Showing posts with label 7. Show all posts
Showing posts with label 7. Show all posts

29 Mar 2016

ഒച്ചപ്പെടല്‍

എ വി സന്തോഷ് കുമാർ  
 ഒറ്റയ്ക്കാവുമ്പോള്‍
അടുത്തുവന്നിരിക്കുന്ന
ഒച്ചക്കുഞ്ഞുങ്ങള്‍ക്ക്
കഥപറഞ്ഞുകൊടുക്കുന്നത്
ഓര്‍ത്തിരിക്കുമ്പോള്‍...

അത് ഇങ്ങനെയുമാകാം.
'മിണ്ടിയും പറഞ്ഞും
ഏകാന്തതയെതുരത്തും വിധം'
ഇരുട്ടില്‍
ഉടലില്‍
ഇഴഞ്ഞുകയറും ഉറക്കം
പുതപ്പുമുടുപ്പും ഉരിഞ്ഞെറിഞ്ഞ്
ഒഴികിയിറങ്ങും.
ആരവങ്ങളായി
വളര്‍ന്നുകഴിഞ്ഞ
ഒച്ചകളെ
അടര്‍ത്തിമാറ്റി
വെളിച്ചത്തിലേക്ക്
പിടഞ്ഞുണരുന്നതുവരെ.
ഒറ്റയ്ക്കാവുമ്പോള്‍
അടുത്തുവന്നിരിക്കുന്ന
ഒച്ചക്കുഞ്ഞുങ്ങള്‍ക്ക്
കഥപറഞ്ഞുകൊടുക്കുന്നത്
ഓര്‍ത്തിരിക്കുമ്പോള്‍...

1 Mar 2016

ക്യൂ...പിന്നെയും ക്യൂ...?


  --ബാബു ആലപ്പുഴ. (ഫോണ്‍:7736460750)

    അന്ന്  ഓഫീസ്സില്‍ പിടിപ്പത് ജോലി ഉണ്ടായിരുന്നു.  ഏതാണ്ട് ആറു മണിക്ക് ശേഷമാണ് ഓഫീസ്സില്‍ നിന്നിറങ്ങിയത്.  ബിവറേജിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ക്യൂവില്‍ കയറി.  ഒരു പയിന്‍റ് വാങ്ങി പുറത്തിറങ്ങി. വീണ്ടും യാത്ര.  പോകുന്ന വഴിയില്‍ വിജനമായ ഒരിടം കണ്ടെത്തി ബൈക്ക് നിര്‍ത്തി.  പയിന്‍റ് പൊട്ടിച്ചു സീറ്റിനടിയില്‍ കരുതിയിരുന്ന കാലികുപ്പിയിലേക്ക് പകുതി ഒഴിച്ച് മാറ്റി വച്ചു.  സോഡക്കുപ്പി പൊട്ടിച്ചു മിക്സ് ചെയ്തു.  പതിയെ സിപ്പ് ചെയ്തുകൊണ്ടിരുന്നു.  നല്ല തണുത്ത കാറ്റ്.  ലഹരി ശരീരം മുഴുവന്‍ പടര്‍ന്നു കയറി.  ഫിനിഷ് ചെയ്തു കുപ്പി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.
    ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു.
“...ദുഖങ്ങള്‍ക്കിന്നു ഞാന്‍...അവധി കൊടുത്തൂ...
സ്വര്‍ഗത്തില്‍ ഞാനൊരു...മുറി..യെടുത്തു...”
    ആ പഴയ യേശുദാസ് ഗാനം മനസ്സ് മൂളിക്കൊണ്ടിരുന്നു.
    ഒരു വളവു തിരിയുമ്പോള്‍..
    ഒരു ചരക്ക് ലോറി പാഞ്ഞു വരുന്നു...!?
    പിന്നെ ഒന്നും ഓര്‍മ്മയില്ല.
    ഓര്‍മ്മ മടങ്ങി വന്നപ്പോള്‍--
    അയാള്‍ ക്യൂവിലാണ്..!?
    ബിവറേജ് ക്യൂവാണോ?  അല്ല.  ഇത് മറ്റേതോ ക്യൂവാണ്..?
    ക്യൂവിലൂടെ അയാള്‍ നടന്നു.  ഒരു കൌണ്ടറിനു മുന്നിലെത്തി.  ശരീരത്തിലൂടെ ഒരു സ്ക്രീനിംഗ് മെഷീന്‍ ഇഴഞ്ഞു നടന്നു.  പെട്ടെന്നാണയാളുടെ ശരീരം മുഴുവന്‍ പച്ചനിറമായി മാറിയത്!!?
    അടുത്ത ക്യൂവിലേക്കു പോകുംമുമ്പ് അയാള്‍ തിരിഞ്ഞു നോക്കി.  ചിലരുടെ ശരീരം ചുവപ്പ് നിറം! ചിലര്‍ക്ക് പച്ച നിറം!  കൂടുതല്‍പേരും  ചുവപ്പ് നിറക്കാര്‍!!?
    അയാള്‍ പച്ച നിറമടിച്ച കൌണ്ടറിനു മുന്നിലെത്തി.  അവിടെനിന്നും ഒരു കാര്‍ഡ്  കിട്ടി.  എ.പി.എല്‍. കാര്‍ഡ്!  ഭൂമിയില്‍ റേഷന്‍ കാര്‍ഡ് എ.പി.എല്‍. ആണ്.  അതുകൊണ്ടാണോ ഈ കാര്‍ഡ്‌ തന്നത്? അറിയില്ല. ചുവപ്പു നിറക്കാര്‍ക്കു ബി.പി.എല്‍. കാര്‍ഡാണ് നല്‍കുന്നത്. എ.പി.എല്‍., ബി.പി.എല്‍. ഇവയുടെ മുഴുവന്‍ പേരറിയാന്‍ അയാള്‍ ബോര്‍ഡ് പരത്തി. എ.പി.എല്‍. എന്നാല്‍ എബൌ പരലോകം (Above Para Lokam)..ബി.പി.എല്‍. എന്നാല്‍ ബിലോ പരലോകം (Below Para Lokam)...  ഓ. സംശയം തീര്‍ന്നു.
    എന്താ തനിക്കു ഈ എ.പി.എല്‍ കാര്‍ഡ്‌ കിട്ടിയത് എന്ന് അല്‍ഭു- തപ്പെടുകയായിരുന്നു അയാള്‍.  ഭൂമിയില്‍ വച്ച് കൊച്ചുകൊച്ചു കുരുത്തക്കേടുകളും അരുതായ്മകളും ചെയ്തിട്ടുണ്ട്.  എന്നിട്ടും?  ഒരു പക്ഷെ നിസ്സാരമായ ആ തെറ്റുകള്‍ പൊറുത്തുകാണും?
    അയാള്‍ മുന്നോട്ടു നടന്നു.  ആ ക്യൂ രണ്ടായി മാറി.  ഇടത്തേയ്ക്കുള്ള ക്യൂ എ.പി.എല്‍. കാര്‍ക്കും വലത്തേയ്ക്കുള്ളത് ബി.പി.എല്‍ കാര്‍ക്കും.  അയാള്‍ ഇടത്തേയ്ക്ക് നടന്നു.  വളരെ കുറച്ചു പേരേയുള്ളൂ ക്യൂവില്‍!  മൂന്നോ നാലോ പേര്‍ മാത്രം!!
    ക്യൂ അവസാനിച്ചത്‌ ഒരു വലിയ സ്വര്‍ണ്ണകവാടത്തിനു മുന്നില്‍!  വാതില്‍ തുറക്കപ്പെട്ടു.  അയാള്‍ അകത്തു കയറി.  വാതില്‍ അടഞ്ഞു.
    പച്ച നിറമുള്ള കുറെ രൂപങ്ങള്‍ അയാള്‍ക്ക്‌ ചുറ്റും കൂടി.  അവര്‍ അയാളെ സ്വീകരിച്ചു.
“ആരൊക്കെയാ? എനിക്ക് മനസ്സിലായില്ലല്ലോ?”
“ഞാന്‍ നിന്റെ അമ്മെയാ മോനേ..”
    അമ്മ അയാളെ കെട്ടിപ്പിടിച്ചു സന്തോഷിച്ചു.
“അഛനെവിടെ അമ്മേ..?” അയാള്‍ ചോദിച്ചു.
“അഛന്‍ ബി.പി.എല്‍. കാരനാ..ഇപ്പൊ വേറൊരു ലോകത്താ..”
“ഞാന്‍ നിന്റെ മൂത്ത ചേട്ടന്‍ ദിനമണി..”
“ചേട്ടാ..അവസാനം നമ്മള്‍ കണ്ടുമുട്ടിയല്ലോ..?”
“ഇതാരാ..?” അടുത്തുനിന്ന മറ്റൊരു രൂപത്തെ നോക്കി അയാള്‍ ചോദിച്ചു.
“എടാ..ഇത് ഞാനാ..എബി എബ്രഹാം.  നിന്റെ ഉറ്റ കൂട്ടുകാരന്‍..”
“എടാ എബ്രഹാമേ..”  രണ്ടുപേരും കെട്ടിപ്പിടിച്ചു സന്തോഷിച്ചു.
“ഇനി സമയം കളയേണ്ട.. നമുക്ക് പോകാം..”
“എങ്ങോട്ട്..?”
“കൊട്ടാരത്തിലേക്ക്.  അവിടെയാ നമ്മുടെ താമസം.”
    ദൂരെ സ്വര്‍ണനിറത്തില്‍ തിളങ്ങുന്ന ഒരു  കൊട്ടാരം!!   മുത്തശ്ശികഥകളിലെ രാജകൊട്ടാരം പോലെ?
    കൊട്ടാരത്തിന് മുന്നിലെത്തി. സ്വര്‍ഗീയ സംഗീതവും സുഗന്ധവും ഒഴുകി വന്നു.  അവര്‍ അകത്തേയ്ക്ക് കയറി.
    ഉള്ളിലെ കാഴ്ചകള്‍ കണ്ടു അയാള്‍ അന്തംവിട്ട്‌ നിന്നു!
”ഇത് സ്വര്‍ഗ്ഗമോ?”
“അതെ. സ്വര്‍ഗ്ഗം തന്നെ.  ഇനിയുള്ള നമ്മുടെ ജീവിതം ഈ സ്വര്‍ഗ്ഗത്തിലായിരിക്കും.  ഇനി ഒരിക്കലും നമ്മള്‍ എങ്ങോട്ടും മടങ്ങി പോവില്ല.  അതാ ഇവിടുത്തെ നിയമം.”
“അപ്പൊ ബി.പി.എല്‍. കാര്‍ക്കോ?”
“അത് നരകമാ.  അവിടെ ഉള്ളവര്‍ക്ക് എപ്പോഴും ഭയങ്കര വിശപ്പും ദാഹവുമാ.  24 മണിക്കൂറും കഷ്ട്പ്പെടനം.  എന്നാലും ചാട്ടവാര് കൊണ്ട് അടി കിട്ടും.  കിങ്കരന്മാര്‍ അടിച്ചു പരത്തും.  പോറോട്ടക്ക് മാവ് കുഴയ്ക്കും പോലെ. തിളച്ച എണ്ണ കുടിപ്പിക്കും.  പാമ്പുകളെ കൊണ്ട് കടിപ്പിക്കും.  അങ്ങനെ പലപല കഠിന ശിക്ഷകളും ഉണ്ടെന്നാ കേക്കുന്നെ..”
“ഇവിടെയോ?”
“ഇവിടെ നമുക്ക് പരമാനന്ദ സുഖമല്ലേ?  വിശപ്പും ദാഹവുമില്ല.  ഒരു പണിയും ചെയ്യണ്ടാ.  ചുമ്മാ കാഴ്ചകള്‍ കണ്ടു സന്തോഷിച്ചു നടന്നാല്‍ മതി.”
“നമുക്ക് ഇവിടുന്നു എപ്പോഴെങ്കിലും മടങ്ങി പോകണോ ഭൂമിയിലേക്ക്‌?”
“വേണ്ട.  ജീവിതകാലം മുഴുവന്‍ ഇവിടെ കഴിഞ്ഞാല്‍ മതി.  എന്നാല്‍ ബി.പി.എല്‍. കാര്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക്  ഭൂമിയിലെക്കു തിരിച്ചു പോകേണ്ടതുണ്ട്. ഓരോ ബി.പി.എല്‍. കാര്‍ക്കും ഓരോരോ ശിക്ഷാകാലാവധി ഉണ്ട്.  ശിക്ഷാകാലം കഴിയുമ്പോള്‍ ആ ചുവന്ന രൂപത്തെ ഒരു കംപ്യൂട്ടറൈസ് മെഷീനിലേക്കിടും.  മെഷീന്‍ ആ രൂപത്തെ ഒരു “കുഞ്ഞാക്കി” മാറ്റും. ആ കുഞ്ഞ് അടുത്ത നിമിഷം ഭൂമിയില്‍ എവിടെങ്കിലും ഏതെങ്കിലും ഒരമ്മയുടെ ഉദരത്തില്‍ പ്രവേശിക്കും.  പിന്നെ പ്രസവം....അതിനു ശേഷം ആ കുഞ്ഞിന്റെ ജീവിതം... അവസാനം.... മരണം.....പിന്നെ പരലോകത്തേയ്ക്കുള്ള മടക്കയാത്ര...ഈ യാത്ര അനന്തമായി അങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.....പച്ച എ.പി.എല്‍. കാര്‍ഡ് കിട്ടുന്നത് വരെ....”

16 Jan 2016

കണ്ടിട്ടും കാണാത്ത പ്രണയം‬

ശബ്ന എസ ബി
എന്നുടെ സ്നേഹം
സ്വന്തമാക്കാനായി
എത്രയോ കാലം
പുറകേ നടന്നു നീ…
അഭിമാനവും പിന്നെ
ആത്മീയതയും കൊണ്ട്‌
അന്നു കാണാത്തപോൽ
നടന്നകന്നല്ലൊ ഞാൻ…

പ്രേമവും മോഹവും
തെറ്റെന്നുരുവിട്ട്‌
പ്രതിശ്രുത വരനായീ
കാത്തിരുന്നന്നു ഞാൻ…
എല്ലാം വ്യഥ എന്ന്
അറിഞ്ഞു കരയുന്നു
എന്നുടെ മാനസം ഗദ്‌ഗദത്താൽ…
കണ്ടിട്ടും കാണാത്തപോൽ
നടിച്ചന്നു ഞാൻ
സ്നേഹമൂറും നിന്റെ
പുഞ്ചിരി പൂവുകൾ…
നിന്നുടെ നോവോ!
ഉള്ളിലെ ശാപമോ!
ഇന്നെന്റെ ജീവിതം
പേറിടുന്നൂ…

26 Dec 2015

കവിപോയകാലം.../കവിത



                       
            അന്‍വര്‍ ഷാ ഉമയനല്ലൂര്‍



ചിന്താനദിക്കരയിലൊരുചെറുതോണിതന്‍-
നിഴലുപോല്‍ നിന്‍ കവിതയരികെവന്നണയുന്നു
വീണ്ടുമീയകമൊന്നു നനയുന്നു പതിയെ,യാ-
സ്മരണണയൊരു നൃപസൂനമായ് വിരിഞ്ഞീടുന്നു.

വര്‍ണ്ണങ്ങളോരോന്നെഴുതിമായ്ച്ചുലകിലെന്‍
കണ്ണീര്‍മുകില്‍പോലെ; തിരുഹിതം പെരുകവേ,
ചെന്നിണംപോല്‍പൊടിഞ്ഞീടുന്നിടനെഞ്ചി-
ലൊരുപാടു സ്‌മരണാര്‍ദ്ധമലരുകള്‍ പതിവിലും.

പൊയ്പ്പോയ നല്ക്കാലമതിവേഗമരികെവ-
ന്നന്‍പോടുണര്‍ത്തുന്നു നിന്‍പെരിയ കവിതകള്‍
ഏകാകിയായകലെനില്‍പ്പുണ്ടു് കാണ്മുഞാന്‍
തവകാവ്യനിഴലുപോലൊരുമഹിതവെണ്‍മുകില്‍.

തണലേകിനില്‍ക്കിലുമിക്കാലമൊരുപോലെ-
തിരയുന്നു പതിവുപോല്‍ പതിയെനിന്‍ഹൃദ്സ്വരം
കൊതിക്കുന്നിതേനുമാ, തുടര്‍ക്കാലഗീതങ്ങള്‍
കേള്‍ക്കുവാന്‍വീണ്ടു,മൊരുപുലരിയായുണരുവാന്‍.

തിടുക്കത്തിലണയുന്നൊരുപാടു സ്‌നേഹിതര്‍
മിടിക്കുമ്പോള്‍മാത്രമെന്നറിഞ്ഞനി-ന്നറിവുപോല്‍
നിറയ്‌ക്കുന്നകമെ,യൊരായിരം സ്‌മരണകള്‍
തുടിക്കയാല്‍പിന്നെയും ഝടിതിയേന്‍ബഹുവിധം.

കുറിക്കയാണിപ്പോളൊരുവേള; കുതിരപോല്‍-
ക്കുതിക്കുവാന്‍വെമ്പിനില്‍ക്കുന്നൊരീ,ക്കവിതകള്‍
വിധിക്കായെറിഞ്ഞുനല്‍കീടാന്‍ തുനിഞ്ഞവര്‍
സ്‌തുതിക്കുന്നൊളിഞ്ഞുനി-ന്നൊരുവേളയീപ്പകല്‍.
*    *    *    *    *    *    *

മറക്കരുതൊരുപോലെയിവരെനാം,സ്നേഹിതാ
യുയര്‍ത്തേണ്ടതുണ്ടിവര്‍ക്കൊരു മഹിത സ്‌മാരകം
തിരിഞ്ഞുനോക്കാറില്ലയാരുമേ, സ്‌മൃതികളില്‍
തെളിച്ചിടുന്നില്ലാര്‍ദ്ര മൊഴികള്‍പോല്‍ പുലരികള്‍.

തിരഞ്ഞെത്തുമൊരുപോലെ,യാരെയുമെന്നറി-
ഞ്ഞന്‍പോടുണര്‍ന്നു വര്‍ത്തിക്കേണമൊന്നുപോല്‍
പിരിഞ്ഞുപോകേണ്ടവരാണുനാം, ധരണിവി-
ട്ടെന്നറിഞ്ഞറിവിനൊരു; സ്ഥിരഭാഷ പകരുവാന്‍!
-------------------------------------------------------
കവി ശ്രീ. ഡി. വിനയചന്ദ്രനെ അനുസ്മരിച്ചുകൊണ്ട്

26 Oct 2015

അനുഷ്ഠാനം



അധഃസ്ഥിതരുടെ അനുഷ്ഠാനങ്ങൾ
  കാവിൽരാജ്‌                  
                                                          

         ആദിപരാശക്തിയായ ഖളൂരികദേവി, ഭദ്രകാളി, മുത്തപ്പൻ, വിഷ്ണുമായ, കുട്ടിച്ചാത്തൻ, കരിങ്കുട്ടി, പറക്കുട്ടി, വീരഭദ്രൻ, മലവാഴി, മലങ്കുറത്തി,നാഗദൈവങ്ങൾ തുടങ്ങിയ ദൈവങ്ങളെയാണ്‌ ​‍ ഈഴുവർ, പാണൻ, പറയൻ ,പടന്നാൻ ,വേലൻ ,മണ്ണാൻ, പെരുമണ്ണാൻ, ചെറുമർ എന്നിവർ സ്വന്തം വീടുകളിൽ പ്രതിഷ്ഠിച്ച്‌ പൂജിച്ചു വരുന്നത്‌. പൂജാവിധികളും മന്ത്രങ്ങളുംഅനുഷ്ഠാനകർമ്മങ്ങളും ശാസ്ത്രീയമായി അറിവില്ലെങ്കിലും അവരും അവരവരുടെ കഴിവുപോലെ  അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നുണ്ട്‌.
       ഖളൂരികയെന്നാൽ ആയോധനകല അഭ്യസിക്കുന്നതിനുള്ള സ്ഥലം എന്നാണർത്ഥം. അതിന്റെ  അധിപയായതിനാൽ ഖളൂരികാദേവിയെന്നു വിളിക്കപ്പെട്ടു. അധഃസ്ഥിതർക്കു ഒന്നിച്ചുകൂടി വിദ്യയും ആയോധനകലയും അഭ്യസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നകാലത്ത്‌ കുറെ കുടുംബങ്ങൾ ചേർന്ന്‌ ഒരുസ്ഥലത്ത്‌ ഒത്തുചേരുകയാണ്‌ പതിവ്‌. വേലൻ മണ്ണാൻ പെരുമണ്ണാൻ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന സമുദായങ്ങളിലെ മന്ത്രവാദികളും കലാകാരന്മാരുംമാത്രമാണ്‌ അനുഷ്ഠാനകർമ്മങ്ങളിലൂടെ ഖളൂരികദേവിയെ തോറ്റിയുണർത്തുന്നവർ.മറ്റു പിന്നാക്കസമുദായക്കാർക്കുവേണ്ടി ഈ കർമ്മം അനുഷ്ഠിക്കുന്നതും ഇവർതന്നെ. പ്രധാനദേവതയായ ഭദ്രകാളിക്കുപുറമെ ഉപദേവകളായി മറ്റുദൈവങ്ങളെയും പ്രതിഷ്ഠക്കാറുണ്ട്‌.


