22 Dec 2012

അക്ഷരരേഖ

 

  ആർ.ശ്രീലതാവർമ്മ

ആക്രമണോത്സുകം
      
           സമാധാനം,സ്വസ്ഥം,സ്വൈരം,സംയമനം തുടങ്ങി പോസിറ്റിവ് ആയ ഏതൊരവസ്ഥയെയും തകർത്തുകളഞ്ഞ് അവയുടെ സ്ഥാനത്ത് ആക്രമണോത്സുകതയ്ക്ക് സ്ഥിരമായ ഇരിപ്പിടം ഉണ്ടാക്കിക്കൊടുക്കാൻ ആരൊക്കെയോ കരുതലോടെ ശ്രമിക്കുന്ന കാലഘട്ടമാണിത്.ആരൊക്കെയോ എന്നു പറയുന്നതിൽ തീർച്ചയായും അവ്യക്തതയുണ്ട്.പക്ഷേ,ചൂണ്ടിക്
കാട്ടാവുന്നത്ര വ്യക്തത ഇല്ലാത്തിടത്തോളവും,ഏതെങ്കിലും ചില വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ മാത്രമായി ഈ അവസ്ഥകളുടെ ഉത്തരവാദിത്വം അടിച്ചേല്പിക്കാൻ കഴിയാത്തിടത്തോളവും ഈ അവ്യക്തത നിലനിർത്തുകയേ വഴിയുള്ളൂ.കളിയിൽ,കലയിൽ,മറ്റ് സാംസ്കാരികമണ്ഡലങ്ങളിൽ എല്ലാം കാണുന്ന ആക്രമണോത്സുകത വെറും ഒരു ആകസ്മികതയാണോ?

