പല കാര്യങ്ങളിലും തെറ്റായ ധാരണകൾ കാത്തുസൂക്ഷിക്കാൻ ക്ലേശിക്കുന്നവരാണ് മനുഷ്യർ. അത് നിയമപാലകരായ പോലീസുകാരെപ്പറ്റിയാകുമ്പോൾ പറയുകയും വേണ്ടാ. അക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് രണ്ടാമതൊരു വിചിന്തനത്തിൽ ബോധ്യമാകും.
പോലീസുകാരെല്ലാം കൊള്ളരുതാത്തവരും വെറുക്കപ്പെട്ടവരുമാണെന്നാണ് മനുഷ്യരുടെ പൊതുവായ ധാരണ. അതിന് ഓരോരുത്തർക്കും അവരുടേതായ ന്യായീകരണങ്ങളും ഉണ്ടാവും. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ തിക്താനുഭവങ്ങൾ ഇക്കൂട്ടരിൽനിന്ന് അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. അനുഭവസ്ഥർ പറഞ്ഞുകേട്ട കാര്യങ്ങൾവച്ച് പോലീസിന്റെ അഞ്ചയലത്തുപോലും ചെല്ലാൻ ഭാഗ്യം സിദ്ധിക്കാത്ത വരും ഒരു മുൻവിധി സൂക്ഷ്മമായി തയ്യാറാക്കിവച്ചിരിക്കും എന്നതാണ് വാസ്തവം.
സാടാ ജനത്തെപ്പോലെത്തന്നെ പോലീസിനെ വെറുക്കുന്നവരാണ് മോഷ്ടാക്കളും. അതിലെന്ത് അത്ഭുതമെന്ന് ഇപ്പോൾതന്നെ പലരും സംശയിച്ചിട്ടുണ്ടാവും.നിയമനിഷേ
കള്ളനും പോലീസും പരസ്പരപൂരകങ്ങളാണ്, കള്ളന്മാരാണ് പോലീസിനെ പുലർത്തുന്നത് എന്നൊക്കെയുള്ള ധാരണകളാണ് പൊതുസമൂഹത്തിൽ പടർന്നിട്ടുള്ളത്.അതിനെ സാധൂകരിക്കുന്ന പലതും നിത്യ ജീവിതത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്നു.കള്ളന്മാർ പോലീസിനെ വെറുക്കാൻ കാരണം കൊള്ളമുതൽ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള സങ്കീർണതയാണ്.പങ്കുവയ്ക്കൽ കഴിഞ്ഞാൽ കുടും ബം പുലർത്താൻ പല മോഷ്ടാക്കൾക്കും പോലീസ് അറിയാതെ മറ്റൊരു അദ്ധ്വാനത്തിലേക്ക് വിയർപ്പുചാൽ ഒഴുക്കേണ്ടിവരും.അത്തരം അൺഓതറൈസ്ഡ് മോഷണത്തിന് പിടിക്കപ്പെട്ടാൽ യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട. മോഷണവസ്തുക്കൾ കണികാണാൻ കിട്ടില്ലെന്നുമാത്രമല്ല, മോഷ്ടാവിനുമേൽ അറിയാത്ത കുറ്റകൃത്യങ്ങളുടെപോലും വൻഭാരം ചാർത്തപ്പെട്ടേക്കാം.
പോലീസ് സ്റ്റേഷൻ പെറ്റമ്മവീടും ജയിൽ പോറ്റമ്മവീടുമെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള കള്ളൻ ചിന്നരശിന്റെ അനുഭവം തികച്ചും വ്യത്യസ്ഥമാണ്. ചിന്നരശിന്റെ നിഘണ്ഡുവിൽ പോലീസെന്ന വാക്കിന് കടവുളെന്നാണ് അർഥം! മറ്റു കള്ളന്മാരുടെ ദോഷൈക്ദൃക്ക് ചിന്തകളെ അപഹസിക്കാനും അപലപിക്കാനും അയാൾ സദാ തയ്യാർ. കടപ്പാട് അത്രമാത്രമുണ്ട് അയാൾക്ക് പോലീസ്് വർഗത്തോട്. ആദ്യമോഷണശ്രമം അതിദയനീയമായി പരാജയപ്പെട്ട പതിമൂന്നാം വയസ്സിൽ തുടങ്ങിയ വിധേയത്വം അൻപതുകൾ പിന്നിട്ടിട്ടും അഭംഗുരം തുടരുന്നു.
