13 Sept 2011

വായന






എ. എസ്‌. ഹരിദാസ്‌ 

കഴിഞ്ഞ ലക്കം മലയാളസമീക്ഷയിൽ വന്ന രചനകളെ വിലയിരുത്തുന്നു

വന്ദ്യവയോധികനായ സുകുമാർ അഴീക്കോടിനു വിയോജനക്കുറിപ്പെഴുതാൻ ആരുമല്ല ഈയുള്ളവൻ. എങ്കിലും കുറിപ്പിന്റെ തലക്കെട്ടു കണ്ടപ്പോൾ കരച്ചിൽ വന്നു. 'മനുഷ്യൻ, ഹാ എത്ര മഹത്തായ പദം' എന്നു കേട്ടു വളർന്ന നമുക്കിതു കാണുമ്പോൾ അമ്പരപ്പ് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മനുഷ്യസമൂഹത്തിന്റെ പ്രതിനിധികളായ ഭരണ വർഗ്ഗത്തേയും മറ്റു 'മുൻനിര'ക്കാരായവരേയും കുറിച്ചാവും ശ്രീ. അഴീക്കോടു പറഞ്ഞതെന്നു സമാധാനിക്കാം. മനുഷ്യനിൽ വിശ്വസിക്കാതെ നാമെങ്ങോട്ടു പോവാൻ?

ഡോ. മൻമോഹൻസിങ്ങ്‌ 1991-ൽ പ്രഖ്യാപിച്ച 'നൂതന സമ്പദ് വ്യവസ്ഥ' (Neo-Economic Policy) ഇന്ത്യയെ എവിടെയെത്തിച്ചുവെന്ന പച്ചപ്പരമാർത്ഥം മറയ്ക്കുന്നതെന്തിന്‌? ഭരണക്കൂടം ഒന്നടങ്കം അഴിമതിയുടെ ചളിക്കുണ്ടിൽ വീഴുന്നത്‌ കേവലം യാദൃച്ഛികമല്ല. മുതലാളിത്തവൽക്കരണത്തിന്റെ സ്വാഭാവികമായ ദുരന്തമാണത്‌. ഇതുകൂടി ശ്രീ. പി. സുജാതൻ 'ഭാവനാശാലികളുടെ ഭാവി ഭാരത'ത്തിൽ പരിഗണിക്കാത്തതെന്ത്‌?

കാലങ്ങളെ താരതമ്യം ചെയ്യുമ്പോൾ അവ പ്രതിനിധീകരിക്കുന്ന ജീവിത വ്യവസ്ഥകളുടെ വ്യതിയാനം പരിഗണിക്കപ്പെടാതെ പോവരുത്ത്‌, ടീയെൻ ജോയ്‌. (രാഷ്ട്രീയ സൗഹൃദം: മിഥ്യയും യഥാർത്ഥ്യവും). രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രഖ്യാപിതലക്ഷ്യം സമൂഹത്തിന്റെ നിലനിൽപ്പും വളർച്ചയും നന്മയുമാണ്‌. ലെനിൻ വിപ്ലവനേതൃത്വം നൽകിയത്‌ ദരിദ്രസമൂഹത്തിന്റെ ദരിതജീവിതത്തിൽനിന്നുള്ള മോചനത്തിനാണ്‌. പക്ഷേ, നമ്മുടെ ചർച്ചകൾ, ലോകം ആര്‌ 'കീഴടക്കി'യിരിക്കുന്നുവെന്ന  വിഷയത്തെ ചുറ്റിപ്പറ്റിയാവുന്നു. ശാസ്ത്രീയ സോഷ്യലിസ്റ്റ്‌ ആശയത്തിന്റെ ആവിർഭാവത്തിനുശേഷമുള്ള ഒന്നര നൂറ്റാണ്ടുകൊണ്ട്‌ സമൂഹത്തിലെ ദരിദ്രരുടെ എണ്ണം പരിമിതപ്പെടുത്താൻ കഴിഞ്ഞതിന്റെ ചിരിത്രം തിരയണം. ജനാധിപത്യത്തിന്റെ ശക്തി വർദ്ധിച്ചതിന്റെ കാരണങ്ങളിലേയ്ക്ക്‌ അന്വേഷിക്കണം. നമ്മുടെ കാലഹരണപ്പെട്ടതും സാമ്പ്രദായികവുമായ രാഷ്ട്രീയ ചർച്ചകളുടെ വിരസതയിൽനിന്നുള്ള മോചനത്തിന്‌ അത്‌ സഹായിക്കും.


