14 Aug 2011

നാട്ടുനടപ്പുകളില്‍ നിന്ന് വഴിമാറി

വി ജയദേവ്




ഈ കാലത്തിന്റെ പുതിയ കവി വി ജയദേവുമായി 
മലയാളസമീക്ഷ ന്യൂസ് സർവീസ് നടത്തിയ അഭിമുഖം




ഒരു കവിത താങ്കളുടെ ജീവിതത്തിന്റെ ഏത് കാലമാണ്‌ ആവശ്യപ്പെടുന്നത്? നിർമ്മാണപരമായി.?

ഉത്തരത്തിലേക്കു കടക്കുന്നതിനു മുന്‍പ് ആമുഖമായി ചിലത് ആവശ്യപ്പെടുന്നുണ്ടെന്നു തോന്നുന്നു. കവിത കാലത്തിനനുസരിച്ചു പരിണമിക്കുന്ന ഒരു എഴുത്തുരൂപമായി വിശേഷിപ്പിക്കപ്പെടുന്നുണ്ടല്ലോ. ഞാന്‍ തന്നെ ഇരുപതു വയസില്‍ എഴുതിയ ഒരു പ്രമേയം ഇന്നു വീണ്ടുമെഴുതുന്നെങ്കില്‍ അവ തമ്മില്‍ പ്രകടമായ അന്തരം കാണും. അത് ഇക്കാലത്തിനിടയിലുള്ള ജീവിതനിരീക്ഷണം എന്നെ സ്വാധീനിച്ചതു കൊണ്ടുമാത്രമല്ല. കാലത്തിനും വായനയ്കും സംഭവിച്ച മാറ്റം കൊണ്ടുകൂടിയാണ്. പുതിയ കാലത്തില്‍ പുതിയ എഴുത്താണ് കവിത ആവശ്യപ്പെടുന്നത്. കവിതയുടെ ജൈവപരമായ വളര്‍ച്ച കൂടിയാണതു കാണിക്കുന്നത്

ആദ്യമൊരു വ്യക്തിയായിരുന്ന ആളാണ് പിന്നെ കവിയായി എഴുത്തുനിര്‍മാണ വേളയില്‍ അവതരിക്കുന്നത്. അപ്പോള്‍ ആ വ്യക്തിയുടെ വര്‍ത്തമാന, ഭൂതകാലങ്ങള്‍ ഒരു വശത്തുണ്ടാവും. കവിയെന്ന നിലയില്‍ അയാള്‍ അല്ലെങ്കില്‍ അവള്‍ ജീവിക്കുന്ന ഒരു സാംസ്കാരിക കാലവുമുണ്ട്. ഇത്തരം കാലങ്ങളെയെല്ലാം പുറത്തുനിര്‍ത്തിയാണു കവിതയുടെ രചനാപരമായ കാലത്തില്‍ എഴുത്തുപ്രക്രിയ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ കവിതയ്ക്കുള്ളിലെ വെര്‍ച്വല്‍ കാലമാണ് എഴുതാനിരിക്കുന്ന സമയത്ത് അല്ലെങ്കില്‍ എഴുതുന്ന സമയത്ത് എന്നെ സ്വാധീനിക്കുന്നത്. വി. ജയദേവ് എന്ന വ്യക്തിയല്ല പുതിയ കാലത്തെ വി. ജയദേവ് എന്ന കവി. മുന്‍കാലങ്ങളില്‍ വ്യക്തിയില്‍ നിന്നു വേറിട്ടിരുന്നില്ല കവി. കാമുകനായ ചങ്ങമ്പുഴ തന്നെയാണു രമണന്‍ എഴുതിയത്. പ്രണയനിരാശനായ ഇടപ്പള്ളി തന്നെയാണ് കവിതയില്‍ തന്‍റെ മരണത്തെ അടയാളപ്പെടുത്തിയിരുന്നത്


അനുരാഗിയായ പി എന്ന വ്യക്തികവി തന്നെയാണ് തൂണിലും തുരുമ്പിലും മഴയിലും പുഴയിലും എല്ലാം കവിതാകാമിനിയെ തിരക്കി നടന്നിരുന്നത്. ആധുനികതയുടെ കാലത്ത്, മാറിയ ലോകത്തു നിന്ന് ഒറ്റപ്പെട്ട വ്യക്തികവി തന്നെയാണ് കവിത എഴുതിയത്. അതുകൊണ്ടു താന്‍ വ്യക്തിഗതമായി അനുഭവിച്ച കാര്യങ്ങള്‍ മാത്രമേ കവിതയ്ക്കു വിഷയമായിരുന്നുള്ളു. എന്നാല്‍‍ പുതിയ കാലത്ത് അങ്ങനെയല്ല. വ്യക്തിയും കവിയും രണ്ടും രണ്ടാണ്. ഇതു പറയുന്ന സമയത്ത് അസ്വസ്ഥചിത്തരാവുന്ന ചില കവികളെ ഞാനിപ്പോഴേ മനസില്‍ കാണന്നുണ്ട്. അങ്ങനെ വ്യക്തിയും കവിയും വേര്‍പിരിഞ്ഞ അവസ്ഥയിലാണ് ഇന്നു മലയാള കവിതയില്‍ ഒരു പ്രതിസന്ധി ഉടലെടുക്കുന്നത്. ഒരു തരം ആശയ പ്രതിസന്ധി. എഴുതിത്തുടര്‍ന്നു പോന്ന വഴി വിട്ടുമാറി നടക്കാന്‍ ലബ്ധപ്രതിഷ്ഠരായ കവികള്‍ക്കു പോലും കഴിയാത്ത അവസ്ഥ. പുതിയ കാര്യങ്ങള്‍ എഴുതാനില്ലാത്ത അവസ്ഥ. എന്നാല്‍ പുതിയ കാലത്തെ ചില കവികളെങ്കിലും പുതിയ നിരീക്ഷണങ്ങള്‍ കവിതയില്‍ നടത്തുന്നുണ്ട്. വ്യക്തിയും കവിയും സ്വത്വപരമായി വേര്‍തിരിക്കപ്പെടുന്ന സമയത്ത് വലിയൊരു പ്രശ്നം സംഭവിക്കുന്നത് അനുഭവങ്ങളുടെ അഭാവത്തിലാണ്. നേരത്തേ വ്യക്തികവിക്ക് അനുഭവങ്ങള്‍ പലതുമുണ്ടായിരുന്നു. എന്നാല്‍ ഇന്നു വ്യക്തിക്കും കവിക്കും പുറത്തെ കാലത്തിന്‍റെ രാഷ്ട്രീയവും സ്വഭാവവും വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന സമയത്ത് കവിതയുടെ രചനാപശ്ചാത്തലവുമായി കവിക്ക് പലപ്പോഴും നേരിട്ട് ഇടപഴകാന്‍ സാധിക്കാതെ വരുന്നു. അതുകൊണ്ടെന്തു സംഭവിക്കുന്നു എന്നു പറഞ്ഞാല്‍ അനുഭവങ്ങളില്ലാതെ വരുന്ന സമയത്ത് കവി സ്വയം അനുകരിക്കാനും ഒരു കാര്യത്തെപ്പറ്റി പത്രത്തില്‍ വായിച്ച കാര്യങ്ങള്‍ നിരത്തി കവിതയാക്കാനും പാഴ്ശ്രമം നടത്തുന്നു. ലബ്ധപ്രതിഷ്ഠരുടെ പോലും ഇന്നത്തെ പല കവിതകളും വായിച്ചാല്‍ ഇതു മനസിലാവും. വായിച്ചറിവുകളുടെ കാവ്യപരമായ വിവര്‍ത്തനങ്ങള്‍ മാത്രമാകുന്നു മിക്കവരുടെയും കവിതകള്‍. എന്നാല്‍ പുതിയ കാലത്തെ കവികള്‍ തങ്ങളുടെ പരിചയത്തില്‍ പെട്ട കാര്യങ്ങളിലാണ് , അവ എത്ര ചെറുതാണെങ്കില്‍ പോലും , ശ്രദ്ധയൂന്നുന്നത് എന്നു കാണാം.

