Showing posts with label santhamenon. Show all posts
Showing posts with label santhamenon. Show all posts

19 Aug 2012

ഓര്‍മ്മത്തെറ്റുകള്‍.


ശാന്താമേനോൻ

''എണീക്കൂ.... ഇന്ന് പിറന്നാളല്ലേ...പൂമരങ്ങള്‍ നിറഞ്ഞ ഇടവഴിയിലൂടെ, കൈകള്‍ കോര്‍ത്തുപ്പിടിച്ചു സ്വപ്നം കണ്ടു നടക്കാം എന്ന് പറഞ്ഞുറപ്പിച്ചല്ലേ ഇന്നലെ നമ്മള്‍ ഉറങ്ങിയത്?'' ആദ്രമായ മിഴികളില്‍ അല്‍പ്പം കുസൃതി ഒളിപ്പിച്ച്‌ യാത്രക്ക് തെയ്യാറായി അവള്‍. യൌവ്വനം വിടപറയാത്ത, സുന്ദരിയായ, അവളുടെ കൈവിരലുകള്‍ എത്ര മൃദുലവും ചന്തമേറിയതുമാണെന്നു കൌതുകം പുണ്ടു. അസുലഭമായ എന്തോ വലയം ചെയ്തപോലെ.
''അച്ഛാ..ഉണര്‍ന്നില്ലേ ഇനിയും? ഏട്ടനിപ്പോള്‍ വിളിച്ചിരുന്നു. അമ്മയുടെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനവും, അവാര്‍ഡ് ദാനവും നാളെയാണത്രെ.'' സ്വപ്നം ഫലിക്കുമെന്നത് നേരാണോ? അതും പുലര്‍ച്ചെയുള്ളവ? അറിയില്ല... എന്നാലും മോഹിച്ചു പോകുന്നു.......
പതുക്കെ വരാന്തയിലേക്ക്‌ നടന്നു.നല്ല മുല്ലപ്പൂമണം.അവള്‍ക്കേറ്റവും പ്രിയമായിരുന്ന മുല്ലപൂക്കള്‍....കയ്യെത്തും ദൂരത്ത് കസേര വലിച്ചിട്ടിരുന്നു സാകൂതം വീക്ഷിച്ചു.അവളുടെ മുഖം പോലെ ഭംഗിയാര്‍ന്ന പൂക്കളെ മെല്ലെ തലോടി.മിഴികള്‍ നിറഞ്ഞ് കാഴ്ച അവ്യക്തമാക്കി .
കണ്ണീരിനിപ്പോള്‍ ഉപ്പുരസം കുറഞ്ഞ പോലെ. അതിരാവിലത്തെ കുളിര്‍ക്കാറ്റിനും കിളിപ്പാട്ടിനും ഇത്ര സുഖവും, മാധുര്യവുമുണ്ടെന്നു  തിരിച്ചറിഞ്ഞതും ഈയ്യിടെ.
നീണ്ട നാല്‍പ്പതു വര്‍ഷങ്ങളിലെ വലിയ നഷ്ട്ടങ്ങള്‍.....ഒരിക്കലും ഇനിയവ തിരുത്താനാകില്ല.മനസ്സിന്‍റെ അടിത്തട്ടില്‍ വിമുഖതയോടെ ഒളിപ്പിച്ചു വച്ചിരുന്ന ചില ഭാവനകള്‍ ഇപ്പോള്‍ നൃത്തമാടുന്നു.
വിശാലം ഇപ്പോള്‍ എന്തു ചെയ്യുകയാവും? മൃദു ഭാഷിണിയായി എന്‍റെ ജീവിതത്തില്‍ സംഗീതം നിറച്ചവള്‍....
നീതികരണമില്ലാത്ത, പാഴ്കിനാവുകള്‍ മാത്രം നിറഞ്ഞ് നില്‍ക്കുന്ന ഈ മനസ്സ് നീ കാണാതെ പോയതെന്ത്?
ചെറുപ്പത്തില്‍, വാശിയേറിയ ഒരുതരം വ്യഗ്രതയായിരുന്നു, ജീവിതത്തിന്‍റെ ഏണിപ്പടികള്‍ ഓടികയറാന്‍. കഠിനപ്രയത്നവും, തീവ്രമായ പരിശ്രമങ്ങളും അവ സഫലമാക്കി. ഇടവേളയില്‍ പച്ചപ്പാടങ്ങളും പുഴയുമൊക്കെയുള്ള ഗ്രാമത്തിലെ, പ്രതാപികളുടെ തറവാട്ടില്‍ പെണ്ണ് കാണാന്‍ പോയി.ഒരുനോക്കു കണ്ടു എന്നുമാത്രം. അനുരാഗ വിവശതയൊന്നും അനുഭവപ്പെട്ടില്ല. രണ്ട്‌ മാസം കഴിഞ്ഞ്‌ വിവാഹ നാളിലാണ് പിന്നെ കണ്ടത്. ആ കണ്ണുകളിലെ ശാന്തത ശ്രദ്ധയില്‍പ്പെട്ടിരുന്നു.
