മൻസൂർ ചെറുവാടി
മഴമേഘങ്ങള്‍ മാറി മാനം തെളിഞ്ഞ ഈ വൈകുന്നേരം ഞങ്ങളിരിക്കുന്നത് കാപ്പാട് കടപ്പുറത്താണ്. കുട്ടനാടന്‍ കാഴ്ചകള്‍ വിട്ട് ചെറുവാടി ഗ്രാമത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ എത്തിയ സുഹൃത്ത് പ്രകാശും ഉണ്ട് കൂട്ടിന്. ഇന്നത്തെ യാത്ര ഇവിടേക്കാവാമെന്നത് എന്റെ നിര്‍ദേശം തന്നെ. കാരണം മറ്റു തീരങ്ങളെക്കാള്‍ വിത്യസ്ഥമായി
നമ്മളേറെ ഇഷ്ടപ്പെടും ഈ തീരവും ഇവിടത്തെ അന്തരീക്ഷവും. തഴുകി തലോടി കടന്നു പോകുന്ന കാറ്റിന് ചരിത്രത്തിന്റെ നറുമണമുണ്ട്. നൂറ്റാണ്ടുകള്‍ മുമ്പ് വാസ്കോഡ ഗാമ ഇവിടെ കപ്പലിറങ്ങിയത് മുതല്‍ ചരിത്രത്തിന്റെ ഭാഗമാണല്ലോ ഈ തീരവും. സ്കൂള്‍ കാലം മുതല്‍ തന്നെ മനസ്സിലിരുപ്പുറപ്പിച്ച ചരിത്ര കഥകളെ കാറ്റിനൊപ്പം താലോലിക്കാനായി ഞങ്ങളീ പാറപ്പുറത്തിരുന്നു.
പതിവിനു വിപരീതമായി ശാന്തമായ കടലിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലേക്ക് കയറിവരുന്നു. ചെറുവാടി യു .പി .സ്കൂളിലെ ഏഴാം ക്ലാസില്‍ മുന്‍ബെഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെ , ഉപ്പ തന്നെ പഠിപ്പിച്ചു തന്ന ചരിത്ര പാഠങ്ങളിലെ കഥാപാത്രങ്ങളെ , ഇന്നീ കടപ്പുറത്തിരുന്ന് ഒന്ന് കൂട്ടിവായിക്കാന്‍ ശ്രമിച്ചു ഞാന്‍ . കടലിന്റെ അങ്ങേ തലക്കല്‍ തെളിയുന്നത് ഗാമയുടെ പായക്കപ്പലാണോ..?. ഒരു രാജ്യത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍ ഹേതുവായ ആ യാത്രയില്‍ തീരം കണ്ട ആഹ്ലാദാരവങ്ങളുടെ ശബ്ദം മുഴങ്ങുന്നതാണോ ആ കേള്‍ക്കുന്നത്. ഒരു അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണോ അറബികടലിലെ തിരകള്‍ നിശബ്ദമായത്?.
പാഠപുസ്തകത്തിലെ പേജുകള്‍ മറിയുന്നു. അപ്രത്യക്ഷമായ ഗാമയുടെ പായകപ്പലിനു പകരം മറ്റൊരു പടകപ്പല്‍ ചിത്രത്തില്‍ തെളിയുന്നു. ആ കപ്പലിന്റെ മുകളില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്നത് കുഞ്ഞാലി മരക്കാരല്ലേ. സാമൂതിരിയുടെ പടത്തലവന്‍ . പറങ്കി പടയെ ചങ്കുറപ്പോടെ നേരിട്ട പോരാട്ട വീര്യത്തിന്റെ ആള്‍രൂപം. മൂളിപായുന്ന കാറ്റിനൊപ്പം ഞാന്‍ കേള്‍ക്കുന്നത് ആ പടവാളിന്റെ ശീല്‍ക്കാരങ്ങളല്ലേ.
കുഞ്ഞാലി മരക്കാരുടെ പടകപ്പലില്‍ കയറി ഞാന്‍ സാമൂതിരി രാജാവിന്റെ ദര്‍ബാറിലുമെത്തി. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ നിന്നും എന്റെ ഓര്‍മ്മകളിറങ്ങി വന്ന് ഈ പ്രൌഡമായ രാജധാനിയില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. പ്രസിദ്ധമായ സാമൂതിരിയുടെ പണ്ഡിത സദസ്സ്. രാജ്യ തന്ത്രങ്ങള്‍. തര്‍ക്കങ്ങള്‍.
ഞാനവിടെ ഒരധികപറ്റാണ് എന്ന് സാമൂതിരിയുടെ കിങ്കരന്മാര്‍ക്ക് തോന്നിയോ. വഴു വഴുപ്പുള്ള പാറക്കെട്ടിന്റെ അടിഭാഗത്ത് നിന്നും ഒരഭ്യാസിയെ പോലെ കടലിലേക്ക് വലയെറിയുന്ന ഒരു നാട്ടുകാരന്‍ എന്നെ തിരിച്ചു വിളിച്ചു. ഞാന്‍ കടലിലേക്ക് നോക്കി. കുഞ്ഞാലിമരക്കാരുടെ പടകപ്പലും ഗാമയുടെ പായ കപ്പലും എല്ലാം പോയി മറഞ്ഞിരിക്കുന്നു. പകരം മീന്‍ പിടിക്കുന്ന കൊച്ചു വള്ളങ്ങളും അവരുടെ ആര്‍പ്പുവിളികളും മാത്രം. എനിക്ക് നിരാശ തോന്നി.
ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ഈ കടപ്പുറം നല്‍കുന്ന അനുഭവമാണിത്. തീരവും തിരകളും കാറ്റും നമ്മോട് കഥ പറയും. ഞാനിപ്പോള്‍ അനുഭവിച്ചതും അതാണ്. പറയാന്‍ കഥകള്‍ ഇനിയും ബാക്കിയെന്ന പോലെ.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. തീരത്തെ പള്ളിയില്‍ നിന്നും സുന്ദരമായ ശബ്ദത്തില്‍ മഗരിബ് ബാങ്കിന്റെ അലയൊലികള്‍. ഞങ്ങള്‍ തിരിച്ചു നടന്നു.
(ഫോട്ടോസ് എല്ലാം ഗൂഗിളില്‍ നിന്ന് )