നവകൊളോണിയലിസത്തിന്റെ കാലഘട്ടത്തിലാണല്ലോ നമ്മുടെ ജീവിതം. ആഗോളവത്ക്കരണം ഗ്രാമാന്തരങ്ങളെപോലും ബാധിച്ചു കഴിഞ്ഞു. നമ്മുടെ ചിന്താക്രമങ്ങളേയും ജീവിതരീതികളേയും പ്രയോജനവാദം കീഴടക്കിയിരിക്കുന്നു. ഉപരിതലത്തിൽ രമിക്കുന്ന മനസ്സുകൾ ജീവിതത്തെ ആഘോഷമാക്കി തീർക്കുകയാണ്. നാഗരികമായി നമ്മൾ ഏറെ പരിഷ്കരിക്കപ്പെട്ടുവേങ്കിലും സാംസ്കാരികമായി നമ്മുടെ സ്ഥാനം എവിടെയാണ്?
ആധുനികകളയായ സിനിമയെ പരിശോധിക്കുമ്പോൾ സാംസ്കാരികമായ നമ്മുടെ അവസ്ഥയെ കണ്ടെത്താൻ കഴിയും.
മതദർശനങ്ങൾക്ക് എല്ലാം പ്രമാണങ്ങളാണ് ദിശാബോധം നൽകുന്നതും മാർഗ്ഗരേഖ നിർണ്ണയിക്കുന്നതും മതങ്ങൾക്ക് ബാഹ്യമായ അനേകം മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും അവയെല്ലാം പ്രമാണങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്നു. ചുരുക്കത്തിൽ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മതങ്ങളുടെ യാഥാസ്ഥിതികത്തം നശിക്കുന്നില്ലെന്നു പറയാം. മതങ്ങളുടെ അധീശത്വം സമൂഹത്തിൽ പ്രത്യക്ഷമായും പരോക്ഷമായും തുടരുന്നു.
ഇന്ത്യൻസിനിമയെ പരിശോധിക്കുമ്പോൾ ഹൈന്ദവതയും സിനിമയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ നമുക്ക് തിരിച്ചറിയാൻ കഴിയും. ഓരോ ഇന്ത്യാക്കാരനും ജീവിതത്തെ വിധിനിശ്ചയമായി അനുഭവിക്കുകയാണ്. ഇച്ഛ, സ്വാതന്ത്ര്യം, സ്വത്വം ഇവമിക്കവർക്കും അപ്രസക്തമായ ചിന്തയാണ്. പൂർവ്വജന്മാർജ്ജിതമായ കർമ്മഫലങ്ങളെയാണ് ഓരോ ഇന്ത്യൻ പ്രേക്ഷകനും അനുഭവിക്കുന്നത്. അധഃകൃതാവസ്ഥ പൂർവ്വജന്മാർജ്ജിതമായ കർമ്മഫലമാണ്. അതുകൊണ്ട് വിധിനിശ്ചയമായ ജീവിതത്തെ ഏറ്റുവാങ്ങുകയാണ് ഓരോ ഇന്ത്യാക്കാരനും ചെയ്യുന്നത്. സ്വാതന്ത്ര്യവും വിമോചനവും ഭാരതീയ ചിന്തയിൽ അപ്രസക്തമാണ്. മാറ്റങ്ങൾ നിശ്ചയിക്കേണ്ടതും നടപ്പിലാക്കേണ്ടതും ദൈവങ്ങളാണ്. മനുഷ്യന്റെ വ്യാവഹാരികകർമ്മങ്ങൾക്ക് പരിവർത്തനം സൃഷ്ടിക്കാനാവില്ല.
പരിത്യാഗികൾക്ക് മോക്ഷത്തിലേക്ക് എത്തിച്ചേരാൻ കഴിയും. എന്നാൽ അതിന് അർഹരായവർ ബ്രാഹ്മണൻ മാത്രമാണ്. മറ്റു ജാതിക്കാർ-ശൂദ്രരും അവർണ്ണരും-മായയായ വ്യവഹാരകാലത്തിൽ തന്നെ ജീവിക്കണം. പൂർവ്വജന്മാർജ്ജിതമായ കർമ്മഫലം അനുസരിച്ച് എന്തെങ്കിലും ജാതിയിൽ ജനിക്കുന്ന ഓരോരുത്തരും ജാതീയമായ ഉൽപാദനധർമ്മത്തെ പാലിക്കണം. ഉൽപാദനവും ഉപഭോഗവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അതെല്ലാം പൂർവ്വനിശ്ചയ പ്രകാരം സംഭവിക്കുന്നതാണ്. അപ്പോൾ ഓരോ ഭാരതീയനും ഫലം ഇച്ഛിക്കാതെ അദ്ധ്വാനിക്കണമെന്നു മാത്രം.
