ഒറ്റപ്പെടലിന്റെ വേദന... നിങ്ങൾക്ക് മനസ്സിലാവില്ല. അനുഭവിക്കണം. എങ്കിലേ അറിയൂ...
വൈകുന്നേരങ്ങളിൽ ഓഫീസ് വിട്ടാൽ വഴിവക്കിലുളള ഗുൽമോഹർ മരങ്ങളുടെ ചുവട്ടിൽ പോയിരിക്കും, നിരപ്പാതയിലൂടെ കടന്നുപോകുന്ന മനുഷ്യരെ നോക്കി. ചിരിച്ചും പുകവലിച്ചും ആൾക്കാർ കടന്നുപോകുന്നു. കൂട്ടത്തിൽ വളരെ ഗൗരവത്തിൽ തിരക്കുപിടിച്ച് പോകുന്നവരുമുണ്ട്. ആ കൂട്ടത്തിൽ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നെപ്പോലെ ഒറ്റപ്പെട്ടവർ.... ഇല്ല, ആരെയും കണ്ടില്ല.
അവിടിരുന്ന് മടുക്കുമ്പോൾ വീട്ടിൽ പോകും. ഭാര്യ വന്നു വാതിൽ തുറക്കും. താമസിച്ചതിന്റെ പേരിൽ ഒരു പരാതിയും അവൾക്കുണ്ടാകില്ല. ഡ്രസ്സ് മാറിവരുമ്പോൾ വാട്ടവെളളം പോലുളള ഒരു ചായ മേശപ്പുറത്ത്. ണല്ലോരു ചായ ഉണ്ടാക്കാൻപോലും അവൾക്കറിയില്ല.
അന്ന് വീട്ടിലെത്തിയപ്പോഴും വൈകി. ഗൗരി കതകു തുറന്നു. വാട്ടവെളളവും കുടിച്ച് പത്രം വായിക്കാനിരുന്നു.
'ആഹാരം കഴിക്കാൻ വരൂ.'
'കുട്ടികൾ എവിടെ?'
'അവരുടെ മുറിയിൽ.'
'അവര് കഴിച്ചോ?'
'നേരത്തെതന്നെ കഴിച്ചു.'
മകളുടെ മുറിയിൽനിന്നും ചെറിയ ശബ്ദത്തിൽ ഏതോ വെസ്റ്റേൺ ഗാനം! കതക് അടച്ചിരുന്നു. ചെറുതായി തട്ടി. തുറന്നില്ല. ഉറക്കെ തട്ടി.
'ആരാ? എന്തുവേണം?'
'കതക് തുറക്കൂ.'
അൽപ്പം അരിശത്തോടെ തുറന്ന വാതിലിനു മുന്നിൽ!
'എന്നാ നിന്റെ എക്സാമിനേഷൻ?'
'അടുത്ത ആഴ്ച.'
അത്രയും പറഞ്ഞ് കൂടുതൽ കേൾക്കാൻ നിൽക്കാതെ കതകടച്ചു.
മേലുകഴുകി ആഹാരം കഴിച്ചെന്നു വരുത്തി ഉറക്കമുറിയിൽ കടന്നു. എല്ലാം അലങ്കോലമായി കിടക്കുന്നു. മരുന്നുകുപ്പികൾ ഒഴിഞ്ഞതും ഒഴിയാത്തതും മേശയുടെ ഒരുവശത്ത്. പത്രങ്ങളും ആഴ്ചപ്പതിപ്പുകളും വലിച്ചുവാരി ഇട്ടിരിക്കുന്നു മറ്റൊരു വശത്ത്. ഒന്ന് ശരിക്ക് അടുക്കി വച്ചാലോ? ഓ വേണ്ട. ഇങ്ങനെ കിടക്കുന്നതാകും ഗൗരിക്ക് സൗകര്യം.... അവൾക്കറിയാം എന്ത് എവിടെ ഇരിക്കുന്നുവേന്ന്.
കുപ്പിയിൽനിന്നും കുടിക്കാനുളള വെളളം ഗ്ലാസിലേക്കു പകർന്നു. കുപ്പിയുടെ രൂപത്തിൽനിന്നും വെളളം ഗ്ലാസിന്റെ രൂപത്തിൽ. സൗകര്യാനുസരണം രൂപംമാറാൻ വെളളത്തിനാകും. അന്നനാളത്തിലൂടെ ഒഴുകി ആമാശയത്തിന്റെ രൂപം പ്രാപിച്ചു.
