അമ്പാട്ട് സുകുമാരൻനായർ
PHO: 8943875081
"ഹൊ, എന്തൊരു ചൂട്! മുറിക്കകത്തുവിരിക്കാനാവുന്നില്
രണ്ടാൾ തമ്മിൽ കണ്ടുമുട്ടിയാൽ ഒരു മുഖവുരയും കൂടാതെ ആദ്യമേ പറയുന്നവാക്കുകളാണിത്. പ്രകൃതിയിൽ ചൂടുകൂടിയാലും തണുപ്പധികരിച്ചാലും, മഴ അധികമായാലും മഴകുറഞ്ഞു പോയാലും മനുഷ്യന് കുറ്റമാരോപിക്കാനോരാളുണ്ട്. ഈശ്വരൻ. മനുഷ്യൻ സ്വന്തം തെറ്റുകുറ്റങ്ങൾ ഒരിക്കലും ഏറ്റെടുക്കാൻ തയ്യാറാവുകയില്ല. എല്ലാം മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കും. പ്രകൃതി നിയമങ്ങളെയെല്ലാം മറികടന്ന് മനുഷ്യൻ വളരെക്രൂരമായി പ്രകൃതിയെ ചൂഷണം ചെയ്തുതുടങ്ങിയതുമുതലാണ് പ്രകൃതിയിൽ ഈ മാറ്റംകണ്ടു തുടങ്ങിയത്. പ്രകൃതിയിലുള്ള മുഴുവൻ ജീവജാലങ്ങൾക്കും സുഖമായി ജീവിക്കാനുള്ള വക സ്രഷ്ടാവു തന്നെ നൽകിയിട്ടുണ്ട്. എല്ലാ ജീവജാലങ്ങളും പ്രകൃതികനിഞ്ഞേകിയ വിഭവങ്ങൾകൊണ്ട് പ്രകൃതിയുടെ നിയമങ്ങൾക്ക് കീഴ്‌വഴങ്ങി സംതൃപ്തമായ ജീവിതം നയിച്ചപ്പോൾ ഒന്നിലും തൃപ്തിയില്ലാത്ത മനുഷ്യൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു തുടങ്ങി.
സഹസ്രാബ്ദങ്ങളായി നദികളിൽ അടിഞ്ഞുകൂടിയിരുന്ന മണൽ മുഴവൻ വാരിക്കൊണ്ടുപോയി. അതുവരെ മണൽപ്പരപ്പിലൂടെ തെളിഞ്ഞൊഴുകിയിരുന്ന നദികൾ ആഴങ്ങളിലേക്കൂളിയിട്ടു. വലിയകയങ്ങളൊക്കെ രൂപപ്പെട്ടതോടെ ഒഴുകാൻ വെള്ളമില്ലാതായി.
വനം കൈയേറ്റവും കുടിയേറ്റവുമൊക്കെ ആരംഭിച്ചതോടെ കാടിന്റെ വിസ്തീർണ്ണം കുറഞ്ഞു തുടങ്ങി. നദികളിലേക്ക് സദാസമയവും നീരൊഴുകിയിരുന്ന കൊച്ചു കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും നിലച്ചു. അതോടെ നദിയിൽ ഒഴുകാൻ വെള്ളമില്ലാതായി. പുഴയോരങ്ങളിലെ മണ്ണിടിച്ചിൽ തടയാൻ വേണ്ടിയെന്നു പറഞ്ഞ് സർക്കാർ ഒരു വലിയ പദ്ധതി ആവിഷ്കരിച്ചു, വലിയ സമ്പന്നരെ സഹായിക്കാൻ വേണ്ടി തികച്ചും സൗജന്യം. നല്ല സാമ്പത്തികവും ഉന്നതത്തലങ്ങളിൽ പിടിപാടുമുള്ളവർ എഞ്ചിനീയറെ ചെന്നുകണ്ട് വേണ്ട രീതിയിൽ സമീപിച്ചാൽ അവർക്ക് കരിങ്കൽ ഭിത്തി കെട്ടിക്കൊടുക്കും. പാവപ്പെട്ടവരുടെ ഭൂമി ഇടിഞ്ഞാൽ അതിടിഞ്ഞിടിഞ്ഞ് ഇല്ലാതായിത്തീരും. ആരും അവനെസഹായിക്കാനുണ്ടാവില്ല. കുറെ ഭാഗ്യവാന്മാർക്ക് ആറ്റുതീരത്ത് കരിങ്കൽ കെട്ടിക്കൊടുക്കാനും ഏതാനും എഞ്ചീനീയർമാർക്ക് ലക്ഷങ്ങൾ സമ്പാദിക്കാനും ഇതുപകരിച്ചു. ഇക്കൂട്ടത്തിൽ ആറുകളെല്ലാം കനാലുകളാക്കി മാറ്റാനും കഴിഞ്ഞു. അതോടെ ആറ്റുതീരത്തെ മാലികളില്ലാതായി, മരങ്ങളില്ലാതായി. മഴക്കാലത്ത് ഒഴുക്കിന് ശക്തിയേറി. മലമുകളിൽ പെയ്യുന്നവെള്ളം ഏതാനും മണിക്കൂറുകൾക്കകം കടലിൽ ചെന്നുപതിക്കും. പണ്ടൊക്കെ എക്കൽ വന്നടിഞ്ഞ് മാലികൾ രൂപപ്പെട്ട് അവിടം കൃഷിയോഗ്യമാകുമായിരുന്നു. ആളുകൾ അവിടെ കൃഷിചെയ്ത് ധാരാളം പച്ചക്കറികൾ ഉൽപാദിപ്പിക്കുമായിരുന്നു. അതൊക്കെ പാടേനിലച്ചു. സർക്കാരിന്റെ ഈ പദ്ധതികൊണ്ട് ആറിന് ഇങ്ങനെയൊരു രൂപഭേദം വരുത്താൻ കഴിഞ്ഞു.
കാവുകളും കുളങ്ങളും എല്ലാമുണ്ടായിരുന്ന കേരളം ഇന്ന് കുടിനീരിനുവേണ്ടി നെട്ടോട്ടം നടത്തുകയാണ്. പണ്ട് കേരളത്തിന്റെ മലമ്പ്രദേശങ്ങൾ കൊടുംകാടുകളായിരുന്നു. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്നു അവിടം. അനേകം കാട്ടുമൃഗങ്ങളും നാണാത്തരം പക്ഷികളും എല്ലാം നിറഞ്ഞ ഘോരവനം. നാട്ടിൻപുറങ്ങളിലെ പ്രധാനപാതകളുടെ ഇരുവശവും ചോലമരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു.
പണ്ടൊക്കെ കോട്ടയത്തുനിന്ന് കിഴക്കോട്ടുയാത്ര ചെയ്യുമ്പോൾ മുണ്ടക്കയത്തെത്തിയാൽ അസഹനീയമായ തണുപ്പനുഭവപ്പെടുമായിരുന്നു. പിന്നെ സ്വറ്റര്റുമിട്ട് കഴുത്തിൽ മഫ്ലറും ചുറ്റിയാണ് യാത്ര. കൊടിയവേനൽക്കാലത്തുപോലും അകലെയുള്ള മലകളിൽ നിന്ന് വെള്ളിയുരുക്കിയൊഴിച്ചതുപോലെ പാലരുവികൾ ഒഴുകിയിറങ്ങുന്നതുകാണാം. ഇന്ന് ആ മലഞ്ചെരിവുകളിലൊന്നും അരുവികളുമില്ല വെള്ളച്ചാട്ടങ്ങളുമില്ല. മുകളിലേക്കുകയറിയാലോ കൊടുംചൂടുതന്നെ.
ഇരുണ്ട ആഫ്രിക്ക എന്നാണ് അട്ടപ്പാടിയെക്കുറിച്ചു പറഞ്ഞു കേട്ടിരുന്നത്. കേരളത്തിൽ മറ്റെങ്ങുമില്ലാത്തത്ര ഇരുണ്ടവനമായിരുന്നു അട്ടപ്പാടിയിലുണ്ടായിരുന്നത്. ഇന്നാ മലകളെല്ലാം തലമുണ്ഡനം ചെയ്ത് മൊട്ടക്കുന്നുകളായിമാറിയിരിക്കു
കുടിയിറക്കിനെതിരെ എ.കെ.ജി നിരാഹാര സത്യഗ്രഹമിരുന്ന ചൂരുളി-കീരിത്തോടിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവരധികമുണ്ടാകി
ആ കുടിയേറ്റത്തെക്കുറിച്ച് അവിടെ കുടിയേറിയ കർഷകർ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. "ഇവിടം ഒരിരുണ്ട വനമായിരുന്നു. ഏറെയും ഈട്ടി മരങ്ങളായിരുന്നു. പിടി മുറ്റാത്ത മരങ്ങൾ. അവയെല്ലാം കോടാലിക്കുവെട്ടി വീഴ്ത്താൻ അത്ര എളുപ്പമല്ല. അതുകൊണ്ട് മരത്തിന്റെ ചുവടുതുരന്ന് തോട്ടവച്ചുപൊട്ടിച്ചാണ് ഞങ്ങൾ മരങ്ങൾ വീഴ്ത്തിയത്. ഒരുവിധം നല്ല തടികൾ ഞങ്ങൾ ചേറിൽ താഴ്ത്തി. എല്ലാ മരങ്ങളും തകർത്ത് ഒടുവിൽ തീയിടുകയായിരുന്നു."
