിത്രമാണ്‌ വെളിപ്പെടുത്തുന്നത്‌. ലാല്‍കൃഷ്ണ അധ്വാനിയുടെ ആറാമത്തെ രഥയാത്രയാണിതെന്ന്‌ പറയാമെങ്കിലും ചരിത്രപരമായി ഇത്‌ ഏഴാമത്തെ ഹിന്ദുത്വയാത്രയാണെന്ന്‌ കാണാം. രാമായണം (രാമന്റെ അയനം അഥവാ യാത്ര) വെളിപ്പെടുത്തുന്ന   രാമന്റെ യാത്രയാണ്‌ ഹിന്ദുരാഷ്ട്രം ലക്ഷ്യമിട്ടുള്ള ആദ്യയാത്ര.B C 6൦൦ നും .A D 6൦൦നും ഇടക്കുള്ള ആയിരത്തോളം വര്‍ഷം നീണ്ടനിന്ന ബുദ്ധമത സ്വാധീനത്തില്‍ നിന്നും ഇന്ത്യയെ വീണ്ടെടുത്ത്‌ ഹിന്ദുത്വഭാരതം സൃഷ്ടിക്കാനുള്ള മസ്തിഷ്ക്കപ്രക്ഷാളനമാണ്‌ രാമന്റെ  യാത്രയിലൂടെ (രാമയണത്തിലൂടെ) തല്‍പരകക്ഷികള്‍ നടത്തിയത്‌. 
ബുദ്ധനെ രക്ഷകനായി ആദരിച്ചിരുന്ന ജനകോടികളുടെ മനസ്സില്‍ നിന്നും അദ്ദേഹത്തെ കുടിയിറക്കി രാമനേയും സീതയേയും പ്രതിഷ്ഠിക്കുകയാണ്‌ 'രാമന്റെ  യാത്ര'എന്ന രാമകഥയിലൂടെ തല്‍പരകക്ഷികള്‍ ചെയ്തത്‌. പുരാതന ഈജിപ്റ്റിലെ കവി ബാല്‍മിഷ്കി രാംസെ എന്ന രാജാവിനെപ്പറ്റി എഴുതിയ കൃതിയാവണം രാമായണത്തിണ്റ്റെ ആദിരൂപം. ഇന്ത്യയില്‍ എട്ടുതരം രാമകഥയുള്ളത്‌ പഠനാര്‍ഹമാണ്‌. പുറത്തുനിന്നുവന്ന കഥ പലതരത്തില്‍ വ്യാഖ്യാനിച്ചതാവാം. ഒരു കഥയില്‍ സീത  രാമന്റെ  സഹോദരിയാണ്‌. അയോദ്ധ്യ ഉള്‍പ്പെടെയുള്ള ബുദ്ധമതകേന്ദ്രങ്ങളിലൂടെ നടത്തിയിരിക്കുന്ന ഈയാത്ര ഒടുവില്‍ അവസാനിക്കുന്നതാകാട്ടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബുദ്ധമതകേന്ദ്രമായ ശ്രീലങ്കയിലാണ്‌. ഇന്നും ശ്രീലങ്ക ബുദ്ധമതക്കാരുടെ രാജ്യമാണ്‌. ബുദ്ധനുശേഷമാണ്‌ രാമകഥ രചിക്കപ്പെട്ടത്‌. രാമായണത്തിലെ അയോദ്ധ്യകാണ്ഡത്തില്‍ (101  സര്‍ഗം, 34ആം ശ്ലോകം) രാമന്‍ ബുദ്ധനെ കള്ളനെന്നു വിളിക്കുന്നത്‌ ശ്രദ്ധേയമാണ്‌.
