14 Mar 2017

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020


ദൈവത്തിനിഷ്ടപ്പെട്ട നിഷേധിയായ  നിഷേ:
എം.കെ.ഹരികുമാർ

"ഒരു ശൂന്യതയിലേക്ക് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ ,ആ ശൂന്യത സാവധാനം നിങ്ങളെ നോക്കാൻ തുടങ്ങും " - ജർമ്മൻ ചിന്തകനായ ഫ്രഡറിക് നിഷേ (Frederic Nietzsche,1844-1900) പറഞ്ഞു .

സാമ്പ്രദായിക മൂല്യങ്ങളെയും പിന്തുടർച്ചകളെയും എതിർത്ത നിഷേ ,എല്ലാ വിഗ്രഹങ്ങളെയും തകർക്കുകയാണ് ചെയ്തത്.ഒരു ഏകനായ പടയാളിയെപ്പോലെ നിഷേ തലങ്ങും വിലങ്ങും വെട്ടി. അപ്പോഴൊക്കെ താൻ സ്വമേധയാ ചിന്തിച്ചുകൊണ്ടു ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ദൈവത്തെ ,അദ്ദേഹം സ്വീകരിച്ചില്ല.കാരണം അത് മനുഷ്യൻ്റെ  സൃഷ്ടിയാണത്രേ. എന്നാൽ ദൈവത്തിനു നിഷേയെ ഇഷ്ടമായിരുന്നു ,കാരണം ദൈവം നടപ്പാക്കാനാഗ്രഹിച്ച ചലനാത്മകതയും സ്വതന്ത്രതയുമാണല്ലോ നിഷേ ലക്ഷ്യം വച്ചത്.

നിഷേയുടെ സത്യനിഷേധവും കലാപവും സകല അധുനിക കലാപരീക്ഷണങ്ങളുടെയും കാതലായി വർത്തിക്കുന്നു .ഇപ്പോഴും ഈ മൂല്യഘാതകനെ എല്ലാ നവ ചിന്തകർക്കും വേണം. മാനവരാശിയെ സ്വാധീനിച്ച ചിന്തകനെന്ന നിലയിൽ നിഷേയുടെ സ്ഥാനം ഉന്നതമാണ്. സത്യം ഇല്ലേയില്ല എന്ന പ്രസ്താവത്തിൽ ,അദേഹം ഒളിപ്പിച്ചത് വർത്തമാനകാലത്തെ സത്യാനന്തര ( Post Truth) വാദങ്ങളുമാണെന്ന് ഓർക്കുക. സത്യം ഇല്ല ,പിന്നെയുള്ളത് അത് എങ്ങനെ മനസിലാക്കപ്പെടുന്നുവോ ,അതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ്.ഒരു വസ്തുതയും നിലവിലില്ല - അത് പലർ ചേർന്ന് ഉണ്ടാക്കുന്നതാണെന്ന് പറയാം; വ്യാഖ്യാനങ്ങളിലൂടെയാണ് ഒരു വസ്തുത ഉണ്ടെന്ന് നാം ബോധ്യപ്പെടുന്നത്.
എല്ലാ മനുഷ്യജീവിതങ്ങളും കരിയും പുകയും നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിജയങ്ങളോടൊപ്പവും  നൊമ്പരങ്ങളും ചേർന്നു നില്ക്കുകയാണ്.
ഡാർവിനോട് ആദരവ് ഉണ്ടായിരുന്ന നിഷേ ,അദ്ദേഹത്തെയും അംഗീകരിച്ചില്ല.തന്നെ സ്വാധീനിക്കുന്നത് ആരാണോ അയാളെ നിരാകരിച്ചുകൊണ്ടേ നിഷേക്ക് നീങ്ങാനാവൂ.വിൽ ഡുറാൻ്റ് നിരീക്ഷിക്കുന്നു ,അങ്ങനെ നിഷേധിക്കുന്നതിലൂടെ അദ്ദേഹം തൻ്റെ കടം വീട്ടുകയാണ്.



