Showing posts with label r njanadevan. Show all posts
Showing posts with label r njanadevan. Show all posts

19 Jul 2015

വിപണി സാദ്ധ്യതകൾ അറിഞ്ഞ്‌ ഉത്പാദനം- പുതിയ വിപണന തന്ത്രം



ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

ഏതൊരു വിളയുടേയും വിപണന പ്രക്രിയ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്‌ ഉത്പന്നം അഥവാ പ്രോഡക്ട്‌. കർഷകർ  കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിള ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിച്ചു കൊടുക്കുന്ന പ്രക്രിയയാണല്ലോ വിപണനം. ഇന്നത്തെ മാറിയ ചുറ്റുപാടിൽ ഉൽപന്നങ്ങൾ എത്രത്തോളം ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച്‌ ഉത്പാദിപ്പിക്കുന്നുവോ അതനുസരിച്ചിരിക്കും വിപണന വിജയം. വിപണിയുടെ സാധ്യതകൾ മനസ്സിലാക്കി ഉത്പാദനം ക്രമീകരിക്കുക എന്ന ദൗത്യം ഉത്പാദകർ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്‌ എന്ന്‌ അർത്ഥം. നാളികേര വിപണിയിലും ഇത്‌ ഒട്ടും വ്യത്യസ്തമല്ല. വരും കാലങ്ങളിൽ നാളികേരത്തിന്‌ മികച്ച വില ലഭിക്കുന്നതിന്‌ വിപണിയിൽ ഉപഭോക്താക്കൾക്ക്‌ ആവശ്യമായ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന്‌ കൂടുതൽ യോജിച്ച അസംസ്കൃത വസ്തുവായിരിക്കണം ഉത്പന്നം. ഉദാഹരണമായി തമിഴ്‌നാട്ടിലെ കർഷകർ ദീർഘ വീഷണത്തോടെ പൊള്ളാച്ചി, ഉടുമൽപേട്ട്‌ തുടങ്ങിയ സ്ഥലങ്ങളിൽ  നട്ടു വളർത്തിയ  കുറിയ ഇനം തെങ്ങിൻതോട്ടങ്ങളിലെ തേങ്ങാ, വിത്തു തേങ്ങയായി ചൂടപ്പം പോലെ വിറ്റഴിക്കുന്നത്‌ വഴി കൂടുതൽ വരുമാനം ലഭിക്കുന്നു. 30-40 രൂപ വരെയാണ്‌  ഒരു വിത്തു തേങ്ങയ്ക്ക്‌ വില.
 കേര കൃഷി മേഖലയിൽ ഭാവിയിൽ വരാവുന്ന മാറ്റം മുന്നിൽ കണ്ട്‌ വിപണിയിലെ സാദ്ധ്യകൾ മനസ്സിലാക്കി ഉത്പാദനം ക്രമീകരിച്ചതു കൊണ്ടാണ്‌ അവർക്ക്‌ ഇത്‌ സാധ്യമായത്‌. നേരെ മറിച്ചു ഈ കർഷകർ കുറിയ ഇനത്തിനു പകരം നെടിയ ഇനം തെങ്ങുകൾ നട്ടു പിടിപ്പിച്ചിരുന്നെങ്കിൽ വിത്തു തേങ്ങ വിപണിയിൽ മത്സരിച്ച്‌ ലാഭം നേടാൻ അവർക്ക്‌ കഴിയുമായിരുന്നില്ല. കുറിയ ഇനം വിത്തു തേങ്ങ ഉത്പാദന സെന്ററായി ഇന്ന്‌ ഈ പ്രദേശങ്ങൾ മാറുകയില്ലായിരുന്നു.
സമൂഹത്തിൽ എല്ലാ മേഖലകളിലും മാറ്റങ്ങളാണ്‌. മാറ്റങ്ങളുമായി മത്സരിച്ച്‌ അതുമായി പൊരുത്തപ്പെട്ടുപോകാൻ നാം ഓരോരുത്തരും തത്രപ്പെടുകയാണല്ലേ? നാളികേര വ്യവസായ വിപണന മേഖലയിൽ വന്ന മാറ്റം നമുക്ക്‌ കണ്ടില്ലെന്നു നടിക്കാനാവില്ല. പഴയ കാലത്തെപ്പോലെ കൊപ്രാ, വെളിച്ചെണ്ണ, പിണ്ണാക്ക്‌ തുടങ്ങിയ ഉൽപ്പന്നങ്ങളെ ആശ്രയിച്ചുള്ള വിപണി അപ്രത്യക്ഷമായി. അതിനാൽ പുതിയ പുതിയ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ അടിസ്ഥാനമാക്കി, അവയുടെ വ്യവസായവുമായി ബന്ധപ്പെടുത്തി നമ്മുടെ കേര കൃഷിയിലും, ഉത്പാദനത്തിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ നാളത്തെ വിപണിയിൽ നാളികേരത്തിന്‌ മുന്തിയ വില ലഭിക്കുകയുള്ളൂ. കൃഷി ലാഭകരമാവുകയുള്ളൂ.
കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പകരം ഇന്ന്‌ ഇന്ത്യയിലും വിദേശത്തും വിപണി കീഴടക്കിവരുന്ന പ്രധാന ഉത്പന്നങ്ങളാണ്‌ തേങ്ങാപ്പാൽപൊടിയും, തേങ്ങാപ്പാലും, തൂൾ തേങ്ങയും, വെർജിൻ വെളിച്ചെണ്ണയും മറ്റും. ഇവയെല്ലാം തേങ്ങയുടെ കാമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ്‌. ഇവ ഇന്ന്‌ മിക്കവാറും ഹോട്ടലുകളിലും, ഫാസ്റ്റ്‌ ഫുഡ്‌ കടകളിലും, വീടുകളിലുമെല്ലാം വളരെയേറെ പ്രിയപ്പെട്ട ഉത്പന്നമായി മാറിയിരിക്കുകയാണ്‌. കാമ്പിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന തേങ്ങാപ്പാൽ പൊടി നമുക്ക്‌ പ്രിയപ്പെട്ട ഇറച്ചിക്കറികളും, വെജിറ്റബിൾ കുറുമയും, മുട്ടക്കറിയും പായസവുമെല്ലാം തയാറാക്കാൻ ഏറെ പ്രയോജനകരമായ ഉത്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച്‌ പട്ടണങ്ങളിലെ ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയിൽ തേങ്ങാ പിഴിഞ്ഞ്‌ പാൽ എടുക്കുവാനൊന്നും ആർക്കും സമയമില്ല. അതുകൊണ്ട്‌ പ്രകൃതി ദത്തമായ ഈ ഉത്പന്നത്തിന്‌ ഇനിയും വിപണി വർദ്ധിക്കാനാണ്‌ സാധ്യത. അതുപോലെ തന്നെ നമുക്ക്‌ വിദേശനാണ്യം നേടി തരുന്ന മറ്റൊരു പ്രധാന ഉത്പന്നമായ വെർജിൻ വെളിച്ചെണ്ണ ഉണ്ടാക്കുന്നതും നാളികേരപാലിൽ നിന്നാണ്‌. വരും കാലങ്ങളിൽ നാളികേര വിപണിയിൽ ഏറ്റവും പ്രിയമേറുന്നത്‌ കാമ്പിന്‌ കൂടുതൽ കട്ടിയുള്ള അല്ലെങ്കിൽ കാമ്പിന്‌ തൂക്കം കൂടുതലുള്ള നാളികേരത്തിനായിരിക്കും. ഇത്‌ മുന്നിൽ കണ്ട്‌ കാമ്പിന്‌ കൂടുതൽ തൂക്കം ലഭിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. കാമ്പിന്‌ കൂടുതൽ കട്ടിയുള്ള ഇനങ്ങളാണ്‌ ഉ ഃ ഠ സങ്കര ഇനവും അതുപോലെ തന്നെ തേങ്ങാ വളരെ ചെറുതാണെങ്കിൽ കൂടി കാമ്പിന്റെ അളവ്‌ കൂടുതലുള്ള ലക്ഷദ്വീപ്‌, മൈക്രോ മലയൻ കുറിയ ഇനം, തുടങ്ങിയവ കൂടി നടാൻ ശ്രദ്ധിക്കണം. മറ്റു നാളികേര ഉൽപാദക രാജ്യങ്ങളെ അപേക്ഷിച്ച്‌ നാം ഉൽപാദന ക്ഷമതയിൽ മുൻപന്തിയിലാണെങ്കിലും നമ്മുടെ നാളികേര കാമ്പിന്റെ തൂക്കം മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണ്‌. ഫിലിപ്പൈൻസിലും, ഇന്തോനേഷ്യയിലും ഒരു തേങ്ങയിൽ 400 -450 ഗ്രാം കാമ്പ്‌ ലഭിക്കുമ്പോൾ ഇന്ത്യയിൽ ലഭിക്കുന്നത്‌ 250 -300 ഗ്രാം ആണ്‌. 
സാധാരണ നെടിയ തെങ്ങിന്റെ ഒരു നാളികേരത്തിൽ നിന്നു ശരാശരി 32 ശതമാനം കാമ്പ്‌ ലഭിക്കും, അതിന്റെ പുറംതൊലി (ടെസ്റ്റ) നീക്കം ചെയ്താൽ 29.2 ശതമാനം വെളുത്ത കാമ്പ്‌ ലഭിക്കും. അതായത്‌ ഒരു വലിയ തേങ്ങായിൽ നിന്നും ലഭിക്കുന്ന കാമ്പിന്റെ തൂക്കം 318 ഗ്രാം വരും. എന്നാൽ തെങ്ങ്‌ കൃഷി ചെയ്യുന്ന മറ്റു പ്രധാന രാജ്യങ്ങളിൽ കാമ്പിന്റെ തൂക്കം വളരെ കൂടുതലാണ്‌. കാമ്പിന്‌ കട്ടി കൂടുവാൻ തെങ്ങുകൃഷിയിൽ ഏറ്റവും ആവശ്യമായ പോഷക മൂലകമാണ്‌ പൊട്ടാഷ്‌, പൊട്ടാഷിന്റെ അളവ്‌ ഇന്ന്‌ നമ്മുടെ നാട്ടിലെ മിക്കവാറും തെങ്ങിൻ തോട്ടങ്ങളിലും കുറവാണ്‌. അതുകൊണ്ട്‌ ശരിയായ പരിചരണമുറകളിൽ പൊട്ടാഷിന്റെ ഉപയോഗം ഏറെ പ്രാധാന്യമർഹിക്കുന്നു. എങ്കിൽ മാത്രമേ കാമ്പിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്പന്നങ്ങളുടെ വിപണിയ്ക്കനുസരണമായി, കാമ്പിന്‌ കട്ടിയുള്ള നാളികേരം ലഭ്യമാക്കുവാനും പ്രസ്തുത സംരംഭങ്ങൾക്ക്‌ വിജയകരമായി പ്രവർത്തിക്കുവാനും കഴിയൂ.
വിപണിയിലെ ആവശ്യകത അനുസരിച്ച്‌ ലഭ്യത കുറവ്‌ അനുഭവപ്പെടുന്ന മറ്റൊരു മേഖലയാണ്‌ ഇളനീർ.  കരിക്കിൻ വെള്ളം വളരെ രുചികരവും, പോഷക സമൃദ്ധവുമായ പ്രകൃതിദത്ത പാനീയം എന്നതിനുപരി, കരിക്കിൽ നിന്നു നിരവധി മൂല്യ വർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും ഇന്ന്‌ ലഭ്യമാണ്‌. കരിക്കിൻ കാമ്പിൽ നിന്ന്‌ ഐസ്ക്രീം, പേട, കാൻഡി, ടൂട്ടി - ഫ്രൂട്ടി തുടങ്ങിയ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇത്‌ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിപണന മേഖലയിൽ നിർണ്ണായക സ്വാധീനം ചെലുത്താനും കഴിയും. ഈ സാധ്യതകൾ മനസ്സിലാക്കിയാണ്‌ നാച്ചുറൽ എന്ന കമ്പനി കരിക്കിന്‌ അടിസ്ഥാനമാക്കിയുള്ള ഐസ്ക്രീം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച്‌ വിപണിയിലിറക്കാൻ മുന്നോട്ടു വന്നിരിക്കുന്നത്‌. അതായത്‌, കരിക്ക്‌ കരിക്കധിഷ്ടിത മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിപണി നിലനിൽക്കണമെങ്കിൽ കരിക്കിന്റെ ലഭ്യത ഉറപ്പു വരുത്തണം. വലിയ തെങ്ങിൽ നിന്ന്‌ കരിക്ക്‌ ഇടുന്നതാണ്‌ വിപണി നേരിടുന്ന പ്രധാന പ്രശ്നം. ഇതിന്‌ ഒരു പോംവഴി തെങ്ങു നടുമ്പോൾ കരിക്കിനു യോജിച്ച്‌ കുറിയ ഇനം തെങ്ങു തൈകൾ നടുക എന്നതാണ്‌.  കരിക്കിനനുയോജ്യമായ ചാവക്കാട്‌ കുറിയ പച്ച, ചാവക്കാട്‌ കുറിയ മഞ്ഞ, മലയൻ കുറിയ മഞ്ഞ, തുടങ്ങിയ ഇനങ്ങൾ ലഭ്യമാണ്‌. ഈ ഇനങ്ങളുടെ തൈകൾ നമ്മുടെ തെങ്ങിൻ തോട്ടങ്ങളിൽ സ്ഥാനം പിടിക്കണം. എങ്കിൽ മാത്രമേ വരും കാലങ്ങളിലെ കരിക്ക്‌ വിപണിക്കനുസരണമായി ചരക്കു ലഭ്യത ഉറപ്പു വരുത്തുവാനും, തേങ്ങയുടെ ഉയർന്ന വില സുസ്ഥിരമായി നിലനിർത്താനും സാധിക്കുകയുള്ളൂ.
തെങ്ങു കൃഷി ലാഭകരമാക്കാൻ നാംഇപ്പോൾ കണ്ടെത്തിയ, തെങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ ഉത്പന്നമാണ്‌ നീര. നീരയുടെ പോഷക  ഔഷധ ഗുണങ്ങൾ കണക്കിലെടുക്കുമ്പോൾ  വരും കാലങ്ങളിൽ വളരെ വിപണന സാദ്ധ്യതയുള്ള ഉത്പന്നമാണിത്‌. കർഷകർക്ക്‌ ഒരു തെങ്ങിൽ നിന്ന്‌ ഒരു മാസം 3000 രൂപ വരെ ഉയർന്ന വരുമാനം ലഭ്യമാകുന്ന ഉൽപന്നം.  നീര ടാപ്പു ചെയ്യുന്നതിന്‌ അധികം ഉയരം വയ്ക്കാത്തതും കൂടുതൽ നീര ഉൽപാദിപ്പിക്കുന്നതുമായ ഇനമാണ്‌ യോജിച്ചതു. നീര വിപണി ഇന്നു നേരിടുന്ന ഒരു പ്രശ്നമാണ്‌ ആവശ്യത്തിനനുസരിച്ച്‌ നീര ലഭിക്കുന്നില്ല എന്നത്‌. തെങ്ങിൽ കയറി പൂങ്കുലയിൽ നിന്ന്‌ നീര ചെത്തി എടുക്കുന്നതിനുവേണ്ട ടെക്നീഷ്യന്മാരുടെ കുറവും, നീര ചെത്താൻ തെങ്ങുകളുടെ അഭാവവുമാണ്‌ ഇപ്പോഴത്തെ പ്രശ്നം. വരുംകാലങ്ങളിൽ തെങ്ങിൽ നിന്നും ഏറ്റവും ലാഭകരമായി ഒരു ഉത്പന്നമായിരിക്കും നീര. അതിനാൽ നമ്മുടെ തോട്ടങ്ങളിൽ തെങ്ങിൻ തൈ നടുമ്പോൾ നീര ചെത്താൻ യോജിച്ച്‌ ഉ ഃ ഠ സങ്കര ഇനങ്ങൾ, വച്ചു പിടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ ഉപഭോക്താവിന്‌ ആവശ്യമായ ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിനുള്ള സംരംഭങ്ങൾ വിജയകരമായി നടത്തിക്കൊണ്ടു പോകാൻ കഴിയൂ.
അതായത്‌ നാളികേരത്തിന്റെ സംസ്ക്കരണവും മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിപണിയും, ഉപഭോക്താവിന്റെ ആവശ്യവുമെല്ലാം കണക്കിലെടുത്തു വേണം നാളേയ്ക്കുവേണ്ടി തെങ്ങിൻ തോട്ടത്തിൽ പുനർ നടീലും, ഉത്പാദന വർദ്ധനവിനുള്ള പരിപാലന മുറകളും അവലംബിക്കാൻ. ചുരുക്കത്തിൽ വിപണിയെക്കുറിച്ച്‌ പഠനം നടത്തി ഉപഭോക്താവിന്‌ എന്തുവേണം മനസ്സിലാക്കി അതനുസരിച്ചുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുക എന്നതായിരിക്കണം പുതിയ വിപണന തന്ത്രം.

24 Jun 2015

തെങ്ങിനെ രക്ഷിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ കർമ്മ പദ്ധതി

24 May 2015

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020


ദൈവത്തിനിഷ്ടപ്പെട്ട നിഷേധിയായ  നിഷേ
 എം.കെ.ഹരികുമാർ


"ഒരു ശൂന്യതയിലേക്ക് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ ,ആ ശൂന്യത സാവധാനം നിങ്ങളെ നോക്കാൻ തുടങ്ങും " - ജർമ്മൻ ചിന്തകനായ ഫ്രഡറിക് നിഷേ (Frederic Nietzsche,1844-1900) പറഞ്ഞു .

സാമ്പ്രദായിക മൂല്യങ്ങളെയും പിന്തുടർച്ചകളെയും എതിർത്ത നിഷേ ,എല്ലാ വിഗ്രഹങ്ങളെയും തകർക്കുകയാണ് ചെയ്തത്.ഒരു ഏകനായ പടയാളിയെപ്പോലെ നിഷേ തലങ്ങും വിലങ്ങും വെട്ടി. അപ്പോഴൊക്കെ താൻ സ്വമേധയാ ചിന്തിച്ചുകൊണ്ടു ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ദൈവത്തെ ,അദ്ദേഹം സ്വീകരിച്ചില്ല.കാരണം അത് മനുഷ്യൻ്റെ  സൃഷ്ടിയാണത്രേ. എന്നാൽ ദൈവത്തിനു നിഷേയെ ഇഷ്ടമായിരുന്നു ,കാരണം ദൈവം നടപ്പാക്കാനാഗ്രഹിച്ച ചലനാത്മകതയും സ്വതന്ത്രതയുമാണല്ലോ നിഷേ ലക്ഷ്യം വച്ചത്.

നിഷേയുടെ സത്യനിഷേധവും കലാപവും സകല അധുനിക കലാപരീക്ഷണങ്ങളുടെയും കാതലായി വർത്തിക്കുന്നു .ഇപ്പോഴും ഈ മൂല്യഘാതകനെ എല്ലാ നവ ചിന്തകർക്കും വേണം. മാനവരാശിയെ സ്വാധീനിച്ച ചിന്തകനെന്ന നിലയിൽ നിഷേയുടെ സ്ഥാനം ഉന്നതമാണ്. സത്യം ഇല്ലേയില്ല എന്ന പ്രസ്താവത്തിൽ ,അദേഹം ഒളിപ്പിച്ചത് വർത്തമാനകാലത്തെ സത്യാനന്തര ( Post Truth) വാദങ്ങളുമാണെന്ന് ഓർക്കുക. സത്യം ഇല്ല ,പിന്നെയുള്ളത് അത് എങ്ങനെ മനസിലാക്കപ്പെടുന്നുവോ ,അതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ്.ഒരു വസ്തുതയും നിലവിലില്ല - അത് പലർ ചേർന്ന് ഉണ്ടാക്കുന്നതാണെന്ന് പറയാം; വ്യാഖ്യാനങ്ങളിലൂടെയാണ് ഒരു വസ്തുത ഉണ്ടെന്ന് നാം ബോധ്യപ്പെടുന്നത്.
എല്ലാ മനുഷ്യജീവിതങ്ങളും കരിയും പുകയും നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിജയങ്ങളോടൊപ്പവും  നൊമ്പരങ്ങളും ചേർന്നു നില്ക്കുകയാണ്.
ഡാർവിനോട് ആദരവ് ഉണ്ടായിരുന്ന നിഷേ ,അദ്ദേഹത്തെയും അംഗീകരിച്ചില്ല.തന്നെ സ്വാധീനിക്കുന്നത് ആരാണോ അയാളെ നിരാകരിച്ചുകൊണ്ടേ നിഷേക്ക് നീങ്ങാനാവൂ.വിൽ ഡുറാൻ്റ് നിരീക്ഷിക്കുന്നു ,അങ്ങനെ നിഷേധിക്കുന്നതിലൂടെ അദ്ദേഹം തൻ്റെ കടം വീട്ടുകയാണ്.

യാതനയുടെ രഹസ്യം

ദാർശനികനായ സ്പെൻസറുടെ സന്മാർഗവാദത്തെയും നന്മയെക്കുറിച്ചുള്ള സങ്കല്പത്തെയും നിഷേ കശക്കിയെറിഞ്ഞു. ജീവിതസമരത്തിൽ  ശക്തിയുള്ളതാണ് അതിജീവിക്കുന്നതെന്ന സ്പെൻസറുടെ വാദത്തിൽ ശക്തിക്ക് മാത്രമാണ് സ്ഥാനം. അതായത് ,ദുർബ്ബലത ഒരു തെറ്റാണ് .ഇതിനോടു നിഷേ യോജിച്ചില്ല. ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ നിന്നു വളർന്നുവന്ന ധാർമ്മിക ആശയങ്ങളെയും മാന്യതാ ബോധ്യങ്ങളെയും അദ്ദേഹം നിരാകരിക്കുകയാണ് ചെയ്തത്.
നിഷേയുടെ ചിന്തകൾ ഒരു പ്രത്യയശാസ്ത്രത്തെയോ രാഷ്ട്രത്തെയോ വാഴ്ത്തുന്നില്ല. അദേഹം വൈരുദ്ധ്യങ്ങളെ കാണുന്നു. എന്നാൽ അവയെ നിർധാരണം ചെയ്യുന്നതിൽ അരാജകവാദിയായി മാറുന്നു. ജീവിതയാതനകളിലേക്ക് മടങ്ങേണ്ട വരാണ് നാം;എങ്ങനെയൊക്കെ അവനവനോടു കള്ളം പറഞ്ഞാലും.

Schopenhaur as Educator എന്നൊരു ലേഖനം നിഷേ എഴുതിയിട്ടുണ്ട് .ജർമ്മൻകാരനും വിശ്വവിഖ്യാത ദാർശനികനുമായ ഷോപ്പനോറുടെ ചിന്തകൾ  ആകർഷിച്ചതിനു തെളിവാണിത്. ഷോപ്പനോറുടെ world as will and idea എന്ന പുസ്തകം വായിച്ചതോടെ
ആ  മനസ്സ് ഇളകി മറിഞ്ഞു. തൻ്റെ മനസ്സ് ഇതുപോലെ വായിച്ച വേറൊരാൾ ഇല്ലെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്.''ഓരോ വരിയും നിരാസത്തിനും പിൻവാങ്ങലിനും നിഷേധത്തിനുമായി ഉച്ചത്തിൽ കരഞ്ഞു " - അദ്ദേഹം എഴുതി .



