23 Apr 2014

സുസ്ഥിരവിലയാണ്‌ സുപ്രധാനം



കെ. എസ്‌. സെബാസ്റ്റ്യൻ
അസി. മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11
1950കളിൽ ദേശീയവരുമാനത്തിന്റെ 55 ശതമാനം കൃഷിയിൽ നിന്നും 15 ശതമാനം വ്യവസായത്തിൽ നിന്നും 30 ശതമാനം സേവന മേഖലയിൽ നിന്നുമായിരുന്നത്‌, 2010 ആയപ്പോഴേക്ക്‌ യഥാക്രമം 18%, 26 %, 56% എന്ന നിലയിലേക്ക്‌ മാറിയിരിക്കുന്നു.ഏകദേശം വികസിത രാജ്യങ്ങൾക്ക്‌  സമാനമായ ഒരു സ്ഥിതിവിശേഷമാണ്‌ ഈ മാറ്റത്തിലൂടെ രൂപപ്പെട്ടിരിക്കുന്നതെങ്കിലും വികസിത രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി 18 ശതമാനം മാത്രം ദേശീയ വരുമാനത്തിലേക്ക്‌ സംഭാവന ചെയ്യുന്ന കാർഷിക മേഖലയെയാണ്‌ 50 ശതമാനത്തിലേറെ ജനങ്ങൾ ജീവസന്ധാരണത്തിനായി ആശ്രയിക്കുന്നത്‌. ആയതിനാൽ കൃഷിയിൽ നിന്നും വരുമാനം വർദ്ധിപ്പിക്കുവാനും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജീവിത നിലവാരം ഉയർത്തുവാനുമുള്ള പ്രവർത്തനങ്ങൾ പരമപ്രധാനമായിക്കണ്ട്‌ പ്രവർത്തിക്കേണ്ടതുണ്ട്‌. കൃഷിയിൽ നിന്നും സുസ്ഥിരവും ആകർഷകവുമായ വരുമാനം ഉറപ്പാക്കുന്ന സംവിധാനം നിലവിൽ വന്നെങ്കിൽ മാത്രമേ ഈ മേഖല അഭിവൃദ്ധിപ്പെടുകയുള്ളൂ. ഇതിനാലാണ്‌  കാർഷികോൽപന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനുള്ള നയപരമായ പലതീരുമാനങ്ങളും സർക്കാർ കാലാകാലങ്ങളിൽ കൈക്കൊള്ളുന്നത്‌.  കാർഷികോൽപന്നങ്ങളുടെ വിലസ്ഥിരത കർഷകരുടെ വരുമാനസ്ഥിരതയ്ക്ക്‌ പുറമേ കാർഷികോൽപന്നങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്ന വ്യവസായ മേഖലയുടെ സുസ്ഥിരതയ്ക്കും അനുപേക്ഷണിയമാണ്‌. കാർഷികോൽപന്നങ്ങളുടെ വിലയിലെ വലിയ വ്യതിയാനങ്ങളാണ്‌ കർഷകരെ പലപ്പോഴും കാർഷിക പ്രവർത്തനങ്ങളിൽ വിമുഖരാക്കുന്നതിനുള്ള പ്രധാന കാരണമായിക്കാണുന്നത്‌.  കാർഷികോൽപന്നങ്ങളുടെ സുസ്ഥിരവും ലാഭകരവുമായ വില ഉറപ്പാക്കാൻ കഴിഞ്ഞാൽ തീർച്ചയായും കർഷകരുടെ ആത്മവിശ്വാസം ഉയരുമെന്നതിൽ സംശയമില്ല. എന്നാൽ കാർഷികോൽപ്പന്നങ്ങളുടെ വിലയിലെ സ്ഥിരത ഉറപ്പാക്കുവാൻ കഴിയുക എന്നത്‌ എല്ലാക്കാലത്തേയും വലിയ വെല്ലുവിളിയാണ്‌ താനും.