    വർഷംതോറും ദേവചൈതന്യത്തിനായി കളംപാട്ടുകഴിക്കുകയെന്നത്‌ അനുഷ്ഠാനകർമ്മങ്ങളുടെ ഭാഗമാണ്‌.കുരുത്തോലയിൽതീർക്കുന്ന കലാവിരുതുകൾ ഇവരുടെ കലാബോധത്തെ വിളിച്ചോതുന്നു. ആർക്കും അനുകരിക്കാനാവാത്ത ധൂളീചിത്രകലയും ഇവർക്കു സ്വന്തം. കറുപ്പാണ്‌ കളമെഴുത്തിന്റെ അടിസ്ഥാന നിറം. കറുപ്പിനായി ഉമിക്കരി ഉപയോഗിക്കുന്നു. വെളുത്തനിറത്തിനു അരിപ്പൊടിയും മഞ്ഞയ്ക്കു മഞ്ഞൾപ്പൊടിയും, വാകപ്പൊടികൊണ്ട്‌ പച്ചയും, മഞ്ഞളും ചുണ്ണാമ്പും ചേർത്ത്‌ ചുവന്നപൊടിയും നിർമ്മിച്ചെടുക്കുന്നു .ഈ പഞ്ചവർണ്ണപ്പൊടികളാലാണ്‌ കളമെഴുത്ത്‌ നടത്തുന്നത്‌. ചിരട്ടയുരച്ചു വൃത്തിയാക്കി അതിൽ വിവിധ തരത്തിലും തലത്തിലും ദ്വാരങ്ങൾ  ഉണ്ടാക്കി അതിൽ ഓരോ പൊടികളും നിറച്ചാണ്‌ കളത്തിൽ കരവിരുത്‌ പ്രകടിപ്പിക്കുന്നത്‌. മട്ടവും മഴുക്കോലുമില്ലാതെ കൈത്തഴക്കവും മെയ്ത്തഴക്കവുംകൊണ്ട്‌ കളമെഴുതുന്ന വിദ്യ കേരളത്തിന്റെ തനതു കലകളിൽപ്പെട്ട ശ്രദ്ധേയമായ കലതന്നെയാണ്‌.


    കളമെഴുതിക്കഴിഞ്ഞാൽ ചെണ്ടയുടെ അകമ്പടിയോടെ കൂറ അഥവാ പട്ടുവിരിക്കൽ ചടങ്ങു നടക്കുന്നു. തറവാട്ടു കാരണവരുടെ കയ്യിൽനിന്നും കളം കർമ്മി  ഏറ്റുവാങ്ങുന്നതോടെ അനുഷ്ഠാനകർമ്മങ്ങൾ ആരംഭിക്കുന്നു. തന്തിവാദ്യസംഗീതോപകരമണമായ നന്തുണിയിൽ ദേവീസ്തുതിയോടെ പൂജകൾക്കു തുടക്കം കുറിക്കുന്നു. തുടർന്ന്‌ ഇഴാറ, ചെണ്ട, തുടി, കുഴിത്താളം എന്നന്നിവയുടെ സഹായത്താൽ തോറ്റംപാട്ട്‌ പാടുന്നതോടെ കളത്തിനുചുറ്റും നിൽക്കുന്നവർ ഭക്തിയിൽ മുഴുകുന്നു.
    പാൽക്കിണ്ടി തിരുടാട കോടിമുണ്ട്‌ വെറ്റിലപ്പാക്ക്‌ ദക്ഷിണ അവില്‌ മലര്‌ കദളിപ്പഴം തണ്ണീരമൃത്‌ പുഷ്പം ചന്ദനം കർപ്പൂരം ദശാംഗം നെയ്‌വിളക്ക്‌ ചെറുതിരി കോൽതിരി വിളക്ക്‌ എന്നിവയെല്ലാം അനുഷ്ഠാനപൂജകൾക്കായി ഉപയോഗിക്കുന്നു. തറവാട്ടമ്മ കളംതൊട്ട്‌ അനുഗ്രഹം വാങ്ങിക്കുന്നതും കുടുംബത്തിൽപ്പെട്ടവരെല്ലാം നൽപ്പത്തിയൊന്നു ദിവസം വ്രതമെടുത്ത പരിശുദ്ധിയോടെ കളംപാട്ടിൽ പങ്കെടുക്കുന്നതും ദേവീപ്രീതി നേടിക്കൊടുക്കുമെന്ന വിശ്വാസത്താലാണ്‌.സ്ത്രീഖളിൽ അശുദ്ധിയിലിരിക്കന്നവരും മത്സ്യമാംസാദികൾ ഉപയോഗിക്കുന്നവരും കളത്തിൽ പ്രവേശിക്കാറില്ല. ഭക്തിയോടെ നിറഞ്ഞ വിശ്വാസത്തോടെ കളംകൊള്ളാനെത്തുന്നന്നവരെ ഭക്തിബഹുമാനത്തോടെയാണ്‌ മറ്റുള്ളവർ നോക്കികാണുന്നത്‌.
    ക്ഷേത്രസങ്കൽപംതന്നെയാണ്‌  കളത്തിന്റെ അടിസ്ഥാന തത്വം.    അറുപത്തിനാലു ദളങ്ങളുള്ള താമരപ്പൂവിൽ വസിക്കുന്ന ദേവിയെ സങ്കൽപിച്ച്‌ 64 കലകൾക്കു നാഥയായ ദേവിക്കു 64 ഇലനറുക്കുകൾ വെച്ച്‌ പൂജചെയ്ത്‌,ദേവിയുടെ മെയ്യാഭരണങ്ങളായ അരമണി​‍ിയും വാളും ചിലമ്പും വെച്ച്‌ തോറ്റം പാട്ടിലൂടെ കളത്തിലേക്കാവാഹിച്ച്‌ തറവാട്ടുകുടുംബത്തിനു സമ്പത്സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യസൗഖ്യവും നൽകമണമെന്നപ്രാർത്ഥനയോടെ ഭക്തജനങ്ങൾ കൂട്ടമായി പ്രാർത്ഥിക്കുമ്പോൾ ദേവി അനുഗ്രഹിക്കുമെന്നാണു വിശ്വാസം. അനുഷ്ഠാനപൂജകളുടെയും തോറ്റം പാട്ടിന്റെയും ഫലത്താൽ ദേവീചൈതന്യം കോമരത്തിന്റെ ശരീരത്തിലേക്കു പ്രവേശിക്കുന്നു.കോമരം തുള്ളി കൽപന
ചെയ്യുന്നതിനുമുമ്പായി കളം മാച്ചുകളയുന്നതും കളത്തിൽ കടന്നിരിക്കുന്നതും കോമരത്തിന്റെ കടമയാണ്‌.കോമരത്തിൽ ദേവീചൈതന്യം കയറിയെന്നതിനു തെളിവാണത്‌ എന്നും സങ്കൽപം.
    പുരോഗതിയിലേക്കു കുതിക്കുന്ന വർത്തമാനയുഗത്തി ഇത്തരം വിശ്വാസങ്ങൾ അന്ധമാണെന്നു പറഞ്ഞു തള്ളിക്കയുവാൻ സാധിക്കുന്നില്ലായെന്നതിന്റെ ബാക്കിപത്രങ്ങളാണല്ലോ ഇന്നും ഏതുമനുഷ്യരിലും കണ്ടുവരുന്ന ആത്മീയത. സാത്വികസ്വഭാവക്കാരായബ്രാഹ്മണർ പൂജകൾക്കു സസ്യവിഭവങ്ങൾ ഉപയോഗിക്കുമ്പോൾ തമോഗുണക്കാരായ അധഃസ്ഥിതർ സസ്യേതരവിഭവങ്ങൾ ഒരുക്കി അവരുടെ ദൈവങ്ങളെ ആരാധിച്ചുവരുന്നു.


    നാഗങ്ങളുടെ ഉൽപത്തിയെക്കുറിച്ച്‌ മഹാഭാരതത്തിൽ പരാമർശമുണ്ട്‌. കശ്യപന്‌ കദ്രുവിൽ പിറന്ന നാഗങ്ങളെ ദിവ്യനാഗങ്ങളെന്നും ഭൂമിയിൽ കാണുന്നവയെ ഭൗമനാഗങ്ങളെന്നും പറയുന്നു. ആയൂർവേദത്തിന്റെ കുലപതിയായ ധന്വന്തരി മഹർഷി സുശ്രുതന്‌ ദിവ്യനാഗങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്‌.ദിവ്യതേജസ്സുള്ളവയാണ്‌ ദിവ്യനാഗങ്ങൾ. അവയ്ക്കു പ്രകൃതിയെ നിയന്ത്രിക്കുവാനുള്ള കഴിവുണ്ട്‌.ഭൂമിയെ സംരക്ഷിക്കുവാനും നശിപ്പിക്കനും കഴിവുണ്ട്‌. അതിനാൽ ദിവ്യനാഗങ്ങളെ വന്ദിക്കണമെന്നും ആരാധിക്കണമെന്നുമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്‌.  സഹജീവികളോടുള്ളകാരുണ്യവും ആരാധിക്കേണ്ടവയെ ആരാധിക്കുവാനുള്ള മനസ്സും ഹൈന്ദവസംസ്ക്കാരത്തിന്റെ ചിഹ്നങ്ങളാണെന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമത്രേ.  അതിന്റെ ഫലമായി ഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പുകളെ ഭയന്ന്‌ അവയെ പ്രീതിപ്പെടുത്തുവാൻ തീരുമാനിച്ചതിലൂടെയാണ്‌ സർപ്പാരാധന സമ്പ്രദായം നിലവിൽ വന്നത്‌.ആധുനികയുഗത്തിലും സർപ്പങ്ങൾക്കു പാലും നൂറും നൽകി അഷ്ടനാഗങ്ങളെ പാട്ടുപാടി കൊട്ടിവിളിക്കുന്ന സമ്പ്രദായം പാമ്പിൻകളത്തിലൂടെ ഇന്നും അനുവർത്തിച്ചുകൊണ്ടിരിക്കുന്നു.
    പാമ്പിനു ആയിരം സംവത്സരം ആയുസ്സുണ്ടെന്നാണ്‌ വിഷവൈദ്യഗ്രന്ഥം പറയുന്നത്‌. ആയുസ്സ പകുതിയെത്തുമ്പോൾ നിധിയിരിക്കുന്നേടത്ത്‌ ചെന്ന്‌ ശിവനെ തപസ്സിരിക്കും. ആയുസ്സു തീരുന്നതോടെ നിധിയുരുകി മാണിക്കകല്ലാകും.ഈ മാണിക്യവുംകൊണ്ട്‌  സർപ്പം കൈലാസത്തിലേക്കു പോകും.
സൂര്യരശ്മിയിൽ പാമ്പ്‌ ദഹിച്ചുപോകുമെങ്കിലും അതിന്റെ ജീവനും മാണിക്കകല്ലും ശിവസന്നിധിയിലെത്തും. ഇതാണ്‌ ഐതിഹ്യം. അങ്ങനെ പാമ്പിന്റെ ചിതാഭസ്മം വീഴുന്നദിക്കാണ്‌ പിന്നീട്‌ പാമ്പിൻകാവായി പരിണമിക്കുന്നതെന്നു കേരളീയരും വിശ്വസിക്കുന്നു.
    ഭൂമിയെ താങ്ങി നിർത്തുന്നത്‌ ഒരു വലിയസർപ്പമാണെന്നു നൈജീരിയക്കാരും വിശ്വസിക്കുന്നുണ്ട്‌. സാക്ഷാൽ മഹവിഷ്ണുവിനു സമുദ്രത്തിൽ സുഖശയ്യ ഒരുക്കിയിരിക്കുന്നത്‌ അനന്തൻ എന്ന സർപ്പമാണെന്നു പുരാണവും സമർത്ഥിക്കുന്നു. പല രാജ്യങ്ങളിലും നാഗപഞ്ചമി മഹോത്സവം ആഘോഷിച്ചവരുന്നുണ്ട്‌. മൂർഖൻ പാമ്പുകളെ വിലകൊടുത്തുവാങ്ങി പാലൂട്ടി പൂജിക്കുകയും ചെയ്യുന്നുണ്ട്‌.
മുബൈയിൽ വിഷം നീക്കിയ മൂർഖൻപാമ്പുകളെ ചന്തയിലും വിറ്റുവരുന്നുണ്ട്‌. സർപ്പങ്ങൾക്കു മനുഷ്യരുടെ രോഗങ്ങൾക്കു ശാന്തിവരുത്തുന്നതിനുള്ള കഴിവുണ്ടെന്നു ഗ്രീസുകാരും  ഈജിപ്തുകാരും വിശ്വസിക്കുന്നു. ഗ്രീസിൽ ജലസ്രോതസ്സുകളുടെ സമീപത്താണ്‌ സർപ്പങ്ങളെ കണ്ടുവരുന്നത്‌.  ഉറവജലത്തിനു രോഗശാന്തി വരുത്താൻ കഴിവുണ്ടാവുന്നത്‌ അവയുടെ സാന്നിധ്യംകൊണ്ടാണെന്നും വിശ്വസിക്കുന്നു. സർപ്പം ചുറ്റിയ ഒരു ശൂലവുമായി ഹെർമ്മിസ്‌ എന്ന ഗ്രീക്കുദേവൻ രാജ്യം മുഴുവൻ ഓടിനടന്ന്‌ രോഗികളെ സുഖപ്പെടുത്തിയിരുന്നുവേന്നും അവർ വിശ്വസിക്കുന്നു. അവരുടെ ക്ഷേത്ര പരിസരങ്ങളിൽ പാമ്പിൻകാവുകൾ നിലനിർത്തിയിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കൾ ഗ്രീക്കുകാരായതിനാലായിരിയ്ക്കാം സർപ്പം ചുറ്റിയശൂലം അന്തരാഷ്ട്ര വൈദ്യചിഹ്നമായി അംഗീകരിക്കപ്പെട്ടത്‌. സാക്ഷാൽ പരമശിവന്റെ ആഭരണങ്ങളും സർപ്പങ്ങളാണെന്നു ശിവപുരാണവും പറഞ്ഞ
തരുന്നുണ്ട്‌.

    ശിവപാർവ്വതിമാരുടെ കാനനവാസത്തിനിടയ്ക്കുണ്ടായ ഉണ്ണിഗണപതിയുടെ അസുഖം മാറ്റുന്നതിനായി പുല്ലുകൊണ്ടൊരു ആൾരൂപമുണ്ടാക്കി ജീവൻകൊടുത്തപ്പോഴാണ്‌ പുല്ലുവൻ അഥവാ പുള്ളുവൻ ഉണ്ടായത്‌. കുടത്തിലാക്കി അഗ്നിയിൽ നിന്നും രക്ഷിച്ചതിനാൽ-ഈ കുടം നിനക്കുപജീവനമാർഗ്ഗം നൽകട്ടെയെന്നും പുള്ളുവൻ തുണയായിവരട്ടെയെന്നും തക്ഷകൻ വരം നൽകി. എന്നാണ്‌ ഐതിഹ്യം.
    നാഗരാധനയുടെ അവകാശികളായ പുള്ളുവരാണ്‌  വീണയുടെയും പുള്ളോർക്കുടത്തിന്റെയും വായ്പ്പാട്ടിന്റെയും അകമ്പടിയോടെ  നാഗക്കളങ്ങൾ നടത്തുന്നത്‌. വാസുകി തക്ഷകൻ കാർക്കോടകൻ ശംഖൻ മഹാപത്മൻ ഗളികൻ അനന്തൻ എന്നിങ്ങനെ എട്ടു നാഗക്കളാങ്ങളാണ്‌ എഴുതുന്നത്‌. ഓലപ്പന്തലിനുകീഴെ കുരത്തോലത്തോരണങ്ങൾ ചാർത്തി തറവാട്ടിലെ പാമ്പിൻകാവിൽ നിന്നും എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന നാഗദൈവങ്ങളെ കളത്തിലേക്കാവാഹിച്ച്‌  അനുഷ്ഠാനപൂജകളിലൂടെ കന്യകമാരിലേക്കു സന്നിവേശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പഞ്ചവർണ്ണങ്ങളിൽ തന്നെയാണ്‌ കളമൊരുക്കുന്നത്‌.
     വ്രതം നോറ്റ നാഗകന്യകമാർ തറ്റുടുത്ത്‌ തുള്ളുന്നതിനായി ഏകാഗ്രതയോടെ കളത്തിനു
മുന്നിൽ ഇരിക്കുന്നു. പുള്ളോർക്കുടത്തിന്റേയും വീണയുടെയും ഉന്മാദം നിറയ്ക്കുന്ന നാദവും അരിയും പുഷ്പവും കളഭവും എരിയുന്നതിരിയും എല്ലാം കന്യകമാരിലേക്കു നാഗപ്പൊലിമകളുടെ തരംഗങ്ങൽൾ സന്നിവേശിപ്പിക്കുന്നു. അവർ സർപ്പബോധത്തിലധിഷ്ഠിതമായ കലി ബാധിച്ചവരായി മറുന്നു.
കവുങ്ങിൻപൂക്കുലയേന്തി പെൺകിടാങ്ങൾ ഉന്മാദാവസ്ഥയിൽ പമ്പിഴയുന്നതുപോലെ ഇഴഞ്ഞുവന്ന്‌ കളം മായ്ക്കുന്നു.അതിനുശേഷം ചുറ്റും കൂടിനിൽക്കുന്ന ഭക്തരുടെ ചോദ്യങ്ങൾക്കും പരാതികൾക്കും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. ഭക്തർ പ്രസാദവും അനുഗ്രഹവും വാങ്ങി പിൻവാങ്ങുന്നു.
കേരളത്തിൽ പലഗ്രാമങ്ങളിലും കാവുകൾ നിലകൊള്ളുന്നുണ്ട്‌. വൃക്ഷലതാദികളും ചിത്രകൂടക്കല്ലുകളും അടങ്ങിയതാണ്‌ കാവുകൾ .ഇഴജന്തുക്കളും പക്ഷികളും മറ്റു ചെറു ജീവികളും ഇതിലെ സ്ഥിരം താമസക്കാരാണ്‌. കാവുള്ളിടത്ത്‌ വെള്ളവുമുണെന്നാൺ​‍്‌ നാട്ടറിവ്‌. പണ്ടുമുതൽക്കുതന്നെ അവർണ്ണരും സവർണ്ണരും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താൻ കാവുകൾ സംരക്ഷിക്കുകയും വർഷം തോറും പാലുനൂറുംകൊടുത്തു നാഗക്കളങ്ങൾ നടത്തിവരികയും പതിവുണ്ട്‌. ഈ കാവുകളിലും വിഷമുള്ള സർപ്പങ്ങൾ ജീവിക്കുന്നുണ്ട്‌. അതിനാൽ ആരുംതന്നെ അവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്തിരുന്നില്ല. മാത്രമല്ല തികഞ്ഞ ആരാധനയോടുമാത്രമേ  അതിനെ സമീപിക്കാറുമുള്ളു.
പാമ്പിനെ ഉപദ്രവിച്ചാൽ ദോഷമുണ്ടാകുമെന്നും കൊന്നാൽ അതു പകരം വീട്ടുമെന്നുള്ള ചിന്തകൾ മനുഷ്യരെ അലട്ടുന്നുണ്ട്‌. പാമ്പിൻ കാവ്‌ നശിപ്പിക്കുകയോ പാമ്പിരിക്കുന്ന കൂട്‌ ഇളക്കുകയോ ചെയ്താൽ ഉപദ്രവം ഉറപ്പാണെന്നും മനുഷ്യർ വിശ്സിക്കുന്നു. സർപ്പദോഷഫലമായി പാണ്ടുരോഗവും മാറാവ്യാഥികളും ഉണ്ടാകാറുണ്ട്‌.പലർക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. .അക്കാര്യം അന്ധവിശ്വസമാണെന്നു പറഞ്ഞു തള്ളിക്കളയാവുന്നകാര്യവുമല്ലെന്
നു പലരും സാക്ഷ്യപ്പെടുത്തുന്നു.
    പാമ്പിൻവിഷം ഉണക്കി ക്രിസ്റ്റലുകളാക്കി ഏകദേശം പത്തുപതിനഞ്ചുകൊല്ലത്തോളം അതിന്റെ വീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ സാധിക്കുമെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്‌. പിന്നീട്‌ അത്‌ ജലത്തിൽ അലിയിച്ചെടുത്താൽ വിഷത്തിന്റെ വീര്യം നഷ്ടപ്പെടുകയുമില്ല .എപ്പോഴെങ്കിലും വിഷമുള്ളള പാമ്പിനെകൊന്ന്‌ പറമ്പിൽ കുഴിച്ചിട്ടുണ്ടെങ്കിൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പറമ്പിൽ  മണ്ണുകിളച്ചുമറിക്കുന്നതിനിടയിൽ ആ സ്ഥലവും കിളച്ചു മറിച്ച്‌ മണ്ണ്‌ പല ദിക്കിലേക്കായി നിരത്തുകയും ചെയയ്താൽ മണ്ണിന്നടിയിൽ ഉണങ്ങിക്കിടക്കുന്ന വിഷം വെള്ളത്തിൽ അലിഞ്ഞ്​‍്‌ മണ്ണിൽ  കലരാനിടവരുന്നു. ആരെങ്കിലും അവിടം ചവിട്ടാൻ ഇടവന്നാൽ അയാളിൽ ത്വക്കരോഗങ്ങളോ,മാറാവ്യാധികളോ ഉണ്ടാകാം. പാമ്പിന്റെ  അസ്ഥി ചവുട്ടിയാലും വിഷം തട്ടിയകല്ലിൽ ചവുട്ടിയാലും വിഷം തീണ്ടുകതന്നെ ചെയ്യും .പൂർവ്വീകർ ഇക്കാര്യം നേർത്തേ മനസ്സിലാക്കിയിരുന്നു.


