14 Aug 2011

പെണ്ണനുഭവങ്ങളുടെ രുദ്രതാളങ്ങൾ


കെ.ആർ.കിഷോർ

      ഇന്ദിരാബാലന്റെ “വർഷമുകിലുകൾ” എന്ന സമാഹാരത്തെക്കുറിച്ച്
   
മലയാളസാഹിത്യം കേരളത്തിൽ ഭൂമിശാസ്ത്രപരമായ അതിരുകളിൽ ഒതുങ്ങുന്നില്ല. സഹ്യനപ്പുറത്തേക്ക് പറന്നും അറബിക്കടലിനെ മുറിച്ചുകടന്നും ഭിന്നദേശാനുഭവങ്ങൾ കൂടി അതിനെ സമ്പന്നമാക്കുന്നു. കേരളീയ ജീവിതത്തിന്റെ സർഗ്ഗാത്മക പരിച്ഛേദമെന്നതിൽ നിന്ന്‌ ഭിന്നമായി പ്രവാസജീവിത പരിണാമങ്ങളുടെ ഭാഗമായി, ആഗോളജീവിത സമസ്യകൾക്ക് നേരേയുള്ള കണ്ണാടിയായി മലയാളസാഹിത്യം മാറിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും കേരളീയ സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക ഭൂമികയിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ടുതന്നെയാണ്‌ മലയാളി സാഹിത്യം രചിക്കുന്നത്‌.

ആധുനികോത്തരമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സവിശേഷസന്നിഗ്ദ്ധ ജീവിതാവസ്ഥകളാണ്‌ ഇന്ന്‌ ഏത്‌ സാഹിത്യരൂപവും ഉരുവം കൊള്ളുന്നത്‌. സമകാലീന ജീവിത പരിസരം പുറമേ സുതാര്യമെങ്കിൽ അകമേ സങ്കീർണ്ണമാണ്‌. ഉപഭോഗങ്ങളുടേയും ആഘോഷങ്ങളുടേയുമ്മത്സരവേഗങ്ങളുടേയും ലഹരി. കവിതയേക്കാൾ ഗാനങ്ങളേക്കാൾ പണവും പ്രചാരവും ലഭ്യമാകുന്നത്‌ പാരഡികൾക്ക്‌. ആദർശജീവിതത്തിലൂടെ ആവേശഭരിതനാക്കുന്ന നേതാവല്ല അവതരിപ്പിക്കപ്പെടുന്നത്‌. ആ രൂപത്തെ വികലാനുകരണത്തിലൂടെ അപഹസിക്കുകയാണ്‌.വീരസാഹസിക നായകരും വിപ്ളവകാരികളും ഓർമ്മിക്കപ്പെടുകയൊ ആദരിക്കപ്പെടുകയോ അല്ല. വിറ്റഴിക്കപ്പെടുകയാണ്‌. ആഗോള കുത്തകഭീമന്മാരുടെ തിരക്കഥാനുസരണം ഉറഞ്ഞാടുന്ന സമൂഹം!

വ്യക്തികേന്ദ്രീകൃത വികാസസങ്കല്പ്പങ്ങളുടെ അനുരണനമായിട്ടാണ്‌ ആധുനികത അവതരിപ്പിക്കപ്പെട്ടത്‌. സാമൂഹിക രാഷ്ട്രീയ കാരണങ്ങളാൽ തന്നെ., ആധുനികത പ്രകടിപ്പിച്ച സങ്കേതങ്ങളും പ്രത്യശാസ്ത്രവും തനതു രൂപങ്ങൾക്ക്‌ നിലനില്പ്പില്ലാതാവുക മാത്രമല്ല ഇന്നതോർമ്മ മാത്രമാവുകയും ചെയ്തു. സാമ്രാജ്യത്വശക്തികൾ ഊക്കോടെ വീശുന്ന ചാട്ടവാറുകൾ പിടിച്ചെടുക്കുകയെന്നത്‌ ജനകോടികളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്ക്കുന്ന ഖട്ടത്തിലാണ്‌ മലയാളസാഹിത്യത്തിന്റെ ഭാവുകത്വവും സാംസ്ക്കാരികപ്രവർത്തനത്തിന്റെ ക്രിയാശേഷിയും പരിശോധിക്കപ്പെടേണ്ടത്‌.


കവികളെന്നും മുമ്പേ പറക്കുന്ന പക്ഷികളാണ്‌. കാലത്തിന്നപ്പുറം കാണാക്കഴ്ച്ചകൾ കാണുക എന്നതാണ്‌ അവരേറ്റെടുക്കുന്ന ദൗത്യം. അരുചികരമായി ,അപ്രിയമായി കാലത്തോട് വിയോജിക്കുന്നതും പ്രതികരിക്കുന്നതും അപകടകരമാണെന്നറിഞ്ഞിട്ടും ചങ്കുപൊട്ടി പറയുന്നു“ഞങ്ങൾ കവികൾ അടക്കമു സാംസ്ക്കാരിക പ്രവർത്തകർ, നിങ്ങൾ രാഷ്ട്രീയ പ്രവർത്തകർ സഞ്ചരിക്കുന്ന പരിണാമത്തിന്റെ പാതയിൽ നിങ്ങൾക്കു മുമ്പേ സഞ്ചരിക്കുന്നവരാണ്‌. സമൂഹ പരിണാമത്തിന്‌ പ്രതിബന്ധമായി നില്ക്കുന്ന കൂറ്റൻ പാറക്കല്ലുകളിൽ ഞങ്ങൾ ഞങ്ങളുടെ കൈയ്യിലെ ഇരുമ്പുകൂടം കൊണ്ട്‌ ആഞ്ഞടിച്ചിട്ടുണ്ട്‌. പിറകേ വരുന്ന നിങ്ങൾ വഴി മാറ്റിയിടുന്ന കല്ലുകളുടെ ഉള്ള്‌ പൊടിഞ്ഞിരിക്കുന്നത്‌ അക്കാരണത്താലാണ്‌`. ”ഇത്‌ ഇ.എം.എസ്‌ അടങ്ങുന്ന കേരളത്തിലെ പ്രഗത്ഭ രാഷ്ട്രീയ നേതാക്കളടങ്ങുന്ന ഒരു സദസ്സിൽ വെച്ച്` വൈലോപ്പിള്ളി പറഞ്ഞ വാക്കുകൾ


വ്യവസായവത്ക്കരണത്തിന്റേയും ,മുതലാളിത്ത വികസനത്തിന്റേയും,ഉപഭോഗവെറികളുടേയും ഭ്രാന്തമായ കുതിപ്പിൽ പ്രകൃതിയെ ചവുട്ടിമെതിക്കുകയെന്നതും ,പാരിസ്ഥിതിക അസുന്തലനം ഭീകരമാകുന്നതും തിരിച്ചറിയുന്നതും തൊള്ളായിരത്തി എഴുപതുകളിലാണ്‌. ഇക്കോ ഫെമിനിസം( )എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചുകൊണ്ട്‌ “ഫ്രൻസദ കുബോൺ” എന്ന ഫ്രഞ്ച്‌ എഴുത്തുകാരി, നിയരന്തരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീജനങ്ങളോട്‌ ,പാരിസ്ഥിതിക വിപ്ളവത്തിലൂടെ പ്രകൃതിയേയും ഭൂമിയേയും സംരക്ഷിച്ചുകൊണ്ട്‌ സ്ത്രീ വിമോചനത്തിന്‌ ആഹ്വാനം ചെയ്തു. സൈലന്റ്‌ വാലിയെ നിലനിർത്താനും, പുഴകളെ സംരക്ഷിക്കാനും കടുവെട്ടിനിരത്തലവസാനിപ്പിക്കുവാനും സുഗതകുമാരിയും അയ്യപ്പപണിക്കരും കടമ്മനിട്ടയും ഓ.എൻ.വി യും തൂലിക പടവാളാക്കി രംഗത്തിറങ്ങിയതും എൺപതുകളിലാണ്‌. സ്ത്രീ പക്ഷത്തു നിന്ന്‌ സാന്ദ്രഗംഭീരകവിതകളിലൂടെ വിചാരവിപ്ളവത്തിന്റെ തിരിനാളം കൊളുത്തിയെങ്കിലും സരസ്വതിയമ്മയിലൂടെ, മാധവിക്കുട്ടിയിലൂടെ, സാറാജോസഫിലൂടെ അഷിതയിലേക്കും ,സാവിത്രി രാജീവനിലേക്കും എത്തി അതൊരു പ്രസ്ഥാനരൂപത്തിന്ന്‌ ദീപശിഖയാകാൻ ആറെഴു പതിറ്റാണ്ടുകളുടെ ദൂരം താണ്ടേണ്ടിവന്നു. 


