ഡോ.കെ.ജി.ബാലകൃഷ്ണൻ
നേരം നിരങ്ങിനീങ്ങുന്നത്, ചിലപ്പോൾ
സംശയം-പോക്കോ വരവോ
പോക്ക് വരവോ?
കാറ്റ്പോലെ, മടിച്ച് മടിച്ച്
മൗനത്തിന്, അതിരെഴായ്മയുടെ
താളമായി ചുവർക്ലോക്ക്
പകലിന്റെ പിറുപിറുപ്പിൽ
നേരത്തിന്റെ ഞരക്കം
അറിഞ്ഞതേയില്ല
ഇപ്പോൾ, പാതിരാവിന്റെ
വെറുങ്ങലിപ്പിൽ
നിന്റെ ടിക്ക് ടിക്ക്; എന്റെയും
പൊഴുത്-
ഒന്നിന് പരുപരുത്ത്,
ഒന്നിന് മിനുമിനുപ്പ്.
വീർപ്പിന് മണം, ചൂര്
ചൂട്, ഈർപ്പം;
വെളുപ്പ്, കറുപ്പ്
കാറ്റിന്, എല്ലാമെല്ലാം-
എന്തെല്ലാം? -
നുകരണം, പേറണം?
അകം പുറമറിയണം,
ലീനം ലായകത്തെ
തിരസ്കരിക്കുന്നതെന്തുകൊണ്ട്?
എപ്പോൾ?
അലിഞ്ഞലിഞ്ഞ് ഒന്നാകുന്നത് അലിവ്.
നീരിലൊരിക്കലുമലിയാ, അല്ല-
ഒന്നിലുമൊന്നാകാ,
അലിവളവിൻ ഇല്ലായ്മ-
അതേത്?
നേര്? നുണ?
നേര്, മധുരമായി-
പുഴ, ആഴിയുടെ ആഴമായി
നുണ, കടലാസുതോണിയായി
പരപ്പിലലഞ്ഞ് ഗതികിട്ടാപ്രേതമായി.
രാവ്, ഇരുളായി
നീന്തമറിയാമനമായി
ആകാശനീലിമയിൽ
നക്ഷത്രത്തിന് കൂട്ടായി.
നിലാവ്, ഇരുൾവിഴുങ്ങിപ്പക്ഷിയായി
അന്തമില്ലായ്മയിൽ
പറന്ന് പറന്ന്
ഉള്ളുറക്കത്തിൽ ലയിച്ച്
വെളുത്തവാവായി.
വെറുതെ, ചിലപ്പോൾ
ഓടിയെത്തുന്ന,
വീശിയകലുന്ന,
പൊരുളറിയാത്തിരപോലെ,
ഉള്ളനക്കം; നേരം.
പലനിറത്തിൽ, സ്വരത്തിൽ;
നീളം, വീതി, ആഴം.
നേരവും നേരും ഇഴപിരിഞ്ഞ്
അതിരറിയാക്കയറായി
അളവിന് അളവായി, ഏഴാഴിപ്പൊരുളായി
ചുരുളഴിഞ്ഞ്, എഴിനെയറിഞ്ഞ്
ഇനി, ഒരു കുഞ്ഞുകാറ്റിന്റെ
സ്വകാര്യത്തിന് കാതോർത്ത്
അകലെ മുനിയുന്ന തിരിവെളിച്ചത്തിന്
കൺകാത്ത്, നേരംവന്നും പോയും.