ഇത്തരമൊരു മതാത്മക സാഹചര്യത്തിലേക്കാണ് ആധുനിക കളയായ സിനിമ കടന്നുവരുന്നത്.
ഫ്യൂഡൽ, അർദ്ധഫ്യൂഡൽ സാമൂഹ്യഘടനയുള്ള ഭാരതീയാവസ്ഥ കർമ്മവിധിയും വിധിനിശ്ചയങ്ങളുമായി വ്യക്തിയെ നിസ്സാഹായനാക്കി തീർക്കുന്നു. ഓരോ സ്ത്രീയും മറ്റുള്ളവരുടെ ഉടമയുടെ-ഉപകരണം മാത്രമാണ്. യുവാക്കളും ജാതീയമായ തരംതാഴ്ത്തലോടെ അടിമത്തം അനുഭവിക്കുന്നു. മാതൃത്വവും പിതൃത്വവും പ്രായോഗികമല്ലാത്ത സങ്കൽപങ്ങൾ മാത്രമാണ്. സാമൂഹ്യാവസ്ഥയോട് പ്രതികരിക്കുമ്പോൾ ജീവൻപോലും അപകടത്തിലാകും. ഇത്തരമൊരു മതാത്മക സാഹചര്യത്തിൽ മനുഷ്യജീവിതത്തെ-സാമൂഹ്യഘടനയെ-
ഇത്തരമൊരു സവിശേഷമായ സാഹചര്യത്തിലാണ് മുഖ്യധാര സിനിമകൾ നായകനെ രക്ഷകനും അവതാരപുരുഷനുമാക്കി തീർക്കുന്നത്. രക്ഷകനായ അവതാരപുരഷനാണ് സ്ത്രീത്വത്തേയും സ്ത്രീയുടെ കാമനകളേയും സംരക്ഷിക്കേണ്ടത്. അതുപോലെ മാതൃത്വത്തേയും പിതൃത്വത്തേയും നഷ്ടപ്പെട്ട ധാർമ്മികതയേയും സ്ഥാപിക്കേണ്ടതും മേൽപറഞ്ഞ ദിവ്യപുരുഷൻ തന്നെയാണ്. യുവത്വത്തിന്റെ പ്രണയാഭിലാഷങ്ങളേയും പരിവർത്തനത്വരയേയും വരുത്തിതീർക്കേണ്ടത് രക്ഷകനായ അവതാരപുരുഷനാണ്. മതാത്മക പരിസരത്തെ ഉൾക്കൊണ്ട ഓരോ ഇന്ത്യൻ പ്രേക്ഷകനും സിനിമ കാണുമ്പോൾ അവസ്ഥയിൽ നിന്ന് വിടുതൽ നേടുകയാണ്. മതിമറക്കലായി സിനിമ കാണുന്ന ഓരോ ഇന്ത്യൻ പ്രേക്ഷകനേയും മതാത്മക ചിന്തകൾ നിസ്സാഹായനാകുന്നു. വിമോചന സങ്കൽപത്തെ ആത്മരതിക്കായി അയാൾ തീയേറ്ററിൽ വച്ച് അനുഭവിക്കുന്നു.
നഗരത്തിലെ സിനിമാപ്രേക്ഷകൻ മറ്റൊരു അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്.