ഇത്രയും പറഞ്ഞുവച്ചുകൊണ്ടു താങ്കളുടെ ചോദ്യത്തിലേക്കു കടക്കുകയാണെങ്കില്‍, എന്‍റെ കവിത എന്‍റെ ജീവിതത്തിന്‍റെ ഏതു കാലമാണ് ആവശ്യപ്പെടുന്നത് എന്നു മനസിലാക്കാന്‍ എളുപ്പമായിരിക്കും എന്നു തോന്നുന്നു. കവിതയെഴുതുന്ന സമയത്ത് ഞാന്‍ കവിതയുടെ കാലത്തില്‍ മാത്രമാണു ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് ഒരു മോശം കാമുകനായ എനിക്കു പ്രണയ കവിതകള്‍ എഴുതാന്‍ സാധിക്കുന്നത്. അതുകൊണ്ടാണു കൂട്ടത്തില്‍ വൃദ്ധനായ എനിക്കു ലളിതമായ കവിതകള്‍ എഴുതാന്‍ തോന്നുന്നത്. അവിടെ ഞാനെന്ന വ്യക്തിയോ എന്‍റെ ജീവശാസ്ത്രപരമായ പ്രായക്കൂടുതലോ വ്യക്തിയെന്ന നിലയിലുള്ള എന്‍റെ ഇഷ്ടാനിഷ്ടങ്ങളോ കവിതയെഴുത്തിനെ ബാധിക്കുന്നില്ല. ഞാന്‍ കവിതയുടെ വെര്‍ച്വല്‍ കാലത്തിലാണ് അപ്പോള്‍. ഭൗതികമായ യഥാര്‍ഥ കാലം കുറെക്കൂടി കഴിയുന്ന സമയത്ത് ഞാന്‍ പഴയ കാല കവിയായി മാറിയേക്കാം. എന്നാല്‍ ഒരിക്കലും പഴയ കവിയാകുന്നില്ല.


താങ്കളുടെ കവിത സ്വയം ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യുന്നു?

കവിത കാണാപ്പാഠം പഠിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു സ്കൂളില്‍ മിക്കവാറും തല്ലു കൊണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍. ഇന്നും കവിത ഒരു അഞ്ചുവരിയിലധികം കാണാതെ ചൊല്ലാന്‍ എനിക്കറിയില്ല. ആശാന്‍റെ നളിനിയൊക്കെ കാണാതെ മുഴുവനായി ചൊല്ലാനറിയുന്ന സഹപ്രവര്‍ത്തകരുടെയും മറ്റും കൂടെയിരിക്കുന്ന സമയത്ത് ഞാന്‍ അത്ഭുതത്തോടെയാണ് അതു കേട്ടിരിക്കാറ്. ഇതിപ്പോള്‍ പറയാനുണ്ടായ കാരണം എന്‍റെ കവിതയുടെ തന്നെ കാര്യത്തിലായാലും അതിനൊരു മാറ്റമില്ലെന്നു സൂചിപ്പിക്കാനായിരുന്നു. എന്‍റെ ഒരു കവിത പോലും എനിക്കു കാണാപ്പാഠമായി അറിയില്ല എന്നതാണു വാസ്തവം.
അതിന് ഇവിടെ എന്തു പ്രസക്തി എന്നു ചോദിക്കാം. അതാണു പറഞ്ഞുവരുന്നത്


