സിഡിബി ന്യൂസ് ബ്യൂറോ
കേരളത്തിന്റെ തനത് ആരോഗ്യ പാനീയമായ നീരയെ, ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലെത്തുന്ന അതിഥികൾക്കു സ്വാഗത പാനീയമായി നൽകാനുള്ള ആലോചന തുടങ്ങി. സംസ്ഥാന ഗവണ്‍മന്റിന്റെ ഉടമസ്ഥതയിലുള്ള കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷന്റെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിലും മറ്റ് അതിഥി മന്ദിരങ്ങളിലുമെത്തുന്ന സഞ്ചാരികളെയും സന്ദർശകരെയും നീര നൽകി സ്വാഗതം ചെയ്യാൻ ആലോചിക്കുന്നതായി കെടിഡിസി ചെയർമാൻ ശ്രീ.വിജയൻ തോമസ് അറിയിച്ചു. ഇതിന്റെ ഭാഗമായി കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള കോവളം സമുദ്ര, കുമരകം വാട്ടർസ്കേപ്സ്, കൊച്ചി ബോൾഗാട്ടി പാലസ് എന്നീ ഹോട്ടലുകളുടെ മാനേജർമാരായ ശ്രീ. ബിജി ആനന്ദും, ശ്രീ.ഗോപു ചന്ദ്രനും, ശ്രീ.അലക്സ് പി ജോഷ്വയും നാളികേര വികസന ബോർഡ് ചെയർമാൻ ശ്രീ.ടികെ ജോസുമായി പ്രാരംഭവട്ട ചർച്ചകൾ നടത്തി. പ്രധാനമായും നീരയുടെ ലഭ്യതയും അതിന്റെ വിതരണവും സംബന്ധിച്ചാണ് കെടിഡിസി പ്രതിനിധികൾ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയത്.
കേരളത്തിൽ അനുദിനം വികസിക്കുന്ന വൻ വ്യവസായമാണ് വിനേദസഞ്ചാരം. ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ദൈവത്തിന്റെ സ്വന്തം നാട്ടിൽ സഞ്ചാരികളായി എത്തുന്നത്. സീസണിൽ സഞ്ചാരികളുടെ പ്രവാഹം പതിന്മടങ്ങാകും. ഇവരിൽ ണല്ലോരു ശതമാനവും വിദേശികളാണ്. കൃത്യമായ യാത്രാ പരിപാടികൾ ആസൂത്രണം ചെയ്ത്, ഹോട്ടലുകളും യാത്രാവാഹനങ്ങളും സന്ദർശന സ്ഥലങ്ങളും മുൻകൂട്ടി നിശ്ചയിച്ച് എത്തുന്ന ഇവർ താമസിക്കാനും മറ്റും തെരഞ്ഞടുക്കുന്നത് കെടിഡിസിയുടെ ഹോട്ടലുകളും അതിഥി മന്ദിരങ്ങളുമാണ്. കഴിഞ്ഞ നാലുമാസത്തെ മാത്രം കണക്കെടുത്താൽ കെടിഡിസിയുടെ മൂന്നു ഹോട്ടലുകളിൽ മാത്രം താമസിച്ചു പോയവരുടെ എണ്ണം പതിനായിരത്തിൽ കവിയും.
