14 Aug 2011

തൂലികയുടെ ധൈഷണിക പ്രതിരോധങ്ങൾ



                                    
 ഷാജി പുൽപ്പള്ളി


ഗ്രന്ഥനിരൂപണം
വാക്കേറ്‌ (പത്രാധിപക്കുറിപ്പുകൾ) 
നൂറനാട്‌ മോഹൻ
 ഉൺമ പബ്ലിക്കേഷൻസ്‌,
നൂറനാട്‌  .
വില 190 രൂപ

മലയാളിയുടെ സ്വത്വബോധം നിസ്സഹായതയുടെ പൊതുനിലങ്ങളിലാണ്‌ രേഖീയതയോടെ ഇപ്പോൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്‌. എത്രമാത്രം ആഴത്തിൽ ഐക്യപ്പെടാമെന്ന കര്യത്തിൽ തീവ്രമായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌ ഓരോ മലയാളിയും. തന്റെനേരേ നീണ്ടു വരുന്ന നിറതോക്കിനെപ്പോലും കളിത്തോക്കായി വ്യാഖ്യാനിച്ച്‌ ഗാഢമായ ഉറക്കത്തിലേക്ക്‌ എളുപ്പത്തിൽ വഴുതുകയാണ്‌ മുഖ്യധാരാസമൂഹം. ഇവിടെ അന്യമായിക്കൊണ്ടിരിക്കുന്നത്‌ പ്രതികരണശേഷിയാണെന്ന്‌ ആധുനികാനന്തര സമൂഹവിശകലനം നമ്മെ ബോധ്യപ്പെടുത്തുന്നു. പക്ഷം മാറിയപ്പോൾ പ്രതീക്ഷ പുലർത്തിയവർ പ്രതികരണത്തിന്റെ ഷണ്ഡത്വത്തിലേക്ക്‌ കൂപ്പു കുത്തിയതും സമകാലികസമൂഹത്തിന്റെ ജീവിക്കുന്ന ഉൽപന്നമായി നമുക്കു മുന്നിൽ നിലവിളിക്കു ന്നുണ്ട്‌.

നിർജ്ജീവതയും നിസ്സഹായതയും പൊരുത്തപ്പെടലുകളും മുഖമുദ്രയാക്കിയ ഒരു സമൂഹത്തിൽ സത്യസന്ധതയുടെ ഊർജ്ജം ഉൾക്കൊണ്ടുനടത്തുന്ന ഒറ്റയാൾ പോരാട്ടങ്ങൾ നന്മവറ്റാത്ത മനസ്സുക ളിൽ സ്ഫോടനഗാംഭീര്യം തീർക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സമൂഹത്തിന്റെ അഗാധമായ പാതാളവീഴ്ചകളെ ഒരു പരിധിവരെ പ്രതിരോധിക്കുന്നത്‌ ഇത്തരം ഒറ്റപ്പെട്ട വ്യക്തിത്വങ്ങളുടെ ധിക്കാരപരമായ നിലവിളികളാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഇതുപോലെയുള്ള മിന്നാമിനുങ്ങു വെട്ടങ്ങൾപോലും നമ്മുടെ നെഞ്ചിനെ പൊള്ളിച്ച്‌ താഴേക്കിറങ്ങുന്നത്‌.

