കാഞ്ഞുണങ്ങിയ പുളിങ്കുരുവായിരുന്നു,
തീ കാത്തുവെച്ച; തെന്നിട്ടും
നിന്റെയീറനിൽ നട്ടു.
നാലഞ്ചു പുറംപോളയടർന്നു
പിന്നെക്കാണുമാദിമനിലാവിന്റെ
തുടംപോൽ ഇലക്കൂമ്പ്!
തൊട്ടു കൈകളാലാകാശത്തെ വാർന്നെടുക്കുന്നു,
പതിരായ്ത്തീരാഞ്ഞതിൻ പ്രിയമോ;നമിക്കുന്നു!
കണ്ടു നിൽക്കുമ്പോൾ ഞാനോ
കാഞ്ഞുകാഞ്ഞുണങ്ങിപ്പോയ്
എന്തൊരത്ഭുതം!
പുളിങ്കുരുവോ പടർന്നുപോയ്-
നാലുപാടേക്കും താനേ നൃത്തലോലമായ്
ഭാവാഗാരമാർന്നതായ്, താളാത്മകമായ്
സമംഗമായ്!
വേനലിലതിൻ ചോട്ടിൽ
ചെന്നിരിക്കുമ്പോൾ,
തൂവൽ ഛായയിൽ
കിളിമുട്ടയായ് ഞാൻ പകർന്നുപോയ്!