22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 സഹിക്കുകയും പ്രബുദ്ധമാവുകയും
ചെയ്യുന്ന എന്തോ ഒന്ന്

പിയറി ഒഗസ്റ്റ് റെന്വാഹ് വരച്ച ചില ചിത്രങ്ങളെ ആസ്പദമാക്കി എഴുതിയ കവിതകൾ

എം.കെ.ഹരികുമാർ

സമാധി പോലെ ജലം

പൂക്കൾ ഇതൾ വിടർത്തുന്ന
തടാകത്തിൽ
ജലം പുരാതനമാണ്.

സമുദ്രത്തിലെ ജലം
അടിയിലാണ്.
അത് സമാധിയിലാണ്.

ഗർഭപാത്രത്തിൽ
ജലം
ഏകാക്ഷര പ്രാർത്ഥന പോലെ .

കൈത്തലത്തിൽ
വരാനിരിക്കുന്ന മഴ പോലെ.

ജീവജാലങ്ങൾക്കിടയിൽ
അദൃശ്യമായ സ്നേഹം പോലെ.

ഭാഷയിൽ ജലം
സ്പർശമാണ് ,
മനസിനു മാത്രം മനസിലാക്കാൻ.
പ്രാർത്ഥനയിൽ
ദൈവത്തിലേക്കുള്ള വഴി

ജലത്തിൽ ഓരോ നിമിഷവും
കുരിശുമരണമുണ്ട്;ഉയിർപ്പും.
ജലം ക്രൈസ്തവമാണ്.
സഹിക്കുകയും പ്രബുദ്ധമാവുകയും
ചെയ്യുന്ന എന്തോ ഒന്ന്.

Young girls by the water



ദൈവികതയെ നിരാകരിച്ചും
തമസ്ക്കരിച്ചും
നമ്മുടെ കറുത്ത പക്ഷികൾ
പറക്കുന്നു.
ഈ നിമിഷപാപത്തെ കഴുകാൻ
ഓരോ തുള്ളി ജലവും
പാടുപെടുകയാണ്.
അത് ചരിത്രത്തിൽ നിന്ന്
നമ്മുടെ കാല്പാടുകൾക്ക്
മുന്നിലേക്കും
ഭാവിയിലേക്കും ഒഴുകുന്നു .

ജലം ഉത്ക്കണ്ഠയാണ്
ജലം കാത്തിരുപ്പാണ്
ജലം ക്ഷോഭമാണ്
ജലം മാനസാന്തരമാണ്
ജലം തപസ്സാണ്.
ജലം പ്രകാശമാണ്.

*Young girls by the water


ജീവിതം പ്രാചീനമായ ആകാശം

ഒരു നൂലിൻ്റെ ആകാരത്തിൽ
എൻ്റെ ഉള്ളിൽ
ആകാശം താഴോട്ടിറങ്ങുന്നു
അത് താഴേക്ക് ഇഴയുകയാണ്.
സർവ ഇന്ദ്രിയങ്ങളെയും
സ്പർശിക്കുന്ന പോലെ
അത് എവിടെയാണ്
അവസാനിക്കുന്നത്. ?
മമ ആത്മന:
ഞാൻ മാത്രമേയുള്ളു;
ഞാൻ മാത്രം .


എന്നിലേക്ക് ആഴ്ന്നു പോയ
ആകാശം
നിൻ്റെയുള്ളിലെ ആകാശത്തെ
തേടുകയാണ്.
അതുപോലെ  നിൻ്റെയുള്ളിലെ
ആകാശം എന്നെയും.
രണ്ടും ഒന്നായിച്ചേർന്ന്
വീണ്ടും യാത്ര.

ഇപ്പോൾ ആകാശത്തിലാണ്
നമ്മൾ രണ്ടു പേരും
നമ്മുടെ പൂർവ്വചരാചരങ്ങൾ
ധൂളികൾ
തമസ്സുകൾ
മൗനങ്ങളുടെ ഇടവേളകൾ,
പ്രാണൻ്റെ യാത്രകൾ ,
ശിഥിലമായ സ്വപ്നങ്ങൾ
എല്ലാം പിന്നിൽ അലിയുന്നു.

ജീവിതം പ്രാചീനമായ
ആകാശമാണ്
അവിടെ തിരിച്ചറിയപ്പെടാതെ
നാം കളികളിലേർപ്പെട്ടു.
നമ്മെ കണ്ടെത്തി
പരസ്പരം ബന്ധിപ്പിക്കാൻ
ആരുമില്ലാതായി.
ഇതാണ് ശൂന്യതമസ്സ്;
നിർവ്വേദമായ വിഷാദം
A walk by the sea


ആകാശം ഭദ്രാസനത്തിലേക്ക്
പറക്കുന്ന പക്ഷിയുടെ
ചിറകിനടിയിലാണുള്ളത്.

കൈവീശി നടക്കുന്ന
മനുഷ്യൻ്റെ
വിരലുകൾക്കിടയിൽ
അത് സുരക്ഷിതമാണ്.
പാഞ്ഞു പോകുന്ന കുതിരയുടെ
കുളമ്പടിയൊച്ചകൾക്കിടയിൽ
അത് രാഗാർദ്രമാണ്.

ഞാൻ ആകാശത്തിലാണ്.
ആകാശം എന്നിലും


ഈ ശരീരത്തിൽ നിന്ന്
ആകാശത്തിലേക്കും
തിരിച്ചും ഞാൻ
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

*A walk by the sea



നാരങ്ങയിൽ നിലീനമായ അഗ്നി

അസത്യങ്ങളെയും
തമസ്സുകളെയും
വയറ്റിലിട്ടു കത്തിച്ചു കളയുന്ന
അഗ്നിക്ക് വിശ്രമമോ
വിരക്തിയോ ഇല്ല

അന്നത്തിൽ അഗ്നി
രക്തത്തിൽ അഗ്നി
ത്വക്കിൽ അഗ്നി
സൗന്ദര്യത്തിൽ അഗ്നി
പ്രണയത്തിൽ അഗ്നി
പ്രഭാതപുഞ്ജത്തിൽ അഗ്നി
നിശ്ശബ്ദതയിലും
നിരാകാരത്തിലും അഗ്നി
ഒരു നാരങ്ങാ
പിളർത്തുമ്പോഴും അഗ്നി
Still life with lemons




സംവത്സരങ്ങളോളം
നിർവ്വേദാവസ്ഥയിൽ
തപസ്സു ചെയ്യുന്ന അഗ്നി
പുരോഹിതനായ അഗ്നിയെ
വണങ്ങാൻ
സർവജീവജാലങ്ങളും
നിരയായി നില്ക്കുന്നു.
ഈ ആരാധന
സ്വീകരിച്ചാലും.
അഗ്നിമീതേ പുരോഹിതം

*Still life with lemons 


BACH TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...