യാതനയുടെ രഹസ്യം

ദാർശനികനായ സ്പെൻസറുടെ സന്മാർഗവാദത്തെയും നന്മയെക്കുറിച്ചുള്ള സങ്കല്പത്തെയും നിഷേ കശക്കിയെറിഞ്ഞു. ജീവിതസമരത്തിൽ  ശക്തിയുള്ളതാണ് അതിജീവിക്കുന്നതെന്ന സ്പെൻസറുടെ വാദത്തിൽ ശക്തിക്ക് മാത്രമാണ് സ്ഥാനം. അതായത് ,ദുർബ്ബലത ഒരു തെറ്റാണ് .ഇതിനോടു നിഷേ യോജിച്ചില്ല. ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ നിന്നു വളർന്നുവന്ന ധാർമ്മിക ആശയങ്ങളെയും മാന്യതാ ബോധ്യങ്ങളെയും അദ്ദേഹം നിരാകരിക്കുകയാണ് ചെയ്തത്.
നിഷേയുടെ ചിന്തകൾ ഒരു പ്രത്യയശാസ്ത്രത്തെയോ രാഷ്ട്രത്തെയോ വാഴ്ത്തുന്നില്ല. അദേഹം വൈരുദ്ധ്യങ്ങളെ കാണുന്നു. എന്നാൽ അവയെ നിർധാരണം ചെയ്യുന്നതിൽ അരാജകവാദിയായി മാറുന്നു. ജീവിതയാതനകളിലേക്ക് മടങ്ങേണ്ട വരാണ് നാം;എങ്ങനെയൊക്കെ അവനവനോടു കള്ളം പറഞ്ഞാലും.

Schopenhaur as Educator എന്നൊരു ലേഖനം നിഷേ എഴുതിയിട്ടുണ്ട് .ജർമ്മൻകാരനും വിശ്വവിഖ്യാത ദാർശനികനുമായ ഷോപ്പനോറുടെ ചിന്തകൾ  ആകർഷിച്ചതിനു തെളിവാണിത്. ഷോപ്പനോറുടെ world as will and idea എന്ന പുസ്തകം വായിച്ചതോടെ
ആ  മനസ്സ് ഇളകി മറിഞ്ഞു. തൻ്റെ മനസ്സ് ഇതുപോലെ വായിച്ച വേറൊരാൾ ഇല്ലെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്.''ഓരോ വരിയും നിരാസത്തിനും പിൻവാങ്ങലിനും നിഷേധത്തിനുമായി ഉച്ചത്തിൽ കരഞ്ഞു " - അദ്ദേഹം എഴുതി .