കാർഷികോൽപന്നങ്ങളുടെ വിലയിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങൾ നിയന്ത്രിക്കുവാൻ താങ്ങുവിലയിലൂടേയും, വില സ്ഥിരതാഫണ്ട്‌ പദ്ധതികളിലൂടെയും, കയറ്റുമതി ഇറക്കുമതി നിയന്ത്രണങ്ങളിലൂടേയുമൊക്കെ സർക്കാർ ശ്രമിക്കുമെങ്കിലും, പലപ്പോഴും വിജയത്തിലെത്തുന്നതായി കാണുന്നില്ല. കാർഷികോൽപന്നങ്ങളുടെ വിലയിലെ അസ്ഥിരത പരിഗണിക്കുമ്പോൾ നാളികേരത്തിനും നാളികേര ഉൽപന്നങ്ങൾക്കും മുന്തിയ സ്ഥാനമുണ്ട്‌.  നമ്മുടെ സംസ്ഥാനത്തെ പ്രധാന കാർഷിക ഉൽപന്നങ്ങളായ തേങ്ങയുടെയും റബ്ബറിന്റെയും കഴിഞ്ഞ 10 വർഷത്തെ ശരാശരി വില താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
കളാണുസൃതമായ വില വർദ്ധനവുണ്ടാകാതിരിക്കുകയും, അതോടൊപ്പം വിലയിലെ വലിയ അസ്ഥിരതയും ഈ മേഖല കർഷകർക്ക്‌ ആകർഷണീയമാക്കിയില്ലെങ്കിൽ അതിശയിക്കാനില്ല.
താങ്ങുവില താങ്ങാകാതെ വരുന്നു
നാളികേരാധിഷ്ഠിത സമ്പട്‌വ്യവസ്ഥയുടെ പ്രാധാന്യവും, നാളികേരകൃഷിയിലേർപ്പെട്ടിരിക്കു
ന്ന ചെറുകിട നാമമാത്ര കർഷകരുടെ ബാഹുല്യവുമൊക്കെ മനസ്സിലാക്കി തന്നെയാണ്‌ സർക്കാർ ഈ മേഖലയിലെ പ്രധാനപ്പെട്ട ഉൽപന്നമായ കൊപ്രയ്ക്ക്‌ താങ്ങുവിലയേർപ്പെടുത്തുവാൻ തീരുമാനമെടുത്തത്‌. നാളികേരത്തിന്‌ വിലതകർച്ചയുണ്ടാകുമ്പോൾ ഗവണ്‍മന്റ്‌ കൊപ്രയ്ക്ക്‌ താങ്ങുവില പ്രഖ്യാപിക്കുകയും സംഭരണം ആരംഭിക്കുകയും ചെയ്യാറുണ്ട്‌. എന്നാൽ വിവിധങ്ങളായ കാരണങ്ങളാൽ ഈ ഉദ്യമം ഫലപ്രാപ്തിയിലെത്തുന്നതായി മിക്കപ്പോഴും കാണുന്നില്ല. കടുത്ത സാമ്പത്തിക ബാദ്ധ്യത വരുത്തിവെയ്ക്കാവുന്നതും വർദ്ധിച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുമായ ഈ ഉദ്യമം പലപ്പോഴും നാമമാത്രമായി നടത്തി സർക്കാർ പിൻവാങ്ങുകയാണ്‌ അനുഭവം. ഭാവിയിലും ഭിന്നമായ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നത്‌ യുക്തി രഹിതമായിരിക്കുമെന്ന്‌ തോന്നുന്നു. മുൻകാലങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന താങ്ങുവിലയും നടത്തിയ സംഭരണങ്ങളും താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
തുടർന്ന്‌ കാണിച്ചിരിക്കുന്ന പട്ടിക-2ൽ നിന്നും ഉൽപന്നത്തിന്റെ 10 ശതമാനം പോലും ഈ സംഭരണ പ്രക്രിയയിലൂടെ സംഭരിക്കുവാൻ വിലത്തകർച്ചയുണ്ടായ വർഷങ്ങളിൽ കഴിഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാകുന്നു. കൂടുതൽ വിലത്തകർച്ചയിലേയ്ക്ക്‌ പോകാതിരിക്കുവാൻ ഒരു പക്ഷെ ഈ ശ്രമങ്ങൾ ഉപകരിച്ചിട്ടുണ്ടെങ്കിൽകൂടി വില
ഉയർത്തുവാൻ ഈ ശ്രമങ്ങളിലൂടെ കഴിഞ്ഞുവേന്ന്‌ ആരും വാദിക്കുമെന്ന്‌ തോന്നുന്നില്ല. തുടർ സീസണിൽ ഉൽപാദനത്തിൽ ഉണ്ടായിട്ടുള്ള ഇടിവാണ്‌ കർഷകരെ മുൻവർഷങ്ങളിലൊക്കെ വിലതകർച്ചയിൽ നിന്നും രക്ഷിച്ചതെന്ന്‌ ഈ മേഖലയെ നിരീക്ഷിച്ചിട്ടുള്ളവർക്ക്‌ ബോദ്ധ്യമുണ്ട്‌.