ശ്രീ ശ്രീ രവിശങ്കറിന്റെ വാക്കുകളെ എസ്‌. സുജാതൻ മലയാളികൾക്കു പരിചയപ്പെടുത്തിയതു നന്നായി. വാക്കുകൾക്കപ്പുറമുള്ള ലോകത്തെയും. ചുരുങ്ങിയത്‌ തന്റെ ചുറ്റുപാടുകളെയെങ്കിലും തിരിച്ചറിയാൻ അതു സഹായിക്കും. പക്ഷേ, ഇത്‌ ഒരു തത്വചിന്താപരമായ നിർദ്ദേശം  എന്ന നിലയിൽ കാണണം. വാക്കുകൾക്ക്‌ പൂർണ്ണ ജീവിതത്തെ നിർവ്വഹിക്കാനുള്ള ശേഷിയില്ലെന്നു തിരിച്ചറിയുന്നതുപോലെ. ചില പദങ്ങളെടുത്തു നിർവ്വഹിക്കുന്നതിനും ശേഷിക്കുറവുണ്ട്‌. പ്രത്യയശാസ്ത്രങ്ങൾ ചില നിർദ്ദേശങ്ങൾ മാത്രമാണെന്നു മനസ്സിലാക്കിയാലേ അറിവിനപ്പുറമുള്ള 'തിരിച്ചറിവിൽ' നാം എത്തിച്ചേരുന്നുള്ളൂ.

കേരളത്തിലെ 'പക്ഷ'ങ്ങൾക്കുള്ള മുഖ്യമായ ദൗർബ്ബല്യം അവയെ തീവ്രമാക്കുന്നുവെന്നതാണ്‌ (ശ്രീ ദിനേശൻ കപ്രശ്ശേരി). ഇതൊക്കെയും പ്രത്യയശാസ്ത്രങ്ങളുടെ കാര്യത്തിലെന്നപോലെ, നിർദ്ദേശങ്ങളായേ കാണാവൂ. അല്ലാത്തപക്ഷം ജനങ്ങൾ ഏതെങ്കിലും പക്ഷത്തിന്റെ പ്രചാരകന്മാരാകുന്നതും, അതിനുള്ള കടുംപിടുത്തം തുടരുന്നതും കാണേണ്ടിവരും. ഇത്‌ അപകടകരവുമാണ്‌!

കവിതകൾ സ്വാസ്ഥ്യം പകരുന്ന അനുഭവങ്ങൾ:
ജീവിതത്തിലെ ചൊറിയൊരനുഭവ ചെറുകഥയ്ക്കു പ്രമേയമാവും. അതേ അനുഭവം കവിതയെ ഉണർത്തി വിടുന്നുവേങ്കിൽ, ജീവിതത്തിന്റെ തത്വശാസ്ത്രം കരുപ്പിടിപ്പിക്കാനുള്ള സാധ്യതയായി അതു മാറുന്നു. 'വീണപൂവവിലൂടെ കുമാരനാശാൻ ദ്യോതിപ്പിച്ചതു, സമഗ്രമായ ഒരു ദർശനത്തെയാണ്‌. അതുപോലെ, 'മലയാള സമീക്ഷ'യിലെ കവിതകൾ ഒന്നടങ്കം, അനുഭവങ്ങളോടു നിലപാടു കൈക്കൊള്ളാനുള്ള  ആശയങ്ങളിലേയ്ക്ക്‌ നമ്മെ കൈപിടിച്ചുയർത്താൻ ഉതകുന്നവയായി കാണുന്നു. മലയാള കവിതയുടെ ഭാവിയിൽ ആശങ്ക വേണ്ടെന്നു തന്നെയാണ്‌ അവയുടെ സന്ദേശം!
നേരിട്ടുള്ള സാമൂഹ്യവിമർശനം എഴുത്തുകാർ ഉപേക്ഷിച്ചിട്ടില്ലെന്നു വിളിച്ചോതുന്നു, ശ്രീ. ചെമ്മനം ചാക്കോയുടെ കവിത.