ഷോപ്പനോർ ജീവിതം ദു:ഖമാണെന്ന് പറഞ്ഞ ചിന്തകനാണ്. ഏത് പ്രവൃത്തിയിലും തണുത്തുറഞ്ഞ വിഷാദമുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ.ഇത് നിഷേയെ ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മനോ ഘടനയിൽ ഈ വിഷാദഛായ എപ്പോഴുമുണ്ടായിരുന്നു.എന്നാൽ ദുഃഖത്തിനു  കീഴടങ്ങിയിട്ടില്ല. യാതൊന്നിൻ്റെയും മേധാവിത്വം  അംഗീകരിക്കാൻ കൂട്ടാക്കാത്ത ആ പ്രതിഭ ജീവിതവിഷാദത്തിൻ്റെ സ്ഥിരതയെയും എതിർത്തു.മനുഷ്യൻ അവൻ്റെ ഇച്ഛാശക്തികൊണ്ട് സ്വന്തം അനുഭവങ്ങളെ വ്യാഖ്യാനിക്കണമെന്ന് അദ്ദേഹം ചിന്തിച്ചു. അപ്പോഴും നിഷേ യാതനകളുടെ അനിവാര്യതയെ ഉപേക്ഷിക്കുന്നില്ല. മനുഷ്യൻ യാതനയുടെ സത്തയാണ്; ഒഴിവാക്കാനാവാത്ത യാതന തന്നെയാണവൻ.ഒരേ സമയം സന്തോഷം നേടേണ്ടതിനെക്കുറിച്ചും ജീവിതത്തിൻ്റെ ആത്യന്തിക പ്രമേയം ദുരന്തബോധം മാത്രമാണെന്നതിനെക്കുറിച്ചും  നിഷേ സംസാരിച്ചു. ഇങ്ങനെ സ്വയം കാർന്നുതിന്നുന്ന ഒരു രോഗമായി അദ്ദേഹം തന്നിലേക്ക് തന്നെ ആഴ്ന്നിറങ്ങി.ശാന്തതയെ വേറൊരു അർത്ഥത്തിലാണ് ഉൾക്കൊണ്ടത്.സാംസ്കാരികമായി ആധിപത്യം പുലർത്തുന്ന ആശയങ്ങളെ വിമർശിച്ച് ഛിന്നഭിന്നമാക്കുന്ന രീതി അദ്ദേഹം വികസിപ്പിച്ചിരുന്നു. വിശ്വാസം ,മതം ,തുടങ്ങിയ അധീശ സംസ്കാരങ്ങളിൽ നിന്ന് അകന്നു നിന്ന അദ്ദേഹം ഒരു വ്യക്തി ഒറ്റയ്ക്കാണ് തൻ്റെ വിജയം നേടേണ്ടതെന്ന് വാദിച്ചു.അതാകട്ടെ മനുഷ്യത്വത്തെപ്പറ്റിയുള്ള ഒരു വിപുലമായ പാഠമായി രൂപപ്പെടുകയായിരുന്നു.

ഇരുപത്തി നാലാം  വയസ്സിൽ ബേസൽ യൂണിവേഴ്സിറ്റിയിൽ തത്ത്വചിന്തയുടെ ചെയറിൻ്റെ ചുമതല നിഷേയ്ക്ക് ലഭിച്ചു.അക്കാലത്ത് അദ്ദേഹം തൻ്റെ ധിഷണാവൈഭവം കൊണ്ട് അദ്ധ്യാപകരെപ്പോലും അതിശയിപ്പിച്ചു.ആ കാലഘട്ടം തൊട്ട് ഷോപ്പനോറുടെയും ഫ്രഡറിക് ആൽബർട്ട് ലാഞ്ചിൻ്റെയും ചിന്തകളിൽ അദ്ദേഹം ആകൃഷ്ടനായി. സംഗീതജ്ഞനായ റിച്ചാർഡ് വാഗ്നറു (wagner)മായി ഗാഢ സൗഹൃദമുണ്ടായിരുന്നു.1870 വരെ അതു തുടർന്നു. Tha  birth of Tragedy out of the spirit of music (1872) എന്ന കൃതിയിൽ വാഗ്നനറുടെ സ്വാധീനം പ്രകടമാണ്. ആ കാലത്ത് നിഷേയുടെ ലേഖനങ്ങൾ ജർമ്മൻ ബുദ്ധിജീവികളുടെ ചർച്ചകളിൽ സജീവമായിരുന്നു. ഷോപ്പനോർ ,വാഗ്നർ എന്നിവരുടെ ചിന്തകളുമായി ബന്ധപ്പെട്ടതായിരുന്നു മിക്കതും.



1879 ലാണ് അദ്ദേഹം അദ്ധ്യാപക ജീവിതം അവസാനിപ്പിക്കുന്നത്.ആരോഗ്യം മോശമായതും ഒരു കാരണമായിരുന്നു.എന്നാൽ എഴുതാൻ കൂടുതൽ സമയം നീക്കിവച്ചു.ഓരോ വർഷവും ഓരോ പുസ്തകം എന്ന രീതിയിൽ പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്നു. അതേസമയം  രോഗങ്ങൾ വല്ലാതെ അദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. കണ്ണിനു കാഴ്ച കുറയ്ക്കുന്നതും തലവേദനയും മാറാത്ത രോഗങ്ങളായി  അവശേഷിച്ചു.