    ക്ഷേത്രസങ്കൽപം ഉത്തമം തന്നെ. എന്നാൽ അതിന്റെ  പവിത്രതയിലേയ്ക്കെത്തുവാൻ പല ജാതിസമൂഹങ്ങൾക്കും സാധിക്കുന്നില്ലായെന്നതും വിസ്മരിക്കുകവയ്യ.ത്രിഗുണസ്വഭാവികളായ മനുഷ്യരിൽ ഏതുഗുണത്തിന്റെ സ്വാധീനമാണ്‌ കൂടുതൽ നിഴലിച്ചു കാണുന്നതെങ്കിൽ ആയതിന്റെ  ഗുണവിശേഷംഅവന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഭക്ഷണരീതിയിലും  കണ്ടെന്നിരിക്കും. സാത്വികസ്വഭാവമുള്ളവർ സസ്യഭുക്കുകളും ശാന്തശീലരും വിജ്ഞാനികളുമായിരിക്കും. തമോഗുണമുള്ളവരിൽ അത്തരം സ്വഭാവരീതികൾ കണ്ടെത്തുവാൻ പ്രയാസമാണ്‌.അജ്ഞാനം അപവിത്രത ദുർഗന്ധം ജുഗുപ്സ ഉച്ചിഷ്ടത എന്നിവ തമോഗുണക്കാരിലാണ്‌ കണ്ടുവരുന്നത്‌. സാത്വികശുദ്ധിയുള്ള ഒന്ന്‌ തമോഗുണമായി വർത്തിക്കുവാൻ ഇടവന്നാൽ സത്വശുദ്ധി മലിനമായിത്തീരും . എന്നാൽ തമോഗുണത്തിൽ സാത്വികംം കലരുയുമില്ല. മത്സ്യമാംസാദിഭക്ഷണങ്ങളും അഴുകിയതും കഴിച്ച്‌ മദ്യപിച്ച്‌ സ്ത്രീലമ്പടനായി കഴിയുന്ന ഒരുവനെയും, ഈശ്വരവിശ്വാസമില്ലാത്തവനെയും, ആചാരമോ,അറിവോഇല്ലാത്ത അഹങ്കാരിയേയും പണ്ടുമുതൽക്കെ സാത്വികസ്വഭാവം സ്വായത്തമാക്കിയവർ അകറ്റി നിർത്തിയിരുന്നു. ഇതിൽനിന്നണ്‌ അയിത്തവും തീണ്ടലും തൊടീലും ആചാരങ്ങളായി ഉത്ഭവിച്ചതു.അതുപോലെത്തന്നെ സ്പർശം ദൃശ്യംഘ്രാണം രസ്യം സാമീപ്യം ഇങ്ങനെയുള്ള അശുദ്ധികൾ അവർ പരിപാലിച്ചുപോന്നിരുന്നു. മനുഷ്യന്റെ സംസ്ക്കാരവും പെരുമാറ്റവും സ്വഭവവും ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നു.തമോഗുണത്തിൽനിന്നും സാത്വികഗുണത്തിലേക്കുള്ള പരിണാമപ്രക്രിയയാണ്‌ മനുഷ്യരാശിക്കനിവാര്യമായ ആത്മീയത.

28 Sept 2015

മുരിങ്ങാമരമുള്ള വീട്‌


സത്യചന്ദ്രൻ പൊയിൽക്കാവ്‌

ഒടുവിൽ സുരേന്ദ്രൻ വൈദ്യർ ആ മുരിങ്ങാമരം കണ്ടുപിടിച്ചു. പ്രഭാകരൻ അടിയോടിയുടെ വീടിനു പിന്നിലായിരുന്നു ആ വലിയ മരം. ധാരാളം ഇലകളും ചില്ലകളുമുള്ള ആ മരത്തിനരികെ ഒരു ആത്തച്ചക്കയുടെ മരവും പടർന്ന്‌ പന്തലിച്ചിരുന്നു. ഏതുനേരവും അന്തരീക്ഷത്തിലേക്ക്‌ പുക ഉയർത്തി നിൽക്കുന്ന അടുക്കളയായിരുന്നു അതിനു മുന്നിൽ. ഇനി എങ്ങനെ കാര്യം സാധിക്കും എന്നതായിരുന്നു സുരേന്ദ്രന്റെ സംശയം. മുരിങ്ങാമരത്തിൽ ഒരു ദ്വാരമുണ്ടാക്കണം. അതിൽ പഴുത്ത അടക്ക തൊലിയുരിച്ച്‌ കയേറ്റീവ്ക്കണം. അത്‌ ഗോതമ്പ്മാവ്‌ കൊണ്ട്‌ അടയ്ക്കണം. എന്നിട്ട്‌ തൊണ്ണൂറ്‌ ദിവസങ്ങൾ കാത്തിരിക്കണം...
    ഒരു വൈദ്യന്റെ അഗ്നിപരീക്ഷണങ്ങൾ എന്ന്‌ വിശേഷിപ്പിക്കാവുന്ന നാളുകളാണിതെന്ന്‌ സുരേന്ദ്രന്‌ തോന്നി. ജീവിതത്തിന്‌ ഇതാ ഒരർത്ഥവും ആവേശവും കൈവന്നിരിക്കുന്നു. സുരേന്ദ്രൻ വൈദ്യർക്ക്‌ വലിയ സന്തോഷം തോന്നി.
    'എടീ വിലാസിനി എന്നിട്ട്‌ വേണം നിന്റെ...'വൈദ്യർ തന്റെ നാവിൻതുമ്പിൽ വന്ന തെറി ആരെങ്കിലും കേട്ടുവോ എന്ന പേടിയിൽ പാതിയിൽ വിഴുങ്ങി.
    സന്ധ്യക്ക്‌ തന്നെ കട പൂട്ടി. ശ്രീകൃഷ്ണൻ പറഞ്ഞ ദശമൂലാരിഷ്ടം മമ്മദ്ക്കാന്റെ പീട്യേല്‌ ഏൽപ്പിച്ച്‌ സുരേന്ദ്രൻ വൈദ്യർ വീട്ടിലേക്ക്‌ തിരിച്ചു. ഒന്ന്‌ കുളിക്കണം.
    'ഇന്നെന്താ എന്തെങ്കിലും അരിഷ്ടം അറിയാണ്ട്‌ കുടിച്ചുപോയോ സുരേന്ദ്രാ? മമ്മദ്ക്ക ദ്വയാർത്ഥം വെച്ച്‌ ചോദിച്ചപ്പോൾ സുരേന്ദ്രൻ ചെറിയ ചിരിയോടെ കണ്ണുചിമ്മി ചൂണ്ടാണി വിരൽ ഉയർത്തി.
    മമ്മദ്ക്ക പൊട്ടിച്ചിരിയോടെ പറഞ്ഞു 'ന്നാ വേഗം പോട്‌ വേഗം പോട്‌' കഭീ കഭീ മേരെ ദിൽഹെ... മമ്മദ്ക്കയുടെ മൂളിപ്പാട്ട്‌ സുരേന്ദ്രൻ വൈദ്യർ പിന്നിൽ കേട്ടു.
    രാത്രി വീട്ടിൽ നിന്ന്‌ അളിയൻ പ്രകാശൻ കൊടുത്ത ഗൾഫിന്റെ ടോർച്ചുമായി സുരേന്ദ്രൻ വൈദ്യർ പുറത്തിറങ്ങി. എങ്ങോട്ടാണെന്ന വിനോദിനിയുടെ ചോദ്യത്തിന്‌ 'ഒരു കാര്യംണ്ട്‌' എന്നുമാത്രം പറഞ്ഞു. അരയിൽ ചൂടുവെള്ളത്തിൽ കുഴച്ച ചെറിയ പ്ലാസ്റ്റിക്‌ കവറിലാക്കിയ ഗോതമ്പ്‌ മാവും തൊലി കളഞ്ഞ പഴുത്ത ഒരു അടക്കയുമുണ്ടായിരുന്നു. പത്ത്‌ മണി കഴിയുന്നതുവരെ യൂസഫിന്റെ ഫാസ്റ്റ്ഫുഡിന്റെ അടുത്ത്‌ നിന്നു. സന്ധ്യ കഴിയുന്നതോടെയാണ്‌ യൂസഫിന്റെ ബിസിനസ്സ്‌ പുരോഗമിക്കുക. ലോറിക്കാരും ടൂവീലറിൽ ലക്ഷ്യമില്ലാതെ യാത്ര ചെയ്യുന്ന സമ്പന്ന കുമാരന്മാർ മേൽപ്പാലത്തിനരികിലെ ബാറിൽ നിന്നും വാസ്ഗോഡഗാമയുടെ കടൽതീരത്തെ ബീർ പന്തലിൽ നിന്നും ഇരച്ചെത്തും. യൂസഫ്‌ എം പി ത്രിയിലെ പാട്ടുകൾക്കൊപ്പം ബുൾസൈയും ആംപ്ലെയ്റ്റും ചിക്കൻഫ്രൈയുമെല്ലാം ശരിയാക്കിയെടുക്കും. അകത്തെ നീളൻ മേശിയിൽ ചെറുനാരങ്ങയും ഉള്ളിയും അരിഞ്ഞതിന്റെ മണം പെരുക്കും. കുറച്ച്‌ മാസങ്ങൾ തകൃതിയായ കച്ചവടം ചെയ്ത്‌ അത്‌ ചിലവഴിക്കാൻ കുറച്ച്‌ കാലം യൂസഫ്‌ ലോകസഞ്ചാരം നടത്തും. അപ്പോൾ യൂസഫ്‌ ഒരു സഞ്ചാരിയായിരിക്കും. കോഴികളുടെയും മീനുകളുടേയും ശാപം തീർക്കാൻ എന്നാണ്‌ യൂസഫിന്റെ വിശദീകരണം. ഇങ്ങനെ ഹിമാലയം വരെ പോയിട്ടുണ്ട്‌ എന്നാണ്‌ യൂസഫ്‌ പറയുന്നത്‌.
    'എന്താങ്ങനെ വീട്ടില്‌ പോകാതെ ചുറ്റിക്കളിക്കണത്‌ വൈദ്യരേ'-യൂസഫ്‌ ചെറുചിരിയോടെ സുരേന്ദ്രനോട്‌ ചോദിച്ചു.
    'ഒന്നൂല്യ എടയ്ക്ക്‌ അതും വേണ്ട ഒരു സ്വാതന്ത്ര്യം' സുരേന്ദ്രന്റെ മറുചോദ്യം യുസഫിന്‌ ഇഷ്ടമായി.
    'എന്തെങ്കിലും കഴിക്കുന്നോ' യൂസഫ്‌ സ്വകാര്യമെന്ന പോലെ ചോദിച്ചു.
    'വേണ്ട യൂസഫേ പിന്നീടാവാം' സുരേന്ദ്രൻ വൈദ്യർ പറഞ്ഞു.
    എം.പി.ത്രിയിലെ ആയിരം പാദസ്വരങ്ങൾ കിലുങ്ങി എന്ന ഗാനത്തോട്‌ യൂസഫ്‌ ചേർന്ന്‌ പാടാൻ തുടങ്ങിയപ്പോൾ സുരേന്ദ്രൻ വൈദ്യർക്ക്‌ സമാധാനമായി.
    വിജനമായ പഴയ നിരത്തിലൂടെ സുരേന്ദ്രൻ നടന്നു. പഴയ നിരത്തിൽ ആളുകൾ ഉണ്ടാവില്ല എന്ന തോന്നൽ സുരേന്ദ്രന്‌ ധൈര്യമായി. പൊളിച്ചു പോയ ഉർവ്വശി ടാക്കീസിന്റെ പിന്നിലെ വിശാലമായ വയലിലാണ്‌ ആ പഴയ നിരത്ത്‌ അവസാനിക്കുന്നത്‌ എന്ന ഓർമ്മ സുരേന്ദ്രനിൽ ഗതകാല സ്മരണകൾ ഉണർത്തി. ഉർവ്വശി ടാക്കിസിൽ നിന്നുകണ്ട സിനിമകൾ ഓർമ്മ വന്നു.
    ഇതൊരു വിഡ്ഢിത്തമല്ലേ എന്ന ചോദ്യം ഇടയ്ക്ക്‌ തന്റെ മനസ്സിൽ നിന്ന്‌ ഉണ്ടായപ്പോൾ സുരേന്ദ്രൻ വൈദ്യർ ഞെട്ടി. എന്നാൽ ഏതു ധീരമായ കാര്യത്തിനുമിടയിൽ പിന്നോട്ട്‌ വലിക്കുന്ന അദൃശ്യശക്തികൾ ഉണ്ടാവുമെന്ന്‌ പഴമക്കാർ പറഞ്ഞ കാര്യം സുരേന്ദ്രൻ വൈദ്യർക്ക്‌ ധൈര്യവും ആവേശവുമായി. അയാൾ ധൈര്യത്തോടെ മുന്നോട്ട്‌ നടന്നു.
    അടിയോടിയുടെ വീടിന്റെ അകത്തുനിന്നും ചെറിയ വെളിച്ചം കാണാം. സുരേന്ദ്രൻ ഇടവഴിയിലേക്ക്‌ വേരുകൾ നീട്ടിയ വലിയ നാട്ടുമാവിനു താഴെ നിന്നു. എതിരെ ആരും വരുന്നില്ലെന്ന്‌ സുരേന്ദ്രൻ വൈദ്യർക്ക്‌ അറിയാമായിരുന്നു. കാരണം അടിയോടിയുടെ വീടിന്റെ വലതുവശത്ത്‌ വിശാലമായ വഴിയാണ്‌. ഈ വഴി അടിയോടിയുടെ വീട്ടിലേക്ക്‌ പോലും വരാൻ ഉപയോഗിക്കുന്നതല്ല. ഓടപ്പൂക്കളുടെ വലിയ കാടുകൾ പടർന്ന്‌ ഒരു സ്വകാര്യലോകം പോലെ മുന്നിൽ നിന്നുള്ള കാഴ്ച മറച്ചുകളയുകയും ചെയ്യുന്നു. മതിലിനു മുകളിൽ ഒരു ഇളക്കം കേട്ടപ്പോൾ സുരേന്ദ്രൻ വൈദ്യർക്ക്‌ ചെറിയ ഭയമായി. ഇഴജന്തുക്കളെ സുരേന്ദ്രൻ വൈദ്യർക്ക്‌ പേടിയായിരുന്നു.
    നേരിയ നിലാവുണ്ടായിരുന്നു. അത്‌ വല്ല കീരിയോ ഉടുമ്പോ ആയിരിക്കുമെന്ന്‌ വൈദ്യർ സമാധാനിച്ചു. അൽപ്പംകൂടി കഴിഞ്ഞപ്പോൾ അടിയോടിയുടെ വീട്ടിലെ അവശേഷിച്ച വെളിച്ചവും കൂടി പുറത്തെ നരച്ച ഇരുട്ടിൽ നിന്ന്‌ പിൻവലിഞ്ഞു. സുരേന്ദ്രൻ വൈദ്യർ നാട്ടുമാവിന്റെ വേരിലൂടെ പറമ്പിലേക്ക്‌ ഇഴഞ്ഞു കയറി. അടിയോടി പുറത്ത്‌ നിന്നു കണ്ടതുപോലെ മടിയനായ ഒരു യു.പി സ്കൂൾ മാഷ്‌ മാത്രമല്ല. ചേനയും കാച്ചിലും പടവലവുമൊക്കെ കായ്ച്ച്‌ നിൽക്കുന്ന തൊടിയിലെ തണുത്ത മണ്ണിലൂടെ നടക്കുമ്പോൾ സുരേന്ദ്രൻ വൈദ്യർ ചിന്തിച്ചു. ഇടയ്ക്ക്‌ കാൽ ഏതോ ചെറിയ കല്ലിൽ തട്ടിയപ്പോൾ 'വിലാസിനി നിന്നെ ഞാൻ...' എന്ന്‌ സുരേന്ദ്രൻ വൈദ്യർ ഭാര്യയെ പ്രാകി. അടുത്ത നിമിഷത്തിൽ തന്റെ സാഹസിക പ്രവർത്തിയിൽ സാധുവായ തന്റെ ഭാര്യ എന്തു പിഴച്ചു എന്ന്‌ അയാൾ തിരുത്തുകയും ചെയ്തു. നൂറ്‌ നൂറ്‌ പരീക്ഷണങ്ങൾക്കൊടുവിൽ ബൾബ്‌ കണ്ടെത്തിയ ശാസ്ത്രജ്ഞൻ രാത്രി ഭാര്യയെ വിളിച്ചുണർത്തിയപ്പോൾ കിടപ്പുമുറിയിലേക്ക്‌ കടന്നുവരുന്ന ശക്തമായ പ്രകാശത്തെ പാവം ഭാര്യ ഉറങ്ങാൻ സമ്മതിക്കാത്ത നാശമായി കണക്കാക്കിയിരുന്നെന്ന്‌ എഡിസൻ തന്റെ ഓർമ്മക്കുറിപ്പിൽ പറഞ്ഞ കാര്യം വൈദ്യർ ഓർത്തു. സ്ത്രീകൾ പലപ്പോഴും അങ്ങനെയാണ്‌.
    പെട്ടെന്ന്‌ ഒരു ദയനീയമായ ഞരക്കം സുരേന്ദ്രൻ വൈദ്യരുടെ ചിന്തയെ തട്ടിത്തെറിപ്പിച്ചു. നെഞ്ചിടിപ്പോടെ സുരേന്ദ്രൻ നിന്നു. അരയിൽ നിന്ന്‌ ടോർച്ച്‌ വലിച്ചെടുത്ത്‌ അത്‌ തെളിയിക്കണോ എന്ന ഗാഢചിന്തയിൽ നിൽക്കുമ്പോൾ വീണ്ടും ആ ദയനീയ ശബ്ദം. വെള്ളം വെള്ളം എന്നാണ്‌ അതെന്നയാൾ തിരിച്ചറിഞ്ഞു. ഇത്തവണ അയാൾ ടോർച്ച്‌ തെളിയിച്ചു. വലിയ ചേമ്പിൻത്തടത്തിനരികെ ഒരു ചെറുപ്പക്കാരന്റെ ചെരിഞ്ഞുകിടക്കുന്ന രൂപം അയാളുടെ ബോധത്തിലേക്ക്‌ കയറിവന്നു. അയ്യോ! എന്ന്‌ അയാൾ അലറിവിളിച്ചുപോയി.
    അടിയോടിയുടെ വീട്ടിൽ ലൈറ്റ്‌ തെളിയുന്നതും നീണ്ട ടോർച്ച്‌ ലൈറ്റുകൾ തനിക്കുനേരെ വെളിച്ചത്തിന്റെ വേട്ടനായ്ക്കളായി ചാടിവീഴുന്നതും സുരേന്ദ്രൻ വൈദ്യർ അറിഞ്ഞു.
    'നീയോ നീ എന്താണിവിടെ? എന്ന അടിയോടിയുടെ ചോദ്യത്തിന്‌ വ്യക്തമായ ഒരുത്തരം നൽകാൻ ശ്രമിക്കുന്നതിനു മുമ്പെ ആദ്യത്തെ കല്ല്‌ സുരേന്ദ്രൻ വൈദ്യരുടെ ബോധത്തിന്റെ നിരപ്പലകകൾ തകർത്തുകൊണ്ട്‌ മുഖത്ത്‌ പതിച്ചു.

21 Aug 2015

രണ്ട്‌ കഥകൾ


ദിപു ശശി തത്തപ്പിള്ളി
1. സ്വീറ്റ്സ്
“ഇന്നലെ നീ എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തല്ലേ? എന്താ വിശേഷം?”
“ അതോ...ഇന്നലെ എന്റെ അമ്മയുടെ വിവാഹം ആയിരുന്നു”
“ഞാൻ നിന്നോടു വഴക്കാ...എനിക്കു സ്വീറ്റ്സ് തന്നില്ലല്ലോ..”
“അടുത്തമാസം നിനക്കു തീർച്ചയായും തരാം”
“അന്ന് എന്താ വിശേഷം?‘
“അന്നാണു എന്റെ അച്ചന്റെ മാര്യേജ് ..”
2. നിഴലാട്ടം
“നിങ്ങളെന്തിനാണ്‌ എപ്പോഴും എന്നെ പിന്തുടരുന്നത്?”
“ഞാൻ നിങ്ങളുടെ നിഴലാണ്‌”
“നിങ്ങൾക്കു തെറ്റി.എനിക്കു ശരീരമില്ല.... നിഴലില്ല..മനസ്സുപോലും ആരൊ
മോഷ്ടിച്ചു കൊണ്ടുപോയി..”
“തെറ്റിയതു നിങ്ങൾക്കാണ്‌..ഞാൻ നിങ്ങളുടെ നിഴൽ തന്നെയാണ്‌..നിങ്ങളുടെ
ആത്മാവിന്റെ മൃഗമൂർച്ചയുള്ളകോംപ്ളക്സുകളുടെ ഒരു ധൂമരൂപം.”
എന്റെ വായടഞ്ഞു...