നഗരത്തിലേക്കുള്ള കൂടുമാറ്റം, അവളില്‍ ഭാവ ചലനങ്ങള്‍ നിറച്ചതായി തോന്നിയില്ല. ഒരു പക്ഷെ തിരക്കുകളില്‍ ശ്രദ്ധിക്കാനാകാത്തതാകാം. അപ്രിയമേതുമില്ലാതെ നിലവിളക്കുപോലെ,വീടാകെ നിറഞ്ഞു നിന്നവള്‍, മിഴിക്കോണിലൊളിപ്പിച്ച തുലാവര്‍ഷം പെയ്തിറങ്ങിയത് കണ്ടില്ലെന്നു നടിച്ച എന്‍റെ ചെയ്തികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നുറപ്
പ്.
മിടുക്കരായ മക്കള്‍, അസുയാര്‍ഹമായ നിലയില്‍ അവരുടെ വളര്‍ച്ച. ഇടയില്‍ സഹനത്തിന്‍റെ ആഴിയിലെ തിരമാലകളെ വരുതിയിലാക്കി അവള്‍... വ്യസനിക്കാന്‍ കാരണങ്ങള്‍ ചികയാന്‍ അവസരങ്ങള്‍ ഇല്ലായിരുന്നു. ഒരിക്കല്‍ മാത്രം പ്രകൃതിയെ വല്ലാതെ പ്രണയിച്ചിരുന്ന അവള്‍ ഒരു യാത്രയെക്കുറിച്ച് സൂചിപ്പിച്ചു. മുനയോടിച്ച എന്‍റെ മറുപടി യാത്രയുടെ പാതയില്‍ മുള്ളായി മാറിയോ? പിന്നീടൊരിക്കലും ആവശ്യങ്ങളുടെ പട്ടിക സമര്‍പ്പിച്ചതായി ഓര്‍ക്കുന്നില്ല. തന്‍റെ ആദ്യ കവിത വെളിച്ചം കണ്ട ആഴ്ച്ചപ്പതിപ്പുമായി, പ്രഫുല്ലമായ മിഴികളുമായി അരികിലെത്തി....എന്‍റെ മനസ്സില്‍ സാഹിത്യത്തിനും, കവിതക്കും ഇടം തുലോം കുറവായിരുന്നു... എപ്പോളോ മക്കള്‍ പറഞ്ഞു... അമ്മയുടെ കവിതകള്‍ പുസ്തകമാക്കാം.
അവസാനത്തെ പ്രവൃത്തി ദിനത്തിന്‍റെ തലേന്ന് വിശാലം വന്നു അടുത്തിരുന്നു. പിന്നെ പറഞ്ഞു. ''നമുക്കിന്നു ഒരുപാട് സംസാരിക്കണം... യാത്രയിലെ, പാതയോരത്തെ പൂക്കള്‍ പോലെ ഓടിയോടി പിറകിലേക്ക് മറഞ്ഞ ദിവസങ്ങളെ ഓമനിക്കാം.നിറവാര്‍ന്ന ചില ദിനങ്ങളെ ഓര്‍മ്മകളുടെ സുഗന്ധം കൊണ്ട് പൊതിഞ്ഞു വക്കാം. ഇനിയെന്‍റെ വാക്കുകള്‍ കേള്‍ക്കു... മനസ്സ് നോവാതെ.....വെറുപ്പും വിദ്വേഷവും ഇല്ലാത്ത, സ്നേഹത്തിന്‍റെ  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ലോലമായ മനസ്സായിരിക്കുന്നു എന്‍റെത്. നാളെ ഓഫീസില്‍ നിന്നും തിരിച്ചെത്തിയാല്‍, നമ്മള്‍ പിരിയും. ഈ വിരഹം, ചിറകെട്ടി ഒതുക്കി നിര്‍ത്തിയ സ്നേഹപ്രവാഹമാണ്. ഈ അകല്‍ച്ച അനിവാര്യമാണ്... മനസ്സ് പറയുന്നതും അതാണ്‌.'' അത്ഭുതമാണ് തോന്നിയത്.
വര്‍ഷങ്ങള്‍ എനിക്ക് സമ്മാനിച്ചതെന്ത്? സ്നേഹത്തിന്‍റെ അളവുകോല്‍ എന്താണ്? സ്നേഹിച്ചിരുന്നു... തീര്‍ച്ച... ഒരു ചെറുസ്വാര്‍ത്ഥതയുടെ മേലാപ്പുചുടിയിരുന്നോ? ഒന്നിച്ചൊരു യാത്ര , സ്വന്തമായ സുന്ദരനിമിഷങ്ങള്‍....ഒന്നും ഓര്‍ത്തെടുക്കാനാകുന്നില്ല. ഈ നിരാസത്തിലൂടെ വിശാലം പറയാതെ പറഞ്ഞതും അതൊക്കെ തന്നെയല്ലേ?
വിട പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല....പടിക്കല്ലു
കള്‍ ഇറങ്ങും മുന്‍പ്, വലതുകൈപ്പടം അവളുടെ കൈകളിലോതുക്കി, സങ്കടത്തിന്‍റെ പൂക്കൂട സൌമ്യമായി നല്‍കി കൊണ്ട്, മൃദു ചലനങ്ങളോടെ നടന്നകലുമ്പോള്‍ വിശാലം തിരിഞ്ഞു നോക്കിയതെ ഇല്ല......