ഒരു ചിന്നപ്പയ്യനെ കയ്യാമംവച്ച് പോലീസുകാരുടെ അകമ്പടിയോടെ സർക്കാർ ബസ്സിൽ കയറ്റിയാൽ സ്വാഭാവികമായും യാത്രക്കാർ ശ്രദ്ധിക്കുമല്ലോ. അതാണ് ഇവിടെയും സംഭവിച്ചതു. ഇരുകാലിൽ നിൽക്കാൻ വിധിക്കപ്പെട്ട യാത്രക്കാർ കണ്ണിലെണ്ണയൊഴിച്ച് സീറ്റൊഴിയാനായി കാത്തുനിൽക്കുമ്പോൾ, കയറിയപാടെ പിറകിലത്തെ മൂന്ന് സീറ്റുകൾ കാലിയാക്കിച്ച് കള്ളനെ നടുക്കിരുത്തി പോലീസുകാർ ഇരുവശത്തുമായി സ്ഥാനം പിടിച്ചു. നിയമം നടപ്പാക്കാൻ ബാദ്ധ്യസ്ഥരായവർ ചെയ്യുന്നതൊന്നും ചോദ്യം ചെയ്യാനാൻ പാടില്ലല്ലോ. അതിനാൽ സീറ്റൊഴിഞ്ഞവർ മൗനം പാലിച്ചതു സ്വാഭാവികം. അത് പോലീസിൽനിന്ന് കള്ളന് കിട്ടിയ രണ്ടാമത്തെ ആശ്വാസം. ഒന്നാമത്തെ ആശ്വാസത്തിന് അതിലും വലിയ മാനുഷിക മുഖമുണ്ട്. കള്ളന്മാർക്ക് കഞ്ഞിമാത്രമല്ല, പയറും പപ്പടവുംകൂടി ഉണ്ടാക്കി കൊടുക്കുന്ന ഭരണകക്ഷിയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെ അടുക്കളയിൽ പശിയടക്കാനാണല്ലോ കയറിപ്പറ്റിയത്. മോഷണത്തിന് അക്കാലത്ത് രാഹുകാലം നോക്കുന്ന ഏർപ്പാടില്ല. അതുകൊണ്ടാവാം, ഒരു റൊട്ടിക്കഷണമെങ്കിലും കയ്യിൽ തടയുംമുമ്പ് പിടിക്കപ്പെട്ടത്. പയ്യനായതിനാൽ നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞിട്ടും കയ്യാമംവച്ചേതീരുവേന്ന് പശമുക്കി ഇസ്തിരിയിട്ട ജുബ്ബധരിച്ച കശ്മലന് ഒരേ നിർബന്ധം! പോലീസല്ലേ പാർട്ടി? തൊപ്പിയെ ഏറെ സ്നേഹിക്കുന്ന വർഗമാണല്ലോ.
കയ്യാമംവെച്ചപ്പോൾതന്നെ പോലീസുകാർ നോക്കിനിൽക്കെ രണ്ടു കരണത്തും കൊടുത്തു രാഷ്ട്രീയക്കാരൻ ഓരോ പെട! സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ, ആദ്യം കണ്ട ചായക്കടയിൽ നിന്ന് പോലീസുകാരൻ സ്വയം യൂറിഞ്ഞ നേന്ത്രപ്പഴങ്ങളിൽ ഒന്ന് കള്ളനും കിട്ടി. കൂടെ ഒരു പാലുംവെള്ള വും! അതിന്റെ സ്വാദ് ഇന്നും നാവിൻതുമ്പിലുണ്ട്,പോലീസ് വർഗത്തോടുള്ള ഒടുങ്ങാത്ത കടപ്പാടുപോലെ. അതാണ് ചിന്നരശിന്റെ മോഷണകഥാപരമ്പരയിലെ ആദ്യപേജ്. അതിനുശേഷം ആയിരക്കണക്കിന് പേജുകളിലായി കള്ളനും പോലീസും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചൂടും ചൂരും നഷ്ടപ്പെടാത്ത മോഷണകലയുടെ മിഴിവുറ്റ രൂപകങ്ങൾ സങ്കീർണതയുടെ മഷിയിൽമുക്കിയ അക്ഷരങ്ങളിൽ തപിച്ചുകിടക്കുന്നു.
ബസ്സിൽനിന്നും ഇറക്കിയ കള്ളനെ പോലീസുകാർ എസ്.ഐ. പരീതുപിള്ളയുടെ മുമ്പിൽ എത്തിച്ചു. വസൂരിക്കലകൾ കീഴടക്കിയ പരീതുപിള്ളയുടെ വലിയ കറുത്ത മുഖത്തേയ്ക്ക് നോക്കിയപ്പോഴേ പോലീസുകാർ കുലയിൽനിന്ന് യൂറിഞ്ഞുകൊടുത്ത നേന്ത്രപ്പഴത്തിന്റെയും പാലിൻവെള്ളത്തിന്റെയും ബലമെല്ലാം ആ തീക്കണ്ണുകളും വിറകൊള്ളുന്ന കപ്പാടാമീശയയുംകൂടി വീതിച്ചെടുത്തുകളഞ്ഞു. അടിവയറ്റിൽനിന്ന് മുകളിലേക്ക് ഒരു കയറ്റമായിരുന്നു പിന്നീട്. ആധിയുടെയോ വ്യാധിയുടെയോ കയറ്റം!
"നീ എന്തു മോഷ്ടിക്കാനാടാ കഴുവേറി അവിടെ പോയത്?"
വള്ളിനിക്കർ നനച്ച് കാലുകളിലൂടെ മൂത്രം ഒലിച്ചിറങ്ങി ഇഷ്ടിക പാകിയ തറയിൽ വീണു. അതുകണ്ട് പോലീസുകാർ ശബ്ദമടക്കി ചിരിച്ചു.
"പശിയെടുത്തപ്പം... കൊഞ്ചംവല്ലോം കെടയ്ക്കുവോന്നറിയാൻ..." സങ്കരഭാഷയിൽ കള്ളൻ വാചകം പാതിയിൽനിർത്തി.