ഷോപ്പനോർ ജീവിതം ദു:ഖമാണെന്ന് പറഞ്ഞ ചിന്തകനാണ്. ഏത് പ്രവൃത്തിയിലും തണുത്തുറഞ്ഞ വിഷാദമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ.ഇത് നിഷേയെ ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മനോ ഘടനയിൽ ഈ വിഷാദഛായ എപ്പോഴുമുണ്ടായിരുന്നു.എന്നാൽ ദുഃഖത്തിനു  കീഴടങ്ങിയിട്ടില്ല. യാതൊന്നിൻ്റെയും മേധാവിത്വം  അംഗീകരിക്കാൻ കൂട്ടാക്കാത്ത ആ പ്രതിഭ ജീവിതവിഷാദത്തിൻ്റെ സ്ഥിരതയെയും എതിർത്തു.മനുഷ്യൻ അവൻ്റെ ഇച്ഛാശക്തികൊണ്ട് സ്വന്തം അനുഭവങ്ങളെ വ്യാഖ്യാനിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. അപ്പോഴും നിഷേ യാതനകളുടെ അനിവാര്യതയെ ഉപേക്ഷിക്കുന്നില്ല. മനുഷ്യൻ യാതനയുടെ സത്തയാണ്; ഒഴിവാക്കാനാവാത്ത യാതന തന്നെയാണവൻ.ഒരേ സമയം സന്തോഷം നേടേണ്ടതിനെക്കുറിച്ചും ജീവിതത്തിൻ്റെ ആത്യന്തിക പ്രമേയം ദുരന്തബോധം മാത്രമാണെന്നതിനെക്കുറിച്ചും  നിഷേ സംസാരിച്ചു. ഇങ്ങനെ സ്വയം കാർന്നുതിന്നുന്ന ഒരു രോഗമായി അദ്ദേഹം തന്നിലേക്ക് തന്നെ ആഴ്ന്നിറങ്ങി.ശാന്തതയെ വേറൊരു അർത്ഥത്തിലാണ് ഉൾക്കൊണ്ടത്.സാംസ്കാരികമായി ആധിപത്യം പുലർത്തുന്ന ആശയങ്ങളെ വിമർശിച്ച് ഛിന്നഭിന്നമാക്കുന്ന രീതി അദ്ദേഹം വികസിപ്പിച്ചിരുന്നു. വിശ്വാസം ,മതം ,തുടങ്ങിയ അധീശ സംസ്കാരങ്ങളിൽ നിന്ന് അകന്നു നിന്ന അദ്ദേഹം ഒരു വ്യക്തി ഒറ്റയ്ക്കാണ് തൻ്റെ വിജയം നേടേണ്ടതെന്ന് വാദിച്ചു.അതാകട്ടെ മനുഷ്യത്വത്തെപ്പറ്റിയുള്ള ഒരു വിപുലമായ പാഠമായി രൂപപ്പെടുകയായിരുന്നു. 


ഇരുപത്തി നാലാം  വയസ്സിൽ ബേസൽ യൂണിവേഴ്സിറ്റിയിൽ തത്ത്വചിന്തയുടെ ചെയറിൻ്റെ ചുമതല നിഷേയ്ക്ക് ലഭിച്ചു.അക്കാലത്ത് അദ്ദേഹം തൻ്റെ ധിഷണാവൈഭവം കൊണ്ട് അദ്ധ്യാപകരെപ്പോലും അതിശയിപ്പിച്ചു.ആ കാലഘട്ടം തൊട്ട് ഷോപ്പനോറുടെയും ഫ്രഡറിക് ആൽബർട്ട് ലാഞ്ചിൻ്റെയും ചിന്തകളിൽ അദ്ദേഹം ആകൃഷ്ടനായി. സംഗീതജ്ഞനായ റിച്ചാർഡ് വാഗ്നറു (wagner)മായി ഗാഢ സൗഹൃദമുണ്ടായിരുന്നു.1870 വരെ അതു തുടർന്നു. Tha  birth of Tragedy out of the spirit of music (1872) എന്ന കൃതിയിൽ വാഗ്നനറുടെ സ്വാധീനം പ്രകടമാണ്. ആ കാലത്ത് നിഷേയുടെ ലേഖനങ്ങൾ ജർമ്മൻ ബുദ്ധിജീവികളുടെ ചർച്ചകളിൽ സജീവമായിരുന്നു. ഷോപ്പനോർ ,വാഗ്നർ എന്നിവരുടെ ചിന്തകളുമായി ബന്ധപ്പെട്ടതായിരുന്നു മിക്കതും.

1879 ലാണ് അദ്ദേഹം അദ്ധ്യാപക ജീവിതം അവസാനിപ്പിക്കുന്നത്.ആരോഗ്യം മോശമായതും ഒരു കാരണമായിരുന്നു.എന്നാൽ എഴുതാൻ കൂടുതൽ സമയം നീക്കിവച്ചു.ഓരോ വർഷവും ഓരോ പുസ്തകം എന്ന രീതിയിൽ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്നു. അതേസമയം  രോഗങ്ങൾ വല്ലാതെ അദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കണ്ണിനു കാഴ്ച കുറയ്ക്കുന്നതും തലവേദനയും മാറാത്ത രോഗങ്ങളായി  അവശേഷിച്ചു.

എന്നാൽ കലയുടെ കാര്യത്തിൽ കൂടുതൽ വിഗ്രഹഭഞ്ജക സ്വഭാവമുള്ള  വാദമുഖങ്ങളാണ് അദ്ദേഹം ഉയർത്തിയത്.ഒരു മിഥ്യയെ താലോലിക്കുന്നത് ജീവിതത്തിൻ്റെ ആവശ്യമാണ്. യാഥാർത്ഥ്യങ്ങൾ കൊണ്ടു മാത്രമല്ല നാം ജീവിക്കുന്നത്. മിഥ്യയിൽ മുഴുകുന്നത് ഒരു കലാനുഭവമാണ്. യഥാർത്ഥമായതിൽ കല തേടേണ്ടതില്ല. ഇതായിരുന്നു നിഷേയുടെ വീക്ഷണം.ഇത് ഇന്നും  പ്രസക്തമാണ്.എത്രയോ കവികളെ ഇത് സ്വാധീനിച്ചു! ഇരുപതാം നൂറ്റാണ്ടിലെ ടി.എസ്.എലിയറ്റും എസ്രാ പൗണ്ടും ഉൾക്കൊണ്ട ദർശനത്തിൻ്റെ ഉറവിടം കാണാൻ ശ്രമിച്ചാൽ അത് പലയിടങ്ങളിൽ നിന്ന് വളം വലിച്ചെടുക്കുന്നത് കാണാം.

കല നവീനമായൊരു മൂല്യമാണ് സൃഷ്ടിക്കേണ്ടത്. അത് അറിഞ്ഞതിൽ നിന്ന് അറിയത്തക്ക തല്ലാത്ത കേന്ദ്രങ്ങളിലേക്ക് നീങ്ങണം .യഥാർത്ഥ വസ്തുക്കൾക്കില്ലാത്ത സൗന്ദര്യമാണ് അത് അന്വേഷിക്കുന്നത്. കല ആസ്വാദനക്ഷമമാകണമെങ്കിൽ, അതിൽ യഥാർത്ഥമായിട്ടുള്ള വസ്തുതകളല്ല വേണ്ടത് ; സൗന്ദര്യാത്മകതയാണ്.ഈ സൗന്ദര്യാത്മകത കലാകാരൻ സൃഷ്ടിക്കുന്നതാണ് ,അത് മറ്റെവിടെയും ഉള്ളതല്ല.

ജീവിതത്തിനും ഇത് ബാധകമാണെന്ന് നിഷേ പറയുന്നു. ജീവിതത്തിൻ്റെ സ്വഭാവം ഉണ്ടാകുന്നത് ,ശൈലീപരമായ ചില സവിശേഷതകൾ വന്നു ചേരുമ്പോഴാണ് .ഇതും സൗന്ദര്യമാണ്. യാതനയിൽ നിന്ന് നാടകീയത കണ്ടെത്തിയ ഗ്രീക്കുകാരോട് നിഷേയ്ക്ക് ബന്ധമുണ്ട്. നിഷേയും യാതനയിൽ നിന്ന് സൗന്ദര്യം തേടുകയായിരുന്നല്ലോ. കലാപരമായ പുനർനവീകരണമാണിത്.ദു:ഖത്തിൽ കലയുടെ ധാതുക്കളെ തേടിപ്പുറപ്പെടുക. നിഷേ ഒരു നിരാശാ വാദിയായിരുന്നില്ലല്ലോ.എന്നാൽ ശുഭാപ്തി വിശ്വാസിയുമല്ലായിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സിനു ഇണങ്ങിയ മാർഗം Tragic Optimism ആയിരുന്നു.ദുരന്തബോധം ഉൾച്ചേർന്ന പ്രസാദാത്മകതയായിരുന്നു അത്. ശക്തനായ മനുഷ്യൻ്റെ യാത്രയുടെ സ്വഭാവമാണത്. തൻ്റെ തീവ്രമായ അനുഭവങ്ങളിലേക്ക് മുഴുകിക്കൊണ്ട് അതിൻ്റെ യാതനയിലൂടെ  നേടുന്നതാണ് ജീവിതം. അത് ശരി ,തെറ്റുകൾക്ക് അപ്പുറത്താണ്.

മനുഷ്യനിലെ ദൈവത്തിൻ്റെ മരണം

Thus spoke Zarathustra ,നിഷേയുടെ ഏകാന്തഭാവനയുടെ സ്ഫുലിംഗങ്ങൾ അടങ്ങിയ കൃതിയാണ് .പേർഷ്യൻ മതപാരമ്പര്യത്തിലെ സൊറാസ്റ്റർ (Zoroaster) ക്ക് സമാനമാണ് നിഷേയുടെ സരതുസ്ത്ര.ഒരു അതി മാനവനെയാണ്  ഈ നോവലിൽ സങ്കല്പിക്കുന്നത്. മനുഷ്യൻ ഒരു കുരങ്ങനായിരിക്കുന്നതിൽ ഒട്ടും അഭിമാനിക്കുന്നില്ല .എന്നാൽ അവൻ സ്വയം അതിജീവിക്കുന്നവനാകണം. ഒരു അതിമാനവൻ നമ്മുടെ വംശത്തെ കാത്ത് നില്ക്കുന്നുണ്ട്‌. അതിലേക്കാണ് ഇനി എത്തിച്ചേരാനുള്ളത്.

അവിടെയെത്തിയാൽ ,പുരാതനമായ അന്ധവിശ്വാസങ്ങളും ധാർമ്മികതയും അസംബന്ധമായിത്തീരും .ഈ അതി മാനവൻ ശാരീരികമായ അവസ്ഥയല്ല;അത് മനുഷ്യൻ സ്വയം നിർമ്മിക്കുന്ന സമസ്യകളിൽ നിന്ന് എങ്ങനെ കരകയറണമെന്ന ചോദ്യത്തിനുള്ള ഉത്തരമായി നില്ക്കുകയാണ്. ഓരോ നിമിഷത്തിലും ഒരു അതിമാനവൻ നമ്മുടെ ദൈന്യതകളിലേക്ക് നോക്കിയിരിക്കന്നുണ്ട്. ആ അതിമാനവനെ പ്രാപ്യമല്ലാത്തതു കൊണ്ട് നമ്മുടെ നിരാശ ഇരട്ടിയാകുന്നു.

നിഷേയുടെ പ്രധാന ചിന്തയാണ് സ്വയം സൃഷ്ടിക്കുക എന്നുള്ളത്. കാരണം മനുഷ്യൻ എപ്പോഴും ഒരേ പോലെ ആവർത്തിക്കപ്പെടുന്ന ഒരു പ്രപഞ്ച സംവിധാനത്തിലാണുള്ളത്. അതിനെ എങ്ങനെ ലംഘിക്കാം എന്ന ആലോചന പ്രധാനമാണ്. ഇങ്ങനെയുള്ള ധൈഷണിക മുന്നേറ്റത്തിൽ ഒരുവൻ അവൻ്റെ മതവുമായി എങ്ങനെ സഹകരിക്കും. ? ഇവിടെയാണ് നിഷേ ഒരു നിഷേധിയാകുന്നത്. പാശ്ചാത്യ ക്രിസ്തുമതവുമായി അദ്ദേഹം അകലുകയാണ് ചെയ്തത്.ക്രിസ്തുമതം മനുഷ്യൻ്റെ ജന്മവാസനകളെ പാപവുമായി കൂട്ടിയിണക്കുകയാണെന്നത് പ്രകൃതി വിരുദ്ധമാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഇവിടെ മതത്തെയല്ല എതിർക്കുന്നത് ,മതസാംസ്കാരിക തയെയാണ്.
മനുഷ്യൻ്റെ ചിന്തകളുടെ ഒരു പ്രതിഷ്ഠാപനമാണ് ദൈവം എന്ന അർത്ഥത്തിലാണ് സമീപനം .അതുകൊണ്ട് ദൈവം മരിച്ചു എന്ന് പറഞ്ഞത്. ദൈവം  മനുഷ്യൻ്റെ രൂപവും ഭാവവും ആർജിക്കുന്നു. മതങ്ങളിലെ ദൈവം മരിച്ചു എന്നല്ല പറഞ്ഞത് ;മനുഷ്യനിലെ ദൈവം മരിച്ചു എന്നാണ്. കാരണം ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യൻ എന്ന നിലയിൽ ,അവൻ്റെ സാംസ്കാരിക ജീവിതം തകർന്നിരിക്കുന്നു. അവൻ യുക്തിയുടെ ആനുകൂല്യത്തിൽ ജീവിച്ചു കൊണ്ട് യുക്തിഹീനതയായി മാറിയിരിക്കുന്നു. നമ്മൾ ഉള്ളിൽ പരിപാലിച്ചുകൊണ്ടു വന്ന ഒരു ദൈവത്തിൻ്റെ മരണമാണത്. ദൈവം മരിച്ചു എന്ന പ്രസ്താവത്തെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു.പ്രപഞ്ചത്തിൻ്റെ നിയന്താവ് എന്ന നിലയിലുള്ള ദൈവത്തെയല്ല നിഷേ ലക്ഷ്യം വച്ചത്.

നിങ്ങൾ സ്വന്തം ജ്വാലയിൽ എരിഞ്ഞു തീരാൻ തയ്യാറായിരിക്കണമെന്നും എന്നാൽ നിങ്ങൾ ചാരമായില്ലെങ്കിൽ എങ്ങനെ അതിൽ നിന്ന് ഉയർന്നു വരുമെന്നും നിഷേ ചോദിച്ചതിൻ്റെ അർത്ഥവ്യാപ്തി  ഒരാൾ തൻ്റെ വിധിയെ മറികടക്കുന്നതുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം. സ്വന്തം വിധിയെയാണ് ,വിധിയെക്കുറിച്ചുള്ള ധാരണയെയാണ് എരിച്ചു കളയേണ്ടത്. ആ വിധി നമ്മോടൊപ്പമുള്ളതാണ്. അല്ലെങ്കിൽ അത് നമ്മൾ തന്നെയാണ്. എങ്കിൽ അതിൽ എരിയുന്നത് നമ്മൾ തന്നെ ആയിരിക്കുമല്ലാ. അപ്പോൾ നാം വീണ്ടും  ജനിക്കുന്നത് എന്തിനാണ് ? നമ്മെ വിലക്കാത്തതും എരിക്കാത്തതും തകർക്കാത്തതുമായ ഒരു നവജീവിതമാണ് ഉണ്ടാകേണ്ടത്.
" One must be a sea ,to receive a polluted stream without becoming impure - നിഷേ എഴുതി. കടലിനു മാത്രമേ സ്വയം അശുദ്ധമാകാതെ മാലിന്യം നിറഞ്ഞ നദിയെ ഉൾക്കൊള്ളാനാവൂ. ഇവിടെയും അതിമാനവൻ എന്ന സങ്കല്പം ഉയർന്നു വരുകയാണ്. മനുഷ്യർ അവൻ്റെ പരിമിതികൾ കണ്ടെത്തുകയും അത് അതിജീവിക്കുന്നതിനായി കൂടുതൽ വിശാലത നേടുകയുമാണ് വേണ്ടതെന്നാണ് നിഷേയുടെ ചിന്തയുടെ കാതൽ .അവിടെയാണ് ദൈവം മരിക്കുന്നത്. കാരണം ഒരു പരമ്പരാഗത ചിന്താചത്വരത്തിൽ നിന്ന് അവൻ സ്വയം  വളരുകയാണ്. അതുകൊണ്ട് അവൻ പരമ്പരാഗത ദൈവത്തെ ഉപേക്ഷിക്കുകയാണ്. അതോടെ ആ ദൈവം മരിക്കുകയാണ് ചെയ്യുന്നതെന്ന തത്ത്വം ഉയർന്നു വരുന്നു. പൂർവ്വകാലത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് വിടുതൽ കൈവരിക്കാൻ ഇതാവശ്യമാണ് .

അതേസമയം മനുഷ്യൻ്റെ അഹം അഥവാ ബോധം തന്നെ സ്ഥിരമല്ല. ഏതാണ് ഞാൻ ? ഒരു സമയം തന്നെ പലതരം "ഞാൻ"  പ്രവർത്തിക്കുന്നു. അവ പരസ്പരം പോരടിക്കുന്നു; വസ്തുതകൾ ഉണ്ടാകുന്നത് ഇതിൽ നിന്നാണ്.

സത്യം ഒരു ഭാഗിക വീക്ഷണമാണെന്ന നിലപാട് നിഷേക്ക് ഒരു ബഹുസ്വരത നേടിക്കൊടുക്കുന്നു. On truth and lies in a normal sense എന്ന ലേഖനത്തിൽ സത്യത്തെ മൂർത്തമായി കാണാൻ അദ്ദേഹം കൂട്ടാക്കുന്നില്ല. ഏത് വാദത്തെയാണോ  നാം ഏറ്റവും പ്രധാനമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത് അതാണ് നമ്മുടെ സത്യം .പക്ഷേ, അത് ആപേക്ഷികമാണ്. നമ്മുടെ സന്തോഷവും സങ്കടവും കെട്ടുപിണഞ്ഞു കിടക്കുന്നതാകയാൽ ,ഒന്നിനെക്കുറിച്ചും ഓർത്ത് വേവലാതിപ്പെടാനില്ലെന്ന് നിഷേ പറയുന്നു. ഒന്നും ഒറ്റയ്ക്കല്ല നില്ക്കുന്നത്;പരസ്പരബന്ധിതമാണ്.
യാഥാസ്ഥിതികവും സാമൂഹ്യമായി ഉറച്ചതുമായ ധാരണകൾക്കകത്ത് അസന്തുഷ്ടനായി കഴിഞ്ഞ വ്യക്തിത്വമാണ് ഈ ചിന്തകൻ്റേത്.അദ്ദേഹം തന്നിൽ നിന്നു തന്നെ ആക്രമണകാരിയായി തെന്നിമാറിക്കൊണ്ടിരുന്നു. സ്വയം ധ്വംസിക്കുന്ന തലത്തിൽ ,സ്വയം അന്യനാകുകയാണ് .


നിഷേ തൻ്റെ ഗുരുക്കന്മാരിൽ നിന്ന് വ്യതിചലിക്കുന്നതിൻ്റെ കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു പ്രസ്താവം ഇതാണ് : One repays a teacher badly if one always remains nothing but a pupil .പഠിപ്പിച്ച ഗുരുക്കന്മാർക്ക് അപ്പുറം പോകുക എന്ന യത്നമാണത്. സന്ദേഹങ്ങളും ചോദ്യങ്ങളും ഉള്ളതുകൊണ്ടാണ് അത് വേണ്ടി വരുന്നത് .ക്രിസ്തുമതത്തിൽ വിശ്വാസിയാകുന്നവന് സന്ദേഹിയാകാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ബുദ്ധിപരമായ ദാഹമുണ്ടാകുമ്പോൾ എല്ലാ പിന്തുടർച്ചകളിൽ നിന്നും നാം അകന്നു പോകേണ്ടവരാണ്.

സന്തോഷം ക്രൂരത തന്നെ

നിഷേ എന്തുകൊണ്ടാണ് മനുഷ്യൻ്റെ ക്രൂരതയെപ്പറ്റി ഇത്രയധികം സംസാരിച്ചത് ?മനുഷ്യൻ ഒരു ക്രൂരമൃഗമാണെന്ന ഒന്നാന്തരം പ്രസ്താവന സരതുസ്ത്രയിലൂടെ അദ്ദേഹം സ്ഥാപിച്ചു.മനുഷ്യന് പെട്ടെന്ന് പിടികിട്ടുന്നത് ക്രൂരതയാണ്. അവൻ്റെ കൈയെത്തും ദൂരത്തുള്ളത് ക്രൂരതയാണ്; സന്തോഷത്തിൽപ്പോലും ക്രൂരതയാണ്.
" ദുരന്തങ്ങളെ ഒരു സാക്ഷി എന്ന നിലയിൽ കാണുമ്പോൾ ,കാളപ്പോരുകളിൽ ,കുരിശുമരണങ്ങളിൽ മാനവരാശി ക്രൂരമായ ആനന്ദം അനുഭവിച്ചു. എന്നാൽ അവൻ നരകം കണ്ടു പിടിച്ചപ്പോഴോ ?അത് ഭൂമിയിലെ സ്വർഗ്ഗമായി മാറി " .



അടുത്ത ജന്മത്തിൽ ശിക്ഷകിട്ടുമെന്ന്  വിചാരിച്ച് ഒരാളും ഇന്ന് വെറുതെ യാതന അനുഭവിക്കാൻ മുന്നോട്ടു വരില്ല. തെറ്റുകൾ ചെയ്യുന്നതിലും സന്തോഷിക്കുന്നതിലും നീലീനമായിട്ടുള്ളത് ക്രൂരതയാണ്.
"To be silent is worse; all unuttered truths become poisonous"  സരതുസ്ത്രയുടെ കാതലുള്ള സംഭാഷണം . നമ്മുടെ രാഷ്ട്ര വ്യവഹാരങ്ങളിലോ ,യുദ്ധങ്ങളിലോ ഒരു നന്മയും അദ്ദേഹം കാണുന്നില്ല. അതുകൊണ്ടാണ് ആദ്യത്തെ ക്രിസ്ത്യാനിയെ ഇന്നായിരുന്നെങ്കിൽ സൈബീരിയയിലേക്ക് നാടുകടത്തുമായിരുന്നു എന്നെഴുതിയത്. അന്ന് സൈബീരിയ തെറ്റ് ചെയ്തവരെയും ചെയ്യാത്തവരെയും കൊണ്ടുപോയി തള്ളാനുള്ള ഇടമായിരുന്നു. ആദ്യത്തെ ക്രിസ്ത്യാനി ആരുടെയും പ്രത്യേകമായ പദവികൾ അംഗീകരിക്കുമായിരുന്നില്ല. അവൻ തുല്യ അവകാശത്തിനു വേണ്ടി നിലകൊള്ളുമായിരുന്നു. അവൻ നമുക്കിടയിൽ ഏറ്റവും വലിയവനാകയാൽ ,അവനെ നമുക്ക് പരിചാരകനാക്കാം എന്ന് പറയുന്നിടത്ത് നിഷേയുടെ പരിഹാസം രൂക്ഷമാകുന്നു .

