.......................
പീതൻ കെ വയനാട്
.............................. .......
തട്ടി വിളിച്ചപ്പോൾ താനേ തക തൈ
കൂട്ടിനു വന്നോരും താതൈ തക തൈ,
കൂട്ടത്തിലുള്ളോരും തത്തൈ തക തൈ
ഞെട്ടറ്റു വീണൊരു മാമ്പഴം തിത്തൈ.
മാമ്പഴച്ചാറിൻ മധുവൊട്ടു മോന്തി
കൂമ്പു കുഴഞ്ഞു കിടക്കുന്നു കോരൻ,
നട്ടുച്ച നേരത്തു കാണുന്ന കാഴ്ച്ച
കൂട്ടം* കൂടി കുഴഞ്ഞെല്ലാരും തിത്തൈ......
പാലാട്ടു കോമനും പൈതൽ കോമനും
ചേലിലഴകിപ്പൊരുതുന്ന പോലെ,
മെയ്യഴകുള്ളതു പാലാട്ടു കോമൻ
കൈയ്യിൽ പരിച കലമ്പുന്നുറുമി.
കാട്ടറിവിന്നഴലുണ്ടു വളർന്നോൻ
കല്ലും കവണിയും കൈയ്യൂക്കുമുള്ളോൻ
പൈതൽ മലയ്ക്കധികാരിയാം കോമൻ,
പൈതൃക വീതങ്ങളുള്ള തലയാൾ.
കോമനൊരാളല്ലനേക വർഷങ്ങൾ,
വന്മല നാടു ഭരിച്ചവരാകാം,*
കാടും മലയുമളന്നവരാകാം
കാട്ടാറു നീന്തി കടന്നവരാകാം.
പൈതൽ മലക്കാവ്* തീണ്ടിയോരാകാം
ദേവീസ്തവത്തിലുറഞ്ഞവരാകാം,
തെയ്യങ്ങൾക്കൊത്തു വിളങ്ങിയോരാകാം
നെയ്യും നിവേദ്യവും നേദിച്ചോരാകാം.
പണ്ടു പണ്ടാ മലങ്കാടുകളെല്ലാം
കൊണ്ടു നടന്നവർ കോമന്റെ കൂട്ടർ,
കുട്ട്യോളും കൂട്ടവുമൊത്തു നടന്നോർ
കിട്ട്യതും നട്ടതും തിന്നു നടന്നോർ.
കുട്ട്യാടും കോഴിയും പോറ്റി വളർത്തോർ
കുട്ടി പശുക്കളെ മേച്ചു നടന്നോർ
കാട്ടിലെ തേനുണ്ട് തീർക്കാതിരുന്നോർ
കാട്ടാറിനെ കരൾതേനായറിഞ്ഞോർ.
കാട്ടാനേ കൂട്ടിനു കൂട്ടി നടന്നോർ
കാട്ടകം ഞെട്ടാതെ കൊണ്ടു നടന്നോർ
കൊട്ടിപ്പാടി കുടീലുത്സവം തീർത്തോർ
കോമന്റെ കൂട്ടരവർ കരിമ്പാലർ*
ആ മലേലിത്തിരി .ചോളം വിതച്ചു
ഈ മലേലിത്തിരി നെല്ലു വിതച്ചു
മത്തനും വെള്ളരീം നട്ടു പടർത്തി,
മാനത്ത് മഴ കാണ്‍കെയുള്ളം നനച്ചു.
അത്തവുമില്ലവർക്കില്ല പത്തോണം,
പുസ്തകമില്ലവർക്കില്ല പടങ്ങൾ,
പുത്തനുടുക്കുന്നതല്ല വിശേഷം
പുത്തരി കൊണ്ടുള്ളൊരൂണാണു കേമം.
മഞ്ചക്കേളൻ മധുവുണ്ടു മയങ്ങി
നെഞ്ചിലുഴിഞ്ഞുണർന്നീടുന്ന നേരം,
മേടക്കാറ്റൂതി മൊഴിഞ്ഞതു മൂക്കിൽ
കാടു കരിഞ്ഞു മണക്കണ പോലെ.
വെട്ടിയ കാടുകളൊക്കെയെരിച്ചു
തോട്ടമൊരുക്കി വളർന്നു വരുത്തർ,
കേളനു നെഞ്ചു കരിഞ്ഞു മണത്തു
കേറാ മലകളിലുള്ളു പിടഞ്ഞു.
വട്ടോലി വക്കച്ചൻ വെട്ടി നിരത്തി
കുന്നോളം വണ്ടിയിൽ കേറ്റിയയച്ചു,
കുന്നുമ്പുറത്തൊരു കൊട്ടാരം വച്ചു
വണ്ടിയ്ക്കു കേറാൻ വഴിയുമുണ്ടാക്കി.
കാട്ടിലെ പച്ചകൾ വെട്ടി മുടിച്ചു
കാട്ടു മുളകളും മില്ലിലരഞ്ഞു,
കൊട്ടാര കെട്ടിലിടഞ്ഞൊരു കൊമ്പൻ
കാട്ടിലെ തടികൾ കെട്ടി വലിച്ചു.
കട്ടിട്ടും വെട്ടീട്ടും കാടു നശിച്ചു
കാട്ടാറിലെ തെളി നീരു കലക്കി
കിട്ടിയ മീനെല്ലാം വെട്ടി പിടിച്ചു
കിട്ടാത്തതിനായി നഞ്ചു കലക്കി.
കുന്നും മലയും മഴയിലൊലിച്ചു
കുഞ്ഞും കുടിയുമുരുളിലൊടുങ്ങി
കന്നും കടവിൽ കഴുത്തറ്റു മുങ്ങി,
കുന്നോളം സപ്നങ്ങളുള്ളിൽ നനഞ്ഞു.