"നേരെ ചെന്ന് പശിക്കുന്നെന്ന് പേശാമായിരുന്നില്ലേടാ..."
"ആമാ. പേശിയാച്ച്. നായീന്റെ എറച്ചിവേസ്റ്റ് പോതുമെന്ന് ശൊല്ലിയപ്പോ നായെ അഴിച്ചുവിട്ടറേൻ."
"കഷ്ടംംംം..." പരീതുപിള്ളയുടെ കഷ്ടത്തിന് നീളമേറെയുണ്ടായിരുന്നു. പിന്നെ അയാൾ എന്തോ ആലോചിക്കും മട്ടിൽ ഇരുന്നു. ഒരു മാതൃകാ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യുടെ ലാളിത്യത്തോടെ തന്റെ കപ്പടാമീശയിൽ മൃദുവായി തലോടി, മൃദുവായിതന്നെ 'കഷ്ട'ത്തിന്റെ അതേ നീട്ടലോടെ അയാൾ വിളിച്ചു-
"എടാാാാ... ചിന്നപ്പെയിലേ വെറുതെ എന്തിനാ ജന്മം പാഴാക്കുന്നേ? പശിയടക്കാൻ കക്കുന്നവനാടാ ഇന്തഊരിലെ പെരിയ ക്രിമിനൽ. കോടികൾ കക്കുന്നവൻ ഊരിപ്പോരും. ആനാ പെരിയ മോഷണം നടത്തിയാച്ച് പിടിക്കക്കൂടാതെ. തെരിയുമോടാ പയലേ?"
"ആമാ... തെരിഞ്ഞാച്ച് യേമാനേ..."
ചിന്നരശുവിന് അത് പുതിയ അറിവായിരുന്നു. വലിയ തെറ്റിന് വലിയ ശിക്ഷ എന്നായിരുന്നു അവന്റെ അന്നുവരെയുണ്ടായിരുന്ന ധാരണ. അതേതായാലും മാറിക്കിട്ടി.
കയ്യറുത്താൽ ഉപ്പുതേക്കാത്ത പരീതുപിള്ളയുടെ പോക്കറ്റിൽനിന്ന് പൊന്തിവന്ന ചീഞ്ഞുനാറിയ അഞ്ചു രൂപാ നോട്ടിന്റെ വിലയായി കോൺസ്റ്റബിൾ വാങ്ങിക്കൊണ്ടുവന്ന തട്ടുദോശയുടെ രുചിയാണ് മറക്കാനാവാത്ത രണ്ടാമത്തെ രുചി. അന്ന് പരീതുപിള്ള വാങ്ങിക്കൊടുത്ത ദോശ ആമാശയത്തിലെ തീയണച്ചു. സരോപദേശം ആപ്തവാക്യമായി ഹൃദയത്തിൽ പുതിയൊരു ഉൾക്കാഴ്ച നൽകി.അന്നുമുതൽ ഇന്നുവരെ പോലീസിന് ചിന്നരശുവും ചിന്നരശുവിന് പോലീസും കൈത്താങ്ങായി. വല്ലപ്പോഴുമൊക്കെ പിടിക്കപ്പെട്ട് സ്റ്റേഷനിലെത്തുമ്പോൾ മോഷണത്തിന്റെ പുത്തൻ സാങ്കേതികവിദ്യകൾ പകർന്നുനൽകി ചിന്നരശുവിന്റെ മോഷണവിജ്ഞാനത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ പരീതുപിള്ളയും പരീതുപിള്ളയ്ക്കുശേഷം കായംകുളം മനോഹരനും വികടസരസ്വതി മേത്തറും മറ്റ് പോലീസുകാരും സമയാസമയങ്ങളിൽ വേണ്ടവണ്ണം ശ്രദ്ധിച്ചു.
വിവാഹത്തെപ്പറ്റി ചിന്നരശ് ചിന്തിച്ചിട്ടുപോലുമില്ല എന്നതാണ് വാസ്തവം. സ്ത്രീവിഷയങ്ങളിൽ പണ്ടും അയാൾക്ക് വട്ടപ്പൂജ്യമായിരുന്നു മാർക്ക്.എന്നാൽ പലപ്പോഴും ആഗ്രഹിക്കാത്ത കാര്യങ്ങളാണല്ലോ മനുഷ്യ ന്മാരുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ കയറിവരുന്നത്. പ്രമാദമായ ഏതോ കേസൊതുക്കാൻ ലക്ഷങ്ങൾ കൈക്കൂലിവാങ്ങിയെന്ന ആരോപണത്തിന് വിധേയനായ മജിസ്ട്രേറ്റിന്റെ വീട്ടിൽ കയറിപ്പറ്റിയപ്പോഴാണ് സംഗതികൾ ആകെ തകിടംമറിഞ്ഞത്. പതിവുശൈലിക്ക് മാറ്റം വരുത്താതെ അടുക്കളവാതിൽ തകർത്താണ് അകത്തുകയറിയത്. പ്രവർത്തനം തുടങ്ങുംമുമ്പ് കരണ്ടുപോയി. അത്യാവശ്യാവസരങ്ങളിൽ ഉപയോഗിക്കാൻ കരുതിയിരുന്ന ലൈറ്റർ-കം-ടോർച്ച് എവിടെയോ നഷ്ടപ്പെട്ടതിനാൽ ഇതികർത്തവ്യതാമൂഢനായി ഇരുട്ടിൽ അന്തിച്ചുനിൽക്കുമ്പോൾ ആരോ ഒരാൾ പിറകിൽനിന്ന് ഇറുമ്പടക്കം പിടിച്ചു. കുതറിമാറാൻ ഒരു ശ്രമം നടത്തിയെങ്കിലും കാച്ചിയ എണ്ണയുടെ മണം മൂക്കിലേക്ക് അടിച്ചുകയറിയതിനാൽ നിശ്ചലനായിപ്പോയി.
