എന്റെ അമ്മയും പെങ്ങളും ഭാര്യയും മകളും പെണ്ണുങ്ങളാണ്. [കാമുകിമാരുടെ കൂട്ടത്തില്‍ ആണുങ്ങളും ഉണ്ടായിരുന്നു. അത് വേറെ കേസ്]. അതുകൊണ്ട് എനിക്ക് സ്ത്രീവിരുദ്ധനാകാന്‍ വയ്യ. എന്നിട്ടും ഞാന്‍ സ്ത്രീവിരുദ്ധനായിട്ടുണ്ടെങ്കില്‍ അതെന്റെ കുറ്റമല്ല, ഈ സ്ത്രീവിരുദ്ധ സമൂഹത്തിന്റെ കുഴപ്പമാണ്. കണിക കണികയായി വിഷമൂട്ടി, വിഷകന്യകയെ ഉണ്ടാക്കുന്നതുപോലെ എന്നെയും സ്ത്രീവിരുദ്ധനാക്കിയ സമൂഹം.
അത്തരമൊരു സമൂഹത്തില്‍ ജീവിച്ചതുകൊണ്ടാണ് ഫെമിനിസം എന്നു കേള്‍ക്കും മുമ്പേ ഞാന്‍ ഫെമിനിസത്തെ പരിഹസിക്കുന്ന ഒരു പാട്ട് പഠിക്കാനിടയായത്. എല്ലാ പാഠങ്ങളും അപകടമാണ് - കാരണം, പഠിച്ചതില്‍ നിന്ന്, അറിഞ്ഞതില്‍ നിന്ന്, ഒരു മോചനം - Freedom from the Known - എളുപ്പമല്ല. കുട്ടിക്കാലത്തേ കേട്ടു പഠിച്ച പരിഹാസപ്പാട്ട് ഇതായിരുന്നു: ആണുങ്ങളെപ്പോലെ പിടിച്ചു മുള്ളാന്‍ ഞങ്ങക്കും വേണം സിന്ദാബാ!
പല വിഗ്രഹഭഞ്ജനങ്ങളും അങ്ങനെ തന്നെ. വിഗ്രഹം എന്തെന്നറിയും മുമ്പുള്ള വിഗ്രഹഭഞ്ജനങ്ങള്‍.
ആ പാട്ട് പാടിപ്പതിഞ്ഞതിനും എത്ര കാലം കഴിഞ്ഞാണ് ഫെമിനിസം എന്നു കേട്ടത്. Burn the Bra എന്ന പ്രസ്ഥാനത്തെപ്പറ്റി അറിഞ്ഞത്. ജര്‍മെയ്ന്‍ ഗ്രീര്‍ എന്ന കിടിലന്‍ എഴുത്തുകാരിയെ വായിച്ചത്. [ഓസ്ട്രേലിയക്കാരിയാണ് ഗ്രീര്‍. Female Eunuch [പെണ്‍ഹിജഡ], Mad Woman's Underclothes [പ്രാന്തിച്ചിയുടെ അടിവസ്ത്രങ്ങള്‍] എന്നിവയാണ് ഞാന്‍ വായിച്ച കൃതികള്‍. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഓസ്ട്രേലിയ സൈന്യത്തെ അയച്ചതില്‍ പ്രതിഷേധിച്ച് അന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ഏതോ ഒരു ജോണിനെ ക്ഷണിച്ച് ഗ്രീര്‍ ഇങ്ങനെ എഴുതി: എടാ, ജോണേ, വാടാ, വന്നെന്നെ ഫക്ക് ചെയ്യ്! ഞാന്‍ യോനിയില്‍ ഒരു ബ്ലേഡും വെച്ച് നിന്നെ കാത്തിരിക്കുന്നു!]