വിലസ്ഥിരതാ ഫണ്ടുകളും വിഫലമാകുന്നു
വാണിജ്യ വിളകളായ തേയില, കാപ്പി, റബ്ബർ, പുകയില എന്നിവയ്ക്ക്‌ വില സ്ഥിരതാ ഫണ്ട്‌ പദ്ധതി 2003 ഏപ്രിൽ മുതൽ നിലവിലുണ്ട്‌. ഈ ഉൽപന്നങ്ങൾക്ക്‌ വിലയിടിയുമ്പോൾ കർഷകർക്ക്‌ ആശ്വാസം നൽകുവാനും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാനുമാണ്‌ ഈ പദ്ധതി. ഒരംഗത്തിന്‌ 500 രൂപയെന്ന നിരക്കിൽ അംഗത്വഫീസായി കർഷകരിൽ നിന്നു ശേഖരിക്കുന്ന 17.12 കോടിയും ഗവണ്‍മന്റ്‌ ഇതിലേയ്ക്കായി നീക്കി വെച്ചിരിക്കുന്ന 482.88 കോടി രൂപയും ചേർത്ത്‌ 500 കോടി രൂപയായിരുന്നു ഈ ഫണ്ടിലേയ്ക്കായി സർക്കാർ നിശ്ചയിച്ചിരുന്നത്‌. വിലയിടിയുമ്പോൾ (കഴിഞ്ഞ 7 വർഷ അന്താരാഷ്ട്രവിലയുടെ ശരാശരിയിൽ നിന്നും 20% വില കുറയുമ്പോൾ) സർക്കാർ കർഷകന്‌ ആശ്വാസമായി 1000 രൂപ നൽകുകയും, വില വ്യതിയാനം 20 ശതമാനത്തിനുള്ളിലാണെങ്കിൽ കർഷകരും ഗവണ്‍മന്റും 500 രൂപ വീതം ഫണ്ടിലേയ്ക്ക്‌ അടയ്ക്കുകയും വില 20 ശതമാനത്തിലേറെയായാൽ കർഷകർ 1000 രൂപ അടയ്ക്കുകയും ചെയ്യുന്നതായിരുന്നു ഈ പദ്ധതി. ഈ പദ്ധതിയുടെ അനാകർഷത്വം മൂലം 2013 മാർച്ച്‌ 31 ന്‌ ഈ പദ്ധതി പിൻവലിയ്ക്കുകയും പരിഷ്കരിച്ച വിലസ്ഥിരതാ ഫണ്ട്‌ പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു. ഈ പദ്ധതിയിൽ നടപ്പുവർഷത്തിന്റെ തൊട്ടു മുൻപുള്ള 5 വർഷത്തെ അന്താരാഷ്ട്ര വിലയുടെ ശരാശരി കണക്കാക്കി, ആ ശരാശരിവിലയുടെ 15 ശതമാനത്തിൽ താഴെ വില വന്നാൽ കർഷകർക്ക്‌ ഹെക്ടറിന്‌ 12,000 രൂപ നിരക്കിൽ പരമാവധി 60,000 രൂപ വരെ നഷ്ടപരിഹാരം നൽകുന്ന പദ്ധതിയാണ്‌ 2013 ഏപ്രിൽ 1 മുതൽ കേന്ദ്ര ഗവണ്‍മന്റ്‌ നടപ്പാക്കി വരുന്നത്‌. ഈ പദ്ധതിയും ഈ കാർഷിക ഉൽപന്നങ്ങളുടെ വിലയെ പിടിച്ചുനിർത്തുവാൻ സഹായിക്കുന്നില്ലെന്ന്‌ റബ്ബറിന്റെ നിലവിലുള്ള തകർച്ച നമുക്ക്‌ മനസ്സിലാക്കിത്തരുന്നു.