സത്യത്തിൽ ഇത് കുടിയേറ്റമല്ല, കൈയേറ്റമായിരുന്നു. ഇന്ന് കുടിയേറ്റ പ്രദേശങ്ങൾ എന്നറിയപ്പെടുന്ന ഹൈറേഞ്ചിലെ ഭൂരിപക്ഷം പ്രദേശങ്ങളും അന്ന് കൈയേറ്റ പ്രദേശങ്ങൾ തന്നെയായിരുന്നു. അവരെ പിന്നിൽ നിന്നു സഹായിക്കാൻ പല രാഷ്ട്രീയപ്രസ്ഥാനങ്ങളും മതസംഘടനകളുമുണ്ടായിരുന്നു.
മാങ്കുളം എന്ന പ്രദേശത്തെ ഘോരവനം നശിക്കുന്നത് ഞാൻ കൺമുൻപിൽ കണ്ടു. അന്ന് മാങ്കുളം പട്ടയഭൂമിയുടെ ഉച്ചിയിൽ കഷണ്ടി ബാധിച്ചതുപോലെ രണ്ടായിരം ഏക്കർ പട്ടയഭൂമിയുണ്ടായിരുന്നു. സായിപ്പിന്റെ കൈവശമായിരുന്ന ആ ഭൂമി നാട്ടുകാർ നിസ്സാരവിലയ്ക്കുവാങ്ങി. അവർ അവിടെ കൃഷിചെയ്ത് കുടുംബമായി താമസമാക്കി. ചുറ്റും ഘോരവനം. നാൽപത്തയ്യായിരത്തോളം ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന ആ വനത്തിന് ധാരാളം അരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള ഹരിതവനം. അതിനുനടുവിലൂടെ നല്ലതണ്ണിയാർ എന്നൊരു കാട്ടാർ ഇരമ്പിപായുന്നുണ്ടായിരുന്നു. കോഴിവാലൻകുത്ത് പെരുമ്പൻകുത്ത് എന്നീ വെള്ളച്ചാട്ടങ്ങളും ആരെയും ആകർഷിക്കുന്നതായിരുന്നു. കാട്ടുമൃഗങ്ങളുടെ വിഹാരഭൂമിയായിരുന്ന ആ വനം ഇന്നൊരുവൻ നഗരമാണ്. ആ വനം നശിച്ചതിന്റെ ദുരിതം കേരളത്തിലെ എത്രയോ ലക്ഷം ആളുകൾ അനുഭവിക്കുന്നു! ഒരു വനം നശിച്ചാൽ അത് നാടിന് മൊത്തത്തിൽ ആപത്തുവരുത്തിവയ്ക്കും. ഇടുക്കിയിലെ പല കൈയേറ്റപ്രദേശങ്ങളും കുടിയേറ്റ പ്രദേശങ്ങളും ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. ഇതിനോക്കെ വനം വകുപ്പുദ്യോഗസ്ഥർ നോക്കുകുത്തികളായി നിന്നിട്ടേയുള്ളു. നേട്ടങ്ങൾ അവർക്കുമുണ്ട്.
