എം.സങ്ങ് ഒന്ന് വാക്കുകൾ അദൃശ്യതയിൽ അടർന്നു വീണിടുന്നു മറന്നു പോയിടുന്നു. തണൽ മരത്തിന്റെ അടർന്ന ഇലകൾ പോയകാലത്തിന്റെ തളിർപ്പിലേക്ക് പച്ചപ്പിലേക്ക് തുഴയെറിയുന്നു. ഭൂതകാലമേ ഉടഞ്ഞുപോയ നിന്നിലാണല്ലോ ഇത്തിരിപ്പോലും തുറക്കാത്ത ചില ശേഷിപ്പുകൾ കാത്തുവയ്ക്കുന്നത്. രണ്ട് ഒരു ഫാനിന്റെ കിരുകിരുപ്പ് ഒരു ലോകത്തിന്റെ കറക്കമാകുന്നു. അത്യാഹിത മുറിയിലെ ഇരുമ്പുകട്ടിലിൽ അർദ്ധബോധത്തിൽ അമ്മ കിടക്കുമ്പോൾ അറിയാതെ നിശ്ചലമാകുന്ന ഒരുലോകം. കൊതുകുകൾ മൂളാതെ വന്ന് പരിശോധനയ്ക്കായ് രക്തസാമ്പിൾ എടുത്തുമറയുമ്പോൾ തിണർത്തപാടിൽ വിരലമർത്തി 'വേദനിച്ചില്ലേ' എന്ന് പരിഹസിച്ച് ഉറങ്ങാതെ കിടക്കുമ്പോൾ ഇടയ്ക്കുപടരുന്ന ചെറുവേദന മനസ്സിനെ കീറിയൊതുക്കുമ്പോൾ അമ്മ ഉണർന്നിരിക്കുമോ? എന്ന ആശങ്ക അലട്ടുകതന്നെ ചെയ്യും ഓരോ മണങ്ങളെയും. നിഴലുകൾ അന്യമായ ഒരു ചെറുപട്ടണം പോലെ ഇരുട്ടിനെ പരതുന്ന ഏതോ രാത്രിയാവുന്നു ഉറക്കമറ്റ മനസ്സ്. കൂനൻ ഉറുമ്പുകൾക്കുമാത്രം കൂട്ടുകൂടാവുന്ന ഒരു കുടുസുമുറിക്കുള്ളിൽ കതകുചാരി ഏറുതകൾ ഉറപ്പിക്കാതെ ഏതോ ഒരു നെഴ്സിന്റെ കാൽപ്പിണക്കത്തിനായി ഉണരൂ എന്ന വിരൽ മുട്ടിനായ് കാത്തു കിടപ്പൂ കാലം... അമ്മ ഉണർന്നിരിക്കുമോ? എന്നെ തിരയുന്നുണ്ടാകുമോ? മൂന്ന് നഗരത്തിലെ പക്ഷികൾ ഉണർന്നു തുടങ്ങുന്നു ഉറങ്ങാത്തവന് രാവും പകളും നിറഭേദങ്ങളുടെ കെട്ടുകാഴ്ച. കുഞ്ഞുങ്ങൾക്കുവാങ്ങിയ ചിത്രകഥകളിൽ നിന്നും പുറത്തേക്കൊഴുകുന്ന നിശ്ശബ്ദതയുടെ ചരിത്രം. ഒരു പകൽ വിളക്കിന്റെ കാതോർക്കൽ, പാഞ്ഞകലുന്ന ഏതൊക്കെയോ വണ്ടികളുടെ നേർത്ത ഹോൺ മുഴക്കം. വേദനകൾ വാർന്നുവീണ കിടക്കവിരികൾ ആശുപത്രിയുടെ ഹൃദയം കാത്തുവയ്ക്കുന്ന തേങ്ങലുകൾ. പെറ്റുവീണ കുഞ്ഞുങ്ങൾ ഉറക്കെ കരയാൻ മറന്നുപോകുന്നു അവർ പിച്ചവയ്ക്കേണ്ട മണ്ണ് വെയിൽ തിരയും തണുത്ത