14 Aug 2011

കളി കളിച്ച് ആളാകുന്നവർ




സി.കെ.ആനന്ദൻപിള്ളയുമായി   മലയാളസമീക്ഷ ന്യൂസ് സർവ്വീസ് നടത്തിയഅഭിമുഖം

1. 'സാഹിത്യവിമർശനം' ഒരു തുറന്ന എതിരിടൽ പുസ്തകമാണോ?
= 'സാഹിത്യവിമർശനം' മനഃപൂർവ്വമുള്ള ഒരു എതിരടൽ പുസ്തമല്ല. നന്മയെ വാഴ്ത്തുകയും തിന്മയെ ഇകഴ്ത്തുകയുമാണ്‌ അതിന്റെ ഉദ്ദേശ്യം.
 ആവുന്നത്ര സത്യസന്ധമായ വിമർശനം സാധ്യമാവുക; സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ കള്ള നാണയങ്ങളെ മറനീക്കികാണിക്കുക; എഴുത്തുകാർക്കിടയിലെ ക്ലിക്കുകളും അഡ്ജസ്റ്റുമന്റുകളും  പുറത്തുകൊണ്ടുവരുക; സാംസ്കാരിക സ്ഥാപനങ്ങളുടെ അപചയത്തിനെതിരെ പൊരുതുക. തുടങ്ങിയ  കാര്യങ്ങളൊക്കെയാണ്‌ സാഹിത്യവിമർശനം ലക്ഷ്യമിടുന്നത്‌. ഇത്‌ എതിരിടൽ ആണെങ്കിൽ ആകട്ടെ; അതിൽ വിട്ടുവീഴ്ചയില്ല. നിർഭയവും നിക്ഷ്പക്ഷവുമായ സാഹിത്യ-സാംസ്കാരിക പ്രവർത്തനം. അതാണെന്റെ അജണ്ട. സാഹിത്യ-സാംസ്കാരിക ആഴങ്ങളിലെ അനുഭവങ്ങൾ തന്നെയാണ്‌ അന്യന്റെ പ്രചോദനം.

2. മുഖ്യധാരാ സാഹിത്യകാരന്മാരെ എതിർത്തുകൊണ്ട്‌ ഒരു മാഗസിൻ നടത്തുന്നതിന്റെ വെല്ലുവിളി ഉണ്ടോ?
= മുഖ്യധാരാ സാഹിത്യകാരന്മാരെ എതിർത്തുകൊണ്ട്‌ ഒരു മാഗസിൻ നടത്തുന്നത്‌ ഒരു വെല്ലുവിളിയായി എനിക്കു തോന്നിയിട്ടില്ല. എതിർപ്പിൽ മുഖ്യധാരയെന്നോ മുഖ്യമല്ലാത്ത ധാരയെന്നോ ഇല്ല. കളി കളിച്ച്‌ ആളാകുന്നവരാണ്‌ ഇന്ന്‌ പലപ്പോഴും മുഖ്യധാരയിൽ വരുന്നത്‌; യഥാർത്ഥ പ്രതികളല്ല. അവർ തുറന്നു കാട്ടപ്പെടണം. എന്റെ ഈ നീക്കത്തിന്‌ ശക്തമായ പൈന്തുണ പ്രസിദ്ധരും അപ്രസിദ്ധരുമായ എഴുത്തുകാരിൽ നിന്ന്‌ എനിക്ക്‌ കിട്ടുന്നുണ്ട്‌. അപൂർവ്വം ചില ശത്രുക്കളും ഉണ്ടാകുന്നില്ലെന്നില്ല. അതു പക്ഷേ, ഞാൻ കാര്യമാക്കുന്നില്ല.
3. എന്തെങ്കിലും ദുരനുഭവങ്ങൾ ?
= അനുഭവങ്ങൾ ഇഷ്ടംപോലെ. എന്നാൽ അതെല്ലാം ഞാൻ അതിജീവിച്ചിട്ടുണ്ട്‌. സത്യത്തിന്റെയും ധർമ്മത്തിന്റെയും പിൻബലത്തിൽ.

