കുസുമം ആർ പുന്നപ്ര
വിളക്കു കത്തിച്ചൊരുക്കി വെച്ചു
നാക്കിലയും മുറിച്ചു വെച്ചു
ദര്‍ഭ മോതിരമണിഞ്ഞു വിരലില്‍
കിണ്ടി വാലിലെ നീരുചുറ്റി
ഇലക്കു ചുറ്റും ശുദ്ധമാക്കി
ദര്‍ഭദളമതില്‍ നിരത്തി വെച്ചു
പിണ്ഡമൊന്നതിലുരുട്ടി വെച്ചു
എള്ളെടുത്തൊരു നീര്‍ കൊടുത്തു
പൂവെടുത്തൊരു നീര്‍കൊടുത്തു
ചന്ദനവും കൊണ്ടു ഞാനൊരു
നീര്‍ കൊടുത്തു നിശ്വാസമിട്ടു.
വസ്ത്രയിഴയിലെ നൂലിളക്കി
നൂലുമെല്ലെ വലിച്ചെടുത്തു
വസ്ത്രമൊന്നു സമര്പ്പണം ചെയ്തു
ഭക്ത്യാ ദണ്ഡ നമസ്ക്കാരവും ചെയ്തു.
മെല്ലെയെടുത്തിരു കൈകളാല്‍
ഒഴുക്കു നീരിലിറങ്ങി പിന്നെ
പിതൃപിണ്ഡ സമര്‍പ്പണം ചെയ്തു.
കരയിലെത്തിയ മനസ്സിലേക്കതാ
കരളിലില്‍ നിന്നൊരു ചോദ്യമെത്തി
ജീവനോടിരുന്ന പിതൃവിന്
നീര്‍ കൊടുത്തോ,തുണികൊടുത്തോ?
മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
തണല്‍ കൊടുത്തൊരു തരുവുമായോ?
തുണയില്ലാതെയലഞ്ഞ നാളില്‍
താങ്ങിനായൊരു കൈകൊടുത്തോ?