'നാളെയുടെ പാട്ടു ഞാൻ പാടിയില്ലേ തരൂ
 നാണയമിതാണെന്റെ സ്വാതന്ത്ര്യഗായകൻ..'
എന്ന ശ്രീ. അയ്യപ്പപ്പണിക്കരുടെ കവിതാശകലം കാതിൽ മുളങ്ങുന്ന കാലത്ത്‌ ശ്രീ പത്മനാഭനെ ചുറ്റിപറ്റിയുള്ള നിധിവേട്ടക്കാർ നേരിട്ടു വിമർശിക്കപ്പെടുന്നത്‌ 'തീയിൽ കുരുന്ന' കവിയിൽ നിന്നേ പ്രതീക്ഷിക്കാനാവൂ.

നാം ജീവിക്കുന്ന കാലത്തിന്റെ വികാരശൂന്യതയെ കവിതയാക്കിയ ഒ.എൻ.വി. മലയാളി പെൺകൊടികൾ സ്വയം രക്ഷിക്കാൻ തയ്യാറെടുക്കുന്നതിനു പ്രേരിപ്പിക്കുന്നു.
പ്രഭാതസൂര്യനോടൊപ്പമെത്തി, കാതിലൂടെ മനസ്സിൽ കുടിയേറുന്ന മനോജ്ഞമായ കാവ്യശകലത്തെ പകൽ മുഴുവൻ കുടിപാർക്കാൻ ഇടയാക്കുന്നതുപോലെ, ഒരു കവിത - ഏഴാച്ചേരിയുടെ 'താളം'. അസൂയാർഹമായ ഭാവനാശേഷിയോടെ പ്രകൃതിയുടെ താളം വരികളിൽ പകർത്തുന്നു, കവി.
തത്വചിന്തയെ കവിതയിലാക്കുന്ന അപൂർവ്വസിദ്ധിയുടെ ഉടമയാണു പഴവിള രമേശൻ. കവി തന്നോടൊന്നപോലെ ചൊല്ലുന്ന വരികളിൽ ഒരു പ്രതിഭയുടെ താളം ശ്രവിക്കാൻ വിഷമമില്ല.
വൃത്തവും ആന്തരികതാളവുമില്ലാത്ത 'വല്ലാത്ത മാമ്പഴക്കാലം' (പായിപ്ര രാധാകൃഷ്ണൻ) അനുവാചകരെ വളരെയേറെ വേദനിപ്പിക്കുന്നവേന്നു പറയാൻ ഏറെ വിഷമം, ക്ഷമിക്കുക. എറിഞ്ഞ കല്ലിനും എരിഞ്ഞ കണ്ണിനുമൊക്കെ എന്തോ പറയാനുള്ളതു കേട്ടറിഞ്ഞ കവി (അസ്ത്രങ്ങൾ കുഴിച്ചിട്ടവർ: പി. കെ. ഗോപി). അചേതനമെന്നു നാം വിചാരിക്കുന്നവയ്ക്കും ചേതനയുണ്ടെന്ന്‌ സി. രാധാകൃഷ്ണൻ പറയാറുണ്ട്‌. ഇതേ സന്ദേശമാണ്‌, മറ്റൊരു ദിശയിലൂടെ കവി അനുവാചകനു നൽകുന്നത്‌. ഭാവനസിദ്ധിയുടെ വലിയൊരു പ്രകടമാണിത്‌.


സാർത്ഥകമായ കാവ്യ യാത്ര നടത്തുന്ന ചവറ കെ. എസ്‌. പിള്ളയും, കവിതയുടെ ഇനിയും വെളിപ്പെടാത്ത സാധ്യതകളിലേയ്ക്കു കാൽവയ്ക്കുന്ന എൻ.ജി. ഉണ്ണികൃഷ്ണനും (ഉത്സവം), പിന്നെയും പിന്നെയും ചിന്തകൾ വാർക്കുന്ന ചാത്തന്നൂർ മോഹനും (ജലസമാധി) 'മലയാള സമീക്ഷ'യുടെ താളുകളെ സമ്പന്നമാക്കുന്നു.