തന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് ഒരു സ്ത്രീയാണെന്ന യാഥാർഥ്യം അയാളെ പ്രത്യുൽപ്പന്നമതിത്വം നശിച്ചവനാക്കി. നെഞ്ചിനെ ചുറ്റിയ സമൃദ്ധമായ മുടിയിൽനിന്ന് നിർഗമിച്ച സ്ത്രൈണതയുടെ മാദകഗന്ധം നവ്യമായ ഒരു അനുഭൂതിയിലേക്ക് അയാളെ ആനയിച്ചു. സ്ത്രീയുടെ മാറിലെ അർധഗോളങ്ങൾ ശരീരത്തിൽ ശക്തമായി അമർന്നുഞ്ഞെരിഞ്ഞപ്പോൾ അന്നുവരെഅന്യമായിരുന്ന വികാരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി. കരങ്ങൾ പിന്നിലേക്ക് വളച്ച് ശക്തമായി സ്ത്രീശരീരത്തെ ചേർത്തുപിടിക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ അവൾ ശക്തമായി തടഞ്ഞു. അപ്പോഴേയ്ക്കും വെളിച്ചം തിരികെയെത്തിയിരുന്നു. അയാൾ അവളെ ഉള്ളിലുയർന്ന ആവേശത്തോടെ നോക്കി. മജസ്ട്രേറ്റിന്റെ അടുക്കളക്കാരി കറുത്തവളെങ്കിലും ഇത്ര സുന്ദരിയോയെന്ന് വിചാരിക്കുകയും ചെയ്തു.
"ബഹളംകൂട്ടി എല്ലാവരെയും ഞാനിപ്പോൾ ഉണർത്തും." സ്ത്രീ ഭീഷണിപ്പെടുത്തി.
"അരുത്. ബഹളംവയ്ക്കരുത്..." അപേക്ഷയോടെ അയാൾ നാലുപാടും രക്ഷപ്പെടാനുള്ള പഴുതുകൾ പരതി.
"രക്ഷപ്പെടാൻ ഒരു വഴിയുമില്ല പെരിങ്കള്ളാ. നിങ്ങൾ തകർത്ത വാതിൽ ഞാൻ അടച്ചുപൂട്ടി. ഇനിയൊന്ന് തുറക്കാൻ നിങ്ങൾക്കാവില്ല. രണ്ട് ജർമ്മൻ ഷെപ്പേഡുകളാണ് പുറത്ത് കടിച്ചുകീറാൻ കാത്തുനിൽക്കുന്നത്."
പിടിക്കപ്പെടുമെന്ന് ബോധ്യമായി. രാഷ്ട്രീയക്കാരനെപ്പോലെത്തന്നെ മജസ്ട്രേറ്റും ശൗര്യം കൂടുതലുള്ള വർഗമാണ്. തെളിയാത്ത കേസുകളെല്ലാം തന്നിൽ ചേർത്ത്‌വയ്ക്കുമെന്ന് ഉറപ്പ്. വർഷങ്ങൾ അഴിയെണ്ണേണ്ടിവരും.
"എന്നെ രക്ഷപ്പെടാൻ അനുവദിക്കണം. ഇനിയൊരിക്കലും ഞാനിവിടെ വരില്ല."
"മജിസ്ട്രേറ്റദ്ദേഹം ഉണർന്നാൽ ഇനി ഇവിടെന്നല്ല, നിങ്ങൾക്ക് ഒരിടത്തും മോഷ്ടിക്കേണ്ടിവരില്ല."
"എന്നോട് കരുണ കാണിക്കണം. നിങ്ങൾക്ക് ഞാനെന്തുവേണമെങ്കിലും..."
"എനിക്കെന്തുതരും?"
"എന്തും."
"എന്നെ... എന്നെ കല്യാണം കഴിക്കാമോ...?"
കള്ളൻ അക്ഷരാർഥത്തിൽ ചലനമറ്റുപോയി. വിവാഹത്തെപ്പറ്റിയോ സ്ത്രീകളെപ്പറ്റിയോ ചിന്തിച്ചിട്ടില്ലാത്ത ഒരുവനോട് സുന്ദരിയായ ഒരു യുവതി... അതും ഒരു പെരുങ്കള്ളനോട്... വിഭ്രാത്മകമായ വൈജാത്യങ്ങളുടെ വേലിയേറ്റം അയാളെ ഉലച്ചു. സ്ത്രീയുടെ കവിളിൽ മൂവന്തിയിലെ പടിഞ്ഞാറെ ചക്രവാളം വികസിക്കുന്നത് അയാൾ മനക്കണ്ണിൽ കണ്ടു.
"ഞാനൊരു കള്ളനാണ്. ജീവിക്കാൻ എനിക്ക് മറ്റു ജോലികൾ ഒന്നുമറിയില്ല."
