13 Sept 2011

കോടീശ്വരൻ




റീജ പനക്കാട്‌


 പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ പുറത്തേക്ക്‌ നോക്കി നിൽക്കുകയായിരുന്നു ഞാൻ. ഒരു മോടിയാർന്ന കാർ എന്റെ മുന്നിലായി വന്നു നിന്നു. കാർ എന്നും എന്റെ ദൗർബല്യമാണ്‌. അതുകൊണ്ട്‌ തന്നെ കാറുകളിൽ വരുന്ന ആളുകളെ വീക്ഷിക്കുവാൻ പ്രത്യേക താത്പര്യം തോന്നിയിരുന്നു. കാറുകളിൽ വന്നിറങ്ങുന്നവരുടെ ഭംഗിയാർന്ന ആടയുടയാടകൾ. . . . നടപ്പ്‌.. . . .  ഭാവാഹാവാദികൾ അങ്ങനെ എല്ലാം കൗതുകം ജനിപ്പിച്ചിരുന്നു.
 പക്ഷേ, പതിവിൽ നിന്ന്‌ വിപരീതമായി അന്നവിടെ വന്നു നിന്ന വില പിടിപ്പുള്ള അ വെളുത്ത കാറിൽ  നിന്ന്‌ ആദ്യം പുറത്തുവന്നത്‌ ഒരു കറുത്ത ?കാലാണ്‌?. പലവട്ടം തുന്നി പഴകിയ, ചെരുപ്പുകുത്തികൾ പോലും കയ്യിലെടുക്കാൻ അറപ്പു കാട്ടുന്ന ചെരിപ്പുകൾ അണിഞ്ഞ മെലിഞ്ഞുണങ്ങിയ കറുത്തകാല്‌.......................!
 എനിക്ക്‌ ചിരിവന്നു. അടുത്തുണ്ടായിരുന്ന പരിചയക്കാരൻ ശാസിച്ചുകൊണ്ട്‌ പിറുപിറുത്തു... ?കോടീശ്വരനായിരുന്ന ആളാണ്‌ .....!?
 കടലിലെ തിരയടങ്ങിയ പോലെ പെട്ടെന്ന്‌ എന്റെ ചുണ്ടിലെ ചിരിമാഞ്ഞു.
 ആകാംക്ഷ അപ്പോഴും ബലൂൺ കണക്കെ വീർത്തു.. . . എനിക്കൊന്നും മനസിലായില്ല. തുളവീണ്‌, നരച്ച കാലൻ കുട കാർമേഘം മൂടിയ ആകാശത്തേക്കയാൾ തുറന്നു പിടിച്ചു. ധാരാളം പകൽ നക്ഷത്രങ്ങൾ അതിലൂടെ ഭൂമിയിലേക്കിറങ്ങി വന്നു. അലക്കിയലക്കി മഞ്ഞനിറം ബാധിച്ച പഴയൊരു മുണ്ടും ഷർട്ടുമായിരുന്നു അയാളുടെ വേഷം. കുറച്ചു മുമ്പ്‌ ഏട്ടൻ ഒരു കൈമാറ്റക്കരാർ ഉണ്ടാക്കികൊടുക്കണമെന്ന്‌ ടെലിഫോണിൽ വിളിച്ചു പറഞ്ഞ ആ കോടീശ്വരൻ ഒരു വേള ഇയാളായിരിക്കുമോ?
 മലയോര മേഖലയിൽ ഭാഗ്യദേവത കടാക്ഷിച്ച വാർത്ത പത്രത്താളുകളിൽ നിറഞ്ഞു നിന്നത്‌ ഈയിടെയാണ്‌.
 ആ രൂപം എന്റെ കണ്ണിൽ നിറയുന്തോറും എന്റെ വിചാരങ്ങളിൽ ക്ലാവു പിടിക്കാൻ തുടങ്ങി.