സാഹിത്യലോകത്ത്‌ ഋഷിതുല്യമായി തപം ചെയ്യുന്ന ദേഹമത്രെ, ശ്രീ. നൂറനാടു മോഹൻ. സാമൂഹ്യ വിമർശനത്തിന്‌ പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, പുതുമ കൈവിടാതെ ദുരാചാരങ്ങളെ വിമർശിക്കുന്നു. 'തീണ്ടാരി' കവിത, ഭൂമിയുടെ 'ഉടലടയാളം' തേടുന്ന 'മഹർഷി'യും. കവിതയുടെ പുതുസാധ്യതകൾ ഗവേഷണം ചെയ്യുന്ന മഞ്ഞപ്ര ഉണ്ണികൃഷ്ണനും (ജെ.സി.ബി. മണ്ണു മാറ്റുമ്പോൾ), ആനുകാലിക സമൂഹത്തിന്റെ വ്യവഹാരങ്ങളുടെ ഭീതിദമായ ഭാവിയെക്കുറിച്ച്‌ ആശങ്കപ്പെടുന്നത്‌ അർത്ഥവത്തായി.

കാവിൽ നടരാജന്റെ 'പുലംപാട്ട്‌' താളാത്മകവും, മനോഹരവുമായ കവിതയാണെന്നു പറയാതെ വയ്യ. നേരം പലർക്കും പല അനുഭവമാണ്‌. തൊഴിൽ ചെയ്യുന്നവനു നേരം പോര. തൊഴിലില്ലാത്തവർക്ക്‌ നേരം പോകുന്നില്ല. രണ്ടനുഭവങ്ങളും ഉൽകൊള്ളുന്ന കാവ്യമത്രെ, ഡോ. കെ. ജി. ബാലകൃഷ്ണന്റെ 'വന്നുംപോയും നേരം'! കൃഷ്ണദാസ്‌ മാത്തൂരിന്റേയും കണിമോളുടേയും ഹ്രസ്വകവികകൾ ശ്രദ്ധേയം. കാവ്യശരീരം തന്നെ പ്രസന്നമത്രെ. നമ്മെ നോക്കി പുഞ്ചിരി പൊഴിക്കുന്ന വരികൾ.

മഹാബലി കേരളം വാണിരുന്ന നാൾ എന്നോ കഴിഞ്ഞുപോയി. ഓണത്തിന്‌ അതിന്റെ സ്മരണകൾ ഇരമ്പുന്ന കാലവും കഴിഞ്ഞുപോയോ? ജൈവമായ ഓണം യാന്ത്രികതയ്ക്കായി വഴി മാറിയിരിക്കുന്നു. ചിങ്ങമാസത്തിൽ ഇപ്പോൾ കേരളീയർ ഓർക്കുന്നത്‌ മഹാബലിയുടെ കാലമോ, ഓണത്തിന്റെ തന്നെ സ്മരണകളോ? മഹാബലിയുടെ കാലത്തിനു മേൽ ഒരു പുതപ്പായി ഓണവും പാതാളത്തിലേയ്ക്കു താഴ്ത്തപ്പെട്ടുവോ! ഗീതാരാജവന്റെ ഓണകാഴ്ച ഗംഭീരം! നഷ്ടവസന്തത്തിന്റെ ഓർമ്മകളെ പുതിയ പദങ്ങളുടെ മാധ്യമത്തിലൂടെ ഓർമ്മകളെ പുതിയ പദങ്ങളുടെ മാധ്യമത്തിലൂടെ അവതരിപ്പിക്കുന്ന നവീനതയവകാശപ്പെടാവുന്ന കാവ്യമത്രെ. മണർകാട്‌ ശശികുമാറിന്റെ 'മിസ്കോൾ'. മഴയുടെ വ്യത്യസ്തഭാവങ്ങൾ ദ്യോതിപ്പിക്കുന്ന ഡോ. എൻ. കെ. ശശീന്ദ്രന്റെ 'മഴ' നന്നായി. കെ. എസ്‌. ചാർവ്വാകന്റെ കവിത ണല്ലോരു ശാസംസ്കാരിക വിമർശനമാണ്‌. പക്ഷേ, സതീഷ്‌ ചേലാട്ട്‌ 'ജ്ഞാന വിവേക'ത്തെ ആ പദത്തിന്റെ ഗംഭീരമായ അർത്ഥതലങ്ങൾ സ്പർശിച്ചില്ല. എത്രയോ ആഴങ്ങളിലേയ്ക്ക്‌ ചിന്തയെ ആനയിക്കാൻ ശേഷിയുള്ളതാണ്‌ കവി തെരഞ്ഞെടുത്ത പദം. പക്ഷേ പരാമർശം ഉപരിതലസ്പർശിയായിപ്പോയി.


