14 Aug 2011

കുടുംബബന്ധം ശിഥിലമാവാതിരിക്കാൻ....?


 
ഏ. ക്യു. മഹ്ദി


സ്നേഹം. അക്ഷരത്തിലും അർത്ഥത്തിലും മനോഹരമായ പദം.  ഭൂമിയിലെ ഏറ്റവും നല്ല വികാരത്തിന്റെ പേരാണത്‌.  മനുഷ്യൻ സമൂഹ്യജീവിയായി മാറിയ നാൾ മുതൽ സ്നേഹമെന്ന വികാരത്തെക്കുറിച്ച്‌ അവർ ബോധവാനായിക്കഴിഞ്ഞിരുന്നു.  ബുദ്ധിയുടെയും ഭാവനയുടെയും വ്യത്യസ്ഥ പരിണാമഘട്ടങ്ങളിൽ ഓരോ കാലത്തും കലാകാരന്മാർ സ്നേഹത്തെ നിർവ്വചിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്‌.  കവികളും, എഴുത്തുകാരും, ചിത്രകാരന്മാരും വിവിധ നിറങ്ങളിലും ഭാവങ്ങളിലും ഭാവനകളിലും സ്നേഹത്തെ വ്യവഹരിച്ചു.  പ്രേമവും പ്രണയവുമൊക്കെ ഈ വാക്കുകൾക്കുള്ളിൽ ഒതുങ്ങി നിന്നു.  മനുഷ്യജീവിതത്തിൽ സാത്വികമായ ഒരു ചാലക ശക്തിയായിത്തീർന്നു സ്നേഹം;  ഒരു ജൈവചാലക ശക്തി. ഒരിക്കലും ഉപരിപ്ലവമായ ഒരു വികാരമായി അതു നിലനിന്നില്ല.

മനുഷ്യബന്ധങ്ങളുടെ ആഴത്തിലേയ്ക്ക്‌, ആഴങ്ങളുടെ അനന്തത്തയിലേക്ക്‌, ഒരനുഭൂതിയായി അതു പടർന്നിറങ്ങി.  കാലദേശങ്ങൾക്ക്‌ അതീതമായി, വർണ്ണ വർഗ്ഗ വ്യത്യാസങ്ങളുടെ ചക്രവാളങ്ങൾക്കും അപ്പുറത്ത്‌, മുൻവിധികളിൽ നിന്നൊക്കെ മുക്തമായി, ഒരു വൈകാരിക പ്രവാഹമായി സ്നേഹം നിലനിന്നു.  കുടുംബബന്ധങ്ങളിൽ ഉദാത്തമായ ഒരു വികാരാ നുഭൂതിയായി പടരുകയും, വ്യക്തിബന്ധങ്ങളിലെ ഇഴയടുപ്പം അത്‌ വർദ്ധിപ്പിക്കുകയും ചെയ്തു.


വ്യക്തികൾ തമ്മിലാവുമ്പോൾ സ്നേഹമെന്ന വിശുദ്ധവികാരത്തിന്റെ ഊഷ്മളത ഒരളവുകൂടി വർദ്ധിക്കുന്നു.  എങ്കിൽ അയൽക്കാർ തമ്മിലോ?  സമൂഹങ്ങൾ തമ്മിൽ?  ദേശങ്ങൾ ദേശങ്ങളുമായാണെങ്കിലോ?  ഭൂഖണ്ഡവും ഭൂഖണ്ഡവും .............?
വേണ്ട അത്രയൊന്നും വ്യാപകമായി പോകണ്ട, സ്വന്തം ഗൃഹത്തിൽ പരസ്പരം സ്നേഹം പ്രാവർത്തികമാക്കുന്നതിനെപ്പറ്
റി മാത്രം നമുക്കൽപ്പം ചിന്തിക്കാം.