കവിത ഓര്‍മിക്കുന്നതിനോടുള്ള ബുദ്ധിപരമായ ഈ കഴിവുകേട് എനിക്കു നല്ലതിനായി എന്നു തോന്നുന്നു. കാരണം, എഴുതിക്കഴിഞ്ഞാല്‍ എന്‍റെ കവിത തന്നെ ചൊല്ലിക്കൊണ്ടു നടക്കാനും വെട്ടാനും തിരുത്താനും മിനുക്കാനും എനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിരുന്നില്ല. എഴുതിക്കഴിഞ്ഞതിനു ശേഷം സ്വന്തം കവിതയോടു കാട്ടിയിരുന്ന ഈ വിരക്തിയാണ് സ്വയം ആവര്‍ത്തിക്കുന്നതില്‍ നിന്ന് എന്‍റെ കവിതയെ രക്ഷിച്ചത് എന്നു വേണമെങ്കില്‍ പറയാം. ചില വരികളോ പ്രയോഗമോ, നേരത്തേ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ആവര്‍ത്തിച്ചിട്ടുണ്ടാകാം. അതു ബോധപൂര്‍വമല്ല. അങ്ങനെ വന്നു പോയതാണ്. വായനക്കാര്‍ പറയുന്ന നേരത്താണ് അതു ശരിയാണല്ലോ എന്നു തിരിച്ചറിയുന്നത്. എന്നാല്‍, രണ്ടാമതൊന്നു വായിക്കാനോ തിരുത്താനോ ഞാന്‍ മിനക്കെടാറുമില്ല. എഴുതിയത് എഴുതി എന്നു വിചാരിക്കും. അതുകൊണ്ട് രചനാ പരമായോ ശൈലീപരമായോ സ്വയം ആവര്‍ത്തനങ്ങള്‍ നടക്കാറില്ല
മറ്റൊന്ന്, ഞാന്‍ എന്‍റെ കവിതയില്‍ തന്നെ ഒരു പരിധിക്കപ്പുറം പുളകിതഗാത്രനാവുന്നില്ല എന്നതാണ്. സ്വയം തിരസ്കരിക്കുകയെന്ന ഈ മനോഭാവവും എന്നെ സ്വയംരതിയില്‍ നിന്നു രക്ഷിച്ചിട്ടുണ്ട്. അമ്പട ഞാനേ എന്നാണ് ഇപ്പോള്‍ മുതിര്‍ന്ന കവികളും കൂടി ഭ്രമിച്ചുവശായിപ്പോകുന്നത്. മറ്റൊന്ന്, ഇന്നലെ എഴുതിയ ഒരു കവിത പോലെയല്ല നാളെ ഒന്ന് എഴുതുന്നുണ്ടെങ്കില്‍ (എഴുതുമോ എന്ന് ഒരുറപ്പുമില്ല) ഞാന്‍ എഴുതാന്‍ ഇഷ്ടപ്പെടുന്നത്. കവിത ഒഴുകിക്കൊണ്ടിരിക്കുകയാണ്. പുഴ പോലെ. നാമിറങ്ങിനില്‍ക്കുന്ന പുഴയല്ല, തൊട്ടടുത്ത നിമിഷത്തില്‍ നാമറിയുന്നത്. അതുപോലെ കാലത്തിലൂടെ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് എന്‍റെയും കവിത. അപ്പോള്‍ തൊട്ടു മുന്‍ നിമിഷത്തെ അനുകരിക്കുന്നതെങ്ങനെ?. 
മാത്രമല്ല, കവിതകളെഴുതി പ്രശസ്തനാകാം എന്ന ഉദ്ദേശത്തിലല്ല ഞാന്‍ എഴുത്തുതുടങ്ങിയത്. മുങ്ങിത്താണുകൊണ്ടിരുന്ന ഒരുറുമ്പിന് ഏതോ കിളി കൊത്തിയിട്ടുകൊടുത്ത ഇലയായിരുന്നു എനിക്കു കവിത. എനിക്കു കവിത കറുപ്പായിരുന്നില്ല, മറിച്ച് ഏതോ ഔഷധമായിരുന്നു. ജീവിതത്തിലേക്കു പിടിച്ചടുപ്പിച്ച ഏതോ പ്രലോഭനമായിരുന്നു. അതുകൊണ്ടുതന്നെ മരിക്കുന്നതുവരെ കവിതയെഴുതണമെന്നും മരിക്കുമ്പോള്‍ അയ്യപ്പന്‍റെ കീശയിലുണ്ടായിരുന്നതു പോലെ ഒരു കവിത എന്‍റെയും കീശയിലുണ്ടായിരിക്കണമെന്നും എനിക്ക് ഒട്ടും നിര്‍ബന്ധമില്ല. ഒരു പ്രാര്‍ഥന പോലെ ഒരു കവിത എന്‍റെ തൊണ്ടയിലുണ്ടായിരിക്കുമെന്ന ഒരുറപ്പെനിക്കുണ്ട്. ആ കവിത ഞാനൊരിക്കലും എഴുതുകയുമില്ല.

എന്താണ്‌ താങ്കൾ കവിതയിലൂടെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്?

ഇതൊരു ക്ലാസിക്ക് ചോദ്യമാണ്. എഴുതാനിറങ്ങിയ ഓരോ വ്യക്തികവിയും അതിനു ശേഷമുരുത്തിരിഞ്ഞുവന്ന വ്യക്തി+കവിയും എക്കാലത്തും നേരിടേണ്ടിവന്ന ചോദ്യം. അതിന്‍റ ഉത്തരങ്ങള്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. അതിനു കാവ്യചരിത്രത്തോളം പഴക്കമുണ്ടെന്നതു തന്നെ കാരണം. ഈ ചോദ്യത്തിന്റെ ക്ലാസിക്കല്‍, നിയോ ക്ലാസിക്കല്‍, ആധുനിക, ഉത്തരാധുനിക, ഉത്തരാധുനികാനന്തര ഉത്തരങ്ങളിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല. സാഹിത്യപ്രസ്ഥാന ചരിത്രങ്ങളിലും മറ്റും അതു സവിസ്തരം പ്രതിപാദിച്ചിട്ടുള്ളതിനാല്‍
കൃത്യമായി പറയട്ടെ, എന്‍റെ കവിത പ്രകടിപ്പിക്കുന്നത് ഞാനെന്ന വ്യക്തിയുടെ വൈയക്തികമായ ആഗ്രഹങ്ങളോ കാമങ്ങളോ മോഹഭംഗമോ പ്രതിഷേധങ്ങളോ ഒന്നുമല്ല. അവിടെ ഞാനെന്ന പുറം വ്യക്തിക്കും അകംവ്യക്തിക്കും ഒന്നും ചെയ്യാനില്ല. എന്‍റെ കവിത പ്രകടിപ്പിക്കുന്നത് ഓരോ വായനക്കാരന്‍റെയും സംഘര്‍ഷങ്ങളാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരു വ്യക്തിയെന്ന നിലയില്‍, സമൂഹം നോക്കുന്ന സമയത്ത്, ഒരു അല്ലലുമില്ലാത്ത ഒരാളാണു ഞാന്‍. എല്ലാമുണ്ടായാലും ഒരാളുടെ മനസിന്‍റെ അകത്തുള്ള ആന്തരിക സംഘര്‍ഷങ്ങളുണ്ടല്ലോ, മോഹഭംഗങ്ങളുണ്ടല്ലോ, കാമനകളുണ്ടല്ലോ അതാണു കവിതയായി പുറത്തുവരുന്നത് എന്നു വിശ്വസിക്കുന്നയാളല്ല ഞാന്‍. എങ്കില്‍ എനിക്കു പറയാന്‍ ചില കാര്യങ്ങളുണ്ടല്ലോ, രാജാവു നഗ്നനാണെന്നു പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണല്ലോ, അതാണു കവിതയെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എന്‍റെ കവിത എനിക്കു പറയാനുള്ളതല്ല. എന്‍റെ മാനിഫെസ്റ്റോ അല്ല . ചുരുക്കിപ്പറഞ്ഞാല്‍, എന്‍റെ വ്യക്തിപരമായ അടയാളങ്ങളൊന്നുമില്ലാത്തതാണ് എന്‍റെ കവിത. വായനക്കാരനു പറയാനുള്ളതാണ്, അവന് അല്ലെങ്കില്‍ അവള്‍ക്കു സ്വപ്നം കാണാനുള്ളതാണ് എന്‍റെ വാക്കുകള്‍.
എന്‍റെ കവിതകള്‍ ഫേസ് ബുക്കിലും ബ്ലോഗിലും വായിച്ച്, ഞാനെന്തോ കടുത്ത വിഷാദരോഗത്തിനടിമയായിരിക്കുകയാണെന്നും ഉടന്‍ ആത്മഹത്യ ചെയ്യുമെന്നും പേടിച്ച് എന്നെ സമാശ്വസിപ്പിച്ച, ചേച്ചിയുടെ പ്രായമുള്ള ഒരു വായനക്കാരിയുണ്ട് എനിക്ക്. കവിതയെ കവിയെന്ന വ്യക്തിയുമായി ചേര്‍ത്തുവായിച്ചുപോകുന്നതു കൊണ്ടുള്ള പ്രശ്നമാണ് ഇത്. മുന്‍കാലത്തെ വ്യക്തികവിയുടെ കാര്യത്തില്‍ ഇതു ശരിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല.

