23 Apr 2014

നാളികേരം - ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവി




സിപി ജോൺ
സംസ്ഥാന പ്ലാനിംങ്ങ്‌ ബോർഡ്‌ അംഗം, തിരുവനന്തപുരം

നാളികേര ഉത്പാദനത്തിൽ കാലങ്ങളായി ഒന്നും രണ്ടും സ്ഥാനം കൈയടക്കി വച്ചിരുന്ന ഫിലിപ്പീൻസിനെയും ഇന്തോനേഷ്യയെയും പൈന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉത്പാദക രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യയുടെ പ്രതിവർഷ നാളികേര ഉത്പാദനം 1694 കോടി നാളികേരമാണ്‌. ഉത്പാദന ക്ഷമതയാകട്ടെ ഹെക്ടറിന്‌ 8900 നാളികേരവും. 1951 കളിലേയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ,  നമ്മുടെ ഉത്പാദനം പ്രതിവർഷം 328 കോടി നാളികേരവും ഉത്പാദന ക്ഷമത ഹെക്ടറിന്‌ 5200 നാളികേരവും ആയിരുന്നു. നാളികേര കൃഷിയാകട്ടെ ഈ കാലഘട്ടത്തിൽ മൂന്നിരട്ടിയായി (626,000 ഹെക്ടറിൽ നിന്ന്‌ 1,895,000 ഹെക്ടർ).


ആഗോളതലത്തിൽ നോക്കുമ്പോൾ നാളികേര ഉത്പാദനത്തിൽ  ഇന്ത്യ ഒന്നാമത്‌ ആണെങ്കിലും ഉത്പ്പന്ന വൈവിധ്യവത്ക്കരണത്തിൽ നാം ഇപ്പോഴും പിന്നിലാണ്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ,വിയറ്റ്നാം തുടങ്ങിയ ആസിയാൻ രാജ്യങ്ങൾ ഭക്ഷ്യസംസ്കരണ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ച്‌ നാളികേരം എന്ന കാർഷിക ഉത്പ്പന്നത്തിൽ അതിശയകരമായ മൂല്യവർധനവാണ്‌ വരുത്തിയിരിക്കുന്നത്‌. നമ്മുടെ ഭക്ഷ്യ വിഭവശ്രേണിയിൽ അവർ വലിയ ആഘാതമാണ്‌ ഏൽപ്പിച്ചിരിക്കുന്നത്‌. നമ്മുടെ 80 ശതമാനം ഉത്പ്പാദനവും ഇപ്പോഴും പരമ്പരാഗത കൊപ്ര - വെളിച്ചെണ്ണ എന്നീ രണ്ടു ഉത്പ്പന്നങ്ങൾ കേന്ദ്രീകരിച്ചാണ്‌. എന്നാൽ വർഷം തോറും ആഗോളതലത്തിൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന 61 ബില്യൺ നാളികേരത്തിൽ 50 ശതമാനം മാത്രമാണ്‌ ഈ വഴിക്ക്‌ പോകുന്നത്‌ എന്ന്‌ നാം മനസിലാക്കണം.
ഇന്ത്യയിലെ നാളികേര ഉത്പ്പാദക സംസ്ഥാനങ്ങളിൽ തമിഴ്‌നാട്‌ മാത്രമാണ്‌ നാളികേര ഉത്പ്പാദനത്തിലും ഉത്പ്പാദന ക്ഷമതയിലും വൻ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്‌. അവരുടെ ശരാശരി ഉത്പാദന ക്ഷമത കേരളത്തിലേതിനെക്കാൾ ഏകദേശം രണ്ടിരട്ടി വരും.( അതായത്‌ കേരളത്തിൽ ഹെക്ടറിന്‌ 7900 നാളികേരം ലഭിക്കുമ്പോൾ തമിഴ്‌നാട്ടിൽ അത്‌ 15,000 ആണ്‌). കോയമ്പത്തൂരിൽ ചില കർഷകർ ഹെക്ടറിൽ 30,000 നാളികേരം വരെ ഉത്പാദിപ്പിക്കുന്നുണ്ട്‌. ഇത്‌ അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകരിക്കപ്പെടേണ്ടതാണ്‌, സംശയമില്ല. കർണാടകവും ആന്ധ്രയും അവരുടെ ഉത്പ്പാദനം മെച്ചപ്പെടുത്തേണ്ടതുണ്ട്‌.
നാളികേര ഉത്പ്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം ഒരു സങ്കീർണ്ണ പ്രക്രിയ തന്നെയാണ്‌. അതിന്‌  നമ്മുടെ സംസ്ഥാനത്ത്‌  നാളികേരം അസംസ്കൃത വസ്തുവായി ഉപയോഗിച്ചുകൊണ്ട്‌  ഭക്ഷ്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുതും ഇടത്തരത്തിലുള്ളതുമായ വ്യവസായ സംരംഭങ്ങളെ ഗവണ്‍മന്റു തലത്തിൽ ഏകോപിപ്പിക്കണം.
മാർക്കറ്റിൽ വളരെ  ഡിമാന്റുള്ള ഉത്പ്പന്നങ്ങളാണ്‌ നാളികേര പാലും. പാൽ പൊടിയും. തെങ്ങിന്റെ വിടരാത്ത പൂങ്കുലയിൽ നിന്ന്‌ ലഭിക്കുന്ന നീര ഉത്പാദനത്തിനും വിപണനത്തിനും ഒടുവിൽ ഗവണ്‍മന്റിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. നാളികേര കർഷകർക്ക്‌ ഒരു പക്ഷെ ഏറ്റവും അധികം വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഉൽപന്നമാണ്‌ ആൽക്കഹോൾ അശേഷമില്ലാത്ത ഈ മധുര പാനീയം. ഇത്‌ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാനുള്ള സാങ്കേതിക വിദ്യയും നാളികേര വികസന ബോർഡു പോലുള്ള നമ്മുടെ സ്ഥാപനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. നീരയിൽ നിന്ന്‌ നിർമ്മിക്കുന്ന മൂല്യ വർധിത ഉത്പ്പന്നമായ പാം ഷുഗറിന്‌  വലിയ വിപണന സാധ്യതയാണുള്ളത്‌. ഗ്ലൈസിമിക്‌ ഇൻഡക്സ്‌ വളരെ കുറഞ്ഞ ഈ പഞ്ചസാര പ്രമേഹ രോഗികൾക്കും ഉപയോഗിക്കാനാവുമത്രെ. അങ്ങിനെ വന്നാൽ അതു മാത്രം മതി നാളികേര മേഖല കുതിച്ചുയരാൻ. ആഗോള മദ്യ വിപണിയിൽ വൻ ഡിമാന്റ്‌ ഉള്ള മറ്റു രണ്ട്‌ ഉത്പ്പന്നങ്ങളാണ്‌ കോക്കനട്‌ വൈൻ, കോക്കനട്‌ ബ്രാൻണ്ടി എന്നിവ. പക്ഷെ ഇന്ത്യ ഇപ്പോഴും ഇത്‌ ഉത്പ്പാദിപ്പിക്കാതെ അറച്ച്‌ നിൽക്കുകയാണ്‌.  അത്‌ മനസിലാകുന്നില്ല. തെങ്ങിൻ തടി ഉപയോഗിച്ചുള്ള വ്യവസായം പോലും ഇനിയും മുന്നേറാനുണ്ട്‌.  എന്തുകൊണ്ട്‌ നമ്മുടെ എൻജിനിയറിങ്‌ കോളജുകൾ വുഡ്‌ ടെക്നോളജി എന്ന വിഷയം അവരുടെ കരിക്കുലത്തിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ല എന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തുന്നു. എന്തു തൊഴിൽ സാധ്യതയുള്ള മേഖലയാണത്‌.