17 Jun 2012

ആമിയുടെ ഓര്‍മ്മയില്‍.


ശാന്താമേനോൻ

മാധവിക്കുട്ടിയുടെ രചനകളിലൂടെ
   പുന്നയൂര്‍ കുളത്തെ പ്രശസ്തമായ നാലെപ്പാട്ട് തറവാട്ടിലെ തൊടിയില്‍ നില്‍ക്കുന്ന നീര്‍മാതളത്തിന്‍റെ ഇലകള്‍ക്കിപ്പോള്‍ മഞ്ഞനിറമാണ്.ദുഖ ഭാരത്താല്‍ ഇലകള്‍ പച്ച നിറം കൈ വിട്ടിരിക്കുന്നു.ഇനി പൂക്കാന്‍ വയ്യെന്ന മട്ടില്‍ തലകുനിച്ചു നില്‍ക്കുന്ന ആ മരത്തിനറിയാം, ഇനിയൊരിക്കലും തന്നോടിഷ്ട്ടം കൂടാന്‍ ഓര്‍മയുടെ പൂത്താലവുമായി പ്രിയപ്പെട്ട ആമി ഓടിയെത്തുകയില്ലെന്ന്.
    കൈരളിയെ സര്‍ഗ്ഗ ചേതനയാല്‍ വാരിപ്പുണന്ന, നീര്‍മാതളത്തിന്‍റെ സുഗന്ധം വായനക്കാരിലെത്തിച്ച മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി കഥാവശേഷയായിരിക്കുന്നു.

    പ്രശസ്ത കവയിത്രി ബാലാമണി അമ്മയുടെയും, ശ്രീ വി എം നായരുടെയും മകളായി ആയിരത്തി തൊള്ളായിരത്തി മുപ്പത്തി രണ്ട് മാര്‍ച് മുപ്പത്തൊന്നിനു പുന്നയൂര്‍ കുളത്തെ നാലെപ്പാട്ട് തറവാട്ടില്‍ ജനിച്ചു.പതിനഞ്ചാം വയസ്സില്‍ മാധവദാസിനെ വിവാഹം കഴിച്ചു.മൂന്നു മക്കള്‍.
    ഔപചാരിക വിദ്യാഭാസം ലഭിച്ചിട്ടില്ലാത്ത അവര്‍, മാധവികുട്ടി എന്ന പേരില്‍ മലയാളത്തിലും, കമലാദാസ് എന്നപേരില്‍ ഇംഗ്ലീഷിലും എഴുതി ആഗോള പ്രശസ്തയായി.ഒട്ടേറെ വിദേശ ഭാഷകളിലേക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.   എന്‍റെ കഥ, മതിലുകള്‍, തരിശുനിലം, നരച്ചീരുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്നേഹിത അരുണ, ചന്ദനമരങ്ങള്‍, ഒറ്റയടിപ്പാത, ബാല്യകാല സ്മരണകള്‍, ചുവന്ന പാവാട, തണുപ്പ്, മാനസി, ഡയറിക്കുറിപ്പുകള്‍, പക്ഷിയുടെ മണം, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍, നഷ്ട്ടപെട്ട നീലാംബരി, രുഗ്മണിക്കൊരു പാവക്കുട്ടി, എന്നിവ മലയാളത്തിലും, Summer in culcatta, Alphabet of best, The Decentants, Old play house, Collected poems എന്നിവ ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്‍പതില്‍ ഇസ്ലാം മതം സ്വീകരിച്ചശേഷം യാ അല്ലാഹ് എന്ന കവിതാ സമാഹാരം പുറത്ത് വന്നു.വിദേശ സര്‍വ്വകലാശാലകളില്‍ അവരുടെ കൃതികള്‍ പഠിപ്പിക്കുന്നുണ്ട്.

    എഴുത്തച്ഛന്‍ പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയവ മലയാള കൃതികള്‍ക്കും, ആശാന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പോയെട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, എന്നിവ ഇംഗ്ലീഷ് കൃതികള്‍ക്കും ലഭിച്ചു.
ഇല്ലസ്ട്രെട്ടദ് വീക്ക്ലി ഓഫ് ഇന്ത്യയുടെ പോയെറ്റ് എഡിറ്റര്‍ ആയിരുന്നു. അവരുടെ കഥകളിലൂടെ പ്രശസ്തമായ നീര്‍മാതളം സ്ഥിതി ചെയ്യുന്ന പതിനാറുസെന്‍റ് ഭൂമി കേരളസാഹിത്യ അക്കാദമിക്ക് ഇഷ്ട്ടദാനം നല്‍കി മലയാളത്തെ നെഞ്ചിലേറ്റി.

     കല്‍പ്പിത ചിന്തകള്‍ ചിന്തേരിട്ടു മിനുക്കിയ, ആത്മകഥാംശമുള്ള എന്‍റെ കഥ എന്ന കൃതിയിലൂടെ, മലയാളിയെ അമ്പരപ്പിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി, ഫെമിനിസ്റ്റ് സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച്, സമൂഹമനസ്സിനെ സദാചാരത്തിന്‍റെ നാല്‍ക്കവലകളില്‍, നിശ്ചലമാക്കി നിര്‍ത്തി.സ്ത്രീ മനസ്സിന്‍റെ നിഗുഡ വിസ്മയങ്ങളിലെക്കിറങ്ങിച്ചെല്ലു
ന്ന, സ്ത്രീ ശരീരങ്ങളുടെ മോഹനമായ കൂടിച്ചേരലുകള്‍ പകര്‍ത്തിവച്ച ചന്ദനമരങ്ങള്‍, പക്ഷിയുടെ മണം എന്നി കഥകളിലൂടെ പ്രിയ കഥാകാരി വായനക്കാരെ ഒരു വ്യത്യസ്തപ്രതലത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തരാക്കി.കാട്ടുതീ പോലെ പടര്‍ന്നു കയറുന്ന കവിതകളിലൂടെയും, ബാല്യകാലസ്മരണകള്‍ തുടങ്ങിയ ഗൃഹാതുരത്വം നിറഞ്ഞ ഏടുകളിലൂടെയും അനശ്വരയായി.