സമകാലികസമൂഹത്തിന്റെ കടുത്ത ഉറക്കത്തിന്റെ, അഥാവാ ഉറക്കം നടിക്കലുകൾക്കുമേലുള്ള ഏറ്റവും മാരകമായ പ്രഹരമാണ്‌ നൂറനാട്‌ മോഹന്റെ 'വാക്കേറ്‌' എന്ന പത്രാധിപക്കുറിപ്പുകളുടെ സമാഹാരം. മലയാളിയുടെ ജീവിതത്തെ മാന്ത്രികതയോടെ പിടിച്ചെടുക്കുന്ന ഭീതിദമായ അവസ്ഥകളോടുള്ള തീക്ഷ്ണമായ പ്രതികരണങ്ങളാണ്‌ ഈ കൃതിയിലെ ഓരോ ചെറുലേഖനങ്ങളും. ഇടിമുഴക്കം സൃഷ്ടിക്കുന്ന പ്രതിരോധശക്തി ഈ ലേഖനങ്ങളിൽ ഘനീഭവിച്ചുകിടപ്പുണ്ട്‌. ഏതാണ്ട്‌ ഒട്ടുമിക്ക പത്രാധിപക്കുറിപ്പുകളും പിറവികൊള്ളുന്നത്‌ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്ര തടവറയിൽ നിന്നുമായിരിക്കും. അതുകൊണ്ടുതന്നെ പലപ്പോഴും പത്രാധിപക്കുറിപ്പുകൾ ഏതെങ്കിലു മൊരു ദിശയിലേക്ക്‌ ഉന്നംവെയ്ക്കുന്നത്‌ തെളിഞ്ഞുകാണാം. ഇതിൽനിന്നും വേറിട്ടൊരു കാഴ്ചയാണ്‌ 'വാക്കേറ്‌' വായനക്കാരനുവേണ്ടി കാത്തുവച്ചിരിക്കുന്നത്‌. ഒരു പ്രത്യയശാസ്ത്രത്തിന്റെ സ്വാതന്ത്ര്യ മില്ലായ്മയിൽ മുറുകി വീർപ്പുമുട്ടാൻ പത്രാധിപർ തയ്യാറാകുന്നില്ല. നൂറനാട്‌ മോഹൻ തന്റെ വിമർശക ഖഡ്ഗം സമൂഹത്തിന്റെ മുന്നിൽ നിർദ്ദാക്ഷിണ്യം വീശുമ്പോൾ, നന്മയുടെ അതിർത്തി ലംഘിച്ചു പോകുന്ന പ്രത്യയശാസ്ത്രവും മതവും രാഷ്ട്രീയവും സംസ്കാരവുമെല്ലാം വാൾമൂർച്ചയോടെ അരിഞ്ഞുവീഴ്ത്തപ്പെടുന്നു. ഹൃദയത്തിൽ തീ പടർന്നുപാഞ്ഞുനടക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ വേവലാതികൾ ഈ സമാഹാരത്തിലെ ഓരോ കുറിപ്പുകളിലും ഏറുപടക്കത്തിന്റെ പ്രഹരശേഷിയോടെ സംഭരിക്കപ്പെട്ടിരിക്കുന്നു.

1986 ഫെബ്രുവരി മുതൽ 2010 മെയ്‌ വരെ 'ഉൺമ' മാസികയിലെഴുതിയ പത്രാധിപക്കുറിപ്പുകളാണ്‌ 'വാക്കേറി'ൽ സന്നിവേശിപ്പിച്ചിട്ടുള്ളത്‌. അതാത്‌ കാലത്തുണ്ടായ സാമൂഹിക തിന്മകളോടുള്ള അക്ഷര ങ്ങളുടെ രൂക്ഷമായ ആക്രമണമായിരുന്നു ഈ കുറിപ്പുകൾ. ഉപാധികളില്ലാതെയുള്ള പത്രാധിപരുടെ ആശയപരമായ ആക്രമണത്തിൽ രാഷ്ട്രീയക്കാരും മതവും ജാതിയും സാംസ്കാരികസ്ഥാപനങ്ങളും എഴുത്തുകാരും സിനിമാപ്രവർത്തകരും തുടങ്ങി സമൂഹത്തിന്റെ ഏതാണ്ടെല്ലാ തുറകളിലും പെട്ടെവർ വിഭ്രമത്തോടെ വീണുപോകുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ കാപട്യത്തെ കൊത്തിവീഴ്ത്തിയ തൂലിക മടികൂടാതെ പ്രതിപക്ഷനേതാവിന്റെ പൊള്ളത്തരത്തിന്റെ മാറിടം പിളർക്കുന്നു. ഹൈന്ദവ ഫാസിസ ത്തെ ബോംബുവച്ചു തകർത്ത പ്രതിഷേധവാക്കുകൾ നേരേ പോകുന്നത്‌ ന്യൂനപക്ഷ ഭീകരതയുടെ വെടിപ്പുരയിലേക്കാണ്‌.