"സാരമില്ല. ഒരാളും കള്ളനായി ജനിക്കുന്നില്ലല്ലോ."
മോഷണവസ്തുവായി കിട്ടിയ സ്ത്രീയുടെ മനവും കനവുമായി അയാൾ തിരിച്ചുപോയി. കല്യാണി വൈകാതെ ചിന്നരശിന്റെ ഭാര്യയായി.
മോഷണം അത്ര നല്ല തൊഴിലല്ലെന്ന് കല്യാണി പണ്ടേ പറഞ്ഞതാണ്. ഭർത്താവിനെ അതിൽനിന്ന് പൈന്തിരിപ്പിക്കാൻ അവൾ ആദ്യരാത്രിയിൽതന്നെ ശ്രമമാരംഭിച്ചു. അതിലവൾ വിജയിച്ചില്ലെങ്കിലും അവർ ക്കുണ്ടായ രണ്ട് ആൺമക്കളെയും അച്ഛന്റെ വഴികളിൽനിന്ന് അകറ്റിനിർത്താൻ അവൾക്കു കഴിഞ്ഞു.
മൂത്തവൻ ദാരുവേന്നുവിളിക്കപ്പെടുന്ന ദാരുശീലൻ പഠനകാര്യങ്ങളിൽ മഹാ ഉഴപ്പനായിരുന്നു. എല്ലാ തോന്ന്യാസങ്ങളുടെയും പ്രഭവകേന്ദ്രമാണ് താനെന്ന് കുറഞ്ഞ കാലംകൊണ്ട് അവൻ നിഷ്പ്രയാസം തെളിയിച്ചു. സഹപാഠികളുടെ ബാഗുകളിൽനിന്ന് ചില്ലറത്തുട്ടുകൾ ചൂണ്ടുക അവന്റെ ദൗർബല്യമായിരുന്നു. യുവതിയായ ക്ലാസ്ടീച്ചറുടെ കസേരയിൽ ചുവന്ന മഷിയൊഴിച്ച്, പൃഷ്ഠത്തിൽപുരണ്ട മഷി സ്വയം ചൂണ്ടിക്കാട്ടി അവരെ ചമ്മിപ്പിച്ചപ്പോൾ എന്നന്നേക്കുമായി ദാരു സ്കൂളിന്റെ പടികളിറങ്ങി
.
ഇളയവൻ ചാരുവേന്ന് വിളിക്കപ്പെടുന്ന ചാരുശീലന് എല്ലാക്കാര്യങ്ങളിലും അച്ഛന്റെയും ദാരുവിന്റെയും എതിർചേരിയിൽ നിൽക്കാനായിരുന്നു താത്പര്യം. പഠനകാര്യങ്ങളിൽ കേമനായിരുന്നില്ലെങ്കിലും സദ്ഗുണങ്ങളും നേതൃപാടവവും ചെറുപ്രായത്തിൽതന്നെ അവനിൽ ദൃശ്യമായിരുന്നു. കള്ളന്മാരെയും കൊള്ളക്കാരെയും സാമൂഹ്യദ്രോഹികളെയും അവന് വെറുപ്പായിരുന്നു. അധികാരക്കസേര അഞ്ചുവർഷത്തിലൊരിക്കൽ ഒരു നിയോഗംപോലെ വീണുകിട്ടുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പ്രാദേശിക നേതാവ് വലവീശിയപ്പോൾ മടിയൊട്ടും കാണിക്കാതെ അവൻ അതിന്റെ ഭാഗമായി. വിദ്യാർഥിനേതാവായി. എതിർചേരിയിലെ രാഷ്ട്രീയക്കാരെ ഒതുക്കാൻ മുതിർന്ന നേതാക്കൾക്കൊപ്പം ചാരുവും തലയുയർത്തിനിന്നു.
ചാരുവിന് എന്തുകൊണ്ടോ ഫ്രഞ്ച് നോവലിസ്റ്റ് വിക്ടർ ഹൂഗോയുടെ 'പാവങ്ങൾ' എന്ന നോവൽ
വലിയ ഇഷ്ടമായിരുന്നു. സാഹിത്യകുതുകിയായ മാങ്കോടൻമാഷാണ് അതവന് വായിക്കാൻ കൊടുത്ത്.