2013 ഏപ്രിൽ -1 മുതലുള്ള റബ്ബറിന്റെ പ്രതിമാസ വില
ആഗോളവത്കരണത്തോടൊപ്പം, പ്രദേശിക ഉടമ്പടികളും മറ്റും  നിലവിലുള്ളതിനാൽ സർക്കാരിന്‌ പലപ്പോഴും നയരൂപീകരണത്തിലൂടെ ഉൽപന്ന വിലയിൽ സ്വാധീനം ചെലുത്തുവാൻ കഴിയാതെ വരുന്നു. ഇറക്കുമതി തീരുവ ഉയർത്തിയും, കയറ്റുമതിക്ക്‌ പ്രോത്സാഹനം നൽകിയും വിലതകർച്ചയെ പിടിച്ചു നിർത്തുവാനുള്ള ശ്രമങ്ങൾ പലപ്പോഴും വിജയത്തിലെത്തുന്നതായി കാണുന്നില്ല.
കാല വ്യതിയാനങ്ങൾക്ക്‌ അനുസൃതമായി ഉൽപാദനത്തിൽ വലിയ വ്യതിയാനങ്ങളുണ്ടാകുന്ന വിളകളിൽ വിലത്തകർച്ച സ്വഭാവികമാണ്‌. ഉൽപന്നങ്ങൾ അസംസ്കൃത വസ്തുക്കളായി തന്നെ വിൽക്കുന്ന സാഹചര്യം തീർച്ചയായും വില തകർച്ചയ്ക്ക്‌ ആക്കം കൂട്ടുകയും ചെയ്യും. ഉൽപന്നങ്ങൾ പിടിച്ചുവെയ്ക്കുവാനോ, കൂട്ടായി ശേഖരിച്ച്‌ വിലപേശാനോ അനുകൂലമായ കമ്പോള സാഹചര്യങ്ങളിൽ വിപണനം ചെയ്യുവാനോ കഴിയാത്ത ചെറുകിട നാമമാത്ര കർഷകരുടെ വിള കൂടിയാകുമ്പോൾ വിലതകർച്ച അതിരൂക്ഷമാകുന്നത്‌ സ്വാഭാവികമാണ്‌. നാളികേരത്തിന്റെ കാര്യത്തിൽ ഈ കാരണങ്ങളാലാണ്‌ വിലതകർച്ച പലപ്പോഴും രൂക്ഷമായിട്ടുള്ളത്‌.  ഈ സാഹചര്യങ്ങൾക്ക്‌ ഒരു മാറ്റം ഉണ്ടാകണമെങ്കിൽ ചെറുകിട നാമമാത്ര കർഷകരുടെ കൂട്ടായ്മകൾ രൂപപ്പെടുത്തി ഉൽപന്നങ്ങൾ ശേഖരിച്ച്‌ സംസ്കരിച്ച്‌ മൂല്യ വർദ്ധിത ഉൽപന്നങ്ങളായി വിപണനം ചെയ്യുവാനുള്ള ശ്രമങ്ങൾ ഉണ്ടായേ മതിയാകൂ. നാളികേരത്തിന്‌ വൻ വിലത്തകർച്ച ഉണ്ടായിരുന്നപ്പോഴും നാളികേരമേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ നാളികേര ഉൽപന്നങ്ങളുടെ വിലയിൽ ഒരു കുറവ്‌ വരുത്തിയിരുന്നില്ലെന്ന്‌ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. വിലത്തകർച്ചയിലൂടെ നാളികേര കർഷകർക്കുണ്ടായ കോടികളുടെ നഷ്ടം നാളികേരം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വൻകിട കമ്പനികളുടെ ലാഭമായി മാറുന്നത്‌ കഴിഞ്ഞ കാലങ്ങളിലൊക്കെ നാം കണ്ടുവല്ലോ. വിലത്തകർച്ചയിൽ പരമാവധി ലാഭം കൊയ്യുന്നതോടൊപ്പം വിലതകർച്ചയുടെ സാഹചര്യം തുടർന്നുപോകുവാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുവാനും ഇത്തരക്കാർ ശ്രമിക്കുമെന്നുള്ളത്‌ സ്വാഭാവികമാണ്‌. നാളികേര മേഖലയിലെ തൃത്താല കർഷക കൂട്ടായ്മകളായ ഉൽപാദക സോസൈറ്റികളും ഫെഡറേഷനുകളും ഉൽപാദക കമ്പനികളും സജീവമായാൽ വിലയിടിവിനെ നേരിടാനും കർഷകർക്ക്‌ സുസ്ഥിരവും ലാഭകരവുമായ വില നേടിയെടുക്കുവാനും സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇത്തരത്തിലുള്ള ഉദാത്ത മാതൃകകൾ നമുക്ക്‌ മുൻപിലുണ്ടല്ലോ.