ദൈനംദിനം നടന്നുകൊണ്ടിരിക്കുന്ന വര്‍ഗസമരത്തിലും വിപ്ലവത്തിലും പെണ്ണെഴുത്ത്, പരിസ്ഥിതിപ്രേമം, ദളിത് സാഹിത്യം എന്നിങ്ങനെയുള്ള സ്വത്വവാദങ്ങള്‍ വെള്ളം ചേര്‍ക്കയേയുള്ളു എന്നു വിലപിക്കുന്നവര്‍ ശ്രദ്ധിക്കുക - ഇരുതലമൂര്‍ച്ചയുടെ കാര്യത്തില്‍ ബ്ലേഡും ഒരു കായങ്കുളം വാളാണല്ലൊ . ഗ്രീറിന്റെ ചിന്താബ്ലേഡിന്റെ ഒരുതലമൂര്‍ച്ച അവര്‍ അവരുടെ ഫെമിനിസത്തിനു കൊടുത്തെന്ന് വിചാരിച്ചാലും, പിന്നീടൊരാവശ്യം വന്നപ്പോള്‍, ബാര്‍ബര്‍മാര്‍ വെയ്ക്കുന്ന പോലെ പാത്തുവെച്ചിരുന്ന മറ്റേ പകുതിയെടുത്ത് വിയറ്റ്നാമിനു വേണ്ടി അവര്‍ ഉപയോഗിച്ചു. സ്വത്വവാദങ്ങള്‍ക്കും വേണമെങ്കില്‍ പൊളിറ്റിക്കലി കറക്റ്റാവാമെന്നര്‍ത്ഥം.
ആണും പെണ്ണും തമ്മിലുള്ള പ്രധാന വ്യതാസം എന്താണ്? കാല്‍ക്കവലയിലെ വിരുദ്ധങ്ങളെന്ന് തോന്നുമെങ്കിലും പരസ്പരപൂരകങ്ങളായ ട്രാഫിക് സിഗ്നലുകള്‍ തന്നെ. ‘വന്നോട്ടെ?’ എന്ന് ഒരു സിഗ്നല്‍, ‘വരൂ’ എന്ന് മറ്റേ സിഗ്നല്‍. അരയും അരയും ചേര്‍ന്ന് ഒന്നാവുന്ന ബയോളജിക്കല്‍ മാത്തമാറ്റിക്സ്. ഈ വഴികള്‍ രണ്ടും മൂത്രവഴികള്‍ കൂടിയാണെന്ന നാറുന്ന പരമാര്‍ത്ഥവും ഇവിടെ ഓര്‍ക്കാതിരുന്നു കൂടാ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സൂത്രത്തിനും മൂത്രത്തിനും ഒരു പൊതുഗുലുമാല്‍ കൂടിയുണ്ട് - ലൈംഗിക നിറയൊഴിക്കല്‍ പോലെ തന്നെ ബുദ്ധിമുട്ടാണ് മൂത്രനിറയൊഴിക്കലും.
ഹസ്തഭോഗം പോലെ വേണമെങ്കില്‍ മൂത്രവുമൊഴിക്കാം. അതില്‍ കാര്യമില്ല. മാന്യമായി, സ്വകാര്യമായി, വൃത്തിയും വെടിപ്പുമുള്ളിടത്ത് സാവകാശത്തോടെ മൂത്രമൊഴിക്കുന്നത് സുഖം മാത്രമല്ല, അത്യാവശ്യവുമാണ് [തീയറ്ററിലെ സിനിമയ്ക്കിടെ, ഇന്റര്‍വെല്ലിന് മൂത്രിക്കാന്‍ പോയാല്‍, പിന്നില്‍ ക്യൂ വളരുന്നതറിഞ്ഞാല്‍, ഏസിയിലായതിനാല്‍ വിയര്‍ക്കാതെ കിടക്കുന്ന അധികവിസര്‍ജ്യങ്ങള്‍ പോലും, പുരുഷര്‍ക്കും പുറത്തുപോകാന്‍ മടിയ്ക്കും] എന്നാല്‍ മനുഷ്യന്‍ ഇത്ര പുരോഗമിച്ചിട്ടും മൂത്രമൊഴിപ്പു സൌകര്യങ്ങള്‍ പല വന്‍നഗരങ്ങളില്‍പ്പോലും സുലഭമല്ല.