പലയാവർത്തി വായിച്ചുകഴിഞ്ഞിട്ടും പുസ്തകം തിരിച്ചുകൊടുക്കാൻ അവന് തോന്നിയില്ല. ഒരു നിധിപോലെ അത് സൂക്ഷിച്ചു. സന്തത്തസഹചാരിയാക്കി. അവസരം കിട്ടിയപ്പോഴൊക്കെ വീണ്ടും വീണ്ടും വായിച്ചു. ഒരുപക്ഷേ, നോവലിസ്റ്റിൻക്കാൾ നോവലിനെ അറിയുന്നവനായി ചാരു മാറി. വെള്ളിമെഴുകുതിരി
ക്കാൽ മോഷ്ടിച്ച ഴാങ്ങ് വാൽഴാങ്ങ് എന്ന കള്ളനും മനുഷ്യസ്നേഹിയായ ബിഷപ്പും ചാരുവിന്റെ ഇടതും വലതും നിന്നു. ബിഷപ്പായിരുന്നു അവന്റെ റോൾമോഡൽ. മാർക്ക്സിയൻ തത്വശാസ്ത്രത്തിൽ 'മൂലധന' ത്തിനുള്ള പ്രസക്തിപോലെ ഒരു കള്ളനെ എങ്ങനെ മനഃശാസ്ത്രപരമായി ഇല്ലാതാക്കാം എന്നതിന്റെ പ്രമാണരേഖയായി അവൻ പാവങ്ങളെ കരുതി. പിന്നീട്, നിരവധി പതിപ്പുകൾ പിന്നിട്ട ബസ്റ്റുസെല്ലറുകളായ ഡോ. സിസ്റ്റർ ജസ്മിയുടെയും ജമീലയുടെയും ആത്മകഥകൾപോലെ ഒരുപെരുങ്കള്ളൻ റിട്ടയർ ചെയ്ത ശേഷം എഴുതിയ, മോഷണകലയുടെ എല്ലാം വശങ്ങളേയും സവിസ്തരം പ്രതിപാദിക്കുന്ന 'കള്ളന്റെ സുവിശേഷം' എന്ന ഗ്രന്ഥം അവന്റെ രണ്ടാമത്തെ സന്തത്തസഹചാരിയായി. കള്ളനെയും പോലീസിനെയും സംബന്ധിക്കുന്ന പുസ്തകങ്ങൾ എവിടെ കണ്ടാലും അത് സ്വന്തമാക്കുന്നതും അവന്റെ ശീലമായി.
കല്യാണിയുടെ ആകസ്മിക മരണം ചിന്നരശുവിനെ വല്ലാതെ തളർത്തി. മരണം ഒന്നിനും അവസാനമാകുന്നില്ല എന്നതിനെ അനുസ്മരിപ്പിക്കുമാറ് മോഷണം ഉപേക്ഷിക്കാനുള്ള കല്യാണിയുടെ ആത്മാവിന്റെ പ്രേരണ തുടർന്നു. ആദ്യമൊക്കെ നിർവികാരനായി അത് സ്വീകരിച്ചെങ്കിലും ക്രമേണ നിരന്തരശല്യമായി അനുഭവപ്പെട്ടുതുടങ്ങി. പിന്നീടത് വളരെപ്പെട്ടെന്നാണ് ഭയാനകതയുടെ തലത്തിലേക്ക് കടന്നത്. അതോടെ ജീവിച്ചിരുന്ന കല്യാണിയെക്കാൾ മരിച്ച കല്യാണി അയാൾക്ക് മുമ്പിൽ പ്രതിസന്ധികളുടെ വൻമതിലായി. കല്യാണിയുടെ സുന്ദരമായ മുഖം വികൃതമാകുന്നുണ്ടോയെന്നും യക്ഷിയുടേതുപോലെ ചിറിയുടെ ഇരുവശങ്ങളിലും ദംഷ്ട്രകൾ മുളയ്ക്കുന്നുണ്ടോയെന്നും ചിന്നരശുവിന് സംശയമായി. അതയാളുടെ ഉറക്കം കെടുത്തിക്കളഞ്ഞു. മാഫിയാസംഘത്തിലും കൊള്ളസംഘത്തിലും അകപ്പെട്ടുപോയാൽ മോചനം സാധ്യ മല്ല എന്നപോലെ മോഷണം അത്ര പെട്ടെന്നൊന്നും ഉപേക്ഷിക്കാൻ പറ്റുന്ന ഒന്നല്ലെന്ന് ചിന്നരശുവിന് നല്ല നിശ്ചയമുണ്ട്. എത്ര പേരാണ് 'രത്നാകര'ന്റെ ഭാര്യയെയും മക്കളെയുംപോലെ തന്റെ കനിവിനായി കാത്തിരിക്കുന്നത്! എന്നാലത്ത് ആത്മാവിന് മനസ്സിലാവണ്ടേ? ഇനി രണ്ടും കൽപിച്ച് മോഷണമങ്ങ് നിർത്താമെന്നുവച്ചാലോ? പിന്നെ എന്തുണ്ട് വരുമാനം? മൂത്തവൻ താന്തോന്നി. ഒരു പണിയും ചെയ്യില്ല. അല്ലറചില്ലറ മോഷണമേ അറിയൂ. അതുകൊണ്ട് ഇക്കാലത്തെന്തു കാര്യം? ഇളയവൻ രാഷ്ട്രീയക്കാരനായി നല്ല സെറ്റപ്പിലും ഗെറ്റപ്പിലും നടക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ കുടുംബത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. ഏതായാലും കല്യാണിയുടെ ഉപദേശത്തിൽ വളർന്നതുകൊണ്ട് മോശമായതൊന്നും അവൻ ചെയ്യില്ല എന്നൊരു ആശ്വാസമുണ്ട്. ഒരുപക്ഷേ, സമീപഭാവിയിൽ തിരുവനന്തരപുരത്ത് ഒരു'കസേര'യിൽ ഇരുന്നുകൂടെന്നുമില്ല. അങ്ങനെങ്കിൽ കള്ളനെന്നതിനേക്കാൾ മന്ത്രിയുടെ അച്ഛനെന്ന ഇമേജോടെ പരലോകം പൂകാം.
