13 Sept 2011

ഡോറത്തി എന്ന സുന്ദരി/ബോദ്‌ലേർ




വി.രവികുമാർ


നഗരത്തിനു മേൽ കൊടുംവെയിൽ കൊട്ടിച്ചൊരിയുകയാണ്‌ സൂര്യൻ; പൂഴിമണ്ണിൽ കണ്ണു പുളി യ്ക്കുന്നു; കണ്ണാടി കണക്കെ വെട്ടിത്തിളങ്ങുന്ന കടൽ. ബോധം മന്ദിച്ച ലോകം  ഭീരുവിനെപ്പോലെ കുഴഞ്ഞുവീഴുകയും  ഉച്ചമയക്കത്തിലാഴുകയും ചെയ്യുന്നു. ഈ മയക്കം ഹൃദ്യമായൊരു മരണമാണ്‌: ഉറങ്ങുന്നയാൾ പാതിബോധത്തിൽ സ്വന്തം ഉന്മൂലനം ആസ്വദിക്കുന്നു.

ഈ നേരത്താണ്‌ ഡോറത്തി, സൂര്യനെപ്പോലെ ബലത്തവൾ, അത്രയ്ക്കഭിമാനിയും, ജനം വെടി ഞ്ഞ തെരുവിലൂടെ നടക്കാനിറങ്ങിയിരിക്കുന്നത്‌; വിപുലമായ നീലാകാശത്തിനു ചുവട്ടിൽ ഇവളൊ രാൾക്കേ അനക്കമുള്ളു; ആ വെളിച്ചത്തിൽ തെളിഞ്ഞുവീഴുന്ന കറുത്ത നിഴലാണവൾ.
അത്രയ്ക്കു കനത്ത അരക്കെട്ടിനു മേൽ അത്രയ്ക്കു കൃശമായ ഉടലുലച്ച്‌ അവൾ നടക്കുന്നു. ദേഹ ത്തൊട്ടിക്കിടക്കുന്ന പാടലവർണ്ണമായ പട്ടുടുപ്പാകട്ടെ, അവളുടെ ഇരുണ്ടനിറവുമായി ഇടയുന്നു, വിസ്തൃതമായ ജഘനത്തിന്റെ,ഒടിഞ്ഞ ചുമലിന്റെ,കൂർത്ത മുലകളുടെ വടിവുകളെ കൃത്യമായി പക ർത്തുന്നു.
കൈയിലെടുത്ത ചെമ്പട്ടുകുട അവളുടെ ഇരുണ്ട മുഖത്ത്‌ സിന്ദൂരം പൂശുന്നു.
നീണ്ടിടതൂർന്ന്‌, നീലനിറം തന്നെയായ മുടിക്കെട്ടിന്റെ ഭാരത്താൽ പിന്നിലേക്കമർന്ന ശിരസ്സിന്‌ പ്രതാപത്തിന്റെയും ആലസ്യത്തിന്റെയും ഭാവങ്ങൾ. കനം തൂങ്ങിയ കർണ്ണാഭരണങ്ങൾ ഭംഗിയുള്ള ആ കാതുകളിൽ രഹസ്യങ്ങൾ മന്ത്രിക്കുന്നുണ്ട്‌.

ഇടയ്ക്കിടെ കടൽക്കാറ്റു വീശുമ്പോൾ പാവാടത്തുമ്പുയർന്ന്‌ മിനുസമുള്ള, പ്രൗഢിയുറ്റ കാലുകൾ വെളിവാകുന്നു. യൂറോപ്പ്‌ അതിന്റെ കാഴ്ചബംഗ്ലാവുകളിൽ അടച്ചുപൂട്ടിയിട്ടിരിക്കുന്ന വെണ്ണക്കൽദേ വിമാരുടെ പാദങ്ങൾക്കു കിടനിൽക്കുന്ന അവളുടെ പാദങ്ങൾ പുതയുന്ന പൂഴിയിൽ അവയുടെ വടി വുകൾ അതേപടി വീഴ്ത്തുന്നു. ആരെയും മോഹിപ്പിക്കുന്നവളാണീ ഡോറത്തി; അതിനാൽത്തന്നെ വിടുതൽ കിട്ടിയ ഒരടിമയുടെ ആത്മാഭിമാനത്തേക്കാൾ അന്യർക്കാരാധനാവസ്തുവാകുന്നതിലെ ആനന്ദമാണ്‌ അവൾക്കു കാമ്യം; സ്വതന്ത്രയാണു താനെങ്കിൽക്കൂടി അവൾ ചെരുപ്പുപയോഗിക്കു ന്നില്ല.

