11 Mar 2015

നാളികേരമല്ല, നാളികേര കർഷകരാണ്‌ വിഷയം

ഉറോൺ എൻ സലൂം





കൊച്ചിയിൽ ഫെബ്രുവരി 2-5 വരെ നടന്ന ഏഷ്യൻ പസഫിക്‌ നാളികേര സമൂഹത്തിന്റെ മന്ത്രിതല സമ്മേളനത്തിൽ എപിസിസി എക്സിക്ക്യുട്ടീവ്‌ ഡയറക്ടർ ഉറോൺ എൻ സലൂം നടത്തിയ ഉപക്രമ പ്രസംഗത്തിന്റെ പ്രസക്ത ?ഭാഗങ്ങൾ:


എപിസിസി സെക്രട്ടേറിയറ്റിന്റെയും സംഘാടക സമിതിയുടെയും പേരിൽ കൊച്ചിയിൽ നടക്കുന്ന ഈ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിലേയ്ക്ക്‌ നിങ്ങളേവരെയും സ്വാഗതം ചെയ്യുന്നു. ഈ മന്ത്രിതല സമ്മേളനത്തിന്‌ ആതിഥ്യമരുളുകയും അതിലേയ്ക്ക്‌ കേന്ദ്ര കൃഷി സഹമന്ത്രിയെ അയക്കുകയും ചെയ്ത ഇന്ത്യ ഗവണ്‍മന്റിനോട്‌ ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയക്കുന്നു. ഈ ഉദ്ഘാടന സമ്മേളനത്തെ മഹനീയ സാന്നിധ്യം കൊണ്ട്‌ അനുഗ്രഹിച്ച കേരളത്തിന്റെ ആദരണീയനായ എക്സൈസ്‌ തുറമുഖ മന്ത്രി, ബഹുമാനപ്പെട്ട എറണാകുളം എംപി എന്നിവർക്കും ഞങ്ങളുടെ നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം  ഈ വേദിയിൽ സന്നിഹിതരായിരിക്കുന്ന സമോവ, ഫിജി എന്നീ രാജ്യങ്ങളുടെ കൃഷി മന്ത്രിമാരോടും ഞങ്ങൾ നന്ദി പറയുന്നു. ഈ സമ്മേളനത്തിലേയ്ക്ക്‌ പ്രതിനിധികളെ അയച്ച ഒമാൻ, ബംഗ്ലാദേശ്‌ എന്നീ രാഷ്ട്ര ഭരണകൂടങ്ങളെയും ഞങ്ങൾ നന്ദി അറിയിക്കുന്നു. ഫിലിപ്പീൻസ്‌ ഗവണ്‍മന്റിന്റെ പ്രതിനിധിയായി ഫിലിപ്പീൻസ്‌ കോക്കനട്‌ അതോറിറ്റി അഡ്മിനിസ്ട്രേറ്ററും, എപിസിസി മുൻ എക്സിക്ക്യൂട്ടീവ്‌ ഡയറക്ടറും എന്റെ മുൻഗാമിയുമായ റോമുളോ അരൻകോൺ ജൂണിയർ ഇവിടെ സന്നിഹിതനായിട്ടുണ്ട്‌. ഈ നാലു ദിവസത്തെ സമ്മേളനം ഇവിടെ നടത്തുന്നതിനുള്ള വേദിയും, ഇതര സംവിധാനങ്ങളും വളരെ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത ഇന്ത്യ ഗവണ്‍മന്റിന്റെ കൃഷി മന്ത്രാലയത്തെയും നാളികേര വികസന ബോർഡിനെയും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. 