ഉമ്മാവിന്റെ 'സമ്മാനനവും വി. ആർ. കൃഷ്ണന്റെ ഹ്രസ്വകവിതയും താരതമ്യം ചെയ്യുമ്പോൾ, ആദ്യത്തേത്‌ കൊടുക്കേണ്ട സമ്മാനം തന്നെ! പക്ഷേ, പൊങ്കാല മൂർച്ചയില്ലാതെ പോയി. മലയാളസമീക്ഷയുടെ ഓണപ്പതിപ്പ്‌ പ്രണയശൂന്യമോ എന്നാശങ്കപ്പെട്ടിരിക്കെയാണ്‌ സോണി പുല്ലാട്ടിന്റെ കാവ്യം കണ്ടത്‌. മനുഷ്യസംസ്കാരത്തെ പുഷ്ടിപ്പെടുത്തുന്ന പ്രണയം ചരിത്രത്തിലുടനീളമുള്ളത്‌ കാണുകയും നമ്മുടെ കാലത്തേയും അത്‌ പുഷ്കലമാക്കുകയും വേണം. അഭിനന്ദനങ്ങൾ.


'പ്രഹേളികകയുടെ വ്യത്യസ്ത മുഖങ്ങളിലേയ്ക്ക്‌ കവി ശ്രദ്ധ കൊടുക്കണം - കൂടുതൽ നല്ല കവിതകൾക്ക്‌ സാധ്യതയുണ്ട്‌. കവിതയ്ക്ക്‌ ഇതര സാഹിത്യശാഖകളേക്കാൾ തത്വചിന്തയെ ദ്യോതിപ്പിക്കാൻ കഴിയുമെന്ന നിരീക്ഷണത്തിലേയ്ക്കു നയിച്ചതു സതീശൻ എടക്കുഴിയുടെ 'ദക്ഷിണായനം' വായിത്തപ്പോഴാണ്‌. മനോഹരവും ഘനഗംഭീരവുമായ കാവ്യം തന്നെയത്‌.
വിനോദ്‌ വൈശാലിയുടെ ഏഴുവരി കവിതയും പ്രഫുല്ലൻ  തൃപ്പൂണിത്തുറയുടെ 'പ്രാർത്ഥനനയും പരാമർശിക്കാൻ യോഗ്യം തന്നെ. ത്രേസ്യാമ്മ തോമസ്‌ തന്റെ കൃതിയിലൂടെ (ആനന്ദധാര) പ്രകൃതിയുടെ സംഗീതം വായനക്കാരെ കേൾപ്പിക്കുന്നു.


'മഴ പറഞ്ഞതത്‌', 'ഏപ്രിൽ'. 'പുഴു' എന്നിവ പ്രകൃതിയിൽ കവിതയ്ക്കായി കാത്തിരിക്കുന്ന പ്രതിഭാസങ്ങളുടെ വൈവിധ്യത്തിലേയ്ക്കു വിരൽ ചൂണ്ടുന്നു. ഈ ലോകം മുഴുവൻ കവിയുടെ സ്പർശനത്തിനായി കൊതിക്കുന്നപോലെ. പ്രകൃതിയെ മുഖ്യമായി പരാമർശിക്കുന്ന നോസ്റ്റാൾജിക്‌ കവിതയത്രെ റെജൂ കടവൂരിന്റെ 'മറഞ്ഞു പോയത്‌'.