       മലയാള സാഹിത്യ ശാഖക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി, തന്‍റെ സിംഹാസനം വലിച്ചിട്ടിരുന്ന, നിര്‍ഭയയായ ചക്രവര്‍ത്തി നിക്ക്, കുട്ടികളുടെ നൈര്‍മല്യമാര്‍ന്ന മനസ്സും, കളങ്കലേശമില്ലാത്ത പെരുമാറ്റവും കൈ മുതലായി.മനസ്സില്‍ തോന്നിയത് ഒതുക്കിവക്കാന്‍ ഒരിക്കലും മുതിര്‍ന്നില്ല.വ്യക്തമായ ധാരണയോടെയും, വ്യഥകളും വ്യഗ്രതകളും നിറഞ്ഞ ഉള്‍ക്കാഴ്ച്ചയോടെയും എഴുത്തിനെ കണ്ട അവര്‍ ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു.''എഴുത്തുകാരന്‍റെ പ്രതിബദ്ധത ഭാവിയോടാണ്.അയാള്‍ സംസാരിക്കുന്നത് നിങ്ങളോടല്ല, നിങ്ങളുടെ പിന്‍ തലമുറക്കാരോടാണ്.നിങ്ങള്‍ അയാള്‍ക്ക്‌ നേരെ കല്ലെറിയുമ്പോള്‍ അയാള്‍ എഴുത്തു നിര്‍ത്താതിരിക്കുന്നതും അതുകൊണ്ടാണ്. അവനവനായി നിലനില്‍ക്കാനും സ്വന്തം ഭാഗധേയത്തെ പിന്തുടരാനും അയാള്‍ക്ക്‌ വിലപ്പെട്ട പലതും ത്യജിക്കേണ്ടി വന്നേക്കാം.സ്വന്തം കുടുമ്പത്തിന്‍റെ സ്നേഹം പോലും. എന്നിട്ടും അയാള്‍ തനിയെ നടക്കുന്നു.ഒഴിഞ്ഞ ഓഡിട്ടോറിയത്തില്‍ നിന്നു സംസാരിക്കുന്നു.അവിടെ ശ്രോതാക്കള്‍ എത്തുന്നതും വൈകിയാകും.''

     സ്നേഹത്തിന് വേണ്ടിയുള്ള  അന്വേഷണം, അവസാന ശ്വാസംവരെ ഹൃദയത്തില്‍ സൂക്ഷിച്ച ഈ ഉപാസകയുടെ മതം എന്നും പ്രേമമായിരുന്നു.പ്രണയത്തെക്കുറിച്ച് ധീരവും നുതനവുമായി എന്നും സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ആമിയുടെ ആദ്യത്തെയും അവസാനത്തെയും കാമുകന്‍ ശ്രീ കൃഷണനായിരുന്നു. താന്‍ കാര്‍മുകില്‍വര്‍ണ്ണന്‍റെ സ്വന്തം രാധയാണെന്ന് എന്നും അവകാശപ്പെട്ടു. ആത്യന്തികമായി ഒരു സ്ത്രീ ആരായിരിക്കണം എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു, സ്ത്രീ കാമുകിയായിരിക്കണം, കാമുകി മാത്രം.