എന്നാൽ കലയുടെ കാര്യത്തിൽ കൂടുതൽ വിഗ്രഹഭഞ്ജക സ്വഭാവമുള്ള  വാദമുഖങ്ങളാണ് അദ്ദേഹം ഉയർത്തിയത്.ഒരു മിഥ്യയെ താലോലിക്കുന്നത് ജീവിതത്തിൻ്റെ ആവശ്യമാണ്. യാഥാർത്ഥ്യങ്ങൾ കൊണ്ടു മാത്രമല്ല നാം ജീവിക്കുന്നത്. മിഥ്യയിൽ മുഴുകുന്നത് ഒരു കലാനുഭവമാണ്. യഥാർത്ഥമായതിൽ കല തേടേണ്ടതില്ല. ഇതായിരുന്നു നിഷേയുടെ വീക്ഷണം.ഇത് ഇന്നും  പ്രസക്തമാണ്.എത്രയോ കവികളെ ഇത് സ്വാധീനിച്ചു! ഇരുപതാം നൂറ്റാണ്ടിലെ ടി.എസ്.എലിയറ്റും എസ്രാ പൗണ്ടും ഉൾക്കൊണ്ട ദർശനത്തിൻ്റെ ഉറവിടം കാണാൻ ശ്രമിച്ചാൽ അത് പലയിടങ്ങളിൽ നിന്ന് വളം വലിച്ചെടുക്കുന്നത് കാണാം.

കല നവീനമായൊരു മൂല്യമാണ് സൃഷ്ടിക്കേണ്ടത്. അത് അറിഞ്ഞതിൽ നിന്ന് അറിയത്തക്ക തല്ലാത്ത കേന്ദ്രങ്ങളിലേക്ക് നീങ്ങണം .യഥാർത്ഥ വസ്തുക്കൾക്കില്ലാത്ത സൗന്ദര്യമാണ് അത് അന്വേഷിക്കുന്നത്. കല ആസ്വാദനക്ഷമമാകണമെങ്കിൽ, അതിൽ യഥാർത്ഥമായിട്ടുള്ള വസ്തുതകളല്ല വേണ്ടത് ; സൗന്ദര്യാത്മകതയാണ്.ഈ സൗന്ദര്യാത്മകത കലാകാരൻ സൃഷ്ടിക്കുന്നതാണ് ,അത് മറ്റെവിടെയും ഉള്ളതല്ല.

ജീവിതത്തിനും ഇത് ബാധകമാണെന്ന് നിഷേ പറയുന്നു. ജീവിതത്തിൻ്റെ സ്വഭാവം ഉണ്ടാകുന്നത് ,ശൈലീപരമായ ചില സവിശേഷതകൾ വന്നു ചേരുമ്പോഴാണ് .ഇതും സൗന്ദര്യമാണ്. യാതനയിൽ നിന്ന് നാടകീയത കണ്ടെത്തിയ ഗ്രീക്കുകാരോട് നിഷേയ്ക്ക് ബന്ധമുണ്ട്. നിഷേയും യാതനയിൽ നിന്ന് സൗന്ദര്യം തേടുകയായിരുന്നല്ലോ. കലാപരമായ പുനർനവീകരണമാണിത്.ദു:ഖത്തിൽ കലയുടെ ധാതുക്കളെ തേടിപ്പുറപ്പെടുക. നിഷേ ഒരു നിരാശാ വാദിയായിരുന്നില്ലല്ലോ.എന്നാൽ ശുഭാപ്തി വിശ്വാസിയുമല്ലായിരുന്നു. അദ്ദേഹത്തിൻ്റെ മനസ്സിനു ഇണങ്ങിയ മാർഗം Tragic Optimism ആയിരുന്നു.ദുരന്തബോധം ഉൾച്ചേർന്ന പ്രസാദാത്മകതയായിരുന്നു അത്. ശക്തനായ മനുഷ്യൻ്റെ യാത്രയുടെ സ്വഭാവമാണത്. തൻ്റെ തീവ്രമായ അനുഭവങ്ങളിലേക്ക് മുഴുകിക്കൊണ്ട് അതിൻ്റെ യാതനയിലൂടെ  നേടുന്നതാണ് ജീവിതം. അത് ശരി ,തെറ്റുകൾക്ക് അപ്പുറത്താണ്.

