യേശവിന് താൻ പള്ളിയകത്താണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം പള്ളിയകം ആകെ ഒന്ന് നിരീക്ഷിച്ചു. ഇല്ല, ആരും തന്നെ തിരിച്ചറിഞ്ഞിട്ടില്ല.
കുർബ്ബാന കഴിഞ്ഞ് ഭക്തന്മാർ പള്ളിയകത്ത് നിന്ന് പുറത്തേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. സംതൃപ്തി നിറഞ്ഞ മുഖങ്ങൾ. എല്ലാ നാവുകളും വാചാലമാണ്. ഒച്ചവെച്ചുള്ള സംസാരം. ദേവാലയത്തിന്റെ പരിശുദ്ധിയെ സ്പർശിക്കുന്ന ഒറ്റവാക്കെങ്കിലും അദ്ദേഹത്തിനു കേൾക്കാനായില്ല. എല്ലാവരും സ്വന്തം ലോകത്തേക്ക് ചുരുങ്ങിയമരുന്ന കാഴ്ചമാത്രം. ചുട്ടുപൊള്ളുന്ന വെയിലിൻ ടാറിട്ട റോഡിൽകൂടി നടന്ന് പോരുമ്പോൾ കണ്ട ചന്തയാണ് ഓർമ്മവന്നത്.
യേശു എല്ലാം മറന്ന് നിന്നു. പിതാവിന്റെ തിരുസന്നിധിയിൽ നിൽക്കുമ്പോൾ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പരിശുദ്ധമായ വസ്ത്രംകൊണ്ട് താൻ ആവരണം ചെയ്യപ്പെടുകയാണെന്ന് തോന്നി. അൽപസമയം അങ്ങനെ വിസ്മൃതിയിൽ നിന്നു.
പണ്ട് ദേവാലയത്തിലിരുന്ന് ഉപദേശങ്ങൾ കൊടുത്തരംഗം ഇപ്പോഴും മനസ്സിൽ തെളിഞ്ഞ് കിടപ്പുണ്ട്. ശാസ്ത്രിമാരും പരീശന്മാരും ചെവികൂർപ്പിച്ച് ചുറ്റുംകൂടി നിന്നു. തന്റെ വാക്കുകൾ ഒന്നൊഴിയാതെ ശ്രദ്ധിച്ചു. ശത്രുകളുടെ ആവനാഴിയിൽ നിന്ന് എയ്ത്‌വിട്ട വാക്ശരങ്ങൾ തന്നെ സ്പർശിക്കുകപോലും ചെയ്തിരുന്നില്ലെന്ന് യേശു ഓർത്തു. ഇന്ന് ശരങ്ങളുടെ മുനകൾക്ക് മൂർച്ചയേറി വന്നിട്ടുണ്ടോ എന്ന് യേശുവിന് സംശയമുണ്ടായി.
അദ്ദേഹം പെട്ടെന്ന് തലവെട്ടിച്ച് ചുറ്റുംനോക്കി. പള്ളിയകം ശൂന്യമായിക്കൊണ്ടിരുന്നു. മുമ്പ് കണ്ട ഭക്തിയുടെ ലഹരിനിറഞ്ഞ അന്തരീക്ഷം സംവത്സരങ്ങൾക്ക് മുമ്പുകണ്ട് മറഞ്ഞപോലെയാണ് തോന്നിയത്.
അൾത്താരയിൽ അപ്പോഴും പുരോഹിതനുണ്ട്. തൊട്ടുമുകളിലുള്ള പീഠത്തിൽവച്ചിട്ടുള്ള തന്റെ ഛായാ ചിത്രം യേശു ശ്രദ്ധിച്ചു. മുടിയും താടിയും നീട്ടിവളർത്തിയ ആ ചരിത്രത്തിന് മങ്ങലേറ്റിരിക്കുന്നു. തന്റെ ചിത്രത്തിന് താഴെ എരിഞ്ഞടങ്ങുന്ന മെഴുകുതിരികൾ. നടുവിലായി ഒരു സ്വർണ്ണക്കുരിശ്. അന്ന് കല്ലും മുള്ളും കൂർത്ത പാറക്കഷണങ്ങളും ചവിട്ടി ഗാഗുൽത്താ മലയിലേക്ക് കയറിയതോടെ ചുമലിലേറ്റിയിരുന്ന ആദരക്കുരിശിന് ഇതിനേ
ക്കാൾ ദീപ്രതയുണ്ടായിരുന്നെന്ന് അദ്ദേഹത്തിനറിയാം. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയുംതീവ്രത.