     പ്രണയത്തിനു സ്ഥലകാലപ്രായവ്യതാസങ്ങളില്ലെന്നും സമര്‍ത്ഥിച്ചു . ഊഹിക്കാനാവാത്ത സര്‍ഗ്ഗസമസ്യയായി, നിര്ഭയയായി, കൈരളിയുടെ പൂമുഖത്ത് ഒറ്റക്കു നിന്ന കഥാകാരിയുടെ ചിന്തയുടെ ശുദ്ധി ഒരു കുളിനീരരുവിയായി പരിണമിച്ചു. തിളക്കുന്ന സ്നേഹത്തിന്‍റെ ലാവ നിറഞ്ഞ വാക്കുകളും ഒപ്പം മസൃണമായ ചേതനകളും സമ്മാനിച്ച്, എങ്ങിനെ അസാധാരണവും പ്രഫുല്ലവുമായ ജീവിതംനയിക്കാം എന്നുകാണിച്ച് വായനക്കാര്‍ക്ക് ഒരു മോഹക്കൊട്ടാരത്തിന്‍റെ  വാതായനം തുറന്നു നല്‍കി.അന്തമില്ലാത്ത മനോസഞ്ചാരങ്ങളുടെയും പകല്‍കിനാവുകളുടെയും ഇഷ്ട്ടതോഴിയായിരുന്ന പ്രിയപ്പെട്ട കമലയുടെ മനസ്സ് അപഗ്രഥ നങ്ങല്‍ക്കതീതമായിരുന്നു.
     നാട്ടിന്‍പുറത്തിന്‍റെ നന്മകളും തെളിച്ചവും, മഹാനഗരത്തിന്‍റെ ഗര്‍ജ്ജനവും കഥകളില്‍ നിറഞ്ഞാടി. സ്ത്രീത്വത്തിന്‍റെ തീരാവിസ്മയങ്ങള്‍ സമ്മാനിച്ച രചനകളിലുടെ മലയാളത്തിന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ട്ടയായിരിക്കുന്നു കമല.തന്‍റെ ആദ്യകാല കഥകളെല്ലാം  വികാരപരം എന്നവകാശപ്പെടുംബോഴും, വെറുതെ കരഞ്ഞാല്‍ പോരെന്നും എഴുത്തിലുടെ അന്തസ്സ് സ്ഥാപിക്കണമെന്നുമുള്ള പ്രമാണം അരക്കിട്ടുരപ്പിക്കുന്നു.വിവാദങ്ങളെ വരുതിയിലാക്കാന്‍ ഏറെ തത്രപ്പെട്ട കമലാ സുരയ്യ ഓര്‍മ്മക്കുറിപ്പുകളില്‍ ഇങ്ങനെ എഴുതി.''സ്നേഹത്തെ ക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നു ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു.'' പ്രഭാതത്തില്‍ വിടരുന്ന, മൃദുസുഗന്ധം പരത്തുന്ന മോഹനപുഷ്പ്പമായി, ഓരോ മലയാളിയുടെ ഹൃദയത്തിലേക്കും നിശ്ശബ്ദ പാദചലങ്ങളോടെ വേറിട്ട  ചിന്തയുടെ ഉള്‍ക്കാഴ്ചയുമായി ആമി നടന്നു കയറി. ''ജീവിതം മുഴുവന്‍ എനിക്ക് ഉത്സവമായിരുന്നു.
വേദനകളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ഞാന്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയത്.'' എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്, വാക്കുകളില്‍ എന്നും വസന്തവും പ്രണയവും നിറച്ചുവച്ചു, സ്വര്‍ഗ്ഗത്തിന്‍റെ നിര്‍വ്വികാരതയില്‍ അലിഞ്ഞ ആ വാനമ്പാടി, പ്രണയാതുരയായ ഒരു വെള്ളിനക്ഷത്രമായി വിശാലമായ നീലാകാശത്തെ ഒരു കോണില്‍ നിന്നും മന്ദസ്മിതം പൊഴിക്കുകയാണ്.മാനുഷീക ബന്ധങ്ങളുടെ ധീരയായ വക്താവായി, ഇനിയും നമ്മോടൊപ്പം അദൃശ്യ സാന്നിദ്ധ്യമായി കമല വര്‍ത്തിക്കും.തന്‍റെ ജീവിതമാണ് എഴുതുന്നതെന്ന് ഉദ്ഘോഷിച്ച, അതിരുകളില്ലാത്ത പ്രണയോപാസക, പൈതൃകത്തിന്‍റെ ഉമ്മറത്ത് നീര്‍മാതളപ്പുക്കളാല്‍ വിരിച്ചിട്ട പരവതാനിയില്‍ നമുക്കും ഇരിക്കാം ഒട്ടു നേരം, മനസ്സ് പ്രേമാതുരമാക്കാം

സ്‌ത്രീ

ശാന്താമേനോൻ

മനശ്ശക്തിതന്‍ കനല്‍ ചിന്താല്‍
ജന്മം സ്പുടം ചെയ്ത്
സ്‌ത്രീയെന്ന പുണ്യാഭിമാന-
ധ്വജമേറി അമ്മയായ്,
ആര്‍ദ്ര മനസ്സിന്നുടയോളുമായ്
പാര്‍വണം നെഞ്ചില്‍ നിറച്ച്‌,
മിഴികള്‍ നിറക്കാതെ നിന്നവള്‍
നിശ്ചയ പൊരുളിന്‍റെ നിറുകയില്‍.
പെണ്‍ കരുത്തിന്‍ സ്ഫുലിംഗങ്ങള്‍
ആളുന്ന, തീക്ഷ്ണമാം നയനങ്ങളോടെ
മുള്‍പാതയില്‍ പാദങ്ങളിടറാതെ,
ഭൂമിപോല്‍ സര്‍വം സഹയായി
പ്രയാണം തുടരുവോളല്ലോ
സ്‌ത്രീയെന്ന ശക്തിയും സത്യവും.

20 May 2012

നിളയും ഞാനും.


ശാന്താമേനോൻ

ഒരു പുഴ വിടര്‍ന്നു പടര്‍ന്നു ചാഞ്ചാടി
വിതാനത്തിലലിയാന്‍ കൊതിച്ചു
മന്ദഹാസമണിഞ്ഞു  നിര്‍മലയായ്
ഓളങ്ങള്‍ ഇളക്കി മന്ദാകിനിയായി
ഗമിച്ചു വിദൂര മോഹപുര്ത്തിക്കായ്.

നെഞ്ചു പിളര്‍ന്ന മഹാ നോവിനെ
തലോടി ഉണക്കാന്‍ കൈകള്‍ വിടര്‍ത്തി
അരുതെന്നു കെഞ്ചി വൃദാ യത്നിച്ചു
നിശ്ശബ്ദം കരഞ്ഞു നിസ്സഹായയായി
മൃത്യു കാത്തുകിടന്നു.

കാലം വെള്ളി കെട്ടിയ കൂന്തലില്‍
പ്രാണനെ കെട്ടിയിട്ടു
വിഷാദ കരിമഷിനീര്‍ പടര്‍ന്നൊഴുകി
പൂരക ചിത്രങ്ങള്‍ പോലെ നാം.

പങ്കു വെക്കുവാന്‍ കൊതിക്കുന്നു ഞാന്‍
നാം വേര്‍പിരിഞ്ഞ ഇന്നലെകളുടെ
നാള്‍വഴികള്‍ തന്‍ ഹര്‍ഷ നിമിഷങ്ങളെ
ദൃഡ സൌഹൃദം ഇഴതെറ്റാതെ കാത്തു വെച്ചു
പിന്നൊരുനാള്‍ ഓര്‍ത്തിരുന്നൊരു
മഴത്തുള്ളി മാല കോര്‍ക്കാനായ്‌.