ദിപു ശശി തത്തപ്പിള്ളി 
ഫോൺ:9847321649

19 Jul 2015

വിപണി സാദ്ധ്യതകൾ അറിഞ്ഞ്‌ ഉത്പാദനം- പുതിയ വിപണന തന്ത്രം



ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

ഏതൊരു വിളയുടേയും വിപണന പ്രക്രിയ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്‌ ഉത്പന്നം അഥവാ പ്രോഡക്ട്‌. കർഷകർ  കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിള ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിച്ചു കൊടുക്കുന്ന പ്രക്രിയയാണല്ലോ വിപണനം. ഇന്നത്തെ മാറിയ ചുറ്റുപാടിൽ ഉൽപന്നങ്ങൾ എത്രത്തോളം ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച്‌ ഉത്പാദിപ്പിക്കുന്നുവോ അതനുസരിച്ചിരിക്കും വിപണന വിജയം. വിപണിയുടെ സാധ്യതകൾ മനസ്സിലാക്കി ഉത്പാദനം ക്രമീകരിക്കുക എന്ന ദൗത്യം ഉത്പാദകർ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്‌ എന്ന്‌ അർത്ഥം. നാളികേര വിപണിയിലും ഇത്‌ ഒട്ടും വ്യത്യസ്തമല്ല. വരും കാലങ്ങളിൽ നാളികേരത്തിന്‌ മികച്ച വില ലഭിക്കുന്നതിന്‌ വിപണിയിൽ ഉപഭോക്താക്കൾക്ക്‌ ആവശ്യമായ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന്‌ കൂടുതൽ യോജിച്ച അസംസ്കൃത വസ്തുവായിരിക്കണം ഉത്പന്നം. ഉദാഹരണമായി തമിഴ്‌നാട്ടിലെ കർഷകർ ദീർഘ വീഷണത്തോടെ പൊള്ളാച്ചി, ഉടുമൽപേട്ട്‌ തുടങ്ങിയ സ്ഥലങ്ങളിൽ  നട്ടു വളർത്തിയ  കുറിയ ഇനം തെങ്ങിൻതോട്ടങ്ങളിലെ തേങ്ങാ, വിത്തു തേങ്ങയായി ചൂടപ്പം പോലെ വിറ്റഴിക്കുന്നത്‌ വഴി കൂടുതൽ വരുമാനം ലഭിക്കുന്നു. 30-40 രൂപ വരെയാണ്‌  ഒരു വിത്തു തേങ്ങയ്ക്ക്‌ വില.
 കേര കൃഷി മേഖലയിൽ ഭാവിയിൽ വരാവുന്ന മാറ്റം മുന്നിൽ കണ്ട്‌ വിപണിയിലെ സാദ്ധ്യകൾ മനസ്സിലാക്കി ഉത്പാദനം ക്രമീകരിച്ചതു കൊണ്ടാണ്‌ അവർക്ക്‌ ഇത്‌ സാധ്യമായത്‌. നേരെ മറിച്ചു ഈ കർഷകർ കുറിയ ഇനത്തിനു പകരം നെടിയ ഇനം തെങ്ങുകൾ നട്ടു പിടിപ്പിച്ചിരുന്നെങ്കിൽ വിത്തു തേങ്ങ വിപണിയിൽ മത്സരിച്ച്‌ ലാഭം നേടാൻ അവർക്ക്‌ കഴിയുമായിരുന്നില്ല. കുറിയ ഇനം വിത്തു തേങ്ങ ഉത്പാദന സെന്ററായി ഇന്ന്‌ ഈ പ്രദേശങ്ങൾ മാറുകയില്ലായിരുന്നു.
സമൂഹത്തിൽ എല്ലാ മേഖലകളിലും മാറ്റങ്ങളാണ്‌. മാറ്റങ്ങളുമായി മത്സരിച്ച്‌ അതുമായി പൊരുത്തപ്പെട്ടുപോകാൻ നാം ഓരോരുത്തരും തത്രപ്പെടുകയാണല്ലേ? നാളികേര വ്യവസായ വിപണന മേഖലയിൽ വന്ന മാറ്റം നമുക്ക്‌ കണ്ടില്ലെന്നു നടിക്കാനാവില്ല. പഴയ കാലത്തെപ്പോലെ കൊപ്രാ, വെളിച്ചെണ്ണ, പിണ്ണാക്ക്‌ തുടങ്ങിയ ഉൽപ്പന്നങ്ങളെ ആശ്രയിച്ചുള്ള വിപണി അപ്രത്യക്ഷമായി. അതിനാൽ പുതിയ പുതിയ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ അടിസ്ഥാനമാക്കി, അവയുടെ വ്യവസായവുമായി ബന്ധപ്പെടുത്തി നമ്മുടെ കേര കൃഷിയിലും, ഉത്പാദനത്തിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ നാളത്തെ വിപണിയിൽ നാളികേരത്തിന്‌ മുന്തിയ വില ലഭിക്കുകയുള്ളൂ. കൃഷി ലാഭകരമാവുകയുള്ളൂ.
കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും പകരം ഇന്ന്‌ ഇന്ത്യയിലും വിദേശത്തും വിപണി കീഴടക്കിവരുന്ന പ്രധാന ഉത്പന്നങ്ങളാണ്‌ തേങ്ങാപ്പാൽപൊടിയും, തേങ്ങാപ്പാലും, തൂൾ തേങ്ങയും, വെർജിൻ വെളിച്ചെണ്ണയും മറ്റും. ഇവയെല്ലാം തേങ്ങയുടെ കാമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ്‌. ഇവ ഇന്ന്‌ മിക്കവാറും ഹോട്ടലുകളിലും, ഫാസ്റ്റ്‌ ഫുഡ്‌ കടകളിലും, വീടുകളിലുമെല്ലാം വളരെയേറെ പ്രിയപ്പെട്ട ഉത്പന്നമായി മാറിയിരിക്കുകയാണ്‌. കാമ്പിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന തേങ്ങാപ്പാൽ പൊടി നമുക്ക്‌ പ്രിയപ്പെട്ട ഇറച്ചിക്കറികളും, വെജിറ്റബിൾ കുറുമയും, മുട്ടക്കറിയും പായസവുമെല്ലാം തയാറാക്കാൻ ഏറെ പ്രയോജനകരമായ ഉത്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച്‌ പട്ടണങ്ങളിലെ ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയിൽ തേങ്ങാ പിഴിഞ്ഞ്‌ പാൽ എടുക്കുവാനൊന്നും ആർക്കും സമയമില്ല. അതുകൊണ്ട്‌ പ്രകൃതി ദത്തമായ ഈ ഉത്പന്നത്തിന്‌ ഇനിയും വിപണി വർദ്ധിക്കാനാണ്‌ സാധ്യത. അതുപോലെ തന്നെ നമുക്ക്‌ വിദേശനാണ്യം നേടി തരുന്ന മറ്റൊരു പ്രധാന ഉത്പന്നമായ വെർജിൻ വെളിച്ചെണ്ണ ഉണ്ടാക്കുന്നതും നാളികേരപാലിൽ നിന്നാണ്‌. വരും കാലങ്ങളിൽ നാളികേര വിപണിയിൽ ഏറ്റവും പ്രിയമേറുന്നത്‌ കാമ്പിന്‌ കൂടുതൽ കട്ടിയുള്ള അല്ലെങ്കിൽ കാമ്പിന്‌ തൂക്കം കൂടുതലുള്ള നാളികേരത്തിനായിരിക്കും. ഇത്‌ മുന്നിൽ കണ്ട്‌ കാമ്പിന്‌ കൂടുതൽ തൂക്കം ലഭിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. കാമ്പിന്‌ കൂടുതൽ കട്ടിയുള്ള ഇനങ്ങളാണ്‌ ഉ ഃ ഠ സങ്കര ഇനവും അതുപോലെ തന്നെ തേങ്ങാ വളരെ ചെറുതാണെങ്കിൽ കൂടി കാമ്പിന്റെ അളവ്‌ കൂടുതലുള്ള ലക്ഷദ്വീപ്‌, മൈക്രോ മലയൻ കുറിയ ഇനം, തുടങ്ങിയവ കൂടി നടാൻ ശ്രദ്ധിക്കണം. മറ്റു നാളികേര ഉൽപാദക രാജ്യങ്ങളെ അപേക്ഷിച്ച്‌ നാം ഉൽപാദന ക്ഷമതയിൽ മുൻപന്തിയിലാണെങ്കിലും നമ്മുടെ നാളികേര കാമ്പിന്റെ തൂക്കം മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണ്‌. ഫിലിപ്പൈൻസിലും, ഇന്തോനേഷ്യയിലും ഒരു തേങ്ങയിൽ 400 -450 ഗ്രാം കാമ്പ്‌ ലഭിക്കുമ്പോൾ ഇന്ത്യയിൽ ലഭിക്കുന്നത്‌ 250 -300 ഗ്രാം ആണ്‌. 
സാധാരണ നെടിയ തെങ്ങിന്റെ ഒരു നാളികേരത്തിൽ നിന്നു ശരാശരി 32 ശതമാനം കാമ്പ്‌ ലഭിക്കും, അതിന്റെ പുറംതൊലി (ടെസ്റ്റ) നീക്കം ചെയ്താൽ 29.2 ശതമാനം വെളുത്ത കാമ്പ്‌ ലഭിക്കും. അതായത്‌ ഒരു വലിയ തേങ്ങായിൽ നിന്നും ലഭിക്കുന്ന കാമ്പിന്റെ തൂക്കം 318 ഗ്രാം വരും. എന്നാൽ തെങ്ങ്‌ കൃഷി ചെയ്യുന്ന മറ്റു പ്രധാന രാജ്യങ്ങളിൽ കാമ്പിന്റെ തൂക്കം വളരെ കൂടുതലാണ്‌. കാമ്പിന്‌ കട്ടി കൂടുവാൻ തെങ്ങുകൃഷിയിൽ ഏറ്റവും ആവശ്യമായ പോഷക മൂലകമാണ്‌ പൊട്ടാഷ്‌, പൊട്ടാഷിന്റെ അളവ്‌ ഇന്ന്‌ നമ്മുടെ നാട്ടിലെ മിക്കവാറും തെങ്ങിൻ തോട്ടങ്ങളിലും കുറവാണ്‌. അതുകൊണ്ട്‌ ശരിയായ പരിചരണമുറകളിൽ പൊട്ടാഷിന്റെ ഉപയോഗം ഏറെ പ്രാധാന്യമർഹിക്കുന്നു. എങ്കിൽ മാത്രമേ കാമ്പിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്പന്നങ്ങളുടെ വിപണിയ്ക്കനുസരണമായി, കാമ്പിന്‌ കട്ടിയുള്ള നാളികേരം ലഭ്യമാക്കുവാനും പ്രസ്തുത സംരംഭങ്ങൾക്ക്‌ വിജയകരമായി പ്രവർത്തിക്കുവാനും കഴിയൂ.
വിപണിയിലെ ആവശ്യകത അനുസരിച്ച്‌ ലഭ്യത കുറവ്‌ അനുഭവപ്പെടുന്ന മറ്റൊരു മേഖലയാണ്‌ ഇളനീർ.  കരിക്കിൻ വെള്ളം വളരെ രുചികരവും, പോഷക സമൃദ്ധവുമായ പ്രകൃതിദത്ത പാനീയം എന്നതിനുപരി, കരിക്കിൽ നിന്നു നിരവധി മൂല്യ വർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും ഇന്ന്‌ ലഭ്യമാണ്‌. കരിക്കിൻ കാമ്പിൽ നിന്ന്‌ ഐസ്ക്രീം, പേട, കാൻഡി, ടൂട്ടി - ഫ്രൂട്ടി തുടങ്ങിയ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇത്‌ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയാൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിപണന മേഖലയിൽ നിർണ്ണായക സ്വാധീനം ചെലുത്താനും കഴിയും. ഈ സാധ്യതകൾ മനസ്സിലാക്കിയാണ്‌ നാച്ചുറൽ എന്ന കമ്പനി കരിക്കിന്‌ അടിസ്ഥാനമാക്കിയുള്ള ഐസ്ക്രീം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച്‌ വിപണിയിലിറക്കാൻ മുന്നോട്ടു വന്നിരിക്കുന്നത്‌. അതായത്‌, കരിക്ക്‌ കരിക്കധിഷ്ടിത മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിപണി നിലനിൽക്കണമെങ്കിൽ കരിക്കിന്റെ ലഭ്യത ഉറപ്പു വരുത്തണം. വലിയ തെങ്ങിൽ നിന്ന്‌ കരിക്ക്‌ ഇടുന്നതാണ്‌ വിപണി നേരിടുന്ന പ്രധാന പ്രശ്നം. ഇതിന്‌ ഒരു പോംവഴി തെങ്ങു നടുമ്പോൾ കരിക്കിനു യോജിച്ച്‌ കുറിയ ഇനം തെങ്ങു തൈകൾ നടുക എന്നതാണ്‌.  കരിക്കിനനുയോജ്യമായ ചാവക്കാട്‌ കുറിയ പച്ച, ചാവക്കാട്‌ കുറിയ മഞ്ഞ, മലയൻ കുറിയ മഞ്ഞ, തുടങ്ങിയ ഇനങ്ങൾ ലഭ്യമാണ്‌. ഈ ഇനങ്ങളുടെ തൈകൾ നമ്മുടെ തെങ്ങിൻ തോട്ടങ്ങളിൽ സ്ഥാനം പിടിക്കണം. എങ്കിൽ മാത്രമേ വരും കാലങ്ങളിലെ കരിക്ക്‌ വിപണിക്കനുസരണമായി ചരക്കു ലഭ്യത ഉറപ്പു വരുത്തുവാനും, തേങ്ങയുടെ ഉയർന്ന വില സുസ്ഥിരമായി നിലനിർത്താനും സാധിക്കുകയുള്ളൂ.
തെങ്ങു കൃഷി ലാഭകരമാക്കാൻ നാംഇപ്പോൾ കണ്ടെത്തിയ, തെങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ ഉത്പന്നമാണ്‌ നീര. നീരയുടെ പോഷക  ഔഷധ ഗുണങ്ങൾ കണക്കിലെടുക്കുമ്പോൾ  വരും കാലങ്ങളിൽ വളരെ വിപണന സാദ്ധ്യതയുള്ള ഉത്പന്നമാണിത്‌. കർഷകർക്ക്‌ ഒരു തെങ്ങിൽ നിന്ന്‌ ഒരു മാസം 3000 രൂപ വരെ ഉയർന്ന വരുമാനം ലഭ്യമാകുന്ന ഉൽപന്നം.  നീര ടാപ്പു ചെയ്യുന്നതിന്‌ അധികം ഉയരം വയ്ക്കാത്തതും കൂടുതൽ നീര ഉൽപാദിപ്പിക്കുന്നതുമായ ഇനമാണ്‌ യോജിച്ചതു. നീര വിപണി ഇന്നു നേരിടുന്ന ഒരു പ്രശ്നമാണ്‌ ആവശ്യത്തിനനുസരിച്ച്‌ നീര ലഭിക്കുന്നില്ല എന്നത്‌. തെങ്ങിൽ കയറി പൂങ്കുലയിൽ നിന്ന്‌ നീര ചെത്തി എടുക്കുന്നതിനുവേണ്ട ടെക്നീഷ്യന്മാരുടെ കുറവും, നീര ചെത്താൻ തെങ്ങുകളുടെ അഭാവവുമാണ്‌ ഇപ്പോഴത്തെ പ്രശ്നം. വരുംകാലങ്ങളിൽ തെങ്ങിൽ നിന്നും ഏറ്റവും ലാഭകരമായി ഒരു ഉത്പന്നമായിരിക്കും നീര. അതിനാൽ നമ്മുടെ തോട്ടങ്ങളിൽ തെങ്ങിൻ തൈ നടുമ്പോൾ നീര ചെത്താൻ യോജിച്ച്‌ ഉ ഃ ഠ സങ്കര ഇനങ്ങൾ, വച്ചു പിടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ ഉപഭോക്താവിന്‌ ആവശ്യമായ ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിനുള്ള സംരംഭങ്ങൾ വിജയകരമായി നടത്തിക്കൊണ്ടു പോകാൻ കഴിയൂ.
അതായത്‌ നാളികേരത്തിന്റെ സംസ്ക്കരണവും മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിപണിയും, ഉപഭോക്താവിന്റെ ആവശ്യവുമെല്ലാം കണക്കിലെടുത്തു വേണം നാളേയ്ക്കുവേണ്ടി തെങ്ങിൻ തോട്ടത്തിൽ പുനർ നടീലും, ഉത്പാദന വർദ്ധനവിനുള്ള പരിപാലന മുറകളും അവലംബിക്കാൻ. ചുരുക്കത്തിൽ വിപണിയെക്കുറിച്ച്‌ പഠനം നടത്തി ഉപഭോക്താവിന്‌ എന്തുവേണം മനസ്സിലാക്കി അതനുസരിച്ചുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുക എന്നതായിരിക്കണം പുതിയ വിപണന തന്ത്രം.

24 Jun 2015

വിരഹം


രാധാമണി പരമേശ്വരൻ
-----------
നിമിഷനേരവും പിരിയുവാനാകാതെ
കഥയെത്ര ചൊല്ലി നാം ചേര്‍ന്നിരുന്നു 
മനമെനിക്കേകി മടിയാതെ മടയില്‍ ഒരു
വാടാമലരായ്‌ നീ വിടര്‍ന്നു നിന്നു
ഒരു പൂവുo വിടരാത്ത വനികയില്‍
വിജനമായേകനായ് നില്പ്പൂ ഞാനും
തളരാതെ താങ്ങുo നിഴലായ് നീയെന്‍റെ-
യരുകില്‍ വരുന്നതായോര്‍ത്തുപോയ്
കണ്ടുതീരാത്ത സ്വപ്നങ്ങളൊക്കെയും
മാറിന്‍റെ മണിയറ തല്ലിപൊളിക്കുന്നു
പാതിരാവിന്‍റെ കൂരിരുള്‍ മൂടി ഞാന്‍
നീറിനില്ക്കുന്നൊരാത്മാവു മാത്രമായ്
ഒരു ചെറുനിശ്വാസമായ് ഞാന്‍ ഓമലേ
പടരട്ടെ മൂകമായ് നിന്നുടെ മേനിയില്‍
അലിവോടരൂപിയായ് ഈ പ്രതിബിംബം
ഗതികിട്ടാതലയുo പ്രേതമായ് പ്രിയതമേ

