18 Mar 2012

‘പെണ്ണിന് ഉടലാണോ തലയാണോ പ്രാധാന്യം?’

ഷീബാ രാമചന്ദ്രൻ

അങ്ങനെ ഒരു വനിതാദിനം കൂടി പൊഴിഞ്ഞു. വാസ്തവത്തില്‍ വനിതാദിനം ആചരിച്ചത് സോഷ്യല്‍ മീഡിയ ആണെന്ന് തോന്നിപ്പോയി. ഏറെ സന്തോഷം തോന്നിയത് വനിതാദിനം വാസ്തവത്തില്‍ ആചരിച്ചത് വനിതകളെക്കാള്‍ പുരുഷന്മാരായിരുന്നു എന്നതാണ്. (ഇത് സോഷ്യല്‍ മീഡിയയില്‍ സഞ്ചരിച്ചപ്പോള്‍ തോന്നിയ സംശയമാണ് കേട്ടോ)
നല്ല പുരുഷന്റെ തണലുള്ള വനിതകള്‍ക്ക് എന്തിനാണ് ഒരു വനിതാദിനം‘ എന്ന് ചോദിച്ച പ്രതീകാത്മക പോസ്റ്റുകള്‍, വനിതാദിന ചരിത്രം ഉള്‍കൊള്ളിച്ചു കൊണ്ട് തികച്ചും മാതൃകാപരമായി. വനിതാദിനത്തെ വരവേറ്റ പോസ്റ്റുകളേറെയും ചിന്തനീയമായിരുന്നു. എന്നാല്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാനായത് (എന്തൊക്കെ പുകിലായിരുന്നു മലപ്പുറം കത്തി.. തൃശ്ശൂര് പടക്കം.. എറണാകുളം വാള്..) തെങ്ങില്‍ കയറുന്ന സ്ത്രീകളുടെ ചിത്രവും മദ്യപിക്കുന്ന സ്ത്രീകളുടെ ചിത്രവും നല്‍കി ‘രാത്രി കാലങ്ങളില്‍ നമ്മുടെ പെണ്ണുങ്ങള്‍ക്ക് ബാറില്‍ വന്നിരുന്നു രണ്ടു പൈന്റടടിക്കാന്‍ ഉള്ള സ്വാതന്ത്ര്യവും സമത്വവും നല്‍കൂ‘ എന്നതും ‘തെങ്ങുകയറ്റം സ്ത്രീകളുടെ കുലത്തൊഴിലാക്കി പ്രഖാപിക്കൂ‘ എന്നതുമായിരുന്നു. ആ പോസ്റ്റികളിലെ പോസിറ്റീവ് നിലപാട് തറയില്‍ നിന്ന് നോക്കിയപ്പോള്‍, ദോഷം പറയരുതല്ലോ ഞങ്ങള്‍ വനിതകള്‍ക്ക് അത് ഏറെ ചിരിക്കാന്‍ ഇട നല്‍കി, കൂടെ  ചിന്തിക്കാനും.
സ്ത്രീയുടെ യഥാര്‍ത്ഥ ശത്രു സ്ത്രീ തന്നെ ആണെന്ന് പലരും പറയാറുണ്ട്. എങ്കിലും ചില സ്ത്രീ വിരോധികളായ പുരുഷന്മാരും ഇല്ലാതില്ല. സമയവും സന്ദര്‍ഭവും ലഭിക്കുമ്പോള്‍ അത്തരക്കാര്‍ അത് കല്ലായും മുള്ളായും എറിയുക പതിവാണെന്ന് പലരും പറയുമ്പോഴും ആത്യന്തികമായി അമ്മ പെങ്ങള്‍ ചിന്താഗതിയുള്ള അഭ്യസ്തവിദ്യരായ പുരുഷന്മാരാണ് കേരളത്തില്‍ ഏറിയ പങ്കും എന്ന് തന്നെ ആണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
പുരുഷനും സ്ത്രീയും ഗ്രാമീണതലം മുതല്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് സമത്വസുന്ദരമായ ഒരു സമൂഹം, അതാകട്ടെ ഈ വനിതാദിന സന്ദേശം സമൂഹത്തിനു നല്‍കേണ്ടത്. പകരം അന്തമായ ഫെമിനിസം പുരുഷന് ഒരു പടി മുകളില്‍ സ്ത്രീക്ക് സ്ഥാനം വേണം എന്നാണ് സ്ത്രീ ഉത്‌ഘോഷിക്കുന്നത് എന്ന ഒരു തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കുന്നതിനു മാത്രമേ വനിതാ സംഘടനകള്‍ക്ക് പലപ്പോഴും കഴിഞ്ഞിട്ടുള്ളൂ. തന്മൂലം തന്നെ അവരുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പോലും വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോകാറും ഉണ്ട്. സ്ത്രീസമത്വം എന്നത്, ബാറില്‍ ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതോ, സ്ത്രീ സ്വാതന്ത്ര്യം എന്നത് തെങ്ങിന്‍ മണ്ടയില്‍ കയറുന്നതോ അല്ലെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.
