Showing posts with label raji. Show all posts
Showing posts with label raji. Show all posts

18 Mar 2012

പുനര്‍ജന്മം

രാജി

റേഡിയോയിലൂടെയും പത്രത്തിലൂടെയും ഞാന്‍ അറിഞ്ഞ ഈ പുനര്‍ജന്മം, വീണ്ടും മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം പുനര്‍ജനിക്കുന്നു എന്ന അറിവ് വര്‍ഷങ്ങളായുള്ള എന്‍റെ അനേഷണങ്ങള്‍ക്ക് വിരാമമിടുകയാണ്‌. എന്‍റെ ഹൃദയത്തില്‍ ഒരുപാട് അലയടികള്‍ക്ക് വഴിയൊരുക്കി കൊണ്ട് …

തലമുറകളുടെ അല്ല, മറിച്ച് ഏകദേശം നാലുമാസത്തെ സംഭവങ്ങള്‍, ഒരിക്കല്‍ ഞാന്‍ ഭ്രാന്തമായി സ്നേഹിച്ച രസനാദഗന്ധസ്പര്‍ശഗുണ വിശേഷങ്ങളുടെ ടൈംലൈനുകള്‍, അവ നല്‍കിയ ഇന്ദ്രിയനിഷ്ഠമായ അനുഭൂതികള്‍. അതു ഞാന്‍ തിരിച്ചുപിടിക്കാന്‍ പോകുന്നു. എന്‍റെ സ്വന്തമാക്കുവാന്‍, പ്രീഡിഗ്രികാലം മുതലുള്ള എന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ഈ സ്വന്തമാക്കലിന്‍റെ വില നോട്ടുകള്‍ക്കും അപ്പുറമാണ് .
സിനിമാക്യാമറയില്‍ എന്നവണ്ണം ഇന്നും മനസ്സില്‍ എല്ലാവരും തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു. എന്നെ സങ്കല്‍പ്പ വായുവിമാനത്തില്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും (ജപ്പാന്‍ മുതല്‍ സാന്‍ഫ്രാന്‍സിസ്കോ വരെയുള്ള വിസ്തൃതമായ ലോകം ) എത്തിച്ച എന്‍റെ പ്രിയപ്പെട്ട ജിം എന്ന ജിംഹോഫ്മാന്‍, രാജി …എനിക്ക് പിരിയാനാവാത്ത കുട്ടുകാരിയായതും അവളിലൂടെ ഞാന്‍ കണ്ട മലേഷ്യയും മദ്രാസും, സിനിമയുടെ ലോകങ്ങളും ഭരത നാട്യത്തിന്‍റെ ലാസ്യവും , ഒപ്പം എന്നെ കാല്‍പ്പനിക ഭാവങ്ങളിലേക്ക് എത്തിച്ച കൃഷ്ണനുണ്ണിയുടെ നേര്‍ത്ത നിശ്വാസത്തിന്‍റെ സുഗന്ധം .. വനദൃശ്യപ്രണയത്തിനു നല്‍കിയ മധുരാനുഭുതി . ഇങ്ങനെ എത്ര രംഗങ്ങള്‍ . പ്രിയ ,ബീന , വേലുണ്ണിക്കുറുപ്പ് രാവുണ്ണിക്കുറുപ്പ് , അംബിക ,സരസ്വതി , ഭാസി , വിശാലാക്ഷിയമ്മ ,കുട്ടമ്മാമന്‍ സുകുമാരമേനോന്‍ , വാസുദേവന്‍‌ ,രവി ,രമണി , പഞ്ചാബ്‌കാരനായ ഉജാഗര്‍ സിംഗ് ഇവരെല്ലാം എന്‍റെ ആരെല്ലാമോ ആയിരുന്നു. ഇങ്ങനെ വെള്ളക്കാരും തമിഴരും ,മലേഷ്യക്കാരും, കേരളീയരുമായി, കറുപ്പും വെളുപ്പും, അതിനു മധ്യത്തിലുള്ള നിറങ്ങളുമായി എത്രയോ സ്വപ്നസൗധങ്ങളിലാണ് ഞാന്‍ എത്തിചേര്‍ന്നത് , അതെ ,ഇവര്‍ എന്‍റെ എല്ലാം എല്ലാമായിരുന്നു. വായനയുടെ ആ പത്തുദിവസങ്ങള്‍ എനിക്ക് നല്‍കിയത് അതിരുകളില്ലാത്ത ആകാശമായിരുന്നു.
ഇപ്പോള്‍ ഇവരെ സ്വന്തമാക്കുവാന്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞു. ഇവരെ വരവേല്‍ക്കുവാന്‍ ഞാനും എന്‍റെ വീടും മാത്രമല്ല, കഥയെ സ്നേഹിക്കുന്ന മലയാളികളും. അതെ , വിലാസിനിയുടെ “അവകാശികള്‍ ” എന്ന മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്‍റെയും കഥ തലമുറകളിലൂടെ പറഞ്ഞു തന്ന മലയാളഭാഷയിലെ ഏറ്റവും വലിയ നോവല്‍. (നാലു വാല്യങ്ങളിലായി നാലായിരത്തോളം പേജുകള്‍ മുഖ വില : 2500 രൂപ) പൂര്‍ണ്ണ പബ്ലിക്കേഷനിലൂടെ പുനര്‍ജനിക്കുന്നു, മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം . ആവാച്യമായ അനുഭൂതിയുടെ ലോകം കൈയ്യിലെത്തുവാന്‍ ഇനിയും മെയ്‌ 31 വരെ കാത്തിരിക്കണം. എങ്കിലും എന്‍റെ പ്രിയപ്പെട്ട, എന്‍റെ ഹൃദയത്തിന്‍റെ മാണിക്യക്കല്ലായ “അവകാശികള്‍ക്ക് ” വേണ്ടിയല്ലേ , ഞാനും പ്രീപബ്ലിക്കേഷന്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞു. ഇനി കാത്തിരിപ്പിന്‍റെ നാളുകള്‍, ആ പുനര്‍ജന്മത്തിനായ്‌ ..

( പ്രസ്താവന : ഇത് ഒരിക്കലും ഒരു പരസ്യമല്ല വര്‍ഷങ്ങളായ് വിലാസിനിയുടെ “അവകാശികള്‍ ” സ്വന്തമാക്കുക എന്നുള്ള എന്‍റെ സ്വപ്നം സഫലീകൃതമാക്കുന്നതിന്‍റെ സന്തോഷം മാത്രമാണ് ഒരുപക്ഷേ അതു എന്‍റെ മാത്രം സ്വപ്നമായിരിക്കുകയില്ല നീങ്ങളുടെതുമായിരിക്കും …)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...