ജോൺ മുഴുത്തേറ്റ്
ഒന്നാം
ക്ലാസിലെ കുട്ടികളോട് അധ്യാപിക ഒരു കുസൃതി ചോദ്യം ചോദിച്ചു: നിങ്ങൾക്ക്
ആരാകാനാണ് ആഗ്രഹം? കുട്ടികൾ ഓരോരുത്തരും ഉത്തരം പറയുവാൻ തുടങ്ങി.
എനിക്ക് എൻജിനീയറാകണം, എനിക്ക് ഡോക്ടറാകണം, അധ്യാപകനാകണം, ക്രിക്കറ്റു കളിക്കാരനാവണം, ഗായകനാകണം, സിനിമാനടനാവണം തുടങ്ങിയ മറുപടികൾ
"എനിക്ക് കളക്ടറാവണം" വിളറിമെലിഞ്ഞ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു പറഞ്ഞു: അതുകേട്ട് ചിലകുട്ടികൾ ചിരിച്ചു.
അധ്യാപിക
അവരോട് ചോദിച്ചു: "നിങ്ങളെന്തിനാണ് ചിരിക്കുന്നത്" ആ കുട്ടിയുടെ
ആഗ്രഹമല്ലേ പറഞ്ഞത്". അധ്യാപികയും ഉള്ളാലെ ചിരിക്കുന്നുണ്ടായിരുന്നു.
പക്ഷേ, പെൺകുട്ടിയുടെ മുഖത്ത് യാതൊരു നാണവും കാണപ്പെട്ടില്ല. അവളുടെ
തിളങ്ങുന്ന കണ്ണിൽ ഉറച്ച വിശ്വാസവും നിശ്ചയദാർഢ്യവും പ്രകടമായിരുന്നു.
അവളുടെ
അച്ഛനാണ് ആമോഹം അവളിൽ ഉണർത്തിയത് എന്ന് അവൾ വ്യക്തമാക്കി. തനിക്ക് ഐ.
എ. എസ്. പരീക്ഷപാസായി ഒരു കളക്ടറായിത്തീരുവാൻ കഴിയുമെന്ന ആത്മവിശ്വാസം
ജനിപ്പിച്ചതു അച്ഛനായിരുന്നു.
ആ
പെൺകുട്ടി ഉത്സാഹത്തോടെ പഠിച്ചു. എൻജിനീയറിംഗിന് ഉന്നതവിജയം നേടി.
കാമ്പസ് സെലക്ഷനിൽ ഉയർന്ന ശമ്പളത്തിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി
ലഭിച്ചു. പക്ഷേ, ഐ. എ. എസ്. മോഹം അതെല്ലാം ഉപേക്ഷിക്കാൻ അവളെ
പ്രേരിപ്പിച്ചു. അവൾ ഐ. എ. എസ്. പരീക്ഷയ്ക്ക് തയ്യാറായി 2009 ൽ പരീക്ഷ
എഴുതി. അവൾ പരാജയപ്പെട്ടു. ഇന്റർവ്യൂനുപോലും ക്ഷണം ലഭിച്ചില്ല.
അടുത്തകൊല്ലം വീണ്ടും എഴുതി 179-ാം റാങ്ക് ലഭിച്ചു.
കളക്ടറായില്ലെങ്കിലും റവന്യൂ സർവ്വീസിൽ ഉയർന്ന ജോലി കിട്ടി. അവൾ അതിൽ
തൃപ്തയായില്ല. ഐ. എ. എസ്സിനോടുള്ള അവളുടെ അഭിനിവേശം അതിശക്തമായിരുന്നു.
തന്റെ മോഹം ഉപേക്ഷിക്കുവാൻ അവൾ തയ്യാറല്ലായിരുന്നു. ജോലിയിൽ നിന്ന്
ശമ്പളമില്ലാത്ത അവധി എടുത്ത് പരിശീലനം തുടർന്നു. കൂടുതൽ വാശിയോടെ. പക്ഷേ
ഇപ്രാവശ്യം അവൾക്ക് കിട്ടിയ റാങ്ക് കുറഞ്ഞുപോയി. അവൾക്ക് നിരാശ തോന്നി.