വള്ളുവനാടൻ ഗ്രാമസംസ്ക്കൃതിയുടെ സ്വച്ഛതയിൽ നിന്ന്‌ കഥകളിപ്പാട്ട്ഇന്റേയും ചിട്ടവട്ടങ്ങളുടെയും നടുവിൽ നിന്ന്‌ തൊഴിലാളി--കർഷക സമരങ്ങളുടെ കാഹളം വിളികൾ കൊണ്ട്‌ പുളകം കൊണ്ട ഇ.എം.എസ്സിന്റെ നാട്ടിൽ(പരിസരപ്രദേശമായ വാഴേങ്കട)നിന്ന്‌ ,സാറജോസഫിന്റെ ശിഷ്യയും, മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും ഉള്ള ഇന്ദിരാബാലൻ ഉദ്യാനനഗരിയിൽ എത്തിയശേഷമാണ്‌ സാഹിത്യസപര്യയിൽ സജീവമാകുന്നത്‌. വർഗ്ഗ രാഷ്ട്രീയ സൈദ്ധാന്തിതകളെക്കാൾ ഈ കവിയെ ഏറെ സ്വാധീനിച്ചത്‌ സ്ത്രീ പക്ഷത്തു നിലയുറപ്പിച്ചുകൊണ്ട്‌ പാർശ്വവല്ക്കൃത സമൂഹത്തിന്റെ പ്രശ്നങ്ങളുയർത്തുന്ന സാറാജോസഫിന്റെ മാനവികതയോടാണെന്ന്‌` ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ ബോദ്ധ്യപ്പെടുന്നു. നഗരജീവിതത്തിന്റെ കുടിലതകളും, കാപട്യങ്ങളും ഹൃദയശൂന്യതകളും ഈ കവിയെ വിഹ്വലയാക്കുന്നുണ്ട്‌. മറുനാട്ടിലെ ജീവിതസാഹചര്യങ്ങൾ, നഷ്ടപ്പെട്ട പ്രശാന്തസുന്ദരമായ ഗ്രാമീണജീവിതത്തിന്റെ ഗൃഹാതുരത, സ്വാർഥതയിൽ ജീർണ്ണിക്കുന്ന വൈയക്തിക ബന്ധങ്ങൾ, നെഞ്ചു പിളർക്കുന്ന വർഗ്ഗീയകലാപങ്ങൾ ,പ്രണയരാഗങ്ങളുടെ ആന്തോളനങ്ങൾ എന്നിവക്കെല്ലാമുപരി പെണ്ണനുഭവങ്ങളുടെ രുധിരാഗ്നികളിലേക്ക് വിരൽ ചൂണ്ടുന്നതാൺ` “വർഷമുകിലുകൾ” എന്ന കവിതാസമാഹാരത്തിലെ പ്രധാന കവിതകൾ.

നഗരഭീകരതകൾ/ സാമൂഹ്യവിമർശനങ്ങൾ


കാട്ടുകിണറുകൾക്ക്‌ മീതെ പുല്ലുകൾ വിതറി അതിലൂടെ കടന്നവരെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്‌ നഗരജീവിതത്തിന്റെ തത്സ്വരൂപമാണെന്ന്‌ ആശാൻ പറയുന്നുണ്ട്‌.(ചിന്താവിഷ്ടയായ സീത)
“വിധുകാന്തിയെ വെന്ന ഹാസവും
മധു തോല്ക്കും മധുരാക്ഷരങ്ങളും
അതിഭീഷണ പൗരഹൃത്തിലെ
ചതി രക്ഷോവരചാരരെന്നുമേ...”
ഉറ്റവരും ഉടയവരും നഗരജീവിതങ്ങളിൽ ,കപടസ്നേഹത്തിന്റെ വല നെയ്ത്‌ ,അഗ്നികുണ്ഠങ്ങൾ ഒരുക്കി തന്ത്രപൂർവം കെണിയിലാക്കുന്നു
“പുഞ്ചിരിക്കു പിന്നിൽ പതിയിരിക്കുന്ന
കുടിലതയെ അവൾ കണ്ടില്ല
സ്നേഹത്തിന്റെ ,പരിഗണനയുടെ
വാർതിങ്കൾ ഒരിക്കലും അവൾക്കു
മുന്നിൽ പ്രതീക്ഷയുടെ
പ്രകാശം ചൊരിഞ്ഞില്ല”


അവളുടെ മരണാനന്തരം കപടസ്നേഹത്തിന്റെ ,തേന്മഴയുടെ തുരുതുരാ പ്രവാഹം.ജീവിതം മുഴുവൻ ഏറ്റുമുട്ടി ഒരാളുടെ മരണാനന്തരം അയാൾ തീരാനഷ്ടമെന്ന്‌ മുതലക്കണ്ണീരൊഴുക്കി വിലപിക്കുന്ന കപടനാടകങ്ങൾ വർത്തമാനകാല സമൂഹത്തിൽ സുലഭം. മുഖമ്മൂടിയണിഞ്ഞ മനുഷ്യന്‌ നേരേയുള്ള ചോദ്യശരമാൺ` ഈ കവിത.
നഗരക്കാഴ്ച്ചകൾ


മനുഷ്യന്റെ കരവിരുതിൽ ദൃശ്യവിനിമയങ്ങൾ വിസ്മയങ്ങൾ തീർക്കുന്നു. ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുന്നു. മനുഷ്യൻ അഹങ്കരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകൾ മാനം മുട്ടെ വികസിക്കുമ്പോഴും ചൂഷിതനും മർദ്ദിതനും അവരായിത്തന്നെ അവശേഷിക്കുന്നു.
മുതലാളിത്ത ആഗോളീകൃത വ്യവസ്ഥിതിയുടെ ദുരന്തങ്ങൾ കണ്ട്‌ നിശ്ശബ്ദനാകാൻ ഒരു കവിക്കും കഴിയില്ല.വേദനിക്കുന്നവരുടെ ഔഷധമാകാൻ കഴിഞ്ഞില്ലെങ്കിൽ കൂടി അവരുടെ നാവായിരിക്കും കവികൾ. താളക്കേറ്റിനെതിരെ ശബ്ദിക്കുന്ന കവി താളബദ്ധമായ മാനവികതയുടെ സംഗീതം ആലപിച്ചുകൊണ്ടാണ്‌.


അശാന്തിയുടെ പടക്കശാലകളായ നഗരത്തിന്റെ ഭീകരവൈകൃതങ്ങളിലേക്കാണ്‌ “നഗരക്കാഴ്ച്ചകൾ ”കൊണ്ടുപോകുന്നത്`.

‘മജ്ജയും മാംസവും കരിഞ്ഞു
വാരിയെല്ലുകളുന്തിയ കോലങ്ങൾ
വിശപ്പിന്നഗ്നി കത്തിക്കാളുന്ന
പട്ടടയിൽ വെന്തു നീറുന്നോർ
തെരുവോരത്തെയെച്ചിലിനായ്
എച്ചിലിലെയെല്ലിനായ്
കടിപിടികൂടും തെരുവുനായ്ക്കളെപ്പോൽ
മുരലുന്നുയീകാലത്തിൻ മർത്ത്യനും“

സ്വാർത്ഥതയിൽ വെറിപൂണ്ട്‌ മുരലുന്ന മനുഷ്യൻ.അന്ധതയും ക്രൂരതയും ഭീകരതയും ബീഭത്സതാണ്ടവമാടുന്ന നഗരം. പച്ച, കത്തി.താടി, കരിവേഷങ്ങൾ കെട്ടി കപടതയുടെ ആട്ടക്കഥകളാടുകയാണ്‌.
പൊയ്മുഖങ്ങൾ കണ്ടു മടുത്തു
ദുഷ്ക്കരമയ്യൊ ജീവിതം
ഭയചകിതമാം മല്ച്ചിത്തമൊ
ചിന്താരഹിതം......

നിസ്സഹായമായ വിലാപം ഉറവ വറ്റിയ സ്നേഹം, ഭ്രാന്തമായ പോർവിളികൾ.അധികാര ലക്ഷ്യങ്ങളുടെ നിലതെറ്റിയ പടയോട്ടങ്ങളിൽ തിമിര ബാധിതരായ ,നിഷ്ക്രിയരായ ഭരണസാരഥികളെ വിമർശിക്കുന്ന കവിക്ക്‌ പ്രതിഷേധിക്കാനും കഴിയുന്നുണ്ട്‌.എല്ലാം സഹിക്കുന്ന നിഷ്ക്രിയത.
ഉയരുന്നില്ല പ്രതിഷേധങ്ങൾ
തിളയ്ക്കുന്നില്ല ചോര ഞരമ്പുകളിൽ
കലാപത്തിന്റേയൊ, വൈരത്തിന്റേയൊ വാക്കുകളുതിർക്കാതെ അഹിംസാവചനങ്ങളാൺ` ഉറവ പൊട്ടുന്നത്‌.
സത്യത്തിൻ മൂടി തുറന്നു
കേൾക്കുക സോദരരെ
സ്നേഹശാദ്വലഭൂവിൻ
ശാന്തിമന്ത്രം
സത്യഗർജ്ജനം മുഴക്കി
നേടുക ധർമ്മത്തിൻ
സ്വർണ്ണകഞ്ചുകവും

സ്നേഹത്തിന്റെ ഊഷരഭൂവിൽ കാമക്രോധങ്ങളുമായ് വെട്ടിപ്പിടിക്കാൻ വെമ്പുന്നവനെ ഹിംസാത്മകമായി തകർത്തുകൊണ്ട്‌ താത്ക്കാലികകീഴടക്കൽ സാധ്യമാകാം. ശാശ്വതശാന്തിയുടെ വിദൂരതീരം താണ്ടുവാൻ ക്ലഴിയില്ല. ഏതു ക്രൂരമനസ്സുകളുടെയും മൂടിതുറക്കുമ്പോൽ ആർദ്രതയുടെ സ്പർശം കാണാൻ കഴിയണം.ശാന്തിമന്ത്രങ്ങളുരുക്കഴിച്ച്‌ മനുഷ്യത്വം വീണ്ടെടുത്റ്റ്ഃ് സത്യധർമ്മങ്ങളുടെ പാതയിലേക്ക് മനുഷ്യനെ നയിക്കാൻ കഴിയണം എന്ന ആത്മീയചിന്താധാരയുടെ പ്രോല്ഘോഷം ഈ കവിതയുടെ ദർശനമാണ്‌.

