വിഷ്ണുനാരായണൻ നമ്പൂതിരി
താമരപോലെ വിടർ-
ന്നാനനം അറിവിന്റെ
പാൽനുരപോലെ തൂകും
പുഞ്ചിരി, പീതാംബരം
ശ്രീപരാ കളഹംസ-
കൂജനം സംഭാഷണം
ഈ വിധം അകിഞ്ചനൻ
ഇന്ത്യതൻ പ്രിയപുത്രൻ
ഇളംകാറ്റുപോൽ കട-
ന്നെത്തിനാൻ പുതുയുഗം
പുലരും പ്രഭുസംസ്കാ-
രാഢ്യമാം ചിക്കാഗോവിൽ
ശാദ്വലങ്ങളിൽ നിന്നു
ശാദ്വസങ്ങളിലേക്കാ
സാത്വിക ജഗത്പ്രാണ-
സംക്രമം സ്പന്ദിക്കുമ്പോൾ
ഉള്ളിലെ തേനും നറു-
മണവും നിവേദിച്ചുൽ-
ഫുള്ളകേസരം സുമ-
നസ്സുകൾ ഒപ്പം ചേർന്നു
പ്രിയമായൊരാൾ തൂകി
മർമ്മരം: ഗുരോ! 'ഭവൽ-
പ്പദമുദ്രയെത്തുടർ-
ന്നെങ്ങളേതാനും ശിഷ്യർ
ഭാരതം പൂകിത്തപം
ചെയ്യുവാനിച്ഛിക്കുന്നു
പാരമാർദ്രനായ് രാജ-
യോഗി ചൊല്ലുന്നു "സാധോ!
ഇന്ത്യയിൽ തപിക്കുവോർ-
ക്കില്ലല്ലോ ക്ഷാമം; കൊണ്ടു
ചൊല്ലുക ഭവാന്നാവു-
മെങ്കിലിന്നവർക്കന്നെ!
അന്തിപോലരുണമാം
ആനനം, ബോധത്തിന്റെ
ചെങ്കതിരൊളി ചിന്നും
പുഞ്ചിരി, ശിരസ്ത്രാണം.
ശ്രീപരാവിജൃംഭണ-
ഗർജ്ജനം പ്രഭാഷണം
ഈവിധം തിരിച്ചെത്തും
ഇന്ത്യതൻ പ്രിയപുത്രൻ.
കൊടുങ്കാറ്റുപോൽ ചീറി-
യടിച്ചാൻ അടിമത്തം
പുലരും ദരിദ്രമാം
ആർഷഭൂവിതിൻ ഹൃത്തിൽ.
പട്ടണം നാടും കാടും
ആസേതുഹിമാചലം
അഗ്നിവിദ്യതൻ സ്ഫോട-
മത്തിനാൽ ജ്വലിക്കുമ്പോൾ
ഉള്ളിലെ ആലസ്യവും
ഭീതിയും ഹോമിച്ചെങ്ങും
ഫുള്ളവീര്യമാം യുവ-
ചേതന ഒപ്പം ചേർന്നു.
പ്രിയമായൊരാൾ തേടി
സമ്മതം: ഗുരോ! ഭവൽ-
പ്പദമുദ്രയെത്തുടർ-
ന്നെങ്ങളേതാനും ശിഷ്യർ
ലോകമെമ്പാടും വിളി-
ച്ചുണർത്താനിച്ഛിക്കുന്നു
പാരമാർദ്രനായ് രാജ-
യോഗി ചൊല്ലുന്നു "സാധോ!
ഉണർത്തുന്നോർക്കല്ലുണ-
രുന്നവർക്കല്ലോ ക്ഷാമം;
കളിക്ക ഫുട്ബോൾ നന്നായ്:
കാണുകീശ്വര സത്യം."