എല്ലു മുറിയെ പണിയെടുത്ത്‌ ജീവിതം പച്ചപിടിപ്പിക്കാൻ പാടു പെടുന്ന ഒരു പാവം തൊഴിലാളി...! രാപ്പകൾ വിയർപ്പൊഴുക്കി സർവ്വോപരി മണ്ണിനെ മനസ്സിലേക്കാവാഹിച്ച ഒരു മലയോര കർഷകൻ. . . സ്വന്തം മക്കളെക്കാൾ ഉപരി  സ്നേഹിച്ച ഒരു തുണ്ട്‌ ഭൂമിയും കൊച്ചുകൂരയും പ്രകൃതിയുടെ വിളയാട്ടത്തിൽ ഒരു നാൾ കടപുഴകി യെറിയപ്പെട്ടപ്പോൾ സ്ഥലകാലം മറന്ന്‌ പൊട്ടിക്കരഞ്ഞുപോയിട്ടുണ്ടാകുമിയാൾ.. . ആ കണ്ണീരു കണ്ട്‌ മനസ്സലിഞ്ഞ ഏതോ അദൃശ്യ ശക്തിയുടെ സന്മനസ്സ്‌. . . . ഒരൊറ്റദിനം കൊണ്ടയാൾ കോടിപതിയായിരിക്കുന്നു.  ഒരു ബമ്പർ ലോട്ടറിയിലൂടെ. . . .!
 പണത്തിന്റെ മഞ്ഞളിപ്പിൽ സ്വന്തം ഭാര്യയും മക്കളും വരെ തള്ളിപ്പറഞ്ഞപ്പോൾ തനിക്കു സ്വന്തമായിട്ടുള്ളത്‌ ഒരു പിടി മണ്ണുമാത്രമാണെന്ന്‌ അയാൾ അകമഴിഞ്ഞു വിശ്വസിച്ചു. ആ മണ്ണിനെ തിരിച്ചു പിടിക്കാനായി അയാളിന്നും  രാപ്പകൽ എല്ലുമുറിയെ പണി എടുക്കുന്നു.
 ചെറ്റക്കുടിൽ കൊട്ടാരമായത്‌ അയാൾ അറിഞ്ഞില്ല. തനിക്കു ചുറ്റും നടമാടുന്ന മാറ്റങ്ങളെക്കുറിച്ചും അയാൾ തികച്ചും അജ്ഞനായിരുന്നു.  . .  സ്വന്തക്കാർ തള്ളിപ്പറഞ്ഞു. . . . പണത്തിന്റെ ധവളിമയിൽ അടുത്തു കൂടിയ ബന്ധുമിത്രാദികൾ കിട്ടാവുന്നതൊക്കെ വെട്ടിപ്പിടിച്ച്‌ പരസ്പരം തല്ലിപ്പിരിഞ്ഞു. ബാക്കിയായ സ്വത്തിലെ അവസാനത്തെ തരിയായിരുന്നു വിറ്റുതുലച്ച വിലകൂടിയ ആ കാർ....!
 അതിനായിട്ടായിരുന്നു ജരാനര ബാധിച്ച അയാളിന്നലെ ടൗണിൽ വന്നത്‌.
 ആ കാർ കൂടി കൈവിട്ടു പോയപ്പോൾ ഉണങ്ങിയ ഒരു പാഴ്മരം കണക്കെയാണയാൾ നടുറോഡിൽ നിസ്സഹായനായി നിന്നത്‌. ഒരു കയ്യിൽ ബാറുപൊട്ടിയ ചെരിപ്പും മറു കയ്യിൽ തുറന്നു പിടിക്കാൻ മറന്ന കാലൻ കുടയുമായിട്ട്‌. അയാൾക്കപ്പോൾ ശരിക്കുമൊരു കോമാളിയുടെ ലുക്കായിരുന്നു.! പിന്നീട്‌ ഒരു മഴച്ചിത്രം പോലെ മറവിയുടെ മൂടാപ്പിലേക്ക്‌ മെല്ലെ മാഞ്ഞു പോവുകയായിരുന്നു...
ചരൽ വാരിയെറിയുന്നതുപോലെ വന്ന മറ്റൊരു പെരുമഴയുടെ മുഴക്കത്തിനിടയിൽ ആരോ വിളിച്ചു പറയുന്നതു കേട്ടു.
 'പ്‌രാ... . .ന്ത... ൻ, പമ്പ. . . ര വിഡ്ഢി'
'അല്ല, ഭ്രാന്തനൊന്നുമല്ല. അയാൾ ഒരു കോടീശ്വരൻ. . . .  മണ്ണിന്റെ മണമുള്ള നന്മനിറഞ്ഞവൻ. . . സ്വയം ജീവിക്കാൻ മറന്നു പോയവൻ. . .  മണ്ണിൽ നിന്നും വന്ന്‌ മണ്ണിലേക്ക്‌ തിരിച്ചു പോയവൻ. . .  !? ഞാൻ അറിയാതെ പറഞ്ഞു പോയി. .
എന്തെന്നറിയില്ല. . .  കലുഷമായ എന്റെ വിചാരങ്ങളിൽ ഒരു പേമാരി തകർത്തു പെയ്യാൻ തുടങ്ങിയിരുന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...