കവി എന്നും പ്രതിപക്ഷത്താണ്‌`. അധികാരഖഡ്ഗങ്ങളെ വകവെക്കാതിരിക്കാനുള്ള കരളുറപ്പ്‌ കവികൾക്കുണ്ട്‌.
അധികാരഭ്രമത്തിൻ
അന്ധതിമിരമേറ്റ്
നിഷ്ക്രിയത പൂണ്ട് നില്പ്പൂ
ഭരണസാരഥികളും


ഇരയുടെ പക്ഷമാണ്‌` മാനവീകതയെന്ന സുവ്യക്ത പ്രഖ്യാപനം


ചെരുപ്പുകുത്തി
ശാസ്ത്രസാങ്കേതിക വികാസങ്ങൾ സാമൂഹിക ജീവിതബോധങ്ങൾ മാറ്റി നിശ്ച്ചയിക്കപ്പെടുമ്പോൾ പാർശ്വവല്ക്കൃതമാകുന്ന വിഭാഗം ചെറുതല്ല. ഒപ്പമോടിയെത്താൻ കിതയ്ക്കുന്നവരുടെ ജീവിതചിത്രമാണ്‌ ചെരുപ്പുകുത്തി.

ജീവിതമാം മഹാസമുദ്രത്തിൻ പാത
മുറിച്ചുകടക്കുവാനഴലുമായെത്രയോ പേർ
ജീവൻ വിഴുങ്ങുന്നൊരു വമ്പനാം കൊമ്പൻ-
സ്രാവുകളെ ഭയന്നരികു പറ്റി നീന്തിത്തുഴയുന്നിവർ


നഗരം പരിഷ്ക്കാരം പുല്കുമ്പോൾ പദയാത്രകൾ വാഹനയാത്രകളായി പരിണമിക്കുന്നു.

പൊട്ടിയ പാദുകങ്ങളണിയാത്ത കാലമിതെന്ന
വാസ്തവമറിയാതെ മങ്ങിയ കാഴ്ച്ചയുമായ്

ജീവിതവേഗങ്ങളിൽ കാൽനട കുറയുമ്പോൾ ചെരുപ്പുകൾക്ക്‌ പണിയാവശ്യമില്ലാതെ വരുന്നു. ചെരുപ്പുകുത്തി തൊഴിലില്ലാത്തവനാകുന്നു.
കാത്തിരിപ്പൂ കണ്ണീരുമായൊരു കുടുംബം
അഷ്ടിക്കു വകയില്ലാതെ ജീവിതഭാരവുമായി
ഉടക്കുന്നു കണ്ണുകൾ പായുന്ന പാദങ്ങളിൽ

ചോറ്റുപൊതിയിലേക്ക് വായിൽ വെള്ളമൂറിക്കൊണ്ട്‌ പട്ടിണിക്കാരന്റെ നോട്ടത്തിൽ ഉടയുന്ന ജീവിതങ്ങളുടെ പിടയുന്ന സങ്കടങ്ങളുണ്ട്‌.
പൊട്ടിയ പാദുകങ്ങളണിയുന്നവർ കാലത്തിനു പുറത്താണ്‌. അവരുടെ വിളി ആരും അറിയുന്നില്ല. കാലത്തിന്റെ വിളി അവർ കേൾക്കുന്നുമില്ല.

അടയാളം
കമ്പോളവല്ക്കൃതസമൂഹത്തിൽ ആത്മീയതയും വിപണനമൂല്യമുള്ള ചരക്കാണ്‌. സന്യാസിവേഷം കെട്ടി ആത്മീയത ആവരണമാക്കിയവർ നിറമുള്ള വാഗ്ദാനങ്ങൾ നല്കി മോഹനസ്വപ്നങ്ങളിൽ മുഴുകിയ പിഞ്ചു ബാലികമാരെ വശത്താക്കി കീഴ്പ്പെടുത്തി ചവച്ചുതുപ്പി നരകത്തിലേക്കെറിയുന്നു

ഭസ്മാംഗരാഗിതരായ കപടസന്യാസികൾ
അലക്കിയ നോട്ടുകെട്ടുകൾക്കിടയിൽ
പെരുമ്പാമ്പുകളെപ്പോലിഴഞ്ഞ്‌ നടന്നു
ചിലർ കൈത്തോ​‍ാക്കുകളുമായി
ഭ്രാന്തമായുഴറി നടന്നു

ജ്യോതിഷ തന്ത്ര മന്ത്രങ്ങൾ ഹൃദിസ്ഥമാക്കി ധാർമ്മിക മൂല്യങ്ങളെ ചുട്ടുകരിക്കുമ്പോൾ തമസ്ക്കരിക്കപ്പെടുന്നത്‌ മാനവസംസ്ക്കൃതിയാണ്‌, മനുഷ്യൻ നീങ്ങുന്നത്‌ വിപത്തിന്റെ ദിശയിലേക്കാണ്‌
സംസ്ക്കാരരാഹിത്യത്തിന്റെ
അടയാളവാക്യങ്ങൾ
ആത്മീയതയുടെ വിപണനമായി
എഴുന്നു നിന്നു
വിപത്തിന്റെ അടയാളമായി

ശാന്തിമന്ത്രങ്ങളും ഈശ്വരഭക്തിയും കണ്ടും കേട്ടും വളർന്ന ഒരു കവിഹൃദയം നോട്ടുകെട്ടുകൾക്കിടയിൽ പെരുമ്പാമ്പുകളെപ്പോലിഴഞ്ഞ്‌ നടക്കുന്ന ആൾദൈവങ്ങളെ കാണുമ്പോൾ അറപ്പുളവാക്കുന്നത്‌ സ്വാഭാവികം, ഹൃദയം എത്രമാത്രം ആർദ്രത തുടിക്കുന്നതാണെങ്കില്ക്കൂടി.
സ്ത്രീവിമോചനചിന്ത
തെരുവ്

സമൂഹത്തിന്റെ ക്രൂരമായ പരിഛേദങ്ങളാണ്‌ തെരുവുകൾ.മനുഷ്യന്റെ ജീവശാസ്ത്രപരമായ രതിമോഹങ്ങൾ അണകെട്ടിനിർത്തിയിരിക്കുന്നത്‌ സദാചാരനിയമസംരക്ഷണത്തിന്‌ വേണ്ടിയാണ്‌. കാമാസക്തി ശാരീരികവും മാനസികവുമായി അമ്മ അനിയന്തിതമാകുമ്പോൾ നിയമങ്ങളെ ഭയമില്ലാത്തവർ സദാചാരലംഘനം നടത്തുന്നു. ലൈംഗീകത വിറ്റ്‌ ജീവിതം പുലർത്തുവാൻ ഒരു സ്ത്രീയും അകമേ ആഗ്രഹിക്കുന്നില്ല. ഷ്റ്റ്രീശരീരം വിലയ്ക്ക് വാങ്ങുന്നത്‌ പുരുഷനാൺ`. ജീവിതതാളത്തിന്റെ പൊന്നുനൂൽ നഷ്ടമായവർ,സ്വപ്നങ്ങൾക്ക്‌ നിറവും,മണവും, അഴകും, ചിറകുമില്ലാത്തവർ, ദാര്യദ്ര്യത്തിത്തിന്റെ`മഹാഗർത്
തങ്ങളിൽ പെട്ടുഴലാൻ വിധിക്കപ്പെട്ടവർ,അവരാരും തന്നെ ലൈംഗീകാസക്തി തീർക്കാനല്ല ,അനുഭൂതികളോടെയല്ല ഈ ഗതികേടിന്‌ വിധേയരാവുന്നത്‌. ആത്മപീഡനവും, ദാരിദ്ര്യവും അനുഭവിച്ചുകൊണ്ടാണ്‌.
മടിക്കുത്തിനെ തേടിയെത്തുന്ന പച്ചനോറ്റുകളുടെ
പുത്തൻ മണം മാത്രം വറ്റാതെ നിന്നു--
അതിനായ് കാത്തിരുന്നവർ
കടുത്ത ചുമയാൽ നീറി പുറത്തേക്കുന്തിയ കണ്ണുകൾ
ഗ്രഹിണി പിടിച്ച ബാല്യങ്ങൾ
ഒട്ടിയ വയറുകൾ
ദാരിദ്ര്യത്തിന്റെ മഹാഗർത്തങ്ങളിൽ
പെട്ടുഴലുന്നവർ
അവർക്കു മുന്നിൽ സമൂഹം
വാതിൽ കൊട്ടിയടച്ക്ഹു
പിഴച്ചവളുടെ മുദ്ര കുത്തി
ജീവിതത്തിന്റെ താളം തെറ്റിയവർ
ജീവസ്സറ്റ കോലങ്കോലങ്ങളായ്
മുഴച്ചു നിന്നു അവൾ...സ്ത്രീ


അരവയർ പോലും നിറയ്ക്കാൻ കഴിയാതെ കുടുംബ സംരക്ഷണത്തിന്‌ വേണ്ടി ഇറങ്ങിത്തിരിക്കുന്ന പാവം പിടിച്ച ഈ സ്ത്രീകളുടെ സംരക്ഷണത്തിന്‌ യാതൊരു താത്പര്യവും ഇല്ലാതെ , സദാചാരത്തിന്റെ പോലീസുകാരായി അവർക്കെതിരെ വാതിൽ കൊട്ടിയടയ്ക്കുന്നത്‌ സ്ത്രീകൾക്കു നേരേയുള്ള കടുത്ത അനീതിയാണ്‌, സ്ത്രീവിരുദ്ധസമീപനമാണ്‌.പച്ചനോ
ട്ടുകളുടെ പുത്തൻ മണമാണ്‌ മടിക്കുത്തഴിക്കാൻ ഓടിയെത്തുന്നത്‌ പണവും പണം കയ്യാളുന്ന പുരുഷനുമാൺ` ഇവിടെ വില്ലൻ. പണാധിപത്യ പുരുഷാധിഷ്ഠിത വ്യവസ്ഥിതിയാണ്‌ സ്ത്രീയുടെ വില നിശ്ചയിക്കുന്നതും വിലയിടിക്കുന്നതും സദാചാരമൂല്യങ്ങളെ ചവുട്ടിമെതിക്കുന്നത്‌. സ്ത്രീപക്ഷത്തു നില്ക്കുന്ന ഈ കവിത ,പുരുഷാധിപത്യ വ്യവസ്ഥിതിയോട്‌ സന്ധിയില്ലാത്ത കലഹം ഉയർത്തുന്നു.

