ഗിരീഷ് വർമ്മ ബാലുശ്ശേരി
വന്മരങ്ങള്‍ക്കേ കൊടുങ്കാറ്റിനെ
പേടിക്കേണ്ടതുള്ളൂ....
കാറ്റിന്റെ നീണ്ട
താണ്ഡവ രാത്രികളിലൊന്നില്‍
ഇല കൊഴിഞ്ഞമര്‍ന്ന
പതുപതുപ്പുള്ള ആവരണത്തിന്നടിയില്‍
ജന്മസുകൃതത്തെയോര്‍ത്ത് ഞാന്‍ .
മുടിയഴിഞ്ഞ കാറ്റിന്റെ ഹുങ്കാരം
എന്റെ ജീവനില്‍ ഊഷ്മളതയായി.
നനവിന്റെ ഊറലിലൂടെ
കറുത്ത പശിമയുള്ള മണ്ണിലേക്ക്
ഒരു കുഞ്ഞു വേര്.
രോമരാജികള്‍ പടര്‍ന്ന കുഞ്ഞു നോവ്.
എന്റെ പൊട്ടിവിടരലലില്‍
ഞാനൊന്ന് വിജ്രംഭിച്ചിരുന്നു .
കാറ്റൊന്നു പരിഹസിച്ചു...
മഴയൊന്നു തൂവി തെറിപ്പിച്ചു...
ഞാന്‍ വളര്‍ന്നു തുടങ്ങി......
അന്ന് വീണ്ടും കാറ്റടിച്ചു.
ആ ഹുങ്കാരവത്തില്‍
രാവിന്റെ അന്ത്യയാമത്തിലാണത്രേ
അതെന്റെ തൊട്ടരുകിലായ് നിപതിച്ചത് .
ആ വന്മരം.
മണ്ണിലമര്‍ന്ന അതിന്റെ കൂറ്റന്‍ ചില്ലകളില്‍
തലചായ്ക്കാന്‍ അപ്പോള്‍ ഞാന്‍ വെമ്പല്‍ കൊണ്ടു.
അപ്പോഴും മുകളില്‍ കാറ്റങ്ങിനെ വീശി വീശി .....