മേശപ്പുറത്തുകണ്ട വാരിക മറിച്ചുനോക്കി. പരിണാമസിദ്ധാന്തത്തെ വെല്ലുവിളിക്കാമോ എന്നു പുറത്തെ പേജിൽ. മറിച്ചുനോക്കാൻ തോന്നിയില്ല. എന്തിനു വെറുതെ വെല്ലുവിളിക്കണം.
ഉറങ്ങാൻ കിടന്നു. എപ്പോഴോ അരികിൽ ഗൗരി. വെറുതെ കൈയെടുത്ത് അവളുടെ അരയിൽ വെച്ചു. ഒന്നും സംഭവിക്കാത്തപോലെ കൈ എടുത്തുമാറ്റി അവൾ തിരിഞ്ഞുകിടന്നു. എവിടെയോ പട്ടി മോങ്ങുന്ന ശബ്ദം. മരണത്തിന്റെ വരവ് പട്ടിക്ക് കാണാനാവും. ഇതുവഴി മരണം വരുന്നുണ്ടാകും. നെഞ്ചു വേദനിക്കുന്നുണ്ടോ? എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ? ഓ... ഇല്ല. എപ്പോഴോ ഉറങ്ങി.
ഉണർന്നുകഴിഞ്ഞപ്പോൾ വാട്ടവെളളവുമായി ഗൗരി മുന്നിൽ. കുളിച്ച് തലയിൽ തോർത്ത് ചുറ്റിയിരിക്കുന്നു. ഇപ്പോഴും അവൾ സുന്ദരിയാണ്. പിടിച്ച് അടുത്ത് ചേർത്തിയിരുത്താൻ ശ്രമിച്ചു.
'കുളിച്ചു വരൂ... സമയം എട്ടരയായി. ഓഫീസിൽ പോകേണ്ടെ?'
പല്ലുതേപ്പും കുളിയും കഴിഞ്ഞ് കാപ്പിയും പലഹാരവും കഴിച്ച് ഓഫീസിലേക്ക് യാത്രയായി. പൂജാമുറിയിൽ ഗൗരി നാമംചൊല്ലുന്നു. അവളുടെ പൂജാവിധികളെ തെറ്റിക്കണ്ട. യാത്രചോദിക്കാതെ പടികടന്നു.
മേശപ്പുറത്ത് പഴയതുപോലെ ഫയലുകളുടെ കൂമ്പാരമില്ല. ഒന്നു ക്ലിക്ക് ചെയ്താൽ എല്ലാം കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ തെളിയും. പാവം ചിതലുകൾക്ക് തിന്നാൻ കടലാസ് കിട്ടാതായി. താമസിയാതെ ചിതലുകൾക്ക് വംശനാശം സംഭവിക്കും.
'എന്താ ദാമൂ സ്വപ്നം കാണുകയാണോ?'
അടുത്ത കസേരയിലിരിക്കുന്ന അനിത
'ഏയ്......'
ഇന്ന് എം.ഡി വരില്ല.
മകളുടെ കല്യാണമാണ്. നമുക്കും ക്ഷണമുണ്ട്....
അതിന്റെ പേരിൽ ലീവില്ലല്ലോ....
അനിത പറഞ്ഞുകൊണ്ടിരുന്നു: ആരും ചെല്ലില്ലെന്ന് എം.ഡിക്ക് അറിയാം.
മുമ്പിൽ ഒരാൾ-
'എന്റെ പെൻഷന്റെ കാര്യം?'
'മറ്റന്നാൾ വരൂ....'
'ഇന്നു വരാനാണ് പറഞ്ഞിരുന്നത്.'
അയാളുടെ മൂക്കിന് വല്ലാത്ത നീളം. കണ്ണുകൾ വളരെ കുറുകിയതാണ്. ആ മുഖത്ത് അൽപ്പംകൂടി വലിയ കണ്ണാകാമായിരുന്നു. മീശ കറുപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു. അതങ്ങ് ഷേവ് ചെയ്ത് കളയാമായിരുന്നു.
അനിത-
'എന്താ ദാമൂ തുറിച്ചു നോക്കിയിരിക്കുന്നത്?'
അയാളോടായി ഞാൻ പറഞ്ഞു:
'മറ്റന്നാൾ വരാനല്ലേ പറഞ്ഞത്?'