രൗദ്രം


ആദിമാതാവായ ജഗദംബിക ഭദ്രകാളിയുടെ അവതാരമായ കണ്ണകിയുടെ ജീവിതചിത്രങ്ങളിലൂടെ സ്ത്രീയുടെ രൂപവൈവിദ്ധ്യങ്ങളുടെ അന്വേഷണമാന്‌ രൗദ്രം എന്ന കവിത. സഹനവും ക്ഷമയും മാത്രമല്ല അഗ്നിജ്ജ്വാലകൾ പറക്കുന്ന രൗദ്രഭാവങ്ങളും പെൺനിനുണ്ട്ന്ന്‌ അടയാളപ്പെടുത്തല്കൂടിയാണ്‌.ഇത്‌
. നിഷക്കളങ്കനായ തന്റെ ഭർത്താവിനെ നിഷ്ക്കരുണംകുറ്റവാളിയാക്കുമ്പോൾ കണ്ണകി തിളക്കുന്നു.
ഉലകിൻ നെഞ്ചിലേക്കെറിഞ്ഞു
ചുടുചോര ചിന്തി
ജ്വലിപ്പൂ കോപതാപാദികൾ
നിർഗ്ഗമിപ്പൂ ആകാശസീമയിൽ
പ്രണവനിശ്വാസഗന്ധങ്ങൾ
ഒറ്റച്ചിലമ്പിൻ ഹുംങ്കാരത്തിൽ
ഉഗ്രശപഥത്തിൻ വെള്ളിടി വെട്ടി
ചീറിത്തെറിപ്പൂ അഗ്നിജ്ജ്വാലകൾ
ഒറ്റമുലച്ചിയായവൾ കണ്ണകി
സ്ത്രീശക്തി തന്നാതപജ്വാലയിൽ
വെന്തടങ്ങി മധുരാപുരിയും
സ്ത്രീസ്വത്വത്തിൻ ശക്തിസ്വരൂപിണിയായ്
നേടിയെടുത്തു പുതുസ്വാതന്ത്ര്യ ഗീതവും


തപിക്കുന്ന സ്ത്രീശക്തിയുടെ ജ്വാലയിൽ വെന്ത് തീരാത്ത ഒരു മധുരാപുരിയുമില്ലെന്ന്‌ ഉല്ഘോഷിക്കുന്ന ഈ വരികൾ ഉണരാത്ത സ്ത്രീകൾക്ക്‌ ഉത്തേജനമായെന്നു വരാം. ഷ്റ്റ്രീസ്വത്വ രൂപീകരണത്തിന്‌ കണ്ണകിയുടെ മാതൃക ഫലപ്രദമാകുമെന്ന്‌ കവി പ്രതീക്ഷിക്കുന്നുണ്ട്‌.

തമസ്സേ വീണ്ടുമെത്തുന്നുവോ?
പ്രണയാനുഭവങ്ങൾ സ്മൃതിപഥങ്ങളിൽ ദിവ്യപരിവേഷത്തോടെ പീലി വിടർത്തിയാടും. ആദിത്യമന്ത്രങ്ങളുരുക്കഴിച്ച്‌ സൂര്യദേവനെ പ്രണയിച്ച കുന്തിയെന്ന പെൺകൊടി മായാസ്വപ്നങ്ങളാം വിസ്മിതയായി. പ്രണയത്തിന്റെ വികാര തീവ്രനിമിഷങ്ങളിൽ പെൺനിന്‌ നാണത്തിന്റെ ആവരണം സ്വാഭാവികം. അനുരാഗാഹ്ളാദാതിരേകത്താൽ പുളകിതയാവുന്ന പെൺനിമിഷങ്ങൾ അവളുടെ സ്വപ്നങ്ങൾ കവർന്നെടുത്ത്‌ പുരുഷൻ പ്രണയരംഗത്തിൽ നിന്ന്‌ അരങ്ങൊഴിയുമ്പോൽ മുന്നിൽ നിന്ന്‌ തമോനൃത്തം ചവിട്ടുന്നത്‌ വേതാളരൂപികൾ. മധുരമായി അനുഭവിച്ച നാണം പിന്നീട്‌ നാണക്കേട്‌ എന്ന കൈപ്പ്‌ നീരായി പരിണമിക്കുന്നു.
ആ അരുണശോഭയിൽ
രാഗിണിയായ ഞാൻ ആഹ്ളാദാതിരേകത്താൽ
പുളകിതയായി
എന്നാലൊ ദേവാ
ഞാനറിയുന്നു ക്ഷണികതയുടെ മിന്നലാട്ടം

ആനന്ദനിമിഷങ്ങൾ സ്ത്രീപുരുഷന്മാർ തുല്യമായിട്ടാൺ` പങ്കു വെക്കുന്നത്‌. എങ്കിലും അനന്തര നിമിഷങ്ങളുടെ ഭാരം ചുമക്കേണ്ടി വരുന്നത്‌ സ്ത്രീയാണ്‌. അതൊരു പാപമായി നിർവ്വചിക്കപ്പെടുകയും ജീവിതം മുഴുവൻ പാപിയായി മുദ്ര കുത്തപ്പെടുന്നതും സ്ത്രീയുടെ മാത്രം പ്രശ്നമായി നിലനില്ക്കുന്നു. പാണ്ഡവരുടെ എതിർപക്ഷത്ത്‌ നിലയുറപ്പിക്കേണ്ടിവന്ന താനുപേക്ഷിച്ച സീമന്തപുത്രനായ കർണ്ണന്റെ ജീവിതം നേർക്കാഴ്ച്ചയാകുന്ന നീണ്ട വർഷങ്ങൾ. കുന്തിയനുഭവിച്ച നീറുന്ന വേദനയുടെ കയങ്ങലിലേക്ക് കണ്ണഴിച്ചു വെച്ചുകൊണ്ടാണ്‌ ഇവിടെ പെൺവാദചിന്ത കവി ഉയർത്തിക്കൊണ്ടുവരുന്നത്`. അസ്തമയാനന്തരം ഉറക്കമുണർന്ന സൂര്യൻ ഇളംചൂട്‌ പകർന്ന്‌ കൊണ്ട്‌ വീണ്ടും പുലരുന്നു ഉന്മേഷവാനായി.കുന്തിയുടെ അവസ്ഥയോ?
എന്റെ സ്വപ്നത്തെ അപഹരിച്ച്‌
നീയീ അരങ്ങൊഴിയുകയാണല്ലേ?
അസ്തമയത്തെ അനുഗമിച്ചെത്തുന്ന
തമസ്സിന്റെ വേതാള്രൂപികൾ
എന്നെ ഭയചകിതയാക്കുന്നു
നിരന്തരം വേട്ടയാടുന്ന
ദുഃഖമാം തമസ്സേ നീ വീണ്ടും
കരിമേഘങ്ങളെറിയുമ്മോ?


വേദന പെയ്യാൻ മൂടിക്കെട്ടിനില്ക്കുന്ന പ്രണയാനുഭവങ്ങളുടെ തിക്തവേദനയനുഭവിക്കുന്ന പെണ്ണ്‌.പ്രണയിക്കാനിടമില്ലാത്ത പെണ്ണിന്റെ അവസ്ഥകൾ ഭയചകിതം.ശില്പ്പമിഴിവും ആശയസുഗന്ധവും ഒരുപോലെ ഒത്തുചേരുന്ന സൃഷ്ടി.


യാജ്ഞസേനി


ആളിക്കത്തുന്ന കരുത്തോടെ യാഗാഗ്നിയിൽ നിന്നും ജന്മം കൊണ്ട പാഞ്ചാലി സങ്കടക്കടലിൽ മുങ്ങിക്കുളിച്ചവളാൺ`. അവളാണ്‌ ലോകത്തിണ്‌ നേരെ ആയിരം ചോദ്യങ്ങളെറിഞ്ഞതും,

വസ്ത്രാക്ഷേപം ആരേയും വ്യഥിതയാക്കും. സ്വാഭിമാനത്തിന്‌ നേരേയു വെല്ലുവിളിയാണത്‌. രക്ഷകർ സാക്ഷിയായിട്ടും ചെറുവിരൽ പോലും അനക്കി പ്രതികരിക്കാനാവാതെ, പീഢിപ്പിക്കപ്പെടുന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥ .കീചക ദുശ്ശാസന രാവണന്മാർ ക്രൂര കാമവൈകൃതങ്ങളോടെയൂ സമീപനം, കറുത്ത നോട്ടങ്ങൾ, കുളയട്ടകളെപോലെ രക്തം കുടിക്കുന്ന ഭീകരാനുഭവങ്ങൾ.
യാജ്ഞസേനീ നീ ഏകാകിനിയാണ്‌.
ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ടവൾ
നിന്റെ യാതനകകറുതി വരുത്തുവാൻ
ഇനിയൊരു സുദർശനമുയരില്ല
സുദർശനത്തിലും വിഷവായു പുരണ്ടിരിക്കുന്നു....


സ്ത്രീപീഡനമെന്ന അധർമ്മത്തെനെതിരെ കർശനനടപടികളെടുക്കാതെ ആ സാമൂഹിക വിരുദ്ധശക്തികൾക്കനുകൂലമായ നിലപാടെടുക്കുന്ന അധികാരിവർഗ്ഗ്ത്തെ കണ്ട്‌ അസഹ്യമായിട്ടാണ്‌ “സുദർശനത്തിലും വിഷവായു പുരണ്ടിരിക്കുന്നു എന്ന്‌ കവി എഴുതിപ്പോകുന്നത്`.

