Showing posts with label dr venu thonnakkal. Show all posts
Showing posts with label dr venu thonnakkal. Show all posts

24 May 2013

മണ്ണിനെ മനസ്സ്കൊണ്ട്‌ ബന്ധിച്ചവർ


ഡോ.വേണു തോന്നയ്ക്കൽ
ഈ ഭൂമി മുഴുവൻ സ്വന്തമാക്കിയ ഒരു വിഭാഗം ജീവികളുണ്ടായിരുന്നു. ഡൈനോസാർ. ഇന്ന്‌ അവ ജീവിച്ചിരിപ്പില്ല. അവയായിരുന്നു കരയിലെ പ്രബലന്മാർ. ജനം ഭയക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജീവികളാണ്‌ പാമ്പുകൾ. പിന്നെ പരിസരത്തിനൊത്ത്‌ നിറം മാറാനറിയുന്ന ഓന്തുകൾ. കമലിയോണുകൾ, വാൽ മുറിച്ച്‌ ശത്രുവിന്റെ കണ്ണിൽ പൊടിയിട്ട്‌ രക്ഷപ്പെടുന്ന പല്ലി, ആമകൾ, മുതലകൾ ഇങ്ങനെ അനവധി തരം ജീവജാതികൾ ഉൾപ്പെട്ടതാണ്‌ ക്ലാസ്സ്‌ റെപ്ടീലിയ. ഇവയെപറ്റിപഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ഹെർപ്പറ്റോളജി. പൂർണ്ണമായും കരയിൽ ജീവിക്കുന്ന ആദ്യ കശേരുകളാണ്‌ റപ്ടെയിൽസ്‌.
ഇഴഞ്ഞ്‌ സഞ്ചരിക്കുന്ന ജീവികൾ എന്നയർത്ഥത്തിലാണ്‌ റെപ്ടെയിൽ എന്ന ശബ്ദമുപയോഗിക്കുന്നത്‌. കാർബോണിഫെറസ്‌ കൽപത്തിൽ ഉത്ഭവിച്ച ഇവ മിസോസോയിക്‌ കൽപത്തിൽ ഇവിടെ പ്രബലന്മാരായി. മിസോസോയിക്‌ കൽപത്തെ റെപ്ടെയിൽസിന്റെ സുവർണ്ണകാലം എന്ന്‌ വിശേഷിപ്പിയ്ക്കപ്പെടുന്നു. വെള്ളത്തിൽ ജീവിക്കുന്ന റെപ്ടെയിൽസുകളുമുണ്ട്‌. അവ പ്രജനനത്തിനായി കരയണയുന്നു.
ഇവ ശീതരണ ജീവികളാണ്‌ ഹൃദയത്തെ അപൂർണ്ണമായ നാലറകളായി തിരിച്ചിരിക്കുന്നു.ആന്തരിക ബീജ സങ്കലനമാണ്‌ പൊതുനിയമം. മുട്ടയിടുന്നു. മുട്ടവിരിഞ്ഞ്‌ പുറത്തുവരുന്ന കുഞ്ഞുങ്ങൾ രൂപത്തിൽ മുതിർന്നവയെപ്പോലിരിക്കും. റെഫലം കോർഡേകയിൽ വരുന്ന ക്ലാസ്‌ റെപ്ടീലിയയിൽ അയ്യായിരത്തോളം ജീവജാതികളുണ്ട്‌. റെപ്ടീലിയായെ നാല്‌ ഉപക്ലാസ്സുകളായി വർഗ്ഗീകരിക്കുന്നു. അനാപ്സിഡ, പാരാപ്സിഡ, ഡയാപ്സിഡ, സൈനാപ്സിഡ എന്നിവയാണവ. പാരാപ്സിഡയും ഡൈനാപ്സിഡയും വംശനാശം വന്നവയാണ്‌.
സബ്ക്ലാസ്സ്‌ അനാപ്സിഡയിലാണ്‌ ആമകൾ ഉൾപ്പെടുന്നത്‌ സബ്ക്ലാസ്‌ ഡയാപ്സിഡയെ റിങ്കോ കൊഫാലിയ, സ്ക്വമേറ്റ, ക്രൊകൊഡിലിയ എന്നിങ്ങനെ മൂന്നു ഗോത്രങ്ങളായിതിരിക്കുന്നു. സ്ഫിനോഡോർ ആണ്‌ റിങ്കോകെഫാലിയയ്ക്കുദാഹരണം. ചീങ്കണ്ണി, മുതല, അലികെയ്മാൻ എന്നിവ ക്രൊകൊഡിലിയായിൽ ഉൾപ്പെടുന്നു.
സ്ക്വമേറ്റ ഗോത്രത്തെ ലസ്‌ട്ടിലിയ, ഒഫീഡിയ എന്നിങ്ങനെ രണ്ട്‌ ഉപഗോത്രങ്ങളായി തിരിക്കുന്നു. ഡ്രാകോ, വരാനസ്‌, കെമിലിയോൺ, പല്ലി, യൂറോമാസ്റ്റിക്സ്‌, ഫ്രൈനോസോമ, ഹിലോഡർമ തുടങ്ങിയ ഉരഗങ്ങൾ ലസ്‌ട്ടീലിയായിലും സർപ്പങ്ങൾ ഒഫീഡിയായിലും വരുന്നു.
ഒരു ലിവിംഗ്‌ ഫോസിൽ ആണ്‌ സ്ഫിനോഡോൻ. ഇന്ന്‌ ജീവിച്ചിരിക്കുന്ന റെപ്ടെയിലുകളിൽ ഏറെ പ്രാക്തനമായ സ്വഭാവവിശേഷങ്ങൾ ഉള്ളവയാണിവ. അതിനാലാണ്‌ ഇവയെ ലിവിംഗ്ഫോസിൽ എന്നു വിളിക്കുന്നത്‌. ഏതാണ്ട്‌ 200 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ്‌ ഇവ പിറക്കുന്നത്‌. ഇന്ന്‌ വംശനാശത്തിന്റെ വക്കിലാണ്‌. ന്യൂസിലാന്റിന്റെ ചില ദ്വീപുകളിൽ കാണുന്നു. കുഴിയുണ്ടാക്കി അതിനുള്ളിലാണ്‌ വാസം. നിശാചാരികളാണ്‌. ചെറിയ പ്രാണികളാണ്‌ ഭക്ഷണം. 60 സെ.മീ നീളം വരും. മുട്ടയിടുന്നു. മുട്ടവിരിയാൻ 13 മാസങ്ങൾ എടുക്കും. മുട്ടിവിരിയാൻ ഇത്രകാലമെടുക്കുന്ന ജീവികൾ അപൂർവ്വമാണ്‌. ഇവ 28 വർഷം ജീവിച്ചിരിക്കുന്നതായി മനസ്സിലാക്കുന്നു. സ്ഫിനോഡോർ പങ്ങ്ന്റേറ്റം ആണ്‌ ശാസ്ത്രനാമം.
ഇന്ത്യ, ബർമ്മ, മലേഷ്യ എന്നിവിടങ്ങളിൽ മരങ്ങളിൽ വസിക്കുന്ന റെപ്ടെയിൽ ആണ്‌ ഡ്രാക്കോ ഫ്ലൈയിംഗ്‌ ഡ്രാഗൺ, പ്ലൈയിംഗ്‌ ലിസാർഡ്‌ എന്നൊക്കെ വിളിക്കും. നിറംകൊണ്ട്‌ കാഴ്ചയ്ക്ക്‌ സുന്ദരമാണ്‌. 25 സെ.മീ നീളം വരും. പറക്കാനറിയാം. ഇവയുടെ പറക്കൽ പക്ഷികളുടെയോ വവ്വാലിന്റെയോ പറക്കൽപോലെ യഥാർത്ഥ പറക്കലല്ല. അതിലേയ്ക്ക്‌ ചിറകുകളില്ല. അഞ്ചാമത്തെയും ആറാമത്തെയും വാരിയെല്ലുകൾ ശരീരത്തിന്റെ ഇരുവശങ്ങളിലേയ്ക്കും നീണ്ട്‌ അതിനുമുകളിൽ ചർമം വിരിച്ചുണ്ടായതാണ്‌ ചിറകുപോലെത്തെ പറ്റാജിയം എന്ന അവയവം. ഇതുപയോഗിച്ച്‌ വായുവിൽ തെന്നിനീങ്ങുകയാണ്‌ ചെയ്യുന്നത്‌. പ്രാണികളാണാഹാരം. ഡ്രാക്കോ ഡുസുമേരിയാണ്‌ കേരളത്തിൽ കാണുന്നയിനം.
സാധാരണയായി മോണിറ്റർ എന്നു വിളിക്കുന്ന ഒരു റെപ്റ്റൈൽ ആണ്‌ വരാനസ്‌. ഈ ജീവിയിലും പ്രാക്തന സവിശേഷതകൾ ശേഷിക്കുന്നു. ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്നു. കരയിലും വെള്ളത്തിലും ജീവിക്കുന്നു. തന്മൂലം ഉഭയജീവിയുടെ ശാരീരികപ്രത്യേകതകൾ ഉണ്ടായിരിക്കും. നല്ല നീന്തൽക്കാരാണ്‌. നിശാചാരികളാണ്‌. രണ്ടായി കീറിയ നാവ്‌ പുറത്തേയ്ക്കിട്ട്‌ പാമ്പ്‌ ചെയ്യുന്ന മാതിരി ചലിപ്പിയ്ക്കാനാവുന്നു. ഇത്‌ സംവേദനേന്ദ്രിയമായി പ്രവർത്തിക്കുന്നു. 60-90 സെ.മീ നീളം വരും. വരാനസ്‌ മോനിട്ടർ, വരാനസ്‌ ഫ്ലാവേസ്സ്‌ എന്നിവയാണ്‌ ഇന്ത്യൻ ഇനങ്ങൾ. വെസ്റ്റ്‌ ഇൻഡീസിലെ കോമൊഡോ ദ്വീപുകളിൽ കാണുന്നവയാണ്‌ വരാനസ്‌ കോമോഡെൻസിസ്‌. ഇതിന്‌ മൂന്നു മീറ്റർ നീളമുണ്ടാവും.
കാഴ്ചയ്ക്ക്‌ ഏതാണ്ട്‌ ഓന്തിനെപ്പോലിരിക്കും. പരിസരത്തിനൊത്ത്‌ നിറം മാറാനറിയാം. അതാണ്‌ കെമിലിയോൺ. നാക്ക്‌ വളരെ നീണ്ടതാണ്‌. അതിനാൽ ദൂരത്തുള്ള പ്രാണികളെവരെ നാക്കിൽ ഒട്ടിച്ചെടുത്ത്‌ വിഴുങ്ങാനാവുന്നു. വാൽ ചുരുട്ടാനും അതുകൊണ്ട്‌ പിടിക്കാനും കഴിയുന്നു. മരത്തിലാണ്‌ താമസം. ദക്ഷിണേന്ത്യ, ശ്രീലങ്ക, ആഫ്രിക്ക, ദക്ഷിണ അറേബ്യ എന്നിവിടങ്ങളിൽ കാണുന്നു. കെമിലോൺ കാൽകരാറ്റസ്‌, കെമിലോൺ സെയിലാനിക്കസ്‌ എന്നിവയാണ്‌ ഇന്ത്യൻ ഇനങ്ങൾ.
ഉത്തരേന്ത്യയിലും പാകിസ്താനിലും കാണപ്പെടുന്ന ഒരിനമാണ്‌ യൂറോ മാസ്റ്റിക്സ്‌ വാലിൽ മുള്ളുകൾപോലുള്ള ശൽക്കങ്ങളുണ്ട്‌. അതിനാൽ ഇവയെ സ്പൈനി ടെയ്‌ല്ഡ്ലിസാർഡ്‌ എന്നുവിളിക്കുന്നു. സസ്യഭോജിയാണ്‌. 20 സെ.മീ മുതൽ 30 സെ.മീവരെ നീളമുണ്ടാകും. പതിനഞ്ചോളം മുട്ടകളിടും. ഇവയെ ഭക്ഷണമാക്കുന്നവരുമുണ്ട്‌. ഇതിനെ  ലൈംഗികശേഷി വർദ്ധിപ്പിക്കാനുള്ള ഔഷധമായി കണ്ട്‌ ലിംഗത്തിൽ പ്രയോഗിക്കുന്നു. ഒരു പ്രാകൃത രീതി. തെളിയിക്കപ്പെട്ടിട്ടില്ല.
കൊമ്പുള്ള ചൊറിത്തവള എന്നറിയപ്പെടുന്ന ജീവിയാണ്‌ ഫ്രൈനോസോമ ഇതിനെ ചൊറിത്തവളയെന്ന്‌ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത്‌ ഒരു റെപ്ടെയിൽ ആണ്‌. ഈ ജീവിയെ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ ഇതിന്റെ കണ്ണിൽ നിന്നും ചോര ചീറ്റുന്നു. ജീവലോകത്തെ ഒരത്ഭുതമാണിത്‌. ശത്രുക്കളെ ചോരകാട്ടി സംഭ്രമിപ്പിച്ച്‌ രക്ഷപ്പെടുന്ന പ്രതിരോധതന്ത്രം. റെപ്ടെയിലുകളിൽ വിഷമുള്ള ഏകജീവിയാണ്‌ ഹിലോഡർമ. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു.
പല്ലിവർഗ്ഗം.
മുതല ലിസാർഡുകളെപ്പോലിരിക്കും. ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും വലിയ റെപ്ടെയിൽ എന്ന ബഹുമതിക്ക്‌ അർഹരാണിവ. ക്രൂരന്മാരായ ഇരപിടിയന്മാരാണ്‌. ജലത്തിലും കരയിലും ജീവിയ്ക്കാനാവുന്നു. ഇവയുടെ ഹൃദയത്തിന്‌ പൂർണ്ണമായി വിഭജിയ്ക്കപ്പെട്ട നാലറകളുണ്ട്‌. നദികൾ, തടാകങ്ങൾ, റിസർവ്വോയറുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണുന്നു. ചിലയിനങ്ങൾ ശുദ്ധജലത്തിലല്ലാതെ സമുദ്രജലത്തിലും ജീവിക്കുന്നു.