"യഥാഹി ചോര സ തഥാഹി  ബുദ്ധ, തഥാഗതം നാസ്തികമത്രവിദ്ധി" എന്നാണ്‌ ആ ഭാഗത്ത്‌ പറഞ്ഞിരിക്കുന്നത്‌. ഹുയാന്‍സാങ്ങ്‌ (എ.ഡി.7൦൦) നല്‍കുന്ന വിവരണത്തില്‍ 3൦൦൦ ബുദ്ധഭിക്ഷുക്കള്‍ അയോദ്ധ്യയിലുണ്ടായിരുന്നതായി പറയുന്നു. 1൦൦ ആശ്രമങ്ങളും 1൦ ബുദ്ധവിഹാരങ്ങളുമുണ്ടായിരുന്നതായും അദ്ദേഹം പറയുന്നുണ്ട്‌. 
എ.ഡി.അഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഫാഹിയാന്‍, ബ്രാഹ്മണര്‍ നശിപ്പിച്ചു കളഞ്ഞ ബുദ്ധനുമായി ബന്ധപ്പെട്ട ആല്‍മരത്തെപ്പറ്റി പറയുന്നുണ്ട്‌. അയോദ്ധ്യയില്‍ കണ്ടത്‌ രാമക്ഷേത്രത്തിണ്റ്റെ അവശിഷ്ടമല്ല മറിച്ച്‌ ചാതുര്‍വര്‍ണ്യശക്തികള്‍ തകര്‍ത്തുകളഞ്ഞ ബുദ്ധവിഹാരങ്ങളുടേതാകണം. ബുദ്ധവിഹാരങ്ങള്‍ തകര്‍ത്ത്‌ ക്ഷേത്രമാക്കുന്ന പരിപാടിയുടെ ആവര്‍ത്തനമാണ്‌ ബാബറിമസ്ജിദ്‌ തകര്‍ത്ത്‌ അത്‌ രാമക്ഷേത്രമാണെന്ന്‌ പറയുന്നതില്‍ കാണുന്നത്‌. ആര്‍.എസ്‌.ശര്‍മ്മയുടെ പഠനങ്ങളിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്‌. രാമകഥ അയോദ്ധ്യയിലും ശ്രീലങ്കയിലും മറ്റും കേന്ദ്രീകരിച്ച്‌ അവതരിപ്പിക്കുന്നതില്‍ ബുദ്ധമത പാരമ്പര്യത്തെ തമസ്കരിക്കുന്ന തന്ത്രമുണ്ട്‌. മാത്രമല്ല രാമായണത്തില്‍ പറയുന്ന സ്ഥലങ്ങളെല്ലാം തന്നെ മുമ്പ്‌ ബുദ്ധമതം ശക്തമായി നിലനിന്നിരുന്ന സ്ഥലങ്ങളാണെന്നു കാണാം. തിരു +ആതന്‍ +കൂറ്‍ തിരുവിതാംകൂറായിത്തീര്‍ന്നു. ഇതിലെ ആതന്‍ ബുദ്ധനായിത്തീര്‍ന്നു. 
ഇതിനെ സംസ്കൃതവല്‍ക്കരിച്ച്‌ തിരുഅനന്തപുരമാക്കിയതും ശ്രദ്ധേയമാണ്‌. കരുമാടിക്കുട്ടന്‍ എന്ന ബുദ്ധവിഗ്രഹത്തിണ്റ്റെ പേരില്‍നിന്നാണ്‌ കുട്ടനാട്‌ ഉണ്ടായത്‌, കുട്ടണ്റ്റെ -നാട്‌ - കുട്ടന്‍ ബുദ്ധണ്റ്റെ പര്യായമാണ്‌. മേല്‍പ്പറഞ്ഞതുപോലെ രാമനും പരിവാരവും കടന്നുപോകുന്ന എല്ലാ സ്ഥലങ്ങളും ബുദ്ധമത സ്വാധീനം ശക്തമായി നിലനിന്നിരുന്നവയാണ്‌. കിഷ്കിന്ദാകാണ്ഡത്തില്‍ സീതയെക്കണ്ടെത്താന്‍ സുഗ്രീവന്‍ ആളെ അയക്കുന്ന സ്ഥലങ്ങളില്‍ ചോള, ചേര,പാണ്ഡ്യ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. (41.64.12) ഈ രാജ്യങ്ങള്‍ ത്രേതായുഗത്തിലെ രാജ്യങ്ങളാണെന്ന്‌ സാമാന്യചരിത്രബോധമുള്ളവരാരും പറയില്ല. ബുദ്ധമത കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിനെ മുരിചി പത്തനം എന്നാണ്‌ രാമായണത്തില്‍ പറഞ്ഞിരിക്കുന്നത്‌ (മുസരിസ്‌) എ.ഡി. ആദ്യനൂറ്റാണ്ടുമുതല്‍ നിലനിന്നിരുന്ന രാജ്യങ്ങളാണിവ. ഈ രാജ്യങ്ങളെപ്പറ്റി രാമായണം രചിച്ച്‌ വാല്മീകിക്ക്  അറിയാമെന്ന്‌ വ്യക്തം. 