വ്യക്തികൾ ചേരുമ്പോൾ സമൂഹം ഉണ്ടാകുന്നുവേങ്കിൽ വ്യക്തിയും വ്യക്തിയും തമ്മിലുള്ള സ്നേഹബന്ധത്തിനും ഉണ്ടാകണമല്ലോ വ്യാപകമായ ഒരു മൗലികത.  അതിലേറെ അർത്ഥവ്യാപ്തി, സ്ത്രീയും പുരുഷനും, അതെ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്‌ ഉണ്ടാവുന്നു.
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്‌.  സമൂഹത്തിലാണ്‌ കുടുംബങ്ങൾ പിറവിയെടുക്കുന്നത്‌.  കുടുംബത്തിലെ അംഗങ്ങളാകട്ടെ സമൂഹത്തിലെ വ്യക്തികൾ മാത്രവും.  സ്ത്രീപുരുഷ ഭേദമന്യേ കുടുംബജീവിതത്തിൽ നാമറിഞ്ഞിരിക്കേണ്ട, കഴിയുമെങ്കിൽ പാലിക്കേണ്ട, ചില കൊച്ചുകൊച്ചു കാര്യങ്ങൾ പറയാൻ ചെറിയൊരു ശ്രമം നടത്തുകയാണ്‌ ഞാനിവിടെ.


മാനുഷികമായ ഒരായിരം ദൗർബല്യങ്ങൾക്കടിമയായ, സമൂഹത്തിലെത്തന്നെ ഒരംഗമെന്ന നിലയിൽ, ഒരുപക്ഷേ ഒരാത്മവിമർശനത്തിന്റെ നേർത്ത സ്പർശം എന്റെയീ വരികളിൽ കണ്ടുവെന്ന് വരാം.  അതിലൂടെ താൽക്കാലികമായ ഒരു കുറ്റസമ്മതമല്ലേ നടത്തുന്നതെന്നു ചോദിച്ചാലും ഞാനത്‌ നിഷേധിക്കില്ല.  സമൂഹത്തിന്റേതന്നെ ഭാഗമാണല്ലോ ദുർബലനായ ഈ ഞാനും നിങ്ങളുമൊക്കെ.

സമൂഹത്തിലെ, എന്റെ മാതാവും ഭാര്യയും മകളും സഹോദരിയും ഉൾപ്പെടുന്ന സ്ത്രീവർഗ്ഗത്തെപ്പറ്റിയാണ്‌ ഞാനിവിടെ സംസാരിച്ചു തുടങ്ങുന്നത്‌.
ഒരു സ്ത്രീയുടെ ജീവിതം അർത്ഥപൂർണ്ണമാകുന്നത്‌ എപ്പോഴാണ്‌...?  തീർച്ചയായും വിവാഹാനന്തരമാണത്‌, സന്തുഷ്ടകരമായ ഒരു ദാമ്പത്യ ജീവിതം ആസ്വദിക്കാൻ കഴിയുമ്പോൾ മാത്രം.  പുരുഷന്റെ ആത്മാർത്ഥമായ സഹകരണം ഇതിന്‌ കൂടിയേ തീരൂ.  അടിസ്ഥാനപരമായി ഇതിനുവേണ്ടത്‌ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള മനസ്സുതുറന്ന സ്നേഹമാണ്‌, വിട്ടുവീഴ്ചയാണ്‌, ഉപാധിയില്ലാത്ത ധാരണയാണ്‌, പരസ്പര വിശ്വാസമാണ്‌.
എങ്കിൽപ്പോലും ഏതോ ചില വിധേയത്വങ്ങൾ പൊതുവേ ഇന്ന്‌ സ്ത്രീകളെ ബന്ധനസ്ഥരാക്കുന്നുവോ എന്നെനിക്കു തോന്നിപ്പോകുന്നു.