ഐക്യരാഷ്ട്ര സഭയുടെ ഏഷ്യ - പസഫിക്‌ സാമൂഹ്യ സാമ്പത്തിക കമ്മിഷനു കീഴിൽ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹം രൂപീകൃതമായിട്ട്‌ അടുത്ത സെപ്റ്റംബർ രണ്ടിന്‌ 46 വർഷമാകും. പ്രാദേശിക അന്തർ ഗവണ്‍മന്റ്‌ സംഘടന എന്ന നിലയിൽ എപിസിസിയ്ക്ക്‌ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം തേടി സെക്രട്ടറി ജനറലിനെ സമീപിക്കാൻ ഈ പേരിൽ കുറെ രാജ്യങ്ങൾ ഒന്നിച്ചു നിൽക്കേണ്ടിയിരുന്നു. അതനുസരിച്ചാണ്‌ എപിസിസിയുടെ സ്ഥാപക പിതാക്കന്മാർ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ ഗവണ്‍മന്റുകൾ ചേർന്ന്‌ 1968 ഡിസംബർ 12 ന്‌ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹ സ്ഥാപന രേഖയിൽ ഒപ്പു വച്ചതു. 1969 ൽ ശ്രീലങ്കയും തായ്‌ലൻഡും മലേഷ്യയും ഇതിൽ അംഗമായി. വിയറ്റ്നാമാണ്‌ ഏറ്റവും ഒടുവിൽ അംഗമായത്‌, 1998 ൽ. പസഫിക്‌ മേഖലയിൽ നിന്ന്‌ 1971 ൽ സമോവയും 2011 ൽ പപ്പുവ ന്യുഗിനിയയും സോളമൻ ദ്വീപുകളും വനവാട്ടു, മൈക്രോനേഷ്യ, ഫിജി, കിരിബത്തി, മാർഷൽ ദ്വീപുകളും ഏറ്റവും ഒടുവിലായി ടോംഗോയും എപിസിസി അംഗങ്ങളായി. അങ്ങനെ മൊത്തം 18 രാജ്യങ്ങൾ. ഏഴ്‌ ഏഷ്യൻ രാജ്യങ്ങളും ഒൻപത്‌ പസഫിക്ക്‌ രാജ്യങ്ങളും. അസേഷ്യേറ്റ്‌ അംഗങ്ങളായി ജമൈക്കയും കെനിയയും.
എപിസിസി സ്ഥാപിച്ചുകൊണ്ടുള്ള കരാറിന്റെ ആമുഖത്തിൽ നാം ഇങ്ങനെ വായിക്കുന്നു: നാളികേര മേഖലയുടെ ഇപ്പോഴത്തെ(1968) അവസ്ഥയും ഭാവിയും നോക്കുമ്പോൾ നാളികേര ഉത്പാദക രാജ്യങ്ങളുടെ ഒത്തു ചേരലും, ഉത്പാദനം വിപണനം, ഗവേഷണം തുടങ്ങിയ മേഖലകളിലെ അവരുടെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആസൂത്രിത പദ്ധതികളുടെ വികസനവും അത്യാവശ്യമായിരുന്നു. ഇത്തരത്തിലൊരു സംഘടനയുടെ രൂപീകരണം അതത്‌ മേഖലകളിലെ നാളികേര വ്യവസായത്തിനാവശ്യമായ വിഭവസമാഹരണത്തിനും അതിന്റെ ത്വരിതവികസനത്തിനും വിലപ്പെട്ടതുമാകുന്നു.