മോഷണം അവസാനിപ്പിക്കാനുള്ള മാർഗം അന്വേഷിക്കേണ്ടതും കണ്ടുപിടിക്കേണ്ടതും അനിവാര്യമായപ്പോൾ ഒരുവഴി കൺമുമ്പിൽ തെളിഞ്ഞു. പിടികൊടുക്കാനായി മോഷണത്തിനുപോകുക എന്ന അത്യപൂർ വമായ ദൗത്യത്തിലേക്ക് ചിന്നരശ് കടന്നു. കള്ളന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന, മനുഷ്യപ്പറ്റില്ലാത്ത രാഷ്ട്രീയ നേതാവിന്റെ കൊട്ടാരത്തിലേക്ക് അയാൾ കാലെടുത്തുവച്ചു. കണക്കുകൂട്ടലുകൾ തെറ്റിയില്ല. മോഷണചരിത്രത്തിൽ തെളിയാതെ കിടന്ന കേസുകളുടെ ഭാരവുമേറി ചിന്നരശ് ജയിലിലേക്ക്...
ലോകത്തിൽ ആരൊക്കെ പട്ടിണി കിടന്നാലും കള്ളൻ ചിന്നരശിന്റെ വീട്ടിലെ അടുപ്പിൽ തീ പുകയണമെന്നാണ് മനുഷ്യസ്നേഹികളായ പോലീസുകാരുടെ ആഗ്രഹം. പോലീസിന് നന്ദിയും കടപ്പാടും അന്യമല്ലെന്ന് തെളിയിച്ചുകൊണ്ട് എസ്.ഐ. വേഞ്ഞാറൻമൂട് വർഗീസിന്റെ നിർദേശപ്രകാരം കോൺസ്റ്റബിൾമാർ ചിന്നരശിന്റെ ഭവനത്തിലെത്തി. പാതിരാത്രിവരെ കാത്തിരുന്നപ്പോഴാണ് ദാരുവിന്റെ വരവ്. പോലീസിനെക്കണ്ട് അവൻ വന്നവഴിക്ക് ഇരുട്ടിലേക്ക് ഊളിയിട്ടു. പോലീസുണ്ടോ വിടുന്നു? ഓടിച്ചിട്ട് പിടിച്ച്, ഉപദ്രവിക്കാനല്ല സഹായിക്കാനാണെന്ന് തങ്ങൾ വന്നത്തെന്ന് ദാരുവിനെ അറിയിച്ചു. പിറ്റേന്ന് പോലീസ് സ്റ്റേഷനിലെത്തിയ ദാരുവിന് അച്ഛൻ ചിന്നരശിന് കൊടുത്ത അതേ ശാസ്ത്രീയപാഠങ്ങൾ കാലാനുസൃതമായ മാറ്റങ്ങളോടെ സമർപ്പിച്ചു. പദ്ധതികളുടെ ബ്ലൂപ്രിന്റ് ജൂണിയർ കള്ളന്റെ മസ്തിഷ്കത്തിൽ നിയമപാലകർ നിരത്തിവച്ചു.
പരിസരങ്ങളിലുള്ള ആളൊഴിഞ്ഞ സമ്പന്നരുടെ വീടുകൾ കണ്ടുപിടിക്കുകയായിരുന്നു ആദ്യപടി. വീട് പൂട്ടിപ്പോകുമ്പോൾ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നത് നിർബന്ധമാക്കിയതുകൊണ്ട് വീടുകളുടെ ലിസ്റ്റ് കിട്ടും. യാത്ര എവിടേയ്ക്ക്, എത്ര ദിവസത്തേക്ക് എന്നുതുടങ്ങി സ്വർണം, വെള്ളി, പണം തുടങ്ങിയവ കള്ളന്മാരെ പേടിച്ച് ഇക്കാലത്ത് എവിടെയൊക്കെയാണ് സൂക്ഷിക്കുക എന്നുള്ള കാര്യങ്ങളെപ്പറ്റി അയൽക്കാരോടെങ്കിലും നേരെചൊവ്വേ ചിന്തിക്കുന്നവർ മനസ്സ് തുറക്കും. മനസ്സ് തുറക്കാത്ത വിളഞ്ഞവിത്തുകളുടെ വിളയാത്ത വിത്തുകളിൽനിന്ന് അത്തരം രഹസ്യാത്മകമായ കാര്യങ്ങൾ ചോർത്തിയെടുക്കുന്ന അയൽവാസികൾ ചുരുക്കമല്ല. അത്തരം വിലയേറിയ രഹസ്യങ്ങൾ ശേഖരിക്കുന്ന
തിന് മുൻസഹപാഠികളുടെ സേവനം നിഷ്പ്രയാസം ലഭ്യമാക്കാം. പലർക്കും വിലയേറിയ മൊബെയിൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങി ബൈക്കുവരെ സ്വന്തമാക്കാൻ പണം അത്യാവശ്യമായ കാലമാണിത്. പണത്തിനാണെങ്കിൽ ഇക്കാലത്ത് നല്ല വലിവും. ഉള്ളതിന് ചവറുവിലയും. അതുകൊണ്ട് കാര്യങ്ങൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ഇനി പിഴവ് കൂടാതെ പദ്ധതികൾ ആവിഷ്കരിക്കുക എന്നതുമാത്രമാണ് കരണീയം. റിസ്കും വളരെ കുറവുള്ള കാര്യമാണല്ലോ. ഒരു ലേഷർ ട്രിപ്പിനുപോകുന്ന ലാഘവത്തോടെ സമാധാനമായി കാര്യങ്ങൾ നടപ്പിലാക്കാം.