നിഷേ നാളിതുവരെയും എഴുത്തുകാരെയും ചിന്തകരെയും പല വഴികളിൽ നിയന്ത്രിച്ചു. അരാജകവാദികളും ആധുനികരുമാ യി ചിത്രകലയിലും സിനിമയിലും വന്നവരിൽ പലരും നിഷേയെ ഒരു ബിംബമായി ഉള്ളിൽ കൊണ്ടുനടന്ന വരാണ്.ചിത്രകാരനും ശില്പിയുമായ മാർസൽ  ദുഷാമി (Marcel  Duchamp)ൽ ഒരു നിഷേയുണ്ട് ;പിക്കാസോയിൽ ഉണ്ട്.ഫ്രഞ്ച് എഴുത്തുകാരൻ  സാർത്രിൽ  നിഷേയുണ്ട് .നിലവിലുള്ള വ്യവസ്ഥാ പരമായ ജീർണതയ്ക്കെതിരെ നീങ്ങുന്നവരിലെല്ലാം ഒരു നിഷേ നന്മതിന്മകൾക്കപ്പുറത്ത് ചിരിക്കുന്നുണ്ട്.

22 Apr 2015

കേരസംസ്ക്കരണ മേഖലയ്ക്കു ശക്തി പകരാൻ നാളികേര ടെക്നോളജി മിഷൻ


ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11
കേര സംസ്ക്കരണ മേഖലയെ ശക്തിപ്പെടുത്താനായി നാളികേര വികസന ബോർഡ്‌ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്‌. ഇവയിൽ ഏറ്റവും പ്രധാമനപ്പെട്ട ഒന്നാണ്‌ നാളികേര ടെക്നോളജി മിഷൻ അഥവ ടി.എം.ഒ.സി.  നാളികേര ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണവും, നൂതന സംസ്ക്കരണ മാർഗ്ഗങ്ങളിലൂടെയുള്ള മൂല്യവർദ്ധിത ഉൽപന്നനിർമ്മാണവും വഴി  നാളികേര സംസ്ക്കരണ മേഖലയെ ശക്തിപ്പെടുത്താൻ ഈ പദ്ധതിക്കു സാധിച്ചു. അടിക്കടിയുള്ള വില തകർച്ചയും, രോഗ കീടങ്ങളുടെ അതിപ്രസരവും കൊണ്ട്‌ കേരകർഷകർ വലിയ പ്രതിസന്ധി നേരിട്ട 2001 -2002 കാലഘട്ടത്തിലാണ്‌ ഈ വിളയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം മനസ്സിലാക്കി നാളികേര ടെക്നോളജി മിഷൻ എന്ന ബൃഹദ്‌ പദ്ധതിക്ക്‌ കേന്ദ്ര ഗവണ്‍മന്റ്‌ അനുമതി നൽകിയത്‌. അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്പേയ്‌ 2000 -ൽ കേരളം സന്ദർശിച്ചപ്പോഴാണ്‌ ഈ പദ്ധതി പ്രഖ്യാപിച്ചതു. അതായത്‌ 9-​‍ാം പദ്ധതിയുടെ അവസാന കാലത്ത്‌. 2001 - 2002 സാമ്പത്തിക വർഷം മുതൽ കേരകൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ബോർഡ്‌ ഈ പദ്ധതി നടപ്പിലാക്കി വരുന്നു. മത്സരാധിഷ്ഠിതമായി മാറിയ ഇന്നത്തെ ചുറ്റുപാടുമായി ഇന്ത്യൻ നാളികേര വ്യവസായ മേഖലയ്ക്ക്‌ പൊരുത്തപ്പെട്ടു പോകുവാൻ ഈ പദ്ധതി സഹായകരമാകും.  കേരകർഷകർക്ക്‌ കൂടുതൽ ആദായം ലഭിക്കാൻ  നാളികേരത്തിന്റെ പൂർണ്ണമായ ഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പുതിയ പുതിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾ തുടങ്ങുവാൻ അവസരമൊരുക്കുകയും അവയ്ക്ക്‌ കമ്പോളങ്ങൾ കണ്ടുപിടിക്കുന്നതിന്‌ വേണ്ട സാമ്പത്തിക സഹായം നൽകുകയുമാണ്‌ ഈ പദ്ധതി മുഖേന ബോർഡ്‌ ടെയ്തു  വരുന്നത്‌. 
ബോർഡിന്റെ മറ്റുപദ്ധതികളിൽ നിന്ന്‌ വ്യത്യസ്തമായി ഗുണഭോക്താക്കൾ സമയബന്ധിതമായി തയ്യാറാക്കുന്ന പ്രോജക്ടറ്റിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഇന്ത്യയിലെ സാമ്പത്തിക പരിഷ്ക്കാരങ്ങൾ  മത്സരാധിഷ്ഠിതമായി മാറിയ ചുറ്റുപാടിൽ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കേര വ്യവസായ മേഖല ശക്തിപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിന്‌ ഊന്നൽ നൽകി വരുന്ന ടെക്നോളജി മിഷൻ   ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്ക്‌ ഈ മേഖലയിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. ഭക്ഷ്യയോഗ്യവും അല്ലാത്തതുമായ നിരവധി നാളികേര ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി വിവിധ വ്യവസായ സംരംഭങ്ങൾ ഈ പദ്ധതിയിലൂടെ നൽകി വരുന്ന സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി സ്ഥാപിതമായിട്ടുണ്ട്‌. 
നാളികേരവും ഉപോൽപ്പന്നങ്ങളും ഉപയോഗിച്ച്‌ വാണിജ്യ പ്രധാനമുള്ള മൂല്യവർധിത ഉൽ​‍്പ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി വിവിധ വ്യവസായ സംരംഭങ്ങൾ ഇന്ന്‌ നിലവിൽ വന്നിട്ടുണ്ട്‌. തൂൾ തേങ്ങ, പായ്ക്ക്‌ ചെയ്ത്‌ ബ്രാൻഡ്‌ ചെയ്ത ഗുണമേന്മയുള്ള വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, നാളികേര ചിപ്സ്‌, തേങ്ങ വെള്ളത്തിൽ നിന്നുള്ള വിന്നാഗിരി, ഗുണമേന്മയുള്ള കൊപ്ര, ചിരട്ടപ്പൊടി, ചിരട്ടക്കരി, ഉത്തേജിതകരി, പായ്ക്കു ചെയ്ത സംസ്ക്കരിച്ച കരിക്കിൻ വെള്ളം, ലഘു സംസ്ക്കരണം നടത്തിയ കരിക്ക്‌, പായ്ക്ക്‌ ചെയ്ത്‌ സംസ്ക്കരിച്ച്‌ പോക്ഷക സമൃദ്ധമായ നീര തുടങ്ങിയ ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയാണ്‌ കേര വ്യവസായ മേഖലയിൽ പുതിയ സംരംഭങ്ങൾ നിലവിൽ വന്നത്‌. ഏകദേശം 203.9 കോടി നാളികേരം വർഷം തോറും സംസ്ക്കരിച്ച്‌  വിവിധ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള 306 സംസ്ക്കരണ യൂണിറ്റുകൾ 320 കോടി രൂപ മുതൽ മുടക്കി ഈ മേഖലയിൽ നിലവിൽ വന്നു. ഇതിനായി 53 കോടി രൂപ വായ്പാധിഷ്ഠിത സബ്സിഡിയായി സംരംഭകർക്ക്‌ ഇതിനകം  ബോർഡ്‌ വിതരണം ചെത്തു കഴിഞ്ഞു.
നാളികേര സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും  നവീകരിക്കുന്നതിനും, യൂണിറ്റിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിച്ച്‌ വിപുലീകരിക്കുന്നതിനും നാളികേര ടെക്നോളജി മിഷൻ വഴി സാമ്പത്തിക സഹായം നൽകി വരുന്നു. യൂണിറ്റ്‌ സ്ഥാപിക്കുന്നതിനു വേണ്ടി വരുന്ന ചിലവിന്റെ 25 ശതമാനം പരമാവധി 50 ലക്ഷം രൂപ വരെ വായ്പാബന്ധിത മൂലധന സബ്സിഡിയായി നൽകുന്നു. ഇതിലേക്കായി ചുരുങ്ങിയത്‌ പദ്ധതി ചിലവിന്റെ 40 ശതമാനമെങ്കിലും ദീർഘകാല വായ്പയായി എടുത്തിരിക്കണം. ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതിനായി സംരംഭകർ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന കേര വ്യവസായ സംരംഭത്തിന്റെ ഒരു പ്രോജക്ട്‌ തയ്യാറാക്കി സഹകരണ ബാങ്കുകളോ, ദേശസാൽകൃത ബാങ്കുകളോ വഴി, ബാങ്കിന്റെ പദ്ധതി വിലയിരുത്തൽ റിപ്പോർട്ടു സഹിതം ബോർഡിൽ സമർപ്പിക്കണം. പദ്ധതി തയ്യാറാക്കാൻ സംരഭകരെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരേയും തിരഞ്ഞെടുത്തിട്ടുണ്ട്‌.  ഇപ്രകാരം തിരഞ്ഞെടുത്ത സാങ്കേതിക വിദഗ്ദരുടെ മേൽവിലാസം നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
പദ്ധതി അനുമതി ലഭിച്ചു കഴിഞ്ഞ്‌ ദീർഘകാല വായ്പയുടെ 50% എടുത്തു കഴിഞ്ഞാൽ മൊത്തം സബ്സിഡി തുകയുടെ 50% മുൻകൂറായി ഗുണഭോക്താവിന്റെ വായ്പാ അക്കൗണ്ടിലേയ്ക്ക്‌ സബ്സിഡി റിസർവ്വ്വ്‌ ഫണ്ട്‌ (കരുതൽ ധനം) ആയി നൽകുന്നു. ബാക്കി സബ്സിഡി തുക  യൂണിറ്റ്‌ വിജയകരമായി പൂർത്തിയാക്കി വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുമ്പോൾ വായ്പാബന്ധിത സബ്സിഡിയായി നിക്ഷേപിക്കുന്നു. വായ്പാ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക്‌ സംരഭകർ പലിശ കൊടുക്കേണ്ടതില്ല. പദ്ധതി സമയബന്ധിതമായി യഥാസമയത്ത്‌ പൂർത്തിയാക്കിയാൽ സബ്സിഡി തുക പൂർണമായും വായ്പാ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. അതായത്‌  യഥാസമയം പദ്ധതി പൂർത്തിയായാൽ ദീർഘ  കാല വായ്പയുടെ ചെറിയ ശതമാനം തുകയ്ക്കു മാത്രം സംരംഭകർ പലിശ കൊടുത്താൽ മതി.
നാളികേര ടെക്നോളജി മിഷൻ പദ്ധതിയുടെ ധനസഹായത്തോടെ കരിക്കിൻ വെള്ളം പോളിമെറിക്‌ കവറുകളിലും അലൂമിനിയം കാണുകളിലുമായി സംസ്ക്കരിച്ച്‌ വിപണനം നടത്തുന്ന 20 വ്യവസായ സംരംഭങ്ങൾ കേരളം, തമിഴ്‌നാട്‌, കർണ്ണാടകം, ഗുജറാത്ത്‌, പഞ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്‌, ഒഡീഷ തുടങ്ങിയ 7 സംസ്ഥാനങ്ങളിൽ 33 കോടി രൂപ മുതൽ മുടക്കി നിലവിൽ വന്നു. പ്രതിവർഷം 11.2 കോടി കരിക്ക്‌ സംസ്ക്കരിച്ച്‌ വിപണനം നടത്തുന്നതിനു വേണ്ടിയുള്ള സംസ്ക്കരണ വിപണന കേന്ദ്രങ്ങളും നിലവിൽ വന്നിട്ടുണ്ട്‌. കരിക്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഈ സംരംഭങ്ങൾ കാര്യമായ പങ്ക്‌ വഹിച്ചുവരുന്നു. 
നാളികേര ടെക്നോളജി മിഷൻ പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കപ്പെട്ട മറ്റു രണ്ടു പ്രധാന ഉൽപന്നങ്ങളാണ്‌ ചിരട്ടപ്പൊടിയും, ഉത്തേജിത കരിയും. വളരെ അധികം വ്യവസായിക ആവശ്യകതയുള്ള ഉൽപന്നമാണ്‌ ചിരട്ടപ്പൊടി. ഇത്‌ പ്ലാസ്റ്റിക്ക്‌ വ്യവസായത്തിൽ വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നു. കൃത്രിമ പശകളിലും, മോൾഡിംഗ്‌ ആവശ്യമായ പല സാധനങ്ങളിലും ഇത്‌ ഉപയോഗിക്കുന്നു. കൂടാതെ കീടനാശിനികൾ നേർപ്പിക്കാനും, കൊതുകുതിരി നിർമ്മാണത്തിനും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. പ്രതിവർഷം 3000 ടൺ ചിരട്ടപ്പൊടി ഉത്പാദിപ്പിക്കാൻ കഴിവുള്ള 18 യൂണിറ്റുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി നിലവിൽ പ്രവർത്തിക്കുന്നു.
ചിരട്ടക്കരിയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന മറ്റൊരു മൂല്യവർധിത ഉൽപന്നമാണ്‌ ഉത്തേജിതകരി. വിദേശത്ത്‌ സ്വർണ്ണ ഖാനികളിലെ വാതകം ശുദ്ധീകരിക്കുന്നതിനും, മറ്റുപല വസ്തുക്കളുടെയും ഗന്ധം, നിറം എന്നിവ മാറ്റി ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന, വൻ  കയറ്റുമതി സാദ്ധ്യതയുള്ള ഉൽപന്നമാണ്‌ ചിരട്ടക്കരിയിൽ നിന്നും നിർമ്മിക്കുന്ന ഉത്തേജിത കരി. ചിരട്ട നിയന്ത്രിത വായു കടത്തി കത്തിച്ചു കിട്ടുന്ന ചിരട്ടക്കരി നീരാവി ഉപയോഗിച്ച്‌ പ്രത്യേകതരം ചൂളകളിൽ ഉത്തേജിപ്പിച്ചാണ്‌ ഉത്തേജിത കരി ഉണ്ടാക്കുന്നത്‌. കറങ്ങിക്കൊണ്ടിരിക്കുന്ന ചില പ്രത്യേകതരം ചൂളകളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ഇവയിൽ വച്ച്‌ ചിരട്ടക്കരി നീരാവിയുമായി 900 -11000 സെന്റിഗ്രേഡിൽ പ്രവർത്തിച്ചാണ്‌ ഉത്തേജിതകരി നിർമ്മിക്കുന്നത്‌. ടെക്നോളജി മിഷൻ പദ്ധതിയിലൂടെയുള്ള സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി 22 ഉത്തേജിതകരി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇവ വർഷം തോറും 9600 ടൺ ഉത്തേജിത കരി നിർമ്മിച്ച്‌ അതിൽ ഭൂരിഭാഗവും വിദേശത്തേയ്ക്ക്‌ കയറ്റി അയച്ച്‌ രാജ്യത്തിന്‌ വിദേശ നാണ്യം നേടി തരുന്നു.
കൂടാതെ തൂൾത്തേങ്ങ, വിന്നാഗിരി, നാളികേര ചിപ്സ്‌, പായ്ക്കറ്റിലാക്കി ബ്രാൻഡ്‌ ചെയ്ത ഗുണമേന്മയുള്ള അഗ്മാർക്ക്‌ മുദ്രയോടുകൂടിയ  വെളിച്ചെണ്ണ തുടങ്ങിയ മൂല്യ വർദ്ധിത ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള യൂണിറ്റുകളും ടെക്നോളജി മിഷൻ പദ്ധതി വഴിയുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തി നിലവിൽ വന്നിട്ടുണ്ട്‌. മേൽ പറഞ്ഞ ഉൽപന്നങ്ങൾ കൂടാതെ തെങ്ങിന്റെ വിടരാത്ത പൂങ്കുലയിൽ നിന്നും ചെത്തിയെടുക്കുന്ന പേക്ഷകസമൃദ്ധമായ നീരയും, നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളും വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ടെക്നോളജി മിഷൻ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നീര അണുവിമുക്തമാക്കി സംസ്ക്കരിച്ച്‌ പാക്ക്‌ ചെയ്ത്‌ ബ്രാന്റ്‌ ചെയ്ത്‌ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള നീര പ്ലാന്റ്‌ സ്ഥാപിക്കുന്നതിനും ടെക്നോളജി മിഷൻ പദ്ധതി വഴി സാമ്പത്തിക സഹായം നൽകി വരുന്നു. നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ പ്രവൃത്തിക്കുന്ന തൃത്താല കർഷക കൂട്ടായ്മയിലെ ഏറ്റവും മുകളിലെ തട്ടിൽ പ്രവൃത്തിക്കുന്ന നാളികേര ഉൽപാദക കമ്പനികൾക്കാണ്‌ ഇത്തരം പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ ധനസഹായം നൽകി വരുന്നത്‌.
 ഇതിനകം കൊല്ലം ജില്ലയിൽ പ്രവൃത്തിക്കുന്ന കൈപ്പുഴ നാളികേര ഉൽപാദക കമ്പനിയ്ക്കും, ആലപ്പുഴ ജില്ലയിലെ കറപ്പുറം നാളികേര ഉൽപാദക കമ്പനിക്കും ഇപ്രകാരമുള്ള നീര സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ ടെക്നോളജിമിഷൻ  പദ്ധതിയിൽ അംഗീകാരം നൽകി.  കൈപ്പുഴ നാളികേര ഉൽപാദക കമ്പനിയുടെ ദിവസം 10,000 ലിറ്റർ നീര സംസ്ക്കരിക്കാവുന്ന ഇൻഡ്യയിലെ പ്രഥമ നീര പ്ലാന്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുലരി 26-​‍ാം തീയതി നിർവഹിക്കുകയുണ്ടായി. ഈ പ്ലാന്റിന്‌ നാളികേര വികസന ബോർഡിന്റെ ടെക്നോളജി മിഷൻ പദ്ധതി വഴി 50 ലക്ഷം രൂപ സബ്‌ സിഡിയായി അനുവദിച്ചു.  അതായത്‌ നാളികേര ടെക്നോളജി മിഷൻ പദ്ധതിയുടെ ഇതുവരെയുള്ള നേട്ടങ്ങൾ പരിശോധിച്ചാൽ, മിഷൻ ലക്ഷ്യമിട്ടിരുന്ന പോലെ നാളികേര വ്യവസായ മേഖല ശക്തിപ്പെടുത്താൻ ഒരു നല്ല തുടക്കം നൽകാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്‌. നാളികേര സംസ്ക്കരണ മേഖലയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ്‌ മുതൽ മുടക്കി വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന്‌ ഇനിയും കൂടുതൽ സംരഭകർ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