വയനാട്ടിൽ കുടിയേറ്റം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ആ പ്രദേശങ്ങൾ കാണാനുള്ള അവസരം എനിക്കുണ്ടായി. ഇന്ന് വയനാട്ടിൽ കഴിയുന്ന പ്രായാധിക്യമുള്ള ആളുകൾക്കല്ലാതെ ആ പ്രദേശത്തെക്കുറിച്ച് സങ്കൽപിക്കാനാവില്ല. മലമ്പനിയുടെ നാടായിരുന്നു അന്നു വയനാട്. അന്ന് മീനച്ചിൽ താലൂക്കിലുള്ള ആളുകൾ നാട്ടിലുള്ള ഭൂമി വിറ്റ് ചട്ടിയും കലവും മറ്റു വീട്ടു സാമാനങ്ങളുമെല്ലാം കെട്ടിപ്പെറുക്കി ബസ്സിനുമുകളിലിട്ട് കുടുംബസമേതം വയനാട്ടിലേക്ക് കന്നിമണ്ണു തേടിപ്പോകുന്ന കാഴ്ച ഞാൻ കണ്ടിട്ടുണ്ട്. അക്കാലത്ത് ഒരുപാടുപേർ മലമ്പനി പിടിച്ചും കാട്ടുമൃഗങ്ങളുടെ ആക്രമണം കൊണ്ടും മരിച്ചിട്ടുണ്ട്. വയനാടൻ ജന്മിമാർ വലിയ ഭൂസ്വാമികളായിരുന്നു. അന്ന് തിരുക്കൊച്ചിയിലേയും മലബാറിലേയും ഭൂനിയമം വ്യത്യസ്തമായിരുന്നു. വയനാട്ടിൽ അന്ന് സ്വകാര്യവനങ്ങൾ ധാരാളമുണ്ടായിരുന്നു. ആയിരക്കണക്കിനേക്കർ വിസ്തൃതിയുള്ള ഈ സ്വകാര്യവനങ്ങൾക്ക് ജന്മിമാർ കരംകൊടുത്ത് വശം കെട്ടു. വനംകൊണ്ടവർക്കു പ്രയോജനമില്ല. ഇത് കൈയൊഴിയാനും നിർവ്വാഹമില്ല. ഈ സന്ദർഭത്തിലാണ് തിരുവാതാംകൂറിൽ മീനച്ചിൽ താലൂക്കിൽ നിന്ന് ഏതാനും കർഷകർ ഭൂമി തേടി വയനാടൻ ചുരം കയറി ചെന്നത്. ഭൂമിതേടിച്ചെന്ന ഇക്കൂട്ടരെ കണ്ടപ്പോൾ ജന്മിമാർക്കാശ്വാസമായി. ഈ ഭാരമൊന്നിറക്കിവയ്ക്കാമല്ലോ. ആദ്യം ചെന്ന ചിലർക്കൊക്കെ ഭൂമി സൗജന്യമായി ലഭിച്ചു. ചിലർ നിസ്സാരതുക കൊടുത്ത് ഭൂമി വിലക്കു വാങ്ങി. ഭൂമി കിട്ടിയവർ അതിലെ മരങ്ങളെല്ലാം വെട്ടി. അവിടെ കുടിൽ കെട്ടിതാമസമുറപ്പിച്ച് കൃഷിയാരംഭിച്ചു. പ്രതികൂലസാഹചര്യങ്ങളെയൊക്കെ അഭിമുഖീകരിച്ച് അവർ മുന്നോട്ടു നീങ്ങി. പിന്നീട് കുടിയേറ്റക്കാരുടെ ഒരൊഴുക്കായിരുന്നു. കേട്ടറിഞ്ഞവർ കേട്ടറിഞ്ഞവർ കൂട്ടത്തോടെയെത്തി. അവർ വനം കൈയേറിത്തുടങ്ങി. അതോടെ വയനാടിന്റെ മുഖഛായ മാറി. ജലസ്രോതസ്സുകളെല്ലാം വറ്റി. നട്ടുച്ചയ്ക്കുപോലും കരിമ്പടം കൊണ്ടു മൂടിപ്പുതച്ചു നടന്ന വയനാട്ടിൽ ഫാനില്ലാതെ രാത്രിയിൽപോലും കിടന്നുറങ്ങാൻ വയ്യാത്ത സ്ഥിതിവിശേഷമുണ്ടായി. ആറുമാസക്കാലം നിലയ്ക്കാത്ത ചാറ്റൽമഴയുണ്ടായിരുന്ന ആ നാട്ടിൽ ഒരു ഗ്ലാസ് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയുണ്ടായി.