ഈ അസൽ കരാറിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട്‌ ആ ഉദ്ദേശലക്ഷ്യങ്ങൾ നേടാനുള്ള പ്രവർത്തന പരിപാടികളുമായി എപിസിസി സെക്രട്ടേറിയറ്റ്‌ മുന്നേറുകയാണ്‌. നാളികേര മേഖലയുടെ സുസ്ഥിര വികസനം മാത്രം ലക്ഷ്യമാക്കിയാണ്‌ എപിസിസിയും അംഗരാജ്യങ്ങളും നയപരിപാടികൾ ആവിഷ്കരിക്കുന്നത്‌. സമ്മേളനങ്ങളും അംഗത്വവും എപിസിസിയുടെ ധാരണാപത്രത്തിലെ ആറാം വകുപ്പും നിയമാവലിയും പ്രകാരം വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും എപിസിസി യുടെ പ്രതിനിധിയോഗവും രണ്ടു വർഷത്തിലൊരിക്കൽ വാർഷിക സമ്മേളനം കൂടാതെ ടെക്നിക്കൽ സമ്മേളനവും നടത്തണം. പ്രതിനിധി അഥവാ മന്ത്രിതല സമ്മേളനം ആണ്‌ സംഘടനയുടെ ഉന്നതാധികാര സമിതി. തീരുമാനങ്ങൾ എടുക്കുന്നത്‌ ഈ സമ്മേളനത്തിലാണ്‌. നയതന്ത്രാധികാരമുള്ള ഒരു പ്രതിനിധിയെ എങ്കിലും ഈ മന്ത്രിതല സമ്മേളനത്തിലേയ്ക്ക്‌ ഓരോ അംഗ രാജ്യങ്ങളും നിയോഗിച്ച്‌ അയക്കേണ്ടതാകുന്നു. അസോസിയേറ്റഡ്‌ അംഗങ്ങളായ രാജ്യങ്ങൾ അംഗീകൃത പ്രതിനിധികളെയാണ്‌ അയക്കേണ്ടത്‌.
ഓരോ അംഗരാജ്യങ്ങളെയും പ്രതിനിധീകരിച്ച്‌ മന്ത്രിമാർ തന്നെ പങ്കെടുക്കുന്ന സമ്മേളനമായതിനാലാണ്‌ മന്ത്രിതല സമ്മേളനം എന്ന്‌ ഇതിനെ വിളിക്കുന്നത്‌. മൈക്രോനേഷ്യയിൽ നടന്ന 50-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിൽ മന്ത്രിമാരുടെ പങ്കാളിത്തം കുറവായിരുന്നു. അതുകൊണ്ട്‌, ഇന്ത്യയിൽ നടക്കുന്ന ഈ 51-​‍ാമത്‌ സമ്മേളനത്തിന്റെ അധ്യക്ഷപദവി വഹിക്കുന്നത്‌ ഇന്ത്യ ആയതിനാൽ, എപിസിസിയെ കൂടുതൽ ശാക്തീകരിക്കുന്നതിനു താഴെ പറയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.
1. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഉടൻ തന്നെ ഒരു മന്ത്രി തല സമ്മേളനം നടക്കും. അതിൽ മന്ത്രിമാരുടെ പ്രസംഗങ്ങൾ ഉണ്ടാവും. സമ്മേളനത്തിന്റെ ( നാല്‌) ചർച്ചാ വിഷയങ്ങൾ മന്ത്രിമാർ തന്നെ അവതരിപ്പിക്കും
2. ഇന്ത്യയിൽ എപിസിസിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന കേന്ദ്ര കൃഷി മന്ത്രി നേരിട്ട്‌ മറ്റ്‌ രാജ്യങ്ങളിലെ മന്ത്രിമാരെ കത്തു വഴി അടുത്ത സമ്മേളനത്തിൽ ചർച്ച ചെയ്യാനുള്ള വിഷയങ്ങൾ അറിയിക്കും.
3. ഇന്ത്യയിൽ എപിസിസിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന കേന്ദ്ര കൃഷി മന്ത്രി മറ്റ്‌ 17 അംഗ രാജ്യങ്ങളെയും അംഗങ്ങളല്ലാത്ത രാജ്യങ്ങളെയും സമ്മേളനത്തിനു ക്ഷണിക്കും. ഓമാനിലേയും ബംഗ്ലാദേശിലേയും ഔദ്യോഗിക പ്രതിനിധികൾ ഈ സമ്മേളനത്തിന്‌ എത്തിയിരിക്കുന്നത്‌ ഈ ക്ഷണപ്രകാരമാണ്‌.