”നീ ലോക്ത്തുനിന്നും തമസ്ക്കരിക്കപ്പെടുന്നു
അറിയുക, വഞ്ചനയുടെ മുഖമേതെന്ന്‌
സ്ത്രീയെ നിനക്കു രക്ഷ നീ മാത്രം...

പെണ്ണിനെ കേവലമൊരു ഭോഗവസ്തുവായിക്കാണുന്ന പുരുഷാധിഷ്ഠിത സമൂഹത്തിന്റേയും അതിൻ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റേയും ചതികൾ തിരിച്ചറിയപ്പെടേണ്ടത്‌ അനിവാര്യത തന്നെ. എന്നാൽ “സ്ത്രീയെ നിനക്കു രക്ഷ നീ മാത്രം” എന്ന വരികൾ കല്ലുകടിയാകുന്നുണ്ട്‌. ചതി ,വഞ്ചന, പീഢനം,അടിമത്തം ,ചൂഷണം,എന്നിവകൾക്ക്‌ വിധേയമാകുന്നത്‌ സ്ത്രീകൾ മാത്രമാണോ?ഇത്തരം സങ്കീർണ്ണ പരിതസ്ഥിതിയിൽ നിന്ന്‌ സ്ത്രീപ്രശ്നം മാത്രം അടർത്തിയെടുത്ത്‌ അതിന്‌ പരിഹാരമുണ്ടാക്കാൻ കഴിയുമോ? സാവിത്രി രാജീവന്റെ“ ദേഹാന്തരം” എന്ന സമാഹാരത്തിന്‌ സച്ചിദാനന്ദൻ എഴുതിയ അവതാരികയിൽ ഈ വിഷയം അവതരിപ്പിക്കുന്നുണ്ട്‌. “സ്ത്രീവിമോചനത്തിനായു സമരം സ്ത്രീയും പുരുഷനും ചേർന്ന്‌ പുരുഷാധിപത്യപ്രത്യയശാസ്ത്രത്തിന്നെതിരെ നടത്തുന്ന സമരമാണെന്ന്‌, അത്‌ ആത്യന്തികമായ ,നിഷേധാത്മകമായ എല്ലാ അധികാര രൂപങ്ങൾക്കുമെതിരെ മനുഷ്യൻ നടത്തിപ്പോരുന്ന നിരന്തരസംഘർഷത്തിന്റെ അംശമാണെന്ന്‌ വിദ്വേഷമല്ല വലിയൊരു സ്നേഹമാണ്‌ സ്വാതന്ത്ര്യത്തിന്റെ ശ്രുതി ചേർക്കുന്നതെന്ന്‌സാവിത്രി രാജീവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. സ്ത്രീവാദത്തിന്‌ ഏറെ സ്വീകൃതമായ അഭിപ്രായമായി ഇതു പരിഗണിക്കപ്പെടുന്നൂണ്ട്‌.
കുരുതി

പെണ്മനസ്സുകൾക്ക്‌ സ്വപനങ്ങളില്ലായിരുന്നു.മോഹങ്ങളും പ്രതീക്ഷകളും അനർഹമായിരുന്നു. എന്നാലിന്ന്‌ വികസ്വരമായ ലോകത്തിലെ ഭൗതിക വിജയം എത്തിപ്പിടിക്കാൻ സാഹസികമായി ഇളം പെൺകുട്ടികൾ വെമ്പൽ പൂണ്ടു തുടങ്ങി. പലരുമെത്തിപ്പെടുന്നത്` കാമവെറി പൂണ്ട നരാധമന്മാരുടെ ഗുഹകളിലേക്കാണ്‌

”തീയിലേക്കല്ലൊ പറന്നടുത്തു
പൂഞ്ചിറകറ്റു നീ വീണിതില്ലേ?
ആപൽഘട്ടവുമോർത്തതില്ല
വെന്തുപോയല്ലൊ ജീവിതവും“


കൂട്ടബലാൽസംഗങ്ങളും സ്ത്രീപീഡനങ്ങളും ഗുണിതാനുപാതമായി പെരുകുന്ന കെട്ട കാലത്തിന്റെ താപാഗ്നിയിൽ ഇരകൾ വെന്തുരുകുന്നു.
”ഓമൽത്താരിളം മെയ്യഴകിൽ
കൈവെച്ചലരി കുറുനരികൾ
സ്ത്രീകളോടുള്ള പക്ഷപാതപരമായ സ്നേഹം “ഓമൽത്താരിളം മെയ്യഴകിൽ” എന്ന വരികളിലും വ്യ്ക്തമാകുന്നു. അധർമ്മം കാട്ടുന്ന പുരുഷൻ കുറുനരികളും. ഈ കവിതകളിൽ പ്രത്യക്ഷമാകുന്നു. പഴി കേൾക്കേണ്ടിവരുന്നത്‌ സ്ത്രീകൾ മാത്രമാണെങ്കിൽ സമൂഹചിന്തയിൽ കാര്യമായ പന്തികേടുണ്ട്‌.

ഏകതാളത്തിലേകസ്വരത്തിൽ
ഏകപക്ഷീയ രാഗം മുഴങ്ങി
ദുസ്സഹ, ദുർന്നട, ദുഃശ്ശകുനം
ഒരു തരി നേരം പാഴാക്കാതെ
പിഴുതെറിയുകയിവളെയീഭൂവിൽനിന്നും
തീയിട്ടു മൂടുക നീതിനിയമങ്ങൾ...

ഏകപക്ഷീയമായ ഈ സ്ത്രീ വിരുദ്ധനിലപാടുകൾ കാടൻ നീതിബോധമാണ്‌. അതു തീയിട്ടു മൂടുക തന്നെ വേണം
കുരുതി കഴിക്കുന്നു പുണ്യജന്മങ്ങളെ
അധർമ്മം പരത്തുന്നു വെന്നിക്കൊടിയും
പുരുഷനൊ മാന്യതയണിഞ്ഞു വീണ്ടും
അധികാരപദത്തിൽ വാണരുളി

സ്ത്രീകളോട്‌ ധാർമ്മിക നീതി സംരക്ഷിക്കാനാവാതെ കുറ്റവാളികളും കുറ്റവാളിപക്ഷം ചേരുന്നവരുമായ പുരുഷന്മാർ ആ രാഷ്ട്രീയ നേതൃത്വത്തിന്‌ ഈ പാപക്കറയിൽ നിന്ന്‌ കൈക്കഴുകി രക്ഷപ്പെടാനാകില്ല.
വിതുരകളും ഐസ്ക്രീമുകളും സൂര്യനെല്ലികളും ആവർത്തിച്ച്‌ കൊണ്ടിരിക്കുമ്പോഴും അതിനു പങ്കാളികളായി മാന്യതയുടെ മുഖമ്മൂടിയണിഞ്ഞ്‌ അധികാരകേന്ദ്രങ്ങളിൽ പുരുഷൻ വാണരുളുകയാണ്‌. രതിവൈകൃതങ്ങൾ കൊണ്ട്‌ രോഗാതുരമായ ഈ സമൂഹത്തിൽ രക്തസാക്ഷിയാകേണ്ടി വരുന്ന സ്ത്രീയുടേയും കുറ്റവിമുക്തനാകുന്ന പുരുഷന്റേയും വിവേചനാവസ്ഥകളാണ്‌ “കുരുതിയി” വിചാരണ ചെയ്യുന്നത്‌.

അഗ്നി

“കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകിൽ സുലഭം”
കുഞ്ചൻ നമ്പ്യാരുടെ വരികളിലെ യാഥാർത്ഥ്യം കാലദേശാദികൾക്കതീതമായി സാർവ്വലൗകിക സത്യമായി ഇന്നു തുടരുന്നുണ്ട്‌. പാഞ്ചാലിയെത്തന്നെയാണ്‌ ഈ കവിതയിലും അവതരിപ്പിക്കുന്നത്‌. മറ്റെന്തൊക്കെ കാരണമുണ്ടായിരുന്നാലും പാഞ്ചാലിയുടെ വസ്ത്രാക്ഷേപം തന്നെയാണ്‌ കുരുക്ഷേത്രയുദ്ധത്തിന്റെ കാതലായ കാരണം

“ആളിപ്പടരുന്നിതിന്ദ്രിയങ്ങളിൽ
പ്രതികാരവഹ്നി തൻ ജ്വാലകൾ
അക്ഷൗഹിണി തൻ കാഹളം മുഴക്കി
ഉഗ്ര്ധ്വംസനത്തിൻ രണഭൂമിയുണരുന്നു

പുരുഷന്മാരുടെ ഏറ്റുമുട്ടലുകളിൽ വേട്ടയാടപ്പെടുന്നത്‌ യാതൊരു തെറ്റും ചെയ്യാത്ത സ്ത്രീ. യുധിഷ്ഠിരൻ ചതുരംഗക്കളിയിൽ തോറ്റ് തൊപ്പിയിട്ടപ്പോൾ ദുശ്ശാസനകർണ്ണന്മാർ വിജയം ആഘോഷിക്കുന്നത്‌ കുറ്റമൊന്നും ചെയ്യാത്ത ദ്രൗപദിയുടെ ചേലയുരിഞ്ഞിട്ടാണ്‌. എന്തസംബന്ധം?
ഫണമുയർത്തുന്നു അന്ത്രാത്മാവിൽ
ഉറയൂരിയ സർപ്പകോപങ്ങൾ
അപമാനവീഥിയിലൂടെ വ്രണിത-
മാക്കിയ സാഭിമാനങ്ങൾ

അനുബന്ധമായ നിരന്തര പീഡാനുഭവങ്ങൾ ജീവിതവ്യഥകൾ ഇവയെല്ലാം സ്ത്രീകോപം തപിപ്പിക്കുകയാണ്‌.
വന്യമായി ഹൃദന്തവും
കടുന്തുടി കൊട്ടി വൈരാഗ്യവും
എരിയും പാവകജ്വാലയിൽ
ചെയ്തു ഘോരശപഥവും