കേരളത്തിന്റെ ഉപചാരമനുസരിച്ച് അതിഥികളെ സ്വാഗത പാനീയം നൽകിയാണ് വരവേൽക്കുക. ഇപ്പോൾ കെടിഡിസിയുടെ ഹോട്ടലുകളിൽ പൈനാപ്പിൾ അല്ലെങ്കിൽ മുന്തിരി ജൂസാണ് വെൽക്കം ഡ്രിങ്കായി നൽകുന്നത്. എന്നാൽ ഇതിന് ഒരു കേരളീയ സ്പർശം ഇല്ല എന്നത് വലിയ പോരായ്മായി പലരും ചൂണ്ടിക്കാട്ടിയതോടെയാണ് കെടിഡിസി പുനരാലോചന തുടങ്ങിയത് എന്ന് കുമരകം വാട്ടർസ്കേപ്സ് മാനേജർ ശ്രീ.ഗോപു ചന്ദ്രൻ പറഞ്ഞു. ആദ്യം ആലോചിച്ചതു കരിക്കു നൽകാനായിരുന്നു. പക്ഷെ ദിനം പ്രതി നൂറുകണക്കിനു കരിക്ക് ഉപയോഗിക്കുമ്പോൾ അതിന്റെ അവശിഷ്ടങ്ങൾ(തൊണ്ടും ചകിരിയും മറ്റും) ഉണ്ടാക്കിയോക്കാവുന്ന മാലിന്യ - പാരിസ്ഥിതിക പ്രശ്നങ്ങൾ ചെറുതല്ല. മാത്രവുമല്ല, അതിഥികളുടെ മുന്നിൽ വച്ചു തന്നെ വേണം അതു തയാറാക്കി അവർക്കു നൽകാൻ. അത് ഹോട്ടലിന്റെ സ്വീകരണ ലോബിയുടെ വൃത്തിയെയും വെടിപ്പിനെയും ബാധിക്കും. യാത്രാസംഘങ്ങൾ കൂട്ടമായി എത്തുമ്പോൾ എല്ലാവർക്കും ഒന്നിച്ച് കരിക്കു വെട്ടി നൽകുക എന്നതും പ്രായോഗികമായി ബുദ്ധിമുട്ടാണ്. പിന്നെ, അന്നു തന്നെ തെങ്ങിൽ നിന്ന് വിളവെടുത്ത കരിക്കു ലഭിക്കണം, അതിന് ഒരു യൂണിഫോമിറ്റി വേണം (വലിപ്പം, നിറം, മൂപ്പ് തുടങ്ങിയവ) ഇതെല്ലാം കണക്കിലെടുത്താണ് ആ ആശയം തത്ക്കാലം ഉപേക്ഷിച്ചതു. അടുത്ത ഓപ്ക്ഷൻ കോഴിക്കോടൻ സർബത്ത് നൽകുക എന്നതായിരുന്നു. അതിന്റെ ആലോചനയിലിരിക്കുമ്പോഴാണ് കോട്ടയത്ത് നീര ലോഞ്ച് ചെയ്തത്. ഉടൻ അതിന്റെ സാധ്യതകളെക്കുറിച്ചായി ചർച്ച. ആദ്യം പ്രോസസിംങ്ങ് എൻജിനിയറുമായാണ് സംസാരിച്ചതു. തുടർന്ന് വിശദമായ ചർച്ചകൾക്കായി ഞങ്ങൾ ബോർഡിൽ എത്തുകയായിരുന്നു.
രണ്ടു വിധത്തിലാണ് കെടിഡിസി യിലൂടെയുള്ള നീരയുടെ വിപണന സാധ്യതകൾ ഞങ്ങൾ കാണുന്നത്. ഒന്ന്, കെടിഡിസിയുടെ ഹോട്ടലുകളിലും അതിഥി മന്ദിരങ്ങളിലും എത്തുന്നവർക്ക് വെൽക്കം ഡ്രിങ്ക് എന്ന നിലയിൽ. അതു പക്ഷെ വില വാങ്ങി നൽകുന്നതല്ല. അതിഥി സത്ക്കാരത്തിന്റെ ഭാഗമായി നൽകുന്നതാണ്. രണ്ട്, നീരയുടെ രുചി ഇഷ്ടപ്പെടുന്നവർക്ക് അത് വേണമെങ്കിൽ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യം കൂടി ക്രമീകരിക്കാൻ ആലോചിക്കുന്നു. കുമരകത്ത് ഹോട്ടലിന്റെ പ്രവേശനകവാടത്തിൽ നിലവിലുള്ള സ്ഥലം ഇത്തരത്തിൽ സഞ്ചാരികൾക്കുള്ള വിവിധ വസ്തുക്കളുടെ വിൽപന കേന്ദ്രമായി മാറ്റാൻ പോവുകയാണ്. സഞ്ചാരികൾക്ക് വേണ്ട ഗുണനിലവാരമുള്ള വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ സ്പൈസസ് ബോർഡിൽ നിന്ന് എത്തിക്കും. ഹാൻടെക്സിൽ നിന്ന് കൈത്തറി വസ്ത്രങ്ങൾ, റെസ്പോൺസിബിൾ ടൂറിസത്തിൽ നിന്ന് കരകൗശല വസ്തുക്കൾ എന്നിവ എത്തിക്കാനും ചർച്ച പൂർത്തിയായി കഴിഞ്ഞു. ഇനി ഇവയ്ക്ക് ഒപ്പം കേരളത്തിന്റെ തനതു പാനീയമായ നീരയും ഉണ്ടാവും. നീരയെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രചാരണം കൂടിയാകും. വന്നു പോകുന്നവർ പറഞ്ഞറിഞ്ഞ് കൂടുതൽ പേർ നീര തേടിയെത്തുന്ന സാഹചര്യം തീർച്ചയായും ഉണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ശ്രീ. ഗോപു പറഞ്ഞു.