  ഈ ആധുനികകാലത്തും സ്ത്രീയ്ക്കുമേലുള്ള ചങ്ങലക്കെട്ടുകൾ കൂടുതൽ കൂടുതൽ മുറുകിവരുന്നത്‌ ഞാൻ കാണുന്നു.  അധികപക്ഷവും ഈ തടങ്കൽ സൃഷ്ടിക്കപ്പെടുന്നത്‌, ബന്ധപ്പെട്ട പുരുഷന്മാരിൽ അപൂർവ്വം ചിലരുടെയെങ്കിലും സ്വാർത്ഥഭാവം തലയുയർത്തുമ്പോഴോ, പുരുഷന്റെ ആധിപത്യം അന്ധമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കപ്പെടുമ്പോഴോ ആണെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.  പുരുഷന്റെ ഏകപക്ഷീയമായ ഈ ആധിപത്യം പൗരുഷത്തിന്റെ ലക്ഷണമാണെന്നു കരുതുന്നവരും കുറവല്ല.

അതവിടെ നിൽക്കട്ടെ, നമുക്കു വിഷയത്തിലേക്ക്‌ വരാം.  ചെറിയ ചെറിയ കലഹങ്ങൾ ഉണ്ടാകാത്ത ഏതു വീടാണുള്ളത്‌, കുടുംബമാണുള്ളത്‌?  അതും ജീവിതത്തിന്റേതന്നെ ഭാഗമാണെന്നിരിക്കെ, ഭാര്യാഭർത്താക്കന്മാരൊക്കെ ജീവിതകാലം മുഴുവൻ ഒരലോസരവുമില്ലാതെ ദാമ്പത്യജീവിതം നയിക്കുന്നുവേന്നു പറയാനാവുമോ?  ഒരു മണിക്കൂറോ, ഒരു രാത്രി നേരമോ കൊണ്ടു തീരാത്ത പ്രശ്നമോ, അകൽച്ചയോ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഉണ്ടാവാൻ പാടില്ല എന്ന്‌ രണ്ടു കൂട്ടരും നിഷ്കർഷിക്കണം, തീരുമാനമെടുക്കണം.

ഭാര്യയുമായി ഒരിക്കലെങ്കിലും പിണങ്ങാനിടവരാത്ത ഒരു ഭർത്താവും ഉണ്ടാകില്ല എന്നു പറയുമ്പോൾ, അത്‌, എന്റെ തന്നെ അനുഭവത്തിൽ നിന്നുള്ള അറിവാണോ എന്നു ചോദിച്ചാൽ, അതെ എന്ന്‌ ഞാൻ തലകുലുക്കി സമ്മതിക്കും.  നിരവധി തവണ, വിവിധ പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസത്തിന്റെ സാഗരം തന്നെ തീർത്തിട്ടുണ്ട്‌.  പിണക്കത്തിന്റെ നങ്കൂരം ഞങ്ങളപ്പോൾ അഴിച്ചുവച്ചിട്ടുമുണ്ട്‌.  ഒക്കെയും, തികഞ്ഞ സൗമ്യഭാവത്തിൽ, പരസ്പര ധാരണയോടും വീട്ടുവീഴ്ചാ മനോഭാവത്തോടും കൂടിയായിരുന്നു,  കഴിയുമെങ്കിൽ അടുത്ത നിമിഷം സൗഹൃദം വീണ്ടെടുക്കാനാവും മട്ടിൽ.