21 Feb 2015

ഉത്പാദക സംഘങ്ങളിലൂടെ


ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

വരു.... രൂപീകരിക്കാം നാളികേര ഉത്പാദകസംഘങ്ങൾ നാളികേരത്തിന്റെ നല്ല ഭാവിക്കായ്‌. കേരളീയരുടെ ദേവവൃക്ഷമായ തെങ്ങിന്റെ രക്ഷയ്ക്കായ്‌ നാടെങ്ങും കേരകർഷക കൂട്ടായ്മകൾ നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ രൂപം കൊണ്ട്‌ വരുകയാണല്ലോ. വർഷങ്ങളായി കേരകൃഷി ചെയ്യുന്ന കേരകർഷകർക്കില്ലായിരുന്ന ഒരു ജനകീയ അടിത്തറ പലസ്ഥലങ്ങളിലും വേരുപിടിച്ചു വരുന്നു. വിവിധ ചിന്താഗതിക്കാരും, രാഷ്ട്രീയ പാർട്ടിക്കാരും, സാമ്പത്തിക ചുറ്റുപാടുള്ളവരുമായ കേരകർഷകരുടെ കൂട്ടായ്മ രൂപീകരിച്ച്‌ അവയെ സുസ്ഥിരത കൈവരിക്കുന്നതുവരെ നടത്തികൊണ്ടു പോകുക എന്നത്‌ വളരെ ശ്രമകരമായ കാര്യമാണ്‌. തട്ടുതട്ടുകളായി ചിതറി കിടക്കുന്ന പരിമിത സ്ഥലത്തുള്ള വീട്ടു വളപ്പിലെ തെങ്ങുകൃഷിയാണ്‌ നമ്മുടെ നാട്ടിൽ അധികവും. കർഷക കൂട്ടായ്മയിലൂടെ മാത്രമേ ഭാവിയിൽ ഇത്തരം ചെറുകിട - പരിമിത കർഷകരുടെ തെങ്ങിൽ നിന്നു വരുമാനം പരമാവധി ഉയർത്തുവാനും, ഉൽപാദന ക്ഷമത വർദ്ധന ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിയുകയുള്ളു എന്ന സത്യം നാമിനിയും വിസ്മരിച്ചു കൂട.
കേരകർഷകരുടെ പൊതുസാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആവശ്യങ്ങൾക്കും, അഭിലാഷങ്ങൾക്കും കൂട്ടായ ഉടമസ്ഥതയിലും, ജനാധിപത്യ നിയന്ത്രണത്തിലും നടത്തുന്ന സംരംഭങ്ങളിലൂടെ സാധിക്കാൻ സ്വമേധയാ രൂപീകരിക്കുന്ന സ്വതന്ത്ര സംഘടനയായിരക്കണം നാളികേരോൽപാദക സംഘങ്ങൾ. കേരകർഷക കൂട്ടായ്മയുടെ താഴെതട്ടിൽ പ്രവർത്തിക്കുന്ന അടിസ്ഥാന ഘടകമാണ്‌ നാളികേര ഉൽപാദക സംഘങ്ങൾ. ഒരു ഉത്പാദക സംഘം എന്നാൽ 50 - 100 കേര കർഷകർ. അവരുടെ ഉടമസ്ഥതയിലുള്ള 15 - 20 ചെറുസംഘങ്ങൾ ചേർന്ന്‌ കൂട്ടായ്മയുടെ മദ്ധ്യഘടകമായി പ്രവർത്തിക്കുന്ന ഫെഡറേഷനുകളും, 10 ഫെഡറേഷനുകൾ ചേർന്ന്‌ ഒരു കേരഉൽപാദന കമ്പനിയും രൂപം കൊണ്ടുവരുന്നു. അതായത്‌ ഒരു കമ്പനിയുടെ കീഴിൽ 10 ലക്ഷത്തോളം തെങ്ങുകളുണ്ടാവും. ഇപ്രകാരം മൂന്നു തട്ടിൽ പ്രവൃത്തിക്കുന്ന ജനാധിപത്യ നിയന്ത്രണത്തിലുള്ള കർഷക സംഘങ്ങൾ നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ രൂപീകരിച്ചു വരുന്നു. ഇനിയും തൽപറയായ കേരകർഷകർ പുതിയ പുതിയ സംഘങ്ങൾ രൂപീകരിച്ച്‌ ഈ കർഷക കൂട്ടായ്മയായി കൂട്ടായ്മ ശക്തമാക്കാൻ കടന്നു വരുന്നു. ഇതിനകം 5784 കേരകർഷകസംഘങ്ങളും 311 ഫെഡറേഷനുകളും 15 കമ്പനികളും രൂപീകരിച്ചു കഴിഞ്ഞു. വരും കാലങ്ങളിൽ ഈ കൂട്ടായ്മകൾ ശക്തിയാർജ്ജിച്ച്‌ ഒത്തൊരുമയോടെ പ്രവൃത്തിച്ചാൽ മാത്രമെ കൽപവൃക്ഷത്തെ ഉയർന്ന വരുമാനം തരുന്ന ഒരു ദേവവൃക്ഷമായി ഭാവിയിൽ നിലനിർത്താൻ കഴിയു.
വ്യക്തി സമൂഹത്തിനും, സമൂഹം വ്യക്തിക്കും, പരസ്പര സഹായത്തിലൂടെ സ്വശ്രയത്വം എന്നീ പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിലൂടെ പടുത്തുയർത്തിയ സാമൂഹിക സാമ്പത്തിക സംരംഭമായി ഭാവിയിൽ കേരകർഷക കൂട്ടായ്മ മാറണം. എങ്കിൽ മാത്രമേ ഈ കൂട്ടായ്മയിൽ അർപ്പിതമായിരിക്കുന്ന കേരകൃഷിയുടെയും അതിനോടനുബന്ധപ്പെട്ട വ്യവസായങ്ങളുടെയും സമഗ്രവികസനം കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലൂടെ സാദ്ധ്യമാകൂ. കേരകർഷകരുടെ പൊതു സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും കൂട്ടായ ഉടമസ്ഥതയിലും, ജനാധിപത്യ നിയന്ത്രണത്തിലും നടത്തുന്ന സംരംഭങ്ങളിലൂടെ സാധിക്കുവാൻ സ്വമേധയ രൂപീകരിക്കുന്ന സ്വതന്ത്ര സംഘടനയായിരിക്കണം ഈ കർഷക കൂട്ടായ്മകൾ.
ലോകത്ത്‌ ആദ്യമായി കൂട്ടായ്മ ഉടലെടുത്തത്‌ 1954ൽ ഇംഗ്ലണ്ടിലാണ്‌. ഇംഗ്ലണ്ടിലെ റോച്ച്ഡെയിൽ എന്ന സ്ഥലത്തെ വ്യവസായിക വിപ്ലവത്തിന്റെ ഫലമായി ജോലി നഷ്ടപ്പെട്ട ഒരു കൂട്ടം പാവപ്പെട്ട നെയ്ത്ത്‌ തൊഴിലാളികൾ കൂട്ടുകൂടി അവർക്ക്‌ ആവശ്യമായ ആഹാരം വിതരണം ചെയ്യുന്നതിനായി രൂപം കൊണ്ടതാണ്‌ ലോകത്തെ ആദ്യത്തെ കൂട്ടായ്മ അഥവാ സംഘം. കൂട്ടായ്മ എന്ന ഈ ആശയം ആദ്യം രൂപം കൊണ്ടത്‌ സഹകരണ പ്രസ്താനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്ന റോബർട്ട്‌ ഓവൻ എന്ന മഹാനിലാണ്‌. അദ്ദേഹം വിഭാവന ചെയ്ത സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും പാതയിലൂടെ പരസ്പര സഹായത്തിലൂടെ സ്വാശ്രയത്വം എന്ന ആശയത്തിലധിഷ്ഠിതമായ പ്രവർത്തനമാണ്‌ കൂട്ടായ്മകളുടെ വിജയത്തിനാധാരം.
വീട്ടുവളപ്പിലെ ചുരുങ്ങിയ സ്ഥലത്ത്‌ തെങ്ങുകൃഷി ചെയ്യുന്ന ചെറുകിട പരിമിത കർഷകരാണ്‌ കേരളത്തിലെ ഭൂരിഭാഗം കേര കർഷകരും. പത്തുതെങ്ങുകളുള്ള കൂലി വേലക്കാരനും, വിദേശത്തു നിന്നു മടങ്ങിവന്ന പ്രവാസികളും, സർക്കാർ ഉദ്യോഗസ്ഥരുമെല്ലാ മടങ്ങുന്നതാണ്‌ കേരകർഷകർ. വ്യത്യസ്ത മനോഭാവവും താൽപര്യവുമുള്ള ഇവരെ ഒരുമിച്ച്‌ കൊണ്ടുപോയി കൂട്ടായ പ്രവർത്തനങ്ങളിലൂടെ കേര വികസനം സാദ്ധ്യമാകണമെങ്കിൽ സഹകരണ മൂല്യങ്ങൾ ഉൾകൊണ്ട്‌ പ്രവൃത്തിക്കുന്ന ഒരു ശക്തമായ നേതൃത്വവും, അംഗങ്ങളുടെ നിസ്വർത്ഥമായ പ്രവൃത്തനവും അത്യാവശ്യമാണ്‌. ഏതൊരു കൂട്ടായ്മ പ്രസ്ഥാനത്തിന്റെയും നിലനിൽപ്പിനേയും, നടത്തിപ്പിനേയും നിയന്ത്രിക്കുന്ന ഒരു കൂട്ടം ചട്ടങ്ങളാണ്‌ സഹകരണ തത്വങ്ങൾ. ഈ തത്വങ്ങൾ ഇല്ലെങ്കിൽ പ്രസ്ഥാനത്തിന്‌ തനതായ ഒരു തിരിച്ചറിവോ നിലനിൽപ്പോ ഉണ്ടാവുകയില്ല. ഈ തത്വങ്ങൾ കളാൺതരത്തിൽ രൂപം പ്രാപിച്ചവയും, ലോകമനസാക്ഷി പൊതുവേ അംഗീകരിച്ചതുമാണ്‌.
ഏതൊരു കൂട്ടായ്മയുടെ നിലനിൽപ്പിനെയും നടത്തിപ്പിനെയും നിയന്ത്രിക്കുന്ന, ലോക മനഃസാക്ഷി അംഗീകരിച്ച തത്വങ്ങൾ ഇവയാണ്‌.
*    തുറന്നതും സ്വമേധയാ ഉള്ളതുമായ  അംഗത്വം.
*    അംഗങ്ങളുടെ ജനാധിപത്യ  നിയന്ത്രണം.
*    അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തം.
*    സ്വയംഭരണവും സ്വാതന്ത്രവും.
*    സഹകരണ വിദ്യഭ്യാസവും,
    വിജ്ഞാനവും പരിശീലനവും
*    സംഘങ്ങൾ തമ്മിലുള്ള സഹകരണം.
*    സാമൂഹ്യ പ്രതിബനദ്ധത
നാളികേര ഉൽപാദക സംഘങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക്‌ ഈ തത്വങ്ങൾ ഉൾക്കൊണ്ട്‌ ഓരോ അംഗങ്ങളും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ നാളികേര മേഖലയിൽ സുസ്ഥിരമായ വികാസം സാദ്ധ്യമാകൂ. ഈ സത്യം മനസ്സിലാക്കി കേരകർഷകരുടെ കൂട്ടായ്മകൾ രൂപീകരിച്ച്‌ അവരിലൂടെ പൂർണ്ണമായ കർഷക പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പിലാക്കുവാനും നാളികേര വികസന ബോർഡ്‌ തുടക്കമിട്ടു കഴിഞ്ഞു. കഴിഞ്ഞ 3 വർഷമായി തൃത്താല സംവിധാനത്തിൽ പ്രവൃത്തിക്കുന്ന  കമ്പനികളും, അതിനു താഴെയായി 10 മുതൽ 12 ചെറുസംഘങ്ങൾ ചേർന്ന്‌ നാളീകേര ഉൽപാദന ഫെഡറേഷനുകളും, ഏറ്റവും താഴെ തട്ടിലായി നാളികേര ഉൽപാദക സംഘങ്ങളും നിലവിൽ വന്നു കഴിഞ്ഞു. ഇനിയും കൂടുതൽ കൂടുതൽ കർഷകർ സംഘടിച്ച്‌ വിവിധ ജില്ലകളിൽ കൂടുതൽ ഉൽപാദക സംഘങ്ങും, ഫെഡറേഷനുകളും, കമ്പിനികളും രൂപം കൊടുക്കേണ്ടിയിരിക്കുന്നു.
ഓരോ പ്രദേശത്തേയും ജനസമൂഹത്തിന്റെ ആവശ്യങ്ങൾ ഉൾകൊണ്ട്‌ അവയുടെ സങ്കീർണ്ണതയും പ്രദേശികമായ പ്രത്യേകതകളും തിരിച്ചറിഞ്ഞു വേണം പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യുവാൻ. പ്രാദേശികമായ പ്രത്യേകതകളും പ്രവർത്തനങ്ങളും അതായത്‌ കേരകർഷകർ ഉത്പാദക കമ്പനികളുടെ കീഴിൽ തൃത്താല സംവിധാനത്തിൽ സംഘടിക്കുക വഴി കുത്തകകളുടെ ചൂഷണത്തിൽ നിന്നും രക്ഷ നേടുവാനും ഉത്പാദന സംഘങ്ങളിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നാളികേരത്തിന്‌ ന്യായമായ വില ഉറപ്പുവരുത്തുവാനും കഴിയും. 50 - 100 കർഷകരും അവരുടെ ഉടമസ്ഥതയിൽ 5000 തെങ്ങുകളുമാണ്‌. ഇത്തരത്തിലുള്ള 10- 15 സംഘങ്ങൾ ചേർന്ന്‌ ഫെഡറേഷുകളും, പത്തു ഫെഡറേഷനുകൾ ചേരുമ്പോൾ ഒരു കമ്പിനിയും രൂപം കൊള്ളുന്നു. അതായത്‌ ഒരു കമ്പിനിയുടെ കീഴിൽ ഏകദേശം 10 ലക്ഷം തെങ്ങുകളുണ്ടാവും.
ഒരു തെങ്ങിൽ നിന്ന്‌ ഒരു ഇടീലിന്‌ ഒരു നാളികേരം എന്ന നിലയിൽ ഓഹരി മൂലധനം ഓരോ കർഷകരും നൽകിയാൽ 10 ലക്ഷം തെങ്ങുകളിൽ നിന്ന്‌ വർഷത്തിൽ 6 പ്രാവശ്യം വിളവെടുത്താൽ തന്നെ 60 ലക്ഷം നാളികേരം ലഭിക്കും. ഇന്നത്തെ വിലയ്ക്ക്‌, പതിനഞ്ചു രൂപാ നിരക്കിൽ 9 കോടി രൂപ ഓഹരി മൂലധനമായി കമ്പനികൾക്ക്‌ സമാഹരിക്കാൻ കഴിയും. അംഗങ്ങൾ ഓരോരുത്തരും അവരവരുടെ തെങ്ങുകളുടെ എണ്ണത്തിനനുസരിച്ച്‌ ഓഹരി എടുത്ത്‌ സാമ്പത്തിക ഭദ്രതയിൽ പാങ്കളികളായെങ്കിൽ മാത്രമേ ഈ തൃത്താല കൂട്ടായ്മ സുസ്ഥിരമായി നിലനിൽക്കുകയുള്ളു
ഇങ്ങനെ മൂന്നു തലത്തിൽ വളർന്നു വരുന്ന കൂട്ടായ്മകൾ തമ്മിൽ ദൃഢമായ ബന്ധവും വ്യക്തമായ പ്രവർത്തിമേഖലകളും വേണം. സംഘങ്ങൾ തമ്മിലുള്ള സഹകരണം എന്ന തത്വം ഉൾക്കൊണ്ട്‌ വേണം തൃത്താലസംഘങ്ങൾ പ്രവർത്തിക്കാൻ. ഓരോ തലത്തിലുള്ള സംഘങ്ങളുടെ പ്രവർത്തന മേഖലകൾ ഓരോ വർഷവും പൊതുയോഗത്തിൽ വിലയിരുത്തി നിശ്ചയിച്ച്‌ വേണം പ്രവർത്തനങ്ങൾ തുടങ്ങാൻ. വില്ലേജ്‌ തലത്തിൽ പ്രവർത്തിക്കുന്ന നാളികേര ഉൽപാദക സംഘങ്ങൾക്ക്‌ തെങ്ങിൽ നിന്നുള്ള ഉൽപാദനക്ഷമത പരമാവധി വർദ്ധിപ്പിക്കുന്നതിനുള്ള, അതുപോലെത്തന്നെ ഓരോ പ്രദേശത്തേക്ക്‌ യോജിച്ച ഇടവിള കൃഷി ചെയ്ത്‌ കർഷകന്റെ വരുമാനം പരമാവധി ഉയർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്‌ കൂട്ടായി നടപ്പിലാക്കാൻ ശ്രമിക്കണം. മദ്ധ്യതലത്തിൽ പ്രവർത്തിക്കുന്ന ഫെഡറേഷനുകൾ, ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്യൽ, തേങ്ങായും, കൊപ്രായും സംഭരിച്ച്‌ വിപണനം, എന്നിവയിൽ ശ്രദ്ധിക്കണം. ഫെഡറേഷൻ തലത്തിൽ കർഷകരുടെ ഒരു വിപണി രൂപീകരിച്ചാൽ ഫെഡറേഷന്റെ പരിധിയിൽ വരുന്ന കർഷകരുടെ ഉൽപന്നങ്ങൾ സംഭരിച്ച്‌ വിപണനം നടത്തി കർഷകർക്ക്‌ ന്യായമായ വില ഉറപ്പു വരുത്താൻ കഴിയും. എന്നാൽ മുകളിലെത്തട്ടിൽ പ്രവർത്തിക്കുന്ന കമ്പനികൾ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉൽപാദനത്തിലും വിപണനത്തിലും ശ്രദ്ധകേന്ദ്രീകരിക്കണം. ഇപ്രകാരം ഓരോ തലത്തിലേയും കൂട്ടായ്മകളുടെ പങ്ക്‌ വ്യക്തമായി നിർവചിക്കപ്പെട്ടുവേണം പ്രവർത്തനങ്ങൾ നടത്താൻ.
പ്രബുദ്ധരായ അംഗങ്ങളും, കഴിവുള്ള കാര്യനിർവഹണ ഉദ്യോഗസ്ഥരും, അർപ്പണ മനോഭാവമുള്ള ഭരണസമിതിയും ചേരുന്നതാണ്‌ സംഘങ്ങൾ. ഇതിൽ ഭരണസമിതിയാണ്‌ ഏറ്റവും പ്രധാന ഘടകം. കേരകർഷക കൂട്ടായ്മകളിലും നേതൃത്വംകൊടുക്കുന്ന ഭരണസമിതി തന്നെയാണ്‌ വിവിധ തലങ്ങളിലെ പ്രധാന ഘടകം. ഈ കൂട്ടായ്മകളുടെ നിലനിൽപ്പും, ഭാവി പ്രവർത്തനങ്ങളും ഭരണസമിതി അംഗങ്ങൾ ഓരോരുത്തരും എത്ര ഇച്ഛാശക്തിയോടും, കൂട്ടുത്തരവാദിത്വത്തോടും, പ്രവർത്തിക്കുന്നുവോ അതനുസരിച്ചിരിക്കും അതാവും കേരകൃഷിയുടെയും ഭാവി.

22 Sept 2013

ജൈവവളം മാത്രം പോരേ?


ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്കുവാൻ ശേഷിയുള്ള മിത്രസൂക്ഷ്മ ജീവികൾ ജൈവാംശമുള്ള മണ്ണിലേ വളരുകയുള്ളൂ. അതായത്‌ ജൈവാംശമില്ലാത്ത മണ്ണിൽ മിത്ര സൂക്ഷ്മജീവികൾ ഉണ്ടാവുകയില്ല. ഇപ്രകാരമുള്ള ജീവനില്ലാത്ത മണ്ണിൽ രാസവളം ചേർത്താൽ ഒരു പ്രയോജനവും ലഭിക്കുകയില്ല എന്ന്‌ നാം ആദ്യം മനസ്സിലാക്കണം.
വളരെയധികം ഊർജ്ജദായക വസ്തുക്കൾ തരുന്ന തെങ്ങ്‌ മണ്ണിൽ നിന്ന്‌ വളരെയധികം പോഷകമൂലകങ്ങൾ ഇതിനായി വലിച്ചെടുക്കുന്ന ഒരു വിളയാണെന്ന സത്യം നാം ആദ്യം മനസ്സിലാക്കണം. നമുക്ക്‌ തേങ്ങയായും ചിരട്ടയായും വെളിച്ചെണ്ണയായും മറ്റും തരുന്ന ഊർജ്ജത്തിന്‌ തത്തുല്യമായ ഊർജ്ജം വളമായി തെങ്ങിൻ തടത്തിൽ ചേർത്തുകൊടുത്തെങ്കിൽ മാത്രമേ തെങ്ങിൽ നിന്ന്‌ സുസ്ഥിരമായി കൂടിയ വിളവ്‌ ലഭിക്കുകയുള്ളൂ. അതായത്‌ വർഷങ്ങളായി കൃഷി ചെയ്യുന്ന നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തോട്ടങ്ങളിലെ പുനരുജ്ജീവനത്തിന്‌ നാം ആദ്യമായി മുൻഗണന കൊടുക്കേണ്ടത്‌ ചിട്ടയായ ജൈവവളപ്രയോഗത്തിലൂടെ മണ്ണിലെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്നതിനാണ്‌. കൂടിയ അളവിൽ ജൈവവളം ചേർക്കാൻ സൗകര്യമുള്ള കർഷകർ ജൈവവളം മാത്രം ചേർത്താലും മതി. ജൈവവളം മാത്രം ചേർത്തുകൊണ്ട്‌ വർഷംതോറും 100ൽ കൂടുതൽ നാളികേരം ലഭിക്കുന്നുണ്ടെങ്കിൽ അതുതന്നെ തുടരുന്നതാണ്‌ ഉത്തമം. എന്നാൽ കാറ്റുവീഴ്ച രോഗം ബാധിച്ച്‌ ഉത്പാദനക്ഷമത തീരെക്കുറഞ്ഞ തെങ്ങുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ജൈവവളത്തോടൊപ്പം രാസവളവും ശുപാർശ അനുസരിച്ച്‌ ചേർക്കേണ്ടതായി വരും. രാസവളം ചേർക്കുന്നെങ്കിൽ ശരിയായി ജൈവവളം ചേർത്തതിനുശേഷം ശരിയായ തോതിൽ, ശരിയായ രീതിയിൽ മണ്ണിൽ ചേർത്തുകൊടുത്തെങ്കിൽ മാത്രമേ അതുകൊണ്ടുള്ള പ്രയോജനം തെങ്ങിന്‌ ലഭിക്കുകയുള്ളൂ.
ഇനി ജൈവവളം തെങ്ങിൻ തടത്തിൽ ചേർക്കുമ്പോൾ എന്തുസംഭവിക്കും എന്ന്‌ നോക്കാം. ജൈവവളങ്ങളിൽ എല്ലാം തന്നെ തെങ്ങിനാവശ്യമായ പോഷകമൂലകങ്ങൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്‌.  ഈ പോഷക മൂലകങ്ങൾ രാസവളങ്ങളിലേപ്പോലെ പെട്ടെന്ന്‌ മണ്ണിൽ നിന്ന്‌ നഷ്ടമാവുന്നില്ല. നേരെമറിച്ച്‌ ഇവ ദീർഘകാലം തെങ്ങിൻ തടത്തിൽ തങ്ങിനിൽക്കുകയും ദീർഘകാലം ചെറിയ അളവിൽ ലഭ്യമാവുകയും ചെയ്യുന്നു. തെങ്ങിനെപ്പോലെയുള്ള ഒരു ദീർഘകാലവിളയുടെ പുനരുജ്ജീവനത്തിന്‌ ദീർഘകാലം മണ്ണിൽ പോഷകമൂലകങ്ങൾ നിലനിർത്തുവാൻ കഴിവുള്ള ജൈവവളങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു.
ജൈവവളം ചേർക്കുമ്പോൾ മണ്ണിന്റെ ഘടന മെച്ചപ്പെടുകയും മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിന്‌ ആക്കം കൂടുകയും ചെയ്യുന്നു. അതായത്‌ ചെളിമണ്ണിൽ ജൈവവളം ചേർക്കുമ്പോൾ മണ്ണിന്റെ ഘടന മെച്ചപ്പെടുകയും മണ്ണിൽ കൂടുതൽ വായൂ സഞ്ചാരം ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ തന്നെ മണൽ മണ്ണിൽ ജൈവവളം ചേർക്കുമ്പോൾ മൺതരികളെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയും മണ്ണിൽ ജലത്തെ പിടിച്ചുനിർത്താനുള്ള കഴിവ്‌ കൂടുകയും ചെയ്യുന്നു. കൂടാതെ പോഷകമൂലകങ്ങൾ മണ്ണിലൂടെ അരിച്ചിറങ്ങി വെള്ളത്തിൽക്കൂടി നഷ്ടപ്പെടാതെ പിടിച്ചുനിർത്തുന്നതും ജൈവവളങ്ങളാണ്‌.
വർഷങ്ങളായി തെങ്ങുകൃഷി ചെയ്തുവരുന്ന നമ്മുടെ നാട്ടിലെ മണ്ണുകളിൽ പൊട്ടാസ്യം, മഗ്നീഷ്യം, ക്ലോറിൻ, നൈട്രജൻ എന്നീ പോഷകമൂലകങ്ങളുടെ കുറവ്‌ സാധാരണ കണ്ടുവരാറുണ്ട്‌. ഈ കുറവ്‌ വളപ്രയോഗത്തിലൂടെ പരിഹരിച്ചില്ലെങ്കിൽ തെങ്ങിന്റെ ഉത്പാദനക്ഷമതയും ഗണ്യമായികുറയും. ഓരോ വർഷവും നല്ല ആരോഗ്യമുള്ള 100 തേങ്ങ തരുന്ന ഒരു തെങ്ങ്‌ 406 ഗ്രാം ക്ഷാരവും (പൊട്ടാസ്യം), 321 ഗ്രാം നൈട്രജനും, 72 ഗ്രാം മഗ്നീഷ്യവും മണ്ണിൽ നിന്ന്‌ ആഗിരണം ചെയ്യുന്നുണ്ടെന്നാണ്‌ കണക്ക്‌. അതുകൊണ്ട്‌ മണ്ണിന്റേയും തെങ്ങിന്റെയും  ആരോഗ്യം നിലനിർത്തണമെങ്കിൽ വളപ്രയോഗത്തിലെ ഈ കുറവും നികത്തിയേ മതിയാകൂ.
ഇനി തെങ്ങിന്‌ ചേർക്കേണ്ട ജൈവവളങ്ങൾ ഏതൊക്കെയാണെന്ന്‌ നോക്കാം. തെങ്ങുകൃഷിയിൽ ഏറ്റവുമധികം ചെലവ്‌ വരുന്നത്‌ വളപ്രയോഗത്തിനാണ്‌. വളപ്രയോഗം വേണ്ടരീതിയിൽ ചെയ്താൽ മാത്രമേ അതിൽ അടങ്ങിയിരിക്കുന്ന പോഷക മൂലകങ്ങൾ തെങ്ങിന്‌ ലഭിക്കുകയുള്ളൂ. തെങ്ങിന്റെ ചുവട്ടിൽ നിന്ന്‌ 1.8 മീറ്റർ വ്യാസാർദ്ധത്തിൽ തടമെടുത്ത്‌ മണ്ണിൽ ഈർപ്പമുള്ളപ്പോൾ വേണം ജൈവവളങ്ങൾ ചേർത്തുകൊടുക്കാൻ.
പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവ്വികർ തെങ്ങിന്‌ ചേർത്തിരുന്നത്‌ നാടൻ ചാണകം, ചാരം, കറിയുപ്പ്‌ എന്നീ വളങ്ങളായിരുന്നു. എന്നാൽ മണ്ണിൽ പോഷകമൂലകങ്ങളുടെ അളവ്‌ തീരെക്കുറഞ്ഞ ഇന്നത്തെ അവസ്ഥയിൽ ഈ വളങ്ങൾ കൂടിയ അളവിൽ   ചേർത്താൽ മാത്രമേ തെങ്ങിന്‌ ആവശ്യമായ പോഷകമൂല്യങ്ങൾ ലഭ്യമാകൂ. തെങ്ങിൽ നിന്നും കിട്ടുന്ന അവശിഷ്ടങ്ങളായ തെങ്ങിന്റെ ഓല, പൂക്കുലത്തണ്ട്‌, ചൂട്ട്‌, കൊതുമ്പ്‌, മടൽ, തൊണ്ട്‌, ചകിരിച്ചോറ്‌, കമ്പോസ്റ്റ്‌, ഓലയിൽ നിന്നുള്ള മണ്ണിര കമ്പോസ്റ്റ്‌ തുടങ്ങിയവ തന്നെയാണ്‌ തെങ്ങിന്‌ ഏറ്റവും യോജിച്ച ജൈവവളങ്ങൾ. ഇവയിൽ തെങ്ങ്‌ ഓരോ വർഷവും മണ്ണിൽ നിന്ന്‌ വലിച്ചെടുക്കുന്ന പോഷകമൂലകങ്ങൾ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്‌.  അതുകൊണ്ട്‌ ഇവ തിരികെ തെങ്ങിൻ തടത്തിലേയ്ക്ക്‌ ജൈവവളമായി ചേർത്തുകൊടുക്കാവുന്നതാണ്‌. കൂടാതെ ഓലയും, തൊണ്ടും തെങ്ങിൻ തടത്തിൽ നിന്ന്‌ ജലാംശം നഷ്ടപ്പെടാതിരിക്കുവാൻ പുതയിടാനും ഉപയോഗിക്കാവുന്നതാണ്‌.  തെങ്ങിൻ തൈ നടുമ്പോൾ കുഴിയുടെ അടിഭാഗത്തായി രണ്ടുവരി തൊണ്ട്‌  മലർത്തിയടുക്കുന്നത്‌ വളരെ നല്ലതാണ്‌. കൂടാതെ രണ്ടുവരി തെങ്ങുകൾക്കിടയിലായി അരമീറ്റർ വീതിയിലും, ഒന്നരയടി താഴ്ച്ചയിലും ചാലുകീറി അതിൽ തൊണ്ടുമലർത്തി അടുക്കി മൂടുന്നത്‌ തെങ്ങിൻ തോട്ടങ്ങളിലെ ജലാശം നിലനിർത്തുന്നതിനും, വളക്കൂറ്‌ കൂട്ടുന്നതിനും വളരെ നല്ലതാണ്‌. തൊണ്ടിൽ തെങ്ങിൻ​‍്‌ ഏറ്റവും അധികം ആവശ്യമായ പൊട്ടാഷ്‌ എന്ന പോഷക മൂലകം കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്‌. ഇത്‌ കൂടുതൽ കാലം മണ്ണിൽ നിലനിൽക്കുകയും തുടർച്ചയായി തെങ്ങിന്‌ ലഭിക്കുകയും ചെയ്യുന്നു.  അതായത്‌ 100 തൊണ്ടിന്‌ ഏകദേശം 1 കി. ഗ്രാം പൊട്ടാഷ്‌ എന്ന പോഷകമൂലകം മൂന്നും നാലും വർഷം തെങ്ങിന്‌ നൽകുവാൻ കഴിവുണ്ട്‌. കൂടാതെ മറ്റ്‌ പോഷകമൂലകങ്ങളും ചെറിയ തോതിൽ തൊണ്ടിൽ നിന്ന്‌ ലഭ്യമാകുന്നു.
കമ്പോസ്റ്റ്‌ ചെയ്ത ചകിരിച്ചോറാണ്‌ തെങ്ങിന്‌ ചേർക്കാൻ പറ്റിയ മറ്റൊരു ജൈവവളം. ഇതിലും തെങ്ങിൻ ചുവട്ടിൽ ഏറ്റവും കൂടുതൽ ആവശ്യമായ പൊട്ടാഷ്‌ മറ്റു ജൈവവളങ്ങളെ അപേക്ഷിച്ച്‌ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്‌. ചകിരിച്ചോറ്‌ പ്ലൂറോട്ടസ്‌ സാജർ കാജു എന്ന കുമിളും യൂറിയയും ചേർത്ത്‌ ജീർണ്ണിപ്പിച്ച്‌ കമ്പോസ്റ്റാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചിട്ടുണ്ട്‌. ഒരു ടൺ ചകിരിച്ചോറ്‌ ജൈവവളമാക്കി മാറ്റുവാൻ 5 കുപ്പി കുമിളും, 5 കി.ഗ്രാം യൂറിയായും വേണം. ആദ്യമായി തണലുള്ള സ്ഥലത്ത്‌ ഒരു പോളിത്തീൻ ഷീറ്റ്‌ വിരിക്കുക. അതിലേയ്ക്ക്‌ 10 കി. ഗ്രാം ചകിരിച്ചോറ്‌ 10 സെ. മി. കനത്തിൽ വിതറുക. പിന്നീട്‌ അതിനുമുകളിൽ ഒരു കുപ്പി കുമിൾ (പിത്ത്പ്ലസ്‌) വിതറുക. അതിനുശേഷം വീണ്ടും 100 കി.ഗ്രാം ചകിരിച്ചോറ്‌ നിരത്തുക, അതിന്‌ മുകളിൽ ഒരു കി.ഗ്രാം യൂറിയ വിതറുക . ഇങ്ങനെ ഓരോ അട്ടി ചകിരിച്ചോറിന്‌ മീതെ യൂറിയയും കുമിളും മാറിമാറി വിതറുക. ഇപ്രകാരം ഒരു മീറ്റർ ഉയരത്തിൽ കൂട്ടിയിടുക. ഇടയ്ക്കിടക്ക്‌ വെള്ളം മുകളിൽ തളിച്ച്‌ കൊടുക്കണം. ഏകദേശം 45 ദിവസം കൊണ്ട്‌ ചകിരിച്ചോറ്‌ കമ്പോസ്റ്റായി മാറിക്കിട്ടും. ഈ കുമിൾ (പിത്ത്പ്ലസ്‌) ലഭിക്കുന്നതിന്‌ ഡയറക്ടർ, സേൻട്രൽ കയർ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടുമായോ (0477-22558480), വെള്ളായണി കാർഷിക കോളേജുമായോ  (0471-2381002) ബന്ധപ്പെടുക.
പച്ചിലവളം ചേർക്കൽ, തെങ്ങിൻ തടത്തിലെ ജൈവാംശം വർദ്ധിപ്പിക്കാൻ പറ്റിയ മാർഗ്ഗമാണ്‌. മഴക്കാലാരംഭത്തോടുകൂടി തെങ്ങിൻ തടത്തിലും ഇടസ്ഥലങ്ങളിലും പച്ചിലവളച്ചെടികൾ വളർത്തി മഴക്കാലത്തോടുകൂടി തടത്തിൽ വെട്ടിയിട്ട്‌ മൂടുക. കിലുക്കി,ദെയിഞ്ച, ചണമ്പ്‌ തുടങ്ങിയവ ഇപ്രകാരം തെങ്ങിന്‌ ചേർത്തുകൊടുക്കുവാൻ യോജിച്ച പച്ചിലവളച്ചെടികളാണ്‌. കൂടാതെ ശീമക്കൊന്ന, സൂബാബൂൾ എന്നിവയും തെങ്ങിൻതോപ്പിന്റെ അതിരുകളിൽ വളർത്തി പച്ചിലവളമായി ഉപയോഗിക്കാവുന്നതാണ്‌. തെങ്ങിന്‌ ചേർക്കാൻ ഏറ്റവും അനുയോജ്യമായൊരു ജൈവവളമാണ്‌ വേപ്പിൻ പിണ്ണാക്ക്‌. ഇതിലുള്ള പോഷകമൂലകങ്ങൾ തെങ്ങിന്‌ എളുപ്പത്തിൽ ലഭ്യമാകുകയും മണ്ണിൽ കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു. ഒരു തെങ്ങിന്‌ വർഷം തോറും 5 കി.ഗ്രാം വേപ്പിൻ പിണ്ണാക്ക്‌ കൊടുത്താൽ തെങ്ങിന്‌ പോഷകമൂലകങ്ങൾ ലഭിക്കുന്നതിന്‌ പുറമേ ഉപദ്രവകാരികളായ സൂക്ഷ്മജീവികളേയും, നിമാ വിരകളേയും നശിപ്പിക്കുകയും ചെയ്യും.
തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം സ്ഥായിയായി നിലനിർത്താൻ ഉതകുന്ന മറ്റൊരു ജൈവവളമാണ്‌ മണ്ണിര കമ്പോസ്റ്റ്‌.  കായ്ക്കുന്ന തെങ്ങിന്‌ 10 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്‌ ചേർത്ത്‌ കൊടുത്താൽ ഏകദേശം 50 ശതമാനം വരെ രാസവളങ്ങൾ ഒഴിവാക്കി പ്രസ്തുത തെങ്ങിന്റെ ഉയർന്ന ഉത്പാദനക്ഷമത നിലനിർത്താൻ കഴിയുമെന്ന്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ പഠനങ്ങൾ തെളിയിക്കുന്നു. തെങ്ങിൽ നിന്ന്‌ കിട്ടുന്ന ഈർക്കിൽ ഒഴിച്ച്‌ മറ്റ്‌ എല്ലാ ജൈവാവശിഷ്ടങ്ങളും ഗുണമേന്മയുള്ള കമ്പോസ്റ്റാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ ഇന്ന്‌ ലഭ്യമാണ്‌. ഓരോ കർഷകനും ആവശ്യമായ ഈ ജൈവവളം അവരവരുടെ വീട്ടിൽ തന്നെ മനസ്സുവെച്ചാൽ ഉണ്ടാക്കാവുന്നതാണ്‌.
വെള്ളം കെട്ടിനിൽക്കാത്ത കൂടുതൽ സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലമാണ്‌ ഇതിനായി തെരഞ്ഞെടുക്കേണ്ടത്‌. ചെറിയ രീതിയിൽ കമ്പോസ്റ്റ്‌ നിർമ്മാണത്തിന്‌ 2.5 മീറ്റർ നീളവും 1.00 മീറ്റർ വീതിയും 0.5 മീ ആഴവുമുള്ള കുഴിയോ, ടാങ്കോ മതിയാകും. എന്നാൽ ജൈവാവശിഷ്ടങ്ങളുടെ ലഭ്യത അനുസരിച്ച്‌ കുഴിയുടെ വലിപ്പം കൂട്ടാം. എന്നാൽ കുഴിയുടെ ആഴം 0.5 മീറ്ററിൽ കൂടുതലാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം മണ്ണിന്റെ ഉപരിതലത്തിൽ വായു സഞ്ചാരമുള്ള മേഖലയിൽ കാണുന്ന യൂഡ്രിലസ്‌ യൂജിനിയേ, ഐസീനിയ ഫോയിറ്റിഡ തുടങ്ങിയ വിരകളാണ്‌ 'കമ്പോസ്റ്റ്‌' നിർമ്മാണത്തിന്‌ ഉപയോഗിക്കുന്നത്‌. മണ്ണ്‌ നിരന്ന്‌ പോകാതിരിക്കാൻ കുഴിയുടെ പുറം കല്ലുകൊണ്ടോ ഇഷ്ടിക കൊണ്ടോ കെട്ടുക. കുഴിയുടെ അടിഭാഗവും മറ്റു വശങ്ങളും നല്ലതുപോലെ അടിച്ചുറപ്പിക്കുക. ഇപ്രകാരമുള്ള കുഴിക്ക്‌ പകരം സിമന്റ്‌ ടാങ്കായാലും മതി. കുഴിയുടെ/ ടാങ്കിന്‌ മുകളിലായി സൂര്യപ്രകാശം എൽക്കാത്തവിധം ഓലകൊണ്ട്‌ പന്തലിട്ട്‌ കൊടുക്കണം.
കുഴി തയ്യാറാക്കുന്നതിന്‌ മുമ്പായി നമുക്ക്‌ ആവശ്യമായ മണ്ണിരയെ സംവർദ്ധന പ്രക്രിയയിലൂടെ ഉണ്ടാക്കുന്നതിനുവേണ്ട നടപടിയെടുക്കണം.തെങ്ങോലയെപ്പോലും പെട്ടെന്ന്‌ കമ്പോസ്റ്റ്‌ ആക്കാൻ കഴിവുള്ള യൂഡ്രിലസ്‌ ഇനത്തിൽപെട്ട മണ്ണിരയാണ്‌ ഏറ്റവും നല്ലത്‌. ഒരു ടൺ ജൈവാവശിഷ്ടത്തെ കമ്പോസ്റ്റാക്കി മാറ്റാൻ 1 കി. ഗ്രാം മണ്ണിര (1000 മണ്ണിര) എന്നതാണ്‌ മണ്ണിരയുടെ തോത്‌. ഇതനുസരിച്ച്‌ ലഭ്യമായ ജൈവാംശത്തിന്‌ അനുസരിച്ച്‌ മണ്ണിര സംവർദ്ധനയിലൂടെ ഉണ്ടാക്കണം. ഒന്നു രണ്ട്‌ മാസം കൊണ്ട്‌ മണ്ണിരയെ 300 മടങ്ങായി വർദ്ധിപ്പിക്കാൻ അതായത്‌ 50 മണ്ണിര വാങ്ങിയാൽ 5000 മണ്ണിരയായി (5 ടൺ ജൈവാവശിഷ്ടം കമ്പോസ്റ്റാക്കാൻ ആവശ്യത്തിന്‌) സംവർദ്ധന പ്രക്രിയയിലൂടെ വർദ്ധിപ്പിച്ചെടുക്കാൻ സാധിക്കും. അതിനായി ചാണകവും അഴുകിയ ഇലകളോ മറ്റ്‌ ജൈവാവശിഷ്ടങ്ങളോ 1 : 1 അനുപാതത്തിൽ ഒരു ബക്കറ്റിലോ, സിമന്റ്‌ ടാങ്കിലോ എടുക്കുക. ഇപ്രകാരമെടുത്ത 10 കി.ഗ്രാം മിശ്രിതത്തിന്‌ 50 എണ്ണം എന്നതോതിൽ മണ്ണിരയെ നിക്ഷേപിക്കുക. ഉണങ്ങിയ ഇലകൾ കൊണ്ട്‌ പുതയിടുകയും, ഇടയ്ക്കിടക്ക്‌ നനയ്ക്കുകയും ചെയ്യുക. ബക്കറ്റിൽ നിന്ന്‌ വെള്ളം വാർന്ന്‌ പോകുന്നതിന്‌ ദ്വാരമുണ്ടായിരിക്കണം. ഒന്നു രണ്ട്‌ മാസം കൊണ്ട്‌ 300 മടങ്ങായി മണ്ണിര പെരുകുന്നു.
മണ്ണിര തയ്യാറായി കഴിഞ്ഞാൽ കമ്പോസ്റ്റ്‌ നിർമ്മാണം തുടങ്ങാം. തയ്യാറാക്കിയ ടാങ്കിന്റെയോ കുഴിയുടെയോ അടിഭാഗത്തായി കുറച്ച്‌ പൊടിമണൽ വിതറുക, അതിന്‌ മുകളിലായി ചകിരിയോ, കൊത്തി നുറുക്കിയ മടലോ, തെങ്ങിൻ കഷണങ്ങളോ നിരത്തുക. അതിനുശേഷം ജൈവാവശിഷ്ടങ്ങൾ നിറയ്ക്കുക. ഒരുടൺ ജൈവാവശിഷ്ടത്തിന്‌ 100 കി. ഗ്രാം ചാണകം (ജൈവാവശിഷ്ടത്തിന്റെ 10 ശതമാനം) എന്ന തോതിൽ കലക്കി ഒഴിക്കണം. അതിനുശേഷം നന്നായി ഇളക്കുക. രണ്ടാഴ്ച  കഴിഞ്ഞ്‌ ജൈവവസ്തുക്കൾ പകുതി ജീർണ്ണിച്ച ശേഷം മണ്ണിരയെ 1 കി. ഗ്രാം ഒരു ടൺ ജൈവവസ്തുക്കൾക്ക്‌ എന്ന തോതിൽ ഇടുക. കുഴി/ടാങ്ക്‌ ചാക്കുകൊണ്ടോ, തെങ്ങോല കൊണ്ടോ മൂടുക. ആവശ്യാനുസരണം ഈർപ്പം നിലനിർത്താൻ വെള്ളം തളിച്ചുകൊടുക്കുകയോ ആഴ്ചയിലൊരിക്കൽ ജൈവാവശിഷ്ടങ്ങൾ ഇളക്കി കൊടുക്കുകയോ വേണം. 40-50 ദിവസം കൊണ്ട്‌ ജൈവവസ്തുക്കൾ കറുത്ത്‌ പൊടിഞ്ഞ്‌ തരിരൂപത്തിലുള്ള മണ്ണിര കമ്പോസ്റ്റായി മാറും.

ഈ ലളിതമായ, ഗുണമേന്മയുള്ള ജൈവവള നിർമ്മാണം സ്വയംതൊഴിൽ കണ്ടെത്തുന്നതിനും, അതിലൂടെ വരുമാനം വർദ്ധിപ്പിക്കാനും ഉതകുന്ന ഒരു സംരംഭമായി തുടങ്ങാവുന്നതാണ്‌. ഗ്രാമീണ തലത്തിൽ പ്രവർത്തിക്കുന്ന നാളികേര ഉത്പാദക സംഘങ്ങൾക്ക്‌ സഹകരണാടിസ്ഥാനത്തിൽ ഈ സംരംഭം തുടങ്ങാവുന്നതാണ്‌. സംഘത്തിലെ അംഗങ്ങൾക്ക്‌ ഗുണമേന്മയുള്ള ജൈവവളം ലഭിക്കുന്നതിന്‌ പുറമേ ണല്ലോരു വരുമാനമാർഗ്ഗവും പരിസ്ഥിതി സംരക്ഷണവും ഇതുവഴി സാധ്യമാകും. മണ്ണിര കമ്പോസ്റ്റ്‌ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേശീയ ഉദ്യാനവിള മിഷൻ പദ്ധതിയിലൂടെയും നാളികേര വികസന ബോർഡിന്റെ സംയോജിത കേരകൃഷി വികസന പദ്ധതിയിലൂടെയും സാമ്പത്തിക സഹായം നൽകി വരുന്നു.
ഇനി നമുക്ക്‌ ഇന്നത്തെ ചുറ്റുപാടിൽ അനിവാര്യമായ വളപ്രയോഗമേതെന്ന്‌ നോക്കാം. മഴക്കാലാരംഭത്തോടുകൂടി ജൈവവളം 25 മുതൽ 50 കി.ഗ്രാം വരെ ചേർത്തുകൊടുക്കാം. കൂടാതെ മുകളിൽ വിവരിച്ച ചകിരിച്ചോറ്‌ കമ്പോസ്റ്റ്‌, മണ്ണിര കമ്പോസ്റ്റ്‌ തെങ്ങോന്നിന്‌ 10 കി.ഗ്രാം എന്നതോതിൽ ചേർക്കണം. ചാണകം, ചാരം, പച്ചിലവളം, വേപ്പിൻ പിണ്ണാക്ക്‌ തുടങ്ങിയവയാണ്‌ പ്രധാനമായി ഉപയോഗിക്കുന്ന ജൈവവളങ്ങൾ. നീർവാർച്ച കുറഞ്ഞ കായൽ പ്രദേശങ്ങളിൽ ജൈവവളത്തോടൊപ്പം കായൽചെളി, ആറ്റുചെളി തുടങ്ങിയവ ഇടുന്നത്‌ നല്ലതാണ്‌. നമ്മുടെ നാട്ടിലെ മിക്കവാറും സ്ഥലങ്ങളിലെ മണ്ണിലും അമ്ലത്വം കൂടുതലുണ്ട്‌. ഇത്‌ വർഷം തോറും കുമ്മായം ചേർത്ത്‌ ക്രമീകരിച്ച്‌ നിർത്തിയെങ്കിൽ മാത്രമേ തെങ്ങിന്‌ ആവശ്യമായ പോഷക മൂലകങ്ങൾ മണ്ണിൽ നിന്ന്‌ വലിച്ചെടുക്കാൻ പറ്റുകയുള്ളൂ. അതിനാൽ കായ്ക്കുന്ന തെങ്ങോന്നിന്‌ 1 കി.ഗ്രാം എന്നതോതിൽ കുമ്മായം ചേർക്കണം. മണ്ണ്‌ പരിശോധനയിലൂടെ മണ്ണിലെ അമ്ലത്വത്തിന്റെയും മറ്റ്‌ പോഷകങ്ങളുടെയും തോത്‌ മനസ്സിലാക്കാൻ കഴിയും. രാസവളപ്രയോഗം നടത്തുമ്പോൾ മണ്ണ്‌ പരിശോധനയുടെ അടിസ്ഥാനത്തിൽ വളം ചെയ്യുന്നതാണ്‌ ഉത്തമം. തെങ്ങിന്‌ ചേർക്കേണ്ട രാസവളങ്ങളുടെ അളവ്‌ പട്ടിക-1 ൽ കൊടുത്തിട്ടുണ്ട്‌.
തെങ്ങിൻ തോട്ടത്തിൽ നിന്ന്‌ മണ്ണ്‌ എടുക്കേണ്ട വിധം
തെങ്ങിൻ തടത്തിൽ നിന്നാണ്‌ സാമ്പിൾ എടുക്കേണ്ടത്‌.  തെങ്ങിന്റെ കടഭാഗത്ത്‌ നിന്ന്‌ 1 മീ. അകലത്തിൽ 50 സെ. മീ. ആഴത്തിലുള്ള മണ്ണാണ്‌ എടുക്കേണ്ടത്‌. ഇതിനായി 'വി' ആകൃതിയിൽ ഒരു കുഴിയുണ്ടാക്കി അതിന്റെ ഒരുഭാഗത്ത്‌ നിന്ന്‌ ഒരു മൺവെട്ടി മാട്‌ മണ്ണ്‌ എന്ന കണക്കിനോ, അല്ലെങ്കിൽ 2 സെ. മി. വ്യാസാർദ്ധമുള്ള അഗ്രം കൂർത്ത കുഴൽ  മണ്ണ്‌ ശേഖരിക്കുന്ന കുഴിയിൽ 50 സെ.മീ. ആഴത്തിൽ അടിച്ചിറക്കി കുഴലിൽ കിട്ടുന്ന മണ്ണോ ആണ്‌ ശേഖരിക്കേണ്ടത്‌. ഇപ്രകാരം തടത്തിൽ മൂന്ന്‌ വശത്തുനിന്ന്‌ മണ്ണ്‌ എടുത്ത്‌ കൂട്ടിച്ചേർക്കുക. ഒരു ഹെക്ടർ സ്ഥലത്ത്‌ നിന്ന്‌ ഇപ്രകാരം  10-12 സാമ്പിളുകൾ ശേഖരിക്കുക. ഇങ്ങനെ ശേഖരിച്ച മണ്ണ്‌ കൂട്ടികളർത്തി കൂമ്പാരമാക്കുക. ഈ മണ്ണ്‌ കോണുകളായി 4 ഭാഗമായി വിഭജിച്ച്‌ എതിരെയുള്ള രണ്ട്‌ ഭാഗങ്ങൾ ഉപേക്ഷിക്കുക. മറ്റ്‌ രണ്ട്‌ ഭാഗങ്ങൾ കൂട്ടികളർത്തി ഈ പ്രക്രിയ 1 കി. ഗ്രാം മണ്ണ്‌ ലഭിക്കുന്നതുവരെ ആവർത്തിക്കാം. ഈ സാമ്പിളിൽ കൃഷിക്കാരന്റെ പേരും, മേൽവിലാസവും തെങ്ങിൻ തോട്ടത്തിന്റെ സർവ്വേ നമ്പരും മറ്റു വിവരങ്ങളും എഴുതി അടുത്തുള്ള മണ്ണ്‌ പരിശോധന കേന്ദ്രത്തിൽ എത്തിക്കണം.