ഇതിനു വേറെയൊരു വശവുമുണ്ട്. ഇന്നത്തെ വിപണിവത്കൃത സമൂഹത്തില്‍ കവിത മാത്രമാണ് ഒരു ഉല്‍പ്പന്നമായി മാറാത്ത ഏക എഴുത്ത് രൂപം. സിനിമാപാട്ടു കവിതയും കാസറ്റ് കവിതയും ഉല്‍പ്പന്നങ്ങളായി നേരത്തേ മാറിക്കഴിഞ്ഞു. കവിത ഒരു ഉല്‍പ്പന്നമായി മാറാതെ ഇന്നും നിലനില്‍ക്കുന്നത് അതിന്‍റെ പ്രത്യേക ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവു കൊണ്ടുമാത്രമല്ല. വ്യക്തികവിയില്‍ നിന്നു കവിത വ്യക്തിയുടെ അടയാളങ്ങളില്ലാത്ത കവിതയായി മാറിക്കൊണ്ടിരിക്കുന്നു. ആശാന്‍റെ കവിതകള്‍, പിയുടെ കവിതകള്‍ എന്നു വിശേഷിപ്പിക്കുന്ന രീതി തന്നെ മാറിപ്പോയേക്കും. എഴുത്തുകാരന്‍ മരിക്കുന്നു എന്ന പടിഞ്ഞാറന്‍ വിശേഷണം വേറൊരു രീതിയില്‍ മാറ്റിപ്പറയാന്‍ ശ്രമിക്കുകയല്ല. പുതിയ കാലത്തെ കവിതകളെങ്കിലും കവിയില്‍ നിന്നു സ്വന്തമായ അസ്തിത്വമുണ്ടാക്കും എന്ന് ഉറപ്പാണ്. അവ അതതു കാലത്തെ പുതുകവിതകളായി കണക്കാക്കപ്പെടും. കവിത അത്രമേല്‍ മാറിക്കൊണ്ടിരിക്കുന്നു. കവിവ്യക്തിയുടെ അടയാളങ്ങളോ സിഗ്നേച്ചറോ ഇല്ലാത്ത കവിത. എഴുതിക്കഴിയപ്പെട്ടിരിക്കുന്നതിനാല്‍ അതു വായനാസമൂഹത്തിന്‍റെ കവിതയായി മാറും. വായനാസമൂഹത്തിന്‍റെ മനസിന്‍റെ ഇസിജിയാണ് എന്‍റെ കവിത. അവിടെ എന്‍റേതായി ഒന്നുമില്ല. എന്നുവച്ചു വായനക്കാരനു വേണ്ടി ഉണ്ടാക്കിക്കൊടുക്കുന്ന പലഹാരപ്പൊതിയല്ല കവിത. ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ വെമ്പുന്ന വായനക്കാരന്‍റെ ആ മനസുണ്ടല്ലോ അതിനു ഭാവനയുടെ തൂവല്‍ക്കനവും പറക്കാന്‍ വേണ്ട കുതിപ്പും നിറക്കുകയാണ്. അവനോ അവള്‍ക്കോ വേണ്ടി വാക്കുകള്‍ കൊണ്ടാരു ആകാശവും പണിതുകൊടുക്കാനാണ് ഞാന്‍ ഉത്സാഹിക്കുന്നത്.

പാരമ്പര്യം നിങ്ങളെ ഏതിൽ നിന്നെല്ലാം വിട്ടുപോരാൻ പ്രേരിപ്പിക്കുന്നു.?