പക്ഷേ, അവൾ ആശ കൈവിട്ടില്ല. തന്റെ ലക്ഷ്യം കൈവരിയ്ക്കണമെന്ന
വാശിയായിരുന്നു. അടക്കാനാവാത്ത അഭിനിവേശമായിരുന്നു. അവൾ കൂടുതൽ
തയ്യാറെടുപ്പുകൾ നടത്തി കൂടുതൽ ഉ ത്സാഹത്തോടെ പഠിച്ചു.. നാലാമതും പരീക്ഷ
എഴുതി. അത് അവസാനത്തെ ചാൻസായിരുന്നു. 2012-ലെ ഐ. എ. എസ്. പരീക്ഷയിൽ ഹരിത
വി. കുമാർ എന്ന ആ പെൺ കുട്ടി ഒന്നാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായി.
ഐ.
എ. എസ്. നേടുക എന്നത് അവളുടെ വെറും മോഹം മാത്രമായിരുന്നില്ല. അതി
തീവ്രമായ അഭിനിവേശമായിരുന്നു, അഭിവാഞ്ഛയായിരുന്നു, പാഷനായിരുന്നു. ഇതാണ്
ഹരിത എന്ന പെൺകുട്ടിയ്ക്ക് പരാജയങ്ങളിൽ തളരാതെ മുന്നേറുവാൻ ഊർജ്ജം
പകർന്നത്. അവളുടെ വ്യക്തമായ ലക്ഷ്യബോധവും അതിനോടുള്ള തീവ്രമായ അഭിനിവേഗവും
വിജയം മോഹിക്കുന്നവർക്കെല്ലാം പാഠമാകേണ്ടതാണ്.
ലക്ഷ്യബോധത്തിന്റെ അത്ഭുതശക്തി
"മൂല്യവത്തായ
ഒരു ലക്ഷ്യം അല്ലെങ്കിൽ ആദർശം പടിപടിയായി കൈവരിയ്ക്കലാണ് വിജയം" എന്നാണ്
പ്രശസ്ത എഴുത്തുകാരനായ ഏൾനൈറ്റിംഗേൽ പറഞ്ഞത്. വിജയത്തിന്റെ അടിസ്ഥാന
ഘടകങ്ങളാണ് ഉദാത്തമായ ഒരു ലക്ഷ്യവും അത് നേടുവാനുള്ള അതിതീവ്രമായ
അഭിവാഞ്ഛയും ലക്ഷ്യംനേടുവാനുള്ള മാർഗ്ഗം എത്ര വിഷമകരമാണെങ്കിലും
പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിലും അവയെല്ലാം തരണം ചെയ്തു തളരാതെ
മുന്നേറാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നത് ലക്ഷ്യബോധവും, ലക്ഷ്യം
നേടുവാനുള്ള അതിതീവ്രമായ അഭിവാഞ്ഛയുമാണ്. ലക്ഷ്യം വ്യക്തമായി
നിർവ്വചിക്കാതെ മാർഗ്ഗം നിർണ്ണയിക്കുവാൻ കഴിയുകയില്ലല്ലോ. മാർഗ്ഗത്തിന്റെ
ദിശ ലക്ഷ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലക്ഷ്യം നേടാനുള്ള തീവ്രമായ
അഭിവാഞ്ഛയാണ് ഏതു പ്രതിസന്ധികളേയും പരാജയങ്ങളേയും അതിജീവിക്കുവാൻ കരുത്ത്
പകരുന്നത്. നെപ്പോളിയൻ ഹിൽ പറഞ്ഞതുപോലെ, "അതിശക്തവും ആഴത്തിൽ
വേരൂന്നിയതുമായ ഒരു അഭിലാഷമാണ് എല്ലാ നേട്ടങ്ങൾക്കും തുടക്കം".
