14 Aug 2011

വൈകി വന്ന വസന്തം





നിലയ്ക്കലേത്ത്‌ രവീന്ദ്രൻനായർ

 മരക്കൂട്ടങ്ങൾക്കു താഴെ വെയിൽ ചായുകയും പശ്ചിമാംബരം നവോഢയുടെ കപോലങ്ങൾപോലെ ശോണിമ പരത്തുകയും ചെയ്ത ഒരു സായംസന്ധ്യയിൽ ചുണ്ടിൽ പാലൊളി വിതറുന്ന പുതുപുഞ്ചിരിയുമായി ശാരിക വന്നു.
 കതിർകുലകളാൽ തലചായ്ച്ചു നിൽക്കുന്ന നെൽച്ചെടികൾക്കു നടുവിലൂടെ നീണ്ടുനിവർന്നു കിടക്കുന്ന ഗ്രാമപാതയ്ക്കരുകിൽ അസ്തമയസൂര്യനെ നോക്കി നിൽക്കുകയാണെങ്കിലും ശാരികയുടെ വരവായിരുന്നു തന്റെ ലക്ഷ്യം.
 ഇരുട്ടിന്റെ നേരിയ ആവരണം ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാൻ തുടങ്ങിയപ്പോൾ, കണ്ണുകളിലെ ആലസ്യം ഒളിപ്പിച്ചുവച്ച്‌ ശാരി വെളുക്കെ ചിരിച്ചു.
"ഹായ്‌...കണ്ണൻ..."
എന്തെങ്കിലുമൊന്നു പറയാൻ തുടങ്ങുന്നതിനു മുമ്പ്‌ അവർ ഓടി അടുത്തു വന്നു. മുല്ലമൊട്ടുകൾ പോലെയുള്ള ദന്തനിരകൾ കാട്ടിയുള്ള അവളുടെ ചിരിയിൽ ലയിച്ച്‌, ഇളകിമറിയുന്ന അവളുടെ നിലോൽപന നയനങ്ങളിൽ ദൃഷ്ടികൾ ഉടക്കി നിൽക്കേ അവളുടെ നേർത്ത സ്വരം കർണ്ണപുടങ്ങളിൽ അലയടിച്ചു.
"എന്റെ കണ്ണാ...അസ്തമയസൂര്യനെ നോക്കി നിൽക്കുന്നത്‌ നല്ലതല്ല"
"എന്റെ ശാരിക്കുട്ടി..."
തന്റെ ഹൃദയമിടിപ്പിനു വേഗതകൂടിയത്‌ അവൾ മനസ്സിലാക്കി.
അതേ...ഞാൻ തന്നെ... കണ്ണന്റെ ശാരിക്കുട്ടി. ഇളകിമറിയുന്ന കണ്ണുകൾ ചിമ്മി അവൾ തലകുലുക്കി. 'എന്താ...ഞാൻ വരില്ലെന്നു വിചാരിച്ചോ'?
'ഇരുകവിളിലും നുണക്കുഴികൾ വിരിയുന്ന നിന്റെ ചിരിക്ക്‌ എന്തു ഭംഗി!!
ഒരിടത്ത്‌ പല്ലെടുത്ത കുഴിയാണ്‌. അവൾ വീണ്ടും ചിരിച്ചു. അവളുടെ ചിരിയിൽ മയങ്ങി താനും ചിരിക്കാൻ ശ്രമിച്ചു.
അവളിൽ നിന്ന്‌ കണ്ണുകൾ പറിച്ചെടുത്ത്‌ കൈകൾ കൂട്ടിച്ചേർത്ത്‌ വഴിയോരം ചേർന്നു നടക്കുമ്പോൾ മനസ്സ്‌ ഓർമ്മകളുടെ പറപ്പുകളിലേക്ക്‌ കടന്നുപോയി.
മാസികയിൽ ഞാനെഴുതിയ കഥയെ ശ്ലാഘിച്ചുകൊണ്ട്‌ ഒഴുകിയെത്തിയ ടെലിഫോൺകോൾ. ടെലിഫോണിൽകൂടി ഉരുത്തിരിഞ്ഞ സുഹൃദ്ബന്ധം.
ഹൃദയബന്ധങ്ങളുടെ പുതിയ അർത്ഥതലം കണ്ടെത്തിയപ്പോൾ രഘുനന്ദൻ എന്ന താൻ അവളുടെ കണ്ണനായി പരിണമിക്കുകയായിരുന്നു.
കണ്ണൻ പറയാറുണ്ടല്ലോ രക്ഷസ്സുതറയും അതോടു ചേർന്ന കാവും കാവിൽ ഉത്സവങ്ങളുമുള്ള കണ്ണന്റെ ഗ്രാമത്തെപ്പറ്റി.
അതേയെന്നു ഞാൻ തലയാട്ടി.