ഒരു സ്വകാര്യം കാതിന്നോര്‍മ്മച്ചെപ്പിന്‍
ചെറു സുഷിരത്തില്‍ ഒളിപ്പിച്ച്
ഒരു മര്‍മര സംഗിതം
മാറ്റൊലിയായ് അലിയിച്ച്‌
മന്ദഹസിച്ചു നാം ......

ഇന്ന് വിഷാദം പേറി
സാക്ഷയിട്ട വാതായനത്തിന്‍ മുന്നില്‍
നിര്‍ന്നിമേഷരായ് നില്‍പ്പു നാം
മോഹവെളിച്ചം കൊതിച്ചു
നിലാപക്ഷികള്‍ പോല്‍.

വൃദ്ധരായ്, തണല്‍ പതുക്കെ വിരിയുന്ന നിമിഷത്തിനായ്
കത്തുന്ന സൂര്യ താപത്തിന്‍ മഹാമെയ്താനത്ത്
സായുജ്യ മോഹങ്ങള്‍
നറു മൊട്ടായ് വിരിയാന്‍ കാത്തു കാത്ത്
മനസ്സിന്‍ വേപഥു മാത്രം കൂട്ടിനായ്.

20 Apr 2012

വാര്‍ദ്ധക്യം

ശാന്ത മേനോന്‍


     ഇടവരമ്പുകള്‍ താണ്ടി
മോഹ കാഴ്ചകള്‍
അവ്യക്തമാക്കി,
നിശ്ശബ്ദം വന്ന് ചേക്കേറിയത്
കണ്‍കളില്‍.  
പിന്നെ മുടിയിലാകെ
വെള്ളിയുടെ നിറം ചാര്‍ത്തി,
വേദന പടര്‍ത്താനുള്ള വ്യഗ്രത.
തൊലിപ്പുറത്തെ നിഴലാട്ടം.
ഏകാന്തതയുടെ അശ്രുകണങ്ങള്‍ കണ്ട്
 ആ ഗൂഡസ്മിതം.
ചേതനയെ പിടിച്ചുലക്കാന്‍
ഒട്ടൊരു പാഴ്ശ്രമം.
തിരിച്ചറിയലിന്‍റെ
തപ്ത നിമിഷത്തില്‍
പിന്തിരിയാന്‍ മനസ്സില്ലാത്ത
നിന്‍റെ ധാര്‍ഷ്ട്യം.
പക്ഷെ, കുഞ്ഞു കൈകള്‍
കണ്ണു പൊത്തുമ്പോള്‍
എന്‍റെ മനസ്സ് നിറയുന്നത്
നിനക്കെങ്ങിനെ സ്വന്തമാക്കാനാകും.




18 Mar 2012

എന്‍റെ പുഴ.

ശാന്താമേനോൻ

നിറഞ്ഞൊഴുകുന്ന
വെണ്മ പുതച്ച്
നീല പൊന്‍മാനെ പോലെ 
അകലം സൂക്ഷിച്ച്‌
ഒന്നും പറയാതെ,
ഒരിക്കലും പൂ 
ചൂടില്ലെന്നു നിനച്ച
ഈ മരച്ചുവട്ടില്‍
മര്‍മരങ്ങളുമായി
ഇന്നലെ വന്നണഞ്ഞ്
കഥ കൂട്ടിന്‍റെ ചെപ്പ്
ഭദ്രമായടച്ചുവച്ച്
ഒഴുകിപ്പോകും വഴി
വെറുതെ ചിരിക്കുന്നുണ്ടായിരുന്നു
എന്‍റെ പുഴ.

19 Feb 2012

എന്‍റെതു മാത്രം.


ശാന്താമേനോൻ

വാതായനങ്ങള്‍ അടഞ്ഞു തന്നെ കിടന്നു.
ചിരാതുകള്‍ കെടുത്തി സാലഭഞ്ചികകള്‍ മൌനത്തിലും.
ഉപാധികള്‍ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ മിനുക്കി.
വര്‍ണ്ണങ്ങള്‍ നിറമില്ലായ്മയില്‍ ലയിച്ചു ചേര്‍ന്നു.
മേഘങ്ങള്‍ യാത്രയിലും.
പ്രഭാതം ഊര്‍ന്നു വീണത്‌
ഇഴപിരിച്ച സ്വപ്നങ്ങളും തേങ്ങലുകളുമായി.
പുനെര്‍ജെനിയുടെ കവാടത്തില്‍
പ്രയാണം മറന്ന പാദുകങ്ങള്‍.
പെരും തുടി കൊട്ടി തിന്മയെ ധ്വംശിച്ച്
ഒരു ചടുല നൃത്തം....പിന്നെ മഹാശാന്തം.
ഈ പലായനം നേരിന്‍റെ നന്‍മ ചികയാന്‍.
അകലത്തെ അമ്പിളി
അതെന്റേത് മാത്രം.....നിലാവും. .

18 Feb 2012

ഉദ്യാനനഗരവും ഞാനും.