സ്ത്രീ പുരുഷനേക്കാള്‍ പിന്നിലല്ല, പല മേഖലയിലും അവളും കഴിവ് തെളിയിച്ചു എന്ന് അവള്‍ അവകാശപ്പെടുമ്പോള്‍ അത് അംഗീകരിക്കാനുള്ള അവളുടെ ആഗ്രഹം. അത്ര മാത്രം അതിനെ നോക്കി കാണുക, അല്ലാതെ പിതാവിനെയും ഭര്‍ത്താവിനെയും സഹോദരങ്ങളെയും ആദരിക്കാത്ത സ്തീകള്‍ അവരുടെ മുകളിലുള്ള സ്ഥാനവും സ്വാതന്ത്ര്യവും ആണ് ആഗ്രഹിക്കുന്നത് എന്ന് തെറ്റിദ്ധരിക്കരുത്. അത്രത്തോളം ഏറി ചിന്തിച്ച് അത്ര വലിയ പദവി സ്ത്രീകള്‍ക്ക് നേടിത്തരാന്‍ ആരും ശ്രേമിച്ചില്ലെങ്കിലും, പട്ടാപ്പകല്‍ പോലും യാത്രാ വേളയിലും ജോലിസ്ഥലങ്ങളിലും എന്നു വേണ്ട നിത്യേന നാം കേള്‍ക്കുന്ന സ്ത്രീ പീഡന പര്‍വ്വങ്ങള്‍ക്ക് ഒരു അറുതി ഉണ്ടാക്കാന്‍ ഉള്ള ഒരു ചെറിയ മുറവിളി പോലും സഹോദരന്മാരില്‍ നിന്നും വനിതാദിനത്തില്‍ കേട്ടിരുന്നില്ലാ എന്നത് ഖേദകരമായി തോന്നി.
എന്തിനേറെ സ്ത്രീകള്‍ പോലും വനിതാദിനത്തില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കും നേരെ കുടുംബത്തിലും സമൂഹത്തിലും ഉയര്‍ന്നു വരുന്ന പീഡനങ്ങള്‍ക്കെതിരെ ക്രിയാത്മക നിര്‍ദേശം മുന്നോട്ടു വെച്ച് കണ്ടില്ല. എന്നാല്‍ ചില സ്ത്രീകളുടെ സ്ത്രീ വിരുദ്ധ നിലപാടുകളും ഒറ്റപെട്ടതായി കാണപെട്ടു.വനിതകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ക്ക് കാരണം വനിതകള്‍ തന്നെ ആണെന്നും. അവര്‍ വസ്ത്രധാരണത്തിലൂടെ പുരുഷന്മാരെ പ്രലോഭിപ്പിക്കുന്നു എന്ന് സൂചിപ്പിച്ച്  പീഡന വിഷയങ്ങളില്‍ അറിഞ്ഞോ അറിയാതെയോ തെറ്റ് സ്ത്രീകളുടെ ഭാഗത്താണെന്നു പരോക്ഷമായി സൂചിപ്പിച്ചു  ഒരു ലേഖനം പ്രമുഖ മലയാള പത്രം വര്‍ഷങ്ങള്‍ക്കു  മുന്‍പ് ഒരു വനിതാ ദിനത്തില്‍ പുറത്തിറങ്ങി. (അക്കാലങ്ങളില്‍  കോളിളക്കം സൃഷ്ടിച്ച സംഭവം ഉദ്യോഗസ്ഥയായ ഒരു സ്ത്രീ, പീഡനത്തിന് ഇരയായപ്പോള്‍ ഇരയെ ആക്ഷേപിച്ച് വേട്ടക്കാരന്റെ പക്ഷത്തു നിന്ന് ).