24 May 2015

നാളികേര നഴ്സറി പരിപാലനം


കെ.ഷംസുദീൻ
സീനിയർ സയന്റിസ്റ്റ്‌, സി.പി.സി.ആർ.ഐ, കാസർഗോഡ്‌

നാളികേരം ഒരു ദീർഘകാല വിളയാകുന്നു. അതിനാൽ കൃഷിയിടത്തിൽ നട്ട്‌ പത്തു പതിനഞ്ച്‌ വർഷം കഴിഞ്ഞാൽ മാത്രമെ നാളികേരത്തിന്റെ ഉത്പാദനം വിലയിരുത്താൻ സാധിക്കുകയുള്ളു. അഞ്ചുലക്ഷത്തോളം തെങ്ങിൻ തൈകളാണ്‌ രാജ്യത്ത്‌ പുതിയ കൃഷിക്കും നിലവിലുള്ള തോട്ടങ്ങളിലെ കേട്‌ പോക്കാനുമായി നാം പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്‌. നിലവാരം കുറഞ്ഞ തൈകളാണ്‌ ഉത്പാദിപ്പിക്കുന്നതെങ്കിൽ പുതിയ തോട്ടങ്ങൾ ആദായത്തിന്റെ കാര്യത്തിൽ കർഷകർക്ക്‌ വലിയ നഷ്ടമായിരിക്കും. അതിനാൽ തൈ ഉത്പാദിപ്പിക്കാനുള്ള വിത്തു തേങ്ങകൾ തെരഞ്ഞെടുക്കുന്നതാണ്‌ ഏറ്റവും പ്രധാനം. അതിനുമപ്പുറം തെങ്ങിൽ പൂക്കുലയിൽ തേനീച്ചകൾ പരാഗവിതരണം നടത്തുന്നതിനാൽ മറ്റു തെങ്ങുകളിലെ പൂമ്പൊടി എത്തിപ്പെടാനുള്ള വലിയ സാധ്യതയും ഉണ്ട്‌. അതുകൊണ്ട്‌ മാതൃവൃക്ഷത്തെ മാത്രമെ നമുക്കു തിരിച്ചറിയാൻ സാധിക്കൂ. ഇക്കാരണത്താൽ വിവിധ തലങ്ങളിലായി വളരെ ശ്രദ്ധാപൂർവം വിത്തു തേങ്ങകളുടെ തെരഞ്ഞെടുപ്പു നടത്തേണ്ടതാണ്‌.
മാതൃവൃക്ഷങ്ങൾ:
നാളികേരത്തിൽ നിർദ്ദിഷ്ട ഇനങ്ങളുടെ മാതൃവൃക്ഷങ്ങൾ ആദ്യം തെരഞ്ഞെടുത്താൽ മാത്രമെ ഗുണമേ?യുള്ള തൈകൾ കിളിർപ്പിച്ചെടുക്കാൻ സാധിക്കുകയുള്ളു. കാരണം, നാളികേരത്തിൽ വിത്തിൽ നിന്ന്‌ തൈകൾ ഉത്പാദിപ്പിക്കുന്ന പ്രജനന രീതി മാത്രമെ ഇപ്പോൾ നിലവിലുള്ളു. ടിഷ്യുകൾച്ചർ പ്രജനന രീതി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്‌. അതിനാൽ നടീൽ വസ്തുക്കളുടെ ഉത്പാദനത്തിൽ മാതൃ വൃക്ഷങ്ങളുടെ തെരഞ്ഞെടുപ്പാണ്‌ ഏറ്റവും പ്രധാന ഘടകം.
ലക്ഷണമൊത്ത മാതൃവൃക്ഷങ്ങൾ എങ്ങനെ കണ്ടെത്താം:
നേരെ വളരുന്ന വൃക്ഷങ്ങൾ, കട മുതൽ മണ്ടവരെ തടിക്ക്‌ ഒരേ വണ്ണം, മണ്ടയിൽ ഒരേ സമയത്ത്‌ 30 ബലമുള്ള ഒടിഞ്ഞു തൂങ്ങാത്ത ഓലമടലുകൾ എങ്കിലും ഉണ്ടായിരിക്കണം, ഓരോ വൃക്ഷത്തിലും 12 പൂങ്കുലകൾ ഉണ്ടായിരിക്കണം, ഓരോ പൂങ്കുലകളിലും 25 പെൺപൂക്കൾ ഉണ്ടായിരിക്കണം, പ്രതിവർഷം കുറഞ്ഞത്‌ 80 തേങ്ങയെങ്കിലും വിളവ്‌ നൽകുന്നതായിരിക്കണം, പൊതിച്ച തേങ്ങക്ക്‌ ശരാശരി 600 ഗ്രാമും കൊപ്രയ്ക്ക്‌ 150 ഗ്രാമും തൂക്കം ഉണ്ടായിരിക്കണം, തെങ്ങിന്‌ രോഗ കീട ബാധകൾ പാടില്ല. ഈ ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനം ഉത്പാദനം തന്നെ. വിപരീത കാലാവസ്ഥയിലും കൃത്യമായി കനത്ത വിളവു നൽകുന്ന വൃക്ഷങ്ങൾ വേണം തെരഞ്ഞെടുക്കാൻ.
വിത്തുതേങ്ങയുടെ മൂപ്പ്‌
പന്ത്രണ്ട്‌ മാസമെങ്കിലും മൂപ്പ്‌ എത്തിയ തേങ്ങയാണ്‌ വിത്തിനായി എടുക്കേണ്ടത്‌. വിത്തിന്‌ തെരഞ്ഞെടുക്കുന്ന തേങ്ങയുടെ വിളവെടുപ്പ്‌ നടക്കുമ്പോൾ ആ കുലയിലിലെ ഒരു തേങ്ങയെങ്കിലും ഉണങ്ങാൻ തുടങ്ങിയിരിക്കണം. ഉയരമുള്ള തെങ്ങുകളിൽ നിന്ന്‌ കയറിൽ തേങ്ങക്കുലകൾ കെട്ടിയിറക്കണം. കുലയുടെ മധ്യത്തിലുള്ള തേങ്ങ വേണം വിത്തിനായി തെരഞ്ഞെടുക്കാൻ.
വിത്തു തേങ്ങകളുടെ സംഭരണം
വിളവെടുത്ത വിത്തു തേങ്ങകൾ അതിന്റെ ചകിരി പൂർണമായും ഉണങ്ങുന്നതു വരെ തണലത്ത്‌ വേണം സൂക്ഷിക്കാൻ. ഉയരം കൂടിയ ഇനങ്ങളുടെ വിത്തു തേങ്ങ രണ്ടു മാസം വരെ സൂക്ഷിക്കാം. എന്നാൽ കുറിയ ഇനങ്ങൾ വിളവെടുത്ത്‌ 15 ദിവസത്തിനുള്ളിൽ തവാരണകളിൽ പാകണം.
സ്ഥലം തെരഞ്ഞെടുക്കുമ്പോൾ
തെങ്ങ്‌ ഏതു മണ്ണിലും വളരും. എന്നാലും നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ്‌ നഴ്സറികൾ നിർമ്മിക്കാൻ ഉത്തമം. അധികം ദൃഢതയുള്ള മണ്ണാണെങ്കിൽ 35-45 സെന്റിമീറ്റർ ആഴത്തിൽ മണ്ണ്‌ നീക്കം ചെയ്ത ശേഷം മണൽ നിറച്ച്‌ അതിൽ വേണം തേങ്ങ പാകുവാൻ. ചകിരിച്ചോറും പൊടിമണ്ണും സമം കലർത്തിയ മിശ്രിതവും നഴ്സറി സ്ഥാപിക്കാൻ അനുയോജ്യമായ മറ്റൊരു മാധ്യമമാണ്‌. എവിടെയാണെങ്കിലും, ചിതലിന്റെ ശല്യത്തിനെതിരെ മുൻകരുതലുകൾ സ്വീകരിക്കണം.
കാലാവസ്ഥ
നല്ല പ്രകാശമുള്ള സ്ഥലങ്ങളാണ്‌ തെങ്ങു കൃഷിക്ക്‌ യോജിച്ചതു. എന്നാൽ നഴ്സറികൾ നിർമ്മിക്കേണ്ടത്‌ നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ നിന്ന്‌ മാറി തണലിൽ വേണം. വിത്തുകളുടെ നല്ല വളർച്ചയ്ക്ക്‌ 21 ഡിഗ്രിക്കും 31 ഡിഗ്രിക്കും മധ്യേയുള്ള ചൂടാണ്‌ ഉത്തമം. ഒരു പരിധിവരെ ചൂടു താങ്ങാനുള്ള ശേഷി തെങ്ങുകൾക്ക്‌ ഉണ്ടെങ്കിലും അത്‌ വളർച്ചയെയും ഉത്പാദനത്തെയും ബാധിക്കും. 600 മില്ലിമീറ്റർ മുതൽ 4000 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ്‌ തെങ്ങുകൾക്ക്‌ വളരാൻ അനുയോജ്യം. എന്നാൽ തൈകളുടെ ഉത്പാദനത്തിന്‌ സമുദ്ര നിരപ്പിൽ നിന്ന്‌ 800 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങൾ കൊള്ളാം.
നഴ്സറികൾ
അത്യുത്പാദന ശേഷിയുള്ള സങ്കര ഇനങ്ങളുടെ വലിയ നഴ്സറികളാണ്‌ സ്ഥാപിക്കേണ്ടത്‌. സങ്കര വിത്തുത്പാദനത്തിന്‌ ഒരേ വിത്തു തോട്ടത്തിലെ രണ്ടു തെങ്ങുകൾ മാതൃ പിതൃ വൃക്ഷങ്ങളായി തെരഞ്ഞെടുക്കണം. ഒരു പിതൃ വൃക്ഷത്തിന്റെ പൂമ്പൊടി ഉപയോഗിച്ച്‌ ഒൻപതു മാതൃ വൃക്ഷങ്ങളിൽ പരാഗണം നടത്താം. കൂടാതെ എമാസ്കുലേഷൻ രീതിയിൽ ആവശ്യാനുസരണം ടിഃഡി, ഡിഃടി, ടിഃടി തൈകളും കൃത്രിമ പരാഗണം വഴി ഉരുത്തിരിച്ചെടുക്കാൻ സാധിക്കും.
ജലസ്രോതസുകൾ:
മികച്ച വിളവിന്‌ വർഷം മുഴുവൻ ആവശ്യമായ ജല ലഭ്യത തെങ്ങിൻ തോട്ടത്തിൽ ഉറപ്പു വരുത്തണം. നഴ്സറിയിലും കൃത്യമായ ജലസേചനം ആവശ്യമാണ്‌. സ്പ്രിങ്ക്ലർ, മൈക്രോ ജെറ്റ്‌ സ്പ്രിങ്ങ്ലർ, ഹോസ്‌ ജലസേചന രീതികളാണ്‌ നഴ്സറികൾക്ക്‌ ഫലപ്രദം.
നഴ്സറികളുടെ ഘടന
തെങ്ങിൻ തോട്ടത്തിൽ തന്നെ നഴ്സറികൾ സ്ഥാപിക്കാം. തുറന്ന സ്ഥലത്താണെങ്കിൽ 50 മുതൽ 75 ശതമാനം വരെ തണൽ ആവശ്യമാണ്‌. 1000 തേങ്ങകൾ പാകുന്നതിന്‌ 120 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്‌. പോളിബാഗിലാണ്‌ തേങ്ങ പാകുന്നത്‌ എങ്കിൽ 200 ചതുരശ്ര അടി സ്ഥലം വേണം.
തൊഴിലാളികൾ
മാതൃവൃക്ഷങ്ങളിൽ നിന്ന്‌ കൃത്യമായി മൂപ്പെത്തിയ വിത്തു തേങ്ങകളുടെ വിളവെടുപ്പിന്‌ വിദഗ്ധരായ തൊഴിലാളികൾ തന്നെ വേണം. മാത്രമല്ല നഴ്സറികളുടെ പരിപാലനത്തിനും ഇതിൽ പരിചയമുള്ളവർ സഹായത്തിന്‌ ഉണ്ടായേ പറ്റൂ. നല്ല തൈകൾ തിരിച്ചറിയാൻ പരിചയം കൊണ്ടു മാത്രമെ സാധിക്കൂ.
തൈ ഉത്പാദനം
മഴക്കാലത്തിനു മുമ്പായി വേണം വിത്തു തേങ്ങ പാകാൻ. നമ്മുടെ മേഖലയിൽ തേങ്ങ പാകാനുള്ള സമയം മെയ്‌- ജൂൺ മാസങ്ങളാണ്‌. എന്നാൽ നല്ല ജലസേചന സൗകര്യവും അനുകൂലമായ കാലാവസ്ഥയും ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിത്തു തേങ്ങ പാകാം.
തവാരണ തയാറാക്കൽ
തേങ്ങ പാകാൻ തുടങ്ങുന്നതിനു മുമ്പായി നഴ്സറി 10 -20 സെന്റിമീറ്റർ ഉയരത്തിലുള്ള തവാരണകളായി തിരിക്കണം. നന, കളനീക്കം എന്നിവയ്ക്കുള്ള സൗകര്യാർത്ഥമാണിത്‌. തവാരണകളിൽ 20 -25 സെന്റി മീറ്റർ ആഴത്തിൽ കുഴിയെടുത്ത്‌ തേങ്ങ മണ്ണിനു മുകളിൽ കാണത്തക്ക വിധത്തിൽ പാകണം. ചിതൽ ശല്യമുള്ള സ്ഥലങ്ങളിൽ അതിനെതിരെ മുൻകരുതലുകൾ സ്വീകരിക്കണം. മുള പൊട്ടിയാലുടൻ തൈകൾ പറിച്ചെടുക്കാനാണ്‌ ഉദ്ദേശ്യമെങ്കിൽ വളരെ അടുത്ത്‌ പാകാം. ഒരു വർഷം കഴിഞ്ഞ ശേഷം പറിച്ചെടുക്കാനാണ്‌ ഉദ്ദേശ്യമെങ്കിൽ വരികൾക്കിടയിലും തേങ്ങകൾക്കിടയിലും 30 സെന്റിമീറ്റർ വീതമെങ്കിലും അകലം നൽകണം. ഒരു തവാരണയിൽ അഞ്ചു നിര തേങ്ങകൾ പാകാം. കുത്തനെയും ചരിച്ചും തേങ്ങ പാകാവുന്നതാണ്‌. ഉള്ളിൽ വെള്ളമുള്ള നാളികേരം മാത്രമെ പാകുന്നതിന്‌ ഉപയോഗിക്കാവൂ..
പുതയിടീൽ
തവാരണകളിൽ ആവശ്യാനുസരണം പുത ഇടേണ്ടതാണ്‌. ഇതിന്‌ ഉണങ്ങിയ തെങ്ങോല, കച്ചി തുടങ്ങിയ സാമഗ്രികൾ ഉപയോഗിക്കാം. തവാരണകളിൽ തണുപ്പ്‌ നിൽക്കുന്നതിനും കളകളുടെ വളർച്ച തടയുന്നതിനുമാണിത്‌.
കള നിയന്ത്രണം
നഴ്സറിയിൽ ഒരിക്കലും കളകളുടെ വളർച്ച അനുവദിക്കരുത്‌. കളകൾ അപ്പപ്പോൾ നീക്കം ചെയ്തിരിക്കണം.
നഴ്സറി പരിപാലനം
നഴ്സറിയിൽ കൃത്യമായ ഒരു റെക്കോഡ്‌ സൂക്ഷിക്കണം. എല്ലാ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കണം. ഏത്‌ ഇനമാണ്‌ പാകിയിരിക്കുന്നത്‌, എന്നാണ്‌ പാകിയത്‌, എത്രയെണ്ണം പാകി, എത്ര തവാരണകൾ, എന്നാണ്‌ വിത്തു തേങ്ങ വിളവെടുത്തത്‌ തുടങ്ങിയ വിവിരങ്ങളും അതിലുണ്ടായിരിക്കണം. ഓരോ തവാരണയിലും ഓരോ ബോർഡുകൾ സ്ഥാപിക്കണം. ആ തവാരണയിൽ ഏത്‌ ഇനം തൈകളാണ്‌ വളരുന്നത്‌, അത്‌ എന്നാണ്‌ പാകിയത്‌ തുടങ്ങിയ വിവരങ്ങൾ ആ ബോർഡിലും രേഖപ്പെടുത്തിയിരിക്കണം. നെടിയ ഇനങ്ങൾ 60 -130 ദിവസങ്ങൾക്കുള്ളിൽ മുള പൊട്ടും. കുറിയ ഇനങ്ങൾ മുളയ്ക്കാൻ 30 -95 ദിവസങ്ങൾ വരെ എടുക്കും.
പൊതുവെ വിത്തു പാകി അഞ്ചാം മാസം വരെ മുളയ്ക്കൽ തുടരും. നല്ല നഴ്സറിയിൽ പാകിയ തേങ്ങകളിൽ 70 ശതമാനവും മുളയ്ക്കാറുണ്ട്‌. പാകി അഞ്ചു മാസം കഴിഞ്ഞിട്ടും മുളയ്ക്കാത്ത തേങ്ങകൾ തവാരണയിൽ നിന്ന്‌ നീക്കം ചെയ്യണം. ഇത്‌ കൊപ്ര നിർമാണത്തിന്‌ ഉപയോഗിക്കാം.
പോളിബാഗ്‌ നഴ്സറി
മികച്ച വേരുപടലങ്ങളും ശക്തിയുള്ള തൈകളും ഉണ്ടാകുന്നതിന്‌ പോളിബാഗുകളിൽ നാളികേരം പാകി മുളപ്പിക്കുന്ന രീതിയാണ്‌ പോളിബാഗ്‌ നഴ്സറികൾ. പോളിത്തീൻ ബാഗുകളിൽ തെങ്ങിൻ തൈകൾ പാകുന്നതു കൊണ്ട്‌ സൗകര്യങ്ങൾ പലതുണ്ട്‌. തവാരണകളിലെ തൈകൾ പറിച്ചെടുക്കുമ്പോൾ വേരുകൾക്ക്‌ ക്ഷതം സംഭവിക്കുക സാധാരണമാണ്‌. ഇത്‌ തൈകളുടെ വളർച്ചയെ ബാധിക്കുന്നു. പോളിത്തീൻ ബാഗുകളിലെ തൈകൾ ബാഗ്‌ മുറിച്ചു നീക്കിയ ശേഷം നേരിട്ട്‌ കുഴിയിൽ നടാം. വേരുകൾ ഇവിടെ സുരക്ഷിതമാണ്‌. തൈകൾ വളർത്തുന്നതിനു തയാറാക്കുന്ന കൂടു മിശ്രിതത്തിൽ കൂടുതൽ കാലം ഈർപ്പം നിലനിർത്താൻ സാധിക്കുന്നതു മൂലം തൈകളുടെ വളർച്ച വളരെ വേഗത്തിലായിരിക്കും. സാധാരണ മണ്ണിൽ നിർമ്മിക്കുന്ന തെങ്ങിൻ തൈ നഴ്സറികളെക്കാൾ പോളിബാഗ്‌ നഴ്സറികൾ പരിപാലിക്കാൻ എളുപ്പമാണ്‌. ജലസേചനം, കളഎടുക്കൽ തുടങ്ങി ആരോഗ്യമില്ലാത്ത തൈകൾ നീക്കം ചെയ്യുന്നതു പോലും ഇത്തരം നഴ്സറികളിൽ എളുപ്പമാണ്‌.
500 ഗേജ്‌ കനമുള്ള 60 ഃ 45 സൈസിലുള്ള കറുത്ത കൂടുകളാണ്‌ ഇതിനായി ഉപയോഗിക്കേണ്ടത്‌. നനയ്ക്കുമ്പോൾ അധികമുള്ള ജലം വാർന്നു പോകുന്നതിനായി കവറുകൾക്കു ചുവട്ടിൽ എട്ടുപത്ത്‌ ദ്വാരങ്ങൾ ഉണ്ടാക്കണം. വളക്കൂറുള്ള മേൽമണ്ണ്‌, ചാണകം, ചകിരിച്ചോർ എന്നിവ 3:1:1 അനുപാതത്തിൽ കലർത്തിയതാണ്‌ കൂടുകളിൽ ഉപയോഗിക്കേണ്ട മിശ്രിതം.
മണ്ണിൽ പാകി നിർത്തിയ വിത്തു തേങ്ങകൾ ആഴ്ച്ച തോറും പരിശോധിച്ച്‌ മുളച്ചു തുടങ്ങുമ്പോഴെ അവയെ മണ്ണിൽ നിന്നു മാറ്റി മുകളിൽ പറഞ്ഞ വിധത്തിൽ തയാറാക്കിയിട്ടുള്ള പോളിത്തീൻ ബാഗുകളിലേയ്ക്ക്‌ മറ്റുന്ന രീതിയും നിലവിലുണ്ട്‌. നട്ട്‌ അഞ്ചു മാസം വരെ ഇങ്ങനെ മുളച്ച തേങ്ങകൾ പരിശോധിച്ച്‌ പോളിബാഗുകളിലാക്കുന്നു. അതു കഴിഞ്ഞ്‌ മുളയ്ക്കാത്ത തേങ്ങകൾ ഉപേക്ഷിക്കുകയാണ്‌ പതിവ്‌. അതിനോടകം 80 ശതമാനം തേങ്ങകളും മുളച്ചിരിക്കും എന്നാണ്‌ വയ്പ്പ്‌. ഇങ്ങനെ പോളിബാഗുകളിലേയ്ക്ക്‌ മാറ്റുമ്പോൾ ബാഗുകളിൽ പകുതി മാത്രം മിശ്രിതം നിറച്ചാൽ മതി. ശേഷിക്കുന്നതിൽ മൂന്നിൽ രണ്ടു ഭാഗം ബാഗിനുള്ളിൽ തൈ ഉറപ്പിച്ച ശേഷം നിറയ്ക്കാവുന്നതാണ്‌.
രോഗകീടങ്ങൾ
കൂമ്പ്‌ ചീയൽ : നാളികേര നഴ്സറിയിൽ സാധാരണ രോഗങ്ങൾ ഒന്നും ഉണ്ടാകാറില്ല. എന്നാൽ ഫൈറ്റോപ്ത്തോറ പൽമിവോറ എന്ന കുമിൾ മൂലം കൂമ്പുചീയൽ രോഗം ചിലപ്പോൾ കാണാറുമുണ്ട്‌. മഞ്ഞനിറം ബാധിച്ച്‌ സാവകാശത്തിൽ ഇലകൾ ചീഞ്ഞു പോകുന്ന രോഗമാണിത്‌. രോഗം ബാധിച്ച തൈയുടെ കൂമ്പ്‌ മെല്ലെ ഒന്ന്‌ ഇളക്കിയാൽ വിത്തിൽ നിന്ന്‌ വേർപെട്ട്‌ പോരുന്നതാണ്‌ ലക്ഷണം. ഒരു ദുർഗന്ധവും ഉണ്ടാകും. ഇതിനെ ഗുരുതര പ്രശ്നമൊന്നുമായി കരുതേണ്ടതില്ല. രോഗം ബാധിച്ച തൈകൾ പിഴുതു കളഞ്ഞാൽ മതി. ചുറ്റുമുള്ള തൈകളിൽ ഒരു ശതമാനം മുതൽ മൂന്നു ശതമാനം വരെ വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുകയും വേണം.
ശൽക്ക കീടം: ഇലകളുടെ മഞ്ഞളിപ്പാണ്‌ മുഖ്യ ലക്ഷണം. അത്തരം ഇലകളുടെ അടിവശത്ത്‌ ശൽക്കകീടങ്ങളെയും കാണാൻ സാധിക്കും. ഈ കീടങ്ങളും ഗുരുതരമായ ഭീഷണിയൊന്നും ഉയർത്തുന്നില്ല, പക്ഷെ അതിനെയും നിയന്ത്രിച്ചേ പറ്റൂ. 0.05 ശതമാനം വീര്യമുള്ള റോഗർ സ്പ്രേ ചെയ്ത്‌ തൈകളെ സംരക്ഷിക്കാവുന്നതാണ്‌.
ചിതൽ: കൂമ്പും ഇലകളും ഉണങ്ങുന്നതാണ്‌ ചിതൽ ശല്യത്തിന്റെ ലക്ഷണം. ഇത്‌ തുടക്കത്തിൽ തന്നെ നിയന്ത്രിക്കണം. തവാരണകൾ നിർമ്മിക്കുമ്പോൾ തന്നെ 0.05 ശതമാനം വീര്യമുള്ള ക്ലേറോപൈറിഫോസ്‌ ഉപയോഗിച്ചാൽ ചിതലിന്റെ ആക്രമണം തടയാൻ സാധിക്കും.
വേരു തീനി പുഴുക്കൾ: മണൽ നിറഞ്ഞ മണ്ണിലാണ്‌ വേരുതീനിപ്പുഴുക്കളുടെ ആക്രമണം കാണപ്പെടുന്നത്‌. ഇലകളുടെ മഞ്ഞളിപ്പും കരിച്ചിലുമാണ്‌ പ്രധാന ലക്ഷണം. വേരുകൾ നശിക്കുന്നതിനെ തുടർന്ന്‌ തൈ ഉണങ്ങി പോകുന്നു. തൈ ഒന്നിന്‌ 10 ഗ്രാം വീതം ഫോറൈറ്റ്‌ ഉപയോഗിച്ചാൽ വേരുതീനിപ്പുഴുക്കളെ നശിപ്പാക്കാം.
തൈകളുടെ ശേഖരണവും ഗതാഗതവും
മൺവെട്ടി ഉപയോഗിച്ചു വേണം തൈകൾ നഴ്സറിയിൽ നിന്നു പറിച്ചെടുക്കാൻ. ഒരിക്കലും തണ്ടിലോ ഇലകളിൽ പിടിച്ച്‌, വലിച്ച്‌ പറിച്ചെടുക്കാൻ ശ്രമിക്കരുത്‌. നഴ്സറിയിൽ നിന്നു പറിച്ചെടുത്താൽ നാലാഴ്ച്ച വരെ തൈ കേടു കൂടാതെ ഇരിക്കുമെങ്കിലും, അധികം വൈകാതെ മണ്ണിൽ നടുന്നതാണ്‌ നല്ലത്‌. കൂടുതൽ ദിവസങ്ങൾ പുറത്ത്‌ വയ്ക്കുകയാണെങ്കിൽ തണലിൽ സൂക്ഷിച്ച്‌ എല്ലാ ദിവസവും നനയ്ക്കണം.
 വാഹനങ്ങളിൽ ദൂരെ സ്ഥലങ്ങളിലേയ്ക്ക്‌ കൊണ്ടുപോകുമ്പോൾ തൈകൾ ഇളക്കം തട്ടാതിരിക്കാൻ നന്നായി അടുക്കിവയ്ക്കണം. മണ്ണോ, കൊയർ പിത്തോ നിറച്ച പോളിബാഗുകളിലാക്കി തെങ്ങിൻ തൈകൾ കൊണ്ടുപോകുന്നതാണ്‌ അഭികാമ്യം. അല്ലെങ്കിൽ തൈകളുടെ ഇടയിൽ കൊയർ പിത്ത്‌ ഇട്ട്‌ ഇളക്കം തട്ടാതെ സുരക്ഷിതമാക്കണം. പോളിബാഗുകളിലാക്കി കൊണ്ടു പോയാൽ നേരിട്ട്‌ കൃഷിയിടങ്ങളിൽ നടാം എന്ന സൗകര്യവും ഉണ്ട്‌.