ശാന്താമേനോൻ


ഓര്‍മ്മകള്‍ നൃത്തം ചെയ്യുന്ന,പ്രവാസ ജീവിതം ഒരുപാട് വര്‍ണ ചിത്രങ്ങള്‍ വരച്ചിട്ട മനസ്സുമായി എന്‍റെ പ്രിയപ്പെട്ട ഉദ്യാനനഗരത്തെ കുറിച്ചെഴുതട്ടെ ഞാന്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു വെളുപ്പാന്‍ കാലത്ത് തീവണ്ടി ഇറങ്ങുമ്പോള്‍, ഈ നാട് ഒരു മഹാനഗരത്തിന്‍റെ കടുത്ത നിറം എടുത്തണിയാതെ, മഞ്ഞു പുതച്ച് മയങ്ങി കിടന്നു .നിറയെ പൂത്തുലഞ്ഞു, നിഴല്‍ വിരിച്ചു മരങ്ങള്‍ക്കിടയിലെ, ആളൊഴിഞ്ഞ പാതയിലുടെ താമസ സ്ഥലത്തേക്കുള്ള പ്രയാണം എത്ര സംമോഹനമായിരുന്നു....മിതശീതോഷ്നാവസ്ഥ നിലനിന്നിരുന്ന,ബഹളമില്ലാത്ത,സ്വച്ഛമായ പരിസരവും,സൌഹൃദ മനോഭാവത്തോടെ ഇടപഴകുന്ന വിശാല മനസ്കരായ തദ്ദേശിയരും ഈ നഗരത്തെ വേറിട്ടതാക്കി. യാഥാസ്ഥികവും തത്വധിഷ്ടിതവുമായ ജീവിത രീതികള്‍ അവലംബിച്ച് വരുന്ന ഇവിടത്തുകാരുടെ മനസ്സ് പ്രവാസികള്‍ക്ക് അഭയമേകി.ആഥിത്യമര്യാദയും, സഹിഷ്ണുതയും കന്നഡികരെ വേറിട്ടു നിര്‍ത്തുന്നു.

ബംഗലുരുവിലെ നിരവധി സ്ഥാപനങ്ങള്‍ പ്രവാസികള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഉപാധിയായി. തദ്ദേശിയയരെക്കാള്‍ സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കി,വളര്‍ച്ചയുടെ പടവുകള്‍ കയരാനയതും ഈ നഗരത്തിന്‍റെ സൌമനസ്യം. ഒരു ചായ രണ്ടായി പകുത്തു വിളമ്പുന്ന (ബൈ ടു) വേറിട്ട കാഴ്ചയും ഈ നാടിന്‍റെ സ്വന്തം.അനന്യ മനോഹരങ്ങളായ ഉദ്യാനങ്ങളും, പ്രശസ്തമായ കമ്പനികളും ഈ നഗരത്തെ ആഗോള പ്രശസ്തമാക്കി.എണ്ണമില്ലാതെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളും,വിവിധങ്ങളായ മനോഹര പുഷ്പങ്ങളും, ലതകളും എഴഴകിന്‍റെ  ചാരുത നിറയ്ക്കും.പേരെടുത്ത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പഠനം മികവുറ്റതാക്കി. നഗരം വളര്‍ച്ചയുടെ പാതയില്‍ മുന്നേറി കൊണ്ടിരിക്കുന്നു. പടര്‍ന്നു കിടന്നിരുന്ന നഗരത്തിലിപ്പോള്‍ അംബരചുംബികളായ കെട്ടിടങ്ങള്‍.എങ്ങും. ജോലിസാദ്ധ്യതകള്‍ വര്‍ദ്ധിച്ചതും, നുതന ഫാഷന്‍ വസ്ത്രങ്ങള്‍ നിറഞ്ഞ മാളുകളും, ഹാങ്ങൌട്ടുകളും യുവാക്കളുടെ ലോകം മാസ്മരികവും വര്‍ണ ശബളവുമാക്കുന്നു.


മലയാളി സംഘടനകള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സാഹിത്യ, സാമുഹ്യ ചര്‍ച്ചകളും,കാരുണ്യ പ്രവര്‍ത്തനങ്ങളും സജീവമാണ്.എഴുത്തും വായനയും അന്യമാകാതെ നിര്‍വഹിക്കപ്പെടാന്‍,യശസ്സികളായ മുതിര്‍ന്ന തലമുറയുടെ ഉചിതമായ ഇടപെടലുകള്‍ ശ്രദ്ദേയമാണ്‌.അനന്യ നാട്ടില്‍ മലയാളികളുടെ ഒത്തൊരുമയും ശ്ലാഘനീയം.
ഇന്നൊരു താരതമ്യ പഠനത്തിനോരുങ്ങുമ്പോള്‍ സമ്മിശ്ര വികാരങ്ങള്‍ നിറയുകയാണ് ചിന്തയില്‍.ശാന്ത സുന്ദരമായിരുന്ന പാതകള്‍ വാഹന ബാഹുല്യത്തല്‍ വീര്‍പ്പുമുട്ടുകയാണ്.കര്‍ശനമായ ഗതാഗത നിയമങ്ങള്‍ ഏറെ കുറെ പാലിക്കപ്പെടുന്നുടെങ്ങിലും അപകടങ്ങള്‍ കുറവല്ല. നിറഞ്ഞ് ഓളം തള്ളിയിരുന്ന തടാകങ്ങള്‍ നാമാവശേഷമായത്, ജല ദൌര്‍ലഭ്യത്തിനു നിദാനമായി.വിലവര്‍ദ്ദന സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കുന്നു.വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാ, തീവ്രവാദ ഭീഷണികള്‍ ഈ സുന്ദര നഗരത്തെ വിരപ്പിക്കുകയാണ്.