സുന്ദരകാണ്ഡത്തില്‍ ലങ്കാദഹനം നടക്കുന്നുണ്ടല്ലോ. അവിടെ ഹനുമാന്‍ തകര്‍ക്കുന്ന 'അശോകവാഡിക' അശോകചക്രവര്‍ത്തിയുടെ പേരിലുള്ള പൂന്തോട്ടത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. 'ചൈത്യമന്ദിരങ്ങളും'തകര്‍ക്കപ്പെട്ടു. ബുദ്ധമതക്കാരുടെ മന്ദിരങ്ങളാണ്‌ ചൈത്യമന്ദിരങ്ങള്‍ എന്നറിയപ്പെടുന്നത്‌. ബി.സി മൂന്നാം നൂറ്റാണ്ടില്‍ അശോകനും മക്കളായ മഹേന്ദ്രനും സംഗമിത്രയും ശ്രീലങ്കയിലെത്തിയാണ്‌ അവിടെ ബുദ്ധമതം സ്ഥാപിച്ചത്‌.
സഹ്യപര്‍വ്വതത്തിലെ ഒരുഭാഗത്തിന്‌ മഹേന്ദ്രഗിരി എന്നു പേരുവന്നത്‌ ഈ സാഹചര്യത്തിലാണ്‌. ഹനുമാന്‍ ലങ്കയിലേക്ക്‌ ചാടുന്നത്‌ ഈ മഹേന്ദ്രഗിരിയില്‍ നിന്നാണെന്ന്‌ പരാമര്‍ശവും ശ്രദ്ധേയമാണ്‌. ശബരിമല ഉള്‍പ്പെടുന്ന സഹ്യപര്‍വ്വതസാനുക്കളില്‍ നൂറിലധികം ബുദ്ധമത കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതായി ചൈനീസ്‌ സഞ്ചാരി ഹുയാന്‍സാങ്ങ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു കാലത്ത്‌ ബുദ്ധമതവുമായി ബന്ധപ്പെട്ടിരുന്ന എല്ലാകേന്ദ്രങ്ങളെയും ഹൈന്ദവമാക്കുകയും ജനങ്ങളെ അവിടങ്ങളില്‍ നിന്ന്‌ അയിത്തം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുകയും ചെയ്തു. 
ശബരിമലയില്‍ ഈമാറ്റിനിര്‍ത്തല്‍ നയം നടക്കാതെപോയി. അവിടെ വാവരും ,യേശുദാസും മറ്റുള്ളവരും നിറഞ്ഞുനില്‍ക്കുകയാണല്ലോ. രാമജന്‍മഭൂമി പ്രശ്നം ഉയര്‍ത്തുന്നതും രാമായാണമാസം ആചരിക്കുന്നതും ഈ രാമഭക്തി നിലനിര്‍ത്താനുള്ള രാഷ്ട്രീയതന്ത്രമാണ്‌. 'ഭാവി ഭാരതം കാവി ഭാരതം' എന്ന മോഹം പൂവണിയും എന്നു തോന്നുന്നില്ല.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...