പാരമ്പര്യം എന്നെ സംബന്ധിച്ചിടത്തോളം ഒരു നിമിഷത്തില്‍ നിന്ന് അടുത്തതിലേക്കു കുതിക്കാനുള്ള ഊര്‍ജമാണ്. ഒരു എസ്കേപ് വെലോസിറ്റി തന്നെയെന്നു പറയാം.
പാരമ്പര്യം എന്നത് പഴമയിലേക്കു തിരിച്ചു വലിച്ചടുപ്പിക്കുന്ന ഒന്നല്ല. പലരും കരുതുന്നതു പോലെ. നമ്മില്‍ നിന്നു തന്നെ കുതറിമാറാനുള്ള ഉള്‍പ്രേ രണയാണ് അതു തരുന്നത്. പഴയ കാലമല്ല പലരും വിചാരിക്കുന്നതു പോലെ അത്. എന്നാല്‍ പാരമ്പര്യത്തെ അപ്പാടെ തള്ളിക്കളയാനുമാവില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഇന്നോളമെഴുതപ്പെട്ട ടെക്സ്റ്റ് തന്നെയാണ്. നമ്മള്‍ ഇന്ന് ഒരു വാക്ക് എഴുതുമ്പോള്‍ തന്നെ അതു കാവ്യ ചരിത്രത്തില്‍ മുമ്പു രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നു വിലയിരുത്തേണ്ടിവരുന്നു. അന്വേഷിക്കേണ്ടിവരുന്നു. ഞാന്‍ എന്റെ പ്രണയകവിതകളുടെ സമാഹാരത്തിന്‍റെ നിര്‍മിതിയിലായിരുന്നപ്പോഴാണ് ഇത് ഏറ്റവും പ്രയാസകരമായിരുന്നത്. പ്രണയത്തെക്കുറിച്ചുള്ള ഏതാണ്ടെല്ലാ ഇമേജറികളും പ്രയോഗങ്ങളും മുന്‍കാല കവികളും പാട്ടെഴുത്തുകാരും എഴുതിക്കഴിഞ്ഞിരുന്നു. നിന്‍റെ കണ്ണുകള്‍ എന്നു എഴുതിത്തുടങ്ങുമ്പോഴേ പ്രണയിനിയുടെ കണ്ണിനെക്കുറിച്ചെഴുതിയ മുന്‍കാല പാഠങ്ങളുടെ കുത്തൊഴുക്ക് മനസിലേക്കു കടന്നുവന്നുകഴിഞ്ഞിരുന്നു. അപ്പോള്‍ അതില്‍ നിന്നു ഒഴുക്കിനെതിരെ നീന്തേണ്ടിയിരുന്നു. അതു വളരെ ദുഷ്കരവുമായിരുന്നു. പുതിയ കാല പ്രണയ കവിത ഒരിക്കലും പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയായിരുന്നില്ല. പുഴയില്‍ നിന്നു സ്വന്തമായി ഒരു കൈത്തോട് വെട്ടാനും അതിലൂടെ പുതിയ കവിതയെ ഒഴുക്കിക്കൊണ്ടുവരുവാനും പ്രയാസകരമായ ദൗത്യം തന്നെയായിരുന്നു.
പാരമ്പര്യത്തിന്‍റെ ബാധ്യത തങ്ങള്‍ കൊണ്ടുനടക്കുന്നില്ല എന്നൊക്കെ കുറച്ചുകാലം മുമ്പു ആധുനികതയുടെ വാലറ്റത്തുള്ള ചില കവികള്‍ ഉച്ചൈസ്തരം ഘോഷിച്ചിരുന്നു. എന്നാല്‍ പുതിയ വരികള്‍ എഴുതുന്നതില്‍ അതില്‍ പലരും പരാജയപ്പെട്ടു പോവുകയായിരുന്നു. ആധുനികതയില്‍ തുടങ്ങി തുടങ്ങിയേടത്തുതന്നെ അവസാനിച്ചു ആ കവിതാ പരീക്ഷണങ്ങളെല്ലാം. പാരമ്പര്യത്തെ നിഷേധിക്കണം. എന്നാല്‍ അതിന്‍റെ ശക്തിദൗര്‍ബല്യങ്ങള്‍ അറിഞ്ഞുകൊണ്ടേ അതിനു കഴിയുകയുള്ളൂ
ആശാന്‍ സ്വപ്നദര്‍ശനം നടത്താത്ത ഒരു പ്രണയസങ്കല്‍പ്പം പോലുമില്ല എന്നത് എനിക്ക് പുതിയൊരറിവായിരുന്നു. അതില്‍ നിന്നു വ്യത്യസ്തമായി എഴുതുക എന്നതു ക്ലാസിക്കല്‍ പ്രണയസങ്കല്‍പ്പത്തില്‍ നിന്നു കുതറിമാറിക്കൊണ്ടു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഈയൊരു അറിവ് പാരമ്പര്യത്തെ അറിഞ്ഞുകൊണ്ടു മാത്രം ലഭിക്കുന്ന ഒന്നാണ്
പാരമ്പര്യത്തോടുള്ള കലഹത്തിലൂടെ മാത്രമേ പുതിയ എഴുത്ത് സാധിക്കുകയുള്ളൂ എന്നാണ് എന്‍റെ വിശ്വാസം. നൊസ്റ്റാള്‍ജിയ തുടങ്ങിയ കപട വികാരങ്ങളില്‍ അഭിരമിച്ചുകൊണ്ടിരുന്നാല്‍‍ എന്നും നമുക്ക് മയില്‍പ്പീലിയേയും ഈറന്‍നിലാവിനേയും കുറിച്ചു മാത്രമെഴുതാനേ സാധിക്കൂ. പ്രണയത്തിന്‍റെ ഇമേജറിയിലെ മയില്‍പ്പീലി ആകാശം കാണാതെ മുമ്പെങ്ങോ മരിച്ചുപോയിരിക്കുന്നു. എന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രണയമെന്ന വാക്കു വന്നോ അപ്പോഴേക്കും മയില്‍പ്പീലിയും ഈറന്‍നിലാവും അവതരിച്ചുകഴിഞ്ഞിരിക്കും. ക്ലാസിക്കല്‍ ഉപമകളുടെ കാലം കഴിഞ്ഞുവെന്നു മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ ഒരു പരീക്കുട്ടിയും കറുത്തമ്മാ, കറുത്തമ്മാ എന്നു വിളിച്ചുകൊണ്ടു കടല്‍ക്കരയില്‍ അലഞ്ഞുനടക്കുന്നില്ല. പ്രണയിച്ചതിനുള്ള ശിക്ഷയായ ജീവപര്യന്തം കഴിഞ്ഞു പരീക്കുട്ടി പുറത്തിറങ്ങുമ്പോള്‍, ജീവിതത്തില്‍ നിന്നു പരോളിലിറങ്ങിയ കറുത്തമ്മ പരീക്കുട്ടിയെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണുകയാണ്. രാഗിണി ഓലട്ടാക്കീസില്‍ പൊള്ളുന്ന മാറ്റിനിക്കിടെ ഒരു തീപ്പെട്ടിയുരക്കുന്നതു പോലെ അപകടകരമായ രീതിയിലായിരിക്കുന്നു പ്രണയം.

ഇന്നു പുറത്ത് വരുന്ന രചനകളിൽ തൊണ്ണൂറ് തമാനവും മാധ്യമവത്കൃതമല്ലെ?