4. ഇന്നത്തെ പ്രമുഖ എഴുത്തുകാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ, മുൻഗണനകൾ എന്തെല്ലാമാണ്‌?
= ഇന്നത്തെ എന്നല്ല എന്നത്തേയും സ്വാധീനിച്ച/സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ പണവും പ്രശസ്തിയും തന്നെ. ഒരു വ്യത്യാസം മാത്രം അന്നും ഇന്നും തമ്മിൽ. സാഹിത്യത്തിന്‌ കാര്യമായി എന്തെങ്കിലും ചെയ്തിട്ടാണ്‌ പഴയ എഴുത്തുകാർ പണവും പ്രശസ്തിയും ആഗ്രഹിച്ചതു. ഇന്നത്തെ എഴുത്തുകാർ ലൊട്ടുലൊടുക്ക്‌ വിദ്യകൾ കാട്ടി അവ ആഗ്രഹിക്കുന്നു. സ്ഥാനമാണങ്ങളും അവാർഡുകളും അവരുടെ ദൗർബല്യമാണ്‌. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങൾ അവരെ നശിപ്പിക്കുന്നു. ഒരു നല്ല പുസ്തകം പോലും എഴുതാത്തവർക്ക്‌ സമഗ്രസംഭാവനാ പുരസ്കാരം നൽകിയ അക്കാദമി സത്യത്തിൽ അടച്ചു പൂട്ടപ്പെടണം.

5. സാംസ്കാരിക രംഗത്ത്‌ അഴിമതിയുണ്ടോ?
= സാംസ്കാരിക രംഗത്ത്‌ - സാംസ്കാരിക സ്ഥാപനങ്ങളിൽ ഇന്ന്‌ അഴിമതിയേയുള്ളു. സാഹിത്യപരവും സാമ്പത്തികവുമായ അഴിമതിക്ക്‌ ഒരു പത്തുവർഷത്തേക്കെങ്കിലും ഈ അക്കാദമികൾ അടച്ചുപൂട്ടുകയും അവാർഡുകൾ (സ്വകാര്യ അവാർഡുകൾ ഉൾപ്പെടെ) ഒന്നു നിർത്തലാക്കുകയും ചെയ്തു നോക്കു. ഗുണപരമായ മാറ്റം നമുക്കനുഭവപ്പെടും.

6. സാംസ്കാരിക മന്ത്രി വിചാരിച്ചാൽ സാംസ്കാരിക അഴിമതി പരിഹരിക്കാനാകുമോ?
= നട്ടെല്ലുള്ള ഒരു സാംസ്കാരിക മന്ത്രിയുണ്ടായാൽ സാംസ്കാരിക അഴിമതി ഒരുപരിധിവരെ പരിഹരിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ അതിന്‌ അങ്ങനെയൊരു മന്ത്രിയുണ്ടാകുമോ? ടി.എം.ജേക്കബ്ബിനോ ടി.കെ.രാമകൃഷ്ണനോ, ജി.കാർത്തികേയനോ സാംസ്കാരിക സ്ഥാപനങ്ങളെങ്കിലും നേരെയാക്കുന്നതിന്‌  ഒരു ചെറുവിരലനക്കാൻ പോലും കഴിഞ്ഞിട്ടില്ല. കെ.സി.ജോസഫിനും ഒട്ടും കഴിയുകയില്ല. അഴിമതികൾ ശ്രദ്ധയിൽപെടുത്തിയിട്ടും മുഖം തിരിക്കുകയായിരുന്നു ഇവർ. (കെ.സി.ജോസഫിന്റെ കാര്യം പറയാറാകുന്നേയുള്ളു. എങ്കിലും പ്രതീക്ഷയില്ല.)