27 Apr 2013

ഭാരതത്തിലെ വിഷപ്പാമ്പുകൾ -3







ഡോ.വേണു തോന്നയ്ക്കൽ 
    ഇന്ത്യയിൽ ആകെ 236 ഇനം പാമ്പുകൾ ഉള്ളതിൽ 69 ജാതിവിഷപാമ്പുകളാണ്‌. അതിൽ 29 എണ്ണം കടൽപാമ്പുകളുടെ കൂട്ടത്തിൽ വരുന്നു. 236 ഇനം പാമ്പുകളിൽ ശേഷിക്കുന്നവ വിഷമില്ലാത്തപാമ്പുകളാണ്‌.
    വിഷപ്പാമ്പുകൾ നിറം, സ്വഭാവ വിശേഷങ്ങൾ, വിഷവീര്യം എന്നിവകൊണ്ട്‌ വ്യത്യസ്ഥരാണ്‌ മിക്കതും സാധുക്കളാണ്‌. ആങ്ങോട്ടാക്രമിച്ചാൽ കൂടി ഉപദ്രവിയ്ക്കാത്തവരാണധികവും. ചവിട്ടിയാൽ കടിയ്ക്കാത്ത പാമ്പുണ്ടോ? അത്രതന്നെ മനുഷ്യനെ സ്വന്തം ശത്രുവായിട്ടാണ്‌ പാമ്പ്‌ കരുതുന്നത്‌. അതിനാൽ അവന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനാണ്‌ സർപ്പം ആഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ പാമ്പിന്‌ ശത്രുവായ മനുഷ്യന്റെ മുന്നിൽ രക്ഷപ്പെടാനുള്ള പഴതും സമയവും നൽകുക അത്രമാത്രം. നാം പെട്ടെന്ന്‌ പാമ്പിനു മുന്നിലകപ്പെട്ടാൽ ഭയന്നു വിറക്കുന്ന പാമ്പിന്‌ എന്താ ചെയ്യാനാവുക? കടിക്കുക തന്നെ. അന്തംവിട്ട പുലി എന്തും ചെയ്യും?
    പാമ്പിന്‌ വായുവിലൂടെ വരുന്ന ശബ്ദവീചികൾ ശ്രവിയ്ക്കാനാവില്ല. അതിനാൽ നടന്നുപോവുമ്പോൾ സംസാരിക്കുന്നത്‌ കേൾക്കാനാവില്ല. പ്രതലത്തിലൂടെ വരുന്ന ശബ്ദത്തിന്റെ പ്രകമ്പനങ്ങൾ അറിയാനാവും. പാദരക്ഷകൾ ഉപയോഗിച്ച്‌ നടക്കുകയാണെങ്കിൽ ആ ശബ്ദം പെട്ടെന്ന്‌ അറിയാനും ശത്രുസാന്നിദ്ധ്യം മനസ്സിലാക്കി പാമ്പിന്‌ ഓടിമറയാനും ആവുന്നു. തന്മൂലം പാദരക്ഷയില്ലാതെ രാത്രികാലങ്ങളിൽ പുറത്ത്‌ നടക്കാതിരിക്കുക. വിശേഷിച്ചും പാമ്പിന്റെ ശല്യമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നയാളിനെ സാധാരണയായി പാമ്പ്‌ കുത്താറില്ല. കാരണം, നിശ്ചലദൃശ്യങ്ങൾ പാമ്പിൻ നേത്രങ്ങളിൽ വ്യക്തമല്ല.
    മൂർഖൻ, അണലി, ശംഖുവരയൻ, കടൽപാമ്പുകൾ എന്നിവയാണ്‌ ഇന്ത്യയിൽ കാണുന്ന പ്രധാനവിഷപ്പാമ്പുകൾ. മൂർഖനെ എല്ലാവർക്കുമറിയാം. ഇന്ത്യയിൽ ഏറ്റവുമധികം അറിയപ്പെടുന്ന ഒരുപാമ്പാണത്‌. എടുത്തുപിടിച്ച പത്തിയാണ്‌ മൂർഖന്റെ പ്രത്യേകത. പത്തിയുടെ പിന്നിൽ '​‍്‌'ആകൃതിയിലുള്ള ഒരു ചിഹ്നമുണ്ട്‌. അതാണ്‌ മൂർഖൻപാമ്പിന്റെ അടയാളം.
    എല്ലാ പാമ്പുകൾക്കും പത്തിയില്ല. എന്നാൽ പാമ്പ്‌ എന്ന ശബ്ദം പോലും പത്തിയുടെ ആകൃതിയുമായി ചേർത്താണ്‌ നമ്മുടെ ബോധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ടാവാം പത്തിയുള്ള പാമ്പിനെ ആണായും മറ്റുള്ളവയെ പെണ്ണായും സങ്കൽപിച്ചിരിക്കുന്നത്‌. മൂർഖന്‌ നാലര അടി മുതൽ ആറടി വരെ നീളമുണ്ടാകും. ശരീരത്തിന്റെ മൂന്നിലൊന്ന്‌ ഭാഗത്തോളം ഉയർത്തി നിൽക്കാനാവുന്നു. യഥാർത്ഥത്തിൽ പത്തി ഒരായുധമോ അടയാളമോ രാജചിഹ്നമോ അല്ല. അത്‌ ഒരു പ്രതിരോധ തന്ത്രമാണ്‌. ശത്രുവിനെ അകറ്റാനുള്ള മാർഗ്ഗം. ഭയക്കുമ്പോഴാണ്‌ മൂർഖൻ പത്തിവിടർത്തുന്നത്‌. കഴുത്തിലെ വാരിയെല്ലുകൾ വിരിച്ചാണ്‌ പത്തിയെടുക്കുന്നത്‌. അതിനൊപ്പം ഒരു ഹിസ്സിംഗ്‌ ശബ്ദവും പുറപ്പെടുവിക്കുന്നു. ശത്രുവിനെതിരെയുള്ള പ്രാഥമികനിരയിലെ പ്രതിരോധമാണത്‌. ഇതുകണ്ട്‌ ശത്രുഓടിപൊയ്ക്കൊള്ളണം. അല്ലെങ്കിൽ അടുത്തത്‌ വിഷമിറക്കലാണ്‌. ചാരനിറമാണത്‌.
    ലോകമെമ്പാടുമുള്ള ജനതയുടെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഉഗ്രവിഷമുള്ള പാമ്പാണ്‌ മൂർഖൻ. ഇതിന്റെ വിഷം ന്യൂറോടോക്സിൻ ആണ്‌. വിഷം നാഡികളെ സ്വാധീനിക്കുന്നു. വിവിപാരസ്‌ ആണ്‌. മുട്ടയിടുന്നു. ജൂൺ മുതൽ ആഗസ്റ്റ്‌വരെയുള്ള കാലമാണ്‌ പ്രജനനകാലം. ഇക്കാലത്ത്‌ 10-30 മുട്ടകളിടും. ഇവയ്ക്ക്‌ സ്വന്തമായി മാളമില്ല. അതിനാൽ മരപ്പൊത്തുകൾ, എലിമടകൾ, ചിതൽപ്പുറ്റുകൾ എന്നിവിടങ്ങളിൽ ഇവ മുട്ടകളിടുന്നു. പാമ്പ്‌ മുട്ടയ്ക്ക്‌ അടയിരിക്കുന്നു. 60 ദിവസമാണ്‌ അടയിരിപ്പുകാലം. മുട്ടപൊട്ടി കുഞ്ഞുങ്ങൾ പുറത്ത്‌ വരുന്നു. മൂർഖന്റെ കുഞ്ഞുങ്ങൾക്കും വിഷഗ്രന്ഥികളും വിഷപ്പല്ലുകളുമുണ്ട്‌.
    നാജാ നാജയാണ്‌ സാധാരണ കണ്ടുവരുന്ന ഇന്ത്യൻ മൂർഖൻ. മൂന്നുതരം മൂർഖനുകളെയാണ്‌ വ്യക്തമായി പഠിച്ചിട്ടുള്ളത്‌. ആകെ ആറ്‌ ജാതി മൂർഖനുകൾ ഉണ്ടെന്ന്‌ പറയപ്പെടുന്നു. സാധാരണ കാണപ്പെടുന്നതാണ്‌ പത്തിക്ക്‌ പുറകിൽ ഇരട്ട കണ്ണടയാളമുള്ള മൂർഖൻ. രണ്ടാമത്തേത്‌ ഒറ്റ കണ്ണടയടയാളമുള്ളതാണ്‌. അടുത്തയിനത്തിന്‌ കണ്ണടചിഹ്നമേയുണ്ടാവില്ല. കേരളത്തിൽ കാണുന്ന ഒരിനമാണ്‌ കരിമൂർഖൻ. മൂർഖൻ പാമ്പുകൾ രാത്രിയും പകളും ആക്ടീവാണ്‌. ദക്ഷിണ കിഴക്കനേഷ്യൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം മൂർഖൻ ശത്രുവിന്റെ കണ്ണിനെ ലക്ഷ്യമാക്കി ഒരു സിറിഞ്ചിൽ നിന്നെന്നോണം വിഷം ചീറ്റുന്നു. സ്പിറ്റിംഗ്‌ കോമ്പ്ര എന്നാണതിന്‌ പേര്‌.
    ഇന്ത്യയിൽ കാണുന്ന ഏറ്റവും വിഷമേറിയ പാമ്പാണ്‌ രാജമൂർഖൻ അഥവാ രാജവെമ്പാല. കിംഗ്‌ കോമ്പ്രാ എന്ന്‌ ഇംഗ്ലീഷിൽ പറയും. മൂർഖന്റെ രാജാവേന്നാവും പേരു കേട്ടാൽ തോന്നുക. എന്നാൽ കാര്യം തെറ്റി. ഇത്‌ മൂർഖൻ കുലത്തിൽ പോലുമുള്ളതല്ല. പത്തിയുണ്ട്‌ എന്ന ബന്ധം മാത്രമാണ്‌ മൂർഖനും രാജമൂർഖനും തമ്മിലുള്ളത്‌. പത്തിയുള്ളതു കൊണ്ടാവാം പേരുകളിലെ സമാനത വന്നത്‌. ഇന്ത്യയിൽ നമ്മുടെ കിഴക്കൻ കാടുകളിലും തണുപ്പുള്ള ഹിമാലയ പാർശ്വങ്ങളിലും കാണുന്നു. കൂടാതെ ആന്റമാൻ ദ്വീപുകളിലെ കാടുകളിലും ഉണ്ട്‌. ഈ പാമ്പ്‌ കടിച്ചാലുടനെ മരണമാണ്‌.