അമൂൽ മാതൃകയാകുമ്പോൾ 
ഗുജറാത്തിലെ കീ്റാ ജില്ലയിൽ സ്വകാര്യകമ്പനികളുടെ ചൂഷണത്തിലൂടെ ആത്മഹത്യയുടെ വക്കിലെത്തിയ ചെറുകിട നാമമാത്ര ക്ഷീരകർഷകർ അമൂൽ എന്ന തങ്ങളുടെ തൃത്താല കൂട്ടായ്മയിലൂടെ ലോകത്തിന്‌ കാണിച്ചു കൊടുത്ത മാതൃക നമ്മുടെ മുമ്പിലുണ്ടല്ലോ. താഴെ തട്ടിൽ മിൽക്ക്‌ സോസൈറ്റികൾ, അതിന്‌ മുകളിൽ മിൽക്ക്‌ യൂണിയൻ, ഉയർന്ന തലത്തിൽ ഫെഡറേഷൻ എന്ന അമൂലിന്റെ സംവിധാനത്തിന്‌ ഏകദേശം സമാനമായ ഒരു സംവിധാനമാണ്‌ നാളികേര മേഖലയിലും രൂപപ്പെട്ടുവരുന്നത്‌. ക്ഷീര കർഷകൻ അവന്റെ ഉപഭോഗത്തിനുള്ള പാൽ മാത്രം നീക്കിവെച്ച്‌ ബാക്കി സോസൈറ്റിയ്ക്ക്‌ നൽകുകയും സോസൈറ്റികൾ കർഷകരുടെ പാൽ ശേഖരിച്ച്‌ യൂണിയനുകൾക്ക്‌ നൽകുകയും, യൂണിയനുകൾ സംസ്ക്കരണവും മൂല്യവർദ്ധനവുമായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ നടത്തുകയും ഫെഡറേഷൻ ഈ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതുമായ ഒരു സംവിധാനമാണ്‌ അമൂൽ ഒരുക്കിയിരിക്കുന്നത്‌. അമൂലിന്റെ പ്രവർത്തന വിജയം കണ്ട്‌ രൂപപ്പെടുത്തിയിട്ടുള്ള അമൂൽ മാതൃകകളാണ്‌ കേരളത്തിലെ മിൽമയും, തമിഴ്‌നാട്ടിലെ ആവിനും, കർണ്ണാടകത്തിലെ നന്ദിനിയും, മഹാരാഷ്ട്രയിലെ ഗോഗുലുമൊക്കെ. ഈ രീതിയിലുള്ള ഒരു സംവിധാനം നമ്മുടെ രാജ്യത്ത്‌ വിവിധങ്ങളായ സംസ്ഥാനങ്ങളിൽ നിലവിൽ വന്നതിനാലാണ്‌, ഭക്ഷ്യവസ്തുക്കളിൽ ഒരു പക്ഷെ ഏറ്റവും വേഗത്തിൽ ചീത്തയാകാവുന്ന പാലിനുപോലും സുസ്ഥിരമായ ഒരു വില ക്ഷീരകർഷർക്ക്‌ നേടികൊടുക്കുവാൻ ഇടയാക്കിയെന്നുള്ളത്‌ നിസ്തർക്കമാണ്‌. വർദ്ധിച്ച ഉത്പാദനം നടക്കുന്ന മേഖലകളിലും, ഉൽപന്ന ലഭ്യത തീരെയില്ലാത്ത പ്രദേശങ്ങളിലുമെല്ലാം ഉൽപന്നത്തിന്‌ ഒരേ വിലയെന്ന അവസ്ഥാവിശേഷം ഉത്പാദകനും ഉപഭോക്താവിനും ഒരേപോലെ പ്രയോജനകരമായ അവസ്ഥാവിശേഷമാണ്‌, അമൂലും അമൂൽ മാതൃകകളും നമുക്ക്‌ കാണിച്ചു തരുന്നത്‌.