7.സാഹിത്യ അക്കാദമി ലക്ഷ്യങ്ങളിൽ നിന്ന്‌ വ്യതിചലിച്ചോ?
= സാഹിത്യ അക്കാദമി മാത്രമല്ല ഭാഷാ ഇൻസ്റ്റിറ്റിയൂട്ടും ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചു കഴിഞ്ഞു. ആ സ്ഥാപനങ്ങൾ അപഥ സഞ്ചാരം തുടങ്ങിയിട്ട്‌ കാലങ്ങളായി.

8. താങ്കൾ തുടങ്ങി വച്ച ഈ വിചാരണ പുതിയ തലമുറയിലെ ആരെങ്കിലും ചെയ്യേണ്ടതായിരുന്നോ?
= അങ്ങനെയൊന്നും തോന്നുന്നില്ല. ഓരോരുത്തർക്കും ഓരോ സ്വഭാവമുണ്ട്‌. എന്റെ സ്വഭാവമനുസരിച്ച്‌ എനിക്കു ചെയ്യാൻ കഴിയുന്നത്‌ ഞാൻ ചെയ്യുന്നു. തന്റേടത്തോടെ ചിലതു ചെയ്യണമെങ്കിൽ സ്വാർത്ഥതകൾ വെടിഞ്ഞു സ്വതന്ത്രരാകണം. ........................എന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടില്ലേ?

9. താങ്കളുടെ സാഹിത്യ അക്കാദമി ജീവിതം എന്താണ്‌ പഠിപ്പിച്ചതു?
=സാഹിത്യ അക്കാദമി ജീവിതെ എന്നെ പഠിപ്പിച്ചതു, ഒന്നും ചെയ്യേണ്ട വെറുതെ ഇരുന്ന്‌ ശമ്പളം വാങ്ങിക്കൊണ്ടു പോയാൽ മതി എന്നാണ്‌. എന്തെങ്കിലും ചെയ്താൽ ശത്രുതയുണ്ടാകുമെന്നും ഞാൻ പഠിച്ചു. അനീതിയുടെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമാണിവിടം. എഴുത്തുകാർക്ക്‌ സ്ഥാപനങ്ങൾ അലങ്കരിക്കാനുള്ള ഒരിടം. അപ്രഗൽഭരായവർക്ക്‌ ഉദ്യോഗം നേടാനുള്ള ഒരു സങ്കേതവും.

 അക്കാദമിയിൽ നട്ടെല്ലുള്ള ഒരെഴുത്തുകാരനേ പ്രസിഡന്റായി വന്നിട്ടുള്ളു. പി.സി.കുട്ടികൃഷ്ണൻ. തന്റേടമുള്ള ഒരെഴുത്തുകാരനേ അംഗമായിരുന്നിട്ടുള്ളൂ. സി.പി. ശ്രീധരൻ.
 എന്റെ അനുഭവത്തിൽ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക സ്ഥാപനം കോട്ടയത്തെ എസ്‌.പി.സി.എസ്‌ ആയിരുന്നു. എന്റെ കഴിവുകളെ വളർത്തിയത്‌ അവിടത്തെ ആറുവർഷത്തെ ജീവിതം. എന്റെ കഴിവുകളെ തളർത്തിയത്‌ അക്കാദമിയിലെ 25 വർഷത്തെ ജീവിതവും. പക്ഷേ എസ്‌.പി.സി.എസ്‌ ഇന്ന്‌ ഇല്ലാതാക്കി. ജീവിതത്തിലെ (എന്റെ) ഒരേയൊരു ദുഃഖം അതുമാത്രം.
 ഇച്ഛാശക്തിയുണ്ടെങ്കിൽ തന്റേടമുണ്ടെങ്കിൽ ഏതു സ്ഥാപനത്തേയും മാറ്റിയെടുക്കാൻ കഴിയുമെന്ന്‌ എന്റെ ചുരുങ്ങിയ കാലത്തെ ലളിതാകലാ അക്കാദമി- സംഗീതനാടക അക്കാദമി സെക്രട്ടറി സ്ഥാനങ്ങൾ എന്നെ പഠിപ്പിച്ചു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...