മനുഷ്യ കൽപനകളിൽ ഒട്ടേറെ വിശ്വാസങ്ങൾ അടങ്ങിയിട്ടുണ്ട്‌. ചോദ്യം ചെയ്തു കൂടാത്തവയാണവ. 'എന്തേ അങ്ങനെ'യെന്ന്‌ കുതൂഹലം കൊണ്ടെങ്കിലും ചോദിച്ചാൽ, 'അതങ്ങനെയാണ്‌' എന്നാണുത്തരം. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ട്‌ സമൂഹത്തിനെന്തു ഗുണമാണുണ്ടാവുക എന്ന അന്വേഷണം ചെന്നെത്തുന്നത്‌, സെക്കുലർ സമീപനത്തിലാണ്‌. വിശ്വസിക്കുന്നവർക്ക്‌ അതാവാം. എന്നാൽ, മനുഷ്യന്റെ സഹജമായ അന്വേഷണകൗതുകം  കൊണ്ട്‌ സാർത്ഥകമായ പഠനത്തിനു തുനിയുന്നതിന്റെ ഫലമാണ്‌ സുരേഷ്‌ മൂക്കണ്ണൂരിന്റെ 'ശ്രീരംഗനാഥനു മുന്നിൽ' എന്ന  ചിന്താദ്യോതകമായ കാവ്യം.

വരയ്ക്കാതെ വയ്യാത്ത ചിത്രം പോലെയൊരു കൃതിയത്രെ ശ്രീലതാവർമ്മയുടെ എഴുതാതെ പോകാൻ പാടില്ലാത്ത വരികൾ (വൃത്തം - വൃത്താന്തം). ശ്രീജിത്ത്‌ അരിയല്ലൂരിന്റെ രണ്ടു ഹ്രസ്വകവിതകൾ രണ്ടു സന്ദേശങ്ങൾ ഉൾകൊള്ളുന്നു. ഒന്ന്‌ (കെണി) ഒതുങ്ങി ജീവിക്കാനും, അടുത്തത്‌ (ആത്മീയം) 'പരക്ലേശവിവേക'ത്തിനും നിർദ്ദേശങ്ങളാകുന്നു. പ്രേമം എത്രമാത്രം ശക്തിയുള്ളതാണെന്നു പറയുന്ന ശ്രീദേവീനായരുടെ കവിതയും, കവിതയുള്ള വരികൾ ഉൾകൊള്ളുന്ന സജീവ്‌ അയ്മനയുടെ കൃതിയും ഏറെ നന്നായി. ധന്യാദാസ്‌, ഗീത എസ്‌. ആർ., യാമിനി ജേക്കബ്‌, ഇന്ദിരാ ബാലൻ, ഷാജി അമ്പലത്ത്‌ ഇവരുടെ കൃതികളും 'മലയാള സമീക്ഷ'യുടെ താളുകളെ സമ്പന്നമാക്കുന്നു. സാമൂഹ്യവിമർശനം നിർവ്വഹിക്കുന്ന രഘുനന്ദന്റെ കാവ്യം. രാജേഷ്‌ ശിവ ശ്രദ്ധിക്കേണ്ടതുള്ള ഒരു കാര്യം മലയാള ഭാഷയിൽ ദ്രാവിഡ പദങ്ങൾക്കുള്ള പ്രത്യേക സ്വാധീനം സംബന്ധിച്ചാണ്‌. സേതു തന്റെ 'മറുപിറവി' നോവലിനെക്കുറിച്ചു സംസാരിക്കുമ്പോൾ വ്യക്തമാക്കിയതാണിത്‌. അത്തരം പദങ്ങൾ പ്രയോഗിച്ചുകൊണ്ടുള്ള രചനകൾ, നമ്മുടെ മനസ്സിന്റെ ആഴങ്ങളെ സ്പർശിക്കുകയും എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും.


സജി പി. എസ്‌. ചെട്ടിക്കാടിന്റെ രചന വാക്കുകൾ കവിയുടെ ശക്തിയാവുന്നതെങ്ങനെയെന്നതിനു തെളിവാണ്‌. എൻ. ടി. സുപ്രിയയുടെ കൃതികളും ശ്രദ്ധിപ്പിക്കുന്ന പദവിന്യാസക്കിനുദാഹരണമാണ്‌. സ്മിതയെഴുതിയ 'കൊന്ത' വായനക്കാർ കാത്തിരുന്ന കവിതയായി തോന്നി. തെളിഞ്ഞ കവിത 'നാലുവരിപ്പാത'യിലെ സാമൂഹ്യവിമർശനം (പ്രദീപ്‌ നാമനാട്ടുകര) ശ്രദ്ധേയമാണ്‌. അരുണിമക്കുട്ടിയുടെ 'അനുഭവങ്ങൾ' ഭാവനാത്മകമാണ്‌, അഭിനന്ദനങ്ങൾ.

