പത്തുമാസം ചുമന്നാണെന്‍റെ കവിത പിറന്നത്.
നെഞ്ചാം പറമ്പിന്റെ നെഞ്ചിലേക്ക്...
പേറ്റുനോവിലും തോല്‍ക്കുന്നു ഞാനെന്‍റെ-
കുഞ്ഞിന്‍റെ അര്‍ദ്ധ പ്രാണന്‍റെ മുന്‍പില്‍...
രാവ്പുലരുന്നു, പതിവുകാഴ്ചകള്‍..
ഗരുഡന്‍ തുമ്പികള്‍ വിഷം ചീറ്റിപ്പറക്കുന്നു..
അലമുറകളിലും എന്‍റെ ഗ്രാമം നിശബ്ദമാണ്..
ആത്മാവ് നഷ്ടമായവരും ആത്മാക്കളും തമ്മിലുള്ള ഗൂഡാലോചന..!
ഒടുവില്‍ പിളര്‍ന്നതെന്‍ ഗര്‍ഭപാത്രം..
ഒഴുകിയതെന്‍റെ രക്തം..
കണക്കുപട്ടികയുടെ മേലെയിരുന്ന്‍, എന്‍റെ കുഞ്ഞ്-
ഉറക്കെ ചിരിക്കുന്നുണ്ടാവണം.
ഹൃദയതാളം തുടങ്ങുംമുന്‍പേ നടന്നവര്‍..
വിധി തീര്‍ത്ത ചിതയിലേക്ക് ആനയിക്കപ്പെട്ടവര്‍..
മരണം വിധിച്ചവന് മണ്ണ് മോചനം നല്‍കണം..
ഇവിടെയീ മണ്ണില്‍ എന്‍റെ കുഞ്ഞ് മരണം കൊതിക്കുന്നു.
എവിടെ, കോലാഹലങ്ങളില്‍ നിശബ്ദരായവര്‍?
എവിടെയെന്‍ അരുമക്കുഞ്ഞിനു സ്മാരകം പണിതവര്‍?
എനിക്കൊന്നുറക്കെ കരയണം.
താരാട്ടണം, പാലൂട്ടണം പിന്നെ-
അന്ത്യചുംബനം നല്‍കണം.
പിളരുന്ന നെഞ്ചിനു താങ്ങുനല്‍കാന്‍,-
വേണം എനിക്കൊരു....
ഗര്‍ഭപാത്രം വാടകയ്ക്ക്...!!!