കലാവല്ലഭൻ
മണിമേടയില്‍ വിലസീടും, അലസ്സന്നു പോലും
മണ്ഡപം തീര്‍ത്തീടുന്നൊരീ നാട്ടില്‍
മണ്ണില്‍ പൊന്‍ വിളയിച്ചിടുന്നവന്‍ യോഗം
മണ്ണിന്നു വളമായി തീര്‍ന്നീടുവാനോ
മരണം വിതയ്ക്കുന്ന നാട്ടിലിന്നും
മതിവരാ വിത്തെറിഞ്ഞീടുന്നവന്‍
മത്തുപിടിച്ചതു പോലെ അലയുന്നു
മനമൊരു കല്ലായി തീര്‍ന്നീടുന്നു
മേലാളര്‍ തന്‍ വായ്പയാം ദീപത്തിനാല്‍
മതിമറന്നുയരുന്നീയാമ്പാറ്റപോലെ
മരണക്കെണിയില്‍ ചിറകെരിഞ്ഞീടുമ്പോള്‍
മലര്‍ന്നു വീഴുന്നുടല്‍ പൊന്തിടാതെ
മങ്ങിത്തെളിയുന്ന കണ്ണുകളില്‍ വീണ്ടും
മഴവില്ലുപോല്‍ കാണുന്നു നിറശോഭകള്‍
മറക്കുന്നു വീഴ്ചകളൊക്കെയും പിന്നെ
മയില്‍പീലി പെരുകുവാന്‍ വച്ചീടുന്നു
മടിശ്ശീല ചോര്‍ത്തുന്ന രാസവളത്തിനാല്‍
മനമ്പുരട്ടു,ന്നരസിക ഭാവത്തിനാല്‍
മടുപ്പറിയിച്ചീടുന്ന മണ്ണും മറക്കുന്നു
മലര്‍ വിരിയിക്കുന്നൊരാ തന്ത്രങ്ങളും
മലപോലെ പൊന്തിയ വിലയൊക്കെയും
മലര്‍ പൊഴിയുമ്പോല്‍ നിലമ്പൊത്തിടുമ്പോള്‍
മുന്നിലിറങ്ങിയ ശൂന്യാകാശത്തിലേറി
മരണത്തെ വരിക്കുന്നീ പാവങ്ങളും
മരണം വരിക്കു,ന്നതിര്‍ത്തി കാക്കുന്നവന്നു
മരണോപരാന്തമൊരു വീരചക്രം
മണ്ണിലീ കനകം വിളയിച്ചിടുന്നോന്‍ മരിക്കില്‍
മക്കള്‍തന്‍ നഷ്ടമതൊന്നുമാത്രം
മാനത്തു നോക്കി പടവു കയറും, നമ്മളാം
മണ്ണിലിറങ്ങാത്ത മനുജര്‍ക്കുണ്ടീടുവാന്‍
മരണത്തെ പറഞ്ഞയച്ചീടേണമല്ലെങ്കില്‍
മാനത്തെ നക്ഷത്രമെണ്ണുവാന്‍ യോഗം