മൂസഹാജിന്റെ പുരയിലെ ഇടുങ്ങിയ ഒരു കുണ്ടം മുറി. നീണ്ട നിസ്‌കാരം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു.
നിലത്ത് വെളുത്ത തുണി വിരിച്ചിരിക്കുന്നു. അതില്‍ വെളുത്ത പൊടി സറപറാന്ന് വിതറിയിരിക്കുന്നു. അലവിമൊല്ലാക്ക ഊശാന്‍ താടി ചൊറിഞ്ഞു. മൊല്ലാക്കയുടെ ശിങ്കിടി കുഞ്ഞറമു കത്തിനില്‍ക്കുന്ന ബള്‍ബ് ഓഫാക്കി. ചിമ്മിനി വിളക്ക് കത്തിച്ചു. മൊല്ലാക്ക ഒന്നു മുരണ്ടു. നാക്കാലി അബുവിന്റെ എരുമന്റെ മാതിരി.
ഞങ്ങള്‍ വെളുത്ത മുണ്ടിനു ചുറ്റും നിന്നു. മൊല്ലാക്കയും ശിങ്കിടിയും കൂടാതെ പത്തുപന്ത്രണ്ടാളുകള്‍. കുട്ടികളായി ഞാനും സൂപ്പിക്കുട്ടിയും കുഞ്ഞാലിയും.
ഹ്.. മ്.. ഹൂം..!
മൊല്ലാക്ക താടി ചൊറിഞ്ഞു, ഒന്ന് മൂളി. പിന്നെ കുഞ്ഞറമുവിനെ നോക്കി ഒന്ന് കണ്ണിറുക്കി.
ത്.. ഫ്.. ഫൂം..!
ഒറ്റ ഊത്തിന് കുഞ്ഞറമു വിളക്ക് കെടുത്തി.
കുണ്ടം മുറിയില്‍ ഇരുട്ട് കട്ടക്കുത്തി.
ചറാപറാന്നുള്ള ഒച്ചയില്‍ മൊല്ലാക്ക അലറി.
യാ.. ഗൗസ് മൊഹ്‌യുദ്ദീന്‍..
അബ്ദുല്‍ഖാദര്‍ ജീലാനീ..
യാ ഹാളിര്‍.. യാ ഹാളിര്‍
അബ്ദുല്‍ ഖാദര്‍ ജീലാനീ..
ഞങ്ങളും അലറി.
യാ ഹാളിര്‍.. യാ ഹാളിര്‍
അബ്ദുല്‍ ഖാദര്‍ ജീലാനീ..
കള്ളുകുടിച്ചമാതിരി എല്ലാവരും ആടുന്നുണ്ടായിരുന്നു. മൊല്ലാക്ക വീണ്ടും അലറി. ഞങ്ങളും, ഒച്ചയില്‍ തന്നെ.
അകത്ത് മുട്ടയിടാന്‍ നടക്കുന്ന പിടക്കോഴികളെപ്പോലെ പെണ്ണുങ്ങളുടെ കുറുകലുകള്‍. ചിലര്‍ ഇരുട്ടിലേക്ക് പാളിനോക്കി. വളകളുടെ കിലുക്കം. മൈലാഞ്ചിയുടെ മണം.
മൊല്ലാക്ക ആട്ടവും അലര്‍ച്ചയും നിറുത്തി. കുഞ്ഞറമു ചിമ്മിനി വിളക്ക് കത്തിച്ചു.
എല്ലാവരും വെളുത്ത തുണിയിലേക്ക് നോക്കി. അതില് വിതറിയിരുന്ന പൊടിയില്‍ രണ്ടു കാലടയാളങ്ങള്‍!
മൊയ്ദീന്‍ ശെയ്ക് വന്ന് പോയേ..!
സൂപ്പിക്കുട്ടി ചങ്കുപൊട്ടിയലറി. പിന്നെ കൂത്തക്കം മറിഞ്ഞു. മൊല്ലാക്ക ബീഡിക്കറ പിടിച്ച, തൊള്ളയില്‍ ബാക്കിയുണ്ടായിരുന്ന മൂന്നാല് പല്ലുകള്‍ മുഴുവന്‍ പുറത്തേക്കിട്ട് ചിരിച്ചു. എല്ലാവരുടെ മുഖത്തും സംതൃപ്തി. മൂസഹാജിന്റെ മുഖത്ത് നിധി കിട്ടിയ സന്തോഷം.
എന്താണ് പറഞ്ഞത്.. മൊയ്ദീന്‍ ശെയ്ക് വന്ന്‌പോയീന്നോ.. ന്നിട്ടെവിടെ..?
ഞാന്‍ സൂപ്പിക്കുട്ടിയെ ഒന്നു മാന്തി.
ടാ പൊട്ടാ.. ഇജ്ജാ കാലടയാളം കണ്ട്‌ലേ.. അത് മൊയ്ദീന്‍ ശെയ്ക് വന്ന് പോയ അടയാളാ..
ന്നിട്ടെന്തിനാ വെളക്കൂതീത്.. വെളിച്ചണ്ടായ്‌നെങ്കി ഞമ്മക്കും കാണായ്‌നീംല്ലോ..
കാണായിനീം.. പച്ചെങ്കില് വെളക്കൂതാണ്ടിരിക്കാമ്പറ്റൂല..
അതെന്താ..
