പരിഭാഷ: വി രവികുമാർ
മേശവലിപ്പിനുള്ളിൽ ഒരു കഠാര കിടക്കുന്നു.
പോയ നൂറ്റാണ്ടിനൊടുവിൽ ടോളിഡോവിലൊരാലയിൽ ഒരു കൊല്ലൻ പണിതെടുത്തതാണത്.
ലൂയി മെലിയൻ ലൂഫിനെർ അതെന്റെ അച്ഛനു കൊടുത്തു,
അച്ഛനാണ് ഉറുഗ്വേയിൽ നിന്നതു കൊണ്ടുവന്നത്.
എവാരിസ്റ്റോ കാരിഗോ ഒരിക്കലതെടുത്തു പെരുമാറിയിരിക്കുന്നു.
അതു കാഴ്ചയിൽപ്പെടുന്ന ഒരാൾക്കും അതൊന്നു കൈയിലെടുത്തു നോക്കാതിരിക്കാൻ കഴിയാറില്ല.
എത്രയോ കാലമായി തങ്ങളതിനെയും നോക്കിനടക്കുകയായിരുന്നു എന്നൊരു തോന്നൽ അവർക്കുണ്ടായിപ്പോകുന്നു.
കാത്തിരിക്കുന്ന കൈപ്പിടിയെ വ്യഗ്രതയോടെ കൈ കയറിപ്പിടിയ്ക്കുന്നു.
ശക്തവും, നിർവികാരവുമായ വായ്ത്തല ഉറയിലേക്കു കൃത്യമായി ആണ്ടിറങ്ങുന്നു.
ഈ കഠാര മറ്റു ചിലതു തന്നെ.
ലോഹം കൊണ്ടൊരുരുപ്പടി മാത്രമല്ലത്.
കൃത്യമായൊരു ലക്ഷ്യത്തിനായി മനുഷ്യർ ചിന്തിച്ചെടുത്തതും രൂപപ്പെടുത്തിയതുമാണത്.
പോയ രാത്രിയിൽ ടക്വാറെംബോയിൽ വച്ച് ഒരു മനുഷ്യനെ കൊന്നത് ഈ കഠാര തന്നെ,
ഇതു തന്നെ സീസറെ മരണത്തിലേക്കയച്ച കഠാരകളും.
അതിന്റെ ഇച്ഛ കൊല്ലുക, ചോര ചിന്തുക.
ഒരു മേശവലിപ്പിൽ, കുറിപ്പടികൾക്കും കത്തുകൾക്കുമിടയിൽക്കിടന്ന്
കഠാര സ്വപ്നം കാണുന്നു, ഒരു വ്യാഘ്രത്തിന്റെ സരളസ്വപ്നം.
അതിനെ കടന്നെടുക്കുന്ന കൈയ്ക്കു ജീവൻ വയ്ക്കുന്നു,
എന്തെന്നാൽ തനിയ്ക്കു പറഞ്ഞ കൊലയാളിയുടെ കൈയാണ്
തന്നെ തൊടുന്നതെന്നറിയുമ്പോൾ ആ ലോഹത്തിനും ജീവൻ വയ്ക്കുകയാണ്.
ചിലനേരം എനിക്കു സങ്കടം തോന്നിപ്പോവാറുണ്ട്,
അത്രയുമൂറ്റം, അത്രയും ലക്ഷ്യബോധം,
അത്ര നിർവികാരവും, അത്രയ്ക്കഭിമാനപൂർണ്ണവും-
വർഷങ്ങൾ കടന്നുപോവുകയുമാണ്,
വ്യർത്ഥമായി.