22 Apr 2015

The Celestial Breath




dr.k.g.balakrishnan
------------------------------

The Mystic Fire- Agni-;
Is blazing;
Since the Big Bang;
The Inspiration;
The Creation;
The Expansion to the Infinite.

Inhaling the Air-
Absorbing Oxygen;
Expiring CO2; the Exchange Great;
The Expiration.

Defining the Scientist
The breathing thus;
The inspire-expire Continuum-
The Action-Reaction-
Equal and Opposite;
The First Law;
Of the Conundrum.

The Plant does the same;
Saying the Botanist;
In the opposite direction;
Setting the Reaction;
As Action;
For the blossoming Creation.

Thus;
The wheeling Time;
The Action-Reaction;
Smiles the Rishi;
Proclaims the Scientist;
Sings the Poet;
The tranquilizing Ecstasy;
The Celestial Breath;
The Knowing;
The JNANA. 
------------------------------------------
Bharatheeyakavitha-

11 Mar 2015

പൂച്ചയും എലിയും എലിയും പൂച്ചയും കളി




ഡോ കെ ജി ബാലകൃഷ്ണൻ
കെണിയൊരുക്കി
കാത്തിരിക്കുന്നു
എലിയെന്ന്
നാട്ടിലെങ്ങും
പാട്ടായി.

പൂച്ച
മ്യാം മ്യാം വെച്ച്
അനന്തപുരിയിലെ
മട്ടുപ്പാവിൽ
സാനന്ദം വിരഹിച്ച്
വരും വർഷത്തെ
സമയമേശയുടെ
നിർമിതിയിൽ.

ആശാരിപ്പണിയും
കൊല്ലപ്പണിയും
സ്വർണപ്പണിയും
വെള്ളോട്ടുപണിയും
അറിയുന്നവർ.

മാറ്റ് കുറഞ്ഞ പൊന്ന്
കള്ളോട്ടുപാത്രം
പാഴ്മരത്തേക്ക്
നുണ പെരുക്കും നാക്ക്-
നാടോടുമ്പോൾ
നടുവോടി
പണ്ടത്തെ പാത്തുമ്മാനെപ്പോലെ
പൂച്ചയെപ്പേരാക്കി;
പാപ്പുച്ചോനോട്‌
കേക്കാൻ പറഞ്ഞ്
അരക്കൊപ്പം വെള്ളത്തിലിറങ്ങി
ആരും അറിയില്ലെന്ന് നിനച്ച്;
കാര്യം സാധിച്ച്;
കൂട്ടത്തല്ലും കടിപിടിയും
നടിച്ച്.

പാട്ടായ പാട്ടൊക്കെ കേട്ട്,
കേട്ട പുത്തനീണങ്ങൾ
നുണച്ച്,
മൂഢസ്വർഗത്തിൽ
രമിച്ച്‌,
ഞാൻ,നിങ്ങൾ, നമ്മൾ.

കാലം കലിയെന്ന്
വെറുതെ വെറുതെ
ഉരുവിട്ട്,
മൂക്കത്ത് വിരൽവെച്ച്,
തെക്ക് വടക്ക് നടന്ന്
നേരം കളഞ്ഞ്/ വെളുപ്പിച്ച്
വോട്ടുകാർ.

പാടിപ്പാടി
ചെമ്പെയും
ഗന്ധർവനുമായി;
ഇളയരാജമാർ.

നാട്ടിലെങ്ങും പാട്ടായി;
കേട്ട് കേട്ട് മതിയായി.

കണ്ട പൂരം കേമം;
കാണുന്നത് ബഹുകേമം;
കാണാനിരിക്കുന്നത്
കെങ്കേമം.

22 Feb 2015

ആദിവാസികളകൾ അരങ്ങിലെത്തണം

     കാവിൽരാജ്‌,മണ്ണുത്തി
--------------------------
    ആദിവാസിഗോത്ര വിഭാഗങ്ങളുടെ ആംഗികവും വാചികവും ആഹാര്യവും ആവിഷ്കൃതമാകുന്ന വേദികൾക്കുമാത്രമേ യഥാർത്ഥ കലാമണ്ഡപങ്ങളാകാനാകു  എന്നുള്ള മാതൃഭൂമി എഡിറ്റോറിയലിന്റെ(ജനുവരി18-ദി
നപ്പത്രം)
ആത്മാർത്ഥത മനസ്സിലാക്കി വരുംകാലങ്ങളിൽ യുവജനോത്സവമത്സരങ്ങളിൽ അവ ഉൾപ്പടുത്തുമെന്നുവിശ്വസിക്കണമെങ്കിൽ അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പൊഴേ തയ്യാറാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയതുകൊണ്ടുമാത്രം ഉദ്ദേശ്യം സാധൂകരിക്കണമെന്നില്ല.
    സമൂഹത്തിന്റെ വെളിമ്പറമ്പുകളിലേക്കു മാറ്റപ്പെട്ടുകിടക്കുന്ന ആദിവാസിഗോത്രവിഭാഗങ്ങളിലെ വിദ്യാർഥികളെകണ്ടെത്തി അവർക്കുവേണ്ടതായ പരിശീലനങ്ങളും സാമ്പത്തികസഹായവും യാത്രാസൗകര്യവും ഒരുക്കിയാലേ അവർക്കു മുന്നോട്ടുവരുവാനാവുകയുള്ളു എന്ന യാഥാർത്യവും കണക്കിലെടുക്കേണ്ടതാണ്‌.അവർക്കുവേണ്ടതായ വാദ്യോപകരണങ്ങളും അവർക്കുപറഞ്ഞുകൊടുക്കുവാനുള്ള മറ്റുഅനുബന്ധകാര്യങ്ങളറിയാവുന്നവരെ ഉൾക്കൊള്ളിച്ചുള്ള പരിശീലനങ്ങളും അവർക്കാവശ്യമത്രേ.
    അതുപോലെത്തന്നെ പിന്നാക്കംനിൽക്കുന്ന വർഗ്ഗങ്ങളുടേതായ കളമെഴുത്ത്‌, മുഖമെഴുത്ത്‌,ക, നന്തുണിപ്പാട്ട്‌,തോററംപാട്ട്‌,മുണ്ട്യേൻപാട്ട്‌ , തിരണ്ടുപാട്ട്‌, കുറത്തിപ്പാട്ട്‌, കിണ്ണംകൊട്ടിപ്പാട്ട്‌, കുരുത്തോലകരകൗശലം എന്നിങ്ങനെയുള്ള നാടൻകലകളിലുള്ളമത്സരങ്ങൾകൂടി ഉൾപ്പെടുമ്പോഴേ സവർണ്ണകലകൾക്കൊപ്പം നാടൻകലകൾക്കും സ്ഥാനം ലഭിക്കുകയുള്ളു. മാത്രമല്ല ആ ഇനങ്ങളെ തഴയുകയും മറ്റുള്ളവയെ തഴുകുകയും.ചെയ്തുവരുന്ന വിധികർത്താക്കൾക്കും രക്ഷിതാക്കൾക്കും അതേക്കുറിച്ചു ചിന്തിക്കുവാനും മറ്റുവിദ്യാർത്ഥികളെപ്പോലെ അപകർഷതാബോധമില്ലാത്തയുവതയെ വളർത്തിയെടുക്കുവാനും സാധിക്കുകയുള്ളു.    
    ഏതായാലും മാതൃഭമിയുടെവാർത്താപ്രസിദധീകരണത്തിലൂടെ അക്കാര്യം മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുവാൻ സാധിച്ചതു മറ്റാർക്കുമില്ലാത്ത ഇച്ഛാശക്തിതന്നെയായിട്ടേ കാണാനാവുകയുള്ളു.വാർത്ത റിപപോർട്ടുചെയ്ത ലേഖകനും മാതൃഭൂമിക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനോടൊപ്പം അതിനുവേണ്ടതായ സൗകര്യങ്ങൾ ഒരുക്കമെന്നു വാക്കാൽ തന്നെ പ്രതികരിച്ച മന്ത്രിമാർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
                                                        
                                                                                                          999 57 83 806

15 Jan 2015

നീരയിലൂടെ തെളിയുന്ന നാളികേര മേഖലയുടെ ഭാവി


ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നമ്മുടെ നാട്ടിലെ തെങ്ങുകൃഷി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഉയർന്ന ഉൽപാദന ചെലവും കുറഞ്ഞ വരുമാനവുമാണ്‌. തെങ്ങിൽ നിന്നുള്ള വരുമാനം പരമാവധി ഉയർത്തുവാനുള്ള ഒരു മാർഗ്ഗം തെങ്ങു വെറും വെളിച്ചെണ്ണ മരമെന്നതിനുപരി, പ്രകൃദത്തമായ പോഷകസമൃദ്ധമായ, ഔഷധ ഗുണമുള്ള നീര ഉൽപാദിപ്പിക്കുന്ന പാനീയ വിളയായും, നീരയിൽ നിന്നു ആരോഗ്യദായകമായ പഞ്ചസാര ഉൽപാദിപ്പിക്കുന്ന പഞ്ചസാര വിളയായും പ്രയോജനപ്പെടുത്തുക എന്നതാണ്‌. തെങ്ങു കൃഷിചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഫിലപ്പീൻസിലും, ഇന്തോനേഷ്യലും ഇതിനകം തന്നെ നീരയും, അതിൽ നിന്ന്‌ ഉൽപാദിപ്പിക്കുന്ന തെങ്ങിൻ പഞ്ചസാരയും വ്യവസായികടിസ്ഥാന ഉൽപാദിപ്പിച്ച്‌ കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിതരുന്ന ഉൽപന്നമായി മാറികഴിഞ്ഞു. മത്സരാധിഷ്ടിതമായ ഇന്നത്തെ ചുറ്റുപാടിൽ തെങ്ങുകൃഷി ചെയ്യുന്ന മറ്റു രാജ്യങ്ങളുമായി മത്സരിച്ച്‌ നമ്മുടെ നാട്ടിലെ തെങ്ങുകൃഷിയെ ലാഭകരമായി നിലനിർത്തണമെങ്കിൽ കൽപ വൃക്ഷത്തിൽ നിന്നുള്ള നീരയും, അതിന്റെ അനുബന്ധ ഉൽപന്നങ്ങളും പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. നീരയെ ആകർഷകമാക്കുന്നത്‌ പ്രധാനമായും രണ്ടു കാര്യങ്ങളാണ്‌. ഒന്ന്‌ തെങ്ങിൽ നിന്നുള്ള വരുമാനം മനുഷ്യ ആരോഗ്യദായകമായ, പോഷകസമൃദ്ധമായ, ഔഷധഗുണമുള്ള പാനീയം.നല്ല പരിചരണ മുറകൾ കൊടുത്ത്‌ ആരോഗ്യത്തോടെ വളരുന്ന ഒരു തെങ്ങിന്റെ 6 പൂക്കുലകൾ വരെ ഒരു വർഷം ചെത്തി നീര ഉൽപാദിക്കാൻ ഉപയോഗിക്കാം. ഒരു പൂക്കുലയിൽ നിന്ന്‌ 50 ലിറ്റർ നീര ലഭിക്കും. ഇപ്രകാരം 6 പൂക്കുലകളിൽ നിന്നു 300 ലി നീര ലഭിക്കും. ഒരു ലിറ്റർ നീരയ്ക്ക്‌ 50 രൂപാ നിരക്കിൽ കർഷകന്‌ ലഭിച്ചാൽ ഒരു തെങ്ങിൽ നിന്ന്‌ 9,000 രൂപ വരെ ലഭിക്കും. എന്നാൽ ഈ ആറു കുലകൾ വളർന്ന്‌ നാളികേരമോ, കരിക്കോ ആകാൻ അനുവദിച്ചാൽ കർഷകന്‌ ഏകദേശം 600 നാളികേരമാണ്‌ ലഭിക്കുക. അതിന്‌ ഇന്നത്തെ വിലയനുസരിച്ച്‌ ഒരു തേങ്ങായ്ക്ക്‌ 15 രൂപാ നിരക്കിൽ ലഭിക്കുക 900 രൂപയും. ഇതാണ്‌ നീര ഉൽപാദനത്തിൽ നിന്നുള്ള വരുമാനവും, നാളികേരഉദ്പാദനവും തമ്മിലുള്ള വരുമാന വ്യത്യാസം.
ഈ സാഹചര്യത്തിൽ നീരയുടെ ഔഷധ ഗുണങ്ങൾ സംബന്ധിച്ച ബോധവത്ക്കരണവും ആരോഗ്യദായകപാനീയമെന്ന നിലയിലുള്ള അതിന്റെ പ്രചാരണവും നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. വിരിയാത്ത തെങ്ങിൻ പൂങ്കുലയിൽ നിന്നും ചെത്തി എടുക്കുന്ന, മദ്യത്തിന്റെ അംശം ഇല്ലാത്ത പോഷകസമൃദ്ധമായ പ്രകൃതിദത്ത പാനീയമാണ്‌ നീര. മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന അമിനോ അമ്ലങ്ങളുടെയും വിറ്റാമിൻ, കാത്സ്യം,
ഇരുമ്പ്‌, പൊട്ടാസ്യം, സിങ്ക്‌, ഫോസ്ഫറസ്‌ തുടങ്ങിയ ധാതു ലവണങ്ങളുടെയും കലവറയാണിത്‌. കൂടാതെ പ്രോട്ടീൻ നിർമ്മാണത്തിനാവശ്യമായ ഗ്ലൂട്ടാമിക്‌ അമ്ലവും ഉയർന്ന അളവിൽ നീരയിൽ അടങ്ങിയിരിക്കുന്നു.
നീരയുടെ ഔഷധഗുണങ്ങൾ മനസ്സിലാക്കി, പല ആയൂർവ്വേദ മരുന്നുകളിലും നീരയിൽ നിന്നു ഉൽപാദിപ്പിക്കുന്ന തെങ്ങിൻ ചക്കര പണ്ടേ ഉപയോഗിച്ചിരുന്നു. കൊഴുപ്പും, കൊളസ്ട്രോളും ഇല്ല എന്നതും, കുറഞ്ഞ ഗ്ലൈസമിക്സ്‌ ഇൻഡക്സും നീരയെ പ്രമേഹരോഗികൾക്കു കൂടി ഉപയോഗപ്രദമായ പാനീയമാക്കുന്നു. നീരയുടെ ജി.ഐ 35 ആണ്‌. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു പഞ്ചസാര ദഹിച്ച്‌ രക്തത്തിൽ ചേരുന്നതിന്റെ തോത്‌ ആണ്‌ ജി.ഐ. നീരയിൽ 14.40 ശതമാനം പഞ്ചസാര അടങ്ങിയിരിക്കുന്നു. എന്നാൽ ഈ പഞ്ചസാരയുടെ പ്രത്യേകത സാധാരണ പഞ്ചസാരയെക്കാൾ അതായത്‌ കരിമ്പിൽ നിന്ന്‌ ഉൽപാദിപ്പിക്കുന്ന പഞ്ചസാരയേക്കാൾ കുറഞ്ഞ ജി.ഐ ആണുള്ളത്‌ എന്നതാണ്‌. കരിമ്പിൽ നിന്നു ഉൽപാദിപ്പിക്കുന്ന പഞ്ചസാരയ്ക്ക്‌ ജി.ഐ 75 ഉള്ളപ്പോൾ നീരയുടേത്‌ 35 മാത്രമാണ്‌. അതായത്‌ നീര കഴിക്കുമ്പോൾ അതിൽ നിന്നുള്ള പഞ്ചസാര ദഹിച്ചും രക്തത്തിലേയ്ക്ക്‌ കലരുന്നതിന്റെ അളവ്‌ സാധാരണ പഞ്ചസാരയേക്കാൾ വളരെ കുറവായിരിക്കും. പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഗ്ലൈസെമിക്‌ ഇൻഡക്സ്‌ കുറഞ്ഞ നീരയും, അതിൽ നിന്നുൽപാദിപ്പിക്കുന്ന പഞ്ചസാരയും പ്രമേഹരോഗികൾക്ക്‌ കഴിക്കാവുന്ന ആരോഗ്യദായക ഭക്ഷ്യോൽപന്നമായി വരും കാലങ്ങളിൽ ഭക്ഷ്യമേഖലയിൽ സ്ഥാനം പിടിക്കും.
കരിക്കിൻ വെള്ളം പോലെത്തന്നെ നീരയും മൂത്രതടസ്സത്തിനും, മൂത്രാശയരോഗങ്ങൾക്കും ഒരു ഔഷധമായി കരുതപ്പെടുന്നു. കൂടാതെ ശരീരത്തിലെ ജലാംശം നഷ്ടപെടുന്നത്‌ തടയാൻ ഏറ്റവും ഉത്തമമായ ശീതളപാനീയമാണ്‌ നീര. അമിതമായ വയറിളക്കം മൂലം ശരീരത്തിൽ
നിന്നുള്ള ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയിൽ നീര കുടിക്കുന്നത്‌ ഏറ്റവും
ഫലപ്രദമാണ്‌. മലബന്ധം തടയാനും
മലശോധന സുഗമമാക്കാനുമുള്ള പാനീയമാണ്‌ നീര. അതിനാൽ പെയിൽസ്‌ രോഗികൾക്കും ഇത്‌ ഫലപ്രദമെന്ന്‌ പറയപ്പെടുന്നു. അസ്ത്മ, ക്ഷയം, ശ്വാസംമുട്ടൽ എന്നീ രോഗങ്ങൾക്ക്‌ ഔഷധമായും ഇത്‌ ശുപാർശചെയ്യപ്പെടുന്നു.
ഗർഭിണികൾ നീരകഴിക്കുന്നത്‌ മൂലം കുട്ടികൾക്ക്‌ നല്ല നിറവും ആരോഗ്യവും കിട്ടുമെന്ന്‌ വിശ്വാസമുണ്ട്‌. സമ്പൂർണ്ണ ആരോഗ്യപാനീയമായ നീര, വിറ്റാമിൻ, ഇരുമ്പ്‌ എന്നിവയുടെ അഭാവം പരിഹരിക്കുന്നതിനുള്ള ഫുഡ്‌ സപ്ലിമന്റായും ശുപാർശ ചെയ്യപ്പെടുന്നു. നീരയുടെ വിവിധങ്ങളായ ഔഷധ ഗുണങ്ങൾ കണക്കാക്കി കരളിന്റെ ടോണിക്ക്‌ എന്നും നീരയെ വിശേഷിപ്പിക്കുന്നു. നേത്രരോഗികൾക്കും, എക്സിമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്ന ഇനോസിറ്റോൾ ധാരാളമായി നീരയിൽ അടങ്ങിയിരിക്കുന്നു.
ആരോഗ്യപാനീയമെന്നതിനുപരി പാം ഷുഗർ, പാം ജാഗറി, കോക്കനട്ട്‌ ജാഗറി, സിറപ്പ്‌ (ദ്രവരൂപത്തിലുള്ള ശർക്കര),
നീരഹണി, നീര ബിസ്ക്കറ്റ്‌, നീര മിഠായികൾ, നീരകേക്ക്‌ തുടങ്ങിയ മൂല്യവർദ്ധിത ഭക്ഷ്യോൽപന്നങ്ങൾ ഉണ്ടാക്കുന്നതിനും നീര ഉപയോഗിച്ചുവരുന്നു. ഇവയെല്ലാം പോഷക സമൃദ്ധവും, ആരോഗ്യദായകവുമായ ഉൽപന്നങ്ങളാണ്‌.
നീര സംസ്ക്കരിച്ചെടുക്കുന്ന പഞ്ചസാരയും ശർക്കരയും മധുരം പ്രദാനം ചെയ്യുന്ന പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളാണ്‌. ദ്രവരൂപത്തിലുള്ള കോക്കനട്ട്‌ ജാഗറി സിറപ്പിൽ പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്‌, ഇരുമ്പ്‌ എന്നീ മൂലകങ്ങളും മനുഷ്യന്‌ ആവശ്യം വേണ്ട പല അമിനോ അമ്ലങ്ങളും, വിറ്റാമിൻ, ബി കോപ്ലക്സ്‌ (ബി 1 ബി 2, ബി 3 & ബി 6) ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ഉൽപന്നം കരിമ്പിൻ പഞ്ചാരയെക്കാൾ വളരെ മേന്മയേറിയതാണ്‌.
ഗ്രാമപ്രദേശങ്ങളിലെ കേരോൽപാദന സമിതികൾക്ക്‌ വലിയ മുതൽ മുടക്കില്ലാതെ നീരസംസ്ക്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ച്‌ സമീപത്തുള്ള നഗരങ്ങളിലെ കടകളിൽ സ്ഥിരമായി നീരയും മറ്റു മൂല്യവർദ്ധിത ഉൽപന്നങ്ങളും വിതരണം ചെയ്യുന്ന രീതി വികസിപ്പിച്ചെടുക്കാം. വേനൽക്കാലമായ ഡിസംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലുണ്ടാവുന്ന ശീതള പാനീയത്തിന്റെ വർദ്ധിച്ച ആവശ്യം നീരയിലൂടെ നിറവേറ്റാൻ ഈ രീതിക്കു കഴിയും. നീര ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ പ്രമേഹരോഗികൾക്ക്‌ കഴിക്കാവുന്നതാണ്‌. നാളീകേര വികസന ബോർഡിന്റെ മേൽ നോട്ടത്തിൽ തിരുകൊച്ചി നാളികേര ഉത്പാദനകമ്പനി നീരയിൽനിന്ന്‌ ഉണ്ടാക്കുന്ന ദ്രവരൂപത്തിലുള്ള സിറപ്പുപയോഗിച്ച്‌ പ്രമേഹ രോഗികൾക്ക്‌ കഴിക്കാവുന്ന കേക്ക്‌ വിപണിയിലിറക്കിയിരിക്കുന്നു. ക്രിസ്തുമസ്‌ പുതുവത്സര കാലത്ത്‌ ജി.ഐ കുറഞ്ഞ ഇത്തരം കേക്ക്‌ ധാരാളമായി നിർമ്മിച്ച്‌ വിപണിലെത്തിക്കുന്നതാണ്‌.
ചുരുക്കത്തിൽ വളരെയധികം പോഷക ഔഷധഗുണങ്ങൾ അടങ്ങിയ പ്രകൃതി ദത്തമായ വിശിഷ്ട പാനീയമാണ്‌ നീര. ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ച്‌ കൂടുതൽ വിശദപഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. നീര കൂടുതലായി പ്രചാരത്തിലായാൽ അതിന്റെ നേട്ടം, കേരകർഷകർക്ക്‌ മാത്രമല്ല മനുഷ്യരാശിക്കു മുഴുവനാണ്‌.