ജൈവവളങ്ങൾ കിട്ടാവുന്നിടത്തോളം നൽകി തെങ്ങിൻ തടത്തിലെ മണ്ണിന്‌ പുതുജീവൻ നൽകുകയാണ്‌ ഇന്നത്തെ ചുറ്റുപാടിൽ നമ്മുടെ തെങ്ങിൻ തോട്ടങ്ങളുടെ പുനരുജ്ജീവനത്തിന്‌ ആദ്യം ചെയ്യേണ്ടത്‌. അതിനുശേഷം നിശ്ചിത സമയത്ത്‌ ജൈവവളത്തിന്റെ പോരായ്മ തീർക്കാൻ മാത്രം രാസവളങ്ങൾ മണ്ണ്‌ പരിശോധനയുടെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്ത അളവിൽ ചേർക്കാവുന്നതാണ്‌.

24 Aug 2013

കേര രോഗ, കീട നിയന്ത്രണം ജൈവ മാർഗ്ഗങ്ങളിലൂടെ


ആർ.ജ്ഞാനദേവൻ
അസിസ്റ്റന്റ്‌ ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11

തെങ്ങിനെ ബാധിക്കുന്ന പല പ്രധാന രോഗങ്ങളേയൂം കീടങ്ങളേയും ജൈവകീടനാശിനികളും, ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളും ഉപയോഗിച്ച്‌ ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്‌. അമിതമായ രാസകീട നാശിനികളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന പല പരിസ്ഥിതി പ്രശ്നങ്ങളും, ആരോഗ്യപ്രശ്നങ്ങളും അപായരഹിതമായ ജൈവിക മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതുവഴി ഒഴിവാക്കാവുന്നതാണ്‌. കൂടാതെ രാസ കീടനാശിനികൾ തുടർച്ചയായി ഉപയോഗിക്കുന്നതുമൂലം പല കീടങ്ങളും പ്രതിരോധശക്തി ആർജ്ജിക്കുന്നു. തെങ്ങിന്റെ ചില പ്രധാന രോഗങ്ങളേയും കീടങ്ങളേയും ഫലപ്രദമായി നിയന്ത്രിക്കുന്ന കർഷകന്‌ തന്നെ സ്വന്തമായി തയ്യാറാക്കാവുന്ന ചില ജൈവകീടനാശിനികളേയും കീടത്തെ ആകർഷിച്ചു വീഴ്ത്താൻ പറ്റിയ കെണികളേയും, രോഗം വരുത്തുന്ന അണുക്കളേയും കീടങ്ങളുടെ ലാർവകളേയും പ്യൂപ്പാവസ്ഥയേയും തിന്ന്‌ നശിപ്പിക്കുന്ന ചില നാടൻ മിത്രപരാദങ്ങളേയും , മിത്രകുമിളുകളേയും, ബാക്ടീരിയയേയും കുറിച്ചാണ്‌ ഈ ചെറുലേഖനത്തിൽ വിവരിക്കുന്നത്‌.
ജൈവകീടനാശിനികൾ
വേപ്പിൻസത്ത്‌ അടങ്ങിയവ
കൊമ്പൻചെല്ലി, മണ്ഡരി, നാമ്പോലയും പൂങ്കുലയും തേങ്ങയേയും ആക്രമിക്കുന്ന ശൽക്കകീടങ്ങൾ, മച്ചിങ്ങയും കരിക്കും കേടുവരുത്തുന്ന പൂങ്കുലച്ചാഴി, മീലിമൂട്ട തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാൻ വേപ്പിൻസത്ത്‌ അടങ്ങിയ ജൈവകീടനാശിനികൾ വളരെ ഫലപ്രദമാണ്‌. കൊമ്പൻചെല്ലിയുടെ ആക്രമണമുള്ള സ്ഥലങ്ങളിൽ തെങ്ങിന്റെ ഏറ്റവും മുകളിലുള്ള 2-3 ഓലക്കാലുകളിൽ 250 ഗ്രാം പൊടിച്ച വേപ്പിൻ പിണ്ണാക്ക്‌ തുല്യഅളവിൽ മണലുമായി ചേർത്ത മിശ്രിതം നിറയ്ക്കുന്നത്‌ ചെല്ലിയുടെ ആക്രമണം ഫലപ്രദമായി തടയും. വേപ്പിൻ പിണ്ണാക്കിന്‌ പകരം പൊടിച്ച മരോട്ടിപ്പിണ്ണാക്കായാലും മതി. വേപ്പെണ്ണ എമൾഷൻ, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം,  വേപ്പിൻ കുരു സത്ത്‌ തുടങ്ങിയവ മണ്ഡരി, ശൽക്കകീടങ്ങൾ, പൂങ്കുലച്ചാഴി തുടങ്ങിയവയെ നിയന്ത്രിക്കാൻ ഫലപ്രദമാണ്‌. ഇവ കർഷകർക്ക്‌ തന്നെ തയ്യാറാക്കാവുന്നതാണ്‌.
വേപ്പെണ്ണ എമൾഷൻ
അറുപത്‌ ഗ്രാം ബാർസോപ്പ്‌ അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുക്കുക. ഈ ലായനിയിലേക്ക്‌ ഒരു ലിറ്റർ വേപ്പെണ്ണ സാവധാനത്തിൽ ഒഴിക്കുകയും ഇളക്കുകയും ചെയ്യുക.  ഈ ലായനി 10 ഇരട്ടി (15 ലിറ്റർ) വെള്ളം ചേർത്ത്‌ തെങ്ങിന്റെ മണ്ടയിൽ ബാധിക്കുന്ന ശൽക്ക കീടങ്ങൾക്കെതിരെ തളിക്കാനായി ഉപയോഗിക്കാം.
വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം
അരലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ്‌ ലയിപ്പിക്കുക. ഈ സോപ്പ്‌ ലായനി 200 മി.ലി. വേപ്പെണ്ണ ചേർത്ത്‌ പതപ്പിക്കുക. വെളുത്തുള്ളി 200 ഗ്രാം അരച്ച്‌ 300 മി.ലി. വെള്ളത്തിൽ കലക്കി അരിച്ചെടുത്ത്‌ വേപ്പെണ്ണ എമൾഷനിൽ ചേർത്ത്‌ കൊടുക്കുക. ഇപ്രകാരം കിട്ടിയ മിശ്രിതം 9 ലിറ്റർ വെള്ളം ചേർത്ത്‌ 10 ലിറ്റർ സ്പ്രേ ലായനി തയ്യാറാക്കണം. തെങ്ങിൻ മണ്ടയിൽ കാണുന്ന മണ്ഡരിക്കും മറ്റു ശൽക്ക കീടങ്ങൾക്കുമെതിരെ തളിക്കുന്നതിന്‌ ഇത്‌ ഉപയോഗിക്കാം. ഒരു തെങ്ങിന്‌ മരുന്ന്‌ തളിക്കുന്നതിന്‌ ഏകദേശം 2 ലിറ്റർ സ്പ്രേ ലായനി വേണ്ടി വരും. തളിക്കേണ്ട തെങ്ങുകളുടെ എണ്ണമനുസരിച്ച്‌ മുകളിൽ പറഞ്ഞ അനുപാതത്തിൽ മിശ്രിതം തയ്യാറാക്കണം.
വേപ്പിൻകുരു സത്ത്‌
വേപ്പിൻകുരു പൊടിച്ച്‌ (30-50 ഗ്രാം വരെ) ഒരു തുണിസഞ്ചിയിൽ കിഴി കെട്ടി ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ വരെ മുക്കിവെയ്ക്കുക. വെള്ളത്തിൽ പൂർണ്ണമായി ലയിക്കാനായി ഈ കിഴി ഇടയ്ക്കിടക്ക്‌ ഞെക്കി പിഴിഞ്ഞ്‌ കൊടുക്കണം. ഇപ്രകാരം വേപ്പിൻ കുരു സത്ത്‌ ഉണ്ടാക്കാം. തെങ്ങിനെ ആക്രമിക്കുന്ന മണ്ഡരി, നാമ്പോലയിൽ കാണുന്ന മീലിമൂട്ട, ശൽക്കകീടങ്ങൾ എന്നിവയ്ക്ക്‌ മുകളിൽ വിവരിച്ച, കർഷകർക്ക്‌ തന്നെ തയ്യാറാക്കാവുന്ന വേപ്പ്‌ സത്ത്‌ അടങ്ങിയ കീടനാശിനികൾ ഫലപ്രദമാണ്‌.
കൂടാതെ, വേപ്പിൻ കുരു, ഇല, പട്ട എന്നിവയിൽ നിന്നും തയ്യാറാക്കിയ അസാഡിറാക്ടിൻ അടങ്ങിയ പല ജൈവകീടനാശിനികളും ഇന്ന്‌ മാർക്കറ്റിൽ ലഭ്യമാണ്‌. ഇവയും നിശ്ചിത അളവിൽ വെള്ളത്തിൽ നേർപ്പിച്ച്‌ മുകളിൽപ്പറഞ്ഞ കീടങ്ങൾക്കെതിരെ ഫലപ്രദമായി പ്രയോഗിക്കാവുന്നതാണ്‌. വേപ്പിൻ സത്ത്‌ അടങ്ങിയ വാണിജ്യ കീടനാശിനികളുടെ പട്ടിക താഴെകൊടുക്കുന്നു.
ജൈവ കുമിൾ നാശിനി - ബോർഡോ മിശ്രിതം
തെങ്ങിനെ  ബാധിക്കുന്ന ഓലചീയൽ, കൂമ്പ്‌ ചീയൽ, വെള്ളയ്ക്ക പൊഴിച്ചിൽ തുടങ്ങിയ കുമിൾരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാവുന്ന കുമിൾനാശിനിയാണ്‌ ബോർഡോമിശ്രിതം. ഒരു ശതമാനം ബോർഡോമിശ്രിതമാണ്‌ നാമ്പോലയിലും, വെള്ളയ്ക്കയിലും തളിക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്‌. ഒരു ശതമാനം ബോർഡോമിശ്രിതമുണ്ടാക്കാൻ 100 ഗ്രാം തുരിശ്‌ പൊടിച്ച്‌ 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. 100 ഗ്രാം നീറ്റുകക്ക ചുണ്ണാമ്പാക്കി 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക.  തുരിശ്‌ ലായനി ചുണ്ണാമ്പു ലായനിയിലൊഴിച്ച്‌ നല്ലതുപോലെ ഇളക്കിച്ചേർക്കുക. തേച്ചുമിനുക്കിയ ഒരു ഇരുമ്പ്‌ കത്തി കുറച്ച്‌ നേരം മിശ്രിതത്തിൽ മുക്കിവെയ്ക്കുക. കത്തിയിൽ ചെമ്പ്‌ പൊടി അടിയുന്നുണ്ടെങ്കിൽ ചുണ്ണാമ്പു ലായനി വീണ്ടും അൽപാൽപ്പമായി ചേർത്ത്‌ ചെമ്പിന്റെ പൊടി അടിയുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തിയശേഷം തളിക്കുക. മിശ്രിതം തയ്യാറാക്കിയാൽ ഉടൻ തന്നെ പ്രയോഗിക്കുക.താമസിച്ചാൽ ഇതിന്റെ കുമിൾനാശിനി വീര്യം നഷ്ടമാകും.
പഞ്ചഗവ്യം
പശുവിൽ നിന്ന്‌ ലഭിക്കുന്ന ചാണകം,മൂത്രം, പാൽ, തൈര്‌, നെയ്യ്‌ എന്നീ അഞ്ച്‌ വസ്തുക്കൾ ചേർത്ത്‌ തയ്യാറാക്കുന്ന ഉത്തമമായ ജൈവവളവും, ജൈവ കീട, കുമിൾനാശിനിയുമാണ്‌ പഞ്ചഗവ്യം. പ്രത്യേകിച്ച്‌ തൈ തെങ്ങിന്റെ മാർദ്ദവമായ നാമ്പോലകളെ ബാധിക്കുന്ന മീലിമൂട്ട, ശൽക്ക കീടങ്ങൾ  തുടങ്ങിയ കീടങ്ങളേയും രോഗാണുക്കളേയും ഒരു പരിധിവരെ അകറ്റി നിറുത്താൻ ഇത്‌ സഹായിക്കും. 1 ലിറ്റർ പഞ്ചഗവ്യം 10 ലിറ്റർ വെള്ളത്തിൽ കലക്കി നാമ്പോലയിലും അതിന്‌ ചുറ്റുമുള്ള ഓലകളിലും തളിച്ച്‌ കൊടുക്കണം. ഇത്‌ ഉണ്ടാക്കുന്നതിനുള്ള ചേരുവകളുടെ തോത്‌, ചാണകം 5 കി.ഗ്രാം, ഗോമൂത്രം 5 ലിറ്റർ, പാൽ 3 ലിറ്റർ, തൈര്‌ 3 ലിറ്റർ, നെയ്യ്‌ 1 കി ഗ്രാം എന്നിങ്ങനെയാണ്‌. ആദ്യമായി ചാണകവും നെയ്യും മേൽപ്പറഞ്ഞ അളവിൽ എടുത്ത്‌ നല്ലവണ്ണം കൂട്ടിച്ചേർക്കുക. ഈ കുഴമ്പിലേക്ക്‌ ഗോമൂത്രം ഒഴിച്ചിളക്കുക.  ഈ മിശ്രിതത്തിലേക്ക്‌ തൈര്‌ ഒഴിച്ചതിനുശേഷം കറന്നെടുത്ത പശുവിൻ പാൽ അപ്പോൾ തന്നെ ഒഴിക്കുക. മിശ്രിതം പുളിപ്പിക്കാനായി വായു കടക്കാത്ത പാത്രത്തിൽ 15 ദിവസം സൂക്ഷിച്ച്‌ വെയ്ക്കുക. എല്ലാ ദിവസവും മിശ്രിതം ഇളക്കിക്കൊടുക്കണം. ഇങ്ങനെ 15 ദിവസം പുളിപ്പിച്ചെടുത്ത പഞ്ചഗവ്യം 2 മാസത്തോളം സൂക്ഷിച്ച്‌ വെച്ച്‌ ഉപയോഗിക്കാം.
ഫിറമോൺ കെണി
തൈ തെങ്ങുകളെ ആക്രമിക്കുന്ന ഏറ്റവും മാരക കീടമാണ്‌ ചെമ്പൻചെല്ലി അഥവാ മണ്ടപ്പുഴു. ഇവയെ നിയന്ത്രിക്കുന്നതിന്‌ ഫലപ്രദമായ ഒരു ഉപാധിയാണ്‌ ഫെറമോൺ കെണി. "ഫെറോലൂർ" എന്ന പേരിലുള്ള ഫെറമോൺ ഇന്ന്‌ മാർക്കറ്റിൽ ലഭ്യമാണ്‌. ചെല്ലികളെ ലൈംഗികമായി ആകർഷിക്കുന്നതിന്‌ അവ പുറപ്പെടുവിക്കുന്ന ഒരു ദ്രാവകമാണിത്‌. ഈ ദ്രാവകം കൃത്രിമമായി നിർമ്മിച്ച്‌ പ്ലാസ്റ്റിക്‌ സ്ട്രിപ്പുകളിലാക്കി വിപണിയിൽ ലഭ്യമാണ്‌.
കെണി തയ്യാറാക്കുന്ന വിധം
അഞ്ച്‌ ലിറ്റർ വ്യാപ്തിയുള്ള പ്ലാസ്റ്റിക്‌ പാത്രങ്ങളാണ്‌ കെണി തയ്യാറാക്കാൻ തെരഞ്ഞെടുക്കേണ്ടത്‌. ബക്കറ്റിന്റെ മുകൾഭാഗത്തായി ചെല്ലി കയറാൻ പാകത്തിൽ ദ്വാരങ്ങൾ ഇടുക. ബക്കറ്റിന്റെ പുറംഭാഗം ചണച്ചാക്ക്‌ ഒട്ടിച്ചോ, കയർ ചുറ്റിവരഞ്ഞോ പരുക്കനാക്കുക. ചെല്ലി പറന്നുവന്ന്‌ ബക്കറ്റിന്റെ പുറംഭാഗത്ത്‌ പിടിച്ചിരുന്ന്‌ അകത്തേക്ക്‌ കയറുന്നതിനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. ബക്കറ്റിന്റെ മൂടിയുടെ മദ്ധ്യഭാഗത്തായി ഒരു ചെറിയ ദ്വാരമുണ്ടാക്കി നൂൽകമ്പികൊണ്ട്‌ ബക്കറ്റിനുള്ളിലേക്ക്‌ ഫിറമോൺ സഞ്ചി തൂക്കിയിടുന്നു.  1 ലിറ്റർ വെള്ളത്തിൽ 100 ഗ്രാം പാളയംകോടൻ പഴം, രണ്ടുഗ്രാം യീസ്റ്റ്‌ എന്നിവയുടെ മിശ്രിതത്തിൽ രണ്ടുഗ്രാം കാർബാറിൽ ചേർത്ത്‌ ബക്കറ്റിലേക്ക്‌ ഒഴിക്കുക. അതിനുശേഷം ഫിറമോൺ സ്ട്രിപ്പ്‌ തൂക്കിയിട്ടിരിക്കുന്ന മൂടികൊണ്ട്‌ ബക്കറ്റടയ്ക്കുക. ഇപ്രകാരം തയ്യാറാക്കിയ കെണികൾ തറനിരപ്പിൽ നിന്ന്‌ ഒന്നര മീറ്റർ പൊക്കത്തിൽ നെടിയ തെങ്ങുകളിൽ നേരിട്ട്‌ സൂര്യപ്രകാശമേൽക്കാത്ത വിധത്തിൽ തൂക്കണം. ഫെറമോൺ അന്തരീക്ഷത്തിലേക്ക്‌ വ്യാപിക്കുമ്പോൾ ചെല്ലികളെ 500-1000 മീറ്റർ അകലെ നിന്നുവരെ കെണിയിലേക്ക്‌ ആകർഷിക്കുന്നു. ബക്കറ്റ്‌ മിശ്രിതത്തിലുള്ള പുളിച്ച മണം മൂലം ചെല്ലികൾ ഉള്ളിലേക്ക്‌ കടക്കുകയും കീടനാശിനി സ്പർശത്താൽ ചത്തുപോകുകയും ചെയ്യുന്നു. ജൈവകൃഷി മാത്രം അവലംബിക്കുന്ന കർഷകർ കീടനാശിനി മിശ്രിതത്തിൽ ഒഴിക്കാതെ ഓരോദിവസവും കെണിയിൽ അകപ്പെടുന്ന ചെല്ലിയെ ശേഖരിച്ച്‌ നശിപ്പിക്കാവുന്നതാണ്‌.
ഇപ്രകാരം ഫിറമോൺ കെണിവയ്ക്കുമ്പോൾ ഏഴുദിവസത്തിലൊരിക്കൽ കെണികളെടുത്ത്‌ അവയിലുള്ള ചെല്ലികളും മിശ്രിതവും നീക്കിയശേഷം വൃത്തിയാക്കി കെണിയിൽ പുതിയ മിശ്രിതം ഒഴിക്കേണ്ടതാണ്‌. അല്ലെങ്കിൽ കെണിയിൽ നിന്നുള്ള അഴുകിയ ദുർഗന്ധം മൂലം ചെല്ലികൾ വരാതാകും. ഒരു ഹെക്ടറിന്‌ ഒരു കെണി എന്ന നിരക്കിൽ ചെല്ലിയുടെ ഉപദ്രവം രൂക്ഷമായി കാണുന്ന പ്രദേശങ്ങളിൽ കർഷകർ കൂട്ടായി കെണികൾ സ്ഥാപിച്ചാൽ ചെല്ലിയുടെ ഉപദ്രവം ഒരു പരിധിവരെ തടയാൻ കഴിയും.
സൂക്ഷ്മാണുക്കളേയും എതിർ പ്രാണികളേയും ഉപയോഗിച്ചുകൊണ്ടുള്ള ജൈവിക നിയന്ത്രണം
തെങ്ങിലെ പ്രധാന രോഗമായ നാമ്പോല ചീയൽ കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ വളരെ വേഗം പടർന്ന്‌ പിടിക്കുന്നു. ഈ രോഗത്തെ നിയന്ത്രിക്കാതെ വിടുമ്പോഴാണ്‌ കാറ്റുവീഴ്ച ബാധിച്ച തെങ്ങുകൾ  പെട്ടെന്ന്‌ വിളവ്‌ കുറഞ്ഞ്‌ നശിക്കുന്നത്‌.  സ്യൂഡോമോണസ്‌, ബാസില്ലസ്‌ തുടങ്ങിയ മിത്രബാക്ടീരിയകൾ ഉപയോഗിച്ച്‌ രോഗത്തെ ജൈവിക രീതിയിൽ നിയന്ത്രിക്കാം. ഈ രോഗത്തിന്‌ കാരണമായ കുമിളുകളെ സ്യൂഡോമോണാസ്‌ ഫ്ലൂറേസ്സ്‌, ബാസിലസ്‌ സബ്ടിലസ്‌ എന്നീ മിത്ര ബാക്ടീരിയകളെ ഉപയോഗിച്ച്‌ നശിപ്പിക്കാം. ഈ മിത്ര ബാക്ടീരിയകൾ രോഗഹേതുവായ കുമിളിനെ തുരത്തുന്നതിന്‌ പുറമേ തെങ്ങിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഫോർമോണുകളും എൻസൈമുകളും ഉത്പാദിപ്പിക്കുന്നു. പൊടിരൂപത്തിൽ ഈ മിത്ര ബാക്ടീരിയകളുടെ കൾച്ചർ മാർക്കറ്റിൽ നിന്നും, പരീക്ഷണശാലയിൽ നിന്നും ലഭ്യമാണ്‌. 50 ഗ്രാം സ്യൂഡോമോണസ്‌ പൊടി 500 മി. ലി. വെള്ളത്തിൽ എന്ന തോതിൽ കലക്കി നാമ്പോലയ്ക്ക്‌ ചുറ്റുമുള്ള ഓലക്കവിളുകളിൽ ഒഴിച്ചാൽ ഈ രോഗത്തെ ഒരു പരിധിവരെ തടയാനാകും.
തെങ്ങിനെ ബാധിക്കുന്ന മറ്റ്‌ പ്രധാന രോഗങ്ങളായ ചെന്നീരൊലിപ്പ്‌, ഗാനോഡർമ്മവാട്ടം തുടങ്ങിയ കുമിൾരോഗങ്ങളേയും ട്രൈക്കോഡർമ എന്ന മണ്ണിൽ വസിക്കുന്ന മിത്രകുമിളിനെ ഉപയോഗിച്ച്‌ നിയന്ത്രിക്കാം. ഇവയെ ജൈവവളവും വേപ്പിൻ പിണ്ണാക്കും ചേർത്ത മിശ്രിതത്തോടൊപ്പമാണ്‌ ചേർത്ത്‌ കൊടുക്കേണ്ടത്‌. കായ്ക്കുന്ന തെങ്ങിന്‌ 50 കി. ഗ്രാം ജൈവവളവും, 5 കി.ഗ്രാം വേപ്പിൻപിണ്ണാക്ക്‌ മിശ്രിതത്തോടൊപ്പം 500 ഗ്രാം ട്രൈക്കോഡർമ കൂട്ടികളർത്തി ജൈവവളം ഉപയോഗിക്കുന്ന രീതിയിൽ പ്രയോഗിക്കാം.
തെങ്ങിന്റെ ശത്രുകീടമായ കൊമ്പൻ ചെല്ലി പ്രധാനമായും ചാണകത്തിലും, കമ്പോസ്റ്റിലുമാണ്‌ മുട്ടയിട്ട്‌ പെരുകുന്നത്‌. മെറ്റാറൈസിയം അനിസോപ്ലിയ എന്ന പച്ചകുമിൾ ഉപയോഗിച്ച്‌ ഇവയുടെ പുഴുക്കളെ എളുപ്പത്തിൽ നശിപ്പിക്കാം. ചെല്ലിയുടെ പുഴുക്കൾ വളരുന്ന ചാണകക്കുഴികളിൽ ഒരു ക്യുബിക്‌ മീറ്ററിന്‌ 250 മി.ലി. പച്ചക്കുമിൾ കൾച്ചർ 750 മി.ലി. വെള്ളവുമായി കലർത്തി തളിച്ച്‌ ഇളക്കികൊടുക്കണം. കുമിൾ ബാധിച്ച പുഴുക്കൾ
12-15 ദിവസത്തിനകം ചത്തുപോകും. ഒറിക്ടസ്‌ ബാക്കുലോവൈറസ്‌ എന്ന സൂക്ഷ്മാണുക്കളെ ഉപയോഗിച്ച്‌ ഈ കീടത്തെ നിയന്ത്രിക്കാൻ കഴിയും. ഈ വൈറസിനെ ഗവേഷണ കേന്ദ്രങ്ങളിൽ ചെല്ലികളിലും പുഴുക്കളിലും വളർത്തിയെടുത്ത്‌  വിതരണം ചെയ്ത്‌ വരുന്നു. ഒരു ഹെക്ടർ തെങ്ങിൻ തോപ്പിൽ ചെല്ലി നിയന്ത്രണത്തിനായി 10-15 രോഗാണുബാധയേറ്റ ചെല്ലികളെ വളർത്തി വിടേണ്ടതാണ്‌. അവ മറ്റ്‌ ചെല്ലികളിലേക്കും പുഴുക്കളിലേക്കും രോഗം പരത്തുകയും അവയുടെ വംശവർദ്ധനവ്‌ നിയന്ത്രിക്കുകയും ചെയ്യുന്നു.
നമ്മുടെ നാട്ടിലെ കായലോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കണ്ടുവരുന്ന മറ്റൊരുകീടമാണ്‌ തെങ്ങോലപ്പുഴു. ഈ കീടത്തിന്റെ ലാർവാവസ്ഥയേയും, പ്യൂപ്പാവസ്ഥയേയും തിന്ന്‌ നശിപ്പിക്കുന്ന നാടൻ മിത്രപരാദങ്ങളെ ധാരളമായി പ്രജനന പ്രക്രിയയിലൂടെ വളർത്തിയെടുത്ത്‌ ഈ കീടത്തിന്റെ ഉപദ്രവം കാണുന്ന തോട്ടങ്ങളിൽ വിട്ട്‌ സ്വതന്ത്രമായി വളരാൻ അനുവദിച്ചാൽ ഈ കീടത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. ഇങ്ങനെ എതിർ പ്രാണികളെ വളർത്തി വിതരണം ചെയ്യുന്ന ലബോറട്ടറികൾ നമ്മുടെ നാട്ടിൽ സംസ്ഥാനകൃഷി വകുപ്പിന്റേയും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റേയും കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിച്ചുവരുന്നു.
പരിസ്ഥിതി സംരക്ഷണം പ്രഥമ പരിഗണനയായി മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ തെങ്ങുസംരക്ഷണത്തിൽ രാസ കീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്‌ മുകളിൽ വിവരിച്ച ജൈവ കീട, രോഗ നിയന്ത്രണമാർഗ്ഗങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ഈ ജൈവമാർഗ്ഗങ്ങൾ കർഷകർ കൂട്ടായി ഒരേസമയം നടപ്പാക്കിയാൽ തെങ്ങിനെ ബാധിക്കുന്ന പ്രധാന കീടങ്ങളേയും രോഗങ്ങളേയും ഒരു പരിധി വരെ നിയന്ത്രിക്കുവാൻ കഴിയും.