കമ്യൂണിസ്റ്റുകാരന്റെ കപടസദാചാരവാദത്തെ ഇടിച്ചുനിരത്തിയ തൂലികയെ പിന്നെ നമ്മൾ കണുന്നത്‌ ഖദറിൽ പീഡനം നടത്തുന്ന കോൺഗ്രസ്സുകാരന്റെ ഒളിത്താവളങ്ങളിലാ ണ്‌. സാമൂഹികതിന്മകൾക്ക്‌ ആമുഖമെഴുതുന്ന ഏതൊന്നിനേയും പക്ഷപാതമില്ലാതെ പത്രാധിപരുടെ ചാട്ടവാർ പിൻതുടരുന്നുണ്ട്‌. സത്യസന്ധമായ ഇത്തരം രഹസ്യനീക്കങ്ങളാണ്‌ ഈ പത്രാധിപക്കുറി പ്പുകളുടെ ചാലകശക്തി. അതുകൊണ്ടുതന്നെ ഒരു പത്രാധിപരുടെ പ്രതികരണക്കുറിപ്പുകൾ എന്നതിലുപരി സമൂഹത്തിന്റെ സൂക്ഷ്മമായ മിടിപ്പുകളിലേക്കുപോലും അതീവ ജാഗ്രതയോടെ കടന്നുകയറുന്ന നന്മവറ്റാത്ത മനുഷ്യന്റെ ഉദാത്തമായ ഉത്കണ്ഠകളാണ്‌ ഇവിടെ വിനിമയം ചെയ്യപ്പെ ടുന്നത്‌.

ഏതാനും ചില ലേഖനങ്ങൾ പത്രാധിപരുടെ വ്യക്തിജീവിതത്തിന്റെ കേന്ദ്രങ്ങളിൽ ഭ്രമണം ചെയ്യുന്നതൊഴിച്ചാൽ, ഭൂരിഭാഗം കുറിപ്പുകളും വ്യക്തിജീവിതത്തിലൂടെ സമൂഹത്തിന്റെ പൊതു ഇടങ്ങളിലേക്കാണ്‌ ക്ഷോഭത്തോടെ ഇറങ്ങിവരുന്നത്‌. തന്മൂലം ഒട്ടുമിക്ക പത്രാധിപക്കുറിപ്പുകളും സമൂഹത്തിന്റെ ജഠരജീർണ്ണതകളിൽ തട്ടി ശക്തിയോടെ പൊട്ടിത്തെറിക്കുന്നു. 'ഉൺമയുടെ നിറമെന്താണ്‌?' എന്ന പത്രാധിപക്കുറിപ്പ്‌ എഴുത്തുകാരന്റെ നിലപാടുതറയെയാണ്‌ വിശകലനം ചെയ്യുന്നത്‌. സാംസ്കാരിക മൂല്യച്യുതിക്കെതിരെ ഇടഞ്ഞുനിൽക്കുന്ന 'മനുഷ്യൻ നിത്യേന അധഃപതിക്കുന്നു' ,'കുമാരനാശാന്റെ ചരമവാർഷികാഘോഷം', 'എം.ടിക്കും അഴീക്കോടിനും ഊരുവിലക്ക്‌', 'കന്നുകാലിസാഹിത്യത്തിലെ കഴുതകൾ', 'അക്ഷരം വായിക്കാത്തവർ പുസ്തകം കത്തിക്കുന്നു' തുടങ്ങിയ പത്രാധിപക്കുറിപ്പുകൾ ഏറെ ശ്രദ്ധേയമാകുന്നത്‌ ഇതിൽ അടങ്ങിയിരിക്കുന്ന നിക്ഷ്പക്ഷതയുടെ മൂർച്ചകൊണ്ടാണ്‌. മലയാളിക്ക്‌ സദാനേരവും സംസ്കാരം വിളമ്പുന്ന കപടചിന്താപദ്ധതിയെയാണ്‌ പത്രാധിപർ പൊളിച്ചെഴുത്തിന്‌ വിധേയമാക്കുന്നത്‌. റിബേറ്റിൽ സംസ്കാരം വിറ്റഴിക്കുന്ന കപടബുദ്ധിജീവികളുടെ താത്വികശീലങ്ങളാണ്‌ ഇവിടെ പിളർക്കപ്പെടുന്നത്‌.