ഭർത്താവിനെ പ്രകോപിപ്പിച്ച്‌ പ്രഹരം ഇരന്നുവാങ്ങുന്ന മഹിളാരത്നങ്ങളും നമുക്കിടയിൽ ഇന്നുണ്ട്‌.  എന്നാൽ, നിസ്സാരമായ കലഹങ്ങൾക്കിടയിൽപ്പോലും ആവശ്യമെങ്കിൽ ഭാര്യയെ തല്ലാം എന്നൊരു നിയമവും നിർദ്ദേശവും ഉള്ളതായി ചില പുരുഷന്മാരെങ്കിലും സ്വയം ധരിച്ചുവച്ചിരിക്കുന്നതായും തോന്നുന്നു.  പ്രഥമദൃഷ്ട്യാ തീരെ ചെറിയ കുറ്റങ്ങൾക്കുപോലും ഭാര്യയെ ശിക്ഷിക്കുന്നതിന്‌ ശാരീരിക മർദ്ദനമുറകൾ ആവാം എന്നത്‌ ചില ഭർത്താക്കന്മാരുടെയെങ്കിലും വികളമായ ധാരണ മാത്രമാണ്‌.  നീതിരഹിതമായ പീഡനമാണെങ്കിൽ അതിനെതിരെ ന്യായാസനം ഇന്ന്‌ സ്ത്രീക്ക്‌ നിയമപരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നത്‌, അവളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹം തന്നെയാണ്‌.  പക്ഷേ, നമ്മുടെ സ്ത്രീകൾ, ഇതിന്‌ നിയമത്തിന്റെ വഴി തേടാൻ തുനിയുമോ?  ഇന്ത്യാ രാജ്യത്തെങ്കിലും സ്ത്രീകൾ പ്രതിരോധത്തിനു തുനിയുക എന്ന അവസ്ഥ വിരളമാണ്‌.  അവൾ ഒക്കെയും ഉള്ളിലമർത്തിയും പൊറുത്തും സഹിച്ചും കഴിഞ്ഞുകൂടുന്നതായാണ്‌ കാണുന്നത്‌. 
ഇതൊക്കെ സൂചിപ്പിക്കുമ്പോൾ തന്നെ, മറ്റൊന്നൂകൂടി പറയാനാഗ്രഹിക്കുന്നു.

കുടുംബപ്രശ്നങ്ങളുണ്ടാകുമ്പോൾ, കലഹത്തിന്‌ കാരണമായ കുറ്റങ്ങളൊന്നാകെ പുരുഷനുമേൽ മാത്രം ചുമത്താൻ പാടുള്ളതല്ല;  അവിവേകികളായ ഭർത്താക്കന്മാർ സമൂഹത്തിൽ ഉണ്ടാവാമെങ്കിൽപ്പോലും.

സത്രീകളെപ്പറ്റി പറയുമ്പോൾ, സ്വന്തം മകളോടു കാണിക്കുന്ന സ്നേഹവാത്സല്യങ്ങൾ മകന്റെ ഭാര്യയ്ക്ക്‌ നൽകാൻ വിമുഖത കാട്ടുന്ന ചില അമ്മമാരെപ്പറ്റിയും പരാമർശിക്കാതെ വയ്യ.  ആ മരുമകളും ഒരു അമ്മയുടെ മകളായി, സ്നേഹലാളനകളേറ്റു വളർന്ന ഒരു കുടുംബസാഹചര്യത്തിൽ നിന്നാണു വരുന്നതെന്നത്‌, ഈ ഭർതൃമാതാവ്‌ വിസ്മരിക്കുന്നു.  അപ്പോൾ, കുടുംബത്തിൽ പ്രശ്നങ്ങൾ തലപൊക്കുകയായി.  ചിലപ്പോൾ മരുമകൾ എന്ന ചെറുപ്പക്കാരിയാകട്ടെ, അമ്മായിയമ്മയോട്‌ തെല്ലും സഹകരിക്കാനോ അഡ്ജസ്റ്റ്‌ ചെയ്യാനോ കൂട്ടാക്കാതെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു.  ഇതിനിടയിൽ കിടന്ന്‌ നട്ടംതിരിയുന്ന പാവം ഭർത്താക്കന്മാരും നമുക്കിടയിലുണ്ട്‌. 
ചില മക്കളുണ്ട്‌,  ആൺമക്കൾ.  അമ്മയേയും അച്ഛനേയും സ്നേഹിക്കരുതെന്നല്ല, സ്നേഹം കൊണ്ടവരെ പൊതിയണം, പൊന്നുപോലെ നോക്കുകയും വേണം.