വിജയവഴികൾ
എൽബർട്ട്
ഹുബ്ബാർഡ് ഒരിയ്ക്കൽ വ്യക്തമാക്കിയതുപോലെ; ?വളരെയാളുകൾ ജീവിതത്തിൽ
പരാജയപ്പെടുന്നത് കഴിവിന്റെയോ, ബുദ്ധിയുടെയോ, ധൈര്യത്തിന്റെ പോലുമോ അഭാവം
കൊണ്ടല്ല. എന്നാൽ, ഒരുലക്ഷ്യത്തിലേക്ക് അവരുടെ ഊർജ്ജം
കേന്ദ്രീകരിക്കുന്നില്ല എന്നതുകൊണ്ടാണ്".
"നിങ്ങൾ
ഒരു സന്തുഷ്ട ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ അതൊരു ലക്ഷ്യവുമായിട്ടാണ്
ബന്ധിപ്പിക്കേണ്ടത്: ആളുകളുമായിട്ടോ വസ്തുക്കളുമായിട്ടോ അല്ല". എന്ന്
ആൽബർട്ട് ഐൻസ്റ്റീൻ നിർദ്ദേശിക്കുന്നു. അതുകൊണ്ട് ലക്ഷ്യ നിർണ്ണയം വളരെ
പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്. നിങ്ങളുടെ ജീവിതത്തിന്റെ വിജയപരാജയങ്ങൾ
നിങ്ങളുടെ ലക്ഷ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ശരിയായ ലക്ഷ്യനിർണ്ണയം
നടത്തുകയും അതുനേടിയെടുക്കുകയും ചെയ്യുന്നതിനുള്ള ചില മാർഗ്ഗങ്ങൾ
വിശദമാക്കാം.
1. പ്രചോദനാത്മകമായ ലക്ഷ്യം തെരഞ്ഞെടുക്കുക
അർത്ഥപൂർണ്ണവും
പ്രചോദനാത്മകവുമായ ഒരു ലക്ഷ്യം നിങ്ങളെ എപ്പോഴും കർമ്മനിരതനാക്കാൻ
സഹായിക്കും. ഏതു പ്രതികൂല സാഹചര്യങ്ങളേയും പ്രതിസന്ധികളേയും നേരിടുവാനും,
മുന്നേറാനുമുള്ള ഊർജ്ജം പകരുകയും ചെയ്യും. ലൂയിസ് ഇർവിംഗ്
വ്യക്തമാക്കിയതുപോലെ: "നിങ്ങൾ എന്തായിത്തീരുവാൻ പോകുന്നു എന്ന്
നിർണ്ണയിക്കുന്നത് നിങ്ങളുടെ ലക്ഷ്യമാണ് ".
2. ലക്ഷ്യം വ്യക്തത്തയുള്ളതാക്കുക
വ്യക്തത്തയില്ലാത്ത
ലക്ഷ്യത്തിലേക്ക് പ്രയാണം ആയാസരഹിതമായിരിക്കില്ല. അതുകൊണ്ട് ലക്ഷ്യം
പൂർണ്ണമായും വ്യക്തമായും നിർവ്വചിക്കുക. ഞാൻ ഒരു എൻജിനീയറാകും എന്ന
ചിന്തിക്കുന്നതിനുപകരം, ഒരു സിവിൽ എൻജിനീയർ അല്ലെങ്കിൽ
കമ്മ്യൂണിക്കേഷൻ എൻജിനീയറാകും എന്ന് വ്യക്തമായി നിർവചിക്കുക. ഞാൻ ഉന്നത
വിജയം നേടും എന്നതിനുപകരം "ഞാൻ 80 ശതമാനം മാർക്കോടെ ഉയർന്ന നിലയിൽ
പരീക്ഷപാസാകും" എന്ന് വ്യക്തമായി തീരുമാനിക്കുക.
3. യാഥാർത്ഥ്യബോധത്തോടെ ലക്ഷ്യം നിർണ്ണയം നടത്തുക
മാതാപിതാക്കളുടെ
ആഗ്രഹങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് ലക്ഷ്യം തെരഞ്ഞെടുക്കുന്ന
കുട്ടികളുണ്ട്. എന്നാൽ തന്റെ കഴിവിനും അഭിരുചിക്കും അനുസരിച്ച് ലക്ഷ്യം
തെരഞ്ഞെടുക്കുകയാണ് വേണ്ടത്. അതു നിങ്ങൾക്ക് ഊർജ്ജവും ഉത്സാഹവും
നൽകിക്കൊണ്ടിരിക്കും. ലക്ഷ്യവും അഭിരുചിയും തമ്മിൽ പൊരുത്തമില്ലാതെ വന്നാൽ
ലക്ഷ്യപ്രാപ്തി കൂടുതൽ സങ്കീർണ്ണവും ക്ലേശകരവുമായിത്തീരും.