അധികാരം സമൂഹത്തെ ദുഷിപ്പിച്ചെടുക്കുന്നതിൽ ആധികൊള്ളുന്ന എഴുത്തുകാരനാണ്‌ നൂറനാട്‌ മോഹൻ. അധികാരത്തിന്റെ വിഷംതീണ്ടിയ ചിന്തകളെ കിട്ടിയ അവസരങ്ങളിലൊക്കെ കാഠിന്യമേറിയ ശസ്ത്രക്രിയയ്ക്ക്‌ വിധേയമാക്കുന്നുണ്ട്‌ ഇദ്ദേഹം. ഓപ്പറേഷൻ ടേബിളിലേക്ക്‌ കക്ഷിരാഷ്ട്രീയത്തിന്റെ വിലക്കുകൈകളെ മോഹൻ കടത്തിവിട്ടിട്ടില്ല എന്നതാണ്‌ ഇത്തരം കുറിപ്പുകളുടെ സവിശേഷത. അതുകൊണ്ടുതന്നെ സത്യസന്ധതയോടെ അധികാരത്തിന്റെ വിറപ്പിക്കുന്ന രൗദ്രതയെ വീക്ഷിക്കുന്ന ഏതൊരാളുടെ ചിന്തയിലും തീ കോരിയിടാൻപോന്ന നിരീക്ഷണങ്ങളാണ്‌ നൂറനാട്‌ മോഹന്റെ രാഷ്ട്രീയ വിമർശനക്കുറിപ്പുകളിൽ ഉയർന്നുചിതറുന്നത്‌. 'ഇതെന്താ കാളച്ചന്തയോ കള്ളുഷാപ്പോ' 'നഷ്ടപ്പെട്ട ജനാധിപത്യവിശ്വാസം' 'മലയാളികളും രാഷ്ട്രീയ അധഃപതനത്തിൽ' 'ഗാന്ധിശിഷ്യയായ ശോഭനാജോർജ്‌' 'മുഖ്യമന്ത്രീ ഞങ്ങൾ ലജ്ജിക്കുന്നു' എന്നീ കുറിപ്പുകളെല്ലാം രാഷ്ട്രീയ കാപട്യങ്ങളെ ഇടിമിന്നലിന്റെ മൂർച്ചയോടെ കരിച്ചുകളയുന്നുണ്ട്‌. പരിസ്ഥിതിരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന 'ഈ ഭൂമി ആരുടേതാണ്‌' 'മനുഷ്യന്റെ നെറികേടിൽ ഭൂമി വിലപിക്കുന്നു' 'കോളക്കമ്പനി എന്തുകൊണ്ട്‌ പൂട്ടുന്നില്ല' ,'കാടുവിഴുങ്ങുന്ന പയ്യാമ്പലം സ്മാരകങ്ങൾ' പോലെയുള്ള പത്രാധിപക്കു റിപ്പുകൾ അധിനിവേശത്തിന്റെ പ്രശ്നപ്പെരുക്കങ്ങളാണ്‌ ഗാഢമായ രീതിയിൽ കൈകാര്യം ചെയ്യുന്നത്‌.
ലൈംഗികച്ചൂഷണം, സ്ത്രീപക്ഷചിന്തയുടെ അനിവാര്യതകൾ, പുരുഷകേന്ദ്രീകൃത വ്യവസ്ഥയുടെ അകംപൊരുളുകൾ, ദളിത്‌ പ്രശ്നങ്ങളുടെ സങ്കീർണ്ണതകൾ, വർഗ്ഗീയതയുടെ ആഴക്കാഴ്ചകൾ, വരൾച്ച ബാധിച്ച പ്രത്യയശാസ്ത്രങ്ങൾ... തുടങ്ങി മനുഷ്യന്റെ ജൈവഭാവങ്ങൾക്ക്‌ പൊള്ളലേൽക്കുന്നിട ത്തൊക്കെ നൂറനാട്‌ മോഹന്റെ സർഗ്ഗാത്മക പ്രതിഷേധം  അഗ്നിനാളത്തിന്റെ കരുത്തോടെ ഭാഷാരൂപം കൈക്കൊള്ളുന്നുണ്ട്‌.