കാടില്ലെങ്കിൽ നാടിന്റെ നിലനിൽപ്പുപോലും അപകടത്തിലാകും. നാടു മുഴുവൻ കാടു വളർത്തണമെന്നല്ല എന്റെ അഭിപ്രായം. പക്ഷേ ഭൂമിയോടുള്ള ആർത്തിമൂത്ത് വനഭൂമി മുഴുവൻ നാം കൈയേറിയാൽ കഠിനമായ ജലദൗർലഭ്യം അനുഭവപ്പെടും. പുഴകൾ വറ്റും ജീവജാലങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലാകും. ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ തിരിച്ചടിക്കുകാരണവും ഈ വനനശീകരണ പ്രവണതത്തന്നെയാണ്. "എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ മാത്രം" എന്ന് ചങ്ങമ്പുഴ പാടിപ്പുകഴ്ത്തിയ കേരളത്തിൽ ഇന്നെവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കോൺക്രീറ്റ് വനങ്ങളല്ലാതെ മറ്റെന്താണ് കാണാൻ കഴിയുക? നാട്ടിൽ എത്ര മഴ പെയ്താലും മണ്ണിനിടമില്ലാത്തതുകൊണ്ട് ഒരുതുള്ളി വെള്ളംപോലും ഭൂമിയിൽ തങ്ങിനിൽക്കില്ല. മലകളിൽ മരങ്ങളില്ലാത്തതുകൊണ്ട് അവിടെയും മഴവെള്ളം ഭൂമിയിലേക്കാഴ്‌ന്നിറങ്ങില്ല. മഴപെയ്യുമ്പോൾ ഭൂമിയിൽ വെള്ളമുയരും. മഴ നിന്നാൽ പുഴവറ്റും. ഇങ്ങനെയായിരുന്നില്ലല്ലോ ഈ പ്രകൃതി. എന്തുപറ്റി? ഇതു മനസ്സിലാക്കാൻ പ്രത്യേകച്ചൊരു ശാസ്ത്രജ്ഞവും വേണ്ട. സർവ്വസംഹാരത്തിനുള്ള ഒരുക്കങ്ങളല്ലേ നാം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വികസനമാണത്രെ എല്ലാവരുടെയും ലക്ഷ്യം. അതിനുവേണ്ടിയാണല്ലോ കാടുവെട്ടി കൃഷി ചെയ്യുന്നത്. നാണ്യവിളകൃഷി ചെയ്തെങ്കിലേ യഥാർത്ഥ വികസനം നടക്കൂ. വികസനപ്രവർത്തനങ്ങൾക്ക് പാറയും മണലും വേണം. സഹസ്രാബ്ദങ്ങളായി ഒരുപയോഗവുമില്ലാതെ കിടക്കുന്ന പാറക്കെട്ടുകൾ പൊട്ടിച്ചെടുക്കണം. ആറ്റിൽ വെറുതെ അടിഞ്ഞുകൂടി കിടക്കുന്ന മണൽ മുഴുവൻ വാരിയെടുക്കണം. വലിയ ബഹുനിലകെട്ടിടങ്ങളും ലോഡ്ജുകളും വ്യവസായസ്ഥാപനങ്ങളുമൊക്കെ പടുത്തുയർത്തണമെങ്കിൽ പാറയും മണലും കൂടിയേ തീരു. അപ്പോൾ പാറ പൊട്ടിക്കരുതെന്നും മണൽ വാരരുതെന്നുമൊക്കെ പറഞ്ഞാൽ എന്തുവികസനമാണ് രാജ്യത്തുനടക്കുക?
ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടുമൊക്കെ നടപ്പിലാക്കാൻ ശ്രമിച്ചാൽ പാവപ്പെട്ട പാറപൊട്ടീരുകാരും മണൽവാരുകാരും കർഷകരുമൊക്കെ എന്തു ചെയ്യും? ആയിരവും പതിനായിരവും ഏക്കർ റബർത്തോടങ്ങളുള്ള പാവപ്പെട്ട കർഷകരും ക്വാറി ഉടമകളും മണൽ മാഫിയകളുമൊക്കെ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി മലയോര കർഷകരുടെ ഒരിഞ്ചുഭൂമിപോലും പരിസ്ഥിതി ദുർബ്ബല പ്രദേശത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ അനുവദിക്കുകയില്ല എന്ന് പറഞ്ഞത്. ഈ മലയോര കർഷകരുടെ സംരക്ഷണത്തിനാണ് പ്രഥമപരിഗണന നൽകുക. പരിസ്ഥിതിസംരക്ഷണത്തിന് രണ്ടാംസ്ഥാനമേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഭരണരംഗത്ത് ഉന്നതത്തലത്തിലുള്ളവരും അവരുടെ ബിനാമികളുമാണ് ഈ പാവപ്പെട്ട കർഷകരും പാറപൊട്ടിച്ചു ഉപജീവനം കഴിക്കുന്ന ക്വാറി ഉടമകളും മണൽമാഫിയകളുമെല്ലാം എന്തുവിലകൊടുത്തും അവരെ സംരക്ഷിക്കേണ്ട ബാധ്യത ഈ സർക്കാരിനുണ്ട്.