നഗരം മധ്യവർഗ്ഗക്കാരുടേയും സമ്പന്നരുടേയും അധിവാസകേന്ദ്രമാണ്. അധികാരത്തിനും സമ്പത്തിനും വേണ്ടി വ്യക്തികൾക്ക് ധാർമ്മിക മൂല്യങ്ങളെ ബലികഴിക്കേണ്ടി വരുന്നു. ജാതി, മതം, സാമ്പത്തിക ഘടകങ്ങൾ ഇവയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തികൾ ജൈവവികാരങ്ങളെപോലും നിലനിപ്പിന്റെ ന്യായവാദങ്ങളോടെ നിഷേധിക്കുന്നു. പ്രണയം, ത്യാഗം, മാതൃത്വം, പിതൃത്വം, സാഹോദര്യം എന്നീ വിശുദ്ധ സങ്കൽപങ്ങളെ ഉപേക്ഷിക്കുമ്പോഴാണ് നഗരവ്യക്തികൾക്ക് ഉന്നതമായ സാമൂഹ്യാവസ്ഥയിൽ എത്തിച്ചേരാനാവുക. അപ്പോൾ തീയേറ്ററുകളിൽ എത്തുന്ന നഗരമനുഷ്യർ ആത്മരതിയായി വിശുദ്ധസങ്കൽപങ്ങളെ അനുഭവിക്കുന്നു. മനുഷ്യബന്ധങ്ങളെ പ്രയോജനവാദത്തിൽ ഊന്നികണക്കു കൂട്ടലുകൾ നടത്തുന്ന അയാൾ തന്റെ ജീവിതസാഹചര്യങ്ങളിൽ നിന്ന് വിടുതൽ നേടി സിനിമകാണുന്നു. മതിമറക്കലിൽ മുഴുകുന്ന അയാൾ വിശുദ്ധസങ്കൽപങ്ങളുടെ പൂർത്തീകരണത്തെയാണ് അനുഭവിക്കുന്നത്. ലൈംഗീകതയുടെ അതിപ്രസരമുള്ള സിനിമ കാണുന്ന പ്രേക്ഷകനും അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ പൂർത്തീകരണമാണ് അനുഭവിക്കുന്നത്.
വ്യവസ്ഥിതിയും അധികാര സ്ഥാപനങ്ങളും വ്യക്തിയെ നിസ്സാഹായനാക്കുന്ന സാഹചര്യമാണ് ഇന്ന് നമ്മുടെ മുന്നിൽ ഉള്ളത്. അപ്പോൾ അധികാരസ്ഥാപനങ്ങളെ തകർക്കുന്ന ധീരനായകൻ പ്രേക്ഷകനെ നിരന്തരം ആകർഷിക്കുന്നു. നഗരത്തേയും ഗ്രാമത്തേയും കേന്ദ്രീകരിച്ച സിനിമകളുടെ ആന്തരീകഘടനയെ നമ്മൾ പരിശോധിച്ചുവല്ലോ. കേരളത്തിന്റെ പൊതുസ്വഭാവം നഗരസമാനമാണ്. രക്ഷക അവതാര സങ്കൽപങ്ങളിൽ ഊന്നിയ സിനിമകൾക്ക് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലാണ് കൂടുതൽ പ്രസക്തിയുള്ളത്.
കച്ചവട സിനിമ കാണുന്ന പ്രേക്ഷകൻ മതിഭ്രമത്തിൽ അകപ്പെട്ട് പരിസരബോധത്തിൽ നിന്ന് പിന്മാറുകയാണ് ചെയ്യുന്നത്. ഇത് വ്യക്തിയുടെ തിരിച്ചറിവിനേയും സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രവർത്തനങ്ങളേയും നിഷേധിക്കുന്നു. യാഥാർത്ഥ്യത്തിൽ കച്ചവട സിനിമ ചെയ്യുന്നത് അവസ്ഥയെ പരിവർത്തനങ്ങളില്ലാതെ നിലനിർത്തുകയാണ്.