ഒരു കാലഘട്ടത്തിന്റെ ചരിത്രക്കണ്ണാടിയായി മാത്രം പരിമിതപ്പെടുത്തേണ്ട കുറിപ്പുകളല്ല 'വാക്കേറി'ലുള്ളത്‌. ചരിത്രത്തോടൊപ്പം നടക്കുന്ന ഒരാളിൽനിന്നും ഇത്തരം പ്രതിഷേധങ്ങൾ പ്രതീക്ഷിക്കാൻ വകയില്ല. ചരിത്രത്തിൽ സ്പർശിച്ചുകൊണ്ട്‌ ചരിത്രത്തിനു കുറുകേ നടക്കുന്നവരിൽ നിന്നേ ഇതുപോലുള്ള പോരാട്ടവീര്യങ്ങൾ ഊരിത്തെറിക്കുകയുള്ളൂ. ഇന്നിന്റെ ഗതികേടുകളും നാളെയെച്ചൊല്ലിയുള്ള ആകുലതകളും മോഹന്റെ പത്രാധിപക്കുറിപ്പുകളിൽ സ്ഫോടകശക്തിയോ ടെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ജീവിതമൂല്യങ്ങളെ കമ്പോളമൂല്യങ്ങളും അധികാരവും ചേർന്ന്‌ ഭീകര ദംഷ്ട്രങ്ങളോടെ നിർവ്വീര്യമാക്കുമ്പോൾ, സമൂഹത്തിന്റെ സ്ഥാപനവൽക്കരണങ്ങൾ ഉയർത്തുന്ന പൊരുത്തപ്പെടലുകളോട്‌ തൂലികകൊണ്ട്‌ കലാപശ്രുതി മുഴക്കുകയാണ്‌ മോഹനിലെ ധീരനായ പത്രാധിപർ. ആശയപോരാട്ടങ്ങളുടെ ഭയരഹിതമായ പടയൊരുക്കങ്ങൾ സങ്കീർണ്ണമായ വിധത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പത്രാധിപക്കുറിപ്പുകൾ, അനീതിക്കെതിരെയുള്ള രൂക്ഷമായ വിമോചന മുദ്രാവാക്യങ്ങളായി ശ്രദ്ധയോടെ പരിണമിക്കുന്നു.

പ്രതികരണത്തിന്റെ നാവരിഞ്ഞുവീഴ്ത്താനുള്ള അധികാരവർഗ്ഗത്തിന്റെ തികഞ്ഞ ധാർഷ്ട്യത്തിനുമേലുള്ള ധീരമായ താക്കീതുകൂടിയാണ്‌ 'വാക്കേറി'ലെ പത്രാധിപക്കുറിപ്പുകൾ. വ്യവസ്ഥാപിതസമൂഹം ഒരുക്കിയെടുക്കുന്ന ഒട്ടകപ്പക്ഷിയുടെ മണൽപൂഴ്ത്തൽ സൈദ്ധാന്തികതയെ അന്വേഷിച്ച്‌ ഒറ്റപ്പെട്ട അമ്പുകൾ പ്രതിഷേധത്തിന്റെ ഉലയിൽ മൂർച്ചപ്പെട്ടുവരുന്നുണ്ടെന്ന്‌ 'വാക്കേറി'ലെ പത്രാധിപക്കുറിപ്പുകൾ നമ്മെ ആധിയോടെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...