നിര്‍വചാനാതീതമായി മാറിപ്പോയ കാലാവസ്ഥ, പഴയ കുളിരാര്‍ന്ന ദിനരാത്രങ്ങളുടെ ഓര്‍മയില്‍ മനസ്സില്‍ നൊബ്ബരം നിറക്കുന്നു. ഉയര്‍ന്ന വേതനം ഉറപ്പാക്കുന്ന ജോലി പുതു തലമുറയുടെ ജീവിതാവബോധത്തെ ഉഴുതു മറിച്ചതായി തോന്നാം.
എങ്കിലും, എല്ലാ നന്‍മതിന്മകളോടും പുന്തോട്ട നഗരം എന്നെ പുല്‍കി അണക്കുന്നു.ലാഘവമുള്ള മനസ്സും ചിന്തകളുമായി, ജീവിതം പൂര്‍ണ്ണതയോടെയും, ആഹ്ലാദഭരിതവുമായും മുന്നോട്ടുനയിക്കാനുമുള്ള വശ്യത പ്രദാനം ചെയ്യുകയും ചെയ്യുന്നു.ഭാഷാ, മതസൌഹര്‍ദ്ദങ്ങള്‍ മനസ്സില്‍ ചൂടി, മാതൃകയായി നില്‍ക്കുന്ന ഈ മഹാനഗരത്തില്‍ കഴിച്ചു കൂട്ടിയ നിറവാര്‍ന്ന ദിനങ്ങളുടെ ഓര്‍മ എന്നെ അഭിമാന പുളകിതയാക്കുന്നു.

ഗൃഹാതുരത്വം മനസ്സിലൊളിപ്പിച്ചു, മറ്റൊരു സ്വന്തം നാടായി, ഈ ഉദ്യാനനഗരത്തെ നെഞ്ചില്‍ ചേര്‍ത്ത് വക്കട്ടെ ഞാന്‍ ..നന്മയുടെയും സഹിഷ്ണുതയുടെയും മേലാപ്പ് ചൂടി നില്‍ക്കുന്ന നഗരത്തെ സ്നേഹിക്കാതെ വയ്യെനിക്ക്‌.

14 Dec 2011

വെറുതെ


ശാന്താമേനോൻ



പരിമിതികളുടെ സമചതുരത്തിന്
പ്രീണനത്തിന്‍റെ ചിന്തേരിട്ടു മിനുക്കി
നിനക്ക് സമ്മാനിക്കാനാണ്
എനിക്കിപ്പോള്‍ ഏറെ ഇഷ്ട്ടം.
ചിത്രങ്ങളൊക്കെ മനസ്സില്‍ കോറിയിടാം.
ചിന്തകളെ അലയാനായച്ച്
ഓര്‍മകളുടെ മധുരം നുകര്‍ന്ന്,
വൈതരണികള്‍ താണ്ടാം.
പറയാം.....
പുഴയുടെ പ്രണയ ചുഴികളെക്കുറിച്ച്.
നീലമലയുടെ കാണാപ്പുറങ്ങളെപ്പറ്റി.
ആകാശത്തിനു മുറിവുണ്ടെന്നും.
ഇനി മറക്കണം, മാച്ചെഴുതണം,
സുഷിരം നിറഞ്ഞ പച്ചില
കാറ്റത്തിളകിയാടും പോലത്തെ
മനസ്സ് വേണം.
പ്രലോഭനങ്ങളുടെ ചാരുതയില്‍
മന്ദഹസിക്കുന്ന നിഴലുകളും.

15 Nov 2011

വിഷാദം

ശാന്താമേനോൻ


എന്‍റെ ഓരോ നിശ്വാസങ്ങളും
ചാറ്റല്‍ മഴയായി
നിന്‍റെ മനസ്സില്‍ നിപതിച്ചത്
അറിഞ്ഞില്ലെന്നു നടിക്കാന്‍
യാദൃശ്ചികതയുടെ മുനമ്പില്‍
ഉപാധിയുടെ സമതലം
പടര്‍ത്തിയത്‌ ഞാനല്ല.
ഏച്ചു കെട്ടിയ അതിരിലാകെ
പൂ വള്ളികള്‍ ചുറ്റി വരിഞ്ഞതും
പാതി മുറിഞ്ഞ ദിവാസ്വപ്നം
നിന്‍റെ അതിഥിയായെത്തിയതും
ഞാനറിഞ്ഞതെയില്ല.
മാസ്മരീകമായ,
മര്‍മരങ്ങള്‍ ഉതിര്‍ക്കുന്ന,
അരൂപിയായി വന്നണഞ നിന്നെ,
ചെഞ്ചോരയുടെ വര്‍ണത്തില്‍
മായാചിത്രമാക്കാന്‍
നിഗുഡമായ ഈ സ്മാരകശില ധാരാളം.

14 Aug 2011

മഴ പറഞ്ഞത്.

ശാന്താമേനോൻ

ജനലടയ്ക്കരുത്, മഴ പറഞ്ഞു.
ഒരു തുള്ളിയായി പറന്നിറങ്ങി
മനസ്സ് നനക്കാം.
പേമാരിയായി പെയ്തൊഴുകാന്‍
വാതിലും തുറന്നു വക്കുക.
ആകാശത്തിനരികിലോളം നിറയുമ്പോള്‍
കുമിളകള്‍ പുളയുമ്പോള്‍ പറയരുത്
ഇതൊരു നിരര്‍ത്ഥകമായ സങ്കല്‍പ്പമാണെന്ന്.
കാരണം കാത്തിരിപ്പിന്‍റെ നിഴലുകള്‍
പൊടുന്നനെ അനുപാതം തുല്യമാക്കി
അപ്രത്യക്ഷമായിരിക്കുന്നു.
നനഞ്ഞു കുതിര്‍ന്ന് ആരോ നടന്നടുക്കുന്നത്
വെറും കിനാവ്‌.
പുറത്ത് കത്തുന്ന വെയിലല്ലേ?
- Show quoted text -

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...