പാലിനെയപേക്ഷിച്ച്‌ കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിച്ച്‌ വെയ്ക്കുവാൻ സാധിക്കുന്നതും, മൂല്യവർദ്ധനവിനും, ഉൽപാദനങ്ങളുടെ നിർമ്മിതിക്കും ധാരാളം സാദ്ധ്യതയുള്ളതുമായ നാളികേരം, കർഷക കൂട്ടായ്മയിലൂടെ സംഭരിക്കുവാനും സംസ്ക്കരിക്കുവാനും,  വിപണന സംവിധാനം ഒരുക്കുവാനും കഴിഞ്ഞാൽ രാജ്യത്തെ ലക്ഷോപലക്ഷം ചെറുകിട നാമമാത്ര നാളികേരകർഷകർക്ക്‌ സുസ്ഥിരമായ വരുമാനം കരഗതമാകുമെന്ന്‌ ഉറപ്പാക്കാം.
മുൻനിരയിൽ 'നീര'
നാളികേര കർഷകർക്ക്‌ ഉയർന്നതും സുസ്ഥിരവുമായ വരുമാനം ലഭിക്കുവാൻ ഏറ്റവും ഉപകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ഉൽപന്നമാണ്‌ നീര. കാലാവസ്ഥ വ്യതിയാനങ്ങളോ ഉൽപാദനത്തിലുണ്ടാകുന്ന വ്യതിയാനങ്ങളോ നീരയുടെ വിലയിൽ വ്യതിയാനം ഉണ്ടാക്കാത്തതിനാൽ ക്ഷീരകർഷകർക്ക്‌ ഇപ്പോൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതുപോ
ലുള്ള സുസ്ഥിരവില നാളികേര കർഷകർക്കും കരഗതമാകുവാൻ നീരയുത്പാദനം ഉപകരിക്കും. നീരയുത്പാദനവും സംസ്ക്കരണവും വിപണനവും കർഷക കൂട്ടായ്മയിലൂടെയാകുമ്പോൾ ഇടനിലക്കാരുടെ ഇടപെടലുകൾ ഉണ്ടാവാത്തതിനാൽ കർഷകർ ചൂഷണത്തിന്‌ വിധേയമാകുമെന്ന ശങ്കയും വേണ്ട. ആരോഗ്യമുള്ള തെങ്ങിൽ നിന്നും കർഷകർക്ക്‌ പ്രതിദിനം ശരാശരി 100 രൂപയെങ്കിലും ലഭിക്കാവുന്ന സാഹചര്യം നീരയിലൂടെ ലഭ്യമാകുമ്പോൾ കർഷകരുടെ വരുമാന വർദ്ധനവിനോടൊപ്പം സംസ്ഥാനത്തിന്റെ സമ്പട്‌ വ്യവസ്ഥയ്ക്കും വലിയ ഉണർവ്വ്വ്‌ ഉണ്ടാകുമെന്നുള്ളത്‌ ഉറപ്പാണ്‌.