ആ പത്രാധിപരോട് രേഖാമൂലം അതിന്റെ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് അത് എഴുതിയത് ഒരു സ്ത്രീയാണ്, നിങ്ങള്‍ സ്ത്രീകള്‍ തന്നെ ആണ് സ്ത്രീകളുടെ ശത്രു എന്ന്. അത് കൂടാതെ ലേശം ശബ്ദം താഴ്ത്തി ചിരിയോടെ അദ്ദേഹം കൂട്ടി ചേര്‍ത്തു, ‘അല്ല കാര്‍ന്നോമ്മാര് പണ്ടേ പറയാറുണ്ടേ നാലു മല തമ്മില്‍ ചേര്‍ന്നാലും രണ്ടു മുല തമ്മില്‍ ചേരില്ലാന്നു.’ എന്ന് പറഞ്ഞ് വലിയ വായില്‍ ചിരിച്ചു. (ശ്ലീലവും അശ്ലീലവും അത് കേള്‍ക്കുന്നവരുടെ മാനസികാവസ്ഥ അനുസരിച്ചിരിക്കും എന്നത് കൊണ്ടും, ഞാന്‍ ഒരു ലസ്ബിയന്‍ അല്ലാത്തത് കൊണ്ടും എനിക്കതില്‍ വലിയ ‘ചിരിക്കാന്‍ ഉള്ള ഒരു സംഗതി ‘ ഉള്ളതായി ഒന്നും തോന്നിയില്ല) പക്ഷേ പേര് പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ചേച്ചി. എന്നാല്‍ ആ പത്രപ്രവര്‍ത്തകയായ ആ സ്ത്രീയെ ഫോണില്‍ ബന്ധപെട്ടപ്പോള്‍ നിമിഷ നേരം കൊണ്ട്  തകര്‍ന്നത് ഞാന്‍ അവരെ കുറിച്ച് കരുതി വെച്ചിരുന്ന ധാരണകളെല്ലാം തന്നെ.
ഇന്നും ആ സംഭാഷണം ഒരു വേദനയായി ചെവിയില്‍  മുഴങ്ങുന്നു..
അവര്‍ പറഞ്ഞത് ഏകദേശം ഇപ്രകാരം, ‘നീ എപ്പഴാ കൊച്ചേ ലാന്‍ഡ് ചെയ്‌തേ? (വിളിച്ച വിഷയം പറഞ്ഞ്’ഇതോ പത്ര ധര്‍മ്മം’ എന്നു ചോദിച്ചപ്പോള്‍ ) ഈ കൊച്ചിന് വേറെ ഒരു പണീം ഇല്ലേ? അല്ലേലും നിങ്ങള്‍ ഫ്രീലാന്‍സ്‌കാര്‍ക്ക് ഞങ്ങള്‍ പത്രക്കാരെ വിളിച്ച് കുറച്ചു പത്രധര്‍മ്മം പഠിപ്പിക്കല്‍ കൂടുതലാണ്. കൊച്ചെന്താ കരുതീത്? പീഡനം എന്നും പറഞ്ഞ് പുറത്തു വരുന്ന കേസുകളില്‍ പെട്ടവരെ  ഞാന്‍ പിന്നെ എന്താ മാമോദിസാ  മുക്കണോ? അല്ലെങ്കില്‍ പിന്നെ ഞാനിനി  സത്യവാന്റെ സാവിത്രിയാക്കി  അവരെ ചിത്രീകരിക്കാം.. കൊച്ചിനെന്തറിയാം? ഇവറ്റകള്‍ ഒന്നും ശരിയല്ലാന്നെ, കള്ള