4. ലക്ഷ്യം ഡയറിയിൽ എഴുതുക.
ലക്ഷ്യം
എന്താണെന്നും ഈ ലക്ഷ്യം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും അതു നേടാനുള്ള
വഴികളും ഒക്കെ ഡയറിയിൽ രേഖപ്പെടുത്തുക. അതുപോലെ ദിവസവും ലക്ഷ്യം
ഇടതുകൈകൊണ്ട് എഴുതുന്നതും നല്ലതാണ് എന്ന് പഠനങ്ങൾ
വ്യക്തമാക്കുന്നു. ഇതോടതുകൈകൊണ്ട് എഴുതുമ്പോൾ വികാരങ്ങൾ,
ക്രിയേറ്റിവിറ്റി, ഭാവന തുടങ്ങിയവയുമായി ബന്ധപ്പെട്ട വലതു മസ്തിഷ്ക
അർദ്ധഗോളം പ്രത്യേകമായി ഉത്തേജിപ്പിക്കപ്പെടുകയും ലക്ഷ്യവുമായി ഒരു വൈകാരിക
ബന്ധം രൂപപ്പെടുകയും ചെയ്യുന്നു. ഇത് ലക്ഷ്യപ്രാപ്തിയ്ക്ക് കൂടുതൽ
പ്രചോദനം നൽകുന്നു.
5. അതിതീവ്രമായ അഭിനിവേശം നിലനിർത്തുക
ലക്ഷ്യപ്രാപ്തിക്കുള്ള
അതിതീവ്രമായ അഭിനിവേശം അല്ലെങ്കിൽ ?പാഷൻ? ആണ് വിജയത്തിന്റെ ഒരു സുപ്രധാന
ഘടകം എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ പാഷൻ ആണ് പരാജയങ്ങളിലും
പ്രതിസന്ധികളിലും മനസുമടുക്കാതെ മുന്നേറാൻ നിങ്ങൾക്ക് ഊർജ്ജം പകരുന്നത്
എന്നോർക്കുക.
6. ലക്ഷ്യം സ്വപ്നം കാണുക
ലക്ഷ്യപ്രാപ്തി
കൂടെക്കൂടെ സ്വപ്നം കാണുകയും ഭാവനയിൽ വിരിയിക്കുകയും ചെയ്യുക. എ. പി. ജെ.
അബ്ദുൾ കലാം പറയുന്നതുപോലെ സ്വപ്നം ഉണർവ്വിനും ഉറക്കത്തിലും നിങ്ങൾക്ക്
ഊർജ്ജം പകർന്നുകൊണ്ടിരിക്കും. നിങ്ങൾ ഭാവനയിൽ കാണുന്നതും സ്വപ്നം
കാണുന്നതും നിങ്ങളിലേക്കാകർഷിക്കപ്പെടുമെന് നാണ് മന:ശാസ്ത്രമതം.
7. ലക്ഷ്യപ്രാപ്തിക്കായി ഒരു കർമ്മപദ്ധതി തയ്യാറാക്കുക
ലക്ഷ്യം
സ്വപ്നം കണ്ടാൽ മാത്രം പോരാ. അതുനേടിയെടുക്കാനുള്ള ഒരു ക്രിയാത്മകമായ
പ്ലാൻ തയ്യാറാക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം. മഹത്തായ
ലക്ഷ്യങ്ങൾ കൈവരിച്ചവരുടെ തന്ത്രങ്ങൾ മനസിലാക്കുകയും അനുയോജ്യമായത്
അനുകരിക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ മാർഗ്ഗ രേഖയാവട്ടെ. (Zig Ziglar)
സിഗ് സിഗ്ലർ പറഞ്ഞതുപോലെ: ?ഒരു വീട് പണിയുവാൻ നിങ്ങൾക്ക് ഒരു പ്ലാൻ വേണം
ഒരു ജീവിതം കെട്ടിപ്പടുക്കാൻ ഒരു പ്ലാൻ അല്ലെങ്കിൽ ലക്ഷ്യമുണ്ടാവുക
എന്നത് ഇതിനേക്കാൾ പ്രധാനമാണ്.
