രാജേഷ് ചിത്തിര
ബയോളജിമാഷ് ഇക്കോ സിസ്റ്റത്തിന്റെ
വളവു തിരിയുമ്പോഴാണ്
നുണ,നുണയെന്ന്
കുഞ്ഞിത്തൂവലൊന്ന് മാഷിന്റെ
തലയില്‍ വീണത്
വൈകുന്നേരം മുതല്‍ കുരുമുളകില്‍ കുതിര്‍ന്ന്
ഓംലെറ്റും ദോശയുമായി പ്രാവിന്‍ മുട്ടകള്‍
മാഷിന്റെ അടുക്കളയിലെ
വിരിക്കലിന്‍ വിതുമ്പലുള്ള
അതിഥികളായി
തൂവല്‍ ചിത്ര തൊങ്ങലും
കുറുകലിന്‍ കോറസ്സുമില്ലാത്ത
ക്ലാസ്സുമുറികള്‍ ഊട്ടുപുരയായി,
സ്കൂള്‍ കുരവത്താളങ്ങലില്‍ നാണിച്ചു .
മണല്‍ കാറ്റു മണക്കുന്ന
ഷാബിയ വലിയപള്ളിയ്ക്കെതിരെ
ഫ്ലാറ്റുകളുടെ വിടവില്‍
കുറുകല്‍ സൈറന്‍ പോലെയാണ്.
കുറുകുന്നവര്‍ക്കീടയിലുണ്ട്,
വെള്ളച്ചിറകുള്ള നെറ്റിയില്‍ കുറിതൊട്ടവര്‍,
കറുത്തിരുണ്ട് കാലം പോലെ മൗനിയായവര്‍,
കയ്യൂക്കിന്റെ തൂവല്‍ വിരിപ്പേന്തിയവര്‍.
കുറുകലുകള്‍ക്കു മീതേ കോതമ്പു വിതറാറുണ്ട്;
കാലത്തെ റോഡു മുറിച്ചെത്തുന്ന
ടൈ കെട്ടിയൊരു പാക്കിസ്ഥാനി.
വരികളിലൂടെ വീടു നഷ്ടപ്പെട്ടവനാകും; ഞാനപ്പോള്‍
വിരിച്ച വലയില്‍ കണ്ണെറിഞ്ഞ്
ദൂരത്തിരുന്നു നാലുപേരിന്നലെ
ജീവിതത്തിലേക്കുള്ള ചിറകടികളില്
പഴയൊരോര്‍മ്മ വേലിയിറങ്ങി.