    ഇരുണ്ട പച്ചകലർന്ന നിറമാണ്‌. ചിലയിനങ്ങളിൽ മഞ്ഞകലർന്ന വളയങ്ങൾ കാണാം. ഇവ മനുഷ്യനെ ആക്രമിക്കും എന്നൊരു ധാരണയുണ്ട്‌. അത്‌ തെറ്റാണ്‌. ഒഫിയോഫാഗസ്‌ ഹന്ന എന്നാണ്‌ ശാസ്ത്രനാമം. ഒഫിയോഫാഗസ്‌ എന്നവാക്കിനർത്ഥം പാമ്പിനെ തിന്നുന്നത്‌ എന്നാണ്‌. രാജവെമ്പാല ഇതരസർപ്പങ്ങളെ ആഹാരമാക്കുന്നു. പ്രജനനകാലത്ത്‌ 20-30 മുട്ടകൾ ഇടുന്നു. മുട്ടവിരിയുവോളം കൂട്ടിലോ കൂട്ടിനരികിലോ കാവലിരിക്കുന്നു.
    നമ്മുടെ വീട്ടുവളപ്പിലും കിണറ്റിനരികിലും കുളിമുറിയിലുമൊക്കെ സാധാരണ കാണുന്ന ഒരു വിഷപ്പാമ്പാണ്‌ ശംഖുവരയൻ അഥവാ വെള്ളിക്കെട്ടൻ. ഇവ ഇന്ത്യയിൽ എല്ലായിടത്തും കാണുന്നു. ബംഗാരസ്‌ സീരുലസ്‌ എന്നും ബംഗാരസ്‌ ഫേഷ്യാറ്റസ്‌ എന്ന രണ്ടിനം. രണ്ടാമത്തേത്‌ വടക്കേ ഇന്ത്യയിൽ മാത്രം കാണുന്നു. ശംഖുവരയൻ, മോതിരവളയൻ, കെട്ടുവരിയൻ എന്നിങ്ങനെ പേരുകൾ.
    തല ചെറുതാണ്‌. ഏതാണ്ട്‌ വൃത്താകൃതി. തലമുതൽ വാൽവരെ നീലകറുപ്പ്‌ നിറമുള്ള ശരീരത്തിൽ വെള്ള വളയങ്ങൾ ഉണ്ടാവും. ഒന്നര മീറ്റർ നീളം വരും. വിഷം ന്യൂറോടോക്സിക്‌ ആണ്‌. മൂർഖന്റെ വിഷത്തിന്റെ നാലിരട്ടി ശക്തിയുണ്ട്‌. എന്നാൽ മൂർഖന്റെ പത്തിരട്ടി ശക്തിയുണ്ടെന്ന്‌ ചില ശാസ്ത്രഗ്രന്ഥകാരന്മാർ വാദിക്കുന്നു. ഏതായാലും ഏഷ്യയിലെ പാമ്പുകളിൽ ഏറെ വിഷശക്തിയുള്ളത്‌ ഇതിനാണ്‌. നിശാചാരിയാണ്‌ പാമ്പുകളെ ആഹാരമാക്കുന്നു. പ്രജനനകാലത്ത്‌ 10-15 മുട്ടകൾ ഇടുന്നു.
    ശക്തമായ വീഷവീര്യമുള്ള പാമ്പുകളാണ്‌ അണലികൾ. ഇവ നിശാചാരികളാണ്‌. അതിനാൽ രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ്‌ അണലിയുടെ ഉപദ്രവം അധികമായും ഉണ്ടാവുന്നത്‌. അണലിവിഷം ഹീമോടോക്സിക്‌ ആണ്‌. അണലി ഓവോവിവിപാരസ്‌ ആണ്‌. കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. അണലികൾ പ്രധാനമായും രണ്ടുതരം. പിറ്റ്‌ വൈപ്പർ, പിറ്റ്ലെസ്‌ വൈപ്പറും. പിറ്റ്‌ വൈപ്പറുകളാണ്‌ കുഴിയണലികൾ. കുഴി മണ്ഡലി എന്നും പറയുന്നു. ഇവ 15 ജാതികളുണ്ട്‌ നമ്മുടെ കിഴക്കൻ വനമേഖലകളിൽ കാണപ്പെടുന്നു. കുഴിയണലിയാണ്‌ ലാക്കസ്സിസ്സ്മലബാറിക്കസ്‌. ഇവയ്ക്ക്‌ ഏതാണ്ട്‌ മൂന്നടിയോളം നീളം വരും. ആക്രമണകാരികളാണ്‌. കടിക്കുന്ന കാര്യത്തിൽ വലിയ തൽപരരാണ്‌. വടക്കേ അമേരിക്കയിൽ കാണുന്ന ഒരു പ്രത്യേകതരം കുഴിമണ്ഡലി ആണ്‌ റാറ്റിൽ സ്നേക്ക്‌. ഇവ വാലഗ്രത്തുള്ള സേഗ്‌മന്റുകൾ പരസ്പരം ഉരസ്സി ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കുന്നു. ആ ശബ്ദമാണ്‌ റാറ്റിലിംഗ്‌ ശബ്ദം. തന്മൂലമാണ്‌ ആയിനം പാമ്പുകൾക്ക്‌ പേര്‌ അപ്രകാരം കിട്ടിയത്‌.
    ഒരിനം പിറ്റ്ലസ്‌ വൈപ്പറാണ്‌ മണ്ഡലി അഥവാ റസ്സൽസ്‌ അണലി. വൈപ്പറ റസ്സലി എന്ന്‌ ശാസ്ത്രനാമം. ചേനത്തണ്ടൻ, മഞ്ചെട്ടി, വട്ടക്കൂറ എന്നൊക്കെ പേരുകളുണ്ട്‌. ത്രികോണാകൃതിയെ തല, വണ്ണം കുറഞ്ഞ കഴുത്ത്‌, തവിട്ടു നിറത്തിലുള്ള ശരീരത്തിലുടനീളം വലിയ കറുത്തപുള്ളികൾ കാണാം. ഈതരം അണലികളിൽ വലുതാണ്‌. ഒന്നരമീറ്ററോളം നീളംവരും. കൊഴുത്ത്‌ തടിച്ച ശരീരമാണ്‌. വളരെ വേഗത്തിൽ ഓടാനും ചാടാനും കഴിയുന്നു. വലിയ ആക്രമണകാരികളാണ്‌. ആക്രമണത്തിനിടയിൽ ചാടാനും തയ്യാർ. ആക്രമിക്കുന്ന സമയം ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു. എലിയാണ്‌ പ്രമുഖാഹാരം. അങ്ങനെ നോക്കുമ്പോൾ കർഷകന്‌ സഹായിയാണ്‌. എലികൾ ഉള്ള പത്തായപ്പുര, ധാന്യങ്ങൾ സൂക്ഷിക്കുന്നിടം ആദിയായ സ്ഥലങ്ങൾ മണ്ഡലി സന്ദർശിയ്ക്കാനിടയുണ്ട്‌.
    മറ്റൊരിനം പിറ്റ്ലസ്‌ അണലിയാണ്‌ ഈർച്ചവാൾ ശൽക്ക അണലി അഥവാ ചുരുട്ട മണ്ഡലി. എക്കിസ്‌ കരിനേക എന്ന്‌ ശാസ്ത്രനാമം. വലിപ്പത്തിൽ ചെറുതാണ്‌. ഇന്ത്യൻ ഇനമാണ്‌. 35 സെന്റീമീറ്റർ നീളം വരും.
    ഏറെ അപകടകാരികളായ വിഷപ്പാമ്പുകളാണ്‌ കടൽപാമ്പുകൾ. ഉഷ്ണമേഖല സമശീതോഷ്ണ മേഖലകളിലെ കടലുകളിൽ ഇവ കാണപ്പെടുന്നു. കടൽ പാമ്പുകൾ സാധാരണ കടിക്കാറില്ല. അപൂർവ്വമായിട്ടേ കടിക്കാറുള്ളൂ. അതിനാൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്കും കടലിൽ നീന്തുന്നവരും കടൽപാമ്പുകളെ ഭയക്കേണ്ടതില്ല. 20 തരം കടൽപാമ്പുകൾ നമ്മുടെ കടലിലുണ്ട്‌. ഇവയുടെ ജീവിതത്തിന്റെ മുഴുവൻ ഘട്ടവും കടലിൽ തന്നെ. തുഴപോലുള്ള വാലുകൾ നീന്താൻ സഹായിക്കുന്നു. ഇവയുടെ ആഹാരം ചെറിയ മത്സ്യമാണ്‌. എൻഹൈഡ്രിനയും ഹൈഡ്രോഫിസ്സും ആണ്‌ സാധാരണ കടൽപാമ്പുകൾ.
    വിഷമുള്ള കോറൽപാമ്പുകൾ തിളങ്ങുന്ന നിറമു4ള്ളവയാണ്‌. പാമ്പിന്റെ തിളങ്ങുന്ന നിറം ഒരു വാണിംഗ്‌ കളറേഷൻ ആണ്‌. ശത്രുവിനോട്‌ അകലെ എന്നാജ്ഞാപിക്കുന്നതാണ്‌ വാണിംഗ്‌ കളറേഷൻസ്‌. അവ അഞ്ചു ജാതികളുണ്ട്‌. അതിൽ വിഷമില്ലാത്തവയും ഉൾപ്പെടും. ഒരു മീറ്റർ നീളം വരും. വിഷമുള്ളവ അപകടകാരികളാണ്‌.