മുറ്റത്തു കോണിലെ വെറ്റില നുള്ളി
ചുണ്ണാമ്പു തേച്ചു വെളുപ്പിച്ചു മെല്ലെ
പാക്കു നുറുക്കിയതൊക്കെയിടിച്ചു,
പോകേലയ്ക്കൊപ്പം ചുവപ്പിച്ചു തുപ്പി.
പൈയ്യാരം പയ്യെ പറയുന്നു കേളൻ
കൊയ്യാനും കുത്താനുമില്ലാതെയായി,
നട്ടോടോം കായ്ചോടോമന്യന്റേതായി
കാടിൻറെ മക്കൾ പണിയാളരായി.
തുമ്മ്യേന്റെ ബാക്കികൾ ചപ്ലി*യിലാക്കി
കൈമ്മേലുണങ്ങിയ നൂറു തുടച്ചു,
ഊന്നു വടിയിൽ വിറയ്ക്കുന്ന കൈയ്യാൽ
താങ്ങു കൊടുത്തു നടക്കുന്നു കേളൻ.
ഉച്ചിയിൽ കെട്ടിയ വെള്ളി കുടുമി
ചാഞ്ഞും ചെരിഞ്ഞും വിറച്ചു വെയിലിൽ,
പല്ലില്ലാ വായിൽ മുറുക്കാനൊതുക്കി
പയ്യെ പയ്യെയെന്നെ നോവിച്ചു കേളൻ.
മേടത്തിൽ പത്തിനു മേളക്കൊഴുപ്പിൽ
കാടില്ലാ കാടിൻറെ തെയ്യങ്ങൾ തുള്ളി.
ചീട്ടും ചിരുതയും താളത്തിലാടി....
ചെട്ടീടെ ചക്കിലെ നല്ലെണ്ണ കത്തി.
പൈതൽ മലത്താഴെ തെയ്യക്കളത്തിൽ
വൈതരണീ... നദീ..തീരത്തടത്തിൽ
ചാമുണ്ഡി തെച്ചിപ്പൂ നല്കി പ്പറഞ്ഞു,
തെയ്യങ്ങൾ കാത്തീടും വല്ലായ്മ വേണ്ടാ!
ക്ഷേമ വാഗ്ദാനങ്ങൾ പാട്ടിലൊതുക്കി
ജാഥയിലാളെണ്ണം കൂട്ടിയോരൊക്കെ,
കാട്ടിലെ മക്കളെ പങ്കിട്ടു തിന്നു
നീർപ്പോള പൊട്ടിച്ചു ചുണ്ടു നനച്ചു.
മഞ്ചക്കേളൻ മഴയേറെ നനഞ്ഞു
മുണ്ടു മുറുക്കിയുടുത്തു നടന്നു
മാനത്തു നോക്കി ചിരിച്ചു തളർന്നു
തെയ്യത്തെ പോലെയനുഗ്രഹിച്ചോതി.....!
മഞ്ചകേളൻ മഹാ കാല വഴിയിൽ
കുഞ്ചി നരച്ച കുടുമി തടവി
പല്ലില്ലാ മോണകൾ കാട്ടി ചിരിയ്ക്കെ,
എല്ലിൻ കൂടെപ്പോഴോ പൊങ്ങിയമർന്നു.....?
ഓർമ്മ തടത്തിലുറങ്ങിയ കേളൻ
കമ്മലണിഞ്ഞില്ലം വാണൊരു കേളൻ,
പൈതൽ മലയടിവാരത്തിലെല്ലാം
മഞ്ചലിലേറി നടന്ന തലയാൾ!
കാലം പറയാ കഥകളിലൊന്നായ്
പാലത്തിൻ കീഴേയൊലിച്ച പുഴ പോൽ
പാഞ്ഞും പതഞ്ഞുമിടയ്ക്കെന്നോ പാവം,
മാഞ്ഞു മറഞ്ഞൊരു മായയാണിപ്പോൾ!!!
.............................. .............................. ..............
*കൂട്ടം കൂടുക-വഴക്ക് കൂടുക
**ആലക്കോട് എൻ. എസ്.
എസ് സ്കൂളിലെ സംസ്കൃത അധ്യാപകനായിരുന്ന ശ്രീ എം എൻ ശ്രീധരൻ നായർ സാർ, സ്കൂൾ
സ്മരണികയിൽ എഴുതിയ ലേഖനത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ.പൈതൽ മല ആസ്ഥാനമായി
'പൈതൽ കോമന്മാർ' എന്നൊരു രാജവംശം ഉണ്ടായിരുന്നതായി ലേഖനം
സാക്ഷ്യപ്പെടുത്തുന്നു.പൈതൽ മല ഇപ്പോൾ കണ്ണൂർ ജില്ലയിലെ ഒരു പ്രധാന വിനോദ
സഞ്ചാര കേന്ദ്രം.മലമുകളിൽ ഒരു പുരാതന ക്ഷേത്രാവശിഷ്ടം ഉണ്ടായിരുന്നു.
*കണ്ണൂർ ജില്ലയിലെ വടക്കു കിഴക്കൻ മലയടിവാരങ്ങളിലുള്ള ആദിവാസികൾ.(കരിമ്പാലർ-ആനയെ പാലിച്ചിരുന്നവർ.)
*തുമ്മുക -മുറുക്കുക.തുളു കലർന്ന മലയാളമാണ് ഇവരുടെ ഭാഷ.
*ചപ്ലി-മുറുക്കാൻ സൂക്ഷിയ്ക്കുന്ന ഒരുതരം ചെല്ലം.