പാലങ്ങളുടെയും റോഡുകളുടെയും ദൈനംദിന അവസ്ഥവച്ച് അരിയാഹാരത്തിനും ഗോതമ്പ് ആഹാരത്തിനും പകരം അഴിമതിയാഹാരം നിത്യവും ഭക്ഷിക്കുന്നുവേന്ന് കരുതപ്പെടുന്ന പി.ഡബ്ലു.ഡി. എഞ്ചിനീയർ കശ്മലമോനോന്റെയും പെരുകി വരുന്ന രോഗികളുടെയും രോഗങ്ങളുടെയും കണക്കുവച്ച് രോഗികളുടെ ചോരയൂറ്റുന്നുവേന്ന് ആക്ഷേപിക്കപ്പെടുന്ന ഭാര്യ ഡോക്ടർ കുശലകുമാരിയുടെയും വീടാണ് ആദ്യ കൃത്യനിർവഹണത്തിനായി തെരഞ്ഞെടുത്തത്. സ്വർണാഭരണങ്ങളും സ്വർണക്കട്ടികളും അപൂർവ രത്നങ്ങളും നോട്ടുകെട്ടുകളും ഗോപ്യമായി സൂക്ഷിക്കുന്നത് അപ്സ്റ്റെയറിലെ കാർപ്പറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണെന്ന് സഹപാഠിയായിരുന്ന, മന്ദബുദ്ധിയും വലിയ ശരീരത്തിന് ഉടമയുമായ, ചാക്കുപോലെ തടിച്ച ബർമൂഡമാത്രം ധരിക്കുന്ന അവരുടെ ഏകമകനിൽനിന്ന് കിട്ടിയ അറിവ് സംഘം പങ്കുവച്ചു. ബാംഗ്ലൂരിലെ കുശലകുമാരിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി കുടുംബം യാത്രയാവുന്നു.
നാൽവർ സംഘം ക്രിക്കറ്റ് ബോളും ബാറ്റുമായി താഴിട്ട വലിയ ഗേറ്റിനുമുമ്പിൽ അണിനിരന്ന് കളിയാ രംഭിച്ചു. വഴിവിട്ട ക്രിക്കറ്റിൽ ടീമിന്റെ സച്ചിനാണ് ദാരു. അതുകൊണ്ട് സിക്സർ അടിക്കാൻ എന്നും കേമൻ ദാരുതന്നെ. അന്നും ദാരു അടിച്ചുപായിച്ചു, ഒരു സിക്സർ. ലക്ഷ്യം എഞ്ചിനീയറുടെ ഒന്നാം നില. ബോൾ ചീറിപ്പാഞ്ഞത് അവിടേക്ക്തന്നെ. കെട്ടിടത്തോട് ചേർന്ന്, മുകൾനിലയും കടന്ന് വളർന്ന് തണൽ വരിച്ചുനിൽക്കുന്ന പേരയിലൂടെ ഓരോരുത്തരായി ബോൾ തെരയാനായി കയറിപ്പോയി.
നാൽവർ സംഘത്തിന് ക്ലേശിക്കേണ്ടിവന്നില്ല. തയ്യാറാക്കിവച്ചിരുന്ന ലൊട്ടിലൊടുക്ക് ആയുധങ്ങളൊന്നും ഉപയോഗിക്കേണ്ടിയും വന്നില്ല. കതക് സ്വാഗതമോതി മലർക്കെ തുറന്നുകിടന്നിരുന്നു. തെറുത്തുവച്ചിരുന്ന വിലയേറിയ ഫോറിൻ കാർപ്പറ്റ് അവരെ നോക്കി പല്ലിളിച്ചു. ശൂന്യതയെ സുതാര്യമാക്കുമ്പോലെ സ്വർണ വും രത്നങ്ങളും സ്വദേശ-വിദേശ കറൻസികളും നിറഞ്ഞ അറ മലർക്കെ തുറന്നുകിടന്നു!
അറയ്ക്കുള്ളിൽ കിടന്ന രണ്ടു പുസ്തകങ്ങൾ ദാരു കൈയെത്തി എടുത്തു. അതിന്റെ പുറം ചട്ടയിലെ പേരുകൾ കണ്ട് ദാരുവിന്റെ കണ്ണുകൾ തള്ളിപ്പോയി.
ചിന്നരശ് സെല്ലിന്റെ കരിങ്കൽ ഭിത്തിയിൽ ചാരിയിരുന്ന് വായിച്ചുകൊണ്ടിരുന്നത് 'കള്ളന്റെ സുവിശേഷം' എന്ന ആത്മകഥയുടെ അവസാന പേജുകളായിരുന്നു! പേപ്പറും പേനയും ഭക്ഷണം കഴിക്കുന്ന അലൂമിനിയം പാത്രത്തിന് സമീപം വിശ്രമിക്കുന്നു. മറ്റൊരു ബസ്റ്റുസെല്ലറെ പ്രസവിക്കാനുള്ള സമയത്തിന് രാഹുകാലം നിശ്ചയിക്കുകമാത്രം അപ്പോൾ ബാക്കിയായിരുന്നു.