26 Mar 2013

വലുതും ചെറുതുമായ പാമ്പുകൾ


ഡോ.വേണു തോന്നയ്ക്കൽ

പാമ്പുകൾ പത്ത്‌ സെന്റീമീറ്റർ മുതൽ ഒമ്പത്‌ മീറ്റർ വരെ പല വലിപ്പത്തിലുണ്ട്‌. ദക്ഷിണ അമേരിയ്ക്കയിൽ കാണുന്ന അനകൊണ്ടകളാണ്‌ പാമ്പുകളിൽ ഏറ്റവും വലിപ്പമുള്ളത്‌. ഇവ വിഷമില്ലാത്ത പാമ്പുകളാണ്‌. ആമസോൺ നദിയ്ക്ക്‌ ഇരുകരകളിലേയും വനഗർഭങ്ങളിൽ അനകൊണ്ടകൾ സ്വന്തം വലിപ്പത്തിന്റെ അഹങ്കാരത്തിൽ ഇഴഞ്ഞു നടക്കുന്നു. ഒമ്പത്‌ മീറ്റർ നീളമുള്ള അനക്കൊണ്ടകളുണ്ട്‌. ഇവയ്ക്ക്‌ ഒരു മാനിനെ വളരെ ലാഘവത്തോടെ വിഴുങ്ങാനാവുന്നു. വിഷമുള്ള പാമ്പുകളിൽ ഏറ്റവും വലുത്‌ രാജവെമ്പാലയാണ്‌. കിംഗ്‌ കോബ്ര. ഒഫിയോഫാഗസ്‌ ഹന്ന എന്നാണ്‌ ശാസ്ത്രനാമം. 5.6 മീറ്റർ നീളം വരും.
    ഇന്ത്യയിലെ പാമ്പുകളിൽ ഏറ്റവും വലുത്‌ റെറ്റിക്കുലേറ്റഡ്‌ പിതൺ ആണ്‌. ഇതാണ്‌ പെരുമ്പാമ്പ്‌. വിഷമില്ലാത്ത ജാതിയാണ്‌. ഇവയെക്കുറിച്ച്‌ ഇന്നും നമ്മുടെ നാട്ടിൽ ധാരാളം അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നുണ്ട്‌. കാട്ടിൽ മരം വെട്ടാൻ പോയവരായിരുന്നു ഇത്തരം കഥകളുടെ സൃഷ്ടാക്കൾ.
    ആഫ്രിക്കയിലെ ഏറ്റവും വലിയ പാമ്പാണ്‌ ബ്ലാക്ക്‌ മംബ  Dendroaspis polylepis എന്ന്‌ ശാസ്ത്രനാമം. ഇത്‌ വിഷപാമ്പാണ്‌. വിഷപാമ്പുകളിൽ ലോകത്തൊന്നാമൻ രാജവെമ്പാലയെങ്കിൽ ഇവൻ രണ്ടാമനാണ്‌. നീളം നാലര മീറ്റർ (4.5 മീ) വരും. ഏകദേശം 1.6 കിലോഗ്രാം ഭാരം വരും. ഈ പാമ്പാണ്‌ വലിപ്പത്തിൽ ഒന്നാമനെന്ന്‌ ചില ശാസ്ത്രഗ്രന്ഥകാരന്മാർ എഴുതി കണ്ടിട്ടുണ്ട്‌. അത്‌ ശരിയല്ല. എന്നാൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന ഒരു പാമ്പാണിത്‌. മണിക്കൂറിൽ 16 കി.മീ മുതൽ 20 കി.മീറ്ററാണ്‌ വേഗത. ഈ പാമ്പിന്‌ ഒരാളെ കടിയ്ക്കണമെന്നു നിനച്ചാൽ ഓടി രക്ഷപ്പെടാനാകില്ല.
    ഇവരാരുമല്ല നാഗരാജാവ്‌. അത്‌ TITANOBA എന്നയിനം പാമ്പാണ്‌. അതിന്‌ നീളം 15 മീറ്റർ. അതായത്‌ 49 അടി. മനുഷ്യന്റെ ഉയരം 6 അടി എന്നതാണ്‌ കണക്കാക്കുന്നത്‌. ഈ പാമ്പ്‌ ഇന്ന്‌ ജീവിച്ചിരിപ്പില്ല. ഈ പാമ്പിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുന്നു. മരിച്ച്‌ മണ്ണടിഞ്ഞ നാഗരാജാവിന്‌ സ്തുതി.
    ഏറ്റവും ചെറിയ പാമ്പ്‌ ടൈനി വേം സ്നേക്ക്‌ ആണ്‌. ഒരു മണ്ണിരയുടെ വലിപ്പം. തിളങ്ങുന്ന പച്ചയോ മങ്ങിയ തവിട്ടുനിറമോ ആണ്‌. മരങ്ങളിലും മണ്ണിനടിയിലും സമുദ്രങ്ങളിലും കഴിയാനുള്ള അനുകൂലനങ്ങളും പ്രാപ്തിയുമുണ്ട്‌. എലികൾ, പക്ഷികൾ, മത്സ്യങ്ങൾ, മറ്റ്‌ പാമ്പുകൾ എന്നിവ ഇവയെ ആഹാരമാക്കുന്നു.
    കെരറ്റനിൽ തീർത്ത പരുക്കൻ ശൽക്കങ്ങൾ കൊണ്ടാണ്‌ പാമ്പിന്റെ ചർമ്മമുണ്ടാക്കിയിരിക്കുന്നത്‌. ശരീരത്തിനടിവശത്തുള്ള ശൽക്കങ്ങളുടെ ഘടന പാമ്പിന്റെ സഞ്ചാരത്തിന്‌ സഹായിക്കുന്നു. നടക്കാൻ കാലുകളില്ലാത്തതിനാൽ ശൽക്കങ്ങളാണ്‌ യാത്രയ്ക്ക്‌ സഹായിക്കുന്നത്‌. പാമ്പുകൾ നിരന്തരം വളർന്നു കൊണ്ടേയിരിക്കുന്നു. ശരീരവളർച്ചയ്ക്കനുസരിച്ച്‌ ചർമ്മം വളരുന്നില്ല. അതിനാൽ ചർമ്മം യൂറിഞ്ഞു കളയുന്നു. അതാണ്‌ പടം പൊഴിച്ചിൽ അഥവ മോൾട്ടിംഗ്‌. പാമ്പിന്റെ കീഴ്ച്ചുണ്ടിൽ നിന്നുമാണ്‌ പടം പൊഴിച്ചിൽ ആരംഭിക്കുന്നത്‌. അത്‌ വാലറ്റംവരെ നീളുന്നു.
    ഒരു കൊച്ചുതല ശരീരവലിപ്പം വച്ചു നോക്കുമ്പോൾ തീരെ ചെറിയ മസ്തിഷ്കം. ഒട്ടും പരിണാമമില്ലാത്ത ജൈവപിണ്ഡം. ശ്രവണേന്ദ്രിയമില്ല. അന്തരകർണ്ണമുണ്ട്‌. അതിനാൽ വായുവിൽ കൂടി വരുന്ന ശബ്ദം കേൾക്കാനാവില്ല. എന്നാൽ തറയിൽ ഉണ്ടാവുന്ന ചെറിയ ശബ്ദം പോലും അറിയാനാവുന്നു. കൺപോളകളില്ലാത്ത കണ്ണുകൾ. നിശ്ചല രൂപത്തേക്കാൾ ചലിക്കുന്ന ദൃശ്യങ്ങളാണ്‌ കണ്ണുകളിൽ നന്നായി തെളിയുന്നത്‌. അതാണ്‌ മുൻ ലേഖനത്തിൽ പാമ്പാട്ടിയുടെ മകുടിയ്ക്കൊത്ത്‌ പാമ്പ്‌ ആടുന്നതിന്റെ രഹസ്യം. പാമ്പിന്‌ ശ്വാസകോശങ്ങളിലൂടെ ചിലതരം ശബ്ദങ്ങൾ അറിയാവുന്നതാണ്‌.
    പാമ്പിനെ ശ്രദ്ധിക്കുക. വെറുതെയിരിക്കുമ്പോഴും അഗ്രം പിളർന്ന നാവ്‌ പുറത്തേയ്ക്കിട്ട്‌ അനക്കുന്നത്‌ കാണാം. ഗന്ധമറിയാനും ഇരതേടാനും ഇത്‌ സഹായിക്കുന്നു. കീഴ്താടി പിളർന്നാണ്‌ നാവ്‌ പുറത്തേയ്ക്ക്‌ നീളുന്നത്‌.
    മാംസഭോജിയാണ്‌. തരത്തിനു കിട്ടിയാൽ ചെറിയ ജീവികളെ പിടിച്ചു വിഴുങ്ങും. തവളയോ എലിയോ തരംപോലെ. നമ്മുടെ ആഹാരശീലംപോലെ മൂന്നു നേരമൊന്നും വേണ്ട. വേണ്ടിവന്നാൽ മാസങ്ങളോളം ആഹാരമില്ലാതെ കഴിയാനും റെഡി. അവയ്ക്ക്‌ ചവയ്ക്കാനാവില്ല. ഇരയെ മൊത്തത്തിൽ വിഴുങ്ങുകയാണ്‌. ജീവിയുടെ വലിപ്പത്തിനൊത്ത്‌ വായ പൊളിയ്ക്കാൻ പാമ്പിന്‌ കഴിയുന്നു.
    ഇണചേരലിനുശേഷം മുട്ടകളിടുന്നു. ഒരേ ജാതിയിലെ പാമ്പുകൾ തമ്മിലേ ഇണചേരുകയുള്ളു. പ്രജനന കാലത്ത്‌ പെൺപാമ്പ്‌ തന്റെ ഗന്ധഗ്രന്ഥിയിൽ നിന്നും ഒരു തരം ഗന്ധം പുറപ്പെടുവിക്കുന്നു. തന്മൂലം ആൺപാമ്പുകളാൽ ആകർഷിക്കപ്പെടുന്നു. അങ്ങനെ ഒരു നാഗസുന്ദരിയ്ക്കായി ഒരുപാടു സുന്ദരന്മാർ മത്സരിച്ചെന്നും വരാം.
    വെള്ളനിറത്തിലെ മുട്ടകൾ ലെത്തർമാതിരിയോ പഞ്ഞിമാതിരിയോ ആണ്‌. മുട്ടത്തോട്‌ അത്തരത്തിലാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. കോഴിമുട്ട മാതിരി തട്ടിയാൽ പൊട്ടില്ല. അതിനാൽ മുട്ട കൂടുതൽ ഭദ്രമാണ്‌. എങ്കിലും പാമ്പിന്റെ ശത്രുക്കളായ കീരി, മോനിറ്റർ ലിസാർഡ്‌ എന്നിവയുടെ ആഹാരമാവാറുണ്ട്‌.
    അണലി, കടൽപാമ്പുകൾ, സാന്റ്‌ ബോ എന്നിവ പ്രസവിക്കുന്നവയാണ്‌. ഇത്‌ യഥാർത്ഥ പ്രസവമല്ല. അതാണ്‌ ഓവോ വിവി പാരിറ്റി. ശരീരത്തിൽ ഒരറയിൽ മുട്ടി നിക്ഷേപിയ്ക്കപ്പെടുകയും അവിടെ മുട്ടിവിരിഞ്ഞ്‌ കുഞ്ഞുങ്ങൾ പുറത്തുവരികയും ചെയ്യുന്നു. മുട്ടയിടുന്നത്‌ ഓരോപാരിറ്റിയും കുഞ്ഞുങ്ങൾ പ്രസവിയ്ക്കപ്പെടുന്നത്‌ വിവി പാരിറ്റിയുമാണ്‌.