ആദ്യം പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് മാധവ് ഗാഡ്ഗിലാണ്. മാധവ് ഗാഡ്ഗിൽ തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്താണെന്ന് അതു വായിച്ചു പഠിച്ച് സാധാരണ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കിയശേഷം വേണ്ടിയിരുന്നു അവരിൽ സമരാവേശം പകർന്നു കൊടുക്കാൻ. അതു ചെയ്യാതെ പാവപ്പെട്ട കർഷകരെ ദ്രോഹിക്കുന്ന റിപ്പോർട്ടാണ് മാധവ് ഗാഡ്ഗിൽ തയ്യാറാക്കിയിട്ടുള്ളതെന്നു പറഞ്ഞ് ജനങ്ങളെ ഇളക്കി ഫോറസ്റ്റാഫീസ് തല്ലിത്തകർക്കുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തുവേന്നുമാത്രമല്ല, ഇവിടെ ചോറപ്പുഴയൊഴുക്കുമെന്നു പറഞ്ഞും ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിപോലും ഇത് ജനദ്രോഹ റിപ്പോർട്ടാണെന്നുപറഞ്ഞ് ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരിക്കലും നടപ്പാക്കുകയില്ലെന്ന് 'പാവപ്പെട്ട മലയോര കർഷകർക്ക് ഉറപ്പുകൊടുക്കുകയാണ് ചെയ്തത്. അല്ലാതെ ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആർക്കെന്തുദോഷം ചെയ്യുമെന്ന് വിശദീകരിച്ചു കേട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങൾപോലും ഈ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞു. എന്തിന്?
ആറ് സംസ്ഥാനങ്ങൾക്ക് ഈ റിപ്പോർട്ട് ബാധകമാണ്. കേരളമൊഴികെ മറ്റൊരു സംസ്ഥാനവും ഈ റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞിട്ടില്ല. മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് അപകടമാണെന്ന് പറഞ്ഞ് ബഹളംവച്ചതിനെ തുടർന്ന് മറ്റൊരു റിപ്പോർട്ട് തയ്യാറാക്കാൻ കസ്തൂരിരംഗൻ അധ്യക്ഷണായുള്ള മറ്റൊരു കമ്മറ്റിയെ നിയോഗിച്ചു. കസ്തൂരിരംഗൻ പരിസ്ഥിതിക്ക് വലിയ ഗുണമൊന്നും ചെയ്യാത്ത വളരെ മൃദുലമായ ഒരു റിപ്പോർട്ടാണ് തയ്യാറാക്കിയത്. ഈ റിപ്പോർട്ടും കർഷകർക്ക് ഗുണകരമല്ലെന്നു പറഞ്ഞാണ് വലതു-ഇടതുപക്ഷവും എതിർപ്പു പ്രകടിപ്പിച്ചതു.
കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മാധവ് ഗാഡ്ഗിൽ പറഞ്ഞ ഒരു കാര്യം പത്രത്തിൽ വന്നു. അതിവിടെ പകർത്താം.
"നാൽപത്തിനാല് വർഷം പശ്ചിമഘട്ടങ്ങളിലൂടെ നടന്ന് ആദിവാസികളുമായും പിന്നോക്ക ജനവിഭാഗങ്ങളുമായും ഇടപഴകിയും അവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചും തയ്യാറാക്കിയതാണ് താൻ അധ്യക്ഷണായുള്ള കമ്മറ്റിയുടെ റിപ്പോർട്ട്.
റിപ്പോർട്ടിന് ജനങ്ങളുമായി ബന്ധമില്ലെന്നു പറയുന്നത് അസംബന്ധമാണ്. വികസനമെന്നാൽ ഒരു ദിവസം രണ്ടു ലക്ഷം രൂപയുടെ വൈദ്യുതി ഉപയോഗിക്കലല്ല. പ്രകൃതിയെ അമിതമായി ചൂഷണംചെയ്യുന്നവരുടെ കൈയിലാണ് ഇന്നധികാരം. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണമാണ് റിപ്പോർട്ടിന്റെ കാതൽ.
