തോമസ് പി കൊടിയൻ
അവന്റെ പ്രിയപ്പെട്ട കൊറോളാ കാർ രാജപാതയിലെ അനുസരണകെട്ട ഒരു കുതിരക്കുട്ടിയായി.
കാറിൽ, എൽ.സി.ഡി യിൽ ദൃശ്യരൂപിയായും, കെൻവുഡ് എന്ന മ്യൂസിക് സിസ്റ്റത്തിൽനിന്നു ശബ്ദരൂപിയായും െമൈക്കൽ ജാക്സൺ 'ഡേഞ്ചറസ്' ആടിത്തിമിർത്ത് പെയ്തിറങ്ങിക്കൊണ്ടിരുന്നു.
സബ്‌വൂഫറിൽ ഇടിമുഴങ്ങി. സാറ്റലൈറ്റ് സ്പീക്കറുകളിൽ ചില്ലുകൊട്ടാരങ്ങൾ ഉടഞ്ഞുവീണുചിതറി. സ്വന്തം ഹൃദയമിടിപ്പിന്റെ ശക്തി താങ്ങാനാവാതെ തുടികൊള്ളുന്ന ഒരു ശരീരം പോലെ ഇടിമുഴക്കത്തിന്റെ പ്രകമ്പനത്തിൽ കാർ കിടുകിടുത്തു.
സ്പീഡോമീറ്ററിലെ സൂചി നൂറിനും നൂറ്റിപ്പത്തിനുമിടയ്ക്കുനിന്നു കുണുങ്ങുകയാണ്. ഇടിമുഴക്കത്തിന്റെ പുനരാവർത്തനങ്ങളിൽ സ്വയം നഷ്ടപ്പെടാൻ കൊതിക്കുമ്പോഴും, സുരൻ പുന്നാരത്തോടെ പറഞ്ഞു. "ഹിരണ്യാ. വൈ ആർ യൂ നോട്ട് കോളിംഗ് മീ? സീ.... ടൈം ഈസ് ണയൻ പി.എം... യൂ അഷ്വേർഡ് യുവർ കോൾ അറ്റ് എയ്റ്റ് തേർട്ടി."
അവൻ വലതു കൈകൊണ്ടു സ്റ്റിയറിങ് തിരിച്ച് ഇടതുകൈകൊണ്ട് ബ്ലാക്ക്ബെറി ഫോണിനെ ഹിരണ്യയെ എന്നവണ്ണം തഴുകി. 'ഹിരണ്യാ നീ വരൂ...വൈദ്യുതിയുടെ തരംഗങ്ങളിലേറി കാറ്റിലൂടെ, പ്രിയേ, നീ വരൂ. ശബ്ദങ്ങളായും ചിത്രങ്ങളായും.... ഹിരണ്യാ, പ്ലീസ്, ഒരു ഹലോ... ഒരു ഹലോ..'
പെട്ടെന്ന് അവനെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് അവന്റെ മനസ്സ് 'ഹലോ'എന്ന വാക്കിലുടക്കിനിന്നു. അൽഭുതത്തോടെ അവൻ ചിന്തിച്ചു. ഇന്ന് ഭൂമിയിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പദം 'ഹലോ' അല്ലേ? അതോ ദൈവനാമമോ?
അല്ല. കംപ്യൂട്ടറിനെ തോൽപ്പിക്കുന്ന വേഗതയിൽ അവന്റെ തലച്ചോറിന്റെ കോശങ്ങളിൽ സെൽഫോൺ ഉപയോഗിക്കുന്ന ജനതകളുടെ സ്ഥിതിവിവരക്കണക്കുകൾ നിരന്നു. കംപ്യൂട്ടർ യുഗത്തിന്റെ മാന്ത്രികതലങ്ങളിൽനിന്നും ഇരതേടുന്ന അവനതു സുസാദ്ധ്യവുമായിരുന്നു.
സുരൻ മനസ്സിൽ പറഞ്ഞു: ദൈവനാമം രണ്ടാമതേ വരുന്നുള്ളു. ആദ്യം വരുന്നതു 'ഹലോ' തന്നെ. ഐസക്ന്യൂട്ടൺ ഭൂഗുരുത്വ നിയമം കണ്ടുപിടിച്ചു. എഡിസൺ ബൾബു കണ്ടുപിടിച്ചു. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്കേതെന്നു 'സുരൻ' കണ്ടുപിടിച്ചു. അവന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു.
പൊടുന്നനവെ, വൈദ്യുതിയുടെ അലകളിലേറി ഹിരണ്യ അവന്റെ ഫോണിലേക്കൊഴുകിവന്നു. അവൻ ആഹ്ലാദത്തിമിർപ്പിന്റെ പൂത്തിരിയായി ബഹുവർണ്ണങ്ങളായി പൊട്ടിവിരിഞ്ഞു.
സ്പീഡോമീറ്റർസൂചിയുടെ നാണം മാറി. അത് നൂറ്റിയിരുപതിലേക്കു കടന്നു.
അത്യാവേശത്തോടെ ഫോൺ റാഞ്ചിയെടുത്തു കാതിൽച്ചേർത്ത് അവൻ ഹലോ പറഞ്ഞുതീർന്നില്ല. അതിനുമുമ്പ് ഒരു ഘോരസംഘർഷണത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം! ഒരൊറ്റ നിമിഷത്തിൽ ലോഹങ്ങൾ ഇടിച്ചുകീറിപ്പറിയുകയും ചില്ലുകൾ ഉടഞ്ഞു തകർന്നുവീഴുകയും വെളിച്ചങ്ങൾ തകർന്നപ്രത്യക്ഷമാവുകയും ചെയ്ത് രാജപാതയിൽ ഒരു നരകം പിറന്നുവീണു നിലവിളിച്ചു. നരകത്തിന്റെ ഇരുൾരക്തം അവന്റെ പ്രാണനിലേക്കിറ്റിറ്റു വീഴുമ്പോഴും ബ്ലാക്ബെറിയിൽ ഹിരണ്യയുടെ ഹിരണ്യസ്വരം കാതരമായി വിളിച്ചുകൊണ്ടിരുന്നു.
"ഹലോ... ഹലോ...സുരൻ എന്താണവിടെ... ഹലോ..."