തുടരും....

24 Jan 2013

സർപ്പപുരാണം-1


ഡോ.വേണു തോന്നയ്ക്കൽ

നാം പാമ്പിനെ കണ്ടിരിക്കുന്നു. നേരിട്ട്‌ കാണാൻ കഴിയാത്തവർ പാമ്പിന്റെ ചിത്രങ്ങൾ എങ്കിലും കണ്ടിരിക്കും. നമ്മെ ഏറെ സ്വാധീനിച്ചിട്ടുള്ള ജീവികളാണ്‌ പാമ്പുകൾ. പാമ്പുകളോട്‌ നമുക്ക്‌ വെറുപ്പും ഭയവുമാണ്‌. അതിനാൽ നാം അവയെ എവിടെ കണ്ടാലും കൊല്ലാൻ താൽപര്യം കാണിക്കുന്നു.
    പാമ്പിന്റെ ആകൃതിയും സ്വഭാവ ഗുണങ്ങളും അവയെക്കുറിച്ച്‌ കേട്ട്‌ വളർന്ന കഥകളുമാവാം നമുക്കവയോട്‌ തോന്നുന്ന ഭയത്തിനാധാരം. പാമ്പിനെ പിടികൂടി കൊന്ന്‌ തുകൽ ശേഖരിച്ച്‌ വിൽക്കുന്നവരും പാമ്പിൻവിഷമെടുക്കുന്നവരുമുണ്ട്