18 Dec 2014

മുയൽപ്പേടി



രാജൂ കാഞ്ഞിരങ്ങാട്

വീടിനുചുറ്റുംമുയൽപാർപ്പുകളായിരുന്നു
ദുഖത്തിൽ നിന്ന് സുഖ ത്തിലേക്കും
മരണത്തിൽ നിന്ന് ജീവിതത്തിലേക്കും
മറിച്ചും-
ഒറ്റ കുതിപ്പിന്റെ ദൂരമെന്നു
മുയലാണെന്നെ പഠിപ്പിച്ചത്
മുന്നേറും തോറും മുയൽപ്പേടി 
ബാക്കിയുണ്ടാവണ മെന്നും
എനിക്ക് പറഞ്ഞു തന്നു
അതെല്ലാം പഴയ കാലം
ഇന്ന് മുയലിനെ തേടിയാണ്
ഞാൻ തിരിച്ചു വന്നത്
എങ്ങുമില്ല ഒരു മുയലടയാളം
ബാക്കിയില്ല മറന്നു വെച്ച
പഴയ കാലം
സൌമ്യതയുടെ മുയലുകളെ
ഇനിയും പ്രതീക്ഷി ക്കേണ്ടതില്ല
നാടുകളിൽ
ഉള്ളതെല്ലാം മാംസത്തിന്റെയും
കൊല്ലലിന്റെയും മുയൽ ക്കാലം 
------------------------------------------------------------

22 Nov 2014

പ്രായശ്ചിത്തം

ഭഗവതീചരൺ വർമ്മ
വിവർത്തനം:സുനിൽ എം എസ്

കബരിപ്പൂച്ചയ്ക്ക് വീട്ടിലെ ആരോടെങ്കിലും സ്നേഹമുണ്ടെങ്കിൽ അത് രാ‌മുവിന്റെ വധുവിനോടായിരുന്നു. രാമുവിന്റെ വധുവാകട്ടെ വീട്ടിൽ ആരെയെങ്കിലും വെറുത്തിരുന്നെങ്കിൽ അത് കബരിപ്പൂച്ചയെ മാത്രമായിരുന്നു. മാതൃഗൃഹത്തിൽ നിന്ന് ഭർതൃഗൃഹത്തിലെത്തി രണ്ടു മാസത്തിനകം പതിന്നാലു വയസ്സുകാരിയായ ആ പെൺകുട്ടി ഭർത്താവിന്റെ പ്രേമഭാജനവും ശ്വശ്രുവിന്റെ വാത്സല്യഭാജനവുമായിത്തീർന്നു. കലവറയുടെ താക്കോൽ അവളുടെ അരയിൽ തൂങ്ങിക്കിടക്കാൻ തുടങ്ങി. ഭൃത്യർ അവളുടെ കല്പനകൾക്കു കാതോർത്തു. അവളായി വീട്ടിൽ എല്ലാമെല്ലാം. ശ്വശ്രു രുദ്രാക്ഷമണിഞ്ഞ്പൂജയും പാരായണവും ചെയ്ത് ഭക്തിമാർഗ്ഗത്തിലേയ്ക്കു തിരിയുകയും ചെയ്തു.



എന്തൊക്കെയായാലും കേവലം പതിന്നാലു വയസ്സായ ബാലിക മാത്രമാണല്ലോ അവൾ. കലവറയ്ക്കുള്ളിൽ വച്ച് അവൾ ഇടയ്ക്കൊക്കെ മയങ്ങിപ്പോകുമായിരുന്നു. അത്തരം അവസരങ്ങളുപയോഗിച്ച് കബരിപ്പൂച്ച പാലും നെയ്യും കട്ടു കുടിച്ചു. കബരിപ്പൂച്ച കാരണം അവളുടെ ജീവിതം തന്നെ താറുമാറായ മട്ടായി. നെയ്യ് ഒരു ചെറുപാത്രത്തിലാക്കി ഭദ്രമായി വച്ചിട്ട് അവളൊന്നു കണ്ണടച്ചതേയുള്ളുഅപ്പോഴേയ്ക്കും അതു മുഴുവനും കബരിപ്പൂച്ചയുടെ വയറ്റിലായി. അതേ പോലെപാല് മൂടി വച്ചു കൊണ്ട് ഒന്നു പുറത്തിറങ്ങി തിരിച്ചു വന്നപ്പോഴേയ്ക്കും പാൽപ്പാത്രം ഉണങ്ങി വരണ്ടിരിയ്ക്കുന്നു!

കാര്യങ്ങൾ ഇത്രത്തോളമേ എത്തിയിരുന്നുള്ളെങ്കിലും സാരമില്ലായിരുനു. കബരിപ്പൂച്ചയാകട്ടെ രാമുവിന്റെ വധുവിന്റെ ചുറ്റുവട്ടത്തു തന്നെ സദാസമയവും തക്കം പാർത്ത് നിന്നിരുന്നതുകൊണ്ട് അവൾക്ക് സമാധാനത്തോടെ ആഹാരം കഴിയ്ക്കാനോ ജലപാനം നടത്താനോ പോലും ആകാതെയായി. അവൾ രാമുവിനു വേണ്ടി പ്രേമപൂർവ്വം ഒരു കപ്പു നിറയെ മധുരക്കുറുക്കുണ്ടാക്കി വച്ചിരുന്നു. പക്ഷേ രാമു വന്നപ്പോൾ കണ്ടത് കബരിപ്പൂച്ച നക്കിത്തുടച്ചു വച്ചിരിയ്ക്കുന്ന കപ്പാണ്. കടയിൽ നിന്ന് വെണ്ണ വാങ്ങിക്കൊണ്ടു വന്നിരുന്നു. രാമുവിന്റെ വധു വെറ്റില മുറുക്കാൻ വേണ്ടി പോയതേയുള്ളു. ആ നേരത്തിനുള്ളിൽ വെണ്ണ അപ്രത്യക്ഷമായി.

സഹികെട്ട് രാമുവിന്റെ വധു തീരുമാനിച്ചുഈ വീട്ടിൽ രണ്ടിലൊരാൾ മാത്രമേ ജീവിയ്ക്കുകയുള്ളു. ഒന്നുകിൽ ഞാൻ. അല്ലെങ്കിൽ ആ കള്ളിപ്പൂച്ച. യുദ്ധത്തിനുള്ള തയ്യാറെടുപ്പു തുടങ്ങി. ഇരുവരും ജാഗ്രതയിൽ. പൂച്ചയെ പിടികൂടാനുള്ള കൂടു വന്നു. അതിനുള്ളിൽ പാല്വെണ്ണഎലിഎന്നിവയും പൂച്ചയെ പ്രലോഭിപ്പിയ്ക്കാനുതകുന്ന വിവിധതരം പലവ്യഞ്ജനങ്ങളും വയ്ക്കപ്പെട്ടു. പക്ഷേ പൂച്ച ആ വശത്തേയ്ക്കൊന്നു നോക്കുക പോലും ചെയ്തില്ല. എന്നു മാത്രമല്ലഅത് ഒരൽപ്പം ചങ്ങാത്തം കാണിയ്ക്കാൻ കൂടിത്തുടങ്ങി. അതുവരെ പൂച്ച രാമുവിന്റെ വധുവിനെ ഭയപ്പെട്ടിരുന്നെങ്കിൽ ഇപ്പോളത് അവളുടെ കൂടെത്തന്നെ നടക്കാനും തുടങ്ങി. അതേസമയം തന്നെ അവളുടെ കൈയെത്തും ദൂരത്തു നിന്ന് അകന്നു നിൽക്കാനും പൂച്ച ശ്രദ്ധിച്ചു.

കബരിപ്പൂച്ചയുടെ ധൈര്യം വർദ്ധിച്ചതു കണ്ട രാമുവിന്റെ വധുവിന് ആ വീട്ടിൽ തുടർന്നു ജീവിയ്ക്കുന്ന കാര്യം ഓർക്കുന്നതു പോലും അസഹനീയമായിത്തീർന്നു. അവൾക്ക് ശ്വശ്രുവിന്റെ ശകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. അവളുടെ ഭർത്താവിന് രുചി നഷ്ടപ്പെട്ട ആഹാരവും.

ഒരു ദിവസം രാമുവിന്റെ വധു രാമുവിനു വേണ്ടി പായസമുണ്ടാക്കി. പിസ്താബദാംവെണ്ണകിസ്മിസ് എന്നിങ്ങനെ പല തരം വിശിഷ്ടവസ്തുക്കൾ പായസത്തിൽ ചേർക്കപ്പെട്ടിരുന്നു. അതിവിശിഷ്ടമായ പായസം തയ്യാറായി. അതു നിറച്ച കപ്പ് മുറിയിൽ ഏറ്റവും ഉയരത്തിലുള്ള ഷെൽഫിൽ ഭദ്രമായി വച്ച ശേഷം രാമുവിന്റെ വധു വെറ്റില മുറുക്കാൻ വേണ്ടി പോയി.

ആ തക്കം നോക്കി പൂച്ച അകത്തു കടന്നു. ഷെൽഫിന്റെ മുകൾത്തട്ടിലിരിയ്ക്കുന്ന കപ്പിന്റെ നേരേ നോക്കി. നല്ല മണം. സാധനം നല്ലതായിരിയ്ക്കണം. ഷെൽഫിന്റെ ഉയരം കണക്കാക്കി. രാമുവിന്റെ വധുവാകട്ടെ വെറ്റില മുറുക്കിൽത്തന്നെ മുഴുകിയിരിയ്ക്കുന്നു. അതിനിടെ ശ്വശ്രുവിനുള്ള മുറുക്കാനും കൊണ്ട് അവൾ അവരുടെ മുറിയിലേയ്ക്കു പോകുകയും ചെയ്തു. ആ തക്കം നോക്കി കബരിപ്പൂച്ച ഒരൊറ്റച്ചാട്ടം. പൂച്ചയുടെ കൈ കപ്പിലേയ്ക്കെത്തി. കപ്പു താഴെ വീണു പൊട്ടിച്ചിതറി. പായസം മുഴുവൻ നിലത്തു പരന്നു.

കപ്പു വീണു തകർന്ന കോലാഹലം കേട്ടയുടൻ മുറുക്കാൻ പൊതി ശ്വശ്രുവിന്റെ മുന്നിലെറിഞ്ഞു കൊണ്ട് രാമുവിന്റെ വധു അടുക്കളയിലേയ്ക്കോടി. അവിടെ കണ്ട കാഴ്ച! കപ്പ് കഷ്ണങ്ങളായി ചിതറിക്കിടക്കുന്നു. രാമുവിനു വേണ്ടി പ്രേമപൂർവ്വം തയ്യാറാക്കിയിരുന്ന അതിവിശിഷ്ടമായ പായസം മുഴുവൻ നിലത്ത്. പൂച്ച ആർത്തിയോടെ അതു നക്കിക്കുടിച്ചു കൊണ്ടിരിയ്ക്കുന്നു. അവളെ കണ്ട മാത്രയിൽ പൂച്ച ഓടിപ്പോയി.

രാമുവിന്റെ വധുവിന്റെ രക്തം തിളച്ചു. അതിനെ കൊല്ലണം. അവൾ പ്രതിജ്ഞയെടുത്തു. എങ്ങനെയതിനെ കൊല്ലാൻ പറ്റുംഅക്കാര്യം തന്നെ ആലോചിച്ച് രാത്രി ദീർഘനേരം അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. നേരം വെളുത്തു കണ്ണു തുറന്നപ്പോൾ കണ്ടത്കബരിപ്പൂച്ച വാതിൽപ്പടിയിലിരുന്ന് സൌഹാർദ്ദപൂർവ്വം അവളെത്തന്നെ നോക്കിക്കൊണ്ടിരിയ്ക്കുന്നതാണ്.

രാമുവിന്റെ വധു അല്പമാലോചിച്ചു. മന്ദഹസിച്ചുകൊണ്ട് അവളെഴുന്നേറ്റു. അവളെഴുന്നേൽക്കുന്നതു കണ്ട കബരിപ്പൂച്ച പരിഭ്രമിച്ച് ഓടിപ്പോയി. അവളൊരു കപ്പു പാല് വാതിൽപ്പടിമേൽ വച്ചിട്ടു പോയി. സംഹാരത്തിനുള്ള ആയുധമായി, ഇട്ടിരിയ്ക്കാനുപയോഗിയ്ക്കുന്ന പലകയെടുത്തു തിരികെ വന്നപ്പോഴേയ്ക്ക് പ്രതീക്ഷിച്ച പോലെതന്നെഓടിപ്പോയിരുന്ന കബരിപ്പൂച്ച മടങ്ങിവന്ന് കപ്പിൽ നിന്ന് പാലുകുടിയ്ക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിലും നല്ല അവസരം ഇനി കിട്ടാനില്ല. മെല്ലെ അടുത്തു ചെന്ന് പലക ഉയർത്തി സർവ്വശക്തിയുമുപയോഗിച്ച് കബരിപ്പൂച്ചയെ അവൾ പ്രഹരിച്ചു. അടികൊണ്ട കബരിപ്പൂച്ച ഓടിയില്ലചാടിയില്ലഒന്നു കരഞ്ഞതുപോലുമില്ല. അതു നേരേ മറിഞ്ഞു വീണു നിശ്ചലമായി.

ശബ്ദം കേട്ട് തൂപ്പുകാരി അടിച്ചുവാരൽ നിർത്തിപാചകക്കാരി പാചകം നിർത്തിശ്വശ്രു പൂജാകർമ്മങ്ങൾക്കു വിരാമമിട്ടു. എല്ലാവരും സംഭവസ്ഥലത്ത് തിരക്കിട്ടെത്തി. രാമുവിന്റെ വധു അവരുടെ വാക്കുകൾ കേട്ട് അപരാധിനിയെപ്പോലെ തല കുനിച്ചു നിന്നു.

തൂപ്പുകാരി പറഞ്ഞു: ഭഗവാനേ! പൂച്ച ചത്തുപോയി. അമ്മാവധുവിന്റെ കൈകൊണ്ടാണ് പൂച്ചയുടെ മരണം നടന്നിരിയ്ക്കുന്നത്. ഇതൊരു ചീത്തക്കാര്യമാണ്.

പാചകക്കാരി പറഞ്ഞു: അമ്മാപൂച്ചയുടെ കൊലയും മനുഷ്യന്റെ കൊലയും തുല്യമാണ്. കൊല ചെയ്ത പാപം വധുവിന്റെ തലയിലുള്ളിടത്തോളം കാലം ഞങ്ങൾക്ക് അടുക്കളയിൽ പാചകം ചെയ്യാനാവില്ല.

ശ്വശ്രു പറഞ്ഞു: നിങ്ങളു പറഞ്ഞതു ശരിയാണ്. വധുവിന്റെ ശിരസ്സിൽ നിന്ന് കൊലപാതകത്തിന്റെ പാപം നീങ്ങിപ്പോകുന്നതു വരെ ഒരാൾക്കും ആഹാരം കഴിയ്ക്കാനാവില്ലജലപാനവും നടത്താനാവില്ല. വധൂനീയെന്താണീ ചെയ്തു വച്ചിരിയ്ക്കുന്നത്?”

തൂപ്പുകാരി പറഞ്ഞു: ദൈവമേഇനിയെന്താണുണ്ടാവുക! അമ്മ പറയുകയാണെങ്കിൽ പണ്ഡിറ്റ്ജിയെ വിളിച്ചുകൊണ്ടു വരാം.

അതെ. അതു തന്നെയാണു വേണ്ടത്.” ശ്വശ്രു പറഞ്ഞു. “ഓടിപ്പോയി പണ്ഡിറ്റ്ജിയെ വിളിച്ചുകൊണ്ടു വാ.

രാമുവിന്റെ വധു പൂച്ചയെക്കൊന്നു എന്ന വാർത്ത കാട്ടുതീ പോലെ അയല്പക്കങ്ങളിൽ പരന്നു. അവിടങ്ങളിലെ സ്ത്രീകൾ രാമുവിന്റെ വീട്ടിലേയ്ക്ക് ഇരച്ചു വന്നു. നാലുപാടും നിന്നുതിർന്ന ചോദ്യശരങ്ങളുടെ മുൻപിൽ രാമുവിന്റെ വധുവിന് തല കുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു.