പകലന്തിയോളം പാടത്തു പണിയെടുത്ത്‌ സന്ധ്യയ്ക്കു കുടിലിലെത്തി കള്ളുകുടിച്ച്‌ ശണ്ഠയിടുന്ന ചെറുമദമ്പതികൾ. ഓണം അടുക്കാറാകുമ്പോൾ ചെറുമക്കോളനികളിൽനിന്ന്‌ ഉയരുന്ന സന്തോഷത്തിന്റെ അലയടികളിൽ കുരുങ്ങിക്കിടക്കുന്ന കോലടിപ്പാട്ടുകൾ. കഴിഞ്ഞുപോയ പ്രതാപത്തിന്റെ ഓർമ്മകൾ മനസ്സിൽ താലോലിച്ച്‌, കേറിക്കിടക്കാൻ ഇടമില്ലാതെ, ആൽത്തറയിൽ അന്തിയുറങ്ങുന്ന അമ്പാട്ടുകുറുപ്പിന്റെ അവസാനത്തെ കണ്ണി. കാവിലെ പടയണി. ഉറഞ്ഞാടുന്ന തെയ്യങ്ങൾ. കൽപന കേൾക്കാൻ കാൽത്തുട്ടുകളുമായി തിക്കിത്തിരക്കുന്ന ഗ്രാമീണർ. എല്ലാം പഴയതുപോലെയാണോ കണ്ണന്റെ ഗ്രാമത്തിൽ. ശാരിയുടെ ആകാംക്ഷ.
' ചാണകംമെഴുകിയ ഉമ്മറക്കോലായിൽ മുനിഞ്ഞു കത്തുന്ന റാന്തൽവിളക്കുമായി ഒരമ്മ മകനെയും കാത്ത്‌ രാവേറെ ചെല്ലുന്നതുവരെ കാത്തിരിക്കാറുണ്ടോ ഇപ്പോഴും.'
ഞാൻ മിണ്ടിയില്ല. ശാരി തുടർന്നു
'ഇഴപൊട്ടിയ ദാമ്പത്യബന്ധം ഏൽപ്പിച്ച വേദനയിൽ ചിറകറ്റ പറവയെപ്പോലെ പിടയുന്ന മനസ്സുമായാണോ ഇപ്പോഴും മകൻ കയറിച്ചെല്ലുന്നത്‌'.
എന്തോ എനിക്കറിയില്ല.
തന്റെ ശബ്ദത്തിൽ നിരാശയും ദുഃഖവുമുണ്ടെന്നു മണത്തറിഞ്ഞ ശാരി തെല്ലിടെ മൗനം പൂണ്ടു.
'എത്രയോ തവണ കണ്ണൻ ക്ഷണിച്ചതാണു വരാൻ. ഇതിനെല്ലാം സമയമുണ്ടെന്നു ഞാൻ പറയാറുണ്ടായിരുന്നല്ലോ. ഇതാ ഞാൻ വന്നിരിക്കുന്നു. ഇന്നു ഞാൻ കണ്ണന്റെകൂടെ കണ്ണന്റെ ഗ്രാമത്തിൽ വരുകയാണ്‌.
ഒരിക്കലും കാണാത്ത ശാരിക്കുട്ടിയെ കാത്തിരുന്ന്‌ അമ്മ മടുത്തു. അയൽക്കാർ പലരും പറയുമായിരുന്നു.
ഇനിയും കഴിഞ്ഞകാല ദുഃഖവും പേറി നടക്കാനാണോ ഉദ്ദേശ്യം. ശാരിക്കുട്ടിക്കു സമ്മതമാണെങ്കിൽ വിളിച്ചുകൊണ്ടു പോന്നൂടെ'?
കൊണ്ടുവരാമായിരുന്നു. പക്ഷേ...
അനുനിമിഷം ആടിയുലയുന്ന മനസ്സിന്നുടമയുടെ ഒരുപാടു പക്ഷേകളിലൂടെ ഒളിച്ചോടുകയായിരുന്നു മനസ്സ്‌. ഒടുവിൽ ഇതാ വൈകിയാണെങ്കിലും തന്റെ ജീവിതത്തിന്റെ വസന്തം എത്തിയിരിക്കുന്നു.
ഇരുട്ടിൽ തപ്പിത്തടഞ്ഞു നടന്നു. ആകാശത്ത്‌ ഒരു കുഞ്ഞു നക്ഷത്രംപോലുമില്ല. തണുത്ത കാറ്റു വീശുന്ന വയലിനു കുറുകെ നടന്നപ്പോൾ മുന്നിൽ നാവു നഷ്ടപ്പെട്ട പുഴ. പാടത്തെ പശപ്പുള്ള മണ്ണിൽ തെന്നുന്ന കാലുകളുമായി പുഴക്കരയിലെത്തിയപ്പോൾ ശാരി പറഞ്ഞു.
കണ്ണൻ പറയാറുണ്ടായിരുന്ന കൈതപ്പൂവിന്റെ മണം ഇനി ഈ പുഴക്കരയിലുണ്ടാവില്ലേ? വിരൽവച്ചാൽ മുറിയുന്ന ഒഴുക്കും ഒഴുക്കിൽ ചാടിക്കളിക്കുന്ന പരൽമീനുകളും ഇനി ഈ പുഴയിൽ ഉണ്ടാവില്ലേ?
'എന്തോ എനിക്കറിയില്ല.'
രാത്രിയുടെ കറുത്ത മൗനത്തിൽ ശാരിക്കുട്ടിയുടെ മുഖഭാവമെന്തെന്നു കണ്ടില്ല.
ശാരിക്കുട്ടിയുടെ ഇടുപ്പിൽ കൈചുറ്റി ചേർത്തു നിർത്തി വഴുവഴുപ്പുള്ള വരമ്പിൽക്കൂടി ബാലൻസുപിടിച്ചു പോകുമ്പോൾ അവൾ മൊഴിഞ്ഞു.
'വിയർപ്പു നാറുന്നുണ്ടാവും.'
അവളുടെ വിയർപ്പിന്‌ കൈതപ്പൂവിന്റെ ഗന്ധമാണെന്ന്‌ ഞാനറിഞ്ഞു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...