‌. പാമ്പിൻവിഷം. പാമ്പിൻവിഷം ഔഷധനിർമ്മാണത്തിനു ഗവേഷണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു.
    പാമ്പുകളെ ആഹാരമാക്കുന്നവർ ചൈന തുടങ്ങിയ രാജ്യങ്ങളിലുണ്ട്‌. പാമ്പുകളോട്‌ ഭയവും വെറുപ്പുമില്ലാത്തവരും അവയെ സ്നേഹിക്കുന്നവരുമുണ്ട്‌. പാമ്പുകളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ഹെർപെറ്റോളജി.
    പാമ്പുകളോട്‌ നമുക്കുള്ള ഭയം ചൂഷണം ചെയ്യുന്നവരും പാമ്പുകളെ ആരാധിക്കുന്നവരും അവയെകുറിച്ചുള്ള അന്ധവിശ്വാസ പ്രചരണവുമായി കഴിഞ്ഞു കൂടുന്നവരും അനവധി.
    പാമ്പിനെ ചൂഷണം ചെയ്യുന്നവരാണ്‌ പാമ്പാട്ടികൾ. വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പിനെ ഉപദ്രവിക്കുന്നത്‌ കുറ്റകരമാണ്‌. എന്നു കരുതി ആരും പാമ്പിനെ കൊല്ലുകില്ലായെന്ന്‌ ധരിക്കേണ്ടതില്ല. പാമ്പാട്ടികളുടെ പ്രവർത്തിയും ന്യായമായും കുറ്റകരം തന്നെ. എന്നാൽ അത്‌ ഒരു വിഭാഗം ആളുകൾ പരമ്പരാഗതമായി ഉപജീവനാർത്ഥം ചെയ്തുപോരുന്ന ഒരു തൊഴിലും അതൊരു കലയും വിനോദവുമാകയാലും അവർ പാമ്പുകളെ ഉപദ്രവിക്കുന്നില്ലയെന്നതിനാലും പാമ്പാട്ടികൾക്കെതിരെ അധികൃതർ കണ്ണടയ്ക്കുന്നു.
    അതിക്രൂരവും നിന്ദ്യവും പൈശാചികവുമായ എത്രയോ പീഡനങ്ങളെ അധികൃതർ കണ്ടില്ലായെന്നു കരുതുന്നു. ആനയോട്‌ കാണിക്കുന്നതരത്തിലുള്ള പീഡനം ലോകത്ത്‌ ഒരു ജനതയും ഒരു ജീവിയോടും കാണിക്കുന്നില്ലായെന്നു വേണം കരുതുവാൻ. പിന്നെയാണോ പാമ്പാട്ടിയുടെ ഈ ചെറിയ വിനോദ പ്രകടനം പാമ്പാട്ടിയുടെ ഈ പ്രകടനം മൂലം കാണികൾക്ക്‌ പാമ്പിനോടുള്ള അറപ്പും വെറുപ്പും ഭയവും കുറയുകയാണ്‌. അങ്ങനെ നോക്കുമ്പോൾ പാമ്പാട്ടിയുടെ ഈ തൊഴിൽ വലിയൊരു ധർമ്മമാണ്‌.
    എന്നിരുന്നാലും പാമ്പാട്ടി ചെയ്യുന്നത്‌ ഒരുതരം പറ്റിപ്പാണ്‌. പാമ്പാട്ടി കാഴ്ചക്കാരെ വിഡ്ഢികളാക്കുകയാണ്‌. പാമ്പാട്ടി പാമ്പിനെ കളിപ്പിക്കുന്നത്‌ നേരിട്ട്‌ കണ്ടിട്ടില്ലാത്തവർ സിനിമകളിലെങ്കിലും കണ്ടിരിക്കും. കണ്ടിട്ടില്ലായെങ്കിൽ ഇനി കാണാൻ ശ്രമിക്കുക.
    പാമ്പാട്ടി മകുടി ഊതുന്നതിനൊത്ത്‌ പാമ്പ്‌ പത്തിയുയർത്തി ആടുകയാണ്‌. അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന ശബ്ദം കേൾക്കാനാവാത്ത പാമ്പുകൾ എങ്ങനെയാണ്‌ മകുടി സംഗീതം കേൾക്കുന്നത്‌.
    മകുടി ഊതുന്നതിനൊത്ത്‌ പാമ്പാട്ടി തലയും മകുടിയും ആട്ടുന്നു. പാമ്പ്‌ അതാണ്‌ ശ്രദ്ധിക്കുന്നത്‌. നിശ്ചലദൃശ്യങ്ങളേക്കാൾ ചലിക്കുന്ന ദൃശ്യങ്ങളാണ്‌ പാമ്പുകളുടെ കണ്ണുകളിൽ കൂടുതൽ തെളിയുന്നത്‌.
    കൂടാതെ സ്വന്തം കാൽപാദങ്ങൾകൊണ്ട്‌ പാമ്പാട്ടി തറയിൽ താളം പിടിക്കുന്നുണ്ടാവും പ്രതലത്തിലുള്ള നേരിയ പ്രകമ്പനം കൂടി പാമ്പുകൾക്ക്‌ തിരിച്ചറിയാനാവും. അതും പാമ്പുകളുടെ നൃത്തചലനങ്ങളെ സ്വാധീനിക്കുന്നു. അപ്പോൾ പിന്നെ മകുടി സംഗീതമെന്തിനെന്ന്‌ നിങ്ങൾ ചോദിക്കാം. അത്‌ തനിക്കു ചുറ്റിലും നിൽക്കുന്ന ആൾക്കൂട്ടത്തെ സ്വാധീനിക്കാൻ.
    സംഗതി എന്തുതന്നെയായാലും പാമ്പ്‌ പാമ്പാട്ടിയുടെ ഇച്ഛയ്ക്കൊത്ത്‌ ചലിക്കുന്നുണ്ടല്ലോ. പാമ്പാട്ടി പാമ്പിനെ നിയന്ത്രിക്കുന്നു. ജീവിയ്ക്കാനായി ചില കള്ളങ്ങളൊക്കെ പാമ്പാട്ടി പറയും. എങ്കിലും സർപ്പവുമായി ബന്ധപ്പെട്ട്‌ പ്രചരിപ്പിയ്ക്കുന്ന അന്ധവിശ്വാസങ്ങളേക്കാൾ എത്രയോ ഭേദം.
    പാമ്പ്‌ പാലും പഴവും കഴിക്കുമെന്ന്‌ വിശ്വസിക്കുന്ന സാധാരണ ജനം ഇന്നുമുണ്ട്‌. സർപ്പക്കാവുകളിൽ പാമ്പിനെ ആരാധിക്കുകയും അതിന്‌ പാലും പഴവും നിവേദിക്കുകയും ചെയ്യുന്നു. പാമ്പുകളേയും അവയുടെ ജീവിതരീതിയേയും കുറിച്ച്‌ ധാരാളം ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ആചാരങ്ങളും നിലവിലുണ്ട്‌.
    പാമ്പിനെ തല്ലിയാൽ കൊല്ലണം. ചതിച്ചുവിടരുത്‌. ഇതൊരു പഴയ വിശ്വാസമാണ്‌. നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഇന്നും ഇത്തരം വിശ്വാസങ്ങൾ പച്ചപ്പിട്ടു കിടക്കുന്നു. പാമ്പ്‌ വൈരാഗ്യപൂർവ്വം മടങ്ങി വന്ന്‌ പാമ്പിനെ തല്ലിയ ആളെ കടിക്കും. അത്രകണ്ട്‌ ഓർമശേഷിയും പ്രതികാരബോധവുമുള്ള ജീവിയത്രേ സർപ്പം. പാമ്പിനെ തല്ലുക തന്നെ വേണമെന്നില്ല. ഏതെങ്കിലും തരത്തിൽ ഉപദ്രവിച്ചാൽ മതിയത്രേ ഈ ധാരണ ശുദ്ധഭോഷത്തരമെന്നതിനു തെളിവ്‌ അതിന്റെ മസ്തിഷ്കം തന്നെയാണ്‌. തീരെ ചെറുതും വളർച്ച കുറഞ്ഞതുമായ മസ്തിഷ്കത്തിൽ ഓർമ്മ, വൈരാഗ്യം തുടങ്ങിയ ഉന്നത മസ്തിഷ്ക പ്രവർത്തനങ്ങളില്ല. എന്റെ കുട്ടിക്കാലത്ത്‌ ഞാൻ കേട്ടുവളർന്നത്‌. തന്നെ ശല്യം ചെയ്ത ഒരാളെ സർപ്പം വൈരാഗ്യപൂർവ്വം പിൻതുടരുകയും പറന്നു കൊത്താൻ ശ്രമിക്കുകയും ചെയ്തു. അയാൾ പ്രാണരക്ഷാർത്ഥം സ്വന്തം മുണ്ടുരിഞ്ഞ്‌ വീശിയിട്ട്‌ ഓടി രക്ഷപ്പെട്ടു. പാമ്പ്‌ മുണ്ടിൽ കൊത്തി സംതൃപ്തിയടഞ്ഞുവത്രേ.