ജില്ലാ പഞ്ചായത്തുമുതൽ താഴേതട്ടിലുള്ള ഗ്രാമസഭകൾവരെയുള്ള ജനങ്ങൾക്കിടയിൽ ചർച്ചചെയ്തശേഷം മാത്രമേ റിപ്പോർട്ട് നടപ്പാക്കാൻ പാടുള്ളുഎന്നും അതിനായി എല്ലാ പ്രാദേശികഭാഷകളിലും ഈ റിപ്പോർട്ട് തർജ്ജമചെയ്തു നൽകണമെന്നും പ്രത്യേകം പറയുന്നുണ്ട്."
ആദ്യം റിപ്പോർട്ട് തയ്യാറാക്കിയ കമ്മറ്റിയുടെ അധ്യക്ഷൻ മാധവ്ഗാഡ്ഗിലാണ് ഇങ്ങനെ പറഞ്ഞത്. റിപ്പോർട്ട് മലയാളത്തിലാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്ത് ഗ്രാമസഭകൾ വിളിച്ചുകൂട്ടി ചർച്ചചെയ്യാൻ ആരും തയ്യാറായില്ല. റിപ്പോർട്ടിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്നുപോലും ജനങ്ങളെ ബോധ്യപ്പെടുത്താതെ കർഷകർക്ക് വലിയൊരാപത്തുവരാൻ പോകുന്നു എന്നു പറഞ്ഞ് ജനങ്ങളെ തെരുവിലിറക്കാനാണ് രാഷ്ട്രീയനേതാക്കളും മതമേധാവികളും ശ്രമിച്ചതു. ഗാഡ്ഗിൽ നിർദ്ദേശിച്ചതുപോലെ റിപ്പോർട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഗ്രാമീണജനങ്ങളെ വിളിച്ചുകൂടി വിഷയം അവരുമായി ചർച്ചചെയ്യാൻ സർക്കാർ ശ്രമിച്ചില്ല.
എന്തായാലും വേണ്ടില്ല, കേരളത്തിലെ ജനങ്ങളാകമാനം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ ആരും കണ്ടില്ലെന്നു നടിക്കുകയാണ്. കേരളത്തിലെ ഒരൊറ്റ നദിയിൽപോലും വെള്ളമില്ല. ജനങ്ങൾക്ക് 'പച്ചവെള്ളം' അമിതമായ വില കൊടുത്തു വാങ്ങേണ്ടിവരുന്നു. നദികളിൽ അങ്ങിങ്ങ് നീലനിറത്തിൽ കൊഴുത്ത കുറെ ദ്രാവകം കെട്ടിക്കിടക്കുന്നതുകാണാം. ആ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകും മറ്റു കീടങ്ങളും മൊട്ടയിട്ട് പെരുകി മഹാരോഗങ്ങൾ പരത്തിക്കൊണ്ടിരിക്കുന്നു. ഒരൊറ്റണദിയിലും മണലിന്റെ അംശംപോലുമില്ല. മണലുണ്ടായിരുന്നിടമെല്ലാം പാതാളക്കുഴികളായി മാറി. പ്രകൃതിയുടെ താളം തെറ്റി. ഋതുഭേദങ്ങൾ തിരിച്ചറിയാനാവാതായി. ചുട്ടുപൊള്ളുന്നവെയിൽ. കാലംതെറ്റി പെയ്യുന്നമഴ. കേരളത്തിന്റെ മുഖഛായപോലും മാറിപ്പോയി. ഈ ദുരവസ്ഥയ്ക്കു കാരണക്കാർ മറ്റാരുമല്ല.
ഭൂമിയോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തി! എത്ര വെട്ടിപ്പിടിച്ചാലും മതിവരാത്ത ആക്രാന്തം. അവശേഷിച്ച കാടുകൾ കൂടി ഇനിയും കൈയേറാനുള്ള വ്യഗ്രത. ഈ മലയോര പ്രദേശമാകെ ചില രാഷ്ട്രീയക്കാരുടെ വോട്ടുബാങ്കുകളാണ്. അവിടെയുള്ളവർ തോട്ടമുടമകളുടെയും ഇടത്തരം കർഷകരുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊടുത്താൽ വോട്ടുമാത്രമല്ല കൈനിറയെപണവും കിട്ടും. അതുകൊണ്ടാണ് ഇടതുപക്ഷ പാർട്ടികൾപോലും ഈ വിഷയത്തിൽ ചുവടുമാറ്റം നടത്തിയത്. എല്ലാവരും പ്രവർത്തിക്കുന്നത് നാടിന്റെ നന്മയ്ക്കു വേണ്ടിയല്ല. പാർട്ടിയുടെ വികസനത്തിനു വേണ്ടി മാത്രമാണ്. അതിനുവേണ്ടി എന്തും ചെയ്യും.