വേട്ടയാടുന്നൊരാ നരാധമന്റെ
മാറിടം പിളർന്ന ചുടുരുധിരവുമായി
വരിക വൃകോദരാ പുരട്ടുക വേഗം
തവ സഖി തൻ കബരീഭരത്തിൽ
എരിയുന്ന തീയിൽ ആളിപ്പടരുന്ന പ്രതികാരബോധം തീവ്രമായുയർത്തിയ പാഞ്ചാലിയെ ആവേശകരമായിട്ടാന്‌ അവതരിപ്പിക്കുന്നത്‌.
പീഡനങ്ങളും അക്രമങ്ങളും ചൂഷണങ്ങളും നിശ്ശബ്ദമായി സഹിക്കുന്ന പ്രതികരണശെഷിയില്ലാത്ത സ്ത്രീകൾക്കു മുന്നിൽ പാഞ്ചാലിയെന്ന ഇതിഹാസകഥാപാത്രത്തെ പുനർനിർമ്മിക്കുകയാണ്‌


ഈ അധർമ്മത്തിനെതിരെ പ്രതികാരം ചെയ്ത്‌ ദുശ്ശാസനന്റെ മാറു പിളർന്ന്‌ രക്തം പുരണ്ട കൈകൾ കൊണ്ട്‌ തന്റെ അഴിഞ്ഞുകിടക്കുന്ന മുടി കെട്ടുന്നത്‌ വരെ തന്റെ മുടി അഴിഞ്ഞുകിടക്കും. ഭർത്താവായ ഭീമസേനനോടാണ്‌ അപേക്ഷ. ദുശ്ശാസനന്റെ അധർമ്മങ്ങളെ നേരിടാൻ സ്വയം കഴിയാതെഭീമസേനനെന്ന പുരുഷന്റെ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പാഞ്ചാലിയുടെ ശപഥം,സ്ത്രീയുടെ ദൗർബല്യം വെളിവാക്കുന്നുണ്ടോ എന്ന സംശയം ഇവിടെ ഉദിക്കുന്നുണ്ട്‌. പുരുഷകേന്ദ്രീകൃത , സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ സ്ത്രീവിമോചനത്തിനായുള്ള സമരം സ്ത്രീയും പുരുഷനും ചേർന്ന്‌ പുരുഷാധിപത്യ ശാസ്ത്രത്തിന്നെതിരെ നടത്തുന്ന സമരമാണെന്ന സച്ചിദാനന്തന്റെ നിലപാടുകളോടു ചേർന്നുതന്നെയാൺ` ഈ വരികളും നില്ക്കുന്നത്‌.

സ്ത്രീവിരുദ്ധമായ ദുശ്ശാസനനെ അതിജീവിക്കുവാൻ ധർമ്മപക്ഷത്തുള്ള തന്റെ ഭർത്താവും കൂടിയായ ഭീമന്റെ സഹായം നേടുന്നത്‌ ശരിയായ വീക്ഷണമാണ്‌. പ്രായോഗികതയുമാണ്‌.

ദുശ്ശാസനന്റെ മാറു പിളർന്ന ചോരയിൽ മുക്കിയ കൈകൊണ്ട്‌ തന്റെ മുടി കെട്ടിത്തരണമെന്നാഗ്രഹിക്കുന്
നതിൽ ഹിംസാത്മകതയില്ലേ? പ്രതികാരം ഹിംസാത്മക്മാകണമെന്നില്ല. ഹിംസാരഹിത പ്രതികാരത്തിനു സാദ്ധ്യത അന്വെഷിക്കാതെയുള്ള രക്തദാഹിയായ ഈ കഥാപാത്രം അഹിംസയിൽ വിശ്വസിക്കുന്ന കവിക്ക്‌ എങ്ങനെ സ്വീകാര്യമാകും?കഥാപാത്രത്തിന്റെ നിലപാടുകൾ കവിയുടേതാകണമെന്നില്ല എന്ന സൃഷ്ടി ബന്ദ്ധമായ അഭിപ്രായം രേഖപ്പെടുത്താനും ഇതിന്നുത്തരമായി കവിക്കു പറയാൻ കഴിയും.
കുന്നിമണികൾ

ആശയങ്ങളുടെ ഓജസ്സും വീക്ഷണത്തിന്റെ തിളക്കവും എത്ര തന്നെ പ്രോജ്ജ്വലമായാലും ശില്പ്പനിപുണ വ്യന്യാസത്തിലാണ്‌ കവിത ഹൃദ്യമാകുന്നത്‌. അച്ഛന്റെ ,മഹാനായ നാട്യാചാര്യന്റെ മരണർംഗമാണ്‌ ”കുന്നിമണികൾ“ എന്ന കവിതയിൽ അനാവരണം ചെയ്യുന്നത്‌. കുട്ടിത്തം കൈവിട്ടിട്ടില്ലാത്ത നിഷ്ക്കളങ്കയായ പാവാടക്കാരി തുള്ളിക്കളിച്ച്‌ വീട്ടിലെത്തുമ്പോൾ നാടകീയമായി, പിതാവിന്റെ മരണമെന്ന യാഥാർത്ഥ്യത്തെ നേരിടുന്ന ഹൃദയഭേദകമായ നിമിഷങ്ങൾക്കാൺ` സാക്ഷിയാവുന്നത്‌.
”കുന്നിൻശിരസ്സിലുതിർന്നു കിടക്കും
കുന്നിമണികൾ പെറുക്കി
ഞാനെത്തവേ.............“

പ്രതീക്ഷകളുടേയും ,മോഹങ്ങളുടേയും ബിംബമായ കുന്നിമണികൾ പെറുക്കിയെടുക്കുന്നത്‌ ,സങ്കല്പ്പങ്ങളുടേയും ,അയാഥാർത്ഥ്യങ്ങളുടേയും കൗമാരകാലത്തിൽ ഉയരത്തിലുള്ള കുന്നിൻപുറത്തുനിന്നാണ്‌. താഴേയുള്ള വീട്ടിൽ ,താങ്ങാനാവാത്ത കറുത്ത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ച്ചകൾ. ദുശ്ശകുനങ്ങളുടെ ഘോഷയാത്രകൾ, അന്ധാളിപ്പുകൾ.......
”കെട്ടുപോയ കർപ്പൂരസന്ധ്യ തൻ
കല്വിളക്കിൽ എണ്ണവറ്റിപ്പോയൊരു
പടുതിരിവെളിച്ചമാടിയുലയവേ
ആഞ്ഞടിച്ചതാ വരുന്നോരു
കൊടുംകാറ്റിൻ കരാളഹസ്തങ്ങളാ-
വെളിച്ചത്തേയും പൊലിച്ചീടുവാൻ“

പടുതിരിവെളിച്ചം തരുന്ന കല്വിളക്കിൽ എണ്ണവറ്റുന്നു, കൊടുങ്കാറ്റിൽ ആ വെളിച്ചവും കെട്ടുപോകുന്നു. ദുരന്ത സൂചനകൾ ഇനിയുമുണ്ട്‌.
”ഉത്തരത്തിലിരുന്നൊരു
ഗൗളി ചിലച്ചതിൻ വാലു-
മുറിച്ചിട്ടു കിടന്നു പിടയുന്നു....“

പിടയുന്ന ഗൗളിയുടെ വാൽ ദുർന്നിമിത്തം ,അതു കണ്ട്‌ പകച്ച്‌ അച്ഛന്റെ രോഗശയ്യയിലിരുന്ന്‌ കരൾ പൊട്ടി വിതുമ്പുന്ന അമ്മയുടെ മുന്നിലേക്കാണ്‌ അവളെത്തുന്നത്‌. അച്ഛന്റെ മരണവിവരം അമ്മയിൽ നിന്നറിയുമ്പോൾ ഒരു കൊള്ളിയാൻ മിന്നി...പിതൃവിയോഗത്തിൽ പിടയുന്ന സ്വകാര്യവേദനയേക്കാൾ ആ കുട്ടിയുടെ മനസ്സിനെ ആഘാതമേല്പ്പിക്കുന്നത്‌ അച്ഛനെന്ന മഹാനായ കലാകാരന്റെ നഷ്ടമാണ്‌. അസാധാരണയായ പെൺകുട്ടി!

”ദ്രുത ചലനമാടിയ പാദങ്ങളാടില്ലിനി
കലാശത്തിൻ ചുവടുകൾ
മുദ്രപുഷ്പ്പങ്ങളാൽ പ്രപഞ്ചം
വിരിയിച്ച വിരലുകൾ വിടരില്ലിനി“


അവളുടെ മനസ്സ്‌ കറുത്ത സത്യത്തിന്റെ മുൾമുനയിൽ കോർത്തുവലിക്കപ്പെട്ടു. ഒരു കഥകളി നാട്യാചാര്യന്റെ ദ്രുതചലനമാടിയ പാദങ്ങൾ നിശ്ച്ചലമാവുന്നത്‌ ,നാട്യമുദ്രപുഷ്പങ്ങൾ കൊണ്ട്‌ നവരസഭാവങ്ങൾ പകർത്തിയ വിരലുകൾ വിടരാതാവുന്നത്‌ തീവ്രവേദനയുടെ അഗ്നിയിലുരുകിയൊലിക്കുന്ന നിമിഷങ്ങൾ...............