ഈ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയം എപിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാടുകൾ മെച്ചപ്പെടുത്തുക, അതുവഴി കർഷകർക്ക്‌ വിപണിയിൽ ഉയർന്ന വില ഉറപ്പുവരുത്തുക എന്നതാണ്‌. നിലവിൽ കച്ചവടക്കാരാണ്‌ നാളികേര വിപണി നിയന്ത്രിക്കുന്നത്‌. ഇതിനു പകരം ഉത്പാദകർ നിയന്ത്രിക്കുന്ന വിപണികൾ രൂപീകരിച്ച്‌ കർഷകർക്ക്‌ പരമാവധി നേട്ടം ഉണ്ടാക്കുക എന്നതും ചർച്ചാവിഷയമാകും.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഫിലിപ്പീൻസിൽ നടന്ന പ്രഥമ നാളികേര ഉത്സവത്തിൽ പങ്കെടുക്കാൻ എനിക്ക്‌ അവസരം ലഭിച്ചു. അവിടെ ഫിലിപ്പീൻസ്‌ കോക്കനട്‌ അതോറിട്ടിയും ഗുണഭോക്താക്കളും തമ്മിൽ നടന്ന ചർച്ചകളിൽ സംബന്ധിക്കാൻ കഴിഞ്ഞു. അതുപോലെ തന്നെ കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിൽ ബാംഗളൂരിൽ സംഘടിപ്പിച്ച ലോക നാളികേര ദിനാഘോഷങ്ങളിലും നാളികേര വികസന ബോർഡ്‌ അധ്യക്ഷൻ ശ്രീ.ടികെ ജോസിന്റെ ക്ഷണപ്രകാരം ഞാൻ പങ്കെടുക്കുകയുണ്ടായി. അവിടെയും കർഷകരും, വ്യാപാരികളും സ്ഥാപനങ്ങളും, ഗവണ്‍മന്റും തമ്മിലുള്ള ചർച്ചകൾ നേരിട്ട്‌ കണ്ടു. അതോടനുബന്ധിച്ച്‌ കർണാടകത്തിലെ നാളികേര കർഷക ഉത്പാദക കമ്പനികളുടെ നേതൃത്വവുമായി നടന്ന ചർച്ചകളിലും ഞാൻ പങ്കെടുക്കുകയുണ്ടായി. നാളികേര മേഖലയിലെ വ്യാപാരികളും കർഷകരും ഗുണഭോക്താക്കളും എല്ലാവരും കൃഷിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ പ്രാധാന്യം നൽകുന്ന കാഴ്ച്ചയാണ്‌ ഫിലിപ്പീൻസിലും ഇന്ത്യയിലും എനിക്കു കാണാൻ കഴിഞ്ഞത്‌. രണ്ടു നാളികേര ഉത്പാദക രാജ്യങ്ങളിലേയും പ്രധാനപ്പെട്ട ആ സ്ഥാപനങ്ങളുടെ നേതൃത്വത്തോട്‌ അവരുടെ പ്രവർത്തനങ്ങളോട്‌ എനിക്ക്‌ വലിയ ആദരവ്‌ തോന്നി.
എപിസിസി എക്സിക്ക്യൂട്ടിവ്‌ ഡയറക്ടർ എന്ന നിലയിൽ നാളികേര മേഖലയുടെ വിജയത്തിനു പിന്നിലെ നിർണ്ണായക ഘടകമായി എനിക്ക്‌ അനുഭവപ്പെട്ടത്‌ താഴെ പറയുന്ന രണ്ടു കാര്യങ്ങളാണ്‌. ഒന്ന്‌ - നാളികേര കർഷകരുടെ ആവശ്യങ്ങൾ അറിഞ്ഞ്‌ അവരെ സഹായിക്കാനും, നാളികേര മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും ഗവണ്‍മന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ശേഷി. രണ്ട്‌ - ഈ സ്ഥാപനങ്ങളുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻ കർഷകരും ഉത്പാദകരും രൂപീകരിക്കുന്ന കൂട്ടായ്മകൾ. അതിനാൽ നാളികേര കർഷകരെ സഹായിക്കാൻ നമ്മുടെ രാജ്യങ്ങളിൽ ഇത്തരം ശക്തമായ സ്ഥാപനങ്ങൾ ഉണ്ടായേ തീരൂ.