    പത്തി അറുത്തുമാറ്റിയാൽ കൂടി മൂർഖൻ പറന്നുവന്നു കടിക്കും. ഇത്‌ മനുഷ്യമനസ്സിൽ രൂഢമൂലമായ മറ്റൊരു അബദ്ധധാരണയാണ്‌. പറക്കാൻ കഴിയാത്ത പാമ്പിന്റെ തലമാത്രമായെങ്ങനെയാണ്‌ പറക്കുന്നത്‌. ഭാവനയിൽ നെയ്തെടുത്ത ഭീകരകഥകളാണവ. എന്നാൽ തലമുറിച്ചുമാറ്റിയാലും വിഷമുറയാത്ത പക്ഷം കുറേനേരത്തേക്ക്‌ വിഷത്തിന്‌ ശക്തിയുണ്ടായിരിക്കും.
    ദേവനാഗത്തിന്‌ സ്വർണ്ണനിറമാണ്‌. ഇതിന്‌ അപൂർവ്വ സിദ്ധികളുണ്ടെന്നും ഇതിന്റെ വായിലാണ്‌ ആപൂർവ്വരത്നമായ മാണിക്യകല്ല്‌ ഇരിക്കുന്നതെന്നും വിശ്വസിക്കുന്നു.
    പാമ്പുകൾക്ക്‌ പലതരം മാസ്മരികശക്തിയുള്ളതായി ചിലർ വിശ്വസിക്കുന്നു. പാമ്പുകൾ മനുഷ്യസ്ത്രീയിൽ പ്രേമബദ്ധരാവുമത്രെ. പാമ്പിന്റെ ഫണവും ലിംഗോദ്ധാരണവും തമ്മിലുള്ള താരതമ്യമാവാം ഇക്കഥയ്ക്ക്‌ പിന്നിൽ. മൂർഖനെ ആൺപാമ്പായും മറ്റുള്ള പാമ്പുകളെ പെണ്ണായും കരുതുന്നവരുമുണ്ട്‌. ഇവിടെ മൂർഖന്റെ ഫണത്തെ ഉദ്ധരിച്ചുവരുന്ന പുരുഷലിംഗസമാനമായി കരുതുന്നതാവാം ഈ അജ്ഞതയുടെ രഹസ്യം.
    ചിലയിനം സർപ്പങ്ങളെ ഉപദ്രവിച്ചാൽ സർപ്പശാപമേൽക്കുമെന്നും തന്മൂലം കുടുംബനാശമുണ്ടാവുമെന്നും വിശ്വസിക്കുന്ന ആളുകളുമുണ്ട്‌. അത്തരം ധാരണകളുമായി ജീവിച്ചുപോരുന്ന തറവാടുകളുണ്ട്‌. നാഗക്കാവും നാഗപ്പാട്ടും നാഗത്തറയും പാമ്പിൻ നൃത്തവുമൊക്കെ ഇത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ടവയാണ്‌. ഈവക മൂഡവിശ്വാസങ്ങളുടെ നിഴൽപറ്റി രചിച്ച സാഹിത്യകൃതികളും നിർമ്മിച്ച സിനിമകളുമുണ്ട്‌.
    പാമ്പുകടിയെകുറിച്ചും പാമ്പുകടിക്കുന്ന ചികിത്സാരീതിയെകുറിച്ചുമുണ്ട്‌ അനവധി മണ്ടത്തരങ്ങൾ. എത്ര ഉഗ്രവിഷമുള്ള പാമ്പുകടിച്ചാലും അതിനെ തിരിച്ചുകടിച്ചാൽ മതിയത്രേ കടിച്ചവിഷം ഇറങ്ങും. എന്നാൽ മറ്റൊരു സംഗതിയുണ്ട്‌ പാമ്പിനെ കടിച്ചയാളുടെ വായിൽ പല്ലുകളൊന്നുമുണ്ടാവില്ല. ഒക്കെയും ഒരു കഥയാണ്‌. തെളിവിനായി മുഴുവൻ പല്ലും കൊഴിഞ്ഞ ഒരപ്പൂപ്പനുമുണ്ടായിരുന്നു.
    വിഷചികിത്സയ്ക്കുമുണ്ട്‌ അനവധി പ്രാകൃതവും ക്രൂരവുമായ അന്ധവിശ്വാസ ജഡിലവുമായ മാർഗ്ഗങ്ങൾ. പാമ്പുകടിച്ച കോൾവായിൽ വിഷക്കല്ല്‌ പിടിപ്പിച്ച്‌ വിഷമിറക്കുന്ന പരിപാടിയുണ്ട്‌. കോൾവായിൽ കോഴിയുടെ ഗുദം ചേർത്തുവച്ച്‌ വിഷമിറക്കുന്ന വിദ്യ ഏറെ വാർത്താപ്രാധാന്യം ലഭിച്ചതാണ്‌. ഇതൊക്കെ സഹിയ്ക്കാം. ഇതേക്കാൾ അവിശ്വസനീയമായ വേലകൾ വേറെയുമുണ്ട്‌. കടിച്ചപാമ്പിനെ വരുത്തി വിഷമിറക്കും. അതുകഴിഞ്ഞാൽ പിന്നെ പാമ്പു ജീവിച്ചിരിക്കില്ല. ഏതെങ്കിലും നാഗത്തറയിൽ പോയി തലതല്ലിച്ചാവും. നാഗത്തറയില്ലേൽ നല്ല കല്ലുകൾ ഏതെങ്കിലും മതിയാവും. മടങ്ങിവന്ന്‌ വിഷമിറക്കിയതിൽ അഭിമാനക്ഷതമേറ്റ്‌ മനംനൊന്താവും അത്തരത്തിൽ ചെയ്യുന്നത്‌. മനുഷ്യർക്കു കൂടിയില്ലാത്ത ദുരഭിമാനബോധം മസ്തിഷ്കം അധികം വികസിച്ചിട്ടില്ലാത്ത ഒരു പാവം ജീവിയെകുറിച്ചുള്ള കെട്ടുകഥകളാണിതൊക്കെയും.
    ഇത്തരം അന്ധവിശ്വാസങ്ങളും അബദ്ധ ധാരണകളും നമുക്ക്‌ മാത്രമായുള്ളതല്ല. ലോകമെമ്പാടുമുള്ള ജനത ജാതിമതഭേദമന്യേ പാമ്പിനെ ഭയക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും കഥകൾ മെനയുകയും ആരാധിക്കുകയും ചെയ്യുന്നു. ഇതിനോക്കെ ഒരു പ്രധാന കാരണം പാമ്പുകളോട്‌ നമുക്കുണ്ടായ ഭീതിയും അങ്ങനെ അവയ്ക്ക്‌ ലഭിച്ച അംഗീകാരവും ആദരവുമാണ്‌. പാമ്പിന്റെ ആകൃതിയും ജീവിതരീതികളും മറ്റൊരു ഘടകമാണ്‌. പാമ്പുകളോട്‌ നമുക്കുണ്ടായ ഭീതിയുടെ അടിസ്ഥാനം അവയുടെ വിഷശക്തിയാണ്‌. പാമ്പുകടിയേറ്റ്‌ എത്രയോ മരണങ്ങൾ. മരണബോധം അനവധി കഥകൾക്ക്‌ പ്രചോദനമായി. കാലനും പോത്തിന്റെ മേൽ കയറുമായി വരുന്ന രൂപവും പ്രേതാത്മക്കളും ഭൂതപ്രേത പിശാചുകളുമൊക്കെ മരണഭയത്തിന്റെ പ്രോഡക്ടുകളാണ്‌. ജീവിയ്ക്കാനുള്ള ഒരു ജീവിയുടെ ആഗ്രഹത്തിൽ നിന്നാണ്‌ മരണഭയം ഉടലെടുക്കുന്നത്‌. ജീവിതം വെറുക്കുന്നവരിൽ മരണഭയം ഇല്ലാതാവുകയും അവർ മരണത്തെ സ്നേഹിക്കുകയും മരണത്തിന്റെ വഴി സ്വീകരിക്കുകയും ചെയ്യുന്നു. നമുക്കുള്ള ഒരു കഴുത്തും അതിൽ കുരുക്കിയാൽ മരിക്കുമെന്ന ബോധവുമാണ്‌ കാലന്‌ കയറുനൽകിയത്‌. കാണാൻ അത്ര ചന്തമില്ലാത്ത ഒരു സാധാരണമൃഗമാണ്‌ പോത്തും അതിന്റെ ഇണയായ എരുമയും. കൊലനടത്താൻ കയറുമായി പോവുന്ന കാലന്‌ സഞ്ചരിക്കാൻ പോത്തിനെ നൽകിയത്‌ പോത്തിന്റെ പൗരുഷമോർത്താണ്‌.
