20 May 2012

ഫസ്ഖ്

 സൈനുദ്ധീന്‍ ഖുറൈഷി


ഴികള്‍ക്കുള്ളിലെ ഇരുട്ടില്‍
അഴലിന്‍റെ കുറിമാനം കൊണ്ടുവന്നത്
അന്തക്കാരു എന്ന അബ്ദുല്‍ ഖാദര്‍.

തിയ്യതി മാഞ്ഞൊരാ കത്തിലെ കനലാല്‍
തീയാളിയാളി പടരുന്നു നെഞ്ചകം.
രണ്ടാണ്ടിന്‍റെ നിശ്വാസഭാരം
നിറഞ്ഞ മാറിന്‍ ചൂട്,
ഊര്‍ന്നിറങ്ങിയ കണ്ണീരിനീറന്‍..!
പത്രികാഗ്രങ്ങളില്‍ നിന്ന്
വിരലിലൂടെ സംക്രമിക്കും
തടയണയിട്ട വികാരപ്രവേഗങ്ങള്‍..!



പ്രിയപ്പെട്ട ഇക്കാ…
പള്ളിയിലെ ഖത്തീബും
പള്ളിയില്‍ പോകാത്ത മാമയും
കണ്ണ് കാണാത്ത വെല്ലിമ്മയും
കണ്ണീര് തുടച്ച് പെറ്റുമ്മയും
പറയുന്നതൊന്നേയുള്ളൂ..
“കാത്തിരിക്കേണ്ടിനി-
കടല്‍ താണ്ടിയ മാരനെ,
കൊല്ലം മൂന്നാല് കഴിഞ്ഞതല്ലേ…
*ശറഇന്‍റെ വിധിയുണ്ട്
തിരുവചനമതുമുണ്ട് – മാസം
ആറിലേറെ കാക്കേണ്ടതില്ലത്രെ.

വിറയാര്‍ന്ന വിരലുകളമര്‍ത്തിയായിരുളില്‍
വിങ്ങലോടിരുന്നു പിന്നെയും വായിച്ചു.
വെറുമൊരു പെണ്ണാണ് ഞാനെന്നതും തെറ്റ്
പ്രവാസിയുടെ പെണ്ണെന്നതതിലേറെ തെറ്റ്.
കാറ്റിനാല്‍ ഞെട്ടറ്റ് വീഴാന്‍ വിതുമ്പുന്ന
കാമ്പുള്ള മാമ്പഴമാണെന്ന് നാട്ടുകാര്‍.
മന്തിരിച്ചൂതുന്ന മൊല്ലാക്കക്കും
മീനുമായെത്തുന്ന മൊയ്തുവിനും
മണ്ണില്‍ പണിയുന്ന മാധവനും
കണ്ണില്‍ വിരിയുന്നതൊറ്റ ഭാവം.
ചോരച്ചൂരറിഞ്ഞ പുലിയത്രെ- മാരന്‍
തൊട്ടുണര്‍ത്തിപ്പിരിഞ്ഞ നാട്ടുപെണ്ണ്!!
എത്ര നാളിങ്ങനെ കാത്തിരിക്കും
എല്ലാരും പറയുന്നു ഫസ്ഖ് ചൊല്ലാന്‍.
ചുളിവ് മാറാത്ത വിരിയും-വിയര്‍പ്പിന്‍
ചൂരുമുണങ്ങിയ മുല്ലപ്പൂവിതളുകളുമെന്‍
കണ്ണീരു നനച്ച തലയണക്കടിയില്‍ കരുതി
കാത്തിരിക്കാം ഞാനെങ്കിലും- പറയരുത്
കാത്തുവെച്ചതില്‍ ഉറുമ്പരിച്ചെന്നും
കട്ടെടുത്താരൊ സൂക്ഷിപ്പ് മുതലെന്നും.


ഇസ്ലാമിക നിയമമനുസരിച്ച് അനിവാര്യ ഘട്ടത്തില്‍ ഭാര്യ ഭര്‍ത്താവില്‍ നിന്ന് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനെ ഫസ്ഖ് എന്ന് പറയുന്നു.
ഹതഭാഗ്യനായ ഒരു മനുഷ്യന്‍റെ അനുഭവത്തിലൂടെ ഒരു കവിയാത്ര.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...