                       ടീം സ്പിരിറ്റ് എന്നൊരു പദമുണ്ട് ഇംഗ്ലീഷിൽ.കൂട്ടായ്മയെക്കുറിച്ചുള്ള ബോധമെന്നോ,ഒത്തുചേരലിന്റെ ഉത്സാഹമെന്നോ അർത്ഥം പറയാവുന്ന ഈ വാക്ക് തത്ത്വത്തിലല്ലാതെ പ്രയോഗത്തിൽ കൊണ്ടുവരേണ്ട ഒന്നാണെന്ന് ആരും സമ്മതിക്കും.സംഘം ചേർന്നുള്ള കളികളിൽ,മത്സരങ്ങളിൽ എല്ലാം ഈ ബോധം വളരെ പ്രധാനമാണ്.ഒത്തൊരുമിച്ചുള്ള പ്രയത്നം സഫലതയിലെത്തുമ്പോഴുണ്ടാകുന്ന ഉത്സാഹ,ആഹ്ലാദാതിരേകങ്ങൾ പലപ്പോഴും പറഞ്ഞു ഫലിപ്പിക്കാൻ കഴിയാറില്ല.പക്ഷേ, എതിരാളിയെ ആക്രമണോത്സുകമായി നേരിട്ട് അടിയറവ് പറയിപ്പിക്കുന്ന രീതി മേൽപ്പറഞ്ഞതിൽ നിന്ന് ഭിന്നമാണ്.ക്രിക്കറ്റ് പോലുള്ള കളികളിൽ കഴിഞ്ഞ ഏതാനും വർഷത്തെ ചരിത്രം മാത്രം എടുത്തുനോക്കിയാലറിയാം,മത്സരങ്ങളിൽ ആക്രമണോത്സുകതയ്ക്ക് സിദ്ധിച്ചിട്ടുള്ള പ്രാമാണ്യം.ഞാൻ അഗ്രെസ്സീവാണ് എന്ന് അഭിമാനത്തോടെ പറയുന്ന ക്രിക്കറ്റർ സംവേദനം ചെയ്യുന്നത് എന്തായിരിക്കും?'പഴയതു പോലെയൊന്നുമല്ല,കാലം മാറിയില്ലേ' എന്ന ദുർബലയുക്തി കൊണ്ട് ഈ പ്രശ്നത്തെ നേരിടാൻ ശ്രമിക്കുന്നത് ബുദ്ധിശൂന്യതയിൽ കവിഞ്ഞൊന്നുമല്ല.സുനിൽ ഗാവസ്കറുടെ മുഖത്തെ സ്ഥിതപ്രജ്ഞതയും പ്രസന്നതയും അത്ര എളുപ്പത്തിൽ മറക്കാനാകുമോ?സച്ചിൻ ടെണ്ടുൽക്കറുടെ കളിരീതിയിൽ ഇന്നുമുണ്ട് മുൻപറഞ്ഞ സ്ഥിതപ്രജ്ഞത,പ്രസന്നത,പ്രതിപക്ഷബഹുമാനം.സെവാഗും ദ്രാവിഡുമൊന്നും കളിക്കളത്തിൽ ആക്രമണോത്സുകരായി പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല.മാറിയ കാലത്തിന്റെ യുക്തിയിൽ നിന്നുകൊണ്ട് സംസാരിക്കുന്നവർ ഇവരുടെ കളിരീതിയുടെ നേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.തുറിച്ചുനോക്കിയും ആക്രമണത്തിന്റെ ശരീരഭാഷ ഉപയോഗിച്ചും അറ്റകൈയ്ക്ക് അസഭ്യം വർഷിച്ചും എതിരാളിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത് ആത്മവിശ്വാസമില്ലയ്മയുടെയും അപകർഷതാബോധത്തിന്റെയും പ്രകടനം മാത്രമാണ്.സ്വന്തം കഴിവിലുള്ള വിശ്വാസം പരാജയപ്പെടുമ്പോഴാണ് ചില മോശം രീതികളിലേക്ക് മനുഷ്യൻ തരംതാഴുന്നത്.
                  കളിയിൽ മാത്രമല്ല ,കാര്യത്തിലും ആക്രമണോത്സുകത കൊടിപാറിക്കാൻ തുടങ്ങിയിട്ട് എത്രയോ നാളുകളായി.ഗൗരവപ്പെട്ട വിഷയങ്ങളിൽ ടെലിവിഷൻ ചാനലുകളും മറ്റും നടത്തുന്ന ചർച്ചകളും സംവാദങ്ങളും ശ്രദ്ധിച്ചു നോക്കിയാലും,തിരഞ്ഞെടുപ്പ് വേളകളിൽ ചാനലുകൾ അവതരിപ്പിക്കുന്ന സ്ഥാനാർത്ഥികളും ജനങ്ങളും തമ്മിലുള്ള സംവാദങ്ങളും മറ്റും എടുത്തുനോക്കിയാലും ആക്രമനോത്സുകതയുടെ അതിപ്രസരം പെട്ടെന്ന് തിരിച്ചറിയാനാകും.സംവാദം എന്നത് വീരവാദമായും അപവാദമായും തരംതാണ് ആക്രോശങ്ങളും അട്ടഹാസങ്ങളും കൊണ്ട് അന്തരീക്ഷം മലീമസമാകുന്നത് കണ്ടും കേട്ടും എത്രയോ മടുത്തുകഴിഞ്ഞിരിക്കുന്നു.ഇടയിൽ നിസ്സഹായതയോടെ നിൽക്കുന്ന അവതാരകൻ/അവതാരക,സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ പെടുന്ന പാട് കുറച്ചൊന്നുമല്ല.ക്രുദ്ധമായ നോട്ടം,അവജ്ഞയോടെയുള്ള ചിരി,എതിരാളിയെ കടിച്ചുകീറാനുള്ള ശൗര്യം ഇതെല്ലാം കക്ഷിരാഷ്ട്രീയഭേദം കൂടാതെ 'സംവാദ'കർത്താക്കൾ ഒരുപോലെ കാഴ്ചവയ്ക്കാറുണ്ട്.
             കഥകളുടെയും ഭാവനയുടെയും അദ്ഭുതലോകം വെടിഞ്ഞും മറന്നും കുട്ടികളും ആക്രമണോത്സുകതയുടെ വഴികളിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു.ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് ശബ്ദമുയർത്തുന്ന കുട്ടി ഈ കാലഘട്ടത്തിന്റെ മാത്രം സൃഷ്ടിയാണ്.ഇത്തരത്തിലുള്ള ഒരു കുട്ടിയെക്കുറിച്ച് കുട്ടിയുടെ സ്വന്തം അമ്മ ഏറെ സങ്കടത്തോടെ പറഞ്ഞ കാര്യങ്ങൾ അതിശയിപ്പിക്കുന്നതും അതേസമയം കുറെയേറെ ചിന്തിപ്പിക്കുന്നതുമാണ്.ചാനലുകളിൽ വരുന്ന സിനിമകൾ,വിശേഷിച്ചും ഇടിപ്പടങ്ങൾ ,വിടർന്ന കണ്ണുകളോടെ കണ്ടിരിക്കുന്ന കുട്ടി,നായകന്റെ അടി,ഇടി രീതികൾ അനുകരിക്കുന്നു.ചോര ചീറിത്തെറിക്കുന്ന കൊലപാതകരംഗങ്ങൾ വീണ്ടും വീണ്ടും കാണാൻ താത്പര്യപ്പെടുന്നു.തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്ന അറപ്പിക്കുന്ന ഭാഷ മന:പാഠമാക്കുന്നു.ഒടുവിൽ സിനിമ തീർന്ന് ജീവിതത്തിലേക്ക്
തിരിച്ചെത്തുമ്പോൾ നിഷേധവും അനുസരണക്കേടുമായി കുട്ടി,താനറിയാതെ ഉൾക്കൊണ്ട ആക്രമണോത്സുകത ജീവിതശൈലിയാക്കി മാറ്റുന്നു.
                             മഹാനായ ഒരു ഭാരതീയന്റെ ജന്മദിനം ലോക അഹിംസാദിനമായി ആചരിക്കുന്നു.ഏത് മൂർച്ചയുള്ള ആയുധത്തിനു മുന്നിലും എടുത്തുപിടിക്കാൻ അഹിംസ എന്ന ഒരേ ഒരായുധം മാത്രം എന്നും കരുതി വച്ച ആ മഹാത്മാവിന്റെ പേരിൽ ഇനിയും എത്ര നാൾ നമുക്ക് അഭിമാനിക്കാൻ കഴിയും?ഇല്ലാത്ത അഭിമാനം ഉണ്ടെന്നു വരുത്തി ചിലരെങ്കിലും കുറെനാൾ കൂടി മുന്നോട്ടു പോകാൻ ശ്രമിച്ചേക്കും.പക്ഷേ,കളിയും കൈയടിയും കഴിഞ്ഞ് ഗാലറികൾ ഒഴിഞ്ഞാലും ജീവിതം ബാക്കിയാണ്.സിനിമ തീർന്ന് ടെലിവിഷൻ ഓഫ് ചെയ്താലും ജീവിതം ബാക്കിയാണ്.ജീവിതത്തെ ആക്രമിക്കാൻ നിന്നാൽ പരാജയപ്പെടുക മനുഷ്യനാണ്.പ്രസന്നതയോടെ കൈപിടിച്ച് നടക്കാൻ ശ്രമിച്ചാലോ,അവിടെ മനുഷ്യൻ എന്നും വിജയിക്കുക തന്നെ ചെയ്യും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...