'ഇന്നു വരാനാണ് പറഞ്ഞത്.'
ഇയാളെ ഇതിനുമുമ്പ് താൻ കണ്ടിട്ടുണ്ടോ?
'പോയി വെളിയിൽ ഇരിക്കൂ. ഞാനൊന്നു നോക്കട്ടെ.'
പെൻഷൻകാരൻ അനുസരണയോടെ പുറത്തേക്കുപോയി. എല്ലാം പാസ്സായി കിടക്കുകയാ. ഒരു മിനിറ്റിന്റെ കാര്യമേയുളളൂ.'
അനിത പറഞ്ഞു, 'നിങ്ങളെപോലെയുളളവരാ കാര്യങ്ങൾ കുഴപ്പിയ്ക്കുന്നത്.'
അനിതയുടെ തത്ത്വോപദേശം.
വൈകുന്നേരം വീണ്ടും ഗുൽമോഹർ മരങ്ങളുടെ ചുവട്ടിലെത്തി. മരത്തിൽനിന്നും വീണ ചുവന്ന പൂക്കൾ അവിടമാകെ ചിതറിക്കിടക്കുന്നു. മരച്ചില്ലകളിൽ കാക്കകൾ ചേക്കേറാൻ തുടങ്ങി. ദൂരെനിന്നും കൂട്ടത്തോടെ കാക്കകൾ പറന്നുവരുന്നു. ഒറ്റപ്പെടലിന്റെ ദുഃഖം അവരറിയുന്നില്ല.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ സ്ഥിരമായി കിട്ടാറുളള വാട്ടവെളളം മേശപ്പുറത്ത്. മകളുടെയും മകന്റെയും മുറിയുടെ വാതിലുകൾ അടഞ്ഞുകിടക്കുന്നു. പഠിക്കുകയാകും. മേലുകഴുകി, ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്നു...
രാവിലെ വളരെ നേരത്തെ ഉണർന്നു. ഗൗരിയെ അടുത്തുകണ്ടില്ല. രാത്രി വൈകിവന്നു കിടന്നിട്ടുണ്ടാകും. അതിരാവിലെ എഴുന്നേറ്റു പോയിട്ടുമുണ്ടാകും. അതാണല്ലോ അവളുടെ ശീലം.
രാവിലെ നേരത്തെതന്നെ ഓഫീസിലെത്തി.
മേശക്ക് മുന്നിൽ വീണ്ടും അയാൾ. മൂക്കുനീണ്ട കുറുകിയ കണ്ണുളള മനുഷ്യൻ.
'എന്താ വീണ്ടും?'
അമ്പരപ്പോടെ അയാളെന്നെ നോക്കി.
അനിത: 'എന്താ ദാമൂ?'
'ഇന്നലെ പെൻഷന്റെ കാര്യം ശരിയാക്കിക്കൊടുത്തത്തല്ലേ? വീണ്ടും ഇയാൾ?'
'ഇത് അയാളല്ലല്ലോ ദാമൂ.'
നീണ്ട മൂക്കും കുറുകിയ കണ്ണും! പെൻഷൻ പറ്റിയ എല്ലാവരുടെയും മുഖച്ഛായ ഒന്നുതന്നെയാണോ...
'ഇയാളുടെ കാര്യം അനിതത്തന്നെ കൈകാര്യം ചെയ്യൂ. എനിക്ക് ഇന്നൽപ്പം നേരത്തെ പോകണം.'
അന്ന് ഓഫീസിൽനിന്നും നേരത്തെ ഇറങ്ങി. ഗുൽമോഹർ മരങ്ങളുടെ ചുവട്ടിൽ പോയിരിക്കുക ഒരു ലഹരിയായി മാറിയിട്ടുണ്ട്....
റോഡ് ഏറെക്കുറെ വിജനമായിരുന്നു. ദൂരെനിന്നും ഒരുകൂട്ടം ആൾക്കാർ ജാഥയായി വരുന്നു. മരച്ചുവട്ടിലെത്തിയപ്പോൾ ശ്രദ്ധിച്ചു. എല്ലാവരുടെയും മുഖത്ത് എന്തോ നേടിയെടുക്കാനുളള ഭാവം.
'ധൃതിയിൽ അവരെങ്ങോട്ടു പോകുന്നു?'
അടുത്തുനിന്ന ഒരാളോട് ചോദിച്ചു.
