നീണ്ട കാലങ്ങള്‍ക്കു ശേഷം ഞാനിന്നലെ
വീണ്ടുമവനെ കണ്ടു.
അതേ മുഖം,വകഞ്ഞുമാറ്റിയ മുടി,
പുഞ്ചിരി ഒളിപ്പിക്കുന്ന ചുണ്ടുകള്‍,
തീക്ഷ്ണമായ കണ്ണുകള്‍.
അവന്‍ എന്റെ അടുക്കല്‍
എന്നെ ചേര്‍ന്നിരിക്കയായിരുന്നു.
എന്റെ കണ്ണുകള്‍ അകാരണമായി
ഭയത്തിന്റെ ആവരണം പുതയ്ക്കാന്‍
തുടങ്ങിയപ്പോള്‍;
കണ്ണുനീര്‍ അടര്‍ന്നു വീഴാന്‍
ശ്രമിച്ചപ്പോള്‍,
ഞാന്‍ കണ്ണടച്ചു.
എന്റെ കണ്ണുകള്‍ക്കു മീതെ,
നിശ്വാസത്തിന്റെ തണുപ്പ്!
നെറ്റിയില്‍ ചുണ്ടിന്റെ മരവിപ്പ്!
ഞെട്ടിയെങ്കിലും ഞാന്‍ കണ്ണുതുറന്നില്ല.
എന്തേ,ഇത്രയും തണുപ്പ്?
അവന്റെ സ്നേഹത്തിന്റെ ചൂട് എവിടെ?
ഞാന്‍ അതിശയിച്ചു.
മൂടല്‍ മഞ്ഞിന്റെ രാത്രിയില്‍ നീഒരിക്കലും
തണുക്കാറില്ലല്ലോ?
സംസാരിക്കാനാവാതെ ഞാനിരുന്നു!
മറുപടിപറയാനാവാതെ അവനും!
ഒന്നു തൊടാന്‍ ഞാന്‍ കൈകള്‍ നീട്ടി.
പക്ഷേ,
അവന് ശരീരവുമില്ലായിരുന്നു.