”അപ്പോഴതാ ചിതറിവീണെൻ
വിഷാദപർവ്വത്തിലേക്കായ്‌
പാവാടഞ്ഞൊറിയിൽ ഞാൻ
കാത്തുവെച്ച കുന്നിമണികളെല്ലാം“

വയലാറിന്റെ ”ആത്മാവിൽ ഒരു ചിതയും, വൈലോപ്പിള്ളിയുടെ“മാമ്പഴവും”ഇതിനോട്‌ വികാരസാധർമ്മ്യമുള്ള കവിതകളാണ്‌ കുറയാത്ത ശില്പ്പസൗൻദര്യവും സാന്ദ്ര വേദനയും സംവദിക്കപ്പെടുന്ന ഈ കവിത ഹൃദ്യവും വശ്യവുമാണ്‌.
ആത്മാനുതാപം,ദുഃഖാഭിരതി
കദനഭാരം കൊണ്ട്‌ ഹൃദയം വിങ്ങുന്ന കവികൾ എന്നുമുണ്ടാവുന്നുണ്ട്‌. രാഷ്ട്രീയ സാമൂഹിക സാഹചര്യ ഭേദങ്ങൾ കൊണ്ട്‌ വിഷയവൈജാത്യമുണ്ടാകുമെങ്കിലും കവിഹൃദയങ്ങളെ ആത്മനൊമ്പരങ്ങൾ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. ഇടപ്പള്ളിയുടെ ദുഃഖം “പശ്ച്ചാത്താപം” എന്ന കവിതയിൽ ;

പരപരിഹാസമേറ്റു ധരയിങ്കലിരിപ്പതിൽ
പ്പരമൊരു ദുരിതം മേ വരുവാനുണ്ടോ?


ഭാവനയിലുള്ള ആദർശജീവിതവും ആദർശഹീനമായ കടുത്ത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ച്ചകളുമാണ്‌ ചങ്ങമ്പുഴയുടെ മനസ്സിനെ വേട്ടയാടിയത്‌. ഉത്കണ്ഠകളും ഉദ്വേഗങ്ങളും മോഹഭംഗങ്ങളും നിരാശതാബോധവും ചങ്ങമ്പുഴക്കവിതയിൽ സർവ്വ്സാധാരണം. “ബാഷ്പാഞ്ജലി” എന്ന കവിതയിലെ ചില വരികളിൽ ചങ്ങമ്പുഴയുടെ ഹൃദയം കണ്ണാടിയിലേതെന്നപോലെ കാണാം.

ശരിയായിരിക്കം ഈ ലോകമേറ്റം
നിരുപമ്മാനന്ദമായിരിക്കാം
ഹതഭാഗ്യൻ ഞാൻ പക്ഷേ കണ്ടതെല്ലാം
പരിതാപാഛാദിതമായിരുന്നു


കാലവും കവിതയും മാറിയ ഈ ആഗോള വല്ക്കൃതസമൂഹത്തിലും കവിഹൃദയത്തിൽ നിന്ന്‌ വേദനയകലുന്നില്ല. ആത്മാനുതാപവും ദുഃഖാഭിരതിയും ഇന്ദിരാബാലന്റെ കൃതികളിലും പതഞ്ഞുപൊങ്ങുന്നുണ്ട്‌.
ഇഷ്ടം

ചൂടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ ചതിക്കപ്പെട്ട ഹൃദയത്തിൽ നിന്ന്‌ ഭീതിയകലുന്നില്ല.
ഊഷരത്ക്കു മേലെ വീണ
നനവിന്റെ തുള്ളികളായി
വീണ്ടും വേട്ടയാടപ്പെടുന്നുവോ?

തകർന്ന ചക്രങ്ങളാൽ കുതിപ്പുനഷ്ടപ്പെട്ട ജീവിതം ,പുതിയ പ്രഭാതത്തിൽ പുതിയ ഇഷ്ടാനുഭവങ്ങളുമായി മനസ്സു പ്രതീക്ഷകളുടെ സ്വർൺനത്തേരിലേറി എങ്ങോട്ടോ കുതിക്കുകയാൻ`.

അഭിശപ്തയാൺ` ഞാൻ
പേടു വന്ന വൃക്ഷം പോലെ ജീർണ്ണിച്ചവൾ
നിനങ്ക്കെന്നെയറിയില്ല
ഒരു മെഴുകുതിരി പ്രതിമയായി ഉരുകുന്നവൾ
വിഷദംശനത്തിന്റെ അടയാളങ്ങൾ
എന്നിലുണ്ടെന്നറിയുമ്പോൽ നിന്റെ ഈയിഷ്ടം വിദൂരത്താകും
പാപക്കറപൂണ്ടവരെ സ്വീകരിക്കാനും ,സംരക്ഷിക്കാനുമുള്ള വിശാലഹൃദയങ്ങളില്ലാതത പ്രതീക്ഷയുടെ അസ്തമയ ലോകമാണ്‌ കവിയുടെ മുന്നിൽ. ഏകാന്തതയുടെ ഭീകരതുരുത്തുകളിൽ നിരാശതയുടെ നിധികുംഭത്തിന്‌ കാവലിരിക്കുന്ന ഹതഭാഗ്യരുടെ വിഹ്വലതകൾ മനുഷ്യനിൽ നന്മയുടെ തെളിനീര്‌ വറ്റിയെന്നത്‌ കവിയുടെ വൈയക്തികാനുഭവമായിരിക്കാം അസ്തമയത്തിനു ശേഷം പുതിയ പ്രഭാതം പ്രതീക്ഷാകിരണങ്ങൾ പൊഴിച്ചുകൊണ്ട്‌ പൊട്ടിവിടരുന്നത്‌ കാണാൻ കഴിയുമ്പോഴേ ജീവിക്കാനുള്ള പ്രേരണയുണ്ടാവുള്ളു. അതും കവി അനുഭവിക്കേണ്ടതാണെന്നേ പറയാൻ കഴിയു.


ദയാരഹിതം

ഗത്യന്തരമില്ലാതെ കടക്കെണിയിലകപ്പെടുന്ന വ്യക്തിയുടെ ജീവിതവ്യഥ്കളാണ്‌ ഈ കവിതയിലൂടെ ഒഴുകുന്നത്‌.

മൂല്യരഹിതമാം കമ്പോളവല്ക്കരണത്തിൻ
അറക്കപ്പലിശയാം ഭ്രാന്തിലാന്റു മുങ്ങി
അകക്കണ്ണിന്നാധ്യം ബാധിച്ചവർ
അകക്കാമ്പിലേക്കെറിഞ്ഞു വീഴ്ത്തി
അറക്കവാളിൻ കൂർത്ത മുനകൾ
അട്ടഹാസത്തിൻ പെരുങ്കോലങ്ങളായി
അധികാരത്തിന്നാജ്ഞഭാഷ്യങ്ങൾ...


അറക്കപ്പലിശ വാങ്ങുന്നവന്‌ ഹൃദയമില്ല. അവന്റെ വാക്കുകൾ അറക്കവാളിനേക്കാൾ മൂർച്ഛയുള്ളതാണ്‌. അതസഹനീയവുമാണ്‌.നിസ്സഹായനായവന്
റെ ദുരവസ്ഥ. പണത്തിന്റേയും ദുരയുടെയും മുന്നിൽ കുടുംബബന്ധങ്ങളും വ്യ്ക്തിബന്ധങ്ങളും വേരറ്റുപോകുന്നു.

യാത്രയാകുന്നു മനസ്സിൻ ശുഭചിന്തകൾ
പെരുകുന്നു ദിനവുമാത്മഹത്യാ വിചാരങ്ങളും
വേരറ്റു പോകുന്നു കുടുംബബന്ധങ്ങൾ
സ്നേഹശൂന്യമാകുന്നു രക്തബന്ധങ്ങളും
ധനമെന്ന മോഹയക്ഷി തൻ കെണി-
യിലെത്രയോ ജന്മങ്ങൾ ചിന്തുന്നു ചോരയും

പണം മോഹയക്ഷിയാണ്‌. പണത്തിനു പിന്നാലെ പോകുന്നവന്റെ രക്തം കുടിക്കുന്നു. ഹൃദയവും, മജ്ജയും, മാംസവും തുരന്നെടുക്കുന്നു. തല്ച്ചോറ്‌ തകർക്കുന്നു. വർത്തമാനകാലജീവിതത്തിൽ കടക്കെണിയിൽ കുടുങ്ങി കയറിൻ തുമ്പിൽ ജീവിതം കുരുക്കിയ നിരവധി സാധാരണക്കാരന്റെ മുഖം ഈ കവിതയിൽ തെളിയുന്നുണ്ട്‌. സ്നേഹം വറ്റിവരണ്ട തൊണ്ടയുമായി , ദാഹത്തിനായി നില്ക്കുന്ന നിസ്വന്റെ നിസ്സഹായരൂപം അതാൺ` ദയാരഹിതം.

നന്ദിവാക്കുകൾ

വേദനയിൽ തപിക്കുന്ന മനസ്സ്‌. ദുർബ്ബലവും ചഞ്ചലവും ആവും. വേദന നിരന്തരമായാൽ മനസ്സ്‌ തണുത്ത്‌ മരവിക്കും. ശാന്തമാകും. ശാന്തമാകുന്ന മനസ്സിൽ തത്വശാസ്ത്രങ്ങൾ തെളിയും. ദർശനം വിരിയും. കൂടെപ്പിറപ്പുകൾ പോലും പണത്തിന്റെ പ്രശ്നത്തിൽ ഏതു യുദ്ധത്തിനും തയ്യാർ.
ചന്ദ്രഹാസമിളക്കി കൂടെപ്പിറപ്പുകൾ
അൻകം മുറുക്കുന്നു പോരിനായ്‌
അർത്ഥമോഹത്താലന്ധരായി
ബന്ധങ്ങൾ ൻബന്ധനങ്ങളായി


മൂല്യബോധമുവർക്ക്‌ ബന്ധങ്ങൾ ബന്ധനങ്ങണ്‌. പണം ഭരിക്കുന്നവർക്ക്‌ മൂല്യബോധം ഇല്ലാതാവും. അവർ പണത്തിന്റെ പേരിൽ ബന്ധമോർക്കാതെ ചന്ദ്രഹാസമിളക്കും.