കച്ചവട സിനിമയുടെ വിജയരഹസ്യം നിർമ്മാതാക്കൾക്കും സംവിധായകർക്കും തിരക്കഥാരചയിതാക്കൾക്കും ഇതുവരെ മനസ്സിലായിട്ടില്ല. നല്ല സിനിമയെ ജനങ്ങൾ ഒഴിവാക്കുന്നതിനെ കുറിച്ചും വ്യക്തമായ ധാരണയൊന്നുമില്ല. സംഘം ചേരാനും ചൂഷണത്തിന് എതിരെ സമരം ചെയ്യാനും ആഹ്വാനം ചെയ്ത സിനിമയെ കമ്മ്യൂണിസ്റ്റുകൾപോലും അവഗണിക്കുകയാണ്. ഇതിന്റെ കാരണം സിനിമയുടെ ഉൽപത്തി ചരിത്രവുമായും മതം, സാമൂഹ്യഘടന എന്നീ സംവിധാനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
സിനിമയുടെ ഉത്ഭവം തൊട്ടെ പ്രേക്ഷകർ പ്രധാനഘടകമായിരുന്നു. പ്രേക്ഷകർക്ക് സുപരിചിതമായ പുരാണകഥകളും ഇതിഹാസങ്ങളുമാണ് നിശബ്ദ സിനിമ പ്രമേയമായി സ്വീകരിച്ചതു. ആഢ്യ സദസ്സുകളിൽ മാനസികോല്ലാസത്തിനുവേണ്ടി ലൈംഗികതയും ഹാസ്യവും പ്രദർശിപ്പിക്കുകയുണ്ടായി. കച്ചവട സിനിമ തുടർന്ന് വികസിക്കുന്നത് സാമൂഹികവും മതപരവുമായ വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ചാണ് ചുരുക്കത്തിൽ അവസ്ഥയ്ക്ക് അടിമപ്പെട്ടവരുടേയും ആത്മവഞ്ചന നടത്തുന്നവരുടേയും നിഗോൂഢാഭിലാഷങ്ങളെയാണ് കച്ചവട സിനിമ പ്രതിനിധാനം ചെയ്തത്. തിരിച്ചറിവും അവബോധവുമല്ല സ്വപ്നങ്ങളുടെ മായിക ദർശനമാണ് കച്ചവട സിനിമ അവതരിപ്പിക്കുന്നത്.
നല്ല സിനിമ ജീവിതത്തോടും സമൂഹത്തോടും വ്യക്തമായ നിലപാടുകളെ സ്വീകരിക്കുന്നു. പാലായനത്തിന്റെ മായികതയും മതിഭ്രമവും പങ്കിടാത്ത നല്ല സിനിമ മനുഷ്യജീവിതാവസ്ഥയെ വെളിപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ്. പലായനമല്ല പരിസരബോധമാണ് ഇവിടെ സിനിമ പകർന്നു നൽകുന്നത്.
ഭാരതീയ സമൂഹം മതവും ആദ്ധ്യാത്മികതയും സൃഷ്ടിച്ച വികാസപരിണാമങ്ങളും പ്രത്യാശകളും ഇല്ലാത്ത അടഞ്ഞ അവസ്ഥയിലാണ് നിലനിൽക്കുന്നത്. മതവും അധീശത്വ കേന്ദ്രങ്ങളും വ്യക്തിയേയും സമൂഹത്തേയും പരിവർത്തന രഹിതമാക്കുന്നു. സാമൂഹ്യാവസ്ഥയുടെ ഭീരകരതയും മതാത്മകപരിസരവുമാണ് ഇന്ത്യൻ പ്രേക്ഷകനെ മതിമറക്കലിൽ എത്തിക്കുന്നത്.
തികച്ചും വ്യത്യസ്തമായ ചലനാത്മകമായ അവസ്ഥയിൽ കൂടെ ഇന്ത്യൻ സിനിമ കടന്നുപോകുന്നതിനെ നമുക്ക് ചരിത്രത്തിൽ നിന്ന് കണ്ടെത്താനാകും. സമൂഹം പരിവർത്തത്വം പ്രകടിപ്പിക്കുന്ന കാലഘട്ടത്തിൽ കച്ചവട സിനിമ പരിസരത്തിലേക്ക് ഇറങ്ങി വരുന്നതിനെ നമുക്ക് കാണാം. ദൈവിക പരിവേഷത്തെ ഉപേക്ഷിച്ച് നാൽപതുകളിലും അമ്പതുകളിലും ഇന്ത്യൻ കച്ചവട സിനിമ സാമൂഹികാവബോധത്തെ ദൃശ്യവൽക്കരിക്കുകയുണ്ടായി. സ്വാതന്ത്ര്യപൂർവ്വകാലവും സ്വാതന്ത്ര്യാനന്തര കാലവും പ്രതീക്ഷകൾ നിറഞ്ഞതായിരുന്നുവല്ലോ. അത്തരം സാമൂഹ്യാവസ്ഥകളെ കച്ചവട സിനിമയും ഉൾക്കൊണ്ടു പ്രതീക്ഷാഭരിതമായ സാമൂഹ്യാവസ്ഥയിൽ ജീവിച്ച അന്നത്തെ പ്രേക്ഷകൻ കാൽപനിക പരിവേഷമുള്ള യാഥാർത്ഥ്യത്തെ ഹാർദ്ദമായി സ്വീകരിച്ചു.