പരിഷകള്‍ പെഴയായിരിക്കുംന്നെ ഒക്കെ.. ഇവളുമാരൊക്കെ കാശും വാങ്ങി കാലും …… (എന്റെ സഭ്യത അതിവിടെ കുറിക്കാന്‍ എന്നെ അനുവദിക്കുന്നില്ല ) കിടന്നു കൊടുക്കും.. എന്നിട്ട് നാലാള് അറിയുമ്പോള്‍ പോലീസാകും, കേസ് ആകും.. ഞങ്ങള്‍ പത്രക്കാര്‍ക്ക് വലിയ ശ്രമകരമല്ലാത്ത രീതിയില്‍ നാലുപേര് വായിക്കുന്ന ഒരു പേജ് സെന്‍സെഷന്‍ വാര്‍ത്ത!, മുഖമാര്‍ക്ക് കാണണം? കുറച്ച് തൊടേം.. മുലേം  കാണിച്ച് കുറച്ച് വര്‍ണ്ണ ഫോട്ടോ. സംഗതി ക്ലീന്‍.. അന്നവിചാരം തന്ന്യാ എല്ലാര്‍ക്കും മുഖ്യം, മീഡിയക്ക് മാത്രമായിട്ട് പ്രത്യേകത ഒന്നും ഇല്ലല്ലോ. അത്രയുമൊക്കെയെ ഇതിന്റെ പിന്നില്‍ ഉള്ളു. അത്രേം കൊച്ചും അറിഞ്ഞാല്‍ മതീന്നെ. പിന്നെ കൊച്ച് ഗള്‍ഫീന്ന് കൊണ്ട് വന്ന നല്ല പെര്‍ഫ്യും വല്ലതും ഉണ്ടെങ്കില്‍ നല്ലത് നോക്കി രണ്ടെണ്ണം തറവാട്ടില്‍ കൊടുത്തേക്ക്, പിന്നെ അന്ന് എടുക്കാം എടുക്കാംന്നു പറഞ്ഞ എല്‍.. ഐ .സി.പോളിസി.അതിന് ഞാന്‍ അങ്ങോട് വരണുണ്ട്. പ്രെണ്‍ പ്രവാസിയോട്’ ‘പെര്‍ഫ്യൂം,ആണ്‍ പ്രവാസിയോട് ‘ഷാംപെയ്ന്‍’ അതല്ലേ ഇപ്പോ മീഡിയ സ്‌റ്റൈല്‍്യൂ)
ശരിയാണ് ഞാനും ചിന്തിച്ചു.. എന്ത് പത്രധര്‍മ്മം? ‘വില്‍ക്കുകയാണ് എന്റെ ധര്‍മ്മം’ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പണ്ട്  ഉദാരവല്‍ക്കരണത്തിന്റെ പറുദീസയായ പാശ്ച്യാത്യരെ പോലും ലജ്ജിപ്പിച്ച ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം നമുക്കുള്ളപ്പോഴാണോ തമ്പോല കളിച്ചു തളര്‍ന്നും, സ്വര്‍ണ മഴയില്‍ കുതിര്‍ന്നും ഏ.ബി.സി കണക്കില്‍ നമ്മുടെ കണ്ണ് ‘മഞ്ഞ’ളിപ്പിക്കുന്ന നമ്മുടെ സ്വന്തം പാവം ‘മ’ലയാള പത്രങ്ങള്‍ എന്ന ചിന്തയില്‍ നമുക്കെല്ലാം ആശ്വസിക്കാം.അത് അന്തകാല വനിതാദിനചിന്ത.