ഏറ്റവും ശ്രമകരവും തൊഴിലാളി ക്ഷാമവും അനുഭവപ്പെട്ടിരുന്ന തെങ്ങുകയറ്റം ഇന്ന്‌ അതീവ ലളിതവും  തൊഴിലാളി സുലഭവുമായി മാറിയിരിക്കുന്നു. നന്ദി പറയേണ്ടത്‌ നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിനാണ്‌.
കേന്ദ്ര ഗവണ്‍മന്റ്‌ നാളികേര മേഖലയ്ക്ക്‌ നൽകുന്ന വിഹിതം ആനുപാതികമായി വളരെ കുറവാണ്‌.  സംസ്ഥാനത്ത്‌ റബർ കൃഷി വ്യാപനത്തിനായി ചെലവഴിക്കുന്ന തുക പരിശോധിച്ചാൽ ഈ വിടവ്‌ മനസിലാക്കാൻ സാധിക്കും. ഒരു കാർഷിക ഉൽപന്നം എന്ന നിലയിൽ കേന്ദ്ര ഗവണ്‍മന്റ്‌ നാളികേരത്തിനു നൽകുന്ന വിഹിതം നാണ്യ വിളകളെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌. പുതിയ സാഹചര്യത്തിൽ  പരമ്പരാഗതമായ നമ്മുടെ തെങ്ങിൻ തോപ്പുകളിലെ രോഗം ബാധിച്ചതും, ഉത്പാദനം നിലച്ചതുമായ നാളികേര വൃക്ഷങ്ങൾ വെട്ടി മാറ്റി  ഉത്പ്പാദന ക്ഷമത കൂടിയ സങ്കരയിനം നാളികേര തൈകൾ നട്ടു പിടിപ്പിക്കാൻ  നാളികേര വികസന ബോർഡ്‌ തുടങ്ങിയിരിക്കുന്ന സംരംഭം വിജയിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന - പ്രാദേശിക ഭരണകൂടങ്ങൾ ഒന്നിച്ചു നീങ്ങണം. കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളോടെ തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകളെ നാളികേര മേഖലയുടെ പുരോഗതിക്കായി ഉപയോഗപ്പെടുത്താവുന്നതാണ്‌. തൃത്താല പഞ്ചായത്തുകളുടെ ഫണ്ടുകൾ ഈ മേഖലയിലേയ്ക്കു തിരിച്ചു വിട്ട്‌ പരമാവധി നേട്ടങ്ങൾ കൈവരിക്കണം.

ഭക്ഷ്യപോഷക സുരക്ഷാ മേഖലയിൽ ഏറ്റവും ഊന്നൽ നൽകാവുന്ന വൃക്ഷമാണ്‌ നാളികേരം. ശരിയായ ദിശാബോധം ഉണ്ടെങ്കിൽ രാജ്യത്തിന്റെ കാർഷിക മേഖലയുടെ കുതിപ്പിന്‌ ആക്കം കൂട്ടാൻ നാളികേരം പോലെ മറ്റൊരു ഉത്പ്പന്നം നമുക്കില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...