പണ്ഡിറ്റ് പരമസുഖ് പൂജ ചെയ്തു കൊണ്ടിരിയ്ക്കെയാണ് ആ വാർത്ത വന്നത്. ഉടനദ്ദേഹം പൂജ നിർത്തിയെഴുന്നേറ്റു. ഒരു പുഞ്ചിരിയോടെ ഭാര്യയോടു പറഞ്ഞു, “ആഹാരം ഉണ്ടാക്കണ്ട. ലാലാ ഘാസിരാമിന്റെ മരുമകള് പൂച്ചയെ കൊന്നിട്ടിരിയ്ക്കുകയാണ്. പ്രായശ്ചിത്തം നടക്കും. സുഭിക്ഷമായ ആഹാരം കിട്ടാൻ വഴിയുണ്ട്.

പണ്ഡിറ്റ് പരമസുഖ് കുറിയതടിച്ച ഒരു ബ്രാഹ്മണനായിരുന്നു. ഉയരം നാലടി പത്തിഞ്ചു മാത്രം. എന്നാൽ കുംഭയുടെ ചുറ്റളവോ? അൻപത്തെട്ടിഞ്ച് ! വീർത്തുരുണ്ട മുഖം. വലിയ മീശ. വെളുത്ത നിറം. കുടുമ അര വരെ നീണ്ടു കിടന്നിരുന്നു. സൌജന്യഭക്ഷണം കിട്ടുന്നിടങ്ങളിലെല്ലാം എത്തുന്നവരുടെ ലിസ്റ്റിൽ പ്രഥമസ്ഥാനം പണ്ഡിറ്റ് പരമസുഖിനാണ് എന്നാണ് പറയപ്പെട്ടിരുന്നത്.

പണ്ഡിറ്റ് പരമസുഖ് എത്തിയപ്പോൾ കോറം തികഞ്ഞു. ഉന്നതതലസമിതി യോഗമാരംഭിച്ചു. ശ്വശ്രുപാചകക്കാരികിസനുവിന്റെ അമ്മഛന്നുവിന്റെ മുത്തശ്ശിപിന്നെ പണ്ഡിറ്റ് പരമസുഖും. മറ്റു വനിതകൾ വധുവിനോടുള്ള സഹാനുഭൂതി പ്രകടിപ്പിച്ചു കൊണ്ടിരുന്നു.

കിസനുവിന്റെ അമ്മ ഉത്കണ്ഠയോടെ ചോദിച്ചു: പണ്ഡിറ്റ്ജീപൂച്ചയെ കൊന്നാൽ എങ്ങനെയുള്ള നരകമാണു ലഭിയ്ക്കുക?”

പൂച്ചയുടെ കൊല നടന്നു എന്നു മാത്രമറിഞ്ഞതുകൊണ്ട് ലഭിയ്ക്കാൻ പോകുന്ന നരകത്തിന്റെ പേരു പറയാനാകില്ല.” പണ്ഡിറ്റ്ജി പഞ്ചാംഗം നോക്കിക്കൊണ്ടു പറഞ്ഞു. “കൊല നടന്ന മുഹൂർത്തം കൂടി അറിയണം. എങ്കിൽ മാത്രമേ എങ്ങനെയുള്ള നരകമായിരിയ്ക്കും കിട്ടാൻ പോകുന്നതെന്നു തീരുമാനിയ്ക്കാനാകൂ.

രാവിലെ ഏതാണ്ട് ഏഴുമണിയ്ക്ക്.” പാചകക്കാരി കൊല നടന്ന സമയം അറിയിച്ചു.

പണ്ഡിറ്റ്ജി പഞ്ചാംഗത്തിന്റെ താളുകൾ മറിച്ചു. അക്ഷരങ്ങളിലൂടെ വിരലോടിച്ചു. നെറ്റിയിൽ കൈ വച്ചുകൊണ്ട് ഗൌരവപൂർവ്വം ആലോചിച്ചു. മുഖത്ത് ഇരുൾ പരന്നു. പുരികമുയർന്നു. മൂക്കു ചുളിഞ്ഞു. സ്വരം ഗംഭീരമായി. ഹരേ കൃഷ്ണാ! ഹേ കൃഷ്ണാ! വലിയ അധർമ്മം സംഭവിച്ചിരിയ്ക്കുന്നു. രാവിലെ ബ്രഹ്മമുഹൂർത്തത്തിലാണ് പൂച്ചയുടെ കൊല നടന്നിരിയ്ക്കുന്നത്. അതിഘോരമായ നരകം വരെ അതിനു കിട്ടാവുന്നതാണ്. രാമുവിന്റെ അമ്മേമഹാപാപമാണു നടന്നിരിയ്ക്കുന്നത്.

രാമുവിന്റെ അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു. ഇനിയിപ്പോ എന്താണു സംഭവിയ്ക്കുകപണ്ഡിറ്റ്ജീഅങ്ങു തന്നെ പറയുക.

പണ്ഡിറ്റ് പരമസുഖ് പുഞ്ചിരിച്ചു. രാമുവിന്റെ അമ്മേവിഷമിയ്ക്കാനൊന്നുമില്ല. ഇതിനൊക്കെ വേണ്ടിയല്ലേ ഞങ്ങൾ പൂജാരികളുള്ളത്! ശാസ്ത്രങ്ങളിൽ ഓരോ പാപത്തിനും പ്രായശ്ചിത്തം നിർദ്ദേശിച്ചിട്ടുണ്ട്. തക്ക പ്രായശ്ചിത്തം ചെയ്താൽ എല്ലാം ശരിയാകും.

രാമുവിന്റെ അമ്മ പറഞ്ഞു: അതുകൊണ്ടാണു പണ്ഡിറ്റ്ജീഅങ്ങയെ വിളിപ്പിച്ചത്. എന്താണു ചെയ്യേണ്ടതെന്ന് അങ്ങു തന്നെ പറഞ്ഞു തരിക.

എന്താണു ചെയ്യേണ്ടതെന്നല്ലേ. സ്വർണ്ണം കൊണ്ട് ഒരു പൂച്ചയെ ഉണ്ടാക്കിച്ചിട്ട് വധുവിനെക്കൊണ്ട് അതു ദാനം ചെയ്യിപ്പിയ്ക്കുക. സ്വർണ്ണപ്പൂച്ചയെ ദാനമായി കൊടുക്കുന്നതു വരെ ഈ വീട് പവിത്രമല്ലാതായിത്തുടരും. സ്വർണ്ണപ്പൂച്ച ദാനം ചെയ്ത ശേഷം ഇരുപത്തൊന്നു ദിവസം പൂജയും പാരായണവും നടക്കണം.

ഛന്നുവിന്റെ മുത്തശ്ശി പറഞ്ഞു:  അതെഅതു തന്നെ. പണ്ഡിറ്റ്ജി പറഞ്ഞതു ശരിയാണ്. സ്വർണ്ണപ്പൂച്ചയെ ആദ്യം തന്നെ ദാനം ചെയ്യിപ്പിയ്ക്കുക. അതിനു ശേഷം പാരായണം നടക്കട്ടെ.

രാമുവിന്റെ അമ്മ ആശങ്കയോടെ ചോദിച്ചു: പണ്ഡിറ്റ്ജീഎത്ര തോല സ്വർണ്ണം കൊണ്ടുള്ള പൂച്ചയെയാണ് ഉണ്ടാക്കിക്കേണ്ടത്?”

എത്ര തോലയുടെ പൂച്ചയെയാണ് ഉണ്ടാക്കേണ്ടതെന്നോ?" പണ്ഡിറ്റ് പരമസുഖ് പുഞ്ചിരിച്ചു. പൂച്ചയുടെ തൂക്കത്തിനു തുല്യമായ സ്വർണ്ണം കൊണ്ടു വേണം പൂച്ചയെ ഉണ്ടാക്കാനെന്ന് ശാസ്ത്രങ്ങളിൽ വിധിച്ചിരിയ്ക്കുന്നു. എന്നാലിപ്പോൾ കലിയുഗം വന്നിരിയ്ക്കുന്നുധർമ്മകർമ്മങ്ങൾക്കു നാശം സംഭവിച്ചിരിയ്ക്കുന്നു. ഭക്തിയില്ലാതായിരിയ്ക്കുന്നു. അങ്ങനെയിരിയ്ക്കെ പൂച്ചയുടെ തൂക്കത്തിനു തുല്യമായ സ്വർണ്ണപ്പൂച്ച നിങ്ങളുണ്ടാക്കുമോചത്തുപോയ പൂച്ചയ്ക്ക് ഇരുപത്ഇരുപത്തൊന്നു സേർ തൂക്കമെങ്കിലും ഉണ്ടായിരുന്നിരിയ്ക്കും. കുറഞ്ഞത് ഇരുപത്തൊന്നു തോല സ്വർണ്ണം കൊണ്ടെങ്കിലും ഉണ്ടാക്കിയ പൂച്ചയെയാണ് ദാനം ചെയ്യേണ്ടത്. അതിനു ശേഷമുള്ള കാര്യങ്ങൾ നിങ്ങളുടെ ഭക്തിയെ ആശ്രയിച്ചിരിയ്ക്കും.

രാമുവിന്റെ അമ്മ കണ്ണു മിഴിച്ചിരുന്നു പോയി. എന്റെ ദൈവമേ! ഇരുപത്തൊന്നു തോല സ്വർണ്ണമോ! അതു വളരെക്കൂടുതലാണ് പണ്ഡിറ്റ്ജീ. ഒരു തോല കൊണ്ടുണ്ടാക്കിയ പൂച്ചയെക്കൊണ്ടു കാര്യം നടക്കുകയില്ലേ?”

പണ്ഡിറ്റ് പരമസുഖ് ചിരിച്ചു പോയി. രാമുവിന്റെ അമ്മേ! ഒരു തോല സ്വർണ്ണത്തിന്റെ പൂച്ചയോ! വധുവിനേക്കാൾ പ്രധാനമാണോ നിങ്ങൾക്കു രൂപവധുവിന്റെ തലയിൽ ഘോരപാപമുണ്ട്. എന്നിട്ടും ഇത്ര പിശുക്കു കാണിയ്ക്കുന്നതു ഒട്ടും ഉചിതമല്ല.

അളവുതൂക്കങ്ങളെപ്പറ്റിയുള്ള ചർച്ച തുടർന്നു. ഒടുവിൽ പതിനൊന്നു തോല കൊണ്ടുള്ള പൂച്ചയെ ഉണ്ടാക്കിയാൽ മതിയെന്ന തീരുമാനമായി.

സ്വർണ്ണപ്പൂച്ചദാനത്തെത്തുടർന്നു നടത്തേണ്ട പൂജാപാരായണങ്ങളെപ്പറ്റിയായിരുന്നു അടുത്ത ചർച്ച. പണ്ഡിറ്റ് പരമസുഖ് പറഞ്ഞു: അതിനെന്താ പ്രയാസംഞങ്ങൾ പൂജാരികൾ അതിനു വേണ്ടിയുള്ളവരാണല്ലോ. രാമുവിന്റെ അമ്മേപാരായണം ഞാൻ തന്നെ ചെയ്തോളാംപൂജയ്ക്കുള്ള സാമഗ്രികൾ എന്റെ വീട്ടിലേയ്ക്ക് കൊടുത്തയച്ചാൽ മാത്രം മതി.

പൂജയ്ക്ക് എന്തൊക്കെ സാമഗ്രികൾ വേണം?”

ഏറ്റവും കുറഞ്ഞ അളവുകൾ കൊണ്ട് ഞാൻ പൂജ നടത്തിത്തരാം. ധാന്യമായി ഏകദേശം പത്തു മന്ന് ഗോതമ്പ്ഒരു മന്ന് അരിഒരു മന്ന് പരിപ്പ്ഒരു മന്ന് എള്ള്അഞ്ചു മന്ന് ബാർലിഅഞ്ചു മന്ന് കടലനാലു സേർ നെയ്യ്ഒരു മന്ന് ഉപ്പ് എന്നിവയാണു വേണത്. ഇവ കൊണ്ട് കാര്യം നടന്നോളും.

രാമുവിന്റെ അമ്മ നടുക്കത്തോടെ പറഞ്ഞു: പണ്ഡിറ്റ്ജീഇത്രയും സാധനങ്ങൾക്ക് നൂറു നൂറ്റമ്പതു രൂപയാകുമല്ലോ.” അവരുടെ തൊണ്ടയിടറി.

ഇതിലും കുറഞ്ഞാൽ കാര്യം നടക്കില്ല. പൂച്ചയുടെ കൊലപാതകം എത്ര വലിയ പാപമാണെന്നറിയില്ലേചെലവിനെപ്പറ്റി പരാതിപ്പെടുമ്പോൾത്തന്നെ വധുവിന്റെ തലയിലുള്ള പാപത്തിന്റെ വലിപ്പത്തെപ്പറ്റിയും ഓർക്കണം. ഇതു പ്രായശ്ചിത്തമാണ്വെറും കളിതമാശയല്ല. അവരവരുടെ നിലയും വിലയും അനുസരിച്ചുള്ള പ്രായശ്ചിത്തം വേണം ചെയ്യാൻ. അങ്ങനെയാണു പ്രായശ്ചിത്തം ചെയ്യേണ്ടത്. നിങ്ങൾ വെറും സാധാരണക്കാരൊന്നുമല്ലല്ലോ. നിങ്ങളുടെ കൈപ്പത്തിയിൽ പറ്റിയിരിയ്ക്കുന്ന ചേറിനു പോലും നൂറു നൂറ്റിയൻപതു രൂപ വിലയുണ്ടാകും.

പണ്ഡിറ്റ് പരമസുഖിന്റെ വാക്കുകൾ കിസനുവിന്റെ അമ്മയെ ആകർഷിച്ചു. അവർ പറഞ്ഞു: പണ്ഡിറ്റ്ജി പറയുന്നത് ശരി തന്നെയാണ്. പൂച്ചയുടെ കൊല അല്ലറ ചില്ലറ പാപമൊന്നുമല്ല. വലിയ പാപത്തിന് വലിയ ചെലവുമുണ്ടാകും.

ഛന്നുവിന്റെ മുത്തശ്ശി പറഞ്ഞു: ദാനപുണ്യങ്ങൾ ചെയ്താണ് പാപങ്ങളെ പരിഹരിയ്ക്കേണ്ടത്. അതിലൊരു സംശയവുമില്ല.

പാചകക്കാരി പറഞ്ഞു: തന്നെയുമല്ലഅമ്മേിങ്ങൾ വലിയ ആളുകളാണ്. ഈ ചെലവൊന്നും നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.

രാമുവിന്റെ അമ്മ നാലുപാടും നോക്കി. അവരെ പിന്തുണയ്ക്കാൻ ആരുമുണ്ടായില്ല. സകലരും ഐകകണ്ഠ്യേന പണ്ഡിറ്റ്ജിയോടൊപ്പം തന്നെ.

പണ്ഡിറ്റ് പരമസുഖ് പുഞ്ചിരിച്ചുകൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: രാമുവിന്റെ അമ്മേഒരു വശത്ത് വധുവിനുള്ള ഘോരനരകം. മറുവശത്ത് നിങ്ങളുടെ ഉത്തരവാദിത്വത്തിൽ ചെറിയൊരു ചെലവ്. അതിൽ നിന്നു മുഖം തിരിച്ചു കളയരുത്.

ദീർഘനിശ്വാസത്തോടെ രാമുവിന്റെ അമ്മ പറഞ്ഞു: ഇനിയിപ്പോ എങ്ങനെയൊക്കെ നൃത്തം ചെയ്യാൻ പറഞ്ഞാലും അങ്ങനെയൊക്കെ നൃത്തം ചെയ്യുകയല്ലാതെ വേറെ വഴിയൊന്നുമില്ലല്ലോ.

ഇതു പണ്ഡിറ്റ്ജിയ്ക്കു നീരസമുണ്ടാക്കി. ഈ പ്രായശ്ചിത്തമെല്ലാം നിങ്ങൾ സന്തോഷത്തോടെ ചെയ്യേണ്ടവയാണ്. പക്ഷേ നിങ്ങൾക്കതിൽ അനിഷ്ടമുണ്ടെങ്കിൽ നിങ്ങളതൊന്നും ചെയ്യണ്ട. ഞാൻ പോവുകയായി.” പണ്ഡിറ്റ്ജി തന്റെ പഞ്ചാംഗവും മറ്റും കൈയിലെടുത്തു പോകാനൊരുങ്ങി.

പൊന്നു പണ്ഡിറ്റ്ജീരാമുവിന്റെ അമ്മയ്ക്ക് ഒരനിഷ്ടവുമില്ല. അവർക്ക് വലിയ ദുഃഖവുമുണ്ട്. അങ്ങു നീരസപ്പെട്ടു പോകരുതേ!” പാചകക്കാരിയും ഛന്നുവിന്റെ മുത്തശ്ശിയും കിസനുവിന്റെ അമ്മയുമെല്ലാം ഒരേ സ്വരത്തിൽ അപേക്ഷിച്ചു. രാമുവിന്റെ അമ്മ പണ്ഡിറ്റ്ജിയുടെ കാലു പിടിച്ചു. പണ്ഡിറ്റ്ജിയുടെ നീരസമകന്നു. വീണ്ടും ഉറപ്പിച്ചിരുന്നു.

ഇപ്പോഴെന്താ വേണ്ടത്?” രാമുവിന്റെ അമ്മ ആരാഞ്ഞു.

ഇരുപത്തൊന്നു ദിവസത്തെ പാരായണത്തിന് ഇരുപത്തൊന്നുറുപ്പിക. ഇരുപത്തൊന്നു ദിവസവും രണ്ടു നേരം വീതം അഞ്ചു ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കണം.” അല്പം നിർത്തിയ ശേഷം പണ്ഡിറ്റ്ജി തുടർന്നു. പക്ഷേഅതോർത്തു നിങ്ങൾ വിഷമിയ്ക്കേണ്ട. ഞാൻ തനിച്ച് രണ്ടു നേരവും ഭക്ഷണം കഴിച്ചോളാം. ഞാൻ തനിച്ച് ഭക്ഷണം കഴിച്ചാൽത്തന്നെ അഞ്ചു ബ്രാഹ്മണർ ഭക്ഷണം കഴിച്ചതിനു തുല്യമായ ഫലം കിട്ടും.

പണ്ഡിറ്റ്ജി ആ പറഞ്ഞതു ശരിയാണ്. പണ്ഡിറ്റ്ജിയുടെ കുടവയറു നോക്കൂ.” പാചകക്കാരി ചിരിച്ചുകൊണ്ടു പതിയെ പറഞ്ഞു.

എന്നാൽ പ്രായശ്ചിത്തത്തിനുള്ള ഏർപ്പാടുകളൊക്കെ ചെയ്തോളൂ, രാമുവിന്റെ അമ്മേ. ഇപ്പോൾ പതിനൊന്നു തോല സ്വർണ്ണമെടുക്ക്. ഞാനതുകൊണ്ട് രണ്ടു മണിക്കൂറിനുള്ളിൽ പൂച്ചയെ ഉണ്ടാക്കിച്ചു കൊണ്ടു വരാം. അതിനകം പൂജയ്ക്കുള്ള ഒരുക്കങ്ങളൊക്കെ ചെയ്തു തീർക്കുക. ങാപിന്നെ പൂജയ്ക്കു വേണ്ടി...

പണ്ഡിറ്റ്ജിയുടെ വാക്കുകൾ അവസാനിയ്ക്കും മുൻപ് തൂപ്പുകാരി ഓടിക്കിതച്ച് മുറിയിൽ വന്നു കയറി. അതു കണ്ട് എല്ലാവരും നടുങ്ങി. രാമുവിന്റെ അമ്മ പരിഭ്രമിച്ചുകൊണ്ടു ചോദിച്ചു: എന്തു പറ്റിയെടീ?”

തൂപ്പുകാരി വിക്കിവിക്കി പറഞ്ഞു: അമ്മേപൂച്ച എഴുന്നേറ്റ് ഓടിപ്പോയി!




(പ്രശസ്ത ഹിന്ദി സാഹിത്യകാരനായിരുന്ന ഭഗവതീചരൺ വർമ്മ അര നൂറ്റാണ്ടിലുമേറെക്കാലം മുൻപെഴുതിയ ചെറുകഥയാണ് പ്രായശ്ചിത്ത്”. ഒരുകാലത്ത് കേരളത്തിലെ ഹൈസ്കൂൾ ക്ലാസ്സിൽ ആ കഥ പാഠ്യഭാഗമായിരുന്നു. അതിന്റെ സ്വതന്ത്ര വിവർത്തനമാണ് മുകളിൽ കൊടുത്തിരിയ്ക്കുന്നത്. 1903ൽ ഉത്തർപ്രദേശിൽ ജനിച്ച ഭഗവതീചരൺ വർമ്മ ഒരു ഡസനിലേറെ നോവലുകളെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൂലേ ബിസരേ ചിത്ര്” എന്ന നോവലിന് 1961ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. ഈ നോവൽ കേരളത്തിലെ കോളേജുകളിൽ പഠിപ്പിയ്ക്കപ്പെട്ടിരുന്നു. 1934ലെഴുതിയ ചിത്രലേഖ” അദ്ദേഹത്തിന്റെ ഏറ്റവും നല്ല നോവലായി കണക്കാക്കപ്പെടുന്നു. ചിത്രലേഖ” 1941ലും 1964ലും ചലച്ചിത്രമാക്കപ്പെട്ടു. നോവലുകൾക്കും ചെറുകഥകൾക്കും പുറമേ കവിതകളും അദ്ദേഹമെഴുതിയിട്ടുണ്ട്. 1971ൽ അദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചു. 1981ൽ അദ്ദേഹം നിര്യാതനായി.) 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...