യേശുവിന്റെ പാദങ്ങൾ അൾത്താരയുടെ മുമ്പിലേക്ക് നീങ്ങി.
അവിടെ ഒരു സ്ത്രീ മെഴുകുതിരി കത്തിച്ച്, ഒരു നാണയത്തുട്ടും വച്ച് കുമ്പിട്ട് നമസ്കരിച്ച് മാറിനിന്ന ഉടനെ തന്നെ അടുത്ത് നിന്നിരുന്ന ആ മനുഷ്യൻ നാണയത്തുട്ടെടുത്ത് പോക്കറ്റിലിട്ടു. എന്നിട്ട് അയാൾ യേശുവിന്റെ മുഖത്തേക്ക് തറച്ച് നോക്കി. അയാൾക്കും തന്നെ മനസ്സിലായിട്ടില്ല.
യേശു ഒരു മെഴുകുതിരിയെടുത്ത് കത്തിച്ച് വച്ചു. കുമ്പിടാൻ കുനിഞ്ഞപ്പോൾ കഴുത്ത് മറഞ്ഞ് കിടന്ന മുടിയിൽ പിടിച്ച് അയാൾ പറഞ്ഞു:
"പണം വെച്ച് കുമ്പിട്."
യേശു ഒന്നും മിണ്ടിയില്ല. നിസ്സാഹയതയോടെ തലയും താഴ്ത്തി നിന്നു. അൽപം കഴിഞ്ഞ് യേശു സാവധാനം മുഖമുയർത്തി അയാളെനോക്കി. ചന്തയിൽ പണത്തിന് വേണ്ടി കാത്തിരിക്കുന്ന വിൽപനക്കാരന്റെ ഭാവമാണയാൾക്ക്.
യേശുപള്ളിയുടെ തെക്കെവാതിലിൽക്കൂടി പുറത്തേക്ക് കടന്നു. ഒരു നേർത്ത കാറ്റ് തഴുകിപ്പോയപ്പോൾ വിയർപ്പ് വറ്റിയുണങ്ങി. ചുറ്റും എരിഞ്ഞ് നിൽക്കുന്ന അഗ്നികുണ്ഡത്തിന്റെ നടുവിൽ നിന്ന് രക്ഷപ്പെട്ടപോലെ ആശ്വസിച്ചു.
പള്ളിമുറ്റം ശൂന്യമായിരുന്നു. വെയിലിന്റെ ശക്തിയിൽ വാടിത്തളർന്ന് നിൽക്കുന്ന പുൽച്ചെടികൾ. പള്ളിമുറ്റത്ത് നിൽക്കുന്ന കൂറ്റൻ കെട്ടിടം ആളുകളെക്കൊണ്ട് ഞെരിഞ്ഞമരുന്നതായി തോന്നി. രണ്ടാം നിലയിൽ നിന്ന് തെറിച്ച് വീഴുന്ന കനത്ത ശബ്ദങ്ങൾ കൂടിക്കുഴഞ്ഞുവന്നു. എന്താണവിടെ ഇത്ര ബഹളം? ഒന്നും മനസ്സിലായില്ല.
യേശു വരാന്തയിലേക്ക് കയറിച്ചെന്നു.
പെട്ടെന്ന് കോണിപ്പടിയിറങ്ങി വേഗത്തിൽ വന്ന മനുഷ്യന്റെ മുഖം ക്ഷോഭംകൊണ്ട് കറുത്തിരുന്നു. അയാളുടെ നാവുകൾ എന്തൊക്കെയോ പുലമ്പുന്നുണ്ട്.