അങ്ങനെ, ജീവിച്ചിരിക്കുന്നതിന്റെ ആഹ്ലാദത്തോടെ, വെളുത്ത മന്ദഃസ്മിതവും തൂകി താളത്തിൽ നടന്നുപോവുകയാണവൾ. തന്റെ നടയും തന്റെ സൗന്ദര്യവും അകലെയേതോ കണ്ണാടിയിൽ പ്രതിഫലിക്കുന്നതായി അവൾ കാണുന്നുണ്ടോ കൊല്ലുന്ന സൂര്യനു ചുവട്ടിൽ, നായ്ക്കൾ പോലും ചൂടു താങ്ങാനാവാതെ മോങ്ങുന്ന ഈ നേരത്ത്‌, വേങ്കലപ്രതിമ പോലെ സുന്ദരിയായവൾ, അതേപോലെ തണുത്തവൾ, അലസയായ ഈ ഡോറത്തി എന്തു കാര്യസാധ്യത്തിനാണിറങ്ങിനടക്കുന്നത്‌.
പൂക്കളും പായകളും കൊണ്ട്‌  അത്രയും കുറഞ്ഞ ചിലവിൽ  ഒരന്തഃപുരം പോലെ അലങ്കരിച്ച തന്റെ കുടിൽ വിട്ട്‌ എവിടെയ്ക്കാണവൾ പോകുന്നത്‌? മുടി കോതിയും ഹുക്ക വലിച്ചും വിശറിയുടെ കാറ്റു കൊണ്ടും തൂവൽച്ചാമരങ്ങൾ അരികു പിടിപ്പിച്ച കണ്ണാടിയിൽ സ്വയം ചന്തം നോക്കിയും സുഖിച്ചുക ഴിഞ്ഞതാണല്ലോ അവളവിടെ. ഒരു നൂറു ചുവടു മാത്രമകലെ അലയലയ്ക്കുന്ന കടൽ അതിന്റെ ബലിഷ്ടവും ഏകതാനവുമായ ഗാനാലാപനം കൊണ്ട്‌ അവളുടെ ദിവാസ്വപ്നങ്ങൾക്ക്‌ അകമ്പടി നൽകിയിരുന്നു; പിന്നാമ്പുറത്ത്‌ ഒരിരുമ്പുചട്ടിയിൽ അരിയും ഞണ്ടും കുങ്കുമവും കലർന്നു വേവുന്ന തിന്റെ കൊതിയൂറുന്ന ഗന്ധം അവളെത്തേടിയെത്തിയിരുന്നതുമാണ്‌.


ഇനിയൊരുപക്ഷേ ചെറുപ്പക്കാരനായ ഏതോ പട്ടാളക്കാരനുമായി സന്ധിക്കാൻ പോവുകയാവാം അവൾ: ഡോറത്തി എന്ന വമ്പത്തിയെക്കുറിച്ച്‌ തന്റെ ചങ്ങാതിമാർ സംസാരിക്കുന്നത്‌ ദൂരെയേതോ തുറമുഖത്തു വച്ച്‌ അയാളുടെ കാതിൽ പെട്ടിട്ടുണ്ടായിരിക്കണം. പാരീസിലെ നൃത്തശാലകളെക്കുറിച്ചു വിവരിക്കാൻ ഈ ശുദ്ധഗതിക്കാരി അയാളോടു യാചിക്കുമെന്നതു തീർച്ച; ഞായറാഴ്ചകളിൽ കിഴവി കളായ കാപ്പിരിപ്പെണ്ണുങ്ങൾ പോലും കുടിച്ചുമദിക്കുന്ന ഈ നാട്ടിലേപ്പോലെ അവിടെയും ചെരുപ്പി ടാതെ കയറിച്ചെല്ലാമോയെന്ന്‌ അവൾ ആരായാം; പാരീസിലെ പെണ്ണുങ്ങൾ തന്നെപ്പോലെ സുന്ദരി കളാണോയെന്നും അവൾക്കറിയേണ്ടതുണ്ട്‌.


ഏവരുടെയും പൂജാവിഗ്രഹവും കളിപ്പാവയുമാണ്‌ ഡോറത്തി; പക്ഷേ തന്റെ കൊച്ചനിയത്തിയുടെ സ്വാതന്ത്ര്യം വിലയ്ക്കുവാങ്ങാനുള്ള പണം കണ്ടെത്താനായി ഓരോ ചെമ്പുതുട്ടും പിടിച്ചുവയ്ക്കേണ്ട തില്ലായിരുന്നെങ്കിൽ ഇതിലുമെത്രയോ സന്തോഷവതിയായേനേ അവൾ; പതിനൊന്നു വയസ്സേ ആയിട്ടുള്ളുവേങ്കിൽക്കൂടി വളർച്ചയെത്തിയ ഒരു സുന്ദരിയായിരിക്കുന്നു ആ കുട്ടി. തന്റെ ഉദ്യമത്തിൽ വിജയം കാണുകതന്നെ ചെയ്യും നമ്മുടെ ഡോറത്തി; കുട്ടിയുടെ യജമാനനാകട്ടെ, പണത്തിന്റെ സൗന്ദര്യമല്ലാതെ മറ്റൊരു സൗന്ദര്യവും കണ്ണിൽപ്പെടാത്ത ഒരു പിശുക്കനുമാണ്‌!


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...