19 Jul 2014

തെങ്ങ്‌ എഴുതുന്നു


ബാലറാം. ജെ

പ്രിയപ്പെട്ട സഹോദരങ്ങൾക്ക്‌,ഞാൻ തെങ്ങ്‌. നിങ്ങളുടെ കൽപവൃക്ഷം. ഞാൻ നിങ്ങൾക്കു ചെയ്തുതന്നിരുന്ന നിരവധി ഉപകാരങ്ങളെ മുൻനിർത്തിയാണ്‌ നിങ്ങൾ എനിക്ക്‌ ഈ പേർ നൽകിയത്‌. നിങ്ങളുടെ ദിനചര്യയുടെ ഭാഗമായിരുന്നു ഞാൻ. എന്റെ കയ്യൊപ്പുപതിയാത്ത ഒന്നുംതന്നെ നിങ്ങൾക്കിടയിലുണ്ടായിരുന്നില്
ല... എന്നാൽ ഇതെല്ലാം പണ്ടത്തെ കഥകളാണ്‌. അതുകൊണ്ടുതന്നെ ചിലതെല്ലാം നിങ്ങളെ ഓർമ്മപ്പെടുത്തുന്നതിനാണ്‌ ഈ കത്ത്‌.
'കേരള'മെന്ന്‌ കേൾക്കുമ്പോൾ എനിക്ക്‌ പെട്ടെന്ന്‌ അഭിമാനവും രോമാഞ്ചവും വരും. ഞങ്ങൾ തിങ്ങിപ്പാർത്തിരുന്ന കേരളം കേരവൃക്ഷങ്ങളുടെ നാട്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. തുടർന്നാണ്‌ ഈ കൊച്ചു നാടിന്‌ കേരളം എന്ന പേർ കൈവന്നത്‌.
നിങ്ങളുടെ, ഒരു കണക്കിന്‌ ഞങ്ങളുടേയും സ്വന്തം നാടായ കേരളത്തിൽ നമ്മൾ സൗഹൃദത്തോടെ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അക്കാലം ഓർക്കാൻ കഴിയുന്നുണ്ടോ, ഇല്ലെങ്കിൽ ഞങ്ങൾക്ക്‌ അതിന്‌ സാധിക്കും. അന്ന്‌ തൊട്ടയൽപ്പക്കക്കാരെപ്പോലെ കഴിഞ്ഞിരുന്ന നമ്മളിൽ ഏതെങ്കിലും തരത്തിലുള്ള അകൽച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത്‌ നിങ്ങളുടെ തെറ്റായ കാഴ്ചപ്പാട്‌ ഒന്നുകൊണ്ടു മാത്രമാണ്‌. ഞങ്ങൾ എന്നും നിങ്ങളോടൊപ്പമുണ്ടായിരുന്നു. നിങ്ങൾ അത്‌ മനസ്സിലാക്കിയിരുന്നില്ല. തെറ്റ്‌ നിങ്ങളുടെ ഭാഗത്തു തന്നെ. നിങ്ങളുടെ മുൻതലമുറക്കാർ യുക്തിബോധമുള്ളവരായിരുന്നു. തികച്ചും യാഥാർത്ഥ്യബോധത്തോടെയായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്‌. അവർ ഞങ്ങളുടെ സാന്നിദ്ധ്യത്തെ അനുഗ്രഹമായിക്കണ്ടു. പുതിയ തലമുറയിൽപ്പെട്ട നിങ്ങൾക്ക്‌ അതിനു സാധിക്കാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌.
നമ്മൾ പരസ്പര പൂരകങ്ങളാണ്‌. നിങ്ങളെക്കൂടാതെ ഞങ്ങൾക്കും ഞങ്ങളെ കൂടാതെ നിങ്ങൾക്കും ജീവിക്കാൻ സാധ്യമല്ല. ഞങ്ങൾ വിലയില്ലാത്തവരാണ്‌ എന്നു എത്രത്തോളം നിങ്ങൾ തെറ്റിദ്ധരിക്കുന്നുവോ, അത്രത്തോളം നമ്മൾ തമ്മിൽ അകന്നുകൊണ്ടേയിരിക്കും. പക്ഷേ ഞങ്ങൾക്ക്‌ അതിന്‌ സാധിക്കില്ലെന്ന്‌ ഒരു വട്ടം കൂടി പറയേണ്ടതില്ലല്ലോ. സർവ്വംസഹിയായ ഒരമ്മ നമുക്കുള്ളപ്പോൾ എന്തിനാണിങ്ങനെ വഴക്ക്‌. എല്ലാം സഹിക്കാൻ ഞങ്ങൾ തയ്യാറാണ്‌.
എന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞാൻ നിനക്കും നിന്റെ കാര്യങ്ങളിൽ ഇടപെടാൻ നീ എനിക്കും സ്വാതന്ത്ര്യം തന്നിരുന്നു. അന്ന്‌ നീ എന്നെപ്പറ്റിയും ഞാൻ നിന്നെപ്പറ്റിയും വ്യാകുലരായിരുന്നു. എന്റെ ആവശ്യങ്ങൾ നിനക്കും നിന്റെ ആവശ്യങ്ങൾ എനിക്കും നിറവേറ്റാൻ സാധിച്ചിരുന്നു. എന്നാൽ ഇന്ന്‌ ആ സൗഹൃദത്തിന്‌ എങ്ങനെയാണ്‌ കോട്ടം തട്ടിയത്‌.
നിനക്കുവേണ്ടി എന്തു ചെയ്യാനും ഞാൻ തയ്യാറാണ്‌. എന്റെ കൂട്ടർ അവരുടെ ജീവനും, അവരുടെ ശരീരവും നിനക്കായി ത്യജിച്ചു. നിന്റെ ആഹ്ലാദത്തിൽ അവരും സന്തോഷം കണ്ടെത്തി. എന്നാൽ നീ അത്‌ മനസ്സിലാക്കാതെ പോയി എന്നുമാത്രം.