ടാ പൊട്ടങ്കുണാപ്പാ.. ശെയ്കവര്‍കള്‍ മരിച്ചിട്ട് കാലെത്രായി.. ഇപ്പോ അവര്‍കള്‍ടെ തുണീം കുപ്പായോംക്കെ ചെതല് തിന്ന കയിഞ്ഞ്ക്കും. പിന്നെങ്ങനാ വെളിച്ചത്തില് വരാ.. അവര്‍കള്‍ടെ ഔറത്ത് കാണാണ്ടിരിക്കാനാ വെളക്കൂതീത്.. മനസ്സിലായോ മരങ്ങോടാ..
പുറത്ത് ചീര്ണി വിതരണം തുടങ്ങിയിരിക്കുന്നു. വട്ടത്തിലുള്ള കുഞ്ഞിബിസ്‌ക്കറ്റ്, തേങ്ങാപ്പൂള്‍, ഹലുവാക്കഷ്ണം- ഒക്കെ കൂട്ടിക്കിഴച്ച് വലിയൊരു ചെമ്പട്ടി നിറച്ചും ഉണ്ടായിരുന്നു. തിക്കിത്തിരക്കി ഓരിവാങ്ങി, ട്രൗസറിന്റെയും കുപ്പായത്തിന്റെയും കീശകളില്‍ നിറച്ചു. ബെഞ്ചിലും സ്റ്റൂളിലുമൊക്കെ പ്രമാണിമാര്‍ വമ്പത്തരം കാട്ടിയിരിക്കുന്നുണ്ട്.
മൊല്ലാക്കയും ശിങ്കിടിയും ഇരിക്കുന്ന ബെഞ്ചിനു ബേക്കിലായി ഒരു തെങ്ങിന്‍മൂട്ടില്‍ പടിഞ്ഞിരുന്നു. നെയ്‌ച്ചോറും പോത്തിറച്ചിയുമുണ്ട്. ചോറ് വെന്തിട്ടില്ല. വെപ്പുകാരന്‍ ഈസുദ്ദീന്‍ വരാന്‍ വൈകിയതാണ്. അരമണിക്കൂറെങ്കിലുമാകും വിളമ്പാന്‍.
തെങ്ങിന്‍മേല്‍ ചാരിയിരുന്ന് കുപ്പായക്കീശയില്‍ നിന്നും ചീര്ണിയെടുത്ത് തിന്നു. നെയ്‌ച്ചോറ് തീറ്റ കഴിഞ്ഞാല്‍ ഹാജിയാരെ വക രണ്ടോ അഞ്ചോ ഉറുപ്യന്റെ പുത്തന്‍ നോട്ട് കിട്ടും. കൊല്ലത്തിലൊരീസം ഹാജ്യാരെ പുരയില്‍ ഇമ്മാതിരി ഒരു കൂടലുണ്ടാവും. അന്ന് പള്ളനെറച്ചും തിന്നാന്‍ കിട്ടും. ചില്ലറപ്പൈസയും കിട്ടും. ആ ഒരു ദിവസം മാത്രം ഹാജ്യാര് മനുഷ്യനാവും.
ആള്‍ അരക്കം തൂറിയാണ്.
പെട്ടെന്നാണ് ഞാന്‍ മൊല്ലാക്കയുടെ കാലു ശ്രദ്ധിച്ചത്. മെലിഞ്ഞുണങ്ങിയ നീണ്ടകാല്, ആയ്ച്ചമ്മാന്റെ കോഴിന്റെ കാലു പോലെ.
കാലിന്റെ മടമ്പ് കൊടും വേനലില്‍ വിണ്ടുകീറിയ പാടം പോലെ. ആ വിള്ളിച്ചകള്‍ക്കിടയില്‍ വെളുത്ത പൊടി കേറിക്കിടക്കുന്നു.!
ശെയ്കവരുടെ കാലടി!
വെളുത്ത തുണിയിലെ വെളുത്ത പൊടിയിലെ കാലടയാളം!
മൊയ്ദീന്‍ ശെയ്ക് വന്ന് പോയേ..
സൂപ്പിക്കുട്ടിയുടെ അലര്‍ച്ച..
എന്താടാ പന്തം കണ്ട പെരുച്ചായിന്റെ മാതിരി കുത്തിരിക്ക്ണ്..
കുഞ്ഞാലി വന്നെന്റെ തലമണ്ടക്കൊരു കുത്ത്.
ഞാന്..!
ഞാനും സൂപ്പിക്കുട്ടീം അന്തമാനാക്കാന്റെ പൊരീക്ക് പോകാ.. ഇന്നവ്‌ടെ മൗലൂദാ.. കോയിബിര്യാണ്യാണോലോ.. ഇവ്‌ടെ നെയ്‌ച്ചോറ് വെളമ്പ്ണീന്റെ മുന്ന് അവ്‌ടെപ്പോയി കൊറച്ച് ബിരേന്‍ തിന്ന് പോരാ.. ന്തേയ്..!
ഇജ്ജ് പോര്ണ്‌ണ്ടെങ്കിപ്പോര്..!
അവര്‍ കാത്തുനില്‍ക്കാതെ മണ്ടി.
മൊല്ലാക്കയുടെ കാലിലേക്ക് ഞാന്‍ ഒന്നൂടെ നോക്കി.
മൊയ്ദീന്‍ ശെയ്ക് വന്ന് പോയേ..
സൂപ്പിക്കുട്ടിയുടെ അലര്‍ച്ച ചെവിയില്‍ നിന്നും മായുന്നില്ല..