പരിഭാഷകൾ:
വിപ്ലവത്തെക്കുറിച്ച്‌ ചില ചിന്തകൾ (ഡോ. ഷൺമുഖൻ പുലാപ്പറ്റ), ദൈവം (വേണു വി. ദേശം) ഒക്ടോവിയോപാസ്‌ (ആധിമക്കുമാദിയിൽ) എന്നീ പരിഭാഷകൾ മലയാളഭാഷയ്ക്കുള്ള അടിസ്ഥാന സംഭാവനകളായി കണക്കാക്കണം. പി. കെ. രാമകൃഷ്ണൻ (അഗ്നിഗീതം), ഇന്ദ്രസേന (ശിലാപത്മം), കെ. ആർ. കിഷോർ (വർഷമുകിലുകൾ), ഡോ. ആർ. സുരേഷ്‌ (ഉന്മത്തത്തയുടെ ക്രാഷ്ലാന്റിംഗുകൾ) എന്നീ വായനാനുഭവങ്ങൾ അതതു ഗ്രന്ഥങ്ങളുടെ ഉള്ളറിവു പകരാൻ ഇടയാക്കി.

കഥകൾ:
ജനാർദ്ദനൻ വല്ലത്തേരിയുടെ 'ഉരുക്കുമുഷ്ടി' കഥയേക്കാൾ, ഗദ്യകാവ്യത്തോടടുക്കു നിൽക്കുന്നു. കാരണം, അതിലൊരു സമീപനമുണ്ട്‌. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വികാരങ്ങളുടെ ആവിഷ്ക്കാരം. ജേക്കബ്‌ നായത്തോടിന്റെ 'പാപമോചനം' ആനുകാലിക കേരളം കാത്തിരുന്ന ഒരു കഥയാണ്‌. പള്ളികൾ കൊട്ടാരസദൃശം വളരുന്ന കാലത്ത്‌, യേശു ചാട്ടവാറുമായി വീണ്ടും വരുന്നത്‌ അകലെ കാണുന്ന കഥാകൃത്ത്‌, ണല്ലോരു വായാനുഭവം നൽകുന്നു.
ആനന്ദി രാമചന്ദ്രന്റെ 'ഒറ്റപ്പെടൽ', സാജൂ പുല്ലന്റെ 'വിൽക്കാനുണ്ട്‌ രത്നം', മുക്താർ ഉദരംപൊയിൽ എഴുതിയ 'ശെയ്കവരുടെ കാലടി' തുടങ്ങിയവ ശ്രദ്ധേയമായി. നിലയ്ക്കലേത്ത്‌ രവീന്ദ്രൻനായർ, സുജിത്‌ ബാലകൃഷ്ണൻ, വി. എച്ച്‌. നിഷാദ്‌, ബൈജൂ വർഗീസ്‌, ജാനകി, ഷഹീറ സമീർ, സണ്ണി തായങ്കരി, മാത്യു നെല്ലിക്കുന്ന്‌, അനിൽകുമാർ സി. പി., എസ്സാർ ശ്രീകുമാർ, ബിജിത്‌, ഷാജഹാൻ നന്മണ്ട എന്നിവരുടെ കഥകളും 'മലയാള സമീക്ഷ'യിലുംട്‌.


അമ്പാട്ട്‌ സുകുമാരൻ നായരുടെ 'ബദരിയിലെ നാലുനാൾ' (യാത്രക്കുറിപ്പ്‌) ഭംഗിയായി. 'വായനയുടെ പുതിയ അക്ഷാംശങ്ങൾ' (വി. എം. വിനയകുമാർ) 'വടക്കൻപാട്ടിലെ സ്ത്രീകൾ' (പ്രശാന്ത്‌ മിത്രൻ) ഇവർ തുടരുന്ന ചിന്തകളുടെ ആവിഷ്കാരം, പുതിയൊരു രചനാമുഖം എന്ന നിലയിൽ ശ്രദ്ധേയമാവുന്നു. പംക്തികൾ (ആരോഗ്യം, മനഃശാസ്ത്രം, സിനിമ, സമൂഹം, ലൈംഗികത, ധ്യാനം, ഓർമ്മ) എന്നിവ വിഷയവൈവിധ്യംകൊണ്ട്‌ ശ്രദ്ധ നേടുന്നു.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...