കരിക്കിനും കഴിയും
നീര കഴിഞ്ഞാൽ ഒരു പക്ഷെ നാളികേര കർഷകർക്ക്‌ ഉയർന്നതും അസ്ഥിരത കുറഞ്ഞതുമായ വരുമാനം ലഭിക്കുവാൻ ഉപകരിക്കുന്നത്‌ കരിക്കിലൂടെയാണ്‌. കർഷകർ കരിക്കിന്‌ അനുയോജ്യമായ ഇനങ്ങൾ വ്യാപകമായി കൃഷി ചെയ്യുകയും കരിക്കായി തന്നെ വിളവെടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായാൽ താരതമ്യേന സുസ്ഥിരവും ഉയർന്നതുമായ വില കർഷകർക്ക്‌ ലഭിക്കുവാൻ അതിടയാക്കും. പുതുകൃഷിയും പുനർകൃഷിയും ചെയ്യുമ്പോൾ തീർച്ചയായും കർഷകർ കരിക്കിന്‌ അനുയോജ്യമായ ഇനങ്ങൾക്ക്‌ മുൻഗണന നൽകുമെന്ന്‌ പ്രതീക്ഷിക്കാം.
മൂല്യ വർദ്ധിത ഉൽപന്നങ്ങളിലൂടെ മുമ്പോട്ട്‌
ഉത്പാദക കൂട്ടായ്മയിലൂടെയുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഉത്പാദനവും വിപണനവും ഉത്പാദകർക്ക്‌ ഉയർന്നതും സുസ്ഥിരവുമായ വില നേടിത്തരും. നാളികേര ചിപ്സും, തൂൾ തേങ്ങയും, വെർജിൻ കോക്കനട്ട്‌ ഓയിലും തേങ്ങാ പാൽപൊടി എന്നിവയെല്ലാം ഉത്പാദകർക്ക്‌ വിലസ്ഥിരത നേടുവാൻ ഉപകരിക്കും.
ഉപോൽപന്നങ്ങളും ഉപകരിക്കും
ചകിരിയും, തേങ്ങ വെള്ളവും, ചിരട്ടയുമെല്ലാം മൂല്യവർദ്ധനവ്‌ വരുത്തി വിവിധങ്ങളായ ഉൽപന്നങ്ങളാക്കുവാൻ കഴിയുന്നവയാണ്‌. ഇത്തരം ശ്രമങ്ങൾ നടത്തുന്ന കർഷക കൂട്ടായ്മകളെ സഹായിക്കുവാൻ സർക്കാരിന്റെ ആകർഷണീയമായ പദ്ധതികൾ ഉള്ളതിനാൽ വരും വർഷങ്ങളിൽ, ഉപോൽപന്നനിർമ്മാണത്തിലും വിപണനത്തിലും ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്‌. കർഷക കൂട്ടായ്മയിലൂടെയുള്ള ഈ ഉദ്യമങ്ങൾ ഈ മേഖലയിൽ ഉൽപന്ന വിലസ്ഥിരതയ്ക്ക്‌ മികച്ച പിൻബലം നേടിത്തരുവാൻ ഉപകരിക്കും.

താങ്ങുവില സംഭരണത്തിലൂടെയോ, വിലസ്ഥിരതാ ഫണ്ടുകളുടെ രൂപീകരണത്തിലൂടെയോ സർക്കാർ നയ രൂപീകരണത്തിലൂടെയോ, കാർഷികോൽപന്നങ്ങളുടെ വിലസ്ഥിരത നേടിയെടുക്കുവാൻ കഴിയുമെന്നുള്ള മിഥ്യാബോധം കൈവെടിഞ്ഞ്‌ കർഷക കൂട്ടായ്മയിലൂടെ പരമാവധി കരുത്തുനേടി ഉൽപന്ന സംഭരണത്തിനും, സംസ്ക്കരണത്തിനും വിപണനത്തിനും തനതായ സംവിധാനമൊരുക്കിയാൽ മാത്രമേ ഈ മേഖലയിലെ ലക്ഷോപലക്ഷം ചെറുകിട നാമമാത്ര കർഷകർക്ക്‌ സുസ്ഥിരവും ആകർഷണീയവുമായ വരുമാനം ഉറപ്പാക്കുവാൻ കഴിയുകയുള്ളു. കേരളത്തിലാകമാനം അത്തരമൊരു കൂട്ടായ്മയുടെ ശംഖൊലി മുഴങ്ങുന്നത്‌ ശുഭോദർക്കമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...