മാധ്യമങ്ങളുടെ ഒരു സ്വഭാവമായ ഫീച്ചറുകളാണ് കവിതയെ പ്രലോഭിപ്പിക്കുന്നത്. മുമ്പും ഏതാണ്ട് അങ്ങനെയായിരുന്നു. കവിതാവിഷയത്തെ ഫീച്ചര്‍വത്ക്കരിക്കുന്നതിനു വേണ്ടിയാണ് ഉപമകള്‍ ഉണ്ടായതു തന്നെ. ഒരു കാമുകിയുടെ കൈകള്‍ പോലെ കടല്‍ത്തിരമാലകള്‍ കരയെ വരിഞ്ഞുമുറുക്കുന്നു എന്നൊക്കെയാണ് ഈ ഉപമാകേന്ദ്രീകൃതമായ ഫീച്ചര്‍ ഭാഷയുടെ ഒരു രീതി. കവിതയുടെ പ്രമേയത്തെ വല്ലാതെ വാക്കുകള്‍ കൊണ്ടുനിറക്കുകയാണ് കവിതയില്‍ ഇതിന്‍റെ സ്വാധീനത്താല്‍ ഉണ്ടാവുന്നത്. ഏതാണ്ടല്ലാ മുന്‍കാല കവിതകളിലും ഈ ഫീച്ചറൈസേഷന്‍റെ സ്വാധിനം വളരെ പ്രകടമായിരുന്നു എന്നു കാണാന്‍ വിഷമമില്ല. എന്നിട്ട് അങ്ങനെ എഴുതുന്നതാണ് യഥാര്‍ഥ കവിത എന്ന രീതിയിലുള്ള ബോധപൂര്‍വമുള്ള പ്രചാരണങ്ങളും അക്കാദമിക്ക് പണ്ഡിതന്മാരില്‍ നിന്നുണ്ടായി. സിനിമാ പാട്ടെഴുത്തുകാരും അതേറ്റു പാടിയതോടെ ഈണത്തില്‍ ചൊല്ലാവുന്ന, സുന്ദരപദാവലികളാല്‍ സമൃദ്ധമായ എന്തും കവിതയെന്ന പേരില്‍ പ്രചരിപ്പിക്കാനാണ് കഴിഞ്ഞ കാലങ്ങളില്‍ ശ്രമം നടന്നത്. കാസറ്റ് കവിതകളില്‍ പലതും ശ്രദ്ധിച്ചാല്‍ ഇതു മനസിലാവും. ഒരു ഈണത്തിനനുസരിച്ചു കൃത്രിമ ശബ്ദഗരിമയില്‍ പാടിത്തകര്‍ക്കുന്ന ഗാനകവിതകളാണ് കവിതാലാപന മത്സരത്തില്‍ പോലും കൈയടിയും ഗ്രേഡുകളും നേടുന്നത്. ഇതില്‍ കവിതയില്ലെന്ന് വിളിച്ചുപറയാന്‍ പുതിയ കവിതകള്‍ക്കേ സാധിച്ചിട്ടുള്ളൂ. കാരണം, പുതിയ കവിത എന്നാല്‍ ഈ ഫീച്ചര്‍വത്ക്കരണത്തെ അതിശക്തമായി ചെറുത്തുനില്‍ക്കുന്നുണ്ട് എന്നതു തന്നെ
മാധ്യമങ്ങള്‍ സാങ്കേതികവിദ്യയ്ക്കനുസരിച്ചു വിപ്ലവാത്മകമായി പരിഷ്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ലോകത്തിന്‍റെ ഏതു കോണില്‍ നടക്കുന്ന സംഭവങ്ങളും അപ്പാടെ അപ്പപ്പോള്‍ തന്നെ കാണികള്‍ക്കു മുന്നിലെത്തിക്കാന്‍ അവയ്ക്കാവുന്നുണ്ട്. ഒരു പക്ഷെ മണമൊഴിച്ച് മറ്റെല്ലാം. വിവരണങ്ങളായും വിഷ്വലുകളായും നിറമായും ശബ്ദമായും എല്ലാം തുറന്നുകാണിക്കുന്ന ഈ മാധ്യമവത്ക്കരണത്തിന്‍റെ കാലത്ത് കവിതയും അങ്ങനെയാകേണ്ടതില്ല. ഇന്നു കവിത നേരിടുന്ന ഏറ്റവും ശക്തമായ വെല്ലുവിളി ഇതുതന്നെയാണ്. മാധ്യമങ്ങളുടെ ശീലങ്ങളെ എതിര്‍ക്കുന്നതിലാണ് ഇന്നു കവിതയുടെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പുണ്ടാവേണ്ടത്. നമ്മുടെ മുന്നില്‍ സാങ്കേതികവിദ്യ മറനീക്കിക്കാണിക്കുന്ന വിഷ്വലുകളെ അതേപടി കവിതയില്‍ ഉപയോഗിച്ചിട്ടു കാര്യമില്ല. കാഴ്ചകളുടെ ദൃക്സാക്ഷി വിവരണമല്ല, മറിച്ചു കാഴ്ചകളെ അട്ടിമറിക്കുന്നതാണ് പുതിയ കവിത. വെറുതേ അട്ടിമറിച്ചതു കൊണ്ടുമാത്രം കാര്യമില്ല. വായനക്കാരന് ഒരു ഉള്‍ക്കാഴ്ച നല്‍കാന്‍ കൂടിയാകണം അത്. പുതിയ കാലത്തെ കവിത ആ വഴിക്കു തന്നെയാണു പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതും
മാധ്യമവല്‍ക്കരണം എന്നു താങ്കള്‍ വിവക്ഷിക്കുന്നതില്‍ മാധ്യമസൃഷ്ടി എന്നൊരു ധ്വനി കൂടിയുണ്ടെന്നു തോന്നുന്നു. അല്ലെങ്കില്‍ താങ്കള്‍ ഉദ്ദേശിച്ചത് അതു തന്നെയാണെന്നു തോന്നുന്നു. മാധ്യമങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന കവിതകളും കവികളും ഉണ്ടെന്നു തന്നെ പറയേണ്ടിവരും. അതു പലപ്പോഴും മാധ്യമങ്ങളിലെ സാഹിത്യവിഭാഗക്കാരില്‍ ചിലരുടെ പക്ഷപാതിത്വം ആയിരിക്കാം. എന്നാല്‍ അങ്ങനെ വളര്‍ത്തിക്കൊണ്ടുവന്നവരൊന്നും പില്‍ക്കാലത്ത് വലിയ മെച്ചപ്പെട്ട രചനകള്‍ നടത്തിക്കണ്ടിട്ടില്ല. മാറുന്ന കാലത്തിനനുസരിച്ച് വാക്കുകൊണ്ടു തുഴയുന്നവര്‍ക്കേ, മാറുന്ന കാലത്തിനനുസരിച്ച് ഭാവനയില്‍ സൂനാമികളുണ്ടാക്കാന്‍ കഴിയുന്നവര്‍ക്കേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പാശ്ചാത്യ സിദ്ധാന്തമനുസരിച്ചു കവിതയെഴുതാനുള്ള ബാധ്യത തനിക്കില്ലെന്നു ലബ്ധപ്രതിഷ്ഠനായ ഒരു കവി പറയുന്ന അവസരത്തില്‍ തന്നെ പുതിയ കാലത്തിനനുസരിച്ചു പുതിയ കവിത പരീക്ഷിച്ചുനോക്കാന്‍ ധൈര്യം കാണിക്കുന്ന മുതിര്‍ന്ന കവികളും ഉണ്ടെന്ന വസ്തുത ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നമുക്കെന്നും കൊന്നപ്പൂവിനെപ്പറ്റിയും ഓണനിലാവിനെക്കുറിച്ചും എഴുതിക്കൊണ്ടിരിക്കാന്‍ കഴിയില്ല. (അവ എക്കാലത്തും സഹൃദയരെ ആകര്‍ഷിക്കുന്ന പ്രപഞ്ചസത്യങ്ങളാണെങ്കിലും). ഓടയില്‍ ചത്തുവീഴുന്ന കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാതിരിക്കാനാവില്ല. ഒഴുക്കില്‍ പെട്ടുപോവുന്ന ഒരുറുമ്പിനു ഇല കൊത്തിയിട്ടുകൊടുക്കാതിരിക്കാനാവില്ല. അത്രമേല്‍ പ്രക്ഷുബ്ധവും ക്രൂരവുമായിക്കൊണ്ടിരിക്കുകയാണ് ലോകം.