മനുഷ്യനിലെ ദൈവത്തിൻ്റെ മരണം

Thus spoke Zarathustra ,നിഷേയുടെ ഏകാന്തഭാവനയുടെ സ്ഫുലിംഗങ്ങൾ അടങ്ങിയ കൃതിയാണ് .പേർഷ്യൻ മതപാരമ്പര്യത്തിലെ സൊറാസ്റ്റർ (Zoroaster) ക്ക് സമാനമാണ് നിഷേയുടെ സരതുസ്ത്ര.ഒരു അതി മാനവനെയാണ്  ഈ നോവലിൽ സങ്കല്പിക്കുന്നത്. മനുഷ്യൻ ഒരു കുരങ്ങനായിരിക്കുന്നതിൽ ഒട്ടും അഭിമാനിക്കുന്നില്ല .എന്നാൽ അവൻ സ്വയം അതിജീവിക്കുന്നവനാകണം. ഒരു അതിമാനവൻ നമ്മുടെ വംശത്തെ കാത്ത് നില്ക്കുന്നുണ്ട്‌. അതിലേക്കാണ് ഇനി എത്തിച്ചേരാനുള്ളത്.

അവിടെയെത്തിയാൽ ,പുരാതനമായ അന്ധവിശ്വാസങ്ങളും ധാർമ്മികതയും അസംബന്ധമായിത്തീരും .ഈ അതി മാനവൻ ശാരീരികമായ അവസ്ഥയല്ല;അത് മനുഷ്യൻ സ്വയം നിർമ്മിക്കുന്ന സമസ്യകളിൽ നിന്ന് എങ്ങനെ കരകയറണമെന്ന ചോദ്യത്തിനുള്ള ഉത്തരമായി നില്ക്കുകയാണ്. ഓരോ നിമിഷത്തിലും ഒരു അതിമാനവൻ നമ്മുടെ ദൈന്യതകളിലേക്ക് നോക്കിയിരിക്കന്നുണ്ട്. ആ അതിമാനവനെ പ്രാപ്യമല്ലാത്തതു കൊണ്ട് നമ്മുടെ നിരാശ ഇരട്ടിയാകുന്നു.

നിഷേയുടെ പ്രധാന ചിന്തയാണ് സ്വയം സൃഷ്ടിക്കുക എന്നുള്ളത്. കാരണം മനുഷ്യൻ എപ്പോഴും ഒരേ പോലെ ആവർത്തിക്കപ്പെടുന്ന ഒരു പ്രപഞ്ച സംവിധാനത്തിലാണുള്ളത്. അതിനെ എങ്ങനെ ലംഘിക്കാം എന്ന ആലോചന പ്രധാനമാണ്. ഇങ്ങനെയുള്ള ധൈഷണിക മുന്നേറ്റത്തിൽ ഒരുവൻ അവൻ്റെ മതവുമായി എങ്ങനെ സഹകരിക്കും. ? ഇവിടെയാണ് നിഷേ ഒരു നിഷേധിയാകുന്നത്. പാശ്ചാത്യ ക്രിസ്തുമതവുമായി അദ്ദേഹം അകലുകയാണ് ചെയ്തത്.ക്രിസ്തുമതം മനുഷ്യൻ്റെ ജന്മവാസനകളെ പാപവുമായി കൂട്ടിയിണക്കുകയാണെന്നത് പ്രകൃതി വിരുദ്ധമാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഇവിടെ മതത്തെയല്ല എതിർക്കുന്നത് ,മതസാംസ്കാരിക തയെയാണ്.
മനുഷ്യൻ്റെ ചിന്തകളുടെ ഒരു പ്രതിഷ്ഠാപനമാണ് ദൈവം എന്ന അർത്ഥത്തിലാണ് സമീപനം .അതുകൊണ്ട് ദൈവം മരിച്ചു എന്ന് പറഞ്ഞത്. ദൈവം  മനുഷ്യൻ്റെ രൂപവും ഭാവവും ആർജിക്കുന്നു. മതങ്ങളിലെ ദൈവം മരിച്ചു എന്നല്ല പറഞ്ഞത് ;മനുഷ്യനിലെ ദൈവം മരിച്ചു എന്നാണ്. കാരണം ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യൻ എന്ന നിലയിൽ ,അവൻ്റെ സാംസ്കാരിക ജീവിതം തകർന്നിരിക്കുന്നു. അവൻ യുക്തിയുടെ ആനുകൂല്യത്തിൽ ജീവിച്ചു കൊണ്ട് യുക്തിഹീനതയായി മാറിയിരിക്കുന്നു. നമ്മൾ ഉള്ളിൽ പരിപാലിച്ചുകൊണ്ടു വന്ന ഒരു ദൈവത്തിൻ്റെ മരണമാണത്. ദൈവം മരിച്ചു എന്ന പ്രസ്താവത്തെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു.പ്രപഞ്ചത്തിൻ്റെ നിയന്താവ് എന്ന നിലയിലുള്ള ദൈവത്തെയല്ല നിഷേ ലക്ഷ്യം വച്ചത്.

