പെഡ്രോ സാലിനാസ് : സ്വപ്നങ്ങളെ തള്ളിക്കളയരുതേ...
സ്വപ്നങ്ങളെ, സ്വപ്നങ്ങളാണവയെന്നതിനാൽ മാത്രം,
തള്ളിക്കളയരുതേ.
എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകാം,
നിലയ്ക്കുന്നില്ല സ്വപ്നം കാണലെങ്കിൽ.
യാഥാർത്ഥ്യം ഒരു സ്വപ്നമാണ്.
കല്ലിനെ കല്ലായി നാം സ്വപ്നം കാണുകയാണെങ്കിൽ
അതു കല്ലു തന്നെ.
പുഴയിലൊഴുകുന്നതു ജലമല്ല,
അതു സുതാര്യമായൊരു ജലസ്വപ്നം.
യാഥാർത്ഥ്യം സ്വന്തം സ്വപ്നത്തെ മറച്ചിട്ടു പറയുന്നു:
“ഞാൻ സൂര്യൻ, ആകാശം, പ്രണയം.”
പക്ഷേ അതു വിട്ടുപോകുന്നില്ല,
അതെങ്ങും പോകുന്നില്ല,
സ്വപ്നത്തിലും മേലെയാണതെന്ന ഒരു വിശ്വാസം
നാം കാണിക്കണമെന്നേയുള്ളു.
അതിനെ സ്വപ്നം കണ്ടു നാം ജീവിക്കുന്നു.
സ്വപ്നം-
ഇല്ലാത്തതുണ്ടെന്നു സ്വപ്നം കാണുന്നതു നാം നിർത്തുമ്പോൾ
ആത്മാവിനു നഷ്ടമാകുമായിരുന്നതു നഷ്ടമാകാതിരിക്കാൻ
ആത്മാവിന്റെ വഴിയാണത്.
മരിക്കുന്ന പ്രണയമൊന്നുണ്ടെങ്കിൽ
ഭൂമിയിൽ താൻ ഉടൽരൂപം പൂണ്ടു
എന്ന സ്വപ്നം നിലച്ച പ്രണയമാണത്,
ഭൂമിയിൽ തന്നെത്തന്നെ തേടിനടക്കുന്ന പ്രണയമാണത്.