നന്ദി ചൊല്ലുന്നേൻ ഞാൻ
തുലാവർഷക്കെടുതികൾ തന്നു
ശാപവാക്കുകളെയ്തെൻ
ശിരസ്സു മൂടിയ സ്വന്തങ്ങൾക്കായ്
ദുരിതപൂർണ്ണമീ ജീവിതം
തന്നവ്ര്ക്കായ്‌ ഉൾത്താപം
പൂണ്ടു ഞാൻ ചൊൽവൂ
നോവിൻ നദിവാക്കുകൾ

നോവ്‌ തന്നവർക്കായ് നോവിൻ പെരുമഴയിൽ കുതിർന്ന വാക്കുകൾകൊണ്ട്‌ നന്ദി ചൊല്ലുന്നത്‌ ക്ഷമയുടേയും സഹിഷ്ണുതയുടേയും തട്ടകത്തിൽ നിന്നുകൊണ്ടാണ്‌ ശാന്തിയുടേയും അഹിംസയുടേയും വാക്കുകൾ ആത്മസംയമനത്തിന്റേയും ആത്മശുദ്ധിയുടേയും ആണ്‌. തന്റെ ജീവിതത്തെ കനിവേതുമില്ലാതെ ഈ ഗർത്തത്തിലേക്ക് ത​‍ീയിട്ടും നന്ദി മാത്രം ചൊല്ലുന്നത്‌ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടല്ല. ,നിഷ്ക്രിയതയുമല്ല, നിർവികാരതയുമല്ല, അതിശക്തമായ് സഹനസമരമാണ്‌. അഹിംസയെന്ന മൂർച്ഛയുള്ള ആയുധമാണ്‌. സകല വികാരങ്ങളുടേയും നിയന്ത്രിത അവസ്ഥയിലാന്‌ ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന അവസ്ഥയിൽ അരുതാത്തത്‌ ചെയ്യുന്നതിനേക്കാൾ ആത്മസംയമനത്തിന്റെ ഈ വഴി അഭികാമ്യമാകുന്നു. ആരു തകർന്നാലും ഞാൻ തകരില്ല എന്ന് അ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയാണത്‌.
ഒരു വേള പഴക്കമേറ്യാ-
ലിരുളും മെല്ലെ വെളിച്ചമായ് വരും
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിച്ചൊരു കൈപ്പു താനുമേ


എന്ന ആശാന്റെ വരികളിവിടെ സ്മരണീയം. വേദന ലഹരിയാകുന്ന അവസ്ഥയിൽ ഉയരത്തിൽ ചിന്തിക്കാൻ മനുഷ്യനു കഴിയും. ശാന്തമനസ്സിന്റെ ഉടമയായ ഉയരമുള്ള ഒരു കവിയെയാണ്‌ ഈ കവിതയിൽ കാണുന്നത്‌.


ഇടവപ്പാതി


തിരിമുറിയാതെ പെയ്തുമുറുകുന്ന മഴയെ നോക്കി ഇറയത്ത്‌ നില്ക്കെ പടികടന്നാരോ വരുന്ന പോലെ ഒരു തോന്നൽ. ഏതു ഡേശത്തിലെ പാതകമഴയിൽ നിന്ന്‌ കുത്തിയൊലിച്ച പോയ ജീവിതം തിരക്കിവരികയാണോ? ഇവിടെ തണലേകാൻ മറ്റാരുമില്ല, താനും മഹാവർഷക്കോളുകളും മാത്രമേയുള്ളുവെന്നു കവി പറയുന്നു.
ഋണബാധ്യത തൻ പേമാരിയിൽ
നനഞ്ഞ് കുതിർന്നു വിറച്ചിരിപ്പവൾ ഞാനും


കദനക്കരിനിഴൽ പടർന്ന നിന്റെ നീർമിഴികളെന്തേ ചൊല്ലുന്നത്‌ ദൈന്യതയാൽ? രാപ്പാർക്കുവാൻ താരകളോ, സ്നേഹത്തിന്റെ മുന്തിരിവള്ളികളോ ഇല്ല. ജീവിതക്കടത്തിൽ കുളിച്ചു നില്ക്കുന്ന ഞാൻ മാത്രം.
നെയ്തെടുക്കേണ്ട കനവുകളൊന്നുമിനി
കനലായിയെരിഞ്ഞില്ലേ ജീവിതവും


പ്രതീക്ഷകൾ അറ്റുപോയ ,കനലായി എരിയുന്ന ജീവിത നൈരാശ്യം അനുഭവിക്കുമ്പോൾ മറ്റുള്ളവന്റെ ജീവിതത്തേയും അനുഭാവപൂർവം സമീപിക്കാൻ കഴിയും.
മാറവ്യഥകളായി പിന്തുടർന്ന
ജീവിതേതിഹാസത്തിന്നന്ത്യത്തിൽ
വിരൽത്തുമ്പിൽ നിന്നൂർന്നിറങ്ങിപ്പോയ
ജീവിതം തിരക്കിനടപ്പവൾ ഞാൻ

വേദനയുടെ പരകോടിയിൽ മഞ്ഞിൻഓടും മഴയോടും തന്റെ ചുമടിറക്കിവെയ്ക്കാൻ ഇടമന്വെഷിക്കുന്നത്‌ സ്വാഭാവികം. വേദന ലഹരിയാകുന്ന സന്ദർഭം ചങ്ങമ്പുഴ കവിതയിൽ ഇങ്ങിനെ.
വേദന വേദന ലഹരി പിടിക്കും
വേദന ഞാനതിൽ മുഴുകട്ടെ
മുഴുകട്ടെ മമ ജീവനിൽ നിന്നൊരു
മുരളീ മൃദുരവമൊഴുകട്ടെ


മനസ്സിന്റെ മാലിന്യങ്ങൾ വേദൻ കൊണ്ട്‌ വടിച്ചെടുത്ത്‌ കഴുകി ശുദ്ധീകരിക്കാൻ കഴിയും. അങ്ങനെ സ്വയം വിമലീകൃത ഹൃദയത്തിന്റെ പനിനീരിൽ മുക്കിയാണ്‌ വേദനിക്കുന്ന കവികൾ രചന നിർവഹിക്കുന്നത്‌. അത്‌ ഹൃദയ സ്പർശിയാകുമ്പോഴാണ്‌` കവിതയുടെ ധർമ്മം നിറവേറ്റപ്പെടുന്നത്‌. ഭാവനാസമ്പന്നമായ ഈ കവിതയുടെ പ്രസക്തിയും പ്രയോജനവും അതു തന്നെയാണ്‌.

കടങ്കഥ
നഷ്ടങ്ങളിൽ നിന്ന്‌ ജീവിതപ്പൊരുളിന്റെ പാഠങ്ങൾ നേടുന്നു. ജീവിതമെന്നും കരിവളക്കിലുക്കം മാത്രമാകുന്നെന്ന നിരാശയിൽ നിന്നുമാണ്‌` ഈകവിതയുടെ തുടക്കം.ജീവിതപ്രതീക്ഷകളിൽ പ്രത്യക്ഷമാവുന്നത് അസഹനീയമായ യാഥാർത്ഥ്യങ്ങളാണ്‌.
തല്ലിക്കൊഴിച്ചു ചിരിച്ചു
കൈകെട്ടി നില്പ്പൂ
ജീവിതത്തിൻ തത്വശാസ്ത്രവും
കൊതിയൂറുവാനായ മുന്നിൽ വന്നു
കോമാളിയായി ജീവിതവും
വാഴ്വിനെക്കുറിച്ചല്ലാതെയില്ല-
യിവൾക്കൊരു വരികുറിക്കാനായ്

വിയർപ്പാറ്റികുറുക്കിയെടുത്ത ജീവിതം തീറെഴുതി.ഏകാന്തതയുടെ മൗനതീരങ്ങളിൽ സ്വാന്തനശ്രുതികളോതിക്കൊണ്ട്‌ പൂർവജന്മ പുണ്യം പോലെ വളർത്തുമൃഗങ്ങൾ മാത്രം.ലാഭനഷ്ടപ്പട്ടികയിൽ നഷ്ടം മാത്രം തൂങ്ങുമ്പോൾ പുതു പാഠങ്ങളറിയുന്നു

മണ്ണിൽ നിന്നു വന്നവർ നമ്മൾ
മണ്ണിലേക്കു തന്നെ മടങ്ങേണ്ടവർ
മനസ്സാം പ്രകാശഗോപുരമെന്നും
ഉണർന്നിരിക്കട്ടെ കവിതക്കായ്
ബോധം വെടിയാതിരിപ്പാനായ്
ഈ ചിരാതെന്നും കിനിയട്ടെ വെളിച്ചവും.


മനുഷ്യന്‌ യഥർത്ഥത്തിലൊന്നും നഷ്ടപ്പെടാനില്ലെന്ന തത്വശാസ്ത്രത്തിലേക്ക് കവിത എത്തിചേരുന്നു. കവിതയിൽ മുഴുകുമ്പോൾ കവിയുടെ തിരയടിക്കുന്ന മനസ്സിന്റെ പ്രക്ഷുബ്ദ്ധതകളടങ്ങുന്നു. വെളിച്ചം തരുന്ന ചിരാതാവുന്നു മനസ്സ്‌. ഒരു സമൂഹത്തിന്റെ , ഒരു പ്രസ്ഥാനത്തിന്റെ സൃഷ്ടിയിൽ ത്യാഗോജ്ജ്വലമായ സേവനപ്രവർത്തനത്തിലൂടെ നീങ്ങുകയും അനന്തരം എല്ലാം നഷ്ടപ്പെട്ട വ്യക്തിയുടെ അനുബന്ധചിന്തകളായി മറ്റൊരു തലത്തിൽ വായിക്കാനും ഇന്ദിരാബാലനെന്ന കവിയുടെ കവിതകൾ അവസരമൊരുക്കുന്നു..............
.................!


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...