പത്രപ്രവർത്തകനെന്ന നിലയിൽ, സ്വന്തം കവിതയിൽ എത്തിച്ചേരാൻ താങ്കൾക്ക് എത്ര കഷ്ടപ്പെടേണ്ടിവരുന്നുണ്ട്?

ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പു തന്നെ കവിതകളെഴുതിയിരുന്നു. ഇനി ഒരു പക്ഷെ, നാളെ പത്രപ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞതിനു ശേഷവും കവിതകളെഴുതിയേക്കാം. എന്നാല്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സ്വന്തം കവിതയില്‍ എത്തിച്ചേരാന്‍ ഒരു വലിയ കടമ്പ കടക്കേണ്ടതുണ്ട്. കാരണം പത്രപ്രവര്‍ത്തനത്തിലെ എഴുത്തുഭാഷയെ മറികടക്കലാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പത്രപ്രവര്‍ത്തന ഭാഷ രേഖീയമായ ആഖ്യാനത്തിന്‍റേതാണ്. അതില്‍ പൊടിപ്പും തൊങ്ങലും പാടില്ല. യഥാര്‍ഥത്തില്‍ സംഭവിച്ചതാണ് അല്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന വസ്തുതകളാണ് എഴുതേണ്ടത്. അതായത് ഭാവനയ്ക്കു തീരെ സ്ഥാനമില്ലെന്നര്‍ഥം. ഒരേ സമയം പത്രപ്രവര്‍ത്തകനും കവിയുമായിരിക്കുമ്പോള്‍ ഈയൊരു വൈരുധ്യത്തെ സ്വകാര്യ എഴുത്തിന്‍റെ ഓരോ നിമിഷത്തിലും അറിയേണ്ടതുമുണ്ട്. അല്ലെങ്കില്‍ രണ്ടിനേയും ഒരുമിച്ചു കൊണ്ടുപോകേണ്ടതുണ്ട്. അച്ചടിഭാഷയുടെ രേഖീയതയെ മറികടക്കുന്നിടത്താണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഞാന്‍ നേരത്തേ പറഞ്ഞതുപോലെ കവിതയെഴുതുമ്പോള്‍ ഞാന്‍ പത്രപ്രവര്‍ത്തകനല്ല. മറിച്ചു കവി മാത്രമാണ്. കവിതയുടെ വെര്‍ച്വല്‍ ലോകത്തെ നിയമങ്ങളാണ് എന്നെ ഭരിക്കുന്നത്. ഈ ദ്വന്ദ്വത്തിലൂടെ മാത്രമേ നേരത്തേ പറഞ്ഞ വെല്ലുവിളി മറികടക്കാന്‍ കഴിയൂ
എന്നാല്‍ കവിതയും എന്നെ സംബന്ധിച്ചിടത്തോളം പത്രപ്രവര്‍ത്തനം പോലെ തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അന്നന്നു കാണുന്നതിനെ വാഴ്ത്തുകയാണ് പത്രപ്രവര്‍ത്തനത്തിന്‍റെ ബാധ്യതയെന്ന പഴയ കാഴ്ചപ്പാട് മാറിത്തുടങ്ങിയിരിക്കുന്നു. യാഥാര്‍ഥ്യത്തിന്‍റെ പക്ഷം പിടിക്കുന്ന രാഷ്ട്രീയം അതു കൈക്കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. എന്തും പറഞ്ഞു വിശ്വസിപ്പിക്കാന്‍ ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ലാതായിരിക്കുന്നു. ഒരാള്‍ അതു പറഞ്ഞില്ലെങ്കില്‍ മറ്റൊരാള്‍ അതു കാണുകയും പറയുകയും ചെയ്യും. കവിതയും പുതിയ കാഴ്ചകളിലേക്കാണ് ഇന്നു നോക്കുന്നത്. ഇതുവരെ ആരാലും തിരിച്ചറിയപ്പെടാതിരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആധികളിലേക്കാണ് അതു നോക്കുന്നത്. വരേണ്യ കവികളാല്‍ നികൃഷ്ടരായി പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ട വാക്കുകളെയാണ് അതു വീണ്ടും കവിതയില്‍ തിരിച്ചു പ്രതിഷ്ഠിക്കുന്നത്.
അതേ സമയം, പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എന്‍റെ കവിതയില്‍ എത്തിച്ചേരാന്‍ എനിക്കു കൂടുതല്‍ എളുപ്പമാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കു മുന്നില്‍ തുറന്നുകിട്ടുന്ന ശരിയുടെ നേര്‍ക്കാഴ്ചകള്‍ ചിലപ്പോള്‍ മറ്റൊരാളെക്കാളും അധികമാണ്. ഈ ഉള്‍ക്കാഴ്ചകള്‍ തീര്‍ച്ചയായും എന്‍റെ കവിതയ്ക്കു പ്രോത്സാഹനമാകുന്നുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്


 പത്രപ്രവര്‍ത്തകനാകാതെ, ഒരു പക്ഷെ ഒരു മരപ്പണിക്കാരനോ അധ്യാപകനോ ആയിരുന്നെങ്കില്‍ ഞാനിപ്പോള്‍ എഴുതിക്കഴിഞ്ഞ ഒട്ടുമിക്ക വരികളും ഒരിക്കലും എനിക്കെഴുതാന്‍ കഴിയുകയില്ലായിരുന്നു എന്ന് എനിക്കു തോന്നാറുണ്ട്. അക്കാദമിക് ആയ കവിതയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നത് ഈ തൊഴില്‍ തന്നെയാണ്. ഒരു പക്ഷെ കവിതയില്‍ എന്‍റേതായ ഒരു വഴി തുറന്ന് അതിലൂടെ നടക്കാന്‍ കൈത്തുണ നല്‍കിയതും. സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ അടുത്തറിയാന്‍ പറ്റുന്ന അവസരം ഇതല്ലാതെ മറ്റൊന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. മാത്രമല്ല, കേരളത്തില്‍ നിന്ന് ഒരിടക്കാലത്തേക്കെങ്കിലും വിട്ടുനില്‍ക്കാനായത് ഈ തൊഴില്‍ കൊണ്ടാണ്. കേരളത്തില്‍ തന്നെ പത്രപ്രവര്‍ത്തകനായി ഏതെങ്കിലും ബ്യൂറോയിലോ ഡസ്കിലെ ഏതെങ്കിലും കോണിലോ ഇരുന്നുപോയിരുന്നെങ്കില്‍ ഞാനിത്രയും കവിതകളെഴുതുമായിരുന്നില്ല, തീര്‍ച്ചയായും.