നിങ്ങൾ സ്വന്തം ജ്വാലയിൽ എരിഞ്ഞു തീരാൻ തയ്യാറായിരിക്കണമെന്നും എന്നാൽ നിങ്ങൾ ചാരമായില്ലെങ്കിൽ എങ്ങനെ അതിൽ നിന്ന് ഉയർന്നു വരുമെന്നും നിഷേ ചോദിച്ചതിൻ്റെ അർത്ഥവ്യാപ്തി  ഒരാൾ തൻ്റെ വിധിയെ മറികടക്കുന്നതുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം. സ്വന്തം വിധിയെയാണ് ,വിധിയെക്കുറിച്ചുള്ള ധാരണയെയാണ് എരിച്ചു കളയേണ്ടത്. ആ വിധി നമ്മോടൊപ്പമുള്ളതാണ്. അല്ലെങ്കിൽ അത് നമ്മൾ തന്നെയാണ്. എങ്കിൽ അതിൽ എരിയുന്നത് നമ്മൾ തന്നെ ആയിരിക്കുമല്ലാ. അപ്പോൾ നാം വീണ്ടും  ജനിക്കുന്നത് എന്തിനാണ് ? നമ്മെ വിലക്കാത്തതും എരിക്കാത്തതും തകർക്കാത്തതുമായ ഒരു നവജീവിതമാണ് ഉണ്ടാകേണ്ടത്.
" One must be a sea ,to receive a polluted stream without becoming impure - നിഷേ എഴുതി. കടലിനു മാത്രമേ സ്വയം അശുദ്ധമാകാതെ മാലിന്യം നിറഞ്ഞ നദിയെ ഉൾക്കൊള്ളാനാവൂ. ഇവിടെയും അതിമാനവൻ എന്ന സങ്കല്പം ഉയർന്നു വരുകയാണ്. മനുഷ്യർ അവൻ്റെ പരിമിതികൾ കണ്ടെത്തുകയും അത് അതിജീവിക്കുന്നതിനായി കൂടുതൽ വിശാലത നേടുകയുമാണ് വേണ്ടതെന്നാണ് നിഷേയുടെ ചിന്തയുടെ കാതൽ .അവിടെയാണ് ദൈവം മരിക്കുന്നത്. കാരണം ഒരു പരമ്പരാഗത ചിന്താചത്വരത്തിൽ നിന്ന് അവൻ സ്വയം  വളരുകയാണ്. അതുകൊണ്ട് അവൻ പരമ്പരാഗത ദൈവത്തെ ഉപേക്ഷിക്കുകയാണ്. അതോടെ ആ ദൈവം മരിക്കുകയാണ് ചെയ്യുന്നതെന്ന തത്ത്വം ഉയർന്നു വരുന്നു. പൂർവ്വകാലത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് വിടുതൽ കൈവരിക്കാൻ ഇതാവശ്യമാണ് .