'കള്ളന്മാര്! മുഴുവൻ കള്ളക്കണക്കാണെന്നോ!'
ആ പരുഷമായ വാക്കുകൾ യേശുവിന് മനസ്സിലായില്ല. അദ്ദേഹം അയാളുടെ മുഖത്തേയ്ക്ക് ആകാംക്ഷയോടെ നോക്കി. അയാൾ ഒന്ന് തറച്ച് നോക്കിയിട്ട് ചാടിയിറങ്ങിപ്പോയി.
യേശു അൽപം കൂടി മുമ്പോട്ട് കയറി.
പെട്ടെന്നൊരു മനുഷ്യൻ കോണിപ്പടി ചാടിയിറങ്ങിവന്നു. അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. യേശുവിനെ കണ്ടപ്പോൾ അയാൾ രുക്ഷമായൊന്ന് നോക്കി.
"മാറിപ്പൊക്കോ മനുഷ്യാ. വല്ലോരും ചവിട്ടിക്കൂട്ടിക്കൊല്ലാതെ!"
അയാളുടെ താക്കിത് കനമേറിയതായിരുന്നു.
യേശു തിരിഞ്ഞ് നിന്നു.
സഹോദരാ, എന്താണവിടെ?
അവിടെ കണക്കവതരിപ്പിക്കലും തെരഞ്ഞെടുപ്പുമാ. അയാൾ തിരിഞ്ഞുനിന്ന് പറഞ്ഞു: "മാറിപ്പൊക്കോ അവ്ടന്ന്, ചാവാൻ മോഹമില്ലെങ്കിൽ".
"എന്തിനാണീ ബഹളം വയ്ക്കുന്നത്? യേശു ശാന്തനായിരുന്നു.
"ഇത്തവണ കൊറേ രൂപ പള്ളീല് വരവൊണ്ട്. അതുകൊണ്ടല്ലാവർക്കും അധികാരം കിട്ടണം".
അത് പറഞ്ഞുതീരുന്നതിന് മുമ്പ് മുകളിൽ കേട്ട ബഹളം കീഴോട്ടും വ്യാപിച്ചു. ബഹളം വീണ്ടും ഉച്ചത്തിലായി. വാക്കുകൾക്ക് കനമുണ്ടായി. ജനൽപ്പാളികൾ വലിച്ചടയ്ക്കുന്ന ശബ്ദം. ഭീഷണി, വെല്ലുവിളി, തെറിവാക്കുകൾ. അടിയുടെയും ഇടിയുടെയും ശബ്ദം. കരച്ചിൽ...
തീപിടിച്ചപുരയ്ക്കുള്ളിൽ നിന്ന് ആളുകൾ വെളിയിലേയ്ക്കോടുന്നത് പോലെ കോണിപ്പടി തിക്കിത്തിരക്കി ആളുകൾ താഴോട്ട് ഓടിയിറങ്ങി. ആരൊക്കെയോ തന്റെ ശരീരത്തിൽ വന്നലച്ചു. ആരുടേയോ ഒക്കെ കാലും കയ്യും തന്റെ മേൽ ആഞ്ഞ് വീണു. ചെന്നായ്ക്കളുടെ മുമ്പിൽ അകപ്പെട്ട ആടിനെപ്പോലെ നിസ്സാഹായനായി യേശു ഞെരക്കി.
എത്രസമയം അങ്ങനെ കഴിഞ്ഞെന്നറിയില്ല.
യേശുകണ്ണ് തുറന്ന് നോക്കിയപ്പോൾ പരസരം ശൂന്യമാണ്. എല്ലാ ശബ്ദകോലാഹലങ്ങളും അവസാനിച്ചിരിക്കുന്നു.
അദ്ദേഹം ഒന്ന് നിവർന്നിരുന്നു. ശരീരമാസകലം നല്ല വേദന. നെറ്റിയിൽ നനവ് തോന്നി. തടവിയപ്പോൾ കൈവിരലുകളിൽ ചോര.