കേരളം ചുവപ്പൻ സൈദ്ധാന്തികതയുടെ സമത്വവാദം കേട്ടുകൊണ്ടാണ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. കമ്മ്യൂണിസം സമൂഹത്തിന്റെ പ്രത്യാശ ആയപ്പോൾ പരിവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ വേണ്ടിയുള്ള സിനിമകളും ഉണ്ടായി. ഈ സിനിമകളുടെ എല്ലാം പ്രമേയം അന്നത്തെ മനുഷ്യത്വരഹിതമായ സാമൂഹ്യാവസ്ഥയായിരുന്നു.
ഭരണാധികാരികളായി മാറിയ കമ്മ്യൂണിസ്റ്റുകാർ പരിവർത്തന വിരുദ്ധരായതോടെ പ്രേക്ഷകർ വീണ്ടും മതിമറക്കലിലേക്കും സ്വപ്നങ്ങളുടെ മായികമായ പൂർത്തീകരണങ്ങളിലേക്കും മടങ്ങിപോയി. ജീവസന്ധാരണത്തിനായി മൂല്യങ്ങളേയും സ്വപ്നങ്ങളേയും ത്യജിക്കാൻ സന്നദ്ധരായ വ്യക്തികളുടെ മുമ്പിൽ മതിമറക്കലും സാമൂഹ്യമായ പലായനവും മാത്രമാണ് ശേഷിക്കുക.
എൺപതുകളിൽ നക്സലൈറ്റുകളും ജനകീയ സാംസ്കാരികവേദിയും സാമൂഹിക പരിവർത്തനത്തിന് സന്നദ്ധരായപ്പോൾ കേരളീയ കച്ചവടസിനിമ വീണ്ടും യാഥാർത്ഥ്യത്തേയും പരിസരബോധത്തേയും ഉൾക്കൊണ്ടു. അതിഭാവുകത്വമില്ലാതെ ജീവിതത്തിന്റെ നേർപ്പകർപ്പിനെ അവതരിപ്പിച്ച സിനിമകളെ അന്നത്തെ യുവത്വം ഹാർദ്ദമായി സ്വീകരിച്ചു.
തൊണ്ണൂറുകളിൽ സമൂഹം വീണ്ടും പ്രത്യാശാരാഹിത്യം കൊണ്ടുനിറയുന്നു. ഭരണകൂടം കൂടുതൽ രൗദ്രമാകുകയും അതിജീവനത്തിനുവേണ്ടി ജനസാമാന്യം എന്തിനും തയ്യാറാകുകയുമാണ്. അപ്പോൾ പ്രേക്ഷകൻ വീണ്ടും മതിമറക്കലിലേക്കും പലായനബോധത്തിലേക്കും മടങ്ങുന്നു.
സിനിമപ്രേക്ഷകന്റേതു പോലെ സമൂഹത്തിന്റേയും ആന്തരികഘടനയെ പ്രദർശിപ്പിക്കുന്നു. സിനിമയുടെ നിലപാടുകൾ നിഷേധാത്മകവും ക്രിയാത്മകവുമാകാം. സാമൂഹ്യാവസ്ഥയും രാഷ്ട്രീയവും പ്രത്യാശനൽകുമ്പോൾ വ്യക്തികൾക്ക് ജീവിതത്തെയും ഭാവിയേയും സംബന്ധിച്ച് പ്രതീക്ഷകൾ ഉണ്ടാകുന്നു. അപ്പോൾ വിപണി സാധ്യത കണ്ട് കച്ചവട സിനിമയും പരിവർത്തനത്തിന്റെ വക്താവാകുന്നു.
നല്ല സിനിമ യാഥാർത്ഥ്യത്തിനും ജീവിതാവബോധത്തിനും ഊന്നൽ നൽകുന്നു. മതിഭ്രമമല്ല പരിസരബോധത്തെയാണ് നല്ല സിനിമ പ്രേക്ഷകനു നൽകുന്നത്. അന്ധന്റെ ലോകവിചാരത്തെപോലെ അസത്യത്തിൽ നിലനിന്നുകൊണ്ടാണ് നല്ല സിനിമക്കാരും കച്ചവടസിനിമക്കാരും സഞ്ചരിക്കുന്നത്.
ആയുധത്തിന്റെ ശക്തിയും ദൗർബ്ബല്യവും തിരിച്ചറിയാത്തത്താണ് നമ്മുടെ എല്ലാം പരിമിതികൾ.