8. ദൃഢനിശ്ചയത്തോടെ പ്രവർത്തനം തുടങ്ങുക
പ്രവർത്തന
പദ്ധതിയ്ക്കും തന്ത്രങ്ങൾക്കും രൂപംകൊടുത്തു കഴിഞ്ഞാൽ സമയം ഒട്ടും
നഷ്ടപ്പെടുത്താതെ നിശ്ചയ ദാർഢ്യത്തോടെ പ്രവർത്തനം തുടങ്ങുക.
9. കൃത്യനിഷ്ഠപാലിക്കുക
ലക്ഷ്യപ്രാപ്തിയ്ക്കുള്ള
പ്രവർത്തനങ്ങൾ കർമ്മപദ്ധതിയനുസരിച്ച് വളരെ കൃത്യനിഷ്ഠയോടുകൂടി
സമയബന്ധിതമായി ചെയ്യുക. ഇന്നു ചെയ്യേണ്ട കാര്യങ്ങൾ നാളേയ്ക്ക് മാറ്റി
വയ്ക്കാതെ ഇന്നുതന്നെ ചെയ്യുക. കൃത്യനിഷ്ഠയോടെയുള്ള പ്രവർത്തനം നിങ്ങൾക്ക്
വിജയലബ്ദി ഉറപ്പാക്കുന്നു.
10. നിരന്തരം പുരോഗതി വിലയിരുത്തുക
ലക്ഷ്യത്തിലേക്കുള്ള
പ്രയാണത്തിന്റെ പുരോഗതി നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുക
അനിവാര്യമാണ്. അപ്രതീക്ഷിത പരാജയങ്ങളും പ്രശ്നങ്ങളും
നേരിടേണ്ടിവന്നേക്കാം. പുരോഗതിയുടെ വേഗത കുറയ്ക്കാനും ദിശമാറിപ്പോകാനും ഇവ
ഇടവരുത്തിയേക്കാം. അപ്പോഴൊക്കെ പൂർവ്വാധികം ശക്തിയോടെയും വേഗതയോടെയും
ശരിയായ ദിശയിൽ മുന്നേറാൻ തയ്യാറാവണം.
11. ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുക
വിജയാഘോഷങ്ങൾ
നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും കൂടുതൽ ശക്തിയോടെ
മുന്നേറാനുള്ള ശക്തിപ്രദാനം ചെയ്യുകയും ചെയ്യും. ഇതൊരു സ്വയം
പ്രചോദനമാർഗ്ഗം (Self Motivation) കൂടിയാണ്.
നിങ്ങളുടെ
ലക്ഷ്യം നിരന്തരം നിങ്ങളുടെ ചിന്തയിൽ തെളിയട്ടെ, ഭാവനയിൽ വിരിയട്ടെ. അതു
നിങ്ങളുടെ ബോധമനസിലും ഉപബോധമനസിലും നിറഞ്ഞു നിൽക്കട്ടെ.
ലക്ഷ്യപ്രാപ്തിയ്ക്കായി എപ്പോഴും നിങ്ങളുടെ ഹൃദയം സ്പന്ദിയ്ക്കട്ടെ. മനസ്
വെമ്പൽ കൊള്ളട്ടെ. ഓരോ ശരീരകോശവും വിജയത്തിനായി തുടിയ്ക്കട്ടെ. അപ്പോൾ
വിജയം നിങ്ങളെത്തേടിയെത്തുക തന്നെ ചെയ്യും. ?മനുഷ്യൻ ജനിക്കാനായി
ജനിച്ചവനാണ് പരാജയപ്പെടാനല്ല?. ഹെന്റി ഡേവിഡ് തോറോയുടെ ഈ വാക്കുകൾ
എപ്പോഴും ഓർക്കുക.