യേശുപതുക്കെ എഴുന്നേറ്റു. പാമ്പിന്റെ വായിൽ നിന്ന് രക്ഷപ്പെട്ട ഇരയെപ്പോലെ അദ്ദേഹം പള്ളിമുറ്റത്ത് കൂടെ നടന്നു. തിരിഞ്ഞ് നിന്ന് പള്ളിയെ ദയനീയമായി ഒന്ന് നോക്കി. മുട്ടുമടക്കി കൈകളുയർത്തിയാണ് പള്ളി നിൽക്കുന്നതെന്ന് തോന്നി.
പണ്ടത്തെ ഓർമ്മകളെല്ലാം മനസ്സിൽ തിക്കിത്തിരക്കി വന്നു.
യെരുശലേമിൽ ഉയർന്ന് നിൽക്കുന്ന പള്ളി. പ്രാർത്ഥനാഗാനത്തിന്റെ പ്രതിധ്വനിപോലും മറന്ന്പോയ പള്ളി. ദേവാലയത്തിൽ വിൽക്കുന്നവരേയും വാങ്ങുന്നവരേയും ചമ്മട്ടികൊണ്ടടിച്ച് വെളിയിലാക്കി. പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വിൽക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ട് കളഞ്ഞു.
എന്നിട്ട് പറഞ്ഞത് ഇന്നും മറന്നിടില്ല. "എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്ന് വിളിക്കെയും, നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിതീർത്തുകളഞ്ഞു.
യേശു നടന്നു.
തീജ്വാലയുണർത്തുന്ന വെയിലിൽ തലചായ്ച്ച് കിടക്കുന്ന നെൽപ്പാടം. വരമ്പിൽ കാലുകളൂന്നി അദ്ദേഹം മുന്നോട്ട് നടന്നു. വിജനമായ ആ വയലിന്റെ അങ്ങേത്തല എവിടെയെന്ന് പോലുമറിയില്ല. പലസ്തീനിലെ മരുഭൂമിപോലെ.
നേർത്ത വരമ്പ് ചവിട്ടി വളരെ ദൂരം നടന്നു.
ശരീരവും തലയും വേദനകൊണ്ട് മരവിച്ചിരുന്നു. വിശപ്പും ദാഹവും കാർന്ന് തിന്നുകയായിരുന്നു. വരണ്ട ചുണ്ടുകൾ നാവ്കൊണ്ട് നനച്ചു.
ഭൂമി ഇരുട്ടിന്റെ പുതപ്പ് വലിച്ചിടാൻ തുടങ്ങിയിരുന്നു. നേർത്ത വെളിച്ചത്തിൽ ഇടവഴി കയറി നടന്നു.
പെട്ടെന്നദ്ദേഹം ഒന്ന് നിന്നു. ഒരു കൊച്ചുപള്ളി. ഏകാന്തത്തയിലിരുന്ന് പ്രാർത്ഥിക്കുന്നപോലെ തോന്നി. അവിടെ തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളില്ല. വരവ് ചിലവ് കണക്കുകളില്ല. വാക്കേറ്റമില്ല. അടിയും ബഹളവുമില്ല. ഒരു മെഴുകുതിരി അതിനുള്ളിൽ മിന്നിമിന്നി കത്തുന്നു.
യേശു അടഞ്ഞ് കിടന്ന വാതിൽ പതുക്കെ തള്ളിത്തുറന്ന് അകത്ത് കടന്നിരുന്നു. ഒരു വലിയ ചുമടിറക്കിവെച്ചതുപോലെ തളർന്നിരുന്ന് പോയി. അൽപസമയം കൈകളയുർത്തിയിരുന്ന് പ്രാർത്ഥിച്ചു.
പെട്ടെന്ന് വെളിയിൽ ഒരു ബഹളം. ഒരു സ്ത്രീവാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നു വാതിൽ അടച്ചു കുറ്റിയിട്ടു.
മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തിൽ യേശു ആ സ്ത്രീയെ കണ്ടു. അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. മുഖം കരുവാളിച്ചിരിക്കുന്നു. അവളുടെ വസ്ത്രം പൊടിപറ്റി മങ്ങിയിരുന്നു.
അവൾ വന്നപാടെ യേശുവിന്റെ കാൽക്കൽ വീണു.