എപിസിസി അംഗ രാജ്യങ്ങളിലെ 
ഗവണ്‍മന്റുകളുടെ നയരൂപീകരണത്തെ സ്വാധീനിച്ചേക്കാവുന്നതാണ്‌ ഒരു ചോദ്യവും അതിന്റെ ഉത്തരവുമാണ്‌, ഗവണ്‍മന്റുകളുടെ മുമ്പിൽ എങ്ങിനെ നാളികേരത്തെ പ്രഥമപരിഗണന പട്ടികയിൽ കൊണ്ടുവരും എന്നത്‌. നാളികേരത്തിന്റെ  ടൺ അടിസ്ഥാനത്തിലുള്ള ഉത്പാദനം, നാളികേരകൃഷി എത്ര ഹെക്ടർ, നാളികേര വൃക്ഷങ്ങളുടെ എണ്ണം, കയറ്റുമതി വരുമാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു കാലാകാലങ്ങളായി നമ്മുടെ ദേശീയ സ്ഥിതിവിവരക്കണക്കുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. ഇവിടെ നാം വിട്ടുപോയത്‌ കൃഷിക്കാരുടെ കാര്യമാണ്‌.
എപിസിസിയുടെ ഊന്നൽ നാളികേരത്തിലല്ല, നാളികേര കർഷകരിലാണ്‌. നാളികേര തോപ്പുകളിൽ പകലന്തിയോളം പണിയെടുക്കുന്ന കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന മാനവികതയുടെ മഹാസമൂഹത്തെയാണ്‌. പപ്പുവ ന്യൂഗിനിയ എന്ന രാജ്യത്ത്‌ നാളികേര കൃഷി വിജ്ഞാനവ്യാപന പരിപാടികളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി എപിസിസി ഉപയോഗിക്കുന്ന നാളികേരത്തണലിൽ എന്ന ഒരു വീഡിയോ ഡോക്ക്യുമന്ററി ഉണ്ട്‌. മണ്ണിൽ പണിയെടുക്കുന്ന സാധാരണക്കാരായ നാളികേര കർഷകരുടെ കഥയാണത്‌.
ഒരു ഉത്പ്പന്നം വഴി മൊത്ത ആഭ്യന്തര ഉത്പാദനത്തിലേയ്ക്ക്‌ എത്ര വിഹിതം ലഭിച്ചു, അല്ലെങ്കിൽ കയറ്റുമതിയിൽ എത്ര നേടി, എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നയവിദഗ്ധർ ആ ഉത്പന്നത്തിന്റെ മുൻഗണന നിശ്ചയിക്കുന്നത്‌. ഇന്തോനേഷ്യയുടെ നാളികേരത്തിൽ നിന്നുള്ള വരുമാനം വളരെ തുഛമാണ്‌ 0.56 ശതമാനം. പക്ഷെ ആ രാജ്യത്തെ 5.9 ദശലക്ഷം ഗ്രാമീണ ജനങ്ങളുടെ (ഇന്തോനേഷ്യയുടെ ജനസംഖ്യയുടെ ഏകദേശം പത്തു ശതമാനം വരും) മുഖ്യ ഉപജീവന മാർഗ്ഗമാണ്‌ നാളികേരം. ഇന്ത്യയിൽ മൊത്തം കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 0.13 ശതമാനം മാത്രമാണ്‌ നാളികേര ഉത്പ്പന്നങ്ങൾ വഴി നേടാൻ സാധിക്കുന്നത്‌. പക്ഷെ മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനം(12 ദശലക്ഷം കുടുംബങ്ങൾ) നാളികേര കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നു. ഫിലിപ്പീൻസിൽ മൊത്തം കയറ്റുമതി വരുമാനത്തിന്റെ 2.68 ശതമാനം നേടുന്നത്‌ നാളികേര ഉത്പ്പന്നങ്ങളാണ്‌. ജനസംഖ്യയുടെ 20 ശതമാനം (18 ദശലക്ഷം ആളുകൾ = 3.5 ദശലക്ഷം കുടുംബങ്ങൾ) നാളികേര കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നു. പപ്പുവ ന്യുഗിനിയയിൽ നാളികേരത്തിലൂടെ ലഭിക്കുന്ന കയറ്റുമതി വരുമാനം 0.01 ശതമാനമാണ്‌. അഞ്ചു ലക്ഷം ഗ്രാമീണ കുടുംബങ്ങളാണ്‌ 
(ജനസംഖ്യയുടെ 45 ശതമാനം) നാളികേര മേഖലയെ ആശ്രയിച്ച്‌ ഉപജീവനം സാധിക്കുന്നത്‌. മിക്ക രാജ്യങ്ങളിലേയും സ്ഥിതി ഇതു തന്നെ. 