രാവുടൽ. തോറ്റുപോകുവോർ ആരെയാണ് കാത്തുകിടക്കുന്നത്? ആശുപത്രി ജനാലകളിൽ നക്ഷത്രങ്ങളെ കൊരുക്കുന്നില്ല മേഘത്തുരുത്തുളിൽ ഒറ്റപ്പെട്ടുപോയ ഏതോ ഒരു നക്ഷത്രം ആരെയാണ് നോക്കുന്നത്. ഒന്നുമില്ലാതൊരു പാട്ട് അകലെനിന്ന് അരികിലേക്കു വരുന്നത് എന്തിനാണ്? നിർത്തലില്ലാതെ ചുമച്ചു മടുക്കുമ്പോൾ ഈ വെളിച്ചത്തെ നീട്ടിഛർദ്ദിച്ചതാരാണ്? ചോദ്യരഹിതമായ ഉത്തരങ്ങൾ അലഞ്ഞുതിരിയുമ്പോൾ ഈ ഇടനാഴിയിലെ അരണ്ട വെളിച്ചത്തിൽ തനിച്ചിരുന്ന് എന്തിനാണു ഞാൻ ഇങ്ങനോക്കെ കുറിക്കുന്നത്? ഏറ്റവും സൂക്ഷ്മമായ ഏതൊരണുവിൻ സ്പർശമാണ് ഉറക്കത്തിലേക്കെന്നെ വീണ്ടും വഴുതിക്കുന്നത്. നാല് രക്തം അസ്വസ്തത്തയോടെ തിളച്ചുമറിയുന്നു പ്രാണൻ കണികകളിൽ ഭയം വിതറി അവളുടെയും ഉറക്കം കെടുത്തുന്നു. കുഞ്ഞുങ്ങൾ ഒന്നുമറിയാതെ ചിലച്ചുകൊണ്ടേയിരിക്കുന്നു ആശുപത്രിമുറി അവർക്കായ് ഇടവേളകൾ കാത്തുവച്ച വിശ്രമപ്പുരയാകുന്നു. വെക്കം കേടായിപ്പോകുന്ന ചൈനാക്കളിപ്പാട്ടങ്ങൾക്കായി കുഞ്ഞുമോൾ തിരക്കുകൂട്ടുന്നു. കുരങ്ങും താറാവിൻകുഞ്ഞും ഒപ്പം വന്ന് വെക്കം നിശ്ശബ്ദരാകുന്നു. ലഹരിയിൽ മനസ്സുതെന്നുന്നു അവൾ പരിഭവിക്കുന്നു കാത്തുവയ്പുകൾ ചേർത്തെഴുതുക ആരുടെ ജീവിതമാകാം? ഒരു മഴപെയ്തെങ്കിൽ ഈ രാവിൻ നനുത്ത സ്വപ്നങ്ങളിൽ നനവുപടർത്തുവാൻ. അഞ്ച് കുറ്റകരമായൊരു നിശ്ശബ്ദതയാണ് നമ്മെ ചൂഴുന്നത്. കാഴ്ചകളിലേക്കു തുറക്കുന്ന മൊബെയിൽ ക്യാമറകളാകുന്നു നമ്മളെല്ലാം. ശബ്ദപൂർണമായ അന്ധരാവുകളിൽ ചിതയിലേക്കെടുക്കപ്പെടുന്ന സ്വപ്നങ്ങൾ മാടിവിളിക്കുന്നുണ്ടാവാം ഏതൊക്കെയോ അറ്റുപോയ ചിറകുകളെ. മതി കിനാക്കാലം കഴിഞ്ഞു കൊതുകുകൾ ഈ രാവിനെയും ലൈവ് ടെലിക്കാസ്റ്റ് ചെയ്യുകയാണ് |
19 Jul 2014
ആശുപത്രിക്കുറിപ്പുകൾ (ഒരു കൂട്ടിരിപ്പുകാരന്റെ കവിതകൾ)
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...