എന്നാല്‍ ഇക്കഴിഞ്ഞ വാരം കൊച്ചിയിലെ ഒരു വനിതാ സംഘടന കൊച്ചിയിലെത്തന്നെ നാലു പ്രമുഖ കലാലയങ്ങളില്‍ പതിനേഴിനും ഇരുപത്തി രണ്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ തികച്ചും അമ്പരപ്പിക്കുന്നതായിരുന്നു. എന്നാല്‍ തികച്ചും കാലിക പ്രസക്തവും. സര്‍വ്വേയില്‍  പങ്കെടുത്ത പെണ്‍കുട്ടികളോട് വനിതാ സംഘടനയിലെ അംഗങ്ങള്‍ ചോദിച്ച മൂന്നു ചോദ്യങ്ങള്‍ ഇപ്രകാരം.
ചോദ്യം ഒന്ന്: പ്രണയ വിവാഹം താല്‍പര്യപെടുന്നുവോ? ഇല്ലയോ? കാരണം?
ഉത്തരങ്ങള്‍ : ഉവ്വ് (     %)    ഇല്ല (    %)  കാരണം (
ചോദ്യം രണ്ട്: സ്വവര്‍ഗ്ഗരതി ഒരു പാപമാണെന്നു തോന്നുന്നുണ്ടോ?
ഉത്തരങ്ങള്‍ : ഉവ്വ് (     %)    ഇല്ല (    %)  കാരണം (
ചോദ്യം മൂന്ന്: ലിവിംഗ്  ടുഗതര്‍ എന്ന നവീന ആശയം ഇഷ്ടപെടുന്നോ  ?
ഉത്തരങ്ങള്‍ : ഉവ്വ് (     %)    ഇല്ല (    %)  കാരണം (
ഇന്നത്തെ വളര്‍ന്നു വരുന്ന തലമുറ ഈ ചോദ്യങ്ങള്‍ക്ക് എപ്രകാരം ഉത്തരം നല്‍കീ ഷീബാ രാമചന്ദ്രൻഎന്നതിനേക്കാള്‍ ഈ ചോദ്യം ചോദിച്ച സഹോദരിമാര്‍ക്ക് ഈ വനിതാ ദിനത്തില്‍ ചോദിയ്ക്കാന്‍ വേറെ ഏറെ ഉണ്ടായിരുന്നല്ലോ? നമ്മുടെ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയോട് ജീവിതത്തില്‍ സ്വകാര്യ ജീവിതത്തെക്കാള്‍ ഏറെ പ്രാധാന്യം സാമൂഹ്യ ജീവിതമാണെന്ന് അവര്‍ക്ക് തോന്നിപ്പിക്കും തരത്തില്‍ വേറെ എന്തൊക്കെ ചോദ്യങ്ങള്‍ ആകാമായിരുന്നു?
ഈ വനിതാ ദിനത്തില്‍ ഒരു വനിതയായി ജനിച്ചതില്‍ നിങ്ങള്‍ അഭിമാനിക്കുന്നുവോ? എങ്കില്‍., എന്തു കൊണ്ട്?
ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച, അല്ലെങ്കില്‍ പ്രചോദനം നല്‍കുന്ന  വനിതകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആര്?
സ്ത്രീ എന്ന നിലയില്‍ ഈ സമൂഹത്തോട് പുരുഷന്റെ ഒപ്പം നിന്ന് ചെയ്യാന്‍ കഴിയുന്ന കടമകള്‍ എന്ത്?
എന്നിങ്ങനെ ചോദിയ്ക്കാന്‍ ഏറെ ഉണ്ട് എന്നിരിക്കെ അവര്‍ ചോദിച്ച ചോദ്യങ്ങള്‍ കാലിക പ്രസക്തമാണെങ്കിലും ധൈഷണിക ചിന്തകളെ എത്രമാത്രം ഉണര്‍ത്തുന്നു എന്ന് ആ ചോദ്യകര്‍ത്താക്കളെങ്കിലും ചിന്തിക്കേണ്ടേ? ‘പെണ്ണിന്റെ ഉടലിനെക്കാള്‍  പ്രാധാന്യം തലയ്ക്കാണ്’ എന്ന് പെണ്ണെങ്കിലും  തിരിച്ചറിയേണ്ട  കാലം അതിക്രമിച്ചില്ലേ? ഇല്ലേ ആദരണീയ ‘പുരുഷ /സ്ത്രീ’ സുഹൃത്തുക്കളേ..?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...