പരിസ്ഥിതിയുടെ കാര്യത്തിൽ ഇങ്ങനെയൊരു സമീപനമാണ് സർക്കാർകൈക്കൊള്ളുന്നതെങ്കിൽ കേരളം ഇതിലും ഭീകരമായ ഒരവസ്ഥയിലേക്ക് കൂപ്പുകുത്തും. ഇപ്പോൾത്തന്നെ സ്വയംഭരണസ്ഥാപനങ്ങൾക്ക് ശുദ്ധജലം വിതരണം ചെയ്യാൻ കഴിയാതായിട്ടുണ്ട്. ആറ്റിലും തോട്ടിലും കുളങ്ങളിലുമൊക്കെ കെട്ടിക്കിടക്കുന്ന മലിനജലം പമ്പുചെയ്ത് ജനങ്ങൾക്ക് വിതരണം ചെയ്യേണ്ടിവരും. ഇതിനാരെ കുറ്റപ്പെടുത്താനാകും? വെള്ളം എവിടെനിന്നുകിട്ടാനാണ്? ഈ ഏപ്രിൽ മൂന്നാംതീയതി മലയാളമനോരമ പത്രത്തിൽ വന്ന ഒരു വാർത്തയിലേക്ക് വായനക്കാരുടെ ശ്രദ്ധക്ഷണിക്കുന്നു. ഈരാറ്റുപേട്ടയിൽ നിന്നുള്ള ഒരു വാർത്തയാണ്-
മീനച്ചിലാർ മാലിന്യപ്പുഴയായി. തടയണകളിൽ നിറഞ്ഞുകിടക്കുന്നത് മലിനജലം. ടൗണിലെ രണ്ടാറുകളിലേയും ജലം ഇപ്പോൾ ഒന്നിനും കൊള്ളാത്ത മലിനജലമാണെങ്കിലും ഇവിടെ നിന്നും വെള്ളം പമ്പുചെയ്യുന്ന മോട്ടോറുകൾ നിരവധിയാണ്.
ആറിന്റെ തീരത്തെത്തുമ്പോൾ രൂക്ഷമായ ദുർഗന്ധമാണനുഭവപ്പെടുന്നത്. വെള്ളം എത്രമോശമാണെങ്കിലും ഇപ്പോഴും ഇതുപയോഗിക്കുന്നവർ നിരവധിയാണെന്നതിന്റെ തെളിവാണ് ഇവിടെ കെട്ടിക്കിടക്കുന്ന മോട്ടോറുകളുടെ ഹോസുകൾ. ആറ്റിലേക്കു തള്ളുന്ന മാലിന്യങ്ങളാണ് വെള്ളം മലിനമാക്കുന്നതിന്റെ കാരണം. ആറിനെ മലിനമുക്തമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതികളൊന്നും നടപ്പായില്ലെന്നു മാത്രമല്ല, മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാൻപോലും അധികൃതർ തയ്യാറാക്കുന്നില്ല, ആറിലേക്കു മാലിന്യം തള്ളുന്നവർ അവിടെനിന്നുതന്നെ വെള്ളം പമ്പുചെയ്ത് ഉപയോഗിക്കുകയാണ്. മീനച്ചിലാർ സംരക്ഷണവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങളും നടപടികളും ഉണ്ടാകുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ പഠനങ്ങൾ മാത്രമാണ് നടന്നത്. ഇപ്പോൾ തടയണകളിൽ കിടക്കുന്ന വെള്ളം പരിശോധിച്ചാൽ മാലിന്യങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു.
പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനുമുമ്പ് ഇക്കാര്യത്തിൽ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്...
ഇത് മീനച്ചിലാറിന്റെയോ ഏതെങ്കിലും ഒരു പ്രത്യേകപ്രദേശത്തിന്റെയോ അവസ്ഥയല്ല. കേരളത്തിലെ എല്ലാ നദികളുടെയും അവസ്ഥ ഇതുതന്നെയാണ്. ചില സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ തീർത്തും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയാൽ കേരളത്തിൽ മഹാരോഗങ്ങൾ പിടിപെട്ട് അകാലമരണം പ്രാപിക്കുന്നവരുടെ എണ്ണം നിർണ്ണയാതീതമായിരിക്കും.