"കർത്താവേ, എന്നെ രക്ഷിക്കേണേ!" അവൾ ഏങ്ങിക്കരയാൻ തുടങ്ങി.
വെളിയിൽ ഉയർന്നുകേട്ട ബഹളം അടുത്ത് വന്നു. യേശു തലയുയർത്തിനോക്കി. വാതിലിനപ്പുറം കുറേ മനുഷ്യർ നിന്ന് അലറുന്നു.
"നീയിങ്ങോട്ട് കടക്കെടീ"
യേശു വീണ്ടും തലതാഴ്ത്തി തന്റെ മുമ്പിൽ കിടക്കുന്ന ആ സ്ത്രീയെ സൂക്ഷിച്ച് നോക്കി.
"കുഞ്ഞേ' അദ്ദേഹത്തിന്റെ സ്വരം ശാന്തമായിരുന്നു.
"കർത്താവേ!" അവൾ വീണ്ടും കരയാൻ തുടങ്ങി.
"അവർക്കെന്താണ് നിന്നേക്കൊണ്ടാവശ്യം?"
അവൾ വീണ്ടും കരഞ്ഞു.
അദ്ദേഹം അവളുടെ മുഖം പിടിച്ചുയർത്തി. പെട്ടെന്ന് അദ്ദേഹം ഒന്ന് ഞെട്ടി. വീണ്ടും ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
"മറിയം"
"അതെ കർത്താവേ, മഗ്ദലനാക്കാരി മറിയം"
"കുഞ്ഞേ, നിനക്കെന്നെ മനസ്സിലായോ?
അങ്ങനെ മനസ്സിലാക്കിയില്ലെങ്കിൽപ്പിന്
യേശു മുകളിലേക്കു നോക്കി.
അന്നും ദേവാലയത്തിൽ ഉപദേശങ്ങൾ കൊടുത്തുകൊണ്ടിരിക്കുകയായിരുന്
"ഇവൾ വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെട്ടവളാണ്. മോശയുടെ കൽപ്പനപ്രകാരം ഇവളെ കല്ലെറിഞ്ഞുകൊല്ലണം." ആ ജനക്കൂട്ടം അലറി.
കുനിഞ്ഞിരുന്ന് വിരൽകൊണ്ട് മണ്ണിലെഴുതുന്നതിനിടയിൽ താൻ പറഞ്ഞു.
"നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ."
അൽപ്പം കഴിഞ്ഞ് തലയുയർത്തി നോക്കിയപ്പോൾ ആരുമില്ലായിരുന്നു.
"സ്ത്രീയോ ആരും നിനക്ക് ശിക്ഷവിധിച്ചല്ലയോ?
ഇല്ല കർത്താവേ
ഞാനും നിനക്ക് ശിക്ഷവിധിക്കുന്നില്ല. പോകൂ ഇനിമേലിൽ പാപം ചെയ്യരുത്.
ആ പാപമോചനത്തിൽ നിന്നെന്നെ വിമുക്തയാക്കൂ'
മറിയത്തിന്റെ അപേക്ഷകേട്ട് യേശു ഞെട്ടിത്തെറിച്ചു.
"ഇവളെ ഇങ്ങ് വിട്ട് തരൂ, ഞങ്ങൾക്കവളെ ആവശ്യമുണ്ട്. അവൾക്കെത്ര പണം വേണമെങ്കിലും കൊടുക്കാം." പുറമെ വീണ്ടും അലർച്ച.
"മറിയേ!" യേശു അവളുടെ മുഖമുയർത്തി.
"കർത്താവേ! അല്ലാതെ എനിക്ക്, ജീവിക്കാൻ നിവൃത്തിയില്ല. എനിക്ക് പാപമോചനം തരൂ". അവൾ വീണ്ടും കരഞ്ഞു.
യേശു അവളുടെ കണ്ണുനീർ തുടച്ചു കൂമ്പിയ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് അദ്ദേഹം അപേക്ഷിച്ചു.
"മറിയേ, എനിക്ക് മാപ്പ് തരൂ. മാപ്പ്!"