അതേസമയം മനുഷ്യൻ്റെ അഹം അഥവാ ബോധം തന്നെ സ്ഥിരമല്ല. ഏതാണ് ഞാൻ ? ഒരു സമയം തന്നെ പലതരം "ഞാൻ"  പ്രവർത്തിക്കുന്നു. അവ പരസ്പരം പോരടിക്കുന്നു; വസ്തുതകൾ ഉണ്ടാകുന്നത് ഇതിൽ നിന്നാണ്.

സത്യം ഒരു ഭാഗിക വീക്ഷണമാണെന്ന നിലപാട് നിഷേക്ക് ഒരു ബഹുസ്വരത നേടിക്കൊടുക്കുന്നു. On truth and lies in a normal sense എന്ന ലേഖനത്തിൽ സത്യത്തെ മൂർത്തമായി കാണാൻ അദ്ദേഹം കൂട്ടാക്കുന്നില്ല. ഏത് വാദത്തെയാണോ  നാം ഏറ്റവും പ്രധാനമായി സ്ഥാപിക്കാൻ ശ്രമിക്കുന്നത് അതാണ് നമ്മുടെ സത്യം .പക്ഷേ, അത് ആപേക്ഷികമാണ്. നമ്മുടെ സന്തോഷവും സങ്കടവും കെട്ടുപിണഞ്ഞു കിടക്കുന്നതാകയാൽ ,ഒന്നിനെക്കുറിച്ചും ഓർത്ത് വേവലാതിപ്പെടാനില്ലെന്ന് നിഷേ പറയുന്നു. ഒന്നും ഒറ്റയ്ക്കല്ല നില്ക്കുന്നത്;പരസ്പരബന്ധിതമാണ്.
യാഥാസ്ഥിതികവും സാമൂഹ്യമായി ഉറച്ചതുമായ ധാരണകൾക്കകത്ത് അസന്തുഷ്ടനായി കഴിഞ്ഞ വ്യക്തിത്വമാണ് ഈ ചിന്തകൻ്റേത്.അദ്ദേഹം തന്നിൽ നിന്നു തന്നെ ആക്രമണകാരിയായി തെന്നിമാറിക്കൊണ്ടിരുന്നു. സ്വയം ധ്വംസിക്കുന്ന തലത്തിൽ ,സ്വയം അന്യനാകുകയാണ് .

നിഷേ തൻ്റെ ഗുരുക്കന്മാരിൽ നിന്ന് വ്യതിചലിക്കുന്നതിൻ്റെ കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു പ്രസ്താവം ഇതാണ് : One repays a teacher badly if one always remains nothing but a pupil .പഠിപ്പിച്ച ഗുരുക്കന്മാർക്ക് അപ്പുറം പോകുക എന്ന യത്നമാണത്. സന്ദേഹങ്ങളും ചോദ്യങ്ങളും ഉള്ളതുകൊണ്ടാണ് അത് വേണ്ടി വരുന്നത് .ക്രിസ്തുമതത്തിൽ വിശ്വാസിയാകുന്നവന് സന്ദേഹിയാകാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ബുദ്ധിപരമായ ദാഹമുണ്ടാകുമ്പോൾ എല്ലാ പിന്തുടർച്ചകളിൽ നിന്നും നാം അകന്നു പോകേണ്ടവരാണ്.



