കണ്ണുകളടര്‍ത്തി രണ്ടു കൈകളിലും വെച്ച്
ഓടിപ്പോകുന്നവരേ
പുരികങ്ങള്‍ വളച്ച് നിങ്ങളെടുക്കുന്ന
വഴിയളവുകളില്‍
മുറുകിയുമയഞ്ഞും തൊടുക്കാവുന്ന
തിളച്ച നോട്ടങ്ങളുണ്ട്.
മരണം പോലെ ലഹരിയുള്ള
ഇടതൂര്‍ന്ന കാടുകളുണ്ട്.
കാട്ടുപച്ചയില്‍ ഒലിച്ചുപോയ മറ്റു നിറങ്ങള്‍
മടുപ്പിക്കുന്ന മണം തുപ്പി
പ്രധാന ജംഗ്ഷനുകളില്‍
ചെറിയ കടകള്‍ തുറന്നിട്ടുണ്ട്.
കടകള്‍ മാത്രമുള്ള വഴി.
കാലുകളെറിഞ്ഞുപിടിക്കുന്ന മടുപ്പില്‍
കണ്ണുകളുടെ ശൂന്യതയില്‍
ഏറ്റവും കടുത്ത നിറത്തില്‍
തിളങ്ങുന്ന സ്റ്റിക്കറൊട്ടിച്ച്,
കൈകളിലുറങ്ങിക്കൊണ്ടിരുന്ന
രണ്ടു കണ്ണുകളെയും തട്ടിക്കളഞ്ഞ്,
നിങ്ങളുടെ പേരിനു നേരെ
പോരായ്മകളുടെ എണ്ണപ്പട്ടിക
തേച്ചെടുക്കുന്ന ശബ്ദം
പറങ്കിമാവുകള്‍ കയറിയിറങ്ങി
ഇപ്പോള്‍
എന്‍റെ വീട്ടുമുറ്റത്തെത്തിയിട്ടുണ്ട്.