    പാമ്പിനോടുള്ള ഭയം അതിന്റെ രൂപവുമായി കോർത്ത്‌ വായിയ്ക്കാൻ തുടങ്ങി. പാമ്പിന്റെ വിഷത്തിന്റെ ശക്തി നമ്മിലുണ്ടാക്കിയ അങ്കലാപ്പ്‌ കാർക്കോടകനും കാളിയനും ജന്മമേകി. കാളിയനെ മർദ്ദിച്ചു കൊന്ന ശ്രീകൃഷ്ണനിലൂടെയും വാസുകി ഛർദ്ദിച്ച വിഷം ഏറ്റുവാങ്ങി സ്വന്തം കണ്ഠത്തിൽ നിറുത്തി നീലകണ്ഠനായ ശിവനിലൂടെയും നാം സർപ്പഭയത്തിൽ നിന്നും മോചിതരാവാൻ ശ്രമിച്ചു. കൃതികൾക്ക്‌ ജീവൻ നൽകിയ കവിയും സാഹിത്യകാരനും പിന്നെ സഹൃദയരായ വായനക്കാരും പരമാനന്ദം പൂകിയപ്പോൾ സാധാരണക്കാർ സർപ്പക്കാവുകൾ ഉണ്ടാക്കി സർപ്പാരാധനയും നടത്തി മനഃസമാധാനം തേടി. അതിദുരൂഹമായ മനുഷ്യമനസ്സ്‌ ഇന്നും ഇത്തരം അനവധി അന്ധവിശ്വാസങ്ങളുടേയും അബദ്ധപഞ്ചാംഗങ്ങളുടെയും തണലിൽ ഉറങ്ങാനാഗ്രഹിക്കുകയാണ്‌.
    സർപ്പക്കാവുകൾ അന്ധവിശ്വാസത്തിന്റെ പ്രോഡക്ട്‌ ആണെങ്കിലും സർപ്പങ്ങളെ അകാരണമായി കൊന്നൊടുക്കുന്ന ജനത്തിൽ നിന്നും അവയെ രക്ഷിയ്ക്കാൻ ഒരുപാധിയായി കാണാം. കാടുകൾ ഇല്ലാതാക്കി പരിസ്ഥിതി നാശം വരുത്തുമ്പോൾ ഒരു കൊച്ചുകാടായ മിനി ആവാസവ്യവസ്ഥയായ സർപ്പക്കാവുകളെ സംരക്ഷിച്ച്‌ പ്രകൃതിയോട്‌ കടപ്പാട്‌ കാട്ടാം. പാമ്പിനോടുള്ള വെറുപ്പുപോലെ സ്നേഹവും ബഹുമാനവും നമുക്കുണ്ടായിരുന്നു. ശ്രീകൃഷ്ണനെക്കൊണ്ട്‌ കാളിയനെ കൊല്ലിച്ചവർ തന്നെയാണ്‌ ഒരേ ശക്തിയായ വിഷ്ണുവിന്‌ പാലാഴിയിൽ അനന്തശയനമൊരുക്കിയതും. നാഗപഞ്ചമി ദിവസം മറാത്തികൾ മൂർഖനെ നെയ്യും പഴങ്ങളും കൊണ്ട്‌ ആരാധിക്കുന്നതും. പാമ്പിൽ നമുക്ക്‌ വിശ്വാസം ജനിച്ചാൽ അത്‌ നമ്മെ ഉപദ്രവിക്കില്ലായെന്ന്‌ അമേരിക്കയിലെ ചില ക്രിസ്ത്യൻ വിഭാഗക്കാർ വിശ്വസിക്കുന്നു.
    ഈ വിശ്വാസങ്ങൾക്ക്‌ ഒരു കാലത്ത്‌ ഒരു പ്രദേശത്ത്‌ താമസിച്ചിരുന്ന ഒരു വലിയ വിഭാഗം ജനതയുടെ സാംസ്കാരികമായ തലമുണ്ടായിരുന്നു. അവരുടെ ചിന്തയ്ക്കും ജീവിതസാഹചര്യങ്ങൾക്കും ഭാവനയ്ക്കും പങ്കുണ്ടായിരുന്നു. ആ വിശ്വാസങ്ങളുടെ നാഡിപിടിച്ച്‌ അക്കാലത്തെ ജീവിതത്തിന്റെ സ്പന്ദനമറിയാമായിരുന്ന വെറും അന്ധവിശ്വാസങ്ങൾ മാത്രമായിരുന്നുവേന്നു തിരിച്ചറിഞ്ഞിട്ടും യഥാർത്ഥ്യ​‍െമെന്തെന്നറിയാൻ ഇന്ന്‌ ശാസ്ത്രം നമുക്കൊപ്പം ശയിച്ചിട്ടും അന്ധവിശ്വാസ പ്രചരണം ഒരുവാശിപോലെ എടുത്ത്‌ സാധാരണ ജനതയെ ചൂഷണം ചെയ്യുന്നത്‌ എന്തിന്റെ പേരിലാണ്‌.
    അതവിടെ നിൽക്കട്ടെ. നമുക്ക്‌ പാമ്പിനെ പരിചയപ്പെടാം. ഇങ്ങനെ തുടങ്ങാം. ഈ പറഞ്ഞതും കേട്ടതൊന്നുമല്ല പാമ്പ്‌. അത്‌ ഒരു റെപ്ടിലിയയാണ്‌. സ്ക്വമേറ്റ ഗോത്രത്തിലെ ഒഫീഡിയെ അഥവാ സർപ്പെന്റസ്‌ ഉപഗോത്രത്തിൽ ആണ്‌ സർപ്പങ്ങൾ ഉൾപ്പെടുന്നത്‌. പതിനഞ്ച്‌ കുടുംബങ്ങളിലായി 456 ജെയിനെറകൾ. ആകെ 2900 ഇനം പാമ്പുകൾ. അതിൽ 236 ജാതികൾ ഇന്ത്യയിൽ. ബാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. അന്റാർട്ടിക്കയൊഴിച്ച്‌ ലോകമെമ്പാടും പാമ്പുകളുണ്ട്‌. ഇവ പല വലിപ്പത്തിലുണ്ട്‌. വിഷപാമ്പുകളും വിഷമില്ലാത്തവയുമുണ്ട്‌. കരയിൽ കഴിയുന്നവയും മരത്തിൽ കഴിയുന്നവയും പിന്നെ ജലത്തിൽ കഴിയുന്നവയുമുണ്ട്‌. അങ്ങനെ വിവിധതരത്തിൽ വിവിധ വലിപ്പങ്ങളിൽ വ്യത്യസ്ഥ സ്വഭാവരീതികളോടെ നീണ്ടുരുണ്ട ഒരു ജീവി. അതാണ്‌ സർപ്പം. പാമ്പ്‌.
    ക്രട്ടേഷ്യസ്‌ കൽപത്തിലാണ്‌ ഇവയുടെ ജനനം. അക്വാട്ടിക്‌ ലിസാർഡുകളിൽ നിന്നും ഉണ്ടായതാവണം പാമ്പുകളെന്നു കരുതുന്നു. ആധുനിക കാലത്തെ പാമ്പുകൾ പാലിയോസീൻ തൽപത്തിലാണ്‌ ജനിച്ചതു. കൈകാലുകൾ ചുരുങ്ങി ഇല്ലാതായി നീണ്ടുരുണ്ട്‌ ഒരു ജീവിയുടെ സൗഭാഗ്യങ്ങളോടെ അവൻ പിറന്നു. അതൊരു പരിണാമമായിരുന്നു. തന്റെ ഉപയോഗ നിരുപയോഗ സിദ്ധാന്തത്തിലൂടെ ലാമാർക്ക്‌ അതിനെ ന്യായീകരിച്ചു. കൈകാലുകൾക്കുപയോഗമില്ലാതെ ലോപിച്ചില്ലാതായപ്പോൾ ആവശ്യമുള്ള ശരീരഭാഗങ്ങൾ പൂർവ്വാധികം ശക്തിയോടെ നിലനിന്നു. അങ്ങനെ അതൊരു പാമ്പായി. നാഗമായി. നാടുമുഴുവൻ ഇഴഞ്ഞ്‌ നീളവും വീതിയുമളന്നു. കൈകാലുകളില്ലാതെ മണ്ണിൽ യാത്രചെയ്യാമെന്ന്‌ തെളിയിച്ചു. അതിലേക്ക്‌ വേണ്ട അനുകൂലനങ്ങളോടെ മണ്ണിന്റെ രാജാവായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...