പൊതുവെ എല്ലാ ജ്യങ്ങളിലേയും നയരൂപീകരണ വിദഗ്ധർ തെറ്റായ മാനദണ്ഡങ്ങൾ അനുസരിച്ചാണ്‌ വിഭവ വിതരണത്തിന്‌ മുൻഗണന നിശ്ചയിക്കുന്നത്‌. അതുകൊണ്ടാണ്‌ നാളികേര മേഖല പൈന്തള്ളപ്പെട്ടു പോകുന്നത്‌. എന്നാൽ നയങ്ങളിൽ മാനുഷികതയുടെ അംശം ചേർത്ത്‌ നാളികേര കർഷകർക്ക്‌ അൽപം പ്രാധാന്യം നൽകിയാൽ അതനുസരിച്ച്‌ രാഷ്ടത്തിന്റെയും കർഷകന്റെയും താൽപര്യമനുസരിച്ച്‌ വിഭവ വിതരണം നടത്തിയാൽ നാളികേര മേഖലയിൽ നിന്നുള്ള കയറ്റുമതി ഗണ്യമായി വർധിപ്പിക്കാൻ സാധിക്കും.അതുവഴി ആ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ നിർണായക പുരോഗതി സാധ്യമാവുകയും ചെയ്യും.
ഇതിനായി ഒരു പ്രത്യേക പ്രവർത്തക സമിതി രൂപവത്ക്കരിച്ചുകൊണ്ട്‌ ഏഷ്യൻ പസഫിക്‌ നാളികേര സമൂഹം 2010ൽ തന്ത്പരമായ ഒരു ചുവടുവയ്പ്പ്‌ നടത്തുകയുണ്ടായി. കർഷകർക്ക്‌ പ്രയോജനപ്രദമായ പദ്ധതികൾ, നാളികേരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണം, എപിസിസിയുടെ കൂടുതൽ സജീവ സാന്നിധ്യം എന്നിവ വഴി ഓരോ രാജ്യത്തും കൂടുതൽ നാളികേര കേന്ദ്രീകൃത സേവനങ്ങൾ ലഭ്യമാക്കുകയാണ്‌ ഈ സമിതിയുടെ ചുമതല. നാളികേര മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്ന പദ്ധതികളും സഹകരണങ്ങളും ഇടപെടലുകളുമാണ്‌ സമിതി നടപ്പാക്കുക. ഇവിടെ നടക്കുന്ന 51-​‍ാമത്‌ മന്ത്രിതല സമ്മേളനം ഈ സമിതിയെ കൂടുതൽ ശാക്തീകരിക്കും.
നാളികേര മേഖല നേരിടുന്ന പ്രശ്നങ്ങൾ, പരിമിതികൾ, രോഗകീടങ്ങൾ വിപണി, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവയെ കുറിച്ചും ഇവിടെ നടക്കുന്ന ചർച്ചകൾ പരസ്പര ആശയവിനിമയമാണ്‌ പ്രതീക്ഷിക്കുന്നത്‌. പരിഹാര മാർഗ്ഗങ്ങൾ പൊതുവിൽ സ്വീകരിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...