ദുബായില്‍ ഒരു ചങ്ങാതി ഇക്കാര്യത്തിന് കണ്ടുപിടിച്ച പ്രതിവിധി പരീക്ഷിക്കാവുന്നതാണ് - നക്ഷത്രഹോട്ടലുകളിലൊന്നില്‍ കയറി കാര്യസാധ്യം നടത്തുക. പക്ഷേ മാന്യമായ വേഷം ധരിച്ചിരിക്കണം എന്നൊരു നിബന്ധന നക്ഷത്രമൂത്രിക്കലിന് ബാധകമാണ്. നക്ഷത്രഹോട്ടലുകള്‍ സുലഭമല്ലാത്തിടത്തോ? പൊതുഇടങ്ങളില്‍ പലയിടത്തുമുള്ള സൌകര്യമാകട്ടെ അസഹനീയമാം വിധം വൃത്തിഹീനമാണ് - ചെറുകിട പട്ടണങ്ങളിലായാലും ആധുനിക നഗരങ്ങളിലായാലും. ഒരു വിരലിന്റെ മറയുണ്ടെങ്കില്‍ കാര്യം സാധിക്കുന്നിടത്തോളം ആത്മവിശ്വാസികളാണ് തേറ്റയും കുളമ്പുമുള്ള ആണ്‍പന്നികള്‍. എന്നാല്‍ കൈ കൊണ്ട് പിടിച്ച് ദിശ നോക്കി മുള്ളാനുള്ള സുന ഇല്ലാത്ത പാവം പെണ്ണുങ്ങളുടെ കാര്യമോ?
കുന്തിച്ചിരിക്കേണ്ട ഇന്ത്യന്‍ ടോയ് ലറ്റുകള്‍ ഇല്ലാതാവുകയും പകരം സൌകര്യപ്രദമായ യൂറോപ്യന്‍ ടോയ് ലറ്റുകള്‍ വ്യാപകമാവുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ കാര്യങ്ങളെ കൂടുതല്‍ കഷ്ടതരമാക്കിയിരിക്കുന്നു. വൃത്തിയില്ലാത്ത ടോയ് ലറ്റ് സീറ്റില്‍ തുടയും ചന്തിയും സ്പര്‍ശിക്കുന്ന ടെറര്‍ സഹിക്കാന്‍ വയ്യാത്തതിനാല്‍, മൂത്രം പിടിച്ചു വെച്ച് നമ്മുടെ അമ്മപ്പെങ്ങന്മാര്‍ വല്ല അസുഖവും വരുത്തിവെയ്ക്കുമോ എന്ന് വിചാരിക്കുന്നതില്‍ തെറ്റുണ്ടോ? അങ്ങനെ വിചാരിച്ചിരിക്കെ ഒരു ദിവസം നെറ്റില്‍ കണ്ട ഒരു ചിത്രമാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ കണ്ടത്.