'ഒറ്റപ്പെട്ടവർ എങ്ങോട്ടു പോകുന്നുവേന്നറിയില്ല.'
ഞാൻ ഓടി അവരോടൊപ്പം കൂടി. വഴിവക്കിൽനിന്നും കൂടുതൽ കൂടുതൽ ആൾക്കാർ ജാഥയിൽ ചേർന്നു. എന്തെന്നില്ലാത്ത ആശ്വസം തോന്നി. എന്നെപ്പോലെ ഒറ്റക്കായ എത്രപേർ! സ്ത്രീകളുമുണ്ട്.... കൂട്ടത്തിൽ അതാ ഗൗരിയുടെ മുഖം! പെട്ടെന്നവൾ തിരക്കിൽ മറഞ്ഞു. മോനും മോളും എന്നെ ശ്രദ്ധിക്കാതെ നടന്നുനീങ്ങുന്നു. കറുത്തുതടിച്ച ഒരു മനുഷ്യൻ എന്റെ തൊട്ടുപുറകിൽ, പരിചയമുളള മുഖം. എം.ഡി! എന്റെ ദൈവമേ ഇയാളും ഒറ്റപ്പെട്ടവനാണോ?
പെട്ടെന്ന് ആൾക്കാർ ബഹളം വെക്കാൻ തുടങ്ങി. ഉന്തും തള്ളുമായി. പിന്നെ നടന്നതൊക്കെയും കേവലം ഒരു സാക്ഷിയായി ഞാൻ നോക്കിനിന്നു. ലാത്തിച്ചാർജ്ജും വെടിവെയ്പ്പും. ആരോ എന്നെപ്പിടിച്ച് ജീപ്പ്പിൽ കയറ്റി.
അഴികൾക്കുളളിൽ ഒന്നുമറിയാതെ ഞാൻ നിന്നു.
രാവിലെ ഓഫീസിൽനിന്നും ഒരാൾ വന്ന് എന്നെ ഇറക്കിക്കൊണ്ടുപോയി.
വീട്ടിലെത്തിയപ്പോൾ ഗൗരിയുടെ ചോദ്യം-
'എവിടെയായിരുന്നു ഇന്നലെ?'
'ജാഥയിൽ പങ്കെടുത്തു. നീയും ഉണ്ടായിരുന്നല്ലോ അക്കൂട്ടത്തിൽ.'
'നിങ്ങൾക്ക് ഭ്രാന്താണ്.'
വൈകിയാണെങ്കിലും കുളികഴിഞ്ഞ് ഓഫീസിലെത്തി.
എം.ഡി വിളിക്കുന്നു. അറ്റൻഡർ വന്നുപറഞ്ഞു. എം.ഡി കമ്പ്യൂട്ടറിൽ എന്തോ നോക്കിക്കൊണ്ടിരിക്കുന്നു.
'ഇരിക്കൂ ദാമോദരൻ നായരേ....'
അൽപ്പം ഗൗരവത്തിൽ അദ്ദേഹം തുടർന്നു:
'നിങ്ങൾ ഒരു ഗവണ്‍മന്റ് ഉദ്യോഗസ്ഥനല്ലേ? രാഷ്ട്രീയ പാർട്ടിയുടെ ജാഥയിലൊക്കെ പങ്കെടുക്കാമോ?'
എം.ഡിയും ഉണ്ടായിരുന്നില്ലേ എന്നു ചോദിച്ചാലോ? വേണ്ട.... ഞാൻ കണ്ടത് അയാളും അറിഞ്ഞിരിക്കില്ല.
'പോയി സീറ്റിലിരിക്കൂ. ഇനി ഇങ്ങനെ ഉണ്ടാകരുത്.'
വീട്ടിലെത്തി. മക്കളെങ്കിലും പറയുമെന്നു കരുതി. ജാഥയിൽ പങ്കെടുത്തകാര്യം. ഒന്നും സംഭവിക്കാത്തഭാവം അവരുടെ മുഖത്തും.
ആയിക്കോട്ടെ. ഒറ്റപ്പെടലിനെക്കുറിച്ച് ഞാനിനി പരാതിപ്പെടില്ല. ഒന്നോർത്താൽ കൂട്ട് ഒരു ബാദ്ധ്യതയാണ്. ഒറ്റപ്പെടൽ ഒരു രഹസ്യമാണ്. ഓരോരുത്തരിലും ഒതുങ്ങുന്ന രഹസ്യം.