  പക്ഷേ, സ്വന്തം അമ്മയോട്‌, സഹോദരിയോട്‌, അവരിൽ ചിലർ കാട്ടുന്ന അമിതവും അസാധാരണവുമായ അടുപ്പത്തിലൂടെ, വിധേയത്വത്തിലൂടെ, വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണിനെ, ബോധപൂർവ്വമോ അല്ലാതെയോ അവഗണിക്കുന്നു, അല്ലെങ്കിൽ അങ്ങനെയൊരു തോന്നൽ ആ പെൺകുട്ടിയിലുളവാക്കുന്നു.  ഇവിടെയും കുടുംബത്തിൽ പ്രശ്നങ്ങൾ തലപൊക്കുന്നു.  ഇവയൊക്കെയും ബുദ്ധിപൂർവ്വം പ്രായോഗിക ബോധത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കാതെ വരുമ്പോഴാണ്‌, ഓരോ അച്ഛനും അമ്മയും മകനും മകളും മരുമകളുമൊക്കെ കുടുംബത്തിലെ സ്വൈരജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്‌. 
സ്ത്രീയും പുരുഷനും വിട്ടുവീഴ്ചയോടെ, സ്നേഹത്തോടെ, പരസ്പര ആദരവോടെ, മാത്രം പെരുമാറുക എന്നതാണ്‌ ഇതിനുള്ള ഫലപ്രദമായ പരിഹാര മാർഗ്ഗം.

ഇനി, കുടുംബത്തിലെ ചില പ്രത്യേക അമ്മമാരെപ്പറ്റികൂടി ഇവിടെ പരാമർശിക്കേണ്ടിയിരിക്കുന്നു.  മക്കളെ ആവോളം സ്നേഹിക്കുന്ന മാതൃരത്നമായിരിക്കും അവർ.  പക്ഷേ, ഒരു നല്ല ഭാര്യയോ, സ്വസഹോദരങ്ങൾക്ക്‌ ഒരു നല്ല സഹോദരിയോ ആവാൻ അവർക്കാവില്ല.  ഒരു നല്ല അമ്മായിയമ്മ പോലും ആവാൻ അവർക്കായില്ല എന്നു വരാം. 
പുരുഷന്മാരിലും ഉണ്ട്‌ ചില വീരകേസരികൾ.  സഹകരിക്കാൻ കൊള്ളാവുന്ന സ്നേഹ സമ്പന്നരായ ചങ്ങാതിമാരായിരിക്കും സമൂഹത്തിൽ അവർ.  എന്നാൽ, സ്വന്തം വീട്ടിൽ ഒരു നല്ല പിതാവോ, നല്ല ഭർത്താവോ, നല്ല ഒരു സഹോദരനോ ആവാൻ ഇവർക്കാവില്ല.

ഇതിനോക്കെപ്പുറമെ, കുടുംബത്തിലെ സ്വൈരതയും ദാമ്പത്യത്തിലെ സ്വസ്ഥതയും അപ്പാടെ തകർത്തുകളയുന്ന ഒരണിയറശിൽപി കൂടിയുണ്ട്‌,  സംശയരോഗം എന്ന മഹാവില്ലൻ.  ഈ വിചിത്ര കഥാപാത്രം ഭാര്യയെയും ഭർത്താവിനെയും ഒപ്പം ആക്രമിക്കുന്നു.  ഉറപ്പായി ഒരു മനശ്ശാസ്ത്രജ്ഞനെ കാണേണ്ട ഈ വിഷയത്തിൽ ദമ്പതികൾ സ്വയം അതിനു തയ്യാറായി എന്നു വരില്ല.  തങ്ങൾക്കു ചികിത്സ വേണ്ട പ്രശ്നങ്ങളൊന്നുമില്ല എന്ന ഭാവമാവും രണ്ടുപേർക്കും.  രണ്ടാളെയും ഡോക്ടറെ കാണിക്കാൻ വീട്ടുകാർ ശ്രമിച്ചെന്നും വരില്ല.  വിവാഹമോചനത്തിൽ വരെ അനായാസം ഇതു ചെന്നെത്താം.