23 Feb 2013

സമഗ്ര കേര വികസനം - പദ്ധതി ഏകോപനസാധ്യതകൾ


ആർ. ജ്ഞാനദേവൻ
അസിസ്റ്റന്റ്‌ ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌, കൊച്ചി

തെങ്ങുകൃഷിയിൽ ഉത്കണ്ഠയുണ്ടാക്കുന്ന ഒരു പ്രധാന കാര്യം ഉയർന്ന ഉത്പാദനചെലവും കുറഞ്ഞ ഉത്പാദനക്ഷമതയുമാണ്‌. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റേയും കാർഷിക സർവ്വകലാശാലയുടേയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞ്‌ വന്ന നൂതന സാങ്കേതികവിദ്യകൾ വിശിഷ്യാ സംയോജിതകൃഷിമുറകൾ, ഇടവിളകൃഷി തുടങ്ങിയവയിലൂടെ ആദായവും, തൊഴിലവസരങ്ങളും മൂന്ന്‌, നാലിരട്ടിവരെ വർദ്ധിപ്പിക്കാവുന്നതാണ്‌. ഇടവിളകളും മിശ്രവിളകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കൃഷിരീതിയിലൂടെ മാത്രമേ മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാനും അതുവഴി തെങ്ങിന്റെ ഉത്പാദനക്ഷമത കൂട്ടാനും കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുവാനും കഴിയൂ. കൃഷിച്ചെലവ്‌ പരമാവധി കുറയ്ക്കുന്നതിന്‌ ഗ്രൂപ്പടിസ്ഥാനത്തിൽ വളമിടീൽ, സസ്യസംരക്ഷണ മാർഗ്ഗങ്ങൾ തുടങ്ങിയ കൃഷിപ്പണികൾ ചെയ്യുന്നത്‌ വളരെ സഹായകരമാകും. മേൽ വിവരിച്ച കൃഷി മുറകൾ തെങ്ങ്‌ കൃഷിയിൽ അവലംബിച്ച്‌ ഉത്പാദനക്ഷമത പരമാവധി ഉയർത്തുക എന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോർഡ്‌ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കിവരുന്നുണ്ട്‌.
തെങ്ങുകൃഷിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ ബഹുവിളകൃഷി ചെയ്തുവരുന്ന തെങ്ങിൻ തോപ്പുകളിലെ ഉത്പാദനക്ഷമതയും വരുമാനവും പരമാവധി ഉയർത്തുന്നതിന്‌ ബോർഡ്‌ നടപ്പിലാക്കുന്ന പദ്ധതികൾക്ക്‌ പുറമേ മറ്റ്‌ ഏജൻസികളുടെ  പദ്ധതികളിലൂടെയുള്ള ആനുകൂല്യവും ഫലപ്രദമായി പ്രയോജനപ്പെടുത്തണം. സംസ്ഥാനകൃഷി വകുപ്പ്‌, ഹോർട്ടികൾച്ചർ മിഷൻ, ഗ്രാമപഞ്ചായത്ത്‌ തുടങ്ങിയ വിവിധ ഏജൻസികളും കേരവികസന പദ്ധതികളുമായി ഏകോപിപ്പിച്ച്‌ നടപ്പിലാക്കാൻ സാദ്ധ്യതയുള്ള വിവിധ കാർഷിക വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്‌. ഇടവിളക്കൃഷി, ജലസേചനം, വിളവെടുപ്പിനുശേഷമുള്ള സംസ്ക്കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുകയും അവയുടെ ഏകോപനത്തിന്‌ ആക്കം കൂട്ടുകയും ചെയ്താൽ മാത്രമേ സമഗ്ര കേരവികസനം സാദ്ധ്യമാകൂ. ഇതിനായി തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന  ഏജൻസികളുടെ ഏകോപനം കൂടിയേ തീരൂ. നാളികേര വികസന ബോർഡ്‌ നടപ്പിലാക്കിവരുന്ന നാളികേര ടെക്നോളജി മിഷൻ പദ്ധതിയുടെ ഒരു സുപ്രധാന ലക്ഷ്യം ഇതാണ്‌. എന്നാൽ വിവിധ പദ്ധതികളുടേയും ഏജൻസികളുടേയും ഏകോപനം പദ്ധതി നടത്തിപ്പിൽ ഉദ്ദേശിച്ച രീതിയിൽ കൈവരിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നാളികേര വികസന ബോർഡ്‌ നടപ്പിലാക്കിവരുന്ന വിവിധ കേരവികസന പദ്ധതികളുമായി ഏകോപിപ്പിച്ച്‌ നടപ്പിലാക്കാവുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന്‌ നോക്കാം.
ദേശീയ ഹോർട്ടികൾച്ചർ മിഷൻ വഴി തെങ്ങധിഷ്ഠിത ബഹുവിളകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ
ഉദ്യാനവിളകളുടെ വിത്തുമുതൽ വിപണനം വരെ സമഗ്രവികസനം ലക്ഷ്യമിട്ട്‌ കേന്ദ്ര ഗവണ്‍മന്റിന്റെ 2005 -06 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കി വരുന്ന ഒരു ബൃഹദ്‌ പദ്ധതിയാണ്‌ ദേശീയ ഉദ്യാന വിള മിഷൻ. ഈ പദ്ധതിയിൽ ഊന്നൽ നൽകിയിരിക്കുന്ന മേഖലയായ തെങ്ങധിഷ്ഠിത ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുകയെന്നതിന്‌ ദേശീയ ഉദ്യാനവിള മിഷനിൽ പങ്കാളികളായ സ്ഥാപനങ്ങളിൽ ഒന്നാണ്‌ നാളികേര വികസന ബോർഡ്‌. ഈ പദ്ധതിയിൽ തെരഞ്ഞെടുത്ത  ഉദ്യാന വിളകളായ വാഴ, പച്ചക്കറികൾ, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, ജാതി, ഔഷധ സസ്യങ്ങൾ, കൊക്കോ, പുഷ്പകൃഷി തുടങ്ങിയവ തെങ്ങിനിടയിൽ വിജയകരമായി കൃഷി ചെയ്യാൻ കഴിയുന്നവയാണ്‌. ഈ വിളകളുടെ മെച്ചപ്പെട്ട ഇനങ്ങൾ വ്യാപകമായി കൃഷി ചെയ്യുന്നതിന്‌ ധനസഹായം നൽകിവരുന്നു. ഈ വിളകൾ കൃഷി ചെയ്യാൻ ഒരു വർഷത്തേക്ക്‌ വേണ്ടിവരുന്ന ചെലവിന്റെ 50 ശതമാനം പരമാവധി ഹെക്ടറിന്‌ 12,000 രൂപ മുതൽ 30,000 രൂപ വരെ ഓരോ വിളയും കൃഷി ചെയ്യാൻ വേണ്ടിവരുന്ന ചെലവിന്റെ അടിസ്ഥാനത്തിൽ ധനസഹായം നൽകിവരുന്നു. ഈ ധനസഹായം 60 : 20 : 20 എന്ന അനുപാതത്തിൽ മൂന്ന്‌ ഗഡുക്കളായിട്ടാണ്‌ നൽകി വരുന്നത്‌.  നാളികേര വികസന ബോർഡ്‌ നടപ്പിലാക്കിവരുന്ന പ്രദർശന തോട്ടം സ്ഥാപിക്കൽ, തെങ്ങ്‌ കൃഷി പുനരുദ്ധാരണ പദ്ധതി എന്നിവയുമായി ഏകോപിപ്പിച്ച്‌ മുകളിൽ പറഞ്ഞ ദേശീയ ഹോർട്ടികൾച്ചർ മിഷൻ പദ്ധതികൾ നടപ്പാക്കുന്നത്‌ വഴി കർഷകന്റെ ചെലവ്‌ കുറയ്ക്കാനും തെങ്ങിൻ തോപ്പിൽ നിന്നുള്ള വരുമാനം പരമാവധി കൂട്ടുവാനും കഴിയും. ഉദാഹരണമായി തെങ്ങിൻ  തോപ്പിൽ ലാഭകരമായി കൃഷി ചെയ്യാവുന്ന ഒരു വിളയാണ്‌ കൊക്കോ. ഒരു ഹെക്ടർ തെങ്ങിൻ തോപ്പിൽ കൊക്കോ കൃഷി ചെയ്യുന്നതിന്‌ 20,000 രൂപ നിരക്കിൽ ധനസഹായം നൽകി വരുന്നു. ഈ പദ്ധതി നാളികേര വികസന ബോർഡിന്റെ സംയോജിത കേര വികസന  പദ്ധതിയുമായി ഏകോപിപ്പിച്ച്‌ ഇതുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഏകോപനത്തിലൂടെ നടപ്പിലാക്കാവുന്നതാണ്‌. ഈ ഏകോപനം തെങ്ങിൻ തോട്ടത്തിൽ നിന്നുള്ള ആദായം വർദ്ധിപ്പിക്കുവാനും മണ്ണിന്റെ ഫലഭൂയിഷ്ടിത വർദ്ധിപ്പിക്കുവാനും സഹായിക്കും.
ജലസേചനസൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾ
തെങ്ങിൻ തോപ്പിൽ നിന്നുള്ള വരുമാനം പരമാവധി ഉയർത്താനുള്ള മറ്റൊരു മാർഗ്ഗമാണ്‌ ജലസേചനം. പ്രത്യേകിച്ച്‌ ഇടവിളക്കൃഷി ചെയ്യുമ്പോൾ ജലസേചനം ഒരു പ്രധാനഘടകമാണ്‌.നാളികേര വികസന ബോർഡ്‌ നടപ്പിലാക്കുന്ന പദ്ധതികളിൽ ജലസേചന സൗകര്യം ഏർപ്പെടുത്തുന്നതിന്‌ ധനസഹായം നൽകാൻ നിർവ്വാഹമില്ല. അതിനാൽ മറ്റ്‌ ഏജൻസികൾ നടപ്പിലാക്കുന്ന ജലസേചനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഏകോപിപ്പിച്ച്‌ നടപ്പാക്കിയാലേ ഇത്‌ സാദ്ധ്യമാകൂ. പൊതുകുളങ്ങൾ, കൃഷിയിടങ്ങളിലെ കുളങ്ങൾ, പ്ലാസ്റ്റിക്‌ ലൈനിങ്ങോടെയുള്ള ജലസംഭരണികൾ തുടങ്ങിയവയുടെ നിർമ്മാണത്തിലൂടെ ജലസ്രോതസ്സുകൾ ഒരുക്കുന്നതിന്‌ മിഷൻ ധനസഹായം ചെയ്തുവരുന്നു. കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ 10 ഹെക്ടർ സ്ഥലത്തേക്കായി ഏറ്റെടുക്കുന്ന 100 മീ ത 100 മീ ത  3 മീ വലിപ്പമുള്ള ഒരു യൂണിറ്റിന്‌ പരമാവധി 15 ലക്ഷം രൂപവരെ ദേശീയ ഹോർട്ടികൾച്ചറൽ മിഷനിലൂടെ ധനസഹായം ലഭ്യമാണ്‌. കൂടാതെ 20 മീ ത 20 മീ ത  3 മീ. വലിപ്പമുള്ള ചെറിയ കുളങ്ങളും കിണറുകളും കുഴിക്കുന്നതിന്‌ വേണ്ടി വരുന്ന ചെലവിന്റെ 50 ശതമാനം പരമാവധി 60,000 രൂപ സബ്സിഡിയായി നൽകി വരുന്നു. കൂടാതെ തെങ്ങിൻ തോട്ടങ്ങളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌ ഏറ്റവും യോജിച്ച ജലസേചന രീതിയാണ്‌ കണിക ജലസേചനം (റൃശു/​‍്​‍ൃശിസഹലൃ). ഈ ജലസേചന രീതി പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേശീയ മൈക്രോ ജലസേചന മിഷൻ വഴി ധനസഹായം നൽകി വരുന്നു. തെങ്ങിൻ തോപ്പിൽ ബഹുവിളക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഈ രീതി വളരെ യോജിച്ചതാണ്‌.
ദേശീയ മൈക്രോ ഇറിഗേഷൻ മിഷന്റെ ഡ്രിപ്പ്‌, സ്പ്രിംഗ്ലർ ജലസേചന രീതികൾ അവലംബിക്കുന്നതിനുള്ള പദ്ധതികളും കേരവികസന പദ്ധതിയുമായി ഏകോപിപ്പിച്ച്‌ ഇവ അവലംബിക്കാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നടപ്പിലാക്കാവുന്നതാണ്‌.തെങ്ങിൻ തോട്ടത്തിൽ ഡ്രിപ്പ്‌/ സ്പ്രിംഗ്ലർ ജലസേചന സംവിധാനം ഏർപ്പെടുത്തുന്നതിനുവേണ്ടി വരുന്ന ചെലവിന്റെ 80 മുതൽ 90 ശതമാനം വരെ തുക ദേശീയ മൈക്രോ ഇറിഗേഷൻ മിഷൻ പദ്ധതി മുഖേന ധനസഹായമായി നൽകുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഏകോപനത്തിലൂടെ കൂലി ഭാരം കുറയ്ക്കാം
കൃഷി ഇന്ന്‌ നേരിടുന്ന പ്രധാന പ്രശ്നമാണ്‌ ഉയർന്ന കൂലിയും തൊഴിലാളികളുടെ ക്ഷാമവും. വളരെയധികം തൊഴിലാളികളുടേയും വിവിധ ഏജൻസികളുടേയും ഏകോപനം ആവശ്യമുള്ള ഒരു ബൃഹദ്‌ പദ്ധതിയാണ്‌ നാളികേര വികസന ബോർഡ്‌ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി. പ്രായമായ തെങ്ങുകളും തണൽമരങ്ങളും വെട്ടിമാറ്റുക. പകരം തൈ നടീൽ, വളമിടീൽ, ഇടവിളക്കൃഷി തുടങ്ങിയ വിവിധ പദ്ധതിഘടകങ്ങൾ ഈ പദ്ധതി വഴി നടപ്പിലാക്കുന്നു. തെങ്ങുകൃഷിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രദേശത്തെ ഭൂരിഭാഗം കർഷകരേയും കൂട്ടിയോജിപ്പിച്ച്‌ ക്ലസ്റ്ററടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ ബൃഹദ്‌ പദ്ധതി നടപ്പിലാക്കുന്നതിന്‌ വിവിധ തലത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളുടേയും അവരുടെ പദ്ധതികളുടേയും ഏകോപനം കൂടിയേ തീരൂ. ബോർഡിന്റെ പദ്ധതി വഴി തെങ്ങ്‌ വെട്ടിമാറ്റുന്നതിനും ശാസ്ത്രീയ വളപ്രയോഗത്തിനും ധനസഹായം മാത്രമാണ്‌ നൽകുന്നത്‌. അതിനാൽ കർഷകന്റെ ചെലവ്‌ കുറയ്ക്കുന്നതിനായി അതാത്‌ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയും ബോർഡിന്റെ പദ്ധതികളുമായി ബന്ധപ്പെടുത്തി നടത്തിയാൽ പദ്ധതി നടത്തിപ്പിന്റെ ആക്കം കൂട്ടുവാനും കർഷകർക്ക്‌ കൂലിഭാരം കുറയ്ക്കുന്നതിനും സഹായകമാകും.
തെങ്ങിന്റെ തടം തുറക്കുക, തൈ നടാൻ കുഴിയെടുക്കുക, ഇടവിള നടാൻ കുഴിയെടുക്കുക, വിത്തുതേങ്ങ സംഭരണം, നഴ്സറിക്കുള്ള സ്ഥലമൊരുക്കൽ, വിത്തു തേങ്ങ പാകൽ, ജലസേചനം, കേടായ തെങ്ങുകൾ വെട്ടിമാറ്റി പകരം തൈ നടുക തുടങ്ങിയ ഒട്ടേറെ കൃഷിപ്പണികൾ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പടുത്തി ചെയ്യുന്നതുവഴി കർഷകന്റെ കൂലിഭാരം കുറയ്ക്കുന്നതിനും ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനും കഴിയും. 2006-07ൽ തുടക്കം കുറിച്ച ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ നടപ്പിലാക്കി വരുന്നത്‌. തെങ്ങുകൃഷി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ചിലതൊക്കെ തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധിപ്പിച്ച്‌ പരിഹരിക്കാവുന്നതാണ്‌. ഇതിനായി നാളികേര വികസന ബോർഡ്‌, കൃഷിവകുപ്പ്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയെല്ലാം സഹകരിച്ച്‌ വികസന പദ്ധതി തയ്യാറാക്കണം. ഇതിനായി കേരക്ലസ്റ്ററുകളും നാളികേരോത്പാദക സംഘങ്ങളും പദ്ധതി നടത്തിപ്പിനുള്ള അടിസ്ഥാന വേദിയായി തെരഞ്ഞെടുക്കാവുന്നതാണ്‌.
രാഷ്ട്രീയ കൃഷി വികാസ്‌ യോജന പദ്ധതി-യന്ത്രവത്ക്കരണം സാധ്യമാക്കാം
കേരകൃഷി വികസന പദ്ധതികളുമായി ഏകോപനത്തിന്‌ സാദ്ധ്യതയുള്ള മറ്റൊരു പദ്ധതിയാണ്‌ രാഷ്ട്രീയ കൃഷി വികാസ്‌ യോജന (ആർകെവിവൈ) പദ്ധതി. ഇതിലൂടെ നടപ്പാക്കുന്ന പല കാർഷിക വികസന ഘടക പദ്ധതികളും കേരവികസന പദ്ധതികളുമായി ഏകോപിപ്പിച്ച്‌ നടത്താൻ സാദ്ധ്യതയുണ്ട്‌.  ആർകെവിവൈ പദ്ധതി വഴി കൃഷിച്ചെലവ്‌ കുറയ്ക്കുന്നതിനുള്ള യന്ത്രങ്ങൾ വാങ്ങുന്നതിനും വിപണന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‌ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടത്തുന്നതിനും സംയോജിത കേര കീട, രോഗ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനും ധനസഹായം നൽകി വരുന്നു.
ഓരോ പ്രദേശത്തേയും കൃഷിവികസനത്തിന്‌ ആവശ്യമായ യന്ത്രവത്ക്കരണത്തിന്‌ പ്രത്യേകിച്ച്‌ സ്ത്രീകൾക്ക്‌ ഉപയോഗിക്കാവുന്ന ചെറുയന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്‌ ആർകെവിവൈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഘടകമാണ്‌. ഈ ഘടകപദ്ധതി വഴി തെങ്ങുകയറുന്നതിനുള്ള യന്ത്രം, തേങ്ങ പൊതിക്കുന്ന യന്ത്രം,  കള വെട്ടിമാറ്റുന്നതിനുളള വീഡ്‌ കട്ടർ, തടം തുറക്കുന്നതിനുള്ള മിനി ട്രില്ലർ, കൊപ്ര ഡ്രയർ, മരുന്ന്‌ തളിക്കുന്നതിനുള്ള സ്പ്രെയർ, തേങ്ങ ഇടുന്നതിനുള്ള ഭാരം കുറഞ്ഞ അലുമിനിയം തോട്ടി, ഏണി തുടങ്ങിയവ വാങ്ങുന്നതിന്‌ കേരകർഷകർക്ക്‌ ധനസഹായം ലഭ്യമാക്കാവുന്നതാണ്‌.
കൂടാതെ ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ ഉത്പാദനം സ്വകാര്യ നഴ്സറികളിൽക്കൂടി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതി വഴി സാമ്പത്തിക സഹായം ലഭ്യമാക്കാവുന്നതാണ്‌.  നാളികേര വികസന ബോർഡിന്റേയും കൃഷിവകുപ്പിന്റേയും പഞ്ചായത്തിന്റേയും സഹകരണത്തോടെ അതാത്‌ പ്രദേശത്തേക്ക്‌ ആവശ്യമായ തെങ്ങിൻ തൈ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യാനുള്ള നഴ്സറികൾ ഈ പദ്ധതിയുമായി ബന്ധപ്പെടുത്തി തുടങ്ങാവുന്നതാണ്‌.
തെങ്ങിൻ തോപ്പിൽ തേനീച്ച വളർത്തലിലൂടെ പരാഗണം മെച്ചപ്പെടുത്തൽ
എത്ര നല്ല തൈ തെരഞ്ഞെടുത്ത്‌ നട്ടാലും,  ശാസ്ത്രീയ പരിചരണ മുറകൾ അവലംബിച്ചാലും പ്രകൃതിയിലെ പരാഗ വാഹികളായ തേനീച്ചകൾ ഇല്ലെങ്കിൽ പൂങ്കുലയിൽ ഉണ്ടാകുന്ന വെള്ളയ്ക്ക തേങ്ങയാവുകയില്ല. തേനീച്ച വളർത്തുന്ന തെങ്ങിൻ തോപ്പുകളിലെ ഉത്പാദനക്ഷമത പരിശോധിച്ചാൽ ഇത്‌ വ്യക്തമാകും. തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേശീയ ഹോർട്ടികൾച്ചർ മിഷൻ പദ്ധതി വഴി കർഷകർക്ക്‌ ധനസഹായം നൽകി വരുന്നു. ഈ പദ്ധതിയുടെ ഏകോപനം വഴി പരമാവധി പരാഗണം ലഭ്യമാക്കുവാനും നാളികേരോത്പാദനം പരമാവധി കൂട്ടുവാനും സാധിക്കും.
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കേരകൃഷി അഭിവൃദ്ധിപ്പെടുത്തി കേരകർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം ഉറപ്പ്‌ വരുത്തുവാൻ ഇതുമായി ബന്ധപ്പെട്ട്‌ വിവിധ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടേയും, അവരുടെ പദ്ധതികളുടേയും ഏകോപനം അനിവാര്യമാണ്‌. ഗുണമേന്മയുള്ള, കർഷകർക്ക്‌ ആവശ്യമുള്ള ഇനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നതിനും, ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌ ആവശ്യമായ ജലസേചന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും അനുയോജ്യമായ ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വർദ്ധിച്ച കൂലിഭാരം ഒരു പരിധി വരെ കുറയ്ക്കുന്നതിനും മുകളിൽ വിവരിച്ച വിവിധ ഏജൻസികളുടെ പദ്ധതി ഏകോപനത്തിന്‌ ഇനിയും വൈകിക്കൂടാ
.