സന്തോഷം ക്രൂരത തന്നെ

നിഷേ എന്തുകൊണ്ടാണ് മനുഷ്യൻ്റെ ക്രൂരതയെപ്പറ്റി ഇത്രയധികം സംസാരിച്ചത് ?മനുഷ്യൻ ഒരു ക്രൂരമൃഗമാണെന്ന ഒന്നാന്തരം പ്രസ്താവന സരതുസ്ത്രയിലൂടെ അദ്ദേഹം സ്ഥാപിച്ചു.മനുഷ്യന് പെട്ടെന്ന് പിടികിട്ടുന്നത് ക്രൂരതയാണ്. അവൻ്റെ കൈയെത്തും ദൂരത്തുള്ളത് ക്രൂരതയാണ്; സന്തോഷത്തിൽപ്പോലും ക്രൂരതയാണ്.
" ദുരന്തങ്ങളെ ഒരു സാക്ഷി എന്ന നിലയിൽ കാണുമ്പോൾ ,കാളപ്പോരുകളിൽ ,കുരിശുമരണങ്ങളിൽ മാനവരാശി ക്രൂരമായ ആനന്ദം അനുഭവിച്ചു. എന്നാൽ അവൻ നരകം കണ്ടു പിടിച്ചപ്പോഴോ ?അത് ഭൂമിയിലെ സ്വർഗ്ഗമായി മാറി " .

അടുത്ത ജന്മത്തിൽ ശിക്ഷകിട്ടുമെന്ന്  വിചാരിച്ച് ഒരാളും ഇന്ന് വെറുതെ യാതന അനുഭവിക്കാൻ മുന്നോട്ടു വരില്ല. തെറ്റുകൾ ചെയ്യുന്നതിലും സന്തോഷിക്കുന്നതിലും നീലീനമായിട്ടുള്ളത് ക്രൂരതയാണ്.
"To be silent is worse; all unuttered truths become poisonous"  സരതുസ്ത്രയുടെ കാതലുള്ള സംഭാഷണം . നമ്മുടെ രാഷ്ട്ര വ്യവഹാരങ്ങളിലോ ,യുദ്ധങ്ങളിലോ ഒരു നന്മയും അദ്ദേഹം കാണുന്നില്ല. അതുകൊണ്ടാണ് ആദ്യത്തെ ക്രിസ്ത്യാനിയെ ഇന്നായിരുന്നെങ്കിൽ സൈബീരിയയിലേക്ക് നാടുകടത്തുമായിരുന്നു എന്നെഴുതിയത്. അന്ന് സൈബീരിയ തെറ്റ് ചെയ്തവരെയും ചെയ്യാത്തവരെയും കൊണ്ടുപോയി തള്ളാനുള്ള ഇടമായിരുന്നു. ആദ്യത്തെ ക്രിസ്ത്യാനി ആരുടെയും പ്രത്യേകമായ പദവികൾ അംഗീകരിക്കുമായിരുന്നില്ല. അവൻ തുല്യ അവകാശത്തിനു വേണ്ടി നിലകൊള്ളുമായിരുന്നു. അവൻ നമുക്കിടയിൽ ഏറ്റവും വലിയവനാകയാൽ ,അവനെ നമുക്ക് പരിചാരകനാക്കാം എന്ന് പറയുന്നിടത്ത് നിഷേയുടെ പരിഹാസം രൂക്ഷമാകുന്നു .

നിഷേ നാളിതുവരെയും എഴുത്തുകാരെയും ചിന്തകരെയും പല വഴികളിൽ നിയന്ത്രിച്ചു. അരാജകവാദികളും ആധുനികരുമാ യി ചിത്രകലയിലും സിനിമയിലും വന്നവരിൽ പലരും നിഷേയെ ഒരു ബിംബമായി ഉള്ളിൽ കൊണ്ടുനടന്ന വരാണ്.ചിത്രകാരനും ശില്പിയുമായ മാർസൽ  ദുഷാമി (Marcel  Duchamp)ൽ ഒരു നിഷേയുണ്ട് ;പിക്കാസോയിൽ ഉണ്ട്.ഫ്രഞ്ച് എഴുത്തുകാരൻ  സാർത്രിൽ  നിഷേയുണ്ട് .നിലവിലുള്ള വ്യവസ്ഥാ പരമായ ജീർണതയ്ക്കെതിരെ നീങ്ങുന്നവരിലെല്ലാം ഒരു നിഷേ നന്മതിന്മകൾക്കപ്പുറത്ത് ചിരിക്കുന്നുണ്ട്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...