Homme എന്ന തലക്കെട്ടോടെ, ആണുങ്ങള്‍ക്കുള്ള ഏതോ ബ്രാന്‍ഡിന്റെ ഫ്രഞ്ച് പരസ്യത്തിന്റെ വിഷ്വലായാണ് നയോമി കാമ്പെല്ലിനേപ്പോലൊരു നത്തോലിപ്പെണ്ണ് തിരിഞ്ഞു ‘നിന്ന്’ മുള്ളുന്ന ആ ചിത്രം കണ്ടത് [homme എന്നാല്‍ ഫ്രഞ്ച് ഭാഷയില്‍ man എന്നര്‍ത്ഥം]. ആ ചിത്രം കണ്ടപ്പോള്‍ ഞാനാ പഴയ പരിഹാസപ്പാട്ട് വീണ്ടുമോര്‍ത്തു. ആ തമാശ അങ്ങനെ ചിരിച്ചു മറന്നു.[Unnatural reading habits can cause multiple problems എന്നാണ് ആ പരസ്യത്തിലെ ഫ്രഞ്ച് വാചകത്തിന്റെ പരിഭാഷ എന്ന് അനൂപ് പ്രതാപ്]
അങ്ങനെയിരിക്കെയാണ് ഈയിടെ മറ്റൊരു വെബ് സൈറ്റില്‍ ചെന്നു മുട്ടിയത് - പെണ്ണുങ്ങളെ നിന്നു മുള്ളാന്‍ സഹായിക്കുന്ന ലളിതമായ ഒരു കുന്ത്രാണ്ടം ഉണ്ടാക്കുന്ന ഒരമേരിക്കന്‍ കമ്പനിയുടെ വെബ്സൈറ്റ്. ബ്ലോഗ് എന്നാല്‍ വെബ് ലോഗ് എന്നതിന്റെ ചുരുക്കമാണെന്നാണല്ലൊ വെപ്പ്. അതായത് വെബ്ബന്നൂരില്‍ നമ്മള്‍ കറങ്ങിയ കറക്കങ്ങളുടെ നാള്‍വഴിപ്പുസ്തകം. എങ്കില്‍ ആ കമ്പനിയുടെ വെബ്സൈറ്റ് ഇവിടെ ലിങ്കാതെങ്ങനെ?
പയറുകറി ഉണ്ടാക്കാന്‍ പുതിയൊരു വഴി കണ്ടുപിടിക്കാനായില്ലെങ്കില്‍ നിങ്ങടെ ബുദ്ധിശക്തികൊണ്ടെന്തു കാര്യം എന്നു ചോദിക്കുന്നത് മാര്‍കേസിന്റെ ഒരു കഥാപാത്രമാണ് [ഏകാന്തയുടെ നൂറു വര്‍ഷത്തില്‍]. എന്റെ ഒരു ഫേവറിറ്റ് ക്വോട്ട്. അതുപോലൊരു ചെറിയ വലിയ കാര്യമായാണ് ലളിതമായ ഈ പ്രതിവിധിയെ ഞാന്‍ കാണുന്നത്. വാഷിംഗ് മെഷീന്റെ കണ്ടുപിടുത്തം ഫെമിനിസത്തിന്റെ ഉത്സവങ്ങളിലൊന്നായി ആഘോഷിക്കുന്ന, ഫെമിനിസ്റ്റാണെന്നു സ്വയം കരുതുന്ന, ചില മിഡ് ല്‍ ക്ലാസ് സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര്‍ യഥാര്‍ത്ഥത്തില്‍ ഫെമിനിസ്റ്റുകളാണോ? അധ്വാനഭാരം ലഘൂകരിച്ചെങ്കിലും അലക്ക് എന്നും സ്ത്രീയുടെ പുറത്ത് എന്നല്ലേ അവര്‍ സമ്മതം തുടരുന്നത്?
അതല്ല ഈ നിന്നുമുള്ളല്‍ സഹായിയുടെ കാര്യം. കാലുകളില്‍ എഴുന്നേറ്റു നിന്നപ്പോള്‍ കൈകള്‍ സ്വതന്ത്രമായതാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യാസപ്പെടുത്തിയ പ്രധാന വിപ്ലവം. [രാവിലെ ഉണര്‍ന്നയുടന്‍ സ്വന്തം കൈകള്‍ തന്നെ കണികാണുന്ന ആചാരത്തിന്റെയും ചുള്ളിക്കാടിന്റെ ‘മനുഷ്യന്റെ കൈകള്‍’ എന്നാരംഭിക്കുന്ന ഗംഭീരകവിതയുടെയും ബേസ് ഇതു തന്നെ]. ‘അങ്ങനെ ഇനി ഞങ്ങളെ ഇരുത്താന്‍ നോക്കണ്ട എന്ന് പെണ്ണുങ്ങള്‍ക്ക് പറഞ്ഞു തുടങ്ങാം. ഫെമിനിസത്തെ പരിഹസിക്കാന്‍ ഇനി പുതിയ വല്ല പാട്ടും ഉണ്ടാക്കണമല്ലോ ഞാന്‍.