20 Apr 2012

കൽപവൃക്ഷത്തിന്റെ കരുത്തിൽ


ആർ. ജ്ഞാനദേവൻ

തമിഴ്‌നാട്ടിലെ സേലം ജില്ല യിലെ യെർക്കാട്‌ മലകളുടെ  താഴ്‌വരയിൽ പ്രകൃതി ഭംഗിയാൽ അനുഗൃ
ഹിതമായ ഒരു കൊച്ചു ഗ്രാമമാണ്‌ ചുങ്കംപട്ടി.  ഇവിടെയാണ്‌ സിവിൽ
എഞ്ചിനീയറായ ശ്രീ. രമേഷിന്റെ തെങ്ങിൻ തോട്ടം. നല്ല കരുത്തോടെ രോഗകീട ബാധ
യൊന്നുമില്ലാതെ കുലകുത്തിപ്പിടിച്ചു നിൽക്കുന്ന രമേഷിന്റെ തെങ്ങിൻ തോട്ടം
കണ്ടാൽ ആരും ഒന്ന്‌ നോക്കി നിന്നുപോകും. ഇവിടെ ഈ കർഷകൻ ഒരു തെങ്ങിൽ
നിന്ന്‌ 200 മുതൽ 250 തേങ്ങവരെ ഉത്പാദിപ്പിക്കുന്നു.  പാരമ്പരാഗതമായി
കൃഷിക്കാരനായിരുന്ന പിതാവ്‌ ദ്വരൈ സ്വാമി വെച്ച്‌ പിടിപ്പിച്ചതാണ്‌ 10
ഏക്കർ വരുന്ന ഈ തെങ്ങിൻ തോട്ടം. അച്ഛന്‌ പ്രായമായതുകാരണവും കൃഷിയോടുള്ള
പാരമ്പര്യമായി കിട്ടിയ താൽപര്യവും മൂലം സിവിൽ എഞ്ചിനീയറിംഗ്‌
ജോലിയോടൊപ്പം, തെങ്ങ്‌ കൃഷിയും പത്ത്‌ വർഷം മുമ്പ്‌ രമേഷ്‌ ഏറ്റെടുത്തു.
സേലം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസി. പ്രോഫസറാണ്‌ രമേഷിന്റെ ഭാര്യ ഡോ.
കവിത. കൃഷിയോടുള്ള അമിതമായ ഇഷ്ടം കാരണം കല്ല്യാണം കഴിക്കുന്നെങ്കിൽ ഒരു
കർഷക കുടുംബത്തിൽ നിന്നാവണമെന്ന അതിയായ ആഗ്രഹം മൂലമാണ്‌ രമേഷിനെ വിവാഹം
ചെയ്തതെന്ന്‌ കവിത പറയുന്നു. അതിനാൽ കൃഷി നടത്തിക്കൊണ്ടുപോകാൻ കൂട്ടിന്‌
ഭാര്യ എപ്പോഴുമുണ്ട്‌. തെങ്ങ്‌ കൃഷി നഷ്ടമാണ്‌. ചെലവിനനുസരിച്ച്‌ വരുമാനം
കിട്ടുന്നില്ല, തുടങ്ങിയ കാരണങ്ങൾ പറഞ്ഞ്‌ ഈ കൃഷിയിൽ നിന്ന്‌ അകന്ന്‌
പോകുന്ന നമ്മുടെ നാട്ടിലെ യുവതലമുറയ്ക്ക്‌ ഒരു മാതൃകയാണ്‌ സർക്കാർ
സർവ്വീസിലെ ഉന്നതപദവി വഹിക്കുന്ന ഈ കർഷക ദമ്പതികൾ.


ചുങ്കംപട്ടിയിൽ കുടുംബവിഹിതമായി കിട്ടിയ 10 ഏക്കർ സ്ഥലത്ത്‌ 25 വർഷം
മുമ്പാണ്‌ അച്ഛൻ തെങ്ങ്‌ വെച്ച്‌ പിടിപ്പിച്ചതു. ഈ പ്രദേശത്തേക്ക്‌
യോജിച്ച നല്ല വിളവ്‌ തരുന്ന പൂർവ്വതീര നെടിയ ഇനങ്ങളാണ്‌ നല്ല പങ്കും.
മൊത്തം 620 കായ്ക്കുന്ന തെങ്ങുകൾ 8 മീ. ഃ 8 മീ. അകലത്തിൽ
നട്ടിരിക്കുന്നു. ഇടവിളകൾ കൃഷി ചെയ്യാൻ പാകത്തിലാണ്‌ തെങ്ങ്‌
നട്ടിരിക്കുന്നത്‌.  തേങ്ങയ്ക്ക്‌ വില വളരെ കുറഞ്ഞപ്പോഴാണ്‌ വരുമാനം
വർദ്ധിപ്പി ക്കാനുള്ള ഇടവിളകളെക്കുറിച്ച്‌ രമേഷ്‌ ചിന്തിച്ച്‌
തുടങ്ങിയത്‌. അപ്പോഴാണ്‌ നല്ല വില ലഭിക്കുന്ന വിപണന സാദ്ധ്യത യുള്ള
കൊക്കോ കൃഷിയെക്കുറിച്ച്‌  അറിയാൻ കഴിഞ്ഞത്‌. കോയമ്പത്തൂ രിലുള്ള കാഡ്ബറി
കൊക്കോ ഓഫീസുമായി ബന്ധപ്പെട്ടു. അങ്ങനെ 6.5 ഏക്കർ തെങ്ങിൻ തോട്ടത്തിൽ
2008 ൽ 1440 സങ്കരയിനം കൊക്കോ തൈകൾ നട്ടു. രണ്ടുവരി തെങ്ങിന്റെയിടയിൽ 11
അടി അകലത്തിലും, കൂടാതെ ഓരോവരി തെങ്ങിന്റെ ഇടയിൽ മദ്ധ്യേയുമാണ്‌ ഓരോ
കൊക്കോതൈ നട്ടിട്ടുള്ളത്‌.  ബാക്കിയുള്ള 3.5 ഏക്കർ സ്ഥലം താഴ്‌ന്ന
പ്രദേശമാണ്‌. ഇത്‌ കൊക്കൊയ്ക്ക്‌ അനുയോജ്യമല്ലാത്തതിനാൽ ഇവിടെ മഞ്ഞൾ
ഇടവിളയായി കൃഷി ചെയത്‌ വരുന്നു. ഒരു തെങ്ങിൽ നിന്ന്‌ ശരാശരി 140
തേങ്ങകിട്ടുന്നു.  200 മുതൽ 250 വരെ വിളവ്‌ തരുന്നവയുമുണ്ട്‌
ഇക്കൂട്ടത്തിൽ.

ശാസ്ത്രീയ വളപ്രയോഗത്തിലും ജലസേചനത്തിനും ഊന്നൽ
തികഞ്ഞ ആത്മാർത്ഥതയോടുള്ള രമേഷിന്റെ തെങ്ങ്കൃഷി തികച്ചും ശാസ്ത്രീയ
അടിസ്ഥാനത്തിലുള്ളതാണ്‌.  തെങ്ങിൽ നിന്നും കൊക്കോയിൽ നിന്നും തെങ്ങിൻ
തോട്ടത്തിൽ നിന്നുമുള്ള ജൈവാവശിഷ്ടങ്ങൾ, ചാണകം തുടങ്ങിയ ജൈവവളങ്ങളും
രാസവളവും ഏകോപിപ്പിച്ചുള്ള വളപ്രയോഗ രീതിയായാണ്‌ അവലംബിക്കുന്നത്‌.
തെങ്ങോന്നിന്‌ 750 ഗ്രാം യൂറിയ, 1.5 കിഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌
പൊട്ടാഷ്‌, 1.5 കിഗ്രാം സൂപ്പർ ഫോസ്ഫേറ്റ്‌ എന്നീ രാസവളങ്ങളാണ്‌
നൽകുന്നത്‌. തെങ്ങോന്നിന്‌ വർഷം തോറും 5 കി.ഗ്രാം മണ്ണിര കമ്പോസ്റ്റും
നൽകുന്നുണ്ട്‌.  കൂടാതെ ഒന്നിടവിട്ട വർഷങ്ങളിൽ 5 കി.ഗ്രാം വീതം കോഴിവളവും
നൽകിവരുന്നു. രാസവളത്തിനും ജൈവവളത്തിനുമായി തെങ്ങോന്നിന്‌ 40 രൂപയോളം ഒരു
വർഷം ചെലവഴിക്കുന്നു. വർഷം മുഴുവൻ നനയ്ക്കുന്ന തോട്ടമായതിനാൽ രാസവളങ്ങൾ
നാല്‌ തുല്യഗഡുക്കളായി 4 മാസത്തിലൊരിക്കൽ എന്ന തോതിലാണ്‌ നൽകുന്നത്‌.
കൂടാതെ രണ്ട്‌ വർഷത്തിലൊരിക്കൽ സൂക്ഷ്മ മൂലകങ്ങളായ സിങ്ക്‌, ഇരുമ്പ്‌,
ബോറാക്സ്‌, കോപ്പർ, മഗ്നീഷ്യം, മാംഗനീസ്‌ തുടങ്ങിയവ അടങ്ങിയ മിശ്രിതവളവും
തെങ്ങോന്നിന്‌ 100 ഗ്രാം എന്ന തോതിൽ നൽകുന്നുണ്ട്‌.
രമേഷിന്റെ തെങ്ങിൻ തോട്ടം തേങ്ങയാൽ സമൃദ്ധമായതിന്റെ മറ്റൊരു രഹസ്യം വർഷം
മുഴുവൻ തെങ്ങിൻ ചുവട്ടിൽ ഈർപ്പം നിലനിർത്തുന്നു എന്നതാണ്‌.ഇതിനായി എല്ലാ
തെങ്ങുകൾക്കും കണിക ജലസേചന രീതി ഏർപ്പെടുത്തിയിട്ടുണ്ട്‌. ചില പ്രത്യേക
പൈപ്പുകൾ വഴി വെള്ളം തുള്ളിതുള്ളിയായി ഓരോ ദിവസവും തെങ്ങിനും
കൊക്കോയ്ക്കും ആവശ്യമായ അളവിൽ മണ്ണിന്‌ ഉൾക്കൊള്ളാവുന്ന തോതിൽ
തുടർച്ചയായി വേരുപടലത്തിൽ എത്തിച്ച്‌ കൊടുക്കുന്നു. ഇതുമൂലം
വെള്ളത്തിന്റെ അളവ്‌ 75ശതമാനം വരെ ചുരുക്കാനാവുന്നു. അതായത്‌ പരമ്പരാഗത
ജലസേചന മാർഗ്ഗത്തിലൂടെ നനയ്ക്കാൻ വേണ്ടിവരുന്ന ജലത്തിന്റെ 30 ശതമാനം മതി
കണിക ജലസേചനം വഴി നനയ്ക്കുന്നതിന്‌. കൂടാതെ വളങ്ങൾ കൂടുതൽ കാര്യക്ഷമമായി
വലിച്ചെടുക്കുന്നതിനും ഇത്‌ സഹായിക്കുന്നു.
ചെലവ്‌ കുറയ്ക്കുന്നതിന്‌ ഊന്നൽ
രമേഷ്‌ ഊന്നൽ കൊടുക്കുന്ന മറ്റൊരുകാര്യം പരമാവധി ഉത്പാദനച്ചെലവ്‌
കുറയ്ക്കുക എന്നതിനാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തെങ്ങിന്‌ വളം
ചെയ്യാനും നനയ്ക്കാനുമായി വർഷംതോറും തടം എടുക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ
പത്ത്‌ വർഷമായി രമേഷ്‌ തെങ്ങിന്‌ തടം തുറക്കാറില്ല. ഒരാൾക്ക്‌
തള്ളിക്കൊണ്ട്‌ നടക്കാവുന്ന മിനി പവ്വർവീഡർ?എന്ന യന്ത്രം ഉപയോഗിച്ചാണ്‌
വളപ്രയോഗം നടത്തുന്നത്‌. തെങ്ങിന്റെ ചുവട്‌ ഈ യന്ത്രമുപയോഗിച്ച്‌
ഇളക്കിയതിനുശേഷം വളങ്ങൾ മേൽമണ്ണുമായി ഈ യന്ത്രമുപയോഗിച്ച്‌ തന്നെ കൂട്ടി
കലർത്തുന്നു. ഈ യന്ത്രത്തിന്റെ വില 48000 രൂപയാണ്‌. എന്നാൽ ഇതിനായി
ജോലിക്കാരെ നിറുത്തുകയാണെങ്കിൽ ഒരു തെങ്ങിന്‌ ഏകദേശം 20 രൂപ കൂലിച്ചെലവ്‌
വേണ്ടിവരും. കൂടാതെ തെങ്ങിൻ തോട്ടത്തിലെ കള നിയന്ത്രണവും യന്ത്രം
വഴിയാണ്‌.  ഇതിനായി ?ബുഷ്കട്ടർ? എന്ന മേഷീൻ ഉപയോഗിക്കുന്നു.
കുറ്റിച്ചെടുകളും മറ്റ്‌ കളകളും തറനിരപ്പിൽ വെട്ടിനിറുത്താൻ ഇത്‌
സഹായിക്കുന്നു. ഒരാൾക്ക്‌ തള്ളിക്കൊണ്ട്‌ നടന്ന്‌ കളവെട്ടാവുന്ന വളരെ
ലളിതമായ ഒരു ഉപകരണമാണിത്‌. ഇതിന്റെ വില 25,000 രൂപയാണ്‌. ഇതിനുപുറമേ,
കണിക ജലസേചനരീതി ഏർപ്പെടുത്തിയതുകൊണ്ട്‌ ജലസേചനത്തിന്‌ വേണ്ടിവരുന്ന
കൂലികുറയ്ക്കാൻ കഴിയുന്നു. തെങ്ങിൻ തോട്ടം നനയ്ക്കുന്നതിന്‌ പ്രത്യേകം
ആളിനെ വെയ്ക്കേണ്ടി വരുന്നില്ല. ഇപ്രകാരം ചെലവ്ചുരുക്കൽ നടപടികൾ
സ്വീകരിക്കുന്നത്‌ വഴി രമേഷിന്‌ ഒരു തെങ്ങിന്‌ ഒരു വർഷം ശാസ്ത്രീയ
പരിപാലനത്തിനായി ഏകദേശം 120 രൂപയോളമേ ചെലവ്‌ വരുന്നൂള്ളൂ.
ചുങ്കംപട്ടിയിലെ ഫാംഗേറ്റ്‌ വിലപ്രകാരം, ഏകദേശം 630 രൂപ ഒരു തെങ്ങിൽ
നിന്നും വരുമാനം ലഭിക്കുന്നു. അതായത്‌ പരിപാലനത്തിനായി മുടക്കുന്ന
തുകയുടെ അഞ്ചിരട്ടി വരുമാനം ലഭിക്കുന്നു എന്നാണ്‌ രമേഷിന്റെ കണക്കുകൾ
കാണിക്കുന്നത്‌. തേങ്ങ ചുങ്കംപട്ടിയിലുള്ള കച്ചവടക്കാർ മുഖേനയാണ്‌ വിപണനം
നടത്തുന്നത്‌.
അധികവരുമാനത്തിന്‌ കൊക്കൊ
തെങ്ങിൻതോപ്പിലെ ഭാഗിക തണലിൽ കൃഷി ചെയ്യാൻ ഏറ്റവും യോജിച്ച ഇടവിളയാണ്‌
കൊക്കോ. കാഡ്ബറി ഇന്ത്യ ലിമിറ്റഡ്‌ കമ്പനിയുമായി സഹകരിച്ച്‌ 6.50 ഏക്കർ
തെങ്ങിൻ തോട്ടത്തിൽ തൈകൾ വെച്ച്‌ പിടിപ്പിച്ചിട്ടുണ്ട്‌. 4 വർഷം പ്രായമായ
കൊക്കോ തൈകളിൽ 70 ശതമാനത്തോളം കായ്ക്കാൻ തുടങ്ങി. ഇപ്പോൾ തന്നെ ഒരു
മരത്തിൽ നിന്ന്‌ ശരാശരി അര കി.ഗ്രാം മുതൽ ഒരു കി.ഗ്രാം വരെ ഉണങ്ങിയ
കൊക്കോ കുരു ലഭിക്കുന്നുണ്ട്‌. ഇത്‌ പൂർണ്ണവളർച്ച എത്തുന്നതോടുകൂടി 2 കി.
ഗ്രാം. കൊക്കോ കുരു ലഭിക്കുമെന്ന്‌  പ്രതീക്ഷിക്കുന്നു. വളത്തിനും മറ്റ്‌
പരിചരണമുറകൾ അവലംബിക്കുന്നതി നുമായി കൊക്കോമരമൊന്നിന്‌ 45 രൂപ രമേഷിന്‌
ചെലവ്‌ വരുന്നു. ഇന്നത്തെ കൊക്കോയുടെ വിലവച്ച്‌ ഒരു മരത്തിൽ നിന്ന്‌ 2
കി.ഗ്രാം കൊക്കോ കുരു കിട്ടിയാൽ 300 രൂപയോളം വരുമാനം കിട്ടും. അതായത്‌
പരിചരണമുറകൾ അവലംബിക്കുന്നതിനുമായി വേണ്ടിവരുന്ന ചെലവിന്റെ ആറ്‌
ഇരട്ടിയോളം വരുമാനം കൊക്കോയിൽ നിന്നും പ്രതീക്ഷിക്കുന്നു. രമേഷിന്റെ
സമൃദ്ധമായ തെങ്ങിൻ തോട്ടവും കൃഷിരീതികളും കണ്ട്‌ പഠിക്കാൻ നിരവധി
കർഷകരും, കൃഷി ഉദ്യോഗസ്ഥരും പതിവായി തോട്ടം സന്ദർശിക്കാറുണ്ട്‌. കൂടാതെ
തമിഴ്‌നാട്ടിലെ ഒട്ടുമിക്ക റേഡിയോ, ടിവി ചാനലുകളും ഈ മാതൃക തെങ്ങിൻ
തോട്ടത്തിലെ വിശേഷങ്ങൾ പ്രക്ഷേപണം ചെയ്യാറുണ്ട്‌.
കേന്ദ്ര ഗവണ്‍മന്റിന്റെ ദേശീയ ഹോർട്ടികൾച്ചർ മിഷൻ പരിപാടി മുഖേന കൊക്കോ
തൈ വെയ്ക്കുന്നതിന്‌ ഹെക്ടറിന്‌ 20,000 രൂപ നിരക്കിൽ ധനസഹായം
ലഭിക്കുകയുണ്ടായി. കൂടാതെ ഡ്രിപ്പ്‌ ഇറിഗേഷൻ സംവിധാനം
ഏർപ്പെടുത്തുന്നതിന്‌ വേണ്ടിവന്ന തുകയുടെ 50 ശതമാനം കേന്ദ്ര
ഗവണ്‍മന്റിന്റെ  മൈക്രോ  ഇറിഗേഷൻ പദ്ധതി മുഖേന ലഭിക്കുകയുണ്ടയി. പവ്വർ
വീഡർ വാങ്ങുന്നതിനും തമിഴ്‌നാട്‌ സംസ്ഥാന സർക്കാരിന്റെ 50 ശതമാനം സബ്സിഡി
ലഭിക്കുകയുണ്ടായി.  ഈ പദ്ധതികൾ വഴിയുള്ള ധനസഹായം ശരിയായ രീതിയിൽ
വിനിയോഗിക്കുകയാണെങ്കിൽ ഉത്പാദനച്ചെലവ്‌ പരമാവധി കുറച്ച്‌
നാളികേരോത്പാദനവും, അതുപോലെ തന്നെ തെങ്ങിൻ തോട്ടത്തിൽ നിന്നുള്ള
വരുമാനവും പരമാവധി കൂട്ടാൻ സാധിക്കും. സർക്കാർ സർവ്വീസിൽ ഉന്നത ഉദ്യോഗം
ലഭിച്ചിട്ടും കൃഷിയെ സ്നേഹിക്കുന്ന രമേഷ്‌ യുവതലമുറയ്ക്ക്‌ ഒരു
മാതൃകയാവുകയാണ്‌.
മേൽവിലാസം: ഡി. രമേഷ്‌, സുക്കംവട്ടി, അയോദ്ധ്യാപട്ടിണം, സേലം. മൊബെയിൽ : 0904706535
അസിസ്റ്റന്റ്‌ ഡയറക്ടർ (ഓൺ ഡെപ്യൂട്ടേഷൻ),
നാളികേര വികസന ബോർഡ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...