നീ, നിന്റെ അടുക്കളയിലേക്കൊന്നു തിരിഞ്ഞു നോക്കൂ. സ്വീകരണമുറിയിലൂടെ ഒന്ന്‌ കണ്ണോടിക്കു. എന്നെ വിവിധ രൂപത്തിലും ഭാവത്തിലും നിനക്കവിടെ കാണാം. നിന്റെ അത്ര അടുക്കൽതന്നെ ഞാനുണ്ട്‌. എന്നിട്ടും... നീ, എന്റെ അടുക്കൽ.....
നീ നിന്റെ പൂർവ്വികരോട്‌ ചോദിച്ചു നോക്കൂ. അവർ പറഞ്ഞുതരും, ഞങ്ങൾ എത്രത്തോളം സഹവർത്തിത്ത്വത്തോടെയാണ്‌ ജീവിച്ചിരുന്നതെന്ന്‌. അവർ വീടുനിർമ്മിച്ചപ്പോഴും ഗൃഹോപകരണങ്ങൾ ഉണ്ടാക്കിയപ്പോഴും ആയുർവേദം ഉപയോഗിച്ചപ്പോഴും ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും എത്രയോ തവണ നീ എന്നെ തേടി വരുന്നു. നിന്റെ ആഘോഷങ്ങൾക്ക്‌ മോടികൂട്ടാൻ എത്രയോ തവണ ഞാൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. നിന്റെ ദാഹശമനത്തിനായി ഇളനീരായും ആഹാരത്തിന്റെ രുചിവർദ്ധനവിന്‌ തേങ്ങയും വെളിച്ചെണ്ണയായും മംഗളകർമ്മങ്ങളിൽ നിറദീപമായും ഞാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചെറുകിട വ്യവസായത്തിലൂടെ നിരവധി ആളുകളുടെ ജീവിതോപാധിയായി ഞാൻ മാറുന്നത്‌ നീ നിത്യവും കാണുന്നതും കേൾക്കുന്നതുമല്ലേ? ഒന്നോർത്തു പോയാൽ എന്തെല്ലാം! ..... എന്തെല്ലാം!.........!........
സഹോദരാ, എനിക്ക്‌ രണ്ടാമതൊരു മുഖമില്ല. എന്നാൽ നിനക്കതുണ്ട്‌. നാളുകളായി നീ അത്‌ കാണിച്ചുകൊണ്ടേയിരിക്കുന്നു. ശരീരത്തെ മലിനീമസമാക്കുന്ന ശീതളപാനീയങ്ങളും പണം കായ്ക്കുന്ന വിദേശ മരങ്ങളും നമുക്കിടയിൽ കൂറ്റൻ മതിലുകൾ സ്ഥാപിച്ചു. നീ ഓർക്കണം, അപ്പോഴും തെറ്റ്‌ നിന്റെ ഭാഗത്താണ്‌.
നമ്മുടെ ഭൂമിമാതാവിന്‌ ഏറ്റവും നാശം വരുത്തുന്ന പ്ലാസ്റ്റിക്കിന്‌ നീ ജന്മം നൽകി. എന്തിന്‌? ഇപ്പോൾ അതെല്ലാം നിനക്കുതന്നെ ഭാരമായി എന്നോർത്ത്‌ പരിതപിച്ചിട്ട്‌ എന്തു കാര്യം. എല്ലാം തുടങ്ങിവച്ചപ്പോഴേ നീ ഓർക്കണമായിരുന്നു. അവന്റെ വരവോടെ പലതവണയായി നീ എന്നെ മറന്നു. നിന്റെ മണ്ണിനെ മറന്നു.
പ്ലാസ്റ്റിക്കിനും ശീതളപാനീയങ്ങൾക്കും പണം കായ്ക്കുന്ന വിദേശവൃക്ഷങ്ങൾക്കും കുറഞ്ഞ നാൾകൊണ്ട്‌ നിന്റെ മനസ്സിൽ നിന്നും എന്റെ രൂപം മായ്ച്ചുകളയുവാൻ സാധിച്ചു. അതോടെ എല്ലാ മേഖലകളിലും ഞാൻ തഴയപ്പെട്ടവനായി. എന്റെ മനോവ്യഥ അറിയാൻ നിനക്ക്‌ കഴിയാതെ പോയല്ലോ. എന്റെ മഹിമ നീ തിരിച്ചറിയുമ്പോഴേക്കും ഞാൻ നിന്നിൽ നിന്നും ഏറെ അകന്നിരിക്കും. നമുക്കിടയിലേക്ക്‌ കടന്നുവന്നിരിക്കുന്ന വിദേശികൾ നമ്മുടെ നാടിനുതന്നെ 'അർബുദ'മാണെന്ന്‌ നീ തിരിച്ചറിയണം. താമസിയാതെ കാലം നിന്നെ എല്ലാം അറിയിക്കും....! അതുവരേക്കും ഈ ഭൂമുഖത്ത്‌ എനിക്ക്‌ നിലനിൽക്കാൻ സാധിച്ചാൽ പഴയപോലെ നമുക്കു വീണ്ടും ഒന്നാകാം. ആ സുവർണ്ണ കാലം സ്വപ്നം കണ്ടുകൊണ്ട്‌ ഞാൻ കാത്തിരിക്കാം... നിന്റെ തിരിച്ചു വരവിനായി.
എന്ന്‌
നിന്റെ 'ഏറ്റവും പ്രിയപ്പെട്ട'
            തെങ്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...