ഇതിനോക്കെയുള്ള പരിഹാരമാർഗ്ഗം?  പുരുഷനായാലും സ്ത്രീയായാലും പരിധി ലംഘിച്ചുള്ള അനഭിമത ഭാഷണങ്ങളും പെരുമാറ്റങ്ങളും പരമാവധി ഒഴിവാക്കി, സ്നേഹപൂർവ്വം ഒരു ദാമ്പത്യജീവിതത്തിനു അടിത്തറ പാകുകയും പരസ്പരം വീട്ടുവീഴ്ചയും വിശ്വസ്തത്തയും പുലർത്തുകയും ചെയ്യുക.

ഇതിനിടയിലും വിസ്മരിക്കാൻ പാടില്ലാത്ത ഒരു പ്രധാന കാര്യമുണ്ട്‌.  ഏത്‌ പുരുഷനും സ്ത്രീയ്ക്കും വിവാഹത്തിനു മുമ്പ്‌ അവരുടേതായ ചില സ്വകാര്യതകൾ ഉണ്ടായിരുവേന്നുവരാം.  അതൊരു ചെറിയ പ്രേമമോ, ഏതെങ്കിലും ദുർബല നിമിഷത്തിൽ സംഭവിച്ച ലൈംഗിക കൈപ്പിഴയോ ആവാം.  വിവാഹജീവിതം ആരംഭിക്കുന്നതോടെ അത്തരം എല്ലാ പഴയ വിഷയങ്ങൾക്കും ഓർമ്മയിൽ നിന്നും ചിന്തയിൽ നിന്നുപോലും പരിപൂർണ്ണ വിട നൽകണം.  മധുവിധുവിന്റെ നിറം പിടിപ്പിച്ച ഊഷ്മള നിമിഷങ്ങൾക്കിടയിൽ ചില ശുദ്ധഗതിക്കാർ, സ്വയം കുമ്പസാരക്കൂട്ടിൽ കയറിനിന്ന്‌, ഇണയോട്‌ ഹൃദയം തുറക്കാറുണ്ട്‌.  ഈയൊരവസ്ഥ ഇരുഭാഗത്തും ഉണ്ടാവാം.  പഴയ ഏതോ സംഭവത്തിന്റെ പശ്ചാത്താപം നിറഞ്ഞ കുറ്റസമ്മതത്തിന്റെ കെട്ടഴിക്കുന്ന ആ നിമിഷം മുതൽ പ്രശ്നങ്ങളുടെ സുനാമിത്തിരകൾ ആ ബന്ധത്തെ ഉലച്ചു തുടങ്ങും.  പിന്നീട്‌ ഒരു രക്ഷയുമില്ല.  മിക്കപ്പോഴും, വിശാലമനസ്കർ എന്നു സ്വയം ഭാവിക്കുന്ന ദമ്പതികളുടെ ബന്ധങ്ങളിൽപോലും വിള്ളൽ വീഴാൻ നിമിഷങ്ങൾ മാത്രം മതി.

സൂക്ഷിക്കുക, പറയേണ്ടതുമാത്രം ഇണയോടു പറയുക.  ഹൃദയം തുറക്കുമ്പോൾ വിചാരബോധവും നിയന്ത്രണവും വേണം.  എത്ര കുറ്റബോധം തോന്നിയാലും, സംഭവിച്ചുപോയ പഴയ പലതിന്റെയും ഓർമ്മകൾ എത്ര വേട്ടയാടിയാലും, അവയൊക്കെ ഉള്ളിന്റെ ഉള്ളറകളിൽ തന്നെ വിശ്രമിക്കട്ടെ എന്നു കരുതി മാറ്റിവയ്ക്കണം.  എങ്കിൽ ദാമ്പത്യം ഐശ്വര്യപൂർണ്ണമായ ഒരന്തരീക്ഷത്തിൽ എത്തിച്ചേരുമെന്നതിൽ സംശയമില്ല.
     ലേഖകന്റെ മൊബെയിൽ - 9895180442
     ഇ. മെയിൽ : mahdiaq@gmail.com

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...