ഇന്നത്തെ മാധ്യമവത്കൃത ലോകത്തിനു വെളിയിലാണോ താങ്കളിലെ കവി ജീവിക്കുന്നത്?

എന്നാണ് എന്‍റെ വിശ്വാസം. മാധ്യമസൃഷ്ടിയായ അയഥാര്‍ഥ ലോകത്തിനു വെളിയില്‍ തന്നെയാണ് എന്‍റെയും എന്‍റെ കവിതയുടെയും ജീവിതം. അതുകൊണ്ടാണ് കവിതയുടെ നാട്ടുനടപ്പുകളില്‍ നിന്ന് വഴിമാറി നടക്കാന്‍ എന്‍റെ കവിതയ്ക്ക് കഴിയുന്നതും. കവിത എഴുതിയതു കൊണ്ടൊന്നും വലിയ കാര്യമില്ല, നോവല്‍ വല്ലതും എഴുതിക്കൂടേ എന്ന് എന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്നേഹപൂര്‍വം ഉപദേശിച്ച ഒരു ഒന്നാംകിട എഴുത്തുകാരനുണ്ടായിരുന്നു. ആ സമയം, എന്നെ കന്നിനോവല്‍ പുറത്തുവന്ന് ആധിക കാലം ആയിക്കഴിഞ്ഞിട്ടുമില്ലായിരുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞത്, ഞാന്‍ ഗദ്യത്തില്‍ നിന്ന് ഒരു ദീര്‍ഘാവധി എടുക്കുകയാണ്, കവിതയെഴുതാന്‍ എന്നാണ്. അങ്ങനെയെടുത്ത ഇരുപതോളം കൊല്ലത്തെ അവധി ഏതാണ്ട് തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. കവിതയുടെ സ്വന്തമായ ഒരു ലോകത്താണ് എന്നിലെ കവി ജീവിക്കുന്നത്.


അവിടെ പുറംലോകത്തിന്‍റെ നിയമങ്ങളോ വിലക്കുകളോ ഒന്നുമില്ല. ശബ്ദസുഖമുള്ള, ഈണവും ഇമ്പവുമുള്ള പാട്ടുകവിതയുടെ പ്രലോഭനത്തില്‍ നിന്നു വിട്ടുമാറി നെഞ്ചുന്തിയ, പട്ടിണിക്കോലമായ കവിതയാണ് എന്‍റേത്. അതുകൊണ്ടുതന്നെ, മാധ്യമങ്ങളുടെ കവിതാ ചര്‍ച്ചയിലോ തലമുറകളെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളിലോ എന്‍റെ കവിത ഇന്നുവരെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതിനുവേണ്ടി എന്തെങ്കിലും സ്വകാര്യ ചരടുവലികള്‍ നടത്തിയിട്ടില്ല. ഒരു ക്ലിക്കിലും കോക്കസിലും ഉള്‍പ്പെട്ടിട്ടില്ല. ഒരു മുഖ്യധാരാ പ്രസാധകനും പ്രസിദ്ധീകരണ സഹായവുമായി എത്തിയിട്ടില്ല. പുരസ്കാരങ്ങള്‍ക്കു പിന്നാലെ പോയിട്ടില്ല. അതിനായി എന്‍ട്രികള്‍ അയച്ചിട്ടില്ല. എന്നിട്ടും, പുതിയ കവിതയില്‍ എസ്റ്റാബ്ലിഷ് ചെയ്യാനായി എന്നതു തന്നെയാണ് മാധ്യമവത്കൃതമായ ലോകത്തല്ല എന്‍റെ കവിതയെന്നതിന്‍റെ ഏറ്റവും വലിയ തെളിവ്.


സ്വന്തം കവിതയുമായി താങ്കളുടെ ആഗ്രഹങ്ങളുടെ ഒരു ഏറ്റുമുട്ടൽ?

ഞാന്‍ നേരത്തേ സൂചിപ്പിച്ചു, എന്‍റെ കവിത എന്‍റെ ആഗ്രഹങ്ങളുടെ ഫോട്ടോസ്റ്റാറ്റല്ലെന്ന്. വ്യക്തിയെന്ന നിലയില്‍ ആഗ്രഹങ്ങള്‍ വച്ചു പുലര്‍ത്താന്‍ എനിക്കും അവകാശമുണ്ട്. എന്നാല്‍ എന്‍റെ കവിതയില്‍ എന്‍റെ ആഗ്രഹങ്ങള്‍ക്കും വ്യക്തിയെന്ന നിലയിലുള്ള എന്‍റെ സ്വപ്നങ്ങള്‍ക്കും സ്ഥാനമില്ല എന്നു വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്‍റെ കവിത എനിക്കു പറയാനുള്ളതല്ല. എന്‍റെ മാനിഫെസ്റ്റോ അല്ല. ചുരുക്കിപ്പറഞ്ഞാല്‍, നേരത്തേ പറഞ്ഞതുപോലെ, ഞാനെന്ന വ്യക്തിയുടെ വ്യക്തിപരമായ അടയാളങ്ങളൊന്നുമില്ലാത്തതാണ് എന്റെ കവിത.

കവിതയില്‍ ഞാന്‍ സ്വപ്നം കാണാറുണ്ട്. എന്നാല്‍ അത് എന്‍റെ സ്വപ്നമല്ല. ആത്മകഥാപരമായ ഒരു കവിത എഴുതാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്‍റെ കവിതയിലെ അനുഭവങ്ങള്‍ ഞാന്‍ കണ്ടും അറിഞ്ഞും മനസിലാക്കിയ വായനക്കാരന്‍റെ അനുഭവങ്ങള്‍ തന്നെയാണ്. വായിക്കുമ്പോള്‍ അവര്‍ അവരുടെ